Monday, December 7, 2015

ഒക്റ്റേവിയോ പാസ് - തിരയുടെ കൂടെ എന്റെ ജീവിതം




ഞാൻ ആ കടലു വിട്ടു പോരുമ്പോൾ ഒരു തിര മറ്റുള്ളവയെ പിന്നിലാക്കി മുന്നിലേക്കു കയറിവന്നു. മെലിഞ്ഞു കിളരം വച്ച  ഒരു തിര. പാറുന്ന പാവാടത്തുമ്പുകളിൽ പിടിച്ചുവലിച്ചു വിലക്കാൻ നോക്കിയ മറ്റു തിരകളുടെ ഒച്ചവയ്പുകൾ കാര്യമാക്കാതെ അവൾ എന്റെ കൈത്തണ്ടയിൽ കടന്നുപിടിച്ച് തുള്ളിച്ചാടിക്കൊണ്ട് എന്റെയൊപ്പം വന്നു. എനിക്കവളോട് അപ്പോൾ ഒന്നും പറയാൻ തോന്നിയില്ല; കാരണം, കൂട്ടുകാരുടെ മുന്നിൽ വച്ച് അവളെ നാണം കെടുത്തുന്നതിൽ എനിക്കു വിഷമമുണ്ടായിരുന്നു. തന്നെയുമല്ല, മുതിർന്ന തിരകളുടെ രൂക്ഷമായ നോട്ടങ്ങൾ എന്നെ തളർത്തുകയും ചെയ്തു. 

പട്ടണത്തിലെത്തിയപ്പോൾ ഇതു നടക്കാത്ത കാര്യമാണെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു;ഇന്നു വരെ കടലു വിട്ടു പോയിട്ടില്ലാത്ത ഒരു തിരയുടെ നിഷ്കളങ്കതയ്ക്കു സങ്കല്പിക്കാൻ പറ്റുന്നതല്ല നഗരജീവിതം. അവൾ എന്നെ ഗൗരവത്തോടെ നോക്കി: ഇല്ല, അവൾ തീരുമാനമെടുത്തു കഴിഞ്ഞു. അവൾക്കിനി മടങ്ങിപ്പോകാനാവില്ല. ഞാൻ മയത്തിൽ പറഞ്ഞുനോക്കി, കടുപ്പിച്ചു പറഞ്ഞുനോക്കി, കുത്തുവാക്കു പറഞ്ഞുനോക്കി. അവൾ കരഞ്ഞു, അലറിക്കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു, എന്നെ ഭീഷണിപ്പെടുത്തി. എനിക്കു ക്ഷമ പറയേണ്ടി വന്നു.

അടുത്ത ദിവസം എന്റെ കഷ്ടപ്പാടുകൾ തുടങ്ങി. കണ്ടക്ടറുടെ, യാത്രക്കാരുടെ, പോലീസിന്റെ കണ്ണിൽ പെടാതെ എങ്ങനെയാണു ഞങ്ങൾ ട്രെയിനിൽ കയറുക? ട്രെയിനിൽ തിരകളെ കൊണ്ടുപോകുന്നതിനെക്കുറിച്ച് റയിൽവേ നിയമങ്ങൾ ഒന്നും പറയുന്നില്ലെന്നതു ശരി തന്നെ; എന്നാൽ പിടിക്കപ്പെട്ടാൽ ആ പ്രവൃത്തിയെ എങ്ങനെയാണവർ കൈകാര്യം ചെയ്യുക എന്നതിന്റെ സൂചനയുമായിരുന്നു ആ മൗനം. ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം വണ്ടി പുറപ്പെടുന്നതിന്‌ ഒരു മണിക്കൂർ മുമ്പേ ഞാൻ സ്റ്റേഷനിലെത്തി സീറ്റു പിടിച്ചു; എന്നിട്ട്, ആരും നോക്കുന്നില്ലെന്നുറപ്പാക്കിക്കൊണ്ട്, കുടിക്കാനുള്ള വെള്ളത്തിന്റെ ടാങ്ക് ഞാൻ കാലിയാക്കി; പിന്നെ കരുതലോടെ എന്റെ കൂട്ടുകാരിയെ അതിലേക്കൊഴിച്ചു. 

ആദ്യത്തെ സംഭവമുണ്ടാകുന്നത് അടുത്തിരുന്ന അച്ഛനമ്മമാരുടെ കുട്ടികൾ ഉച്ചത്തിൽ തങ്ങളുടെ ദാഹം പ്രഖ്യാപിക്കുമ്പോഴാണ്‌. ഞാൻ അവരെ പിടിച്ചിരുത്തിയിട്ട് പലഹാരവും ലെമണേഡുമൊക്കെ വാഗ്ദാനം ചെയ്തു. അവർ അതു സ്വീകരിക്കുമെന്ന മട്ടായപ്പോഴാണ്‌ ദാഹാർത്തയായ മറ്റൊരു യാത്രക്കാരി വരുന്നത്.  ഞാൻ അവരേയും ക്ഷണിക്കാൻ തുടങ്ങിയെങ്കിലും ഒപ്പമുള്ളയാളിന്റെ നിശിതമായ നോട്ടം കണ്ടു ഞാൻ പിന്മാറി. ആ സ്ത്രീ ഒരു പേപ്പർ കപ്പുമെടുത്ത് ടാങ്കിനടുത്തു ചെന്ന് ടാപ്പ് തിരിച്ചു. കപ്പ് പാതി നിറയുന്നതിനു മുമ്പേ ഞാൻ ഓടി അവർക്കും എന്റെ സ്നേഹിതയ്ക്കുമിടയിൽ ചെന്നു നിന്നു. സ്ത്രീ അമ്പരപ്പോടെ എന്നെ നോക്കി. ഞാൻ അവരോടു ക്ഷമാപണം പറയുന്നതിനിടയ്ക്ക് ഒരു കുട്ടി ചെന്ന് വീണ്ടും ടാപ്പു തുറന്നു. ബലം പ്രയോഗിച്ച് ഞാൻ അതടച്ചു. സ്ത്രീ കപ്പ് ചുണ്ടോടപ്പിച്ചു:

“അയ്യേ, ഈ വെള്ളത്തിനു വല്ലാത്ത ഉപ്പുരസം!“

കുട്ടിയും അതാവർത്തിച്ചു. അവിടവിടെയായി  യാത്രക്കാർ എഴുന്നേറ്റു തുടങ്ങി. സ്ത്രീയുടെ ഭർത്താവ് കണ്ടക്ടറെ വിളിച്ചു:

”ഈയാൾ വെള്ളത്തിൽ ഉപ്പു കലക്കി.“

കണ്ടക്ടർ ഇൻസ്പെക്ടറെ വിളിച്ചു:

”അപ്പോ, താൻ വെള്ളത്തിൽ എന്തോ  ചേർത്തുവല്ലേ?“

ഇൻസ്പെക്ടർ പോലീസിനെ വിളിച്ചു:

”താനപ്പോൾ വെള്ളത്തിൽ വിഷം കലക്കി, അല്ലേ?“

പോലീസുകാരൻ പിന്നെ ക്യാപ്റ്റനെ വിളിച്ചു:

”അപ്പോൾ, താനാണോ വിഷം കലക്കിയത്?“

ക്യാപ്റ്റൻ മൂന്ന് അന്വേഷണോദ്യോസ്ഥന്മാരെ വരുത്തി. യാത്രക്കാരുടെ തുറിച്ചുനോട്ടങ്ങൾക്കും കുശുകുശുക്കലുകൾക്കുമിടയിൽ അവരെന്നെ ഒരൊഴിഞ്ഞ കമ്പാർട്ടുമെന്റിലേക്കു കൊണ്ടുപോയി. 

അടുത്ത സ്റ്റേഷനിൽ ഇറക്കിയിട്ട് അവരെന്നെ വലിച്ചിഴച്ചു ജയിലിലിട്ടു. നീണ്ടു നീണ്ട ചോദ്യം ചെയ്യലുകളല്ലാതെ ദിവസങ്ങളോളം ആരുമെന്നോടു മിണ്ടിയില്ല. നടന്ന കാര്യം പറഞ്ഞിട്ടും ആരുമെന്നെ വിശ്വസിച്ചില്ല, ജയിലർ പോലും: അയാൾ തല കുലുക്കിക്കൊണ്ടു പറയുകയാണ്‌: ”കേസ് സീരിയസ്സാണ്‌, വളരെ സീരിയസ്സാണ്‌. താൻ കുട്ടികളെ വിഷം കൊടുത്തു കൊല്ലാൻ നോക്കുകയായിരുന്നില്ലേ?“

ഒരു ദിവസം അവരെന്നെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. ”തന്റെ കേസ് കുറച്ചു വിഷമം പിടിച്ചതാണ്‌,“ അദ്ദേഹവും ആവർത്തിച്ചു, ”ഞാൻ തന്നെ ക്രിമിനൽ ജഡ്ജിയുടെ മുന്നിലേക്കു വിടുന്നു.“

ഒരു കൊല്ലം കഴിഞ്ഞു. ഒടുവിൽ അവരെന്റെ കേസ് വിചാരണയ്ക്കെടുത്തു. ആർക്കും അപായമൊന്നും പറ്റാത്തതിനാൽ എനിക്കു കിട്ടിയ ശിക്ഷ ലഘുവായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്റെ മോചനത്തിന്റെ ദിവസമെത്തി. 

വാർഡൻ എന്നെ അകത്തേക്കു വിളിച്ചു:

“ശരി, തനിക്കു പോകാം. തനിക്കു ഭാഗ്യമുണ്ട്. ഭാഗ്യം കൊണ്ടാണ്‌ ആർക്കും ജീവഹാനി പറ്റാതിരുന്നത്. പക്ഷേ ഇനി ഇതാവർത്തിച്ചാൽ താൻ വലിയ വില കൊടുക്കേണ്ടി വരും...”

മറ്റുള്ളവരെപ്പോലെ അയാളും എന്നെ ഗൗരവത്തോടെ തറപ്പിച്ചുനോക്കി.

അന്നു തന്നെ ഉച്ചയ്ക്കുള്ള ട്രെയിനിൽ മണിക്കൂറുകൾ നീണ്ട അസ്വസ്ഥമായ യാത്രയ്ക്കു ശേഷം ഞാൻ മെക്സിക്കോ നഗരത്തിലെത്തി. ഒരു ടാക്സി പിടിച്ച് ഞാൻ വീട്ടിലെത്തി. ഫ്ളാറ്റിന്റെ വാതില്ക്കലെത്തുമ്പോൾ ഉള്ളിൽ നിന്ന് ചിരിയും പാട്ടും ഞാൻ കേട്ടു. എനിക്ക് നെഞ്ചിലൊരു വേദന തോന്നി, ആശ്ചര്യം ഒരു തിര പോലെ നമ്മുടെ നെഞ്ചിൽ വന്നിടിക്കുന്നപോലെ: പണ്ടേപ്പോലെ ചിരിച്ചും പാടിയും കൊണ്ട് എന്റെ കൂട്ടുകാരിയുണ്ട് അവിടെ നില്ക്കുന്നു!

“നീയെങ്ങനെ തിരിച്ചെത്തി?”

“ലളിതം: ട്രെയിനിൽ. ഞാൻ വെറും ഉപ്പുവെള്ളമാണെന്നു തീർച്ച വരുത്തിയിട്ട് ഒരാൾ എന്നെയെടുത്ത് എഞ്ചിനിൽ ഒഴിച്ചു. അതൊരു ദുർഘടയാത്രയായിരുന്നു: പെട്ടെന്നു ഞാൻ ആവി കൊണ്ടുള്ള ഒരു വെള്ളപ്പീലിയായി; പിന്നെ ഞാൻ ഒരു നേർത്ത മഴയായി എഞ്ചിനു മേൽ വീണു, ഞാൻ ഒരുപാടു മെലിഞ്ഞുപോയി. എനിക്കൊരുപാടു തുള്ളികൾ നഷ്ടമായി.”

അവളുടെ സാന്നിദ്ധ്യം എന്റെ ജീവിതമാകെ മാറ്റിമറിച്ചു. ഇരുളടഞ്ഞ ഇടനാഴികളും പൊടി പിടിച്ച ഫർണീച്ചറും മാത്രമുണ്ടായിരുന്ന ഒരു വീട് കാറ്റും വെളിച്ചവും, നീലയും പച്ചയുമായ പ്രത്ഫലനങ്ങളും കൊണ്ടു നിറഞ്ഞു; മുഴക്കങ്ങളുടെയും മാറ്റൊലികളുടെയും അസംഖ്യവും സന്തുഷ്ടവുമായ ഒരു ജനത. ഒരു തിരയാണെങ്കിലും എത്ര തിരകളാണത്! ഒരു ചുമരിനെ, ഒരു നെഞ്ചിനെ, നുരയുടെ കിരീടമണിയിച്ച ഒരു നെറ്റിത്തടത്തെ അതൊരു കടലോരമോ കടല്പാറയോ കടൽത്തുറയോ ആക്കി മാറ്റുകയുമാണത്! പരിത്യജിക്കപ്പെട്ട മൂലകൾ പോലും, പൊടിയും ചവറും നിറഞ്ഞ ഹീനമായ മൂലകൾ പോലും അവളുടെ നേർത്ത വിരലുകളുടെ സ്പർശമറിഞ്ഞു. എന്തിനുമേതിനും ചിരി പൊട്ടി, എവിടെയും പല്ലുകളുടെ വെണ്മ തിളങ്ങി. പഴകിയ മുറികളിലേക്കു സൂര്യൻ സന്തോഷത്തോടെ കടന്നുവന്നു; മറ്റു വീടുകളും ആ പ്രദേശവും നഗരവും രാജ്യവും വിട്ടുപോയിട്ടും എത്രയോ മണിക്കൂറുകൾ അതെന്റെ വീട്ടിൽ തങ്ങിനിന്നു! ചില രാത്രികളിൽ, വളരെ വൈകി, സൂര്യൻ എന്റെ വീട്ടിൽ നിന്ന് ഒളിച്ചിറങ്ങിപ്പോകുന്നത് നക്ഷത്രങ്ങൾ ഞെട്ടലോടെ കണ്ടുനിന്നിട്ടുണ്ട്.

പ്രണയം ഒരു കളിയായിരുന്നു, ഒരു നിരന്തരസൃഷ്ടി. സർവതും ഒരു കടലോരവും പൂഴിമണ്ണും ഒരിക്കലും പുതുമ മാറാത്ത വിരിപ്പുകളുള്ള കിടക്കയുമായിരുന്നു. ഞാൻ പുണർന്നാൽ അഭിമാനം കൊണ്ടവൾ ഉരുണ്ടുകൂടും, ഒരു പോപ്ളാർ മരത്തിന്റെ ദ്രവകാണ്ഡം പോലെ അവിശ്വസനീയമായ ഉയരത്തിലേക്കു വളരും, പിന്നെ ആ കൃശത വെൺതൂവലുകളുടെ ഒരു ജലധാരയായി, ചിരികളുടെ ഒരു പീലിക്കെട്ടായി എന്റെ തലയിലും പുറത്തും പൊഴിയും, വെണ്മ കൊണ്ടെന്നെ പൊതിയും. ചിലപ്പോഴവൾ എനിക്കു മുന്നിൽ നിവർന്നു കിടക്കും, ചക്രവാളം പോലെ നിസ്സീമമായി; ഒടുവിൽ ഞാൻ തന്നെയും ചക്രവാളവും മൗനവുമാവും. നിറഞ്ഞും പുളഞ്ഞും സംഗീതം പോലെ, ഏതോ വിപുലാധരങ്ങൾ പോലെ അവളെന്നെ പൊതിയും.

ലാളനകളുടെ, മന്ത്രണങ്ങളുടെ, ചുംബനങ്ങളുടെ വരവും പോക്കുമായിരുന്നു അവളുടെ സാന്നിദ്ധ്യം. അവളിലേക്കെടുത്തുചാടുമ്പോൾ ആകെ മുങ്ങിനനയുന്ന ഞാൻ ഒന്നു കണ്ണു ചിമ്മുന്ന നേരത്തിനിടയ്ക്കു കാണാം, തല ചുറ്റിക്കുന്നൊരുയരത്തിൽ നിഗൂഢമായൊരു വിധം ആകാശത്തു തങ്ങിനില്ക്കുന്നതും പിന്നെ ഒരു തൂവലെന്ന പോലെ ഉണങ്ങിയ നിലത്തു പതിയെ വന്നുപതിക്കുന്നതും. ആ ജലത്തിന്റെ തൊട്ടിലാട്ടത്തിൽ കിടന്നുറങ്ങുന്നതിനോടു സാമ്യപ്പെടുത്താവുന്നതായി ഒന്നുമില്ല; ഉണ്ടെങ്കിലത്, ചിരിച്ചുല്ലസിക്കുന്ന വെളിച്ചത്തിന്റെ ഒരായിരം ചാട്ടയടികളേറ്റ്, അടക്കിച്ചിരിയുടെ ഒരായിരം പ്രഹരങ്ങളേറ്റ് ഉറക്കത്തിൽ നിന്നുണരുക എന്നതു മാത്രം.

എന്നിട്ടുകൂടി അവളുടെ സത്തയുടെ ഉള്ളിലേക്കിറങ്ങാൻ എനിക്കു കഴിഞ്ഞതേയില്ല. വേദനയുടെയും മരണത്തിന്റെയും നഗ്നതയിൽ സ്പർശിക്കാൻ എനിക്കു കഴിഞ്ഞില്ല. തിരകൾക്കതുണ്ടാവില്ലെന്നാവാം, സ്ത്രീയെ വിധേയയും നശ്വരയുമാക്കുന്ന ആ നിഗൂഢമർമ്മം, സർവ്വതും പിണഞ്ഞുചേരുകയും കെട്ടുപിണയുകയും പിന്നെ നിവരുകയും ഒടുവിൽ മൂർച്ഛിക്കുകയും ചെയ്യുന്ന ആ വൈദ്യുതമുകുളം. അവളുടെ വൈകാരികത, സ്ത്രീകളുടേതു പോലെ, അലകളായി പടർന്നു; പക്ഷേ ഒരേ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന വൃത്തങ്ങളായിട്ടല്ല, ഓരോ തവണയും പുറത്തേക്കു പുറത്തേക്കു വ്യാപിക്കുന്ന, മറ്റു നക്ഷത്രമണ്ഡലങ്ങളിലേക്കെത്തുന്ന വിഷമകേന്ദ്രവൃത്തങ്ങളായി. അവളെ പ്രേമിക്കുക എന്നാൽ വിദൂരസമ്പർക്കങ്ങളിലേക്കു നീളുക എന്നായിരുന്നു, ഉണ്ടെന്നു നാം സംശയിക്കുക പോലും ചെയ്യാത്ത നക്ഷത്രങ്ങളൊത്തു സ്പന്ദിക്കുക എന്നായിരുന്നു. പക്ഷേ അവളുടെ മദ്ധ്യബിന്ദു...ഇല്ല, അവൾക്കങ്ങനെയൊരു കേന്ദ്രബിന്ദു ഉണ്ടായിരുന്നില്ല, എന്നെ ഉള്ളിലേക്കു വലിച്ചെടുത്തു ശ്വാസം മുട്ടിക്കുന്ന ചുഴലി പോലെ ഒരു ശൂന്യത മാത്രം.

അടുത്തടുത്തു നിവർന്നുകിടന്ന് ഞങ്ങൾ സ്വകാര്യങ്ങളും മന്ത്രണങ്ങളും മന്ദഹാസങ്ങളും കൈമാറി. ഒരു ചുരുളു പോലെ എന്റെ നെഞ്ചിൽ വന്നുവീഴുന്ന അവൾ പിന്നെ അവിടെ മർമ്മരങ്ങളുടെ സസ്യജാലം പോലെ വിടരുകയായി. ഒരു കുഞ്ഞു ശംഖു പോലെ എന്റെ കാതിൽ അവൾ പാടി. അവൾ വിനീതയായി, സുതാര്യയായി; ഒരു കൊച്ചുജീവിയെപ്പോലെ എന്റെ കാലടികളിൽ പറ്റിപ്പിടിച്ചവൾ കിടന്നു, അലയടങ്ങിയ ജലം പോലെ. ഉള്ളിലെ ചിന്തകളെല്ലാം വായിച്ചെടുക്കാവുന്നത്ര അവൾ തെളിഞ്ഞതായിരുന്നു.

ചില രാത്രികളിൽ അവളുടെ ചർമ്മം മിന്നാമിനുങ്ങിന്റേതു പോലെ ഭാസുരമാകും; അപ്പോൾ അവളെ ആശ്ളേഷിക്കുക അഗ്നി കൊണ്ടു പച്ച കുത്തിയ രാത്രിയുടെ ഒരു ഖണ്ഡത്തെ ആശ്ളേഷിക്കുന്നതു പോലെയായിരുന്നു. മറ്റു ചിലപ്പോൾ അവൾ കറുമ്പിയും കടുപ്പക്കാരിയുമാകും. ഓർത്തിരിക്കാത്ത നേരത്താണവൾ അലറുക, ഞരങ്ങുക, പിടയുക. അവളുടെ രോദനങ്ങൾ അയല്ക്കാരെ ഉണർത്തുന്നതായിരുന്നു. അവളുടെ കരച്ചിൽ കേട്ട് കടല്ക്കാറ്റു വന്ന് വീടിന്റെ വാതില്പാളിയിൽ മാന്തും, അല്ലെങ്കിൽ മേല്ക്കൂരയിൽ കയറി ഉച്ചത്തിൽ പിച്ചും പേയും പറയും. മൂടിക്കെട്ടിയ ദിവസങ്ങളിൽ അവൾക്കാകെ ഈറ പിടിയ്ക്കും; അപ്പോഴവൾ മേശയും കസേരയും തല്ലിപ്പൊട്ടിക്കും, അസഭ്യങ്ങൾ വിളിച്ചുപറയും, അധിക്ഷേപങ്ങളും നരച്ചതും പച്ചച്ചതുമായ പതയും കൊണ്ട് എന്നെ പൊതിയും. അവൾ കാറിത്തുപ്പി, അലറിക്കരഞ്ഞു, ശാപങ്ങളും പ്രവചനങ്ങളും എടുത്തെറിഞ്ഞു. ചന്ദ്രന്റെ, നക്ഷത്രങ്ങളുടെ, അന്യഗോളങ്ങളുടെ സ്വാധീനത്തിനനുസരിച്ച് അവളുടെ മനോഭാവങ്ങളും അവളുടെ ആകാരവും മാറിമാറിക്കൊണ്ടിരുന്നു. എനിക്കത് അതിവിചിത്രമായിത്തോന്നി; അതു പക്ഷേ, കടലിന്റെ ഏറ്റിറക്കങ്ങൾ പോലെ മാരകവുമായിരുന്നു.

അവൾ പിന്നെ ഏകാന്തതയെക്കുറിച്ചു പരാതി പറയാൻ തുടങ്ങി. ചിപ്പികളും ശംഖുകളും രോഷത്തിന്റെ നാളുകളിൽ അവൾ തകർത്ത കൊച്ചു തോണികളും പെറുക്കി ഞാൻ വീടു നിറച്ചു. (ബിംബങ്ങളുടെ കേവുഭാരവുമായി ഓരോ രാത്രിയിലും എന്റെ നെറ്റിത്തടത്തിൽ നിന്നു കടവു വിട്ട എത്രയെത്ര നൗകകളാണ്‌ അവളുയർത്തിയ ഘോരമോ സൗമ്യമോ ആയ ചുഴലിക്കാറ്റുകളിൽ പെട്ടു മുങ്ങിത്താണത്!) എത്രയെത്ര കുഞ്ഞുനിധികളാണ്‌ അക്കാലത്തെനിക്കു നഷ്ടമായത്! പക്ഷേ എന്റെ തോണികളും ചിപ്പികളുടെ മൗനഗാനവും കൊണ്ട് അവൾ തൃപ്തയായില്ല. മത്സ്യങ്ങളുടെ ഒരു കോളണി തന്നെ എനിക്കെന്റെ വീട്ടിൽ സ്ഥാപിക്കേണ്ടിവന്നു. അവ എന്റെ കൂട്ടുകാരിയിൽ നീന്തിനടക്കുന്നതും അവളുടെ മുലകളിൽ തഴുകുന്നതും അവളുടെ തുടകൾക്കിടയിൽ കിടന്നു മയങ്ങുന്നതും മിന്നുന്ന നിറപ്പൊട്ടുകൾ കൊണ്ടവളുടെ മുടിയലങ്കരിക്കുന്നതും അസൂയയില്ലാതെയല്ല ഞാൻ നോക്കിനിന്നതും. 

ആ മത്സ്യങ്ങളിൽ ചിലത് എത്രയും ഘോരവും ബീഭത്സവുമായിരുന്നു; തറഞ്ഞ കൂറ്റൻ കണ്ണുകളും അറുക്കവാൾ പോലത്തെ വായകളുമുള്ള രക്തദാഹികൾ, അക്വേറിയം വ്യാഘ്രങ്ങൾ. അവയോടൊപ്പം കൂത്താടുന്നതിൽ ആനന്ദം കണ്ടെത്താൻ എന്റെ കൂട്ടുകാരിയെ പ്രേരിപ്പിച്ച മാനസികവൈകല്യമേതാണെന്ന് എനിക്കൊരു പിടിയുമില്ല; ഒരു ലജ്ജയുമില്ലാതെ അവൾ അവയോടു കാണിച്ച അടുപ്പത്തിന്റെ പൊരുൾ തിരഞ്ഞുപോകാൻ എനിക്കു താല്പര്യവുമില്ല. ആ ബീഭത്സജീവികളുമായി മണിക്കൂറുകൾ കണക്കിനാണ്‌ അവൾ മുറിയിൽ അടച്ചിട്ടു കഴിഞ്ഞത്. ഒരു ദിവസം എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഞാൻ കതകു തള്ളിത്തുറന്ന് അവയ്ക്കു മേൽ ചാടിവീണു. അവ പ്രേതങ്ങളെപ്പോലെ മെയ്‌വഴക്കത്തോടെ എന്റെ കൈകൾക്കിടയിൽ നിന്നു വഴുതിപ്പോകുമ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ ഇടിച്ചുവീഴ്ത്തി. ഞാനിതാ മുങ്ങിച്ചാവുന്നു, ഞാൻ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്നെനിക്കു തോന്നിത്തുടങ്ങുമ്പോഴാണ്‌ അവളെന്നെ സാവധാനം കരയിലേക്കു നിക്ഷേപിക്കുന്നത്; എനിക്കു കാര്യങ്ങളറിയില്ല എന്നു പറഞ്ഞുകൊണ്ട് അവളെന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ ദുർബലനായെന്ന്, ക്ഷീണിതനായെന്ന്, അപമാനിതനായെന്ന് എനിക്കു തോന്നി. അതേ സമയം അവളുടെ മാംസളതയുടെ സുഖത്തിൽ എന്റെ കണ്ണുകളടയുകയും ചെയ്തു; അവളുടെ സ്വരമാധുര്യം അത്രയ്ക്കായിരുന്നു, അവളെന്നോടു പറഞ്ഞത് മുങ്ങിമരിച്ചവരുടെ ഹൃദ്യമായ മരണത്തെക്കുറിച്ചുമായിരുന്നു. സ്വബോധം വീണ്ടെടുത്തപ്പോൾ ഞാനവളെ ഭയക്കാനും വെറുക്കാനും തുടങ്ങി.

ഞാൻ സ്വന്തം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടക്കുകയായിരുന്നു. ഞാൻ വീണ്ടും കൂട്ടുകാരെ പോയിക്കാണാനും എനിക്കു പ്രിയപ്പെട്ട പഴയ ബന്ധങ്ങൾ പുതുക്കാനും തുടങ്ങി. ഞാൻ എന്റെ മുമ്പത്തെ ഒരു കാമുകിയെ കണ്ടു. മറ്റാരോടും പറയില്ലെന്ന് അവളെക്കൊണ്ട് ആണയിടീച്ച ശേഷം ഞാൻ അവളോട് തിരയുമൊത്തുള്ള എന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞു. ഒരു പുരുഷനെ രക്ഷപ്പെടുത്താൻ അവസരം കിട്ടുക എന്നതിനേക്കാൾ സ്ത്രീകളുടെ മനസ്സിളക്കുന്ന മറ്റൊന്നില്ല. എന്റെ രക്ഷക തനിക്കറിയാവുന്ന വിദ്യകളൊക്കെ പ്രയോഗിച്ചു; ഒരു സ്ത്രീയ്ക്ക്, പരിമിതമായ ഉടലുകളും ആത്മാക്കളും മാത്രം കൈയിലുവൾക്ക് എന്നും മാറിക്കൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരിയെ അഭിമുഖീകരിക്കുമ്പോൾ എന്തു ചെയ്യാൻ കഴിയും? നിരന്തരമായ രൂപാന്തരങ്ങൾക്കിടയിലും അവൾ അവളായിത്തന്നെ ഇരിക്കുകയുമാണ്‌.

മഞ്ഞുകാലം വന്നു. ആകാശത്തിനു നരച്ച നിറമായി. നഗരത്തിനു മേൽ പുകമഞ്ഞിറങ്ങി. ചാറ്റമഴ തുള്ളികളുറഞ്ഞ് പെയ്തുകൊണ്ടിരുന്നു. എന്റെ കൂട്ടുകാരി എന്നും രാത്രിയിൽ അലറിവിളിക്കാൻ തുടങ്ങി.

പകൽ മുഴുവൻ അവൾ ഒന്നും മിണ്ടാതെ, ദുർമുഖം കാണിച്ചുകൊണ്ട്  ഒഴിഞ്ഞുമാറിയിരിക്കും, ഒരു മൂലയ്ക്കിരുന്നു പിറുപിറുക്കുന്ന കിഴവിയെപ്പോലെ. അവൾ തണുത്തു; അവളുടെ കൂടെ കിടക്കുക എന്നാൽ രാത്രി മുഴുവൻ തണുത്തു വിറയ്ക്കുക എന്നായിരുന്നു, സ്വന്തം രക്തവും മജ്ജയും ചിന്തകളും പതുക്കെപ്പതുക്കെ തണുത്തുമരവിക്കുന്നതറിയുക എന്നായിരുന്നു. അവൾ അഗാധമായി, അപ്രാപ്യയായി, അസ്വസ്ഥയായി. പലപ്പോഴും ഞാൻ വീട്ടിൽ നിന്നു മാറിനിന്നു; ഓരോ തവണയും എന്റെ അസാന്നിദ്ധ്യത്തിന്റെ ദൈർഘ്യം കൂടിവന്നു. അവൾ തന്റെ മൂലയ്ക്കിരുന്നു നിർത്തില്ലാതെ അലമുറയിട്ടുകൊണ്ടിരുന്നു. ഉരുക്കു പോലത്തെ പല്ലുകളും ദ്രവിപ്പിക്കുന്ന നാവും കൊണ്ട് അവൾ ചുമരുകൾ കാർന്നുകാർന്നു വീഴ്ത്തി. എന്നെ ശകാരിച്ചും വിലപിച്ചും അവൾ രാത്രികൾ കഴിച്ചു. അവൾ പേടിസ്വപ്നങ്ങൾ കണ്ടു, ജ്വരസ്വപ്നങ്ങളിൽ പൊള്ളുന്ന കടലോരങ്ങളും സൂര്യനും കണ്ടു. അവൾ സ്വപ്നങ്ങളിൽ ധ്രുവദേശങ്ങൾ കണ്ടു; താൻ കൂറ്റനൊരു മഞ്ഞുകട്ടയായി രൂപം മാറിയതായും മാസങ്ങൾ ദീർഘിച്ച രാത്രികളിൽ കറുത്ത ആകാശത്തിനു ചുവട്ടിൽ ഒഴുകിനടക്കുന്നതായും സ്വപ്നം കണ്ടു. അവളെന്നെ അധിക്ഷേപിച്ചു. അവൾ ശപിക്കുകയും ചിരിക്കുകയും അട്ടഹാസച്ചിരികളും ഭൂതരൂപങ്ങളും കൊണ്ട് വീടു നിറയ്ക്കുകയും ചെയ്തു. വൈദ്യുതി പോലെ തൊടുന്നതെന്തിനേയും അവൾ കരിക്കട്ടയാക്കി. താനുരുമ്മിയതെന്തിനേയും അമ്ളം കൊണ്ടവൾ അലിയിച്ചു. അവളുടെ അഴകാർന്ന കൈകൾ എന്നെ കഴുത്തു ഞെരിച്ചുകൊല്ലുന്ന പരുക്കൻ കയറുകളായി. പച്ചനിറം പൂണ്ട, വഴങ്ങുന്ന ഉടൽ തല്ലിയിട്ടും തല്ലിയിട്ടും ദാഹം തീരാത്ത ചാട്ടവാറായി. ഞാൻ അവിടെ നിന്നു പലായനം ചെയ്തു. ബീഭത്സരൂപികളായ ആ മത്സ്യങ്ങൾ കൊലച്ചിരി ചിരിക്കുകയായിരുന്നു.

അവിടെ, ആ മലകളിൽ, നെടിയ പൈൻ മരങ്ങൾക്കും കൊല്ലികൾക്കുമിടയിൽ സ്വാതന്ത്ര്യത്തിന്റെ ചിന്ത പോലെ നേർത്ത, തണുത്ത വായു ഞാൻ ഉള്ളിലാക്കി. ഒരു മാസത്തിനൊടുവിൽ ഞാൻ മടങ്ങിപ്പോയി. ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ആ മഞ്ഞുകാലത്തിനു നല്ല തണുപ്പായിരുന്നു. ചിമ്മിനിയുടെ മാർബിൾ പലകയ്ക്കു മുകളിലായി, തീയണഞ്ഞ അടുപ്പിനു തൊട്ടായി മഞ്ഞു കൊണ്ടൊരു പ്രതിമ ഞാൻ കണ്ടു. അവളുടെ മടുപ്പിക്കുന്ന സൗന്ദര്യം എന്റെ മനസ്സിളക്കിയില്ല. ഞാനവളെ വലിയൊരു കാൻവാസ് ചാക്കിനുള്ളിലാക്കി; പിന്നെ ഉറങ്ങുന്നവളെയും തോളിലിട്ട് ഞാൻ തെരുവിലേക്കിറങ്ങി.

നഗരത്തിനു പുറത്തുള്ള ഒരു ഹോട്ടലിലെ എന്റെയൊരു പരിചയക്കാരൻ വെയിറ്റർക്ക് ഞാനവളെ വിറ്റു; അയാൾ അപ്പോൾത്തന്നെ അവളെ ചെറുകഷണങ്ങളായി കൊത്തിനുറുക്കിയിട്ട് കുപ്പികൾ തണുപ്പിക്കുന്ന ബക്കറ്റുകളിൽ ശ്രദ്ധയോടെ നിക്ഷേപിക്കുകയും ചെയ്തു.