Monday, October 22, 2012

ഫെർണാണ്ടോ പെസ്സൊവ - എന്ത്? ഒരു പൂവിനെക്കാൾ മൂല്യം കൂടുമെനിക്കെന്നോ…


എന്ത്? ഒരു പൂവിനെക്കാൾ മൂല്യം കൂടുമെനിക്കെന്നോ,
അതിനു നിറമുണ്ടെന്നതിനറിയില്ല, എനിക്കതറിയുമെന്നതിനാൽ,
അതിനു മണമുണ്ടെന്നതിനറിയില്ല, എനിക്കതറിയുമെന്നതിനാൽ,
അതിനെന്നെക്കുറിച്ചു ബോധമില്ല, എനിക്കതിനെക്കുറിച്ചു ബോധമുണ്ടെന്നതിനാലും?
പക്ഷേ ഒന്നിനു മറ്റൊന്നുമായിട്ടെന്തിരിക്കുന്നു,
ഒന്നു മറ്റൊന്നിനെക്കാൾ ഉയർന്നതോ താഴ്ന്നതോ ആവാൻ?
എനിക്കു ചെടിയെക്കുറിച്ചുള്ള ബോധമുണ്ട്, അതിനെന്നെക്കുറിച്ചൊരു ബോധവുമില്ല.
എന്നാൽ ബോധമുണ്ടായിരിക്കുക എന്നതാണു ബോധത്തിന്റെ രൂപമെങ്കിൽ, അതിലെന്തിരിക്കുന്നു?
ചെടിയ്ക്കു സംസാരശേഷിയുണ്ടെങ്കിൽ അതെന്നോടു ചോദിച്ചുവെന്നു വരാം: നിങ്ങളുടെ മണമെവിടെ?
അതെന്നോടു പറഞ്ഞുവെന്നു വരാം: നിങ്ങൾക്കു ബോധമുണ്ടെങ്കിൽ അതൊരു മാനുഷികഗുണമാണെന്നതിനാൽ.
എനിക്കതില്ലാത്തതു ഞാനൊരു പൂവായതിനാൽ. അല്ലെങ്കിൽ ഞാനൊരു മനുഷ്യനായേനെ.
എനിക്കു മണമുണ്ടായതും, നിങ്ങൾക്കതില്ലാത്തതും ഞാനൊരു പൂവായതിനാൽ...

അല്ല, ഞാനെന്തിനെന്നെ ഒരു പൂവുമായി താരതമ്യം ചെയ്യണം, ഞാൻ ഞാനാണെങ്കിൽ,
പൂവ് പൂവുമാണെങ്കിൽ?

ഹാ, നാമൊന്നിനെ മറ്റൊന്നിനോടു താരതമ്യം ചെയ്യാതിരിക്കുക, നാമതിനെ നോക്കുകമാത്രം ചെയ്യുക.
വിശകലനത്തെ, രൂപകങ്ങളെ, ഉപമകളെ നാം വിട്ടുകളയുക.
ഒന്നിനെ മറ്റൊന്നിനോടു താരതമ്യം ചെയ്യുക എന്നാൽ അതിനെ മറക്കുക എന്നുതന്നെ.
ഒന്നിൽ നാം ശ്രദ്ധ വയ്ക്കുകയാണെങ്കിൽ അതു നമ്മെ മറ്റൊന്നിനെക്കുറിച്ചോർമ്മപ്പെടുത്തുകയേയില്ല.
ഓരