Wednesday, October 31, 2012

നിക്കോളാസ് ഗിയേൻ - വിശപ്പ്

guillen - zoo

ഇതാണ്‌ വിശപ്പ്.
കണ്ണും തേറ്റയും മാത്രമായ ഒരു മൃഗം.
അതിന്റെ ശ്രദ്ധ തെറ്റിക്കാനാവില്ല,
അതിനെ കബളിപ്പിക്കാനാവില്ല.
ഒരു നേരത്തെ ആഹാരം കൊണ്ടതു തൃപ്തിപ്പെടില്ല.
ഒരുച്ചയൂണോ ഒരത്താഴമോ കൊണ്ടതിനു മതിയാവില്ല.
ചോര കുടിക്കുമ്പോലതു കാണിക്കും,
സിംഹത്തെപ്പോലതലറും,
പെരുമ്പാമ്പിനെപ്പോലതു ഞെരുക്കും,
മനുഷ്യനെപ്പോലതു ചിന്തിക്കും.

നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ സ്പെസിമൻ
ഇന്ത്യയിൽ നിന്നു പിടിച്ചതാണ്‌ (ബോംബേപ്രാന്തത്തിൽ നിന്ന്)
എന്നാൽ ഏറെക്കുറെ ഇതേ കിരാതാവസ്ഥയിൽ
മറ്റു പലേടത്തും ഇതിനെ കാണാവുന്നതേയുള്ളു.

പിന്നിലേക്കു മാറിനിൽക്കൂ.
(മൃഗശാല)

നെരൂദ - ഒരുനാളെയ്ക്കുപോലുമെന്നെ വിട്ടകലെയ്ക്കു പോകരുതേ നീ…



ഒരു നാൾ പോലുമെന്നെ വിട്ടകലേക്കു പോകരുതേ,
പോയാൽ, പോയാൽ...എങ്ങനെയതു പറയണമെന്നെനിക്കറിയില്ല;
ദീർഘിച്ച പകൽനേരമത്രയും നിന്നെയും കാത്തു ഞാനിരിക്കും,
തീവണ്ടികളുറക്കമായ വിജനമായ വണ്ടിപ്പേട്ടയിലെന്നപോലെ.


എന്നെ വിട്ടെവിടെയ്ക്കും പോകരുതേ, ഒരു മണിക്കൂറു പോലും,
പോയാൽ, നോവിന്റെ കൊച്ചുതുള്ളികളൊരുമിച്ചുകൂടും,
ഒരു സങ്കേതം തേടിയലയുന്ന പുകയെന്നിൽ കുടിയേറും,
എന്റെ സാധുഹൃദയത്തിൽ കടന്നതിനെ ശ്വാസം മുട്ടിക്കും.


നിന്റെ നിഴലൊരുനേരവും കടല്പൂഴിയിലിഞ്ഞുപോകാതിരിക്കട്ടെ!
നിന്റെ കണ്ണിമകൾ വിദൂരശൂന്യതയിലേക്കു ചിറകടിച്ചു പോകാതിരിക്കട്ടെ!
ഒരു നിമിഷത്തേക്കു പോലുമെന്റെ പ്രിയേ, എന്നെ വിട്ടുപോകരുതേ.


അത്രദൂരമെന്നെ വിട്ടു നീ പോയെന്നിരിക്കട്ടെ, ആ നിമിഷമെന്റെ പ്രിയേ,
ഈ മണ്ണിലെവിടെയും നിന്നെത്തേടി എന്റെ ചോദ്യങ്ങളലയും:
നീ വരില്ലേ? ഇവിടെയെന്നെ മരിക്കാൻ വിട്ടു നീ പോകുമോ?



(പ്രണയഗീതകം- 45)

നെരൂദ - പ്രിയേ, പ്രിയേ, ആകാശമേടയിൽ നിറയെ മേഘങ്ങൾ…



പ്രിയേ, പ്രിയേ, ആകാശമേടയിൽ നിറയെ മേഘങ്ങൾ,
തോരയിട്ട തുണികൾ പോലെ ശുഭ്രമായ വൈജയന്തികൾ;
ദീപ്തനീലിമയാണൊക്കെയും, നക്ഷത്രമാണൊക്കെയും,
കടൽ, കപ്പൽ, പകൽ: സ്വയം കണ്ടെടുക്കുകയാണൊക്കെയും.

ഒന്നു വന്നുകാണൂ, മഞ്ഞുതുള്ളിയിറ്റുന്ന ചെറിമരങ്ങളെ,
സത്വരപ്രപഞ്ചത്തിന്റെ സ്വരസംവിധാനത്തെ,
വന്നൊന്നു തൊട്ടുനോക്കൂ, നീലിമയുടെ ക്ഷണികജ്വാലയെ,
ഇതളുകൾ കെട്ടണയും മുമ്പേ വന്നൊന്നു നോക്കൂ.

വെളിച്ചം, എണ്ണം, കൂട്ടം: ഒന്നിനും കുറവില്ലിവിടെ,
കാറ്റിന്റെ നന്മകൾ തുറന്നിടുകയാണു സ്ഥലരാശിയെ,
നമുക്കതു കാട്ടിത്തരുന്നു കടല്പതയുടെ ശിഷ്ടരഹസ്യത്തെ.

ഉന്നതവുമഗാധവുമായി നീലിമകളത്രയധികമായിരിക്കെ
നമ്മുടെ കണ്ണുകളാകെക്കുഴങ്ങിപ്പോകുന്നു,
വായുവിന്റെ ബലമറിയാതെ, ആഴങ്ങളുടെ വഴിയറിയാതെ.



(പ്രണയഗീതകം - 24)

Tuesday, October 30, 2012

പിയറി ലോയ് - രാത്രിയിൽ വിടരുന്ന പനിനീർപ്പൂക്കൾ

Pierre_Louys

ആകാശത്തിരുട്ടു പിടിച്ചുകയറുവോളം
പകലു നമുക്കു സ്വന്തം, ദേവന്മാർക്കും.
പാടങ്ങളിൽ നിന്നു ചോലകളിലേക്കു നാം പോകുന്നു,
ഇരുളടഞ്ഞ വനഗർഭങ്ങളിൽ നിന്നു വെളിയിടങ്ങളിലേക്കു നാം പോകുന്നു;
നമ്മുടെ നഗ്നപാദങ്ങൾ നയിക്കുമിടത്തേക്കു നാം പോകുന്നു.

നമുക്കു മേൽ തീരെച്ചെറിയ നക്ഷത്രങ്ങൾ,
നമ്മുടെ തീരെച്ചെറിയ നിഴലുകൾ വീഴ്ത്താൻ മാത്രം തിളക്കത്തിൽ;
ചിലനേരം, താഴ്ന്നിറങ്ങിയ ചില്ലകൾക്കടിയിൽ
മയക്കത്തിലായ പേടമാനുകളെയും നാം കാണുന്നു.

ഇതിലേതിലും വശ്യമത്രേ പക്ഷേ, രാത്രി,
കാട്ടിനുള്ളിലുണ്ട് നമുക്കു മാത്രമറിയുന്നൊരിടം,
അവിടെയ്ക്കതു നമ്മെ മാടിവിളിയ്ക്കുന്നു:
പനിനീർപ്പൂക്കൾ വിരിയുന്ന നിഗൂഢമായൊരു കാട്ടുപൊന്ത.

മണ്ണിലിത്രയും ദിവ്യമായി വേറെന്തിരിക്കുന്നു,
രാത്രിയിൽ പനിനീർപ്പൂക്കളുടെ പരിമളം പോലെ?
എന്നിട്ടെന്തേ പക്ഷേ, ഞാനൊറ്റയ്ക്കായിരുന്നപ്പോൾ
അതിന്റെ ലഹരി ഞാനറിയാതെപോയി?


പിയറി ലോയ് (1870-1925) - ഫ്രഞ്ചു കവി. ലെസ്ബിയൻ, ക്ലാസ്സിക്കൽ പ്രമേയങ്ങൾ കവിതയിൽ.


 

Monday, October 29, 2012

ഹെൻറി ദെ റെയ്നിയെർ - ക്രിസില

 

regnier

എന്റെ നാഴികവട്ട മുങ്ങിത്താഴുന്ന മുഹൂർത്തമെത്തുമ്പോൾ, ദേവീ,
എന്റെ കട്ടിൽത്തലയ്ക്കൽ കാട്ടരുതേ, കാലപിതാമഹന്റെ രൂപത്തെ;
മുഷിയുവോളം ദീർഘിച്ചുപോയൊരു വിഫലായുസ്സിന്റെ നാരിനെ
അറുത്തുമുറിക്കുകയാണയാൾ, കണ്ണു നനയാതെ, കുറ്റബോധമില്ലാതെ.

പകരമായുധമണിയിക്കൂ പ്രണയത്തെ, എന്നുമെന്നെ വെറുത്തവനെ,
എനിക്കറിയാതെയല്ല, ഒരുമ്പെട്ടിരിക്കുകയാണവനെന്നും,
ആവനാഴിയിൽ ശേഷിച്ച കൂരമ്പെന്റെ ഹൃദയം നോക്കിത്തൊടുക്കാൻ,
എന്റെ ശോഷിച്ച ജീവരക്തമൊഴുക്കി മണ്ണിനെ ചുവപ്പിക്കാൻ.

വേണ്ട! ഞാനെന്റെ ജീവിതസായാഹ്നത്തെ സമീപിക്കുമ്പോൾ
യൌവനമെന്നിലേക്കെത്തട്ടെ വധുവിന്റെ മൌനമന്ദഹാസവുമായി;
ഒരു ചെമ്പനിനീർപ്പൂവിന്റെ ഇതളുകളവൾ നുള്ളിവിതറട്ടെ,

യാത്രാമൊഴി ചൊല്ലി വിലപിക്കുന്നൊരു ജലധാരയുടെ വട്ടകയിൽ;
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ, കൊടുവാളുമെടുക്കേണ്ട,
മരണത്തിന്റെ നരകാന്ധകാരത്തിലേക്കെന്റെ കണ്ണുകൾ ഞാനടച്ചോളാം.

(1915)


Wednesday, October 24, 2012

ബോദ്‌ലേർ - യാത്ര പോകാനൊരു ക്ഷണം

donnet_gustave-_l_invitation_au_voyage_~OM528300~10094_20100208_123_74

എന്റെ പ്രിയേ, എന്റെ കുഞ്ഞേ,
നാമൊരുമിച്ചവിടെക്കഴിയുന്നതിന്റെ
പ്രഹർഷമൊന്നോർത്തുനോക്കൂ!
ഹിതം പോലെ നമുക്കു ചുംബിക്കാം,
മരിക്കും വരെ നമുക്കു പ്രണയിക്കാം,
നിന്നെയോർമ്മിപ്പിക്കുന്നൊരു ദേശമുണ്ടു, പ്രിയേ!
മേഘച്ഛന്നമായൊരാകാശത്തുദിച്ചസ്തമിക്കും,
മഴയുടെ നനവു തട്ടിയ സൂര്യന്മാർ;
എന്റെ ഹൃദയത്തിനവ പ്രിയമല്ലോ,
കണ്ണിരിന്റെ പടുതയ്ക്കു പിന്നിൽ
തെന്നുന്ന നിന്റെ കണ്ണുകൾ പോലെ.

സർവതുമനുപാതത്തിലും ചിട്ടയിലുമാണവിടെ പ്രിയേ,
സുന്ദരവും സമൃദ്ധവുമലസവുമാണവിടെയെല്ലാം!

നമ്മുടെ കിടപ്പറയെ അലങ്കരിക്കും,
വർഷങ്ങൾ തേച്ചുമിനുക്കിയ ദിവാനുകൾ;
അംബരക്കല്ലിന്റെ അവ്യക്തഗന്ധത്തിൽ
അനർഘപുഷ്പങ്ങൾ പരിമളം കലർത്തും;
അലംകൃതമായ മച്ചുകൾ,
ധ്യാനസ്ഥരായ കണ്ണാടികൾ,
കിഴക്കിന്റെ സമൃദ്ധികൾ,
പരിചിതഭാഷയിലവ മന്ത്രിക്കും,
ആത്മാവിനോടവയുടെ രഹസ്യങ്ങൾ.

സർവതുമനുപാതത്തിലും ചിട്ടയിലുമാണവിടെ പ്രിയേ,
സുന്ദരവും സമൃദ്ധവുമലസവുമാണവിടെയെല്ലാം!

കനാലുകളിൽ നീ കാണുന്നില്ലേ,
സ്വപ്നം കണ്ടു മയങ്ങുന്ന യാനങ്ങളെ?
(ഏതു ദൌത്യത്തിനുമേതുനേരവും തയാറുമാണവ.)
നിന്റെ ഏതു ഹിതവും നിവർത്തിക്കാൻ
കടലുകളോടിവന്നവയാണവ.
പോക്കുവെയിൽ പൊന്നും ലില്ലിയുമണിയിക്കുന്നു,
കനാലുകളെ, പാടങ്ങളെ, നഗരങ്ങളെ.
വെളിച്ചത്തിന്റെ ഊഷ്മളജ്വാലയിൽ
ലോകം മയക്കത്തിലാഴുന്നു.

സർവതുമനുപാതത്തിലും ചിട്ടയിലുമാണവിടെ പ്രിയേ,
സുന്ദരവും സമൃദ്ധവുമലസവുമാണവിടെയെല്ലാം!


പാപത്തിന്റെ പൂക്കൾ’



ഇതേ പ്രമേയം തന്നെ അദ്ദേഹത്തിന്റെ ഗദ്യകവിതകളിലൊന്നിൽ ആവർത്തിക്കുന്നുണ്ട്:

യാത്ര പോകാനൊരു ക്ഷണം

കൊക്കെയ്ൻ (1)എന്നൊരു നാടുണ്ടത്രെ; ഒരാത്മമിത്രവുമൊരുമിച്ച്‌ ആ വിശിഷ്ടദേശം കാണാൻ പോകുന്നതും സ്വപ്നം കണ്ടിരിക്കുകയാണു ഞാൻ. നമുക്കു വടക്കുള്ള മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്‌ അത്ഭുതങ്ങളുടെ ആ നാട്‌; പടിഞ്ഞാറത്തെ കിഴക്കെന്നോ,യൂറോപ്പിലെ ചൈനയെന്നോ അതിനെ വിശേഷിപ്പിക്കാം. അത്രയ്ക്കാണ്‌ ഉഷ്ണിക്കുന്ന ചപലഭാവനയുടെ തഴപ്പവിടെ; അത്ര ക്ഷമയോടെ,അത്ര ദാർഢ്യത്തോടെയാണ്‌ ഭാവന അതിൽ നിഗൂഢവും വിലോലവുമായ സസ്യസമൃദ്ധി ആലേഖനം ചെയ്തിരിക്കുന്നതും.

കൊക്കെയിന്റെ തനിനാട്‌; സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമാണവിടെ സർവ്വതും;ആഡംബരം ചിട്ടയുമായി സന്തുഷ്ടമായ വേഴ്ചയിലാണവിടെ; ജീവിതം സാന്ദ്രവും സുഗന്ധിയുമാണ്‌; ആ നാട്ടിലില്ല അവ്യവസ്ഥ,പ്രക്ഷുബ്ധത,ആകസ്മികതകളും; ആഹ്ലാദമവിടെ നിശ്ശബ്ദതയെ പരിണയിച്ചിരിക്കുന്നു; പാചകം പോലും കവിതാത്മകമാണവിടെ,ഹൃദ്യമെന്നപോൽ സമൃദ്ധവും; എന്തെല്ലാമുണ്ടവിടെ,അതെല്ലാം നിന്നെയോർമ്മിപ്പിക്കുന്നു പ്രിയേ.

കെടുതികളുടെ കൊടുംശൈത്യകാലത്ത്‌ നമ്മെക്കടന്നുപിടിക്കുന്ന ജ്വരബാധയെ നിനക്കറിയുമല്ലോ; അറിയാത്തൊരു ദേശത്തെച്ചൊല്ലിയുള്ള നഷ്ടബോധം,ജിജ്ഞാസയിൽ നിന്നുടലെടുക്കുന്ന ആകാംക്ഷ? നിന്നെയോർമ്മിപ്പിക്കുന്ന ഒരു നാടുണ്ടു പ്രിയേ,സർവ്വതും സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമായ ഒരിടം; ഭാവന താൻതന്നെ പടുക്കുകയും വിതാനിക്കുകയും ചെയ്ത ഒരു പടിഞ്ഞാറൻചീന; ജിവിതം സുഗന്ധിയാണവിടെ,ആഹ്ലാദം നിശബ്ദതയുമായി വേഴ്ചയിലാണവിടെ. നാം പോയി ജീവിക്കേണ്ടതവിടെയത്രെ, നാം പോയി മരിക്കേണ്ടതും അവിടെയാണ്‌!

അതെ,ശ്വസിക്കാൻ,സ്വപ്നം കാണാൻ,അനന്തമായ ഐന്ദ്രികാനുഭൂതികളാൽ നാഴികകളെ ദീർഘിപ്പിക്കാൻ നാം പോകേണ്ടതവിടെയാണ്‌. നൃത്തം ചെയ്യാനൊരു ക്ഷണം (2)രചിക്കാൻ ഒരു സംഗീതജ്ഞനുണ്ടായി; യാത്ര പോകാനൊരു ക്ഷണം രചിക്കാൻ എവിടെ ഒരു സംഗീതജ്ഞൻ? അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എനിക്കതു സമർപ്പിക്കാമായിരുന്നു എന്റെ പ്രിയപ്പെട്ടവൾക്ക്‌,എന്റെ ഇഷ്ടസോദരിക്ക്‌.

അതെ, ആ അന്തരീക്ഷത്തിലാണു ജീവിതം ഹിതകരമാവുക-അവിടെ മന്ദഗാമികളായ മണിക്കൂറുകൾ അധികം ചിന്തകൾ വഹിക്കുന്നവയാണ്‌, അവിടെ ഘടികാരങ്ങൾ യാമങ്ങൾ ഘോഷിക്കുന്നത്‌ ഘനഗംഭീരമായ മണിനാദത്തോടെയാണ്‌.

തിളങ്ങുന്ന ഫലകങ്ങളിൽ,പൊന്നുപൂശിയതും ഇരുണ്ടുമിനുങ്ങുന്നതുമായ തുകൽപ്പായകളിൽ ഗഹനവും പ്രശാന്തവും ധന്യവുമായ ചിത്രങ്ങൾ അവയ്ക്കു ജീവൻ കൊടുത്ത കലാകാരന്മാരുടെ ആത്മാക്കൾ പോലെ രഹസ്യജീവിതം നയിക്കുന്നു. തീൻമുറികളുടെയും ഇരുപ്പുമുറികളുടെയും ചുമരുകൾക്ക്‌ അത്രമേൽ നിറക്കൊഴുപ്പേകുന്ന സൂര്യാസ്തമയങ്ങൾ മനോജ്ഞമായ യവനികകളിലൂടെ,കളം തിരിച്ച ജനാലച്ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു. അകസാമാനങ്ങൾ ബൃഹത്തും അപൂർവ്വവും വിചിത്രവും സംസ്കൃതചിത്തരെപ്പോലെ താഴുകളും രഹസ്യങ്ങളും കൊണ്ടു സജ്ജവുമാണ്‌. ദർപ്പണങ്ങൾ,ലോഹവാർപ്പുകൾ,വെള്ളിയുരുപ്പടികൾ,കവിടിപ്പാത്രങ്ങൾ കണ്ണുകൾക്കു മുന്നിൽ മൂകവും നിഗൂഢവുമായ ഒരു സിംഫണി വായിക്കുന്നു. സർവ്വതിലും നിന്ന്,കോണുകളിൽ നിന്ന്,വലിപ്പുകളുടെ വിടവുകളിൽ നിന്ന്,വിരിപ്പുകളുടെ,തിരശ്ശീലകളുടെ മടക്കുകളിൽ നിന്ന് അനുപമമായ ഒരു പരിമളം പുറത്തേക്കൊഴുകുന്നു; സുമാത്രായുടെ ഒരോർമ്മ, ആ വസതിയുടെ ആത്മാവു പോലെ ഒരു പരിമളം.

കൊക്കെയിന്റെ തനിനാട്‌,എന്നെ വിശ്വസിക്കൂ,സകലതും സമൃദ്ധവും സ്വച്ഛവും ദീപ്തവുമാണവിടെ,കറയറ്റ മനഃസാക്ഷി പോലെ,പ്രൗഢിയുറ്റ പാത്രങ്ങൾ പോലെ,ഉജ്ജ്വലമായ സ്വർണ്ണവേല പോലെ,പലനിറങ്ങളുള്ള ആഭരണങ്ങൾ പോലെ! ലോകത്തെ നിധികളെല്ലാം അവിടെയ്ക്കൊഴുകുകയാണ്‌, സർവ്വലോകത്തിന്റെയും പ്രീതി സമ്പാദിച്ച ഒരധ്വാനിയുടെ ഭവനത്തിലേക്കെന്നപോലെ. താരതമ്യങ്ങളില്ലാത്ത ദേശം; പ്രകൃതിയെ കല എന്നതുപോലെ സകലതിനെയും അതിശയിക്കുന്നു അത്‌; അവിടെ സ്വപ്നങ്ങൾ പ്രകൃതിയെ ഉടച്ചുവാർക്കുന്നു,അതിനെ മെച്ചപ്പെടുത്തുന്നു,മിനുക്കുന്നു,പുനർനിർമ്മിക്കുകയും ചെയ്യുന്നു.

ഉദ്യാനകലയിലെ ആ രാസവിദ്യക്കാർ അന്വേഷിച്ചു നടക്കട്ടെ,നിരന്തരമായ അന്വേഷണത്തിൽ മുഴുകട്ടെ,തങ്ങളുടെ സംതൃപ്തിയുടെ ചക്രവാളം അധികമധികം വിപുലമാക്കിക്കോട്ടെ! ആകാശം മുട്ടുന്ന തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നവർക്ക്‌ അറുപതോ നൂറോ ആയിരം ഫ്ലോറിനുകൾ വാഗ്ദാനം ചെയ്തോട്ടെ! ഞാനെന്റെ കറുത്ത ട്യൂലിപ്പും നീലഡാലിയായും (3)കണ്ടെത്തിക്കഴിഞ്ഞു!

തുല്യതയില്ലാത്ത പുഷ്പം,മറയത്തു നിന്നു കണ്ടെടുത്ത ട്യൂലിപ്പ്‌,രൂപകമായ ഡാലിയ അതവിടെയുണ്ട്‌; അവിടെ,അത്രമേൽ പ്രശാന്തവും സ്വപ്നാത്മകവുമായ ആ മനോജ്ഞദേശത്ത്‌; നാം പോയി ജീവിക്കേണ്ടതും പുഷ്പിക്കേണ്ടതുമായ ആ ദേശത്ത്‌-അങ്ങനെയല്ലേ? അവിടെ നിന്റെതന്നെ സാദൃശ്യത്തിൽ നീ നിബന്ധിക്കപ്പെടില്ലേ?മിസ്റ്റിക്കുകളുടെ ഭാഷയിൽ നിന്റെതന്നെ പാരസ്പര്യത്തിൽ (4)അവിടെ പ്രതിഫലിപ്പിക്കപ്പെടില്ലേ നീ?

സ്വപ്നങ്ങൾ, അവധിയില്ലാത്ത സ്വപ്നങ്ങൾ! ആത്മാവെത്രയ്ക്കു പേലവവും ഉത്കർഷേച്ഛുവുമാകുന്നു,അത്രയ്ക്കു സ്വപ്നങ്ങൾ സാധ്യതയിൽ നിന്നകലുകയും ചെയ്യുന്നു. ഓരോ മനുഷ്യനും ജന്മം കൊണ്ടു തനിക്കു കിട്ടിയ ഒരു മാത്ര കറുപ്പ്‌ തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്‌; ഓരോ നിമിഷവും നാമതിനെ ഒളിപ്പിച്ചുവയ്ക്കുന്നു,ഓരോ നിമിഷവും അതു പുറത്തേക്കു വരികയും ചെയ്യുന്നു; ജനനത്തിനും മരണത്തിനുമിടയിൽ യഥാർത്ഥസന്തോഷം നിറഞ്ഞ,മനസ്സിരുത്തിച്ചെയ്തു സഫലമാക്കിയ പ്രവൃത്തികൾ നിറഞ്ഞ മണിക്കൂറുകൾ എത്രയുണ്ടെന്നു കണക്കെടുത്താൽ എത്ര വരുമത്‌? എന്റെ ആത്മാവ്‌ ആലേഖനം ചെയ്ത ഈ ചിത്രത്തിൽ, നിന്നെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രത്തിൽ എന്നെങ്കിലും ജീവിതം കഴിക്കുമോ നാം,എന്നെങ്കിലും അതിലേക്കു പ്രയാണം ചെയ്യുമോ നാം?

ഈ നിധികൾ,ഈ അകസ്സാമാനങ്ങൾ,ഈ ആഡംബരം,ഈ ക്രമം,ഈ പരിമളങ്ങൾ,ഈ ദിവ്യപുഷ്പങ്ങൾ ഒക്കെയും നീ തന്നെ. മഹാനദികൾ,തെളിഞ്ഞ ചാലുകൾ അവയും നീ തന്നെ. അവയിൽ ഒഴുകിനടക്കുന്നു നിധികൾ പേറുന്ന, നാവികരുടെ ഗാനങ്ങളുയരുന്ന വിപുലനൗകകൾ: നിന്റെ മാറിൽക്കിടന്നു മയങ്ങുകയോ ഉരുണ്ടുമറിയുകയോ ചെയ്യുന്ന എന്റെ ചിന്തകളാണവ. നിന്റെ മനോജ്ഞമായ ആത്മാവിന്റെ സ്വച്ഛതയിൽ ആകാശഗർഭങ്ങളെ പ്രതിഫലിപ്പിക്കെത്തന്നെ നീ എന്റെ ചിന്തകളെ അനന്തത എന്നു പേരുള്ള ആ മഹാസമുദ്രത്തിലേക്ക്‌ സാവധാനം നയിക്കുന്നു-പിന്നെ,കടൽപ്പെരുക്കത്തിൽ ക്ഷീണിച്ച്‌,കിഴക്കിന്റെ നിധികളാൽ പള്ള വീർത്ത്‌ അവ മടങ്ങുമ്പോൾ അപ്പോഴും അവ എന്റെ ചിന്തകൾ തന്നെ: അനന്തതയിൽ നിന്നു നിന്നിലേക്കു മടങ്ങുന്ന സമ്പന്നമായ ചിന്തകൾ.


1. കൊക്കൈൻ ഒരു സാങ്കൽപ്പികസ്വർഗ്ഗം
2. കാൾ മരിയ വൊൺ വെബർ Invitation to th waltz എന്ന പേരിൽ 1819-ൽ ഒരു സംഗീതരചന നടത്തിയിരുന്നു.
3. ദൂമായുടെ നോവൽ Black Tulip 1850ലും ദൂപോണ്ടിന്റെ Blue Dahlia എന്ന ഗാനം 1851ലും പുറത്തുവന്നു.
4. മാന്ത്രികമായ പാരസ്പര്യങ്ങൾ നെയ്തെടുത്തതാണു പ്രപഞ്ചം എന്ന സങ്കൽപ്പം സ്വീഡൻബർഗി(1688-1772)ന്റേതാണ്‌; അതിന്റെ ഏറ്റവും ആധുനികവും മനോഹരവുമായ കാവ്യാവിഷ്കരണമാണ്‌  ബോദ്‌ലെയറുടെ പാപത്തിന്റെ പൂക്കൾ എന്ന സമാഹാരത്തിലെ Correspondences എന്ന കവിത.


L'invitation au voyage

Mon enfant, ma soeur,
Songe à la douceur
D'aller là-bas vivre ensemble!
Aimer à loisir,
Aimer et mourir
Au pays qui te ressemble!
Les soleils mouillés
De ces ciels brouillés
Pour mon esprit ont les charmes
Si mystérieux
De tes traîtres yeux,
Brillant à travers leurs larmes.

Là, tout n'est qu'ordre et beauté,
Luxe, calme et volupté.

Des meubles luisants,
Polis par les ans,
Décoreraient notre chambre;
Les plus rares fleurs
Mêlant leurs odeurs
Aux vagues senteurs de l'ambre,
Les riches plafonds,
Les miroirs profonds,
La splendeur orientale,
Tout y parlerait
À l'âme en secret
Sa douce langue natale.

Là, tout n'est qu'ordre et beauté,
Luxe, calme et volupté.

Vois sur ces canaux
Dormir ces vaisseaux
Dont l'humeur est vagabonde;
C'est pour assouvir
Ton moindre désir
Qu'ils viennent du bout du monde.
— Les soleils couchants
Revêtent les champs,
Les canaux, la ville entière,
D'hyacinthe et d'or;
Le monde s'endort
Dans une chaude lumière.

Là, tout n'est qu'ordre et beauté,
Luxe, calme et volupté.

Charles Baudelaire

Invitation to the Voyage

My child, my sister,
Think of the rapture
Of living together there!
Of loving at will,
Of loving till death,
In the land that is like you!
The misty sunlight
Of those cloudy skies
Has for my spirit the charms,
So mysterious,
Of your treacherous eyes,
Shining brightly through their tears.

There all is order and beauty,
Luxury, peace, and pleasure.

Gleaming furniture,
Polished by the years,
Will ornament our bedroom;
The rarest flowers
Mingling their fragrance
With the faint scent of amber,
The ornate ceilings,
The limpid mirrors,
The oriental splendor,
All would whisper there
Secretly to the soul
In its soft, native language.

There all is order and beauty,
Luxury, peace, and pleasure.

See on the canals
Those vessels sleeping.
Their mood is adventurous;
It's to satisfy
Your slightest desire
That they come from the ends of the earth.
— The setting suns
Adorn the fields,
The canals, the whole city,
With hyacinth and gold;
The world falls asleep
In a warm glow of light.

There all is order and beauty,
Luxury, peace, and pleasure.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


Tuesday, October 23, 2012

പെട്രാർക്ക് - ഞാനാരാധിച്ചിരുന്ന കണ്ണുകൾ

Petrarch_by_Bargillacropped

എരിയുന്ന വാക്കുകൾ കൊണ്ടു ഞാനാരാധിച്ചിരുന്ന കണ്ണുകൾ,
കൈകൾ, ചുമലുകൾ, കണങ്കാലുകൾ, മുഖലക്ഷണങ്ങൾ,
എന്റെ തന്നെ സ്ഥലകാലങ്ങളിൽ നിന്നെന്നെ മാറ്റിനിർത്തിയവ,
മറ്റേതൊരു മനുഷ്യനിൽ നിന്നുമെന്നെ അടയാളപ്പെടുത്തിയവ,

തനിപ്പൊന്നിന്റെ തിരയിളക്കം പോലെ മിന്നുന്ന മുടിയിഴകൾ,
മാലാഖയുടെ മന്ദഹാസം പോലെ മുഖത്തുദിക്കുന്ന വെളിച്ചം,
(ഒരിടവേളയിലേക്കതു ഭൂമിയെ സ്വർഗ്ഗവുമാക്കിയിരുന്നു)
ഒക്കെയുമിന്നു മൺപൂഴി, നിർവികാരമായ വെറും ധൂളി.

ഈ ശപ്തനായ ഞാൻ പക്ഷേ, ജീവനോടിന്നുമിരിക്കുന്നു,
ഞാനാരാധിച്ചിരുന്ന വെളിച്ചമെന്റെ കൂടെയില്ലാതെ,
കോളു കൊണ്ട കടലിൽ, ഒരു കൊതുമ്പുതോണിയിൽ.

ഇനിയൊരു പ്രണയഗാനം ഞാനെഴുതുകയെന്നതില്ല,
എന്റെ കവിതയുടെ സിരകൾ വരണ്ടുപോയിരിക്കുന്നു,
എന്റെ വീണയാലപിക്കുന്നതു വിലാപത്തിന്റെ കണ്ണീരും.


(പെട്രാർക്ക്- ഗീതകം 292)


Monday, October 22, 2012

മിഗ്വെൽ ദെ ഉനാമുനോ - രണ്ടു കവിതകൾ

unamun_3

ആകാശത്തിന്റെ ചുവട്ടിൽ...


ആകാശത്തിന്റെ ചുവട്ടിൽ- മേഘങ്ങൾ,
മലയുടെ ചുവട്ടിൽ- പുഴകൾ,
ആത്മാവിന്റെ ചുവട്ടിൽ- സ്വപ്നങ്ങൾ,
ദൈവത്തിന്റെ ചുവട്ടിൽ- വിലാപം,
മരത്തിന്റെ ചുവട്ടിൽ- തണൽ,
തണലിന്റെ ചുവട്ടിൽ- വിസ്മൃതിയും വിശ്രമവും,
വിസ്മൃതിയുടെ ചുവട്ടിൽ- മരണം,
മരണത്തിന്റെ ചുവട്ടിൽ- അഭയം.


വഴിയരികിലെ കുരിശിൽ...


വഴിയരികിലെ കുരിശിൽ ചേക്കയേറിയ
മലങ്കാക്കയെക്കാണുമ്പോൾ, തീർത്ഥാടകാ,
നിന്റെ ഹൃദയത്തിലുണരുന്ന വികാരങ്ങൾ,
അമർന്ന വേദനയുടെ, നഷ്ടബോധത്തിന്റെ.


മിഗ്വെൽ ദെ ഉനാമുനോ(1864-1936) - സ്പാനിഷ് കവി, നോവലിസ്റ്റ്, തത്വചിന്തകൻ




ഫെർണാണ്ടോ പെസ്സൊവ - എന്ത്? ഒരു പൂവിനെക്കാൾ മൂല്യം കൂടുമെനിക്കെന്നോ…


എന്ത്? ഒരു പൂവിനെക്കാൾ മൂല്യം കൂടുമെനിക്കെന്നോ,
അതിനു നിറമുണ്ടെന്നതിനറിയില്ല, എനിക്കതറിയുമെന്നതിനാൽ,
അതിനു മണമുണ്ടെന്നതിനറിയില്ല, എനിക്കതറിയുമെന്നതിനാൽ,
അതിനെന്നെക്കുറിച്ചു ബോധമില്ല, എനിക്കതിനെക്കുറിച്ചു ബോധമുണ്ടെന്നതിനാലും?
പക്ഷേ ഒന്നിനു മറ്റൊന്നുമായിട്ടെന്തിരിക്കുന്നു,
ഒന്നു മറ്റൊന്നിനെക്കാൾ ഉയർന്നതോ താഴ്ന്നതോ ആവാൻ?
എനിക്കു ചെടിയെക്കുറിച്ചുള്ള ബോധമുണ്ട്, അതിനെന്നെക്കുറിച്ചൊരു ബോധവുമില്ല.
എന്നാൽ ബോധമുണ്ടായിരിക്കുക എന്നതാണു ബോധത്തിന്റെ രൂപമെങ്കിൽ, അതിലെന്തിരിക്കുന്നു?
ചെടിയ്ക്കു സംസാരശേഷിയുണ്ടെങ്കിൽ അതെന്നോടു ചോദിച്ചുവെന്നു വരാം: നിങ്ങളുടെ മണമെവിടെ?
അതെന്നോടു പറഞ്ഞുവെന്നു വരാം: നിങ്ങൾക്കു ബോധമുണ്ടെങ്കിൽ അതൊരു മാനുഷികഗുണമാണെന്നതിനാൽ.
എനിക്കതില്ലാത്തതു ഞാനൊരു പൂവായതിനാൽ. അല്ലെങ്കിൽ ഞാനൊരു മനുഷ്യനായേനെ.
എനിക്കു മണമുണ്ടായതും, നിങ്ങൾക്കതില്ലാത്തതും ഞാനൊരു പൂവായതിനാൽ...

അല്ല, ഞാനെന്തിനെന്നെ ഒരു പൂവുമായി താരതമ്യം ചെയ്യണം, ഞാൻ ഞാനാണെങ്കിൽ,
പൂവ് പൂവുമാണെങ്കിൽ?

ഹാ, നാമൊന്നിനെ മറ്റൊന്നിനോടു താരതമ്യം ചെയ്യാതിരിക്കുക, നാമതിനെ നോക്കുകമാത്രം ചെയ്യുക.
വിശകലനത്തെ, രൂപകങ്ങളെ, ഉപമകളെ നാം വിട്ടുകളയുക.
ഒന്നിനെ മറ്റൊന്നിനോടു താരതമ്യം ചെയ്യുക എന്നാൽ അതിനെ മറക്കുക എന്നുതന്നെ.
ഒന്നിൽ നാം ശ്രദ്ധ വയ്ക്കുകയാണെങ്കിൽ അതു നമ്മെ മറ്റൊന്നിനെക്കുറിച്ചോർമ്മപ്പെടുത്തുകയേയില്ല.
ഓരോന്നും നമ്മെ ഓർമ്മപ്പെടുത്തുന്നത് അതായതിനെ,
അതായതെന്നാൽ മറ്റൊന്നല്ലാത്തത്.
അതതാണെന്ന വസ്തുത തന്നെ അതിനെ മറ്റേതിൽ നിന്നും വേർതിരിക്കുന്നതും.
(ഒന്നും ഒന്നുമല്ല, അതല്ലാത്ത മറ്റൊന്നില്ലെങ്കിൽ.)


(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)


link to image


Sunday, October 21, 2012

സ്പൈക്ക് മില്ലിഗൻ (1918-2002) - എന്റെ വാക്കുകൾ

spike milligan

ശരൽക്കാലത്തെ പഴുക്കിലകളായിരുന്നു
എന്റെ വാക്കുകളെങ്കിൽ
എന്റെ കത്തുകൾ കത്തിക്കുമ്പോൾ
അതെത്ര വലിയ തീക്കുണ്ഡമായേനേ.
ജലബിന്ദുക്കളായിരുന്നു
എന്റെ വാക്കുകളെങ്കിൽ
‘നിന്നെ ഞാൻ സ്നേഹിക്കുന്നു’
എന്നു ഞാൻ പറയുമ്പോൾ
നീയതിൽ മുങ്ങിത്താണേനേ.


Saturday, October 20, 2012

നെരൂദ - എന്നാൽ ഞാൻ മറന്നു...


എന്നാൽ ഞാൻ മറന്നു, വേരുകൾക്കു നീരു പകർന്നതു നീയെന്ന്,
പിണഞ്ഞുകേറിയ പനിനീർച്ചെടികൾക്കു വെള്ളം തേവിയതു നീയെന്ന്;
ഞാനതറിയുന്നതു പ്രകൃതിയുടെ നിറഞ്ഞ ശാന്തിയിൽ
നിന്റെ വിരലടയാളങ്ങൾ പൂക്കളായി വിരിഞ്ഞതു കണ്ടപ്പോൾ.

വീട്ടുമൃഗങ്ങളെപ്പോലെയായിരുന്നു നിന്റെ മൺവെട്ടിയും വെള്ളത്തൊട്ടിയും;
മണ്ണിനെ നക്കിയും കടിച്ചും കൊണ്ടവർ നിന്റെയൊപ്പം വന്നു.
നിന്റെ പ്രവൃത്തി കൊണ്ടത്രേ, ഈ സമൃദ്ധിയെ,
ലവംഗപുഷ്പങ്ങളുടെ ആഗ്നേയജ്വാലകളെ നീ കെട്ടഴിച്ചുവിട്ടതും.

നിന്റെ കൈകൾക്കു ഞാൻ നേരുന്നു തേനീച്ചകളുടെ കുലീനതയും സ്നേഹവും,
മണ്ണിൽ തെളിഞ്ഞ തുടക്കങ്ങൾ വിതറുന്നതവയാണല്ലോ,
എന്റെ ഹൃദയമുഴുതു വിതയിറക്കുന്നതവയാണല്ലോ.

പൊള്ളിക്കരിഞ്ഞ ശിലയായിരുന്നു ഞാൻ,
ചോലനീർ പോലെ നിന്റെ സ്വരമരികിൽ വരുമ്പോൾ
ഞാനൊരു ഗാനമായി പൊട്ടിത്തരിക്കുന്നു.



പ്രണയഗീതകം- 39

Friday, October 19, 2012

അന്ന ആഹ്‌മറ്റോവ - മഞ്ഞക്കിളികളുടെ തീരാശോകങ്ങളെനിയ്ക്കു കേൾക്കാം…



മഞ്ഞക്കിളികളുടെ തീരാശോകങ്ങളെനിയ്ക്കു കേൾക്കാം,
പുഷ്കലമായൊരു ഗ്രീഷ്മത്തിനു വിട പറയുകയാണവ;
കാതടക്കം കതിർക്കറ്റകളടുക്കിയരിഞ്ഞുതള്ളുമ്പോൾ
അരിവാളുകളുടെ സർപ്പശീൽക്കാരങ്ങളുമെനിയ്ക്കു കേൾക്കാം.


മെലിഞ്ഞ കൊയ്ത്തുകാരികളുടെ കുറുകിയ പാവാടകൾ
പെരുന്നാൾപ്പകലിൽ കാറ്റത്തു പാറുന്ന പതാക
ൾ പോലെ;
കുടമണികളും പള്ളിമണികളുമിടയുന്നതിന്റെ ആഹ്ളാദാരവം,
പൊടി പാറിയ കണ്ണിമകൾക്കടിയിൽ നിന്നുമൊരൊളിഞ്ഞുനോട്ടം.


ഒരു സ്നേഹാലിംഗനവും ഞാനാശിക്കില്ല, ഒരു പുന്നാരവും;
ആസന്നമായൊരന്ധകാരത്തിന്റെ വിപൽസൂചനകളാണവ.
എന്നാലുമെന്നോടൊപ്പം ഈ പറുദീസയൊന്നുവന്നു കാണൂ,
ധന്യരും നിർമ്മലരുമായി നാമൊരുകാലമിവിടെക്കഴിഞ്ഞതല്ലേ!.

(1917 ജൂലൈ 27)


Thursday, October 18, 2012

റോസ് ഓലാൻഡെർ - കിണറ്‌

Rose_Ausländer_(1914)

കത്തിയമർന്ന മുറ്റത്ത്
കിണറിപ്പോഴും
നിറയെ കണ്ണീരുമായി

ആരതു കരഞ്ഞുനിറച്ചു

ആരതിന്റെ ദാഹം
നെല്ലിപ്പടിയോളം
കുടിച്ചുതീർക്കും


റോസ് ഓലാൻഡെർ (1901-1988) - ജർമ്മനിലും ഇംഗ്ളീഷിലുമെഴുതിയിരുന്ന ജൂതവംശജമായ കവയിത്രി.


വീസ്വാവാ സിംബോഴ്സ്ക - കാലഘട്ടത്തിന്റെ സന്തതികൾ


നമ്മുടെ കാലത്തിന്റെ സന്തതികളാണു നാം,
നമ്മുടേതൊരു രാഷ്ട്രീയകാലം.

പകലു മുഴുവൻ, രാത്രിയുടനീളം,
എല്ലാ വ്യവഹാരങ്ങളും
-നിങ്ങളുടെ, ഞങ്ങളുടെ, അവരുടെ-
രാഷ്ട്രീയവ്യവഹാരങ്ങൾ തന്നെ.

നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും ശരി,
നിങ്ങളുടെ ജീനുകൾക്കുള്ളതൊരു രാഷ്ട്രീയഭൂതകാലം,
നിങ്ങളുടെ തൊലിയുണ്ടായതൊരു രാഷ്ട്രീയമൂശയിൽ,
നിങ്ങളുടെ കണ്ണുകൾക്കൊരു രാഷ്ട്രീയച്ചായ് വുമുണ്ട്.

നിങ്ങളെന്തു പറഞ്ഞാലും അതിനൊരു ധ്വനിയുണ്ടാവും,
നിങ്ങളുടെ മൌനവും സ്വയം സംസാരിക്കും,
രണ്ടു രീതിയിലായാലും നിങ്ങൾ സംസാരിക്കുന്നതു രാഷ്ട്രീയമായിരിക്കും.
ഇനി കാട്ടിലേക്കാണു നിങ്ങൾ പോകുന്നതെങ്കിൽ,
രാഷ്ട്രീയത്തറയിൽ
രാഷ്ട്രീയച്ചുവടു വച്ചായിരിക്കും നിങ്ങൾ പോവുക.

അരാഷ്ട്രീയകവിതകളും രാഷ്ട്രീയമുള്ളവ തന്നെ,
നമുക്കു മുകളിൽ വിളങ്ങിനിൽക്കുന്ന ചന്ദ്രൻ
പണ്ടേപ്പോലെ നിർമ്മലചന്ദ്രനുമല്ല.
ഇരിക്കണോ മരിക്കണോ, അതാണു ചോദ്യം,
ദഹനക്കേടുണ്ടാക്കുന്നതാണതെങ്കിലും
ചോദ്യം, എന്നുമെന്നപോലെ, രാഷ്ട്രീയം തന്നെ.

ഒരു രാഷ്ട്രീയമാനം കൈവരിക്കാൻ
നിങ്ങൾ മനുഷ്യനാവണമെന്നുപോലുമില്ല,
അസംസ്കൃതവസ്തുവായാൽ മതി,
പ്രോട്ടീൻ ഭക്ഷണമായാൽ മതി,
ക്രൂഡോയിലായാൽ മതി,

നാം ചുറ്റും കൂടിയിരിക്കുന്ന മേശയായാൽ മതി;
മാസങ്ങൾ നാം തർക്കിച്ചതല്ലേ,
വട്ടമേശയ്ക്കു ചുറ്റുമിരുന്നോ, അതോ ചതുരമേശയ്ക്കു ചുറ്റുമിരുന്നോ വേണം
ജീവിതവും മരണവും നാം ചർച്ച ചെയ്തു തീരുമാനിക്കാനെന്ന്.

ഈ നേരത്തു പക്ഷേ, മനുഷ്യർ മരിച്ചുവീഴുന്നുണ്ടായായിരുന്നു,
മൃഗങ്ങൾ ചാവുന്നുണ്ടായായിരുന്നു,
വീടുകൾ കത്തിയെരിയുന്നുണ്ടായിരുന്നു,
പാടങ്ങളിൽ കള കേറുന്നുണ്ടായിരുന്നു,
നമുക്കോർമ്മ വരുന്നതിനും മുമ്പുള്ള കാലത്തെന്നപോലെ,
കാലത്തിലിത്ര രാഷ്ട്രീയം കലരുന്നതിനു മുമ്പുള്ള കാലത്തെന്നപോലെ.


hildren of Our Age 
by Wilawa Szymborska - 1986

We are children of our age,
it's a political age.

All day long, all through the night
all affairs--yours, ours, theirs--
are political affairs.

Whether you like it or not,
your genes have political past,
your skin--a political cast,
your eyes--a political slant.

Whatever you say reverberates,
whatever you don't say speak for itself--
so either way you're talking politics.

Even when you take to the woods,
you're taking political steps
on political grounds.

Apolitical poems are also political,
and above us shines the moon
no longer purely lunar.
To be or not to be, that is the question.
And though it troubles the digestion,
it's a question, as always, of politics.

To acquire a political meaning
you don't even have to be human.
Raw material will do,
or protein or crude oil,

or a conference table, whose shape
was quarreled over for months:
should we arbitrate life and death
at a round table or a square one.

Meanwhile people perished,
animals died,
houses burned,
and the fields ran wild
just as in times immemorial
and less political.

Tuesday, October 16, 2012

ആന്ദ്രേ സ്പൈർ - നിന്നെയായിരുന്നില്ല

andre spire

ഞാൻ കാത്തു നിന്നതു നിന്നെയായിരുന്നില്ല,
ഇതേവരെ.
ഞാൻ കണ്ടതു നിന്നെയായിരുന്നില്ല,
ബാല്യത്തിൽ ഞാൻ കണ്ട സ്വപ്നങ്ങളിൽ,
എന്റെ യൌവനസ്വപ്നങ്ങളിലും.

ഞാൻ തേടിയതു നിന്നെയായിരുന്നില്ല,
പാനപാത്രങ്ങൾ പോലുള്ളുടലുകളിൽ.
ഞാൻ സ്വപ്നം കണ്ടതും നിന്നെയായിരുന്നില്ല,
വെയിൽക്കതിരുകളരയിൽ ചുറ്റി കുന്നിറങ്ങിവരുന്നതായി.

നമ്മുടെ വഴികളിലൂടെ നടന്നുപോവുകയായിരുന്നു നാം.
ഒരുനാൾ നമ്മുടെ വഴികൾ പരസ്പരം കണ്ടു.
നാമന്യോന്യം കൈകൾ നീട്ടി.

ആ നാളുകളെങ്ങോ മറഞ്ഞുകഴിഞ്ഞു,
എനിക്കെത്രയും പ്രിയപ്പെട്ടവളേ.


ആന്ദ്രേ സ്പൈർ (1868-1966) - ജൂതവംശജനായ ഫ്രഞ്ചുകവി.


ഷൂൾ ലഫോർഗെ - പ്രണയഗ്രന്ഥത്തിനായി

Laforgue_Jules_300_423

ഇനി നാളെ ഞാൻ മരിച്ചുവെന്നാവാം, പ്രണയമെന്തെന്നറിയാതെ,
എന്റെ ചുണ്ടുകളിന്നോളമൊരു പെണ്ണിന്റെ ചുണ്ടുകളിലമർന്നിട്ടില്ല.
ഒരു നോട്ടത്തിൽ തന്റെ ആത്മാവിനെ വച്ചൊരുത്തിയുമെനിക്കു സമർപ്പിച്ചിട്ടില്ല,
ഒരുവൾ പോലുമാനന്ദമൂർച്ഛയിൽ തന്റെ നെഞ്ചോടെന്നെയണച്ചിട്ടുമില്ല.

അനുനിമിഷം ഞാൻ വേദനിച്ചു പക്ഷേ, പ്രകൃതിയിലുള്ള സർവതിനെയും ചൊല്ലി,
കാറ്റു തല്ലുന്ന മരങ്ങളെ, വിളർച്ച പെട്ട പൂക്കളെ, ധൂസരാകാശത്തെച്ചൊല്ലി,
കത്തിമുനയാഴ്ന്നിറങ്ങിയ പോലോരോ ഞരമ്പും പിടഞ്ഞു ഞാൻ വേദനിച്ചു,
ഇത്ര നാളായിട്ടും മലിനതകളകലെക്കളയാത്ത സ്വന്തമാത്മാവിനെച്ചൊല്ലി.

പ്രണയത്തിനു മേൽ ഞാൻ കാറിത്തുപ്പി, ഉടലിനെ ഞാൻ കൊലയ്ക്കു കൊടുത്തു,
ജന്മവാസനകളുടെ തുടലുകളിൽക്കിടന്നു ലോകമാകെപ്പിടയുമ്പോൾ
ഞാൻ, ഞാൻ മാത്രമഭിമാനത്തോടെ നെഞ്ചും വിരിച്ചു നിന്നു,
കയ്ക്കുന്നൊരു ചിരിയോടെ ജന്തുവാസനകളെ ഞാൻ വെല്ലുവിളിച്ചു.

എവിടെയും, സ്വീകരണമുറികളിൽ, നാടകശാലകളിൽ, പള്ളികളിൽ,
കഴുകിവെടിപ്പാക്കിയപോലെ പെരുമാറുന്ന ഈ മാന്യന്മാർക്കു മുന്നിൽ,
ദയവോടെ, അസൂയയോടെ, ഗർവോടെ നോക്കുന്ന ഈ സ്ത്രീകൾക്കു മുന്നിൽ,
(ഒരാസക്തിയുടെയും കറ പുരളാത്തതാണവരുടെ സൌമ്യഹൃദയങ്ങളെന്നു തോന്നും)

ഞാനോർത്തു: ഇതിലേക്കെത്താനായിരുന്നു അവരിപ്പെടാപ്പാടുപെട്ടതൊക്കെ-
അന്യോന്യം വളഞ്ഞുപിടിച്ചിണചേരുന്ന മൃഗങ്ങളുടെ സീൽക്കാരങ്ങൾ.
ഇത്രയുമഴുക്കുകളിൽക്കിടന്നവരുരുണ്ടതു മൂന്നു മിനുട്ടിന്റെ മൂർച്ഛയ്ക്കായി!
പുരുഷന്മാരേ, പിഴയ്ക്കേണ്ട! സ്ത്രീകളേ, ഇളിച്ചും കൊണ്ടു കുറുകിക്കോളൂ!


 

Monday, October 15, 2012

കെന്നത്ത് റെക്സ്റോത്ത് - ബുദ്ധൻ ആനന്ദനോടു പറഞ്ഞത്

buddha

ശരൽക്കാലത്തു കൊഴിഞ്ഞുവീണ ഇലകൾ ചിലതു
കൈയിലെടുത്തുകൊണ്ട്
ബുദ്ധൻ ആനന്ദനോടു ചോദിച്ചു,
പഴുക്കിലകൾ ആകെ ഇത്രേയുള്ളോയെന്ന്.
ആനന്ദൻ പറഞ്ഞു,
കാലം ശരൽക്കാലമാണെന്ന്,
ഇലകൾ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുകയാ-
ണവർക്കു ചുറ്റുമെന്ന്,
എണ്ണിയാലൊടുങ്ങില്ല അവയെന്ന്.
അപ്പോൾ ബുദ്ധൻ പറഞ്ഞു,
“ഒരു പിടി സത്യങ്ങൾ ഞാൻ നിനക്കു തന്നു.
ഇവ കൂടാതെ സത്യങ്ങൾ അനേകായിരമുണ്ട്,
ഒരിക്കലുമെണ്ണിത്തീരാത്തവയും.“


ബോ ജൂയി (772-846) - തത്വചിന്തകൻ

PoChu-i

“പറയുന്നവൻ അറിയുന്നില്ല,
അറിയുന്നവൻ മിണ്ടുന്നില്ല.”
ലാവോത് സു പറഞ്ഞതാ-
ണിതെന്നു ഞാൻ കേട്ടിരിക്കുന്നു.
അറിയുന്നവനാണു ലാവോത് സു
എന്നാണു നമ്മുടെ വിശ്വാസമെങ്കിൽ
ഇതെങ്ങനെ സംഭവിച്ചു:
അയ്യായിരം വാക്കുകളുള്ള ഒരു ഗ്രന്ഥം
അദ്ദേഹമെഴുതിവയ്ക്കാൻ?


Sunday, October 14, 2012

വീസ്വാവാ സിംബോഴ്സ്ക - ആത്മനിന്ദയ്ക്കൊരു സ്തുതി


തന്നെയാണു പഴിയ്ക്കേണ്ടതെന്ന് ശവംതീനിക്കഴുകൻ ഒരിക്കലും പറയില്ല.
മനഃസാക്ഷിക്കുത്തിന്റെ അർത്ഥമെന്താണെന്ന് കരിമ്പുലിയ്ക്കറിയുകയേയില്ല.
സ്വന്തം പ്രവൃത്തികളിൽ ലജ്ജിക്കേണ്ടതായിട്ടെന്തെങ്കിലുമുണ്ടെന്ന് പിരാനായ്ക്കു തോന്നുകയുമില്ല.
പാമ്പുകൾക്കു കൈകളുണ്ടായിരുന്നെങ്കിൽ അവർ വാദിച്ചേനേ തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും.

കുറ്റബോധമെന്താണെന്ന് കുറുനരിയ്ക്കറിയുകയില്ല.
സിംഹങ്ങൾക്കും പേനുകൾക്കും കാലിടറുകയെന്നതില്ല,
എന്തിനു കാലിടറണം, ശരിയായ വഴിയ്ക്കാണു തങ്ങളുടെ പോക്കെന്നവർക്കു തീർച്ചയാണെന്നിരിക്കെ?

കൊലയാളിത്തിമിംഗലങ്ങളുടെ ഹൃദയങ്ങൾ ഒരു ടൺ ഭാരം തൂങ്ങുമെങ്കിലും
വേറേ മാതിരി നോക്കിയാൽ തീരെ ലഘുവാണവ.

സൂര്യന്റെ ഈ മൂന്നാം ഗ്രഹത്തിൽ
മൃഗീയതയുടെ ലക്ഷണങ്ങളിൽ ഒന്നാമത്തേത്
തെളിഞ്ഞ മനഃസാക്ഷി തന്നെ.


പിരാനാ- മാംസം വെട്ടിവിഴുങ്ങുന്ന, കൂർത്ത പല്ലുകളുള്ള ആമസോൺ മത്സ്യം.


In Praise of Feeling Bad About Yourself

 The buzzard never says it is to blame.
The panther wouldn't know what scruples mean.
When the piranha strikes, it feels no shame.
If snakes had hands, they'd claim their hands were clean.

A jackal doesn't understand remorse.
Lions and lice don't waver in their course.
Why should they, when they know they're right?

Though hearts of killer whales may weigh a ton,
in every other way they're light.

On this third planet of the sun
among the signs of bestiality
a clear conscience is Number One.

-- Wislawa Szymborska



വീസ്വാവാ സിംബോഴ്സ്ക - ഒരു കല്ലുമായി നടത്തിയ സംഭാഷണം


കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
എനിക്കു നിന്റെ ഉൾഭാഗത്തേക്കൊന്നു കയറിവരണം,
ചുറ്റുമൊന്നു നോക്കിക്കാണണം,
മതി വരുവോളം നിന്റെ മണമുൾക്കൊള്ളണം.”

“ഒന്നു പോയാട്ടെ,” കല്ലു പറഞ്ഞു.
“ഞാനാകെ കെട്ടിപ്പൂട്ടിയിരിക്കുകയാണ്‌.
നീയെന്നെ തല്ലിയുടച്ചാലും
ഞങ്ങളടഞ്ഞുതന്നെ കിടക്കും.
പൂഴിമിനുസത്തിൽ ഞങ്ങളെ അരച്ചെടുത്തോളൂ,
എന്നാലും ഞങ്ങൾ നിങ്ങളെ അകത്തേക്കു കയറ്റില്ല.”

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
വെറും ജിജ്ഞാസ കൊണ്ടാണു ഞാൻ വന്നത്.
ജീവിതം തന്നെ വേണം അതു ശമിപ്പിക്കാൻ.
നിന്റെ കൊട്ടാരമൊന്നു നടന്നു കാണണമെന്നേ എനിക്കുള്ളു,
പിന്നെ ഒരിലയെ, ഒരു തുള്ളി വെള്ളത്തെ സന്ദർശിക്കാനുമുണ്ട്.
ഒരുപാടു നേരമൊന്നും എനിക്കില്ല.
എത്ര ഹ്രസ്വായുസ്സാണു ഞാനെന്നു കണ്ടാൽ നിനക്കു സങ്കടം വരും.”

“എന്നെ കല്ലു കൊണ്ടുണ്ടാക്കിയതാണ്‌,” കല്ലു പറയുന്നു,
“അതിനാൽ ഞാൻ നിർവികാരനായിത്തന്നെയിരിക്കണം.
ഒന്നു പോയാട്ടെ.
ചിരി വരുത്തുന്ന പേശികളുണ്ടായിരുന്നെങ്കിൽ ഞാനൊന്നു ചിരിച്ചേനേ.”

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
നിന്റെയുള്ളിൽ വിശാലവും ശൂന്യവുമായ മുറികളുണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു,
ആരും കാണാനില്ലാത്തതിനാൽ വിഫലമാണവയുടെ സൌന്ദര്യമെന്നും,
ഒരു കാലടിയും മാറ്റൊലിക്കാത്തതിനാൽ മൂകമാണവയെന്നും.
നിനക്കു തന്നെ അവയെ നേരാംവണ്ണമറിയുന്നില്ലെന്നു നീ സമ്മതിക്കണം.“

”വിശാലവും ശൂന്യവും, അതു നേരു തന്നെ,“ കല്ലു പറയുന്നു.
”പക്ഷേ ഉള്ളിലിടമില്ല.
സുന്ദരവുമായേക്കാം, പക്ഷേ നിങ്ങളുടെ മോശം രുചിക്കു ചേർന്നതുമല്ല.
നിങ്ങൾക്കെന്നെ അറിയാൻ പറ്റിയെന്നു വരാം,
അതുകൊണ്ടെന്റെ ഉള്ളറിഞ്ഞെന്നും വരുന്നില്ല.
എന്റെ പുറമാകെ നിങ്ങളുടെ നേർക്കു തിരിഞ്ഞിരിക്കുന്നു,
അകം പക്ഷേ പുറം തിരിഞ്ഞും.“

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
”ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
കാലമുള്ള കാലത്തോളം ഞാനഭയമൊന്നും ചോദിക്കുന്നില്ല.
ആഹ്ളാദങ്ങളില്ലാത്തവളല്ല ഞാൻ,
വീടില്ലാത്തവളുമല്ല.
മടങ്ങിച്ചെല്ലാൻ യോഗ്യമായ ഒരു ലോകവുമെനിക്കുണ്ട്.
വെറും കൈയോടു കയറി, വെറും കൈയോടെ ഞാനിറങ്ങിപ്പൊയ്ക്കോളാം.
ഞാൻ ഇവിടെ വന്നുവെന്നതിനു തെളിവായി
വാക്കുകളേയുണ്ടാവൂ,
അതാരും വിശ്വസിക്കുകയുമില്ല.“

”നിങ്ങൾ കടക്കരുത്,“ കല്ലു പറയുകയാണ്‌.
”പങ്കു ചേരുന്നതിന്റെ ഇന്ദ്രിയം നിങ്ങൾക്കില്ല.
ആ ഇന്ദ്രിയത്തിന്റെ കുറവു നികത്താൻ മറ്റിന്ദ്രിയങ്ങൾ പോര താനും.
എല്ലാം കാണുന്നത്ര ഉയർന്നതായിക്കോട്ടെ നിങ്ങളുടെ കാഴ്ച,
അതുകൊണ്ടു പക്ഷേ, കാര്യമില്ല, പങ്കു ചേരുന്നതിനുള്ള ഇന്ദ്രിയം നിങ്ങൾക്കില്ലെങ്കിൽ.
നിങ്ങൾ കടക്കരുത്,
എന്താണാ ഇന്ദ്രിയമെന്നതിനെക്കുറിച്ച് വെറുമൊരു ധാരണയേ നിങ്ങൾക്കുള്ളു,
അതിന്റെ ബീജം മാത്രം, ഭാവന.“

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
”ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.
ഇങ്ങനെ അനുവാദം ചോദിച്ചുകൊണ്ടു നിൽക്കാൻ
രണ്ടായിരം നൂറ്റാണ്ടൊന്നും എന്റെ കൈയിലില്ല.“

”നിങ്ങൾക്കെന്നെ വിശ്വാസം വരുന്നില്ലെങ്കിൽ,“ കല്ലു പറയുകയാണ്‌,
”ഇലയോടൊന്നു ചോദിക്കൂ, അതും ഇതുതന്നെ പറയും.
ഒരു തുള്ളി വെള്ളത്തോടു ചോദിക്കൂ, ഇല പറഞ്ഞതു തന്നെ അതു പറയും.
ഇനിയൊടുവിൽ, സ്വന്തം തലയിലെ ഒരു മുടിയിഴയോടു ചോദിക്കൂ.
എനിക്കു ചിരി വന്നു മുട്ടുന്നു, അതെ, പൊട്ടിപ്പൊട്ടി ചിരിക്കാൻ തോന്നുന്നു,
ചിരിക്കാനെനിക്കറിയില്ലെങ്കിലും.“

കല്ലിന്റെ മുൻവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
“ഇതു ഞാനാണെന്നേ. എന്നെ ഒന്നു കടത്തിവിടൂ.”

“എനിക്കു വാതിലില്ല,” കല്ലു പറയുന്നു.


Conversation With A Stone

- by Wislawa Szymborska


I knock at the stone's front door.
"It's only me, let me come in.
I want to enter your insides,
have a look round,
breathe my fill of you."
"Go away," says the stone.
"I'm shut tight.
Even if you break me to pieces,
we'll all still be closed.
You can grind us to sand,
we still won't let you in."
I knock at the stone's front door.
"It's only me, let me come in.
I've come out of pure curiosity.
Only life can quench it.
I mean to stroll through your palace,
then go calling on a leaf, a drop of water.
I don't have much time.
My mortality should touch you."
"I'm made of stone," says the stone,
"and must therefore keep a straight face.
Go away.
I don't have the muscles to laugh."
I knock at the stone's front door.
"It's only me, let me come in.
I hear you have great empty halls inside you,
unseen, their beauty in vain,
soundless, not echoing anyone's steps.
Admit you don't know them well yourself."
"Great and empty, true enough," says the stone,
"but there isn't any room.
Beautiful, perhaps, but not to the taste
of your poor senses.
You may get to know me, but you'll never know me through.
My whole surface is turned toward you,
all my insides turned away."
I knock at the stone's front door.
"It's only me, let me come in.
I don't seek refuge for eternity.
I'm not unhappy.
I'm not homeless.
My world is worth returning to.
I'll enter and exit empty-handed.
And my proof I was there
will be only words,
which no one will believe."
"You shall not enter," says the stone.
"You lack the sense of taking part.
No other sense can make up for your missing sense of taking part.
Even sight heightened to become all-seeing
will do you no good without a sense of taking part.
You shall not enter, you have only a sense of what that sense should be,
only its seed, imagination."
I knock at the stone's front door.
"It's only me, let me come in.
I haven't got two thousand centuries,
so let me come under your roof."
"If you don't believe me," says the stone,
"just ask the leaf, it will tell you the same.
Ask a drop of water, it will say what the leaf has said.
And, finally, ask a hair from your own head.
I am bursting with laughter, yes, laughter, vast laughter,
although I don't know how to laugh."
I knock at the stone's front door.
"It's only me, let me come in."
"I don't have a door," says the stone.


 

Friday, October 12, 2012

നെരൂദ - ഭൂമി നിന്നിൽ

111688785

കുഞ്ഞുപനിനീർപ്പൂവേ,
പനിനീർപ്പൂക്കുഞ്ഞേ,
ചില നേരം
കൃശവും നഗ്നവുമായി
നിന്നെക്കാണുമ്പോളെനിക്കു തോന്നുന്നു,
എന്റെ ഒരു കൈയിലൊതുങ്ങും
നീയെന്ന്,
നിന്നെയിതുപോലെടുത്തെന്റെ
ചുണ്ടിലേക്കടുപ്പിക്കാമെന്ന്.
പെട്ടെന്നു പക്ഷേ,
ഞാനറിയുന്നു,
എന്റെ കാലടികൾ
നിന്റെ കാലടികളെ തൊടുന്നതും,
നിന്റെ ചുണ്ടുകളെന്റെ ചുണ്ടുകളെ തൊടുന്നതും.
നീ വളര്‍ന്നുപോയിരിക്കുന്നു,
നിന്റെ ചുമലുകൾ
രണ്ടു കുന്നുകൾ പോലുയര്‍ന്നു നില്‍ക്കുന്നു,
നിന്റെ മുലകളെന്‍റെ നെഞ്ചത്തലയുന്നു,
അമ്പിളിക്കല പോലെ നേർത്ത
നിന്റെ ഇടുപ്പിനെ വരിഞ്ഞുപിടിയ്ക്കാൻ
എന്റെ കൈകള്‍ കൊണ്ടെത്തുന്നുമില്ല.
പ്രണയം കൊണ്ടു
കടൽവെള്ളം പോലെ നീ പരന്നുവല്ലോ:
ആകാശത്തിന്റെ വിശാലനേത്രങ്ങളളക്കാൻ
എന്റെ കണ്ണുകൾക്കാവുന്നില്ല,
നിന്റെ ചുണ്ടിലേക്കു ഞാൻ ചായുന്നു,
ഭൂമിയെ ചുംബിക്കാൻ.



Thursday, October 11, 2012

നെരൂദ - വസന്തം

769px-Lovis_Corinth_Landschaft_im_Vorfrühling_1922

കിളി വന്നുകഴിഞ്ഞു,
വെളിച്ചത്തിനു പിറവി കൊടുക്കാനായി.
അവന്റെ ഓരോ ഗമകങ്ങളിൽ നിന്നും
ജലം പിറവിയെടുക്കുകയായി.

ജലത്തിനും കാറ്റിന്റെ ചുറ്റയയ്ക്കുന്ന വെളിച്ചത്തിനുമിടയിൽ
വസന്തത്തിനു പ്രാരംഭമാവുകയായി.
വിത്തിനു വളർച്ചയുടെ ബോധമുണ്ടാവുകയായി,
ദളപുടത്തിൽ വേരു രൂപമെടുക്കുകയായി,
അതിനൊക്കെയുമൊടുവിൽ പരാഗം കണ്ണിമ തുറക്കുകയുമായി.

പച്ചമരച്ചില്ല മേൽ ചേക്കയേറിയ വെറുമൊരു കിളിയാ-
ണിത്രയൊക്കെ സാധിച്ചതെന്നോർക്കുമ്പോൾ.


നെരൂദ - കാവ്യാദർശം

neruda4

അത്രയും പ്രണയങ്ങൾ, അത്രയും പ്രയാണങ്ങൾ-
ഗ്രന്ഥങ്ങൾ പിറവിയെടുക്കുന്നതവയിൽ നിന്ന്.
അവയിലില്ല ചുംബനങ്ങൾ, ദേശങ്ങളെങ്കിൽ,
കൈ നിറയെ ദൌത്യങ്ങളുമായിട്ടൊരാണെങ്കിൽ,
ഓരോരോ തുള്ളിയിലുമൊരു പെണ്ണെങ്കിൽ,
മണിയാവാൻ, പരിചയാവാനവ പോരാ:
അവയ്ക്കു കണ്ണുകളില്ല, കണ്ണുകളവ തുറക്കില്ല,
ശാസനങ്ങളുടെ കല്ലിച്ച നാവുകളാണവ.

എനിയ്ക്കു ഹിതം ജനനേന്ദ്രിയങ്ങളുടെ കെട്ടുപിണച്ചിൽ,
ചോരയും പ്രണയവും ചെത്തിയെടുത്തതാണെന്റെ കവിത.
കല്ലിച്ച മണ്ണിൽ ഞാനൊരു പനിനീർച്ചെടി നട്ടു,
മഞ്ഞിനോടും തീയിനോടും പട വെട്ടി
ഞാനതിലൊരു പനിനീർപ്പൂ വിരിയിച്ചു.

പാടിപ്പാടിനടക്കാനെനിക്കായതുമങ്ങനെ.


(ഐലാ നെഗ്രാ)



Wednesday, October 10, 2012

കുറ്റം ചെയ്ത കണ്ണുകൾ


ഒരാൾ നാലായിരം ദീനാർ കൊടുത്ത് ഒരു പെൺകുട്ടിയെ വിലയ്ക്കു വാങ്ങി. ഒരു ദിവസം അവളെ നോക്കിയിരിക്കുമ്പോൾ അയാൾക്കു കരച്ചിൽ പൊട്ടി. എന്തിനാണു കരയുന്നതെന്ന് അവൾ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “നിന്റെ മനോഹരമായ കണ്ണുകൾ കാണുമ്പോൾ ഞാൻ ദൈവത്തിന്റെ കാര്യം മറന്നുപോകുന്നു.” അന്ന് താനൊറ്റയ്ക്കായപ്പോൾ പെൺകുട്ടി തന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു കളഞ്ഞു. “ നീ എന്തിനാണു സ്വയം വിരൂപയാക്കിയത്? നീ നിന്റെ വില കെടുത്തിക്കളഞ്ഞല്ലോ?” അതിന്‌ അവൾ ഇങ്ങനെ മറുപടി പറഞ്ഞു:“ എന്റെ ഏതെങ്കിലും ശരീരഭാഗം കാരണം അങ്ങയുടെ ദൈവാരാധന മുടങ്ങരുതെന്ന് എനിയ്ക്കു തോന്നി.” അന്നു രാത്രിയിൽ ആ മനുഷ്യൻ സ്വപ്നം കണ്ടു; ഒരു ശബ്ദം അയാളോടായി പറഞ്ഞു:“ നിന്റെ കണ്ണുകളിൽ അവൾ സ്വയം വിലയിടിച്ചിരിക്കാം, നമ്മുടെ കണ്ണുകളിൽ പക്ഷേ, അവളുടെ വില കൂടിയിരിക്കുന്നു; അതിനാൽ നാം അവളെ നിന്നിൽ നിന്നെടുക്കുകയും ചെയ്യുന്നു.” ഉണർന്നപ്പോൾ തന്റെ തലയിണയ്ക്കടിയിൽ അയാൾ നാലായിരം ദീനാർ കണ്ടു; പെൺകുട്ടി മരിച്ചുകിടക്കുകയായിരുന്നു.


(ബോർഹസ്സും സിൽവിനാ ഒക്കാമ്പോയും കൂടി എഡിറ്റു ചെയ്ത The Book of Fantasy എന്ന പുസ്തകത്തിൽ നിന്ന്. )


link to image


അഡോണിസ് - അഭിലാഷങ്ങൾ


ജലമായിരുന്നു ഞാനെങ്കിൽ, ഖരമായതിനെയൊക്കെയും ഞാൻ തുളച്ചുകയറിയേനേ.
മണ്ണിനടിയിലേക്കു ഞാൻ തിരഞ്ഞുപോയേനേ.
മഞ്ഞുതുള്ളിയുടേയും മേഘങ്ങളുടെയും ജാതകം ഞാൻ ജീവിച്ചേനേ.

ഞാനൊരു മേഘമായിരുന്നെങ്കിൽ,
വസന്തത്തിൽ ആട്ടിടയന്മാർക്കു മേൽ കൂടി ഞാൻ കടന്നുപോയേനേ,
പ്രണയികൾക്കൊരു തമ്പു പോലെയായേനേ.

ഞാനൊരു പാടമായിരുന്നെങ്കിൽ, ഞാനൊരു വിളവെടുപ്പായേനേ.
കുഴിച്ചിട്ട വിത്തു പോലെ ഞാൻ ഗ്രഹിച്ചേനേ,
ഋതുക്കളുടെ തുടക്കവും തുടർച്ചയും.

ഞാനൊരു മെഴുകുതിരിയായിരുന്നെങ്കിൽ,
കാലത്തിന്റെ ഗമനം ഞാനനുഭവിച്ചേനേ,
പുളിച്ചുപൊന്തുന്ന മാവിൽ...ഒരു കണ്ണുനീർത്തുള്ളിയിൽ.

ഞാൻ സ്വയം നിയന്ത്രിച്ചേനേ,
എന്റെ ആകാശത്തു വരച്ചിട്ടേനേ, ചാരമെന്നും കരിയെന്നുമുള്ള വാക്കുകൾ.
ഞാനെന്നാൽ രക്തവും മാംസവുമാണെന്നതിനാൽ,

ഞാനെന്താണോ അതിനെ ഞാൻ സ്നേഹിക്കുന്നു,
അതിനോടുള്ള എന്റെ സ്നേഹത്തെ ഞാൻ വെറുക്കുന്നു.
ഈ ലോകത്തെ സൃഷ്ടിക്കാൻ മറ്റൊരു വഴി എനിക്കില്ലേ?


 

Saturday, October 6, 2012

എഡ്നാ സെയിന്റ് വിൻസെന്റ് മിലെയ്–രണ്ടു കവിതകൾ

Edna_St._Vincent_Millay

പ്രായമായവൾ


ഞാൻ പ്രാർത്ഥനകളുരുവിട്ടതിതിനോ,
തേങ്ങിയതും ശപിച്ചതും കോണിപ്പടിയിൽ തൊഴിച്ചതുമിതിനോ,
ഒരു പാത്രം പോലൊരു വീട്ടുജന്തുവാകാൻ,
എട്ടരമണിയ്ക്കു കൃത്യം വിളക്കണച്ചുകിടക്കാൻ?


ശലഭം


പൂമ്പാറ്റകൾ, വെള്ളയും നീലയും നിറത്തിൽ,
നാമൊരുമിച്ചിന്നലയുന്ന ഈ വയലിൽ.
നിന്റെ കരം ഗ്രഹിക്കാനൊന്നനുവദിക്കൂ,
മരണം വരുമല്ലോ, ഇന്നല്ലെങ്കിൽ നാളെ.

നാമറിഞ്ഞുവച്ച കാര്യങ്ങളൊന്നൊഴിയാതെ
ആ മുഹൂർത്തത്തിൽ വെറും ചാരമാവും,
അല്പായുസ്സായ ആ പൂമ്പാറ്റയെ നോക്കൂ,
പൂവിൽ നിന്നവൻ ഞാന്നുകിടക്കുന്നതും.

നിന്റെ കരം ഗ്രഹിക്കാനൊന്നനുവദിക്കൂ.
ആകാശത്തുദയമാവുന്ന നേരം വരെ
നിന്നെയോമനിക്കാനൊന്നനുവദിക്കൂ.
ഞാൻ നേരുള്ളവളോ, മറിച്ചോ ആവട്ടെ,
മരണം വരുമല്ലോ, ഇന്നല്ലെങ്കിൽ നാളെ.


എഡ്നാ സെയിന്റ് വിൻസെന്റ് മിലെയ് - എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു...

edna st vincent millay

എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു,
എവിടെ വച്ചെന്തിനെന്നു ഞാൻ മറന്നു; ഞാന്‍ മറന്നു,

പുലരും വരെ ഞാന്‍ തല ചായ്ച കൈത്തണ്ടയേതെന്നും.
ഇന്നത്തെ രാത്രിയിലെന്നാല്‍, പ്രേതങ്ങള്‍ മഴ നനയുന്നു,
ജനാലച്ചില്ലുകളിൽ തട്ടിക്കൊണ്ടവര്‍ നെടുവീർപ്പിടുന്നു,
എന്നിൽ നിന്നൊരു വാക്കിനായവര്‍ കാതോർക്കുന്നു.
എന്റെ നെഞ്ചിനുള്ളിലിന്നൊരു മൌനവേദന കുതറുന്നു,
ഓർമ്മയിൽ നിന്നു ഞാൻ മായ്ചുകളഞ്ഞ മുഖങ്ങൾക്കായി,
കരഞ്ഞും കൊണ്ടെന്നോടു പറ്റിക്കിടന്ന ബാലന്മാര്‍ക്കായി.
മഞ്ഞും മഴയുമേറ്റൊരൊറ്റമരം നിൽക്കുന്നതുമങ്ങനെ-
ഒന്നൊന്നായി പറന്നുമറഞ്ഞ കിളികളേതെന്നതിനറിയില്ല,
എന്നാലതിനറിയാം, തന്റെ ചില്ലകൾ നിശ്ശബ്ദമാണെന്ന്;
വന്നുപോയ പ്രണയങ്ങളേതൊക്കെയെന്നെനിക്കറിയില്ല,
എന്നാലെനിക്കറിയാം, വേനലെന്നിലിരുന്നു പാടിയിരുന്നുവെന്ന്,
ഇന്നതു പാട്ടുകളുമായെന്നിലേക്കു പറന്നെത്താറില്ലെന്നും.




What lips my lips have kissed, and where, and why, 
I have forgotten, and what arms have lain 
Under my head till morning; but the rain 
Is full of ghosts tonight, that tap and sigh 
Upon the glass and listen for reply, 
And in my heart there stirs a quiet pain 
For unremembered lads that not again 
Will turn to me at midnight with a cry. 
Thus in winter stands the lonely tree, 
Nor knows what birds have vanished one by one, 
Yet knows its boughs more silent than before: 
I cannot say what loves have come and gone, 
I only know that summer sang in me 
A little while, that in me sings no more.

എഡ്ന സെയിന്റ് വിൻസെന്റ് മിലേയ് (1892-1950) അമേരിക്കയിലെ റോക്ക്‌ലാന്റിൽ ഫെബ്രുവരി 22നു ജനിച്ചു. വളരെ ചെറുപ്പത്തിലേ സാഹിത്യരംഗത്തെത്തി; 1923ൽ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനവും ലഭിച്ചു. 1920കളിൽ ഗ്രീൻവിച് വിലേജിൽ അവർ നയിച്ച ബൊഹീമിയൻ ജീവിതം കുപ്രസിദ്ധി നേടിക്കൊടുത്തുവെങ്കിലും തീവ്രവൈകാരികത നിറഞ്ഞുനില്ക്കുന്ന ഭാവഗീതങ്ങളും വടിവൊത്ത ഗീതകങ്ങളും ഇന്നും വായനക്കാരുടെ തലമുറകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.



link to Millay



Friday, October 5, 2012

എ. ഇ. ഹൌസ്മാൻ - ഞാൻ നിന്നെ പ്രേമിച്ചിരുന്നപ്പോൾ...

AE-Housman

ഞാൻ നിന്നെ പ്രേമിച്ചിരുന്നപ്പോൾ,
നിർമ്മലനായിരുന്നു ഞാൻ, ധീരനായിരുന്നു;
മൈലുകൾക്കപ്പുറത്തേക്കെന്റെ വിശേഷം വ്യാപിച്ചു,
എത്ര നല്ലതാണെന്റെ പെരുമാറ്റമെന്നും.

ഇന്നാ ഭ്രമം സാവധാനം കടന്നുപോകവെ,
യാതൊന്നുമിനി ശേഷിക്കില്ല;
മൈലുകൾക്കപ്പുറത്തേക്കാളുകളിനി പറഞ്ഞുതുടങ്ങും,
ഞാനെന്റെ തനിപ്രകൃതമായിരിക്കുന്നുവെന്നും.


വെർലേൻ - എന്റെ ദൈവമെന്നോടു പറഞ്ഞു...

c4d0a35415bc1768bf4d2159acf28e91_w600

എന്റെ ദൈവമെന്നോടു പറഞ്ഞു: “മകനേ, നീയെന്നെ സ്നേഹിക്കണം,
തുളഞ്ഞുകേറിയ പാർശ്വം നീ കാണുന്നില്ലേ, ചോര വാലുന്ന ഹൃദയവും,
പൊള്ളുന്ന കണ്ണീരു കൊണ്ടു മഗ്ദലന കഴുകിയ ചതഞ്ഞ കാല്പാദങ്ങളും,
നിന്റെ പാപഭാരമെല്ലാം പേറി കുഴഞ്ഞുതൂങ്ങുന്ന എന്റെ രണ്ടു കൈകളും?

ചോരക്കറ പറ്റിയ കുരിശു നീ കാണുന്നില്ലേ, ആണികളും മലിനവസ്ത്രവും,
എനിക്കു ദാഹിച്ചപ്പോൾ ചുണ്ടുകളിലേക്കുയർത്തിത്തന്ന കയ്പുനീരും,
മാംസം സിംഹാസനമേറിയൊരു ലോകത്തവ നിന്നെ പഠിപ്പിക്കട്ടെ,
എന്റെ മാംസത്തെ, എന്റെ രക്തത്തെ, എന്റെ വചനത്തെ സ്നേഹിക്കാൻ.

പറയൂ, എന്റെ മരണം കൊണ്ടുപോലും നിന്നെ ഞാൻ സ്നേഹിച്ചില്ലേ,
എന്റെ പിതാവിലെനിയ്ക്കു സഹോദരൻ, പരിശുദ്ധാത്മാവിന്റെ പുത്രനേ,
നിനക്കു വേണ്ടി ഞാൻ സഹിച്ചില്ലേ, എഴുതിവച്ചതു പോലെ തന്നെ?

നിനക്കു പ്രാണവേദനയെടുത്തപ്പോൾ ഞാൻ തേങ്ങിക്കരഞ്ഞില്ലേ,
നിന്റെ ഇരുളടഞ്ഞ രാത്രികളിലെ വിയർപ്പു കൊണ്ടു ഞാൻ വിയർത്തില്ലേ,
ശോചനീയനായ സോദരാ, ഞാനുള്ളപ്പോളെന്നെത്തേടിയലയുന്നവനേ?“


Mon Dieu m'a dit: Mon fils, il faut m'aimer. Tu vois
Mon flanc percé, mon coeur qui rayonne et qui saigne,
Et mes pieds offensés que Madeleine baigne
De larmes, et mes bras douloureux sous le poids

De tes péchés, et mes mains! Et tu vois la croix,
Tu vois les clous, le fiel, l'éponge, et tout t'enseigne
A n'aimer, en ce monde amer où la chair règne,
Que ma Chair et mon Sang, ma parole et ma voix.

Ne t'ai-je pas aimé jusqu'à la mort moi-même,
Ô mon frère en mon Père, ô mon Fils en l'Esprit
Et n'ai-je pas souffert, comme c'était écrit?

N'ai-je pas sangloté ton angoisse suprême
Et n'ai-je pas sué la sueur de tes nuits,
Lamentable ami qui me cherches où je suis?

SON, THOU MUST LOVE ME! SEE—" MY SAVIOUR SAID

     "Son, thou must love me! See—" my Saviour said,
     "My heart that glows and bleeds, my wounded side,
     My hurt feet that the Magdalene, wet-eyed,
     Clasps kneeling, and my tortured arms outspread

     "To bear thy sins. Look on the cross, stained red!
     The nails, the sponge, that, all, thy soul shall guide
     To love on earth where flesh thrones in its pride,
     My Body and Blood alone, thy Wine and Bread.

     "Have I not loved thee even unto death,
     O brother mine, son in the Holy Ghost?
     Have I not suffered, as was writ I must,

     "And with thine agony sobbed out my breath?
     Hath not thy nightly sweat bedewed my brow,
     O lamentable friend that seek'st me now?"




link to image


കറ്റലൻ പ്രണയഗാനങ്ങൾ


ജഡം സൂക്ഷിച്ചവൾ


ഏഴു കൊല്ലമെന്റെ പ്രിയന്റെ ജഡം ഞാൻ കാത്തുവച്ചു,
എന്റെ മുറിക്കുള്ളിലവനെ ഞാനൊളിപ്പിച്ചു.
ആണ്ടിലോരോ പെരുന്നാളിനും
ഞാനവന്റെ കുപ്പായം മാറ്റിയിരുന്നു,
പനിനീരും വെള്ളവീഞ്ഞും കൊണ്ടു
ഞാനവന്റെ മുഖം കഴുകിയിരുന്നു.
വെളുവെളുത്ത മാംസമിളകി
അവന്റെ അസ്ഥികൾ വിളറുന്നതു ഞാൻ കണ്ടു.
കഷ്ടമേ, ഞാനെന്തു ചെയ്യാൻ,
സ്വന്തമവമാനവും കൊണ്ടീ ഭാഗ്യഹീന?
അച്ഛനോടു ഞാൻ പറഞ്ഞാൽ
അതെന്റെ കാമുകനെന്നദ്ദേഹം കോപിക്കും.
ഞാനെന്റെ അമ്മയോടു പറഞ്ഞാൽ
എനിക്കു പിന്നെ മനശ്ശാന്തിയുണ്ടാവില്ല.
ഞാനെന്റെ അനുജത്തിയോടു പറഞ്ഞാൽ
അവൾക്കു പ്രണയത്തെക്കുറിച്ചൊന്നുമറിയില്ല.
ഞാനെന്റെ സഹോദരനോടു പറഞ്ഞാൽ
അവനെന്റെ കൊലപാതകിയാവും.
ഞാനൊരു പട്ടാളക്കാരനോടു പറഞ്ഞാൽ
അയാളെന്നെ കോടതിയ്ക്കു മുന്നിലെത്തിക്കും.
അതിലും ഭേദം മിണ്ടാതിരിക്കുക തന്നെ,
നാവിറങ്ങിയപോലെ സഹിച്ചിരിക്കുക തന്നെ.
ഒരിക്കലെന്റെ മട്ടുപ്പാവിൽ നിൽക്കെ
ജനാലയിലൂടൊരു നായാട്ടുകാരനെ ഞാൻ കണ്ടു.
-നായാട്ടുകാരാ, നല്ലവനായ നായാട്ടുകാരാ,
ഞാനൊന്നു പറഞ്ഞാൽ നീയതു കേൾക്കുമോ?
മരണപ്പെട്ടൊരു യുവാവിനെ നീയൊന്നടക്കുമോ?
നിനക്കതിനുള്ള പ്രതിഫലം ഞാൻ നൽകാം,
വെറും  ചെമ്പുതുട്ടല്ല, സ്വർണ്ണവും വെള്ളിയും ഞാൻ തരാം-
ഞാൻ പടവുകളിറങ്ങിച്ചെന്നു,
രണ്ടായിരം ചുംബനങ്ങൾ ഞാനവനു കൊടുത്തു:
-വിട, എന്റെ ജീവിതാനന്ദമേ,
വിട, എന്റെ ആത്മാവിനാനന്ദമേ;
ഇനിയേറെ വൈകില്ല,
നിന്നെ ഞാൻ വന്നുകാണാം.



രണ്ടുപഹാരങ്ങൾ


ഞാനൊരു പെൺകുട്ടിയായിരുന്നപ്പോൾ
എനിക്കൊരുപാടു കാമുകരുണ്ടായിരുന്നു;
ഇന്നു ഞാനതിലും മുതിർന്നിരിയ്ക്കെ,
എനിക്കുള്ളതു രണ്ടുപേർ മാത്രം:
ഒന്നൊരു ചിത്രത്തുന്നലുകാരൻ,
മറ്റേതൊരു നെയ്ത്തുകാരനും.
ഞാനിതെന്തു ചെയ്യാൻ?
ഇരുവർക്കും വേണ്ടെതെന്റെ പ്രണയം.
വസന്തം വരികയായി,
ഒരുപാടു പൂക്കളുമായി,
ജമന്തികളും പനിനീർപ്പൂക്കളുമായി,
നാനാനിറത്തിൽ വയലറ്റുകളുമായി.
ഞാനെന്റെ തോട്ടത്തിലേക്കു ചെല്ലും,
ഒരു പിടി പൂക്കളിറുക്കും,
തുന്നൽക്കാരനു ഞാൻ പൂക്കൾ കൊടുക്കും,
നെയ്ത്തുകാരനെന്റെ പ്രണയവും.
രണ്ടു പേർക്കുമവ വേണ്ടെന്നാണെങ്കിൽ
ദൈവം രണ്ടിന്റെയും ശല്യം തീർക്കട്ടെ.


സ്പെയിനിൽ ബാഴ്സിലോണയിലും കാറ്റലോണിയായിലും സംസാരിച്ചുവരുന്ന ഭാഷയാണ്‌ കറ്റലൻ. പതിനാറാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന കഥാഗാനങ്ങളാണിവ.



link to image


Thursday, October 4, 2012

പോൾ എല്വാദ് - കാമുകി

paul-eluard-par-fernand-leger-1949

എന്റെ കണ്ണിമകൾക്കു മേലവൾ നിൽക്കുന്നു,
എന്റെ മുടിയിലവളുടെ മുടി പിണയുന്നു,
അവളുടെയുടലെന്റെ കൈകളുടെ വടിവിൽ,
എന്റെ കണ്ണുകളുടെ നിറത്തിൽ.
എന്റെ നിഴലിലവളലിഞ്ഞുചേരുന്നു,
മാനത്തേക്കെറിഞ്ഞ കല്ലു പോലെ.

കണ്ണുകളേതുനേരവും തുറന്നിട്ടാണവൾ,
എന്നെയുറങ്ങാൻ വിടുകയുമില്ലവൾ.
പകൽവെട്ടത്തിലവൾ സ്വപ്നം കാണുമ്പോൾ
സൂര്യന്മാരതിലാവിയായിപ്പോവുന്നു.
അവളെന്നെ ചിരിപ്പിക്കുന്നു, കരയിക്കുന്നു,
മിണ്ടാനൊന്നുമില്ലെങ്കിലുമെന്നെക്കൊണ്ടു മിണ്ടിക്കുന്നു.


L'AMOUREUSE

Elle est debout sur mes paupières
Et ses cheveux sont dans les miens,
Elle a la forme de mes mains,
Elle a la couleur de mes yeux,
Elle s'engloutit dans mon ombre
Comme une pierre sur le ciel.
Elle a toujours les yeux ouverts
Et ne me laisse pas dormir.
Ses rêves en pleine lumière
Font s'évaporer les soleils
Me font rire, pleurer et rire,
Parler sans avoir rien à dire.

 

Samuel Beckett's translation)


She is standing on my lids
And her hair is in my hair
She has the colour of my eye
She has the body of my hand
In my shade she is engulfed
As a stone against the sky
She will never close her eyes
And she does not let me sleep
And her dreams in the bright day
Make the suns evaporate
And me laugh cry and laugh
Speak when I have nothing to say


link to image


ജോൺ ബോയിൽ ഓ റെയ്‌ലി - ഒരു വെളുത്ത പനിനീർപ്പൂ

-Benczur,_Gyula_-_Young_Girl_with_Roses_(1868)

ചുവന്ന പനിനീർപ്പൂ മന്ത്രിക്കുന്നതു വികാരപാരവശ്യം,
വെളുത്ത പനിനീർപ്പൂ നിശ്വസിക്കുന്നതു പ്രണയം;
ഒരു പ്രാപ്പിടിയനാണു ചുവന്ന പനിനീർപ്പു,
വെളുത്ത പനിനീർപ്പൂ മാടപ്രാവും.

നിനക്കു ഞാനയക്കുന്നതു പക്ഷേ,ഇതൾത്തുമ്പിൽ തുടുപ്പുമായി
പാല്പാടനിറത്തിലൊരു പനിനീർപ്പൂമൊട്ടിനെ;
അതിനിർമ്മലവും അതിമധുരവുമായ പ്രണയത്തിനുണ്ടല്ലോ,
അതിന്റെ ചുണ്ടുകളിൽ തൃഷ്ണയുടെ ചുംബനം.



link to image


Wednesday, October 3, 2012

വിക്റ്റോർ യുഗോ - ഒരുവൾ


ചക്രവർത്തിയായിരുന്നുങ്കിൽ ഞാനടിയറവയ്ക്കുമായിരുന്നു,
എന്റെ സാമ്രാജ്യവു,മെന്റെ ചെങ്കോലു,മെന്റെ പൊൻകിരീടവും,
എന്റെ സ്വർണ്ണരഥവു,മെനിക്കു മുന്നിൽ മുട്ടുകുത്തുന്ന പ്രജകളെയും,
ഒരു കടൽ കവിഞ്ഞുപരക്കുന്നത്രയ്ക്കസംഖ്യമായ നൌകകളും,
നിന്നിൽ നിന്നൊരേയൊരു കടാക്ഷത്തിനായി.

ദൈവമായിരുന്നു ഞാനെങ്കിൽ ഭൂമിയുമാകാശവുമഗാധസമുദ്രവും,
മാലാഖമാരെയു,മെന്റെ ശാസനത്തിനു തലകുനിച്ച പിശാചുക്കളെയും,
ഭൂഗർഭത്തിൽ സ്വർണ്ണച്ചുമരുകൾക്കുള്ളിലെരിയുന്ന ഖനിജങ്ങളും,
നിത്യതയും സ്ഥലരാശിയുമാകാശവും ഗ്രഹങ്ങളും നക്ഷത്രങ്ങളും,
നിന്നിൽ നിന്നൊരേയൊരു ചുംബനത്തിനായി.


File:Victor Hugo Signature.svg

വില്യം ഷേക്സ്പിയർ - ഒരു വേനലിൻ പകലിനോടു നിന്നെ ഞാനുപമിച്ചാലോ...





ഒരു വേനലിൻ പകലിനോടു നിന്നെ ഞാനുപമിച്ചാലോ?
അതിലും മനോഹരിയാണു നീ, അതുപോലെ ചപലയുമല്ല:
തെമ്മാടിക്കാറ്റുലച്ചുവീഴ്ത്തിയെന്നാവാം മേയ്മാസമുകുളങ്ങളെ,
വേനലിന്റെ ജീവിതാവധിയോ, അത്ര കുറഞ്ഞൊരു കാലവും:
ചിലനേരമാകാശത്തിന്റെ കണ്ണെരിയുന്നതു തീക്ഷ്ണമായി,
പലപ്പോഴുമതിന്റെ സ്വർണ്ണവർണ്ണം മങ്ങിമാഞ്ഞും പോകുന്നു;
സുന്ദരമായതിന്റെ  സൌന്ദര്യം നഷ്ടമാവുക തന്നെ വേണം,
ഭാഗ്യവിപര്യയത്താൽ, ഇനിയഥവാ,  പ്രകൃതിനിശ്ചയത്താൽ;
നിന്റെ നിത്യഗ്രീഷ്മം പക്ഷേ, മാഞ്ഞുപോവുകയെന്നതില്ല,
നിനക്കവകാശമായ സൌന്ദര്യം നിനക്കു നഷ്ടമാവുകയില്ല,
തന്റെ നിഴലത്താണു നിന്റെ നടപ്പെന്നു മരണം ഗർവ്വിക്കുകയുമില്ല,
എന്റെ കവിതയുടെ നിത്യതയിൽ ചിരായുസ്സാണു നീയെന്നതിനാൽ;
     മനുഷ്യരിൽ പ്രാണനോടുന്ന കാലം, കണ്ണുകൾ കാണുന്ന കാലം,
     അത്രകാലമീ കവിത ജീവിക്കും, ഈ കവിതയിൽ നീ ജീവിക്കും.
(ഗീതകം 18)

Shall I compare thee to a summer's day?
Thou art more lovely and more temperate;
Rough winds do shake the darling buds of May,
And summer's lease hath all too short a date;
Sometime too hot the eye of heaven shines,
And often is his gold complexion dimm'd;
And every fair from fair sometime declines,
By chance or nature's changing course untrimm'd;
But thy eternal summer shall not fade,
Nor lose possession of that fair thou ow'st;
Nor shall Death brag thou wander'st in his shade,
When in eternal lines to time thou grow'st:
So long as men can breathe or eyes can see,
So long lives this, and this gives life to thee.



Tuesday, October 2, 2012

ഫ്രൌ ആവാ - ഞാൻ നിന്റെ...



വരൻ:

നിന്റെ കണ്ണുകളിൽ ഞാനെന്റെ വീടു കണ്ടു,
നിന്റെ ഹൃദയത്തിൽ ഞാനെന്റെ പ്രണയം കണ്ടു,
നിന്റെ ആത്മാവിൽ ഞാനെന്റെ ഇണയെക്കണ്ടു,
നിന്റെയൊപ്പം പൂർണ്ണനാണു ഞാൻ, നിറഞ്ഞവനാണു ഞാൻ.
നീയെന്നെ ചിരിപ്പിക്കുന്നു, നീയെന്നെ കരയിക്കുന്നു.
നീയെന്റെ പ്രാണൻ, എന്റെ ഹൃദയസ്പന്ദനമോരോന്നും.

ഞാൻ നിന്റെ,
നീയെന്റെ.
അതു നമുക്കു തീർച്ച.
എന്റെ നെഞ്ചിനുള്ളിൽ
നീ കുടിയേറിയിരിക്കുന്നു,
അതിന്റെ താക്കോൽ
കാണാതെയും പോയിരിക്കുന്നു.
ഇനി നീ അവിടെത്തന്നെ,
എന്നെന്നും.


വധു:

നീ എന്റെ പ്രചോദനം, എന്റെ ആത്മാവിനഗ്നി.
എന്റെ കണ്ണുകൾക്കിന്ദ്രജാലം നീ.
ചിരിക്കാൻ എനിക്കു നീ തുണ, പ്രണയത്തിനു ഗുരു.
എന്റെ ഗാനം പാടാൻ നീയെന്നെ തുറന്നുവിടുന്നു,
എനിക്കൊരു വിസ്മയം നീ,
ഓരോ നാളും നിന്നെ ഞാൻ കണ്ടെത്തുന്നു.
എനിക്കു കിട്ടിയ മഹാനുഗ്രഹം നീ.

ഞാൻ നിന്റെ,
നീയെന്റെ.
അതു നമുക്കു തീർച്ച.
എന്റെ നെഞ്ചിനുള്ളിൽ
നീ കുടിയേറിയിരിക്കുന്നു,
അതിന്റെ താക്കോൽ
കാണാതെയും പോയിരിക്കുന്നു.
ഇനി നീ അവിടെത്തന്നെ,
എന്നെന്നും.



ഫ്രൌ ആവ (1060-1127)- ജർമ്മൻ ഭാഷയിലെ ആദ്യത്തെ കവയിത്രി.


ജാപ്പനീസ് കവിത–പ്രാചീനകാലം - 7


മലകളിലിലകൾ തളിരിടും കാലം മുതൽ
പഴുക്കിലകളായവ കൊഴിയുന്ന കാലം വരെ
നിന്നോടൊത്തു കിടക്കണമെന്നു ഞാൻ പറഞ്ഞാൽ
നിനക്കെന്നോടെന്തു തോന്നും?

-മന്യോഷു


വീട്ടിനുള്ളിലിരുളിൽത്തന്നെ
നാമിരിക്കണോ,
പുറത്തു പുല്പരപ്പിൽ
നിലാവു വീണുതിളങ്ങുമ്പോൾ?

-മന്യോഷു


മലയിൽ
മുളയിലകളുരുമ്മുമ്പോൾ
ഞാനോർക്കുന്ന-
തിങ്ങില്ലാത്തൊരുവളെ.


*

പഴുക്കിലകൾ വീണുമറഞ്ഞു,
ശരൽക്കാലത്തെ മലമ്പാതകൾ;
ഞാനവളെ എങ്ങനെ കണ്ടെത്താൻ,
ഞാനറിയാത്ത വഴികളിലലയുന്നവളെ?


*

വീട്ടിനുള്ളിൽ ഞാനിരിക്കുന്നു
നമ്മുടെ മുറിയിൽ
നമ്മുടെ കിടക്കയിൽ
നിന്റെ മെത്തയും നോക്കി.


*
എന്റെ കാമുകനെക്കാത്തു
ഞാനിരുന്നു;
ആകാശഗംഗയിൽ
തുഴ വീഴുന്നതു കേട്ടും.

-കാക്കിനോമോട്ടൊ നോ ഹിതോമാരോ


പെസ്സൊവ - അമിതമായി തെളിഞ്ഞൊരു പകൽ...


അമിതമായി തെളിഞ്ഞൊരു പകൽ,
തലേന്നു വേണ്ടത്ര പണിയെടുത്തതിനാൽ
ഇന്നു പണിയൊന്നും ചെയ്യാൻ ശേഷിക്കില്ലെന്നു മോഹിക്കാൻ 
നിങ്ങൾക്കു തോന്നുന്നൊരു പകൽ,
മരങ്ങൾക്കിടയിലൂടൊരു പാത പോലെ

ഒരു മിന്നായം ഞാൻ കണ്ടു,
മഹാരഹസ്യമാകാവുന്നതൊന്ന്,
കപടകവികൾ വാ തോരാതെ പറയുന്ന
ആ മഹാനിഗൂഢത.

പ്രകൃതി എന്നൊന്നില്ലെന്നു ഞാൻ കണ്ടു,
പ്രകൃതി എന്നതില്ലെന്ന്,
കുന്നുകളും തടങ്ങളും സമതലങ്ങളുമാണുള്ളതെന്ന്,
മരങ്ങളും പൂക്കളും പുല്ലുകളുമാണുള്ളതെന്ന്,
പുഴകളും കല്ലുകളുമാണുള്ളതെന്ന്,
ഇവയെല്ലാം ചേർന്നൊരു സാകല്യമില്ലെന്നും
യഥാർത്ഥവും സത്യവുമായൊരു പൂർണ്ണത
നമ്മുടെ മനസ്സിന്റെ ഒരു രോഗമാണെന്നും.

പ്രകൃതി എന്നാൽ അംശങ്ങൾഅൺ‌, പൂർണ്ണമായിട്ടൊന്നുമില്ല;
അതു തന്നെയാവാം അവർ പറയുന്ന നിഗൂഢതയും.

ചിന്തിക്കാതെ തന്നെ ഞാൻ കണ്ടെത്തിയതിതായിരുന്നു,
ഇതു തന്നെയാവണം സത്യവും,
അതിനെ തേടിപ്പോകുന്നവൻ അതിനെ കണ്ടെത്തുന്നില്ലെന്ന്,
ഞാനതിനെ കണ്ടെത്തിയത് ഞാനതിനെ തേടിപ്പോവാത്തതിനാലാണെന്നും.



(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)

Monday, October 1, 2012

അസ്ട്രിഡ് ആൻഡേഴ്സെൻ - സൂര്യനസ്തമിക്കും മുമ്പേ...

62556_10151053371503525_1988557355_n

സൂര്യനസ്തമിക്കും മുമ്പേ

നിന്റെ കൈകളിൽ
എന്റെ കൈ ഞാനർപ്പിക്കും
വെള്ളച്ചൂരൽ മെടഞ്ഞ കൂടയിൽ
ഒരു കാട്ടുപൂവു പോലെ

പിന്നെ ധീരയായി
ആർദ്രയായി ലജ്ജിതയായി
നിന്നെ ഞാൻ വലയം ചെയ്യും
രാവും പകലുമായ മരങ്ങളെ
രാവും പകലുമെന്നപോലെ

എന്റെ ചുംബനങ്ങൾ ജീവിയ്ക്കും
നിന്റെ ചുമലിൽ കിളികളെപ്പോലെ


അസ്ട്രിഡ് ആൻഡേഴ്സെൻ (1915-1985)- നോർവീജിയൻ കവയിത്രി


ഷാങ്ങ് കോക്തോ - മരണത്തിന്റെ നോട്ടം

tumblr_luw0s2jl3G1qzdvhio1_r4_500

ചെറുപ്പക്കാരനായ ഒരു പേഴ്സ്യൻ തോട്ടക്കാരൻ രാജാവിനോടായി ഇങ്ങനെ പറഞ്ഞു:
“രക്ഷിക്കണേ! ഇന്നു രാവിലെ തോട്ടത്തിൽ വച്ചു ഞാൻ മരണത്തെ കണ്ടു; അവനെന്നെ പേടിപ്പിക്കുന്നൊരു നോട്ടം നോക്കി. ഇന്നു രാത്രി തന്നെ വല്ല വിധേനയും അങ്ങു ദൂരെ ഇസ്ഫഹാനിലെത്തിയാൽ മതിയായിരുന്നു.”

രാജാവ് അയാൾക്ക് തന്റെ ഏറ്റവും വേഗതയുള്ള കുതിരയെ വിട്ടുകൊടുത്തു.

അന്നുച്ച തിരിഞ്ഞ് തോട്ടത്തിൽ ഉലാത്തുമ്പോൾ രാജാവു നേരേ മുന്നിൽ മരണത്തെ  കണ്ടു. “അങ്ങെന്തിനാണ്‌ ഇന്നു രാവിലെ എന്റെ തോട്ടക്കാരനെ നോക്കിപ്പേടിപ്പിച്ചത്?” രാജാവു ചോദിച്ചു.

“ഞാൻ അയാളെ പേടിപ്പിച്ചതൊന്നുമല്ല; ഞാൻ അത്ഭുതപ്പെട്ടു നോക്കിയതാണ്‌,” മരണം പറഞ്ഞു. “ഇന്നു രാത്രിയിൽ ഇസ്ഫഹാനിൽ വച്ച് എന്റെ പിടിയിലാവേണ്ടയാളെ രാവിലെ ഇവിടെ കണ്ടപ്പോൾ ഞാനൊന്നത്ഭുതപ്പെട്ടുവെന്നേയുള്ളു.”


link to image


അബ്രാഹം റെയ്സെൻ - എട്ടു പേരുടെ കുടുംബം

abraham reisen

എട്ടുപേരുടെ കുടുംബം.
കിടക്കകൾ ആകെ രണ്ട്.
രാത്രിയാവുമ്പോൾ,
എന്തു ചെയ്യുമവർ?

അച്ഛനോടൊപ്പം മൂന്നുപേർ,
അമ്മയോടൊപ്പം മൂന്നു പേർ:
ഒരാളുടെ കൈകാലുകൾ
അന്യന്റെ മേലായി.

രാത്രിയാവുമ്പോൾ,
കിടക്കാനൊരുങ്ങുമ്പോൾ,
അമ്മയ്ക്കാശ തോന്നുന്നു,
താൻ മരിച്ചിരുന്നുവെങ്കിലെന്ന്.

വിശ്രമിക്കാനായി
തനിയ്ക്കായൊരിടം.
ഇടുങ്ങിയതാണത്-
എന്നാൽ താനൊറ്റയ്ക്കാണവിടെ.



അബ്രാഹം റെയ്സെൻ (1876-1953) - യിദ്ദിഷ് കവിയും പത്രപ്രവർത്തകനും. ബെലോറഷ്യയിലെ മിൻസ്കിൽ ജനിച്ചു.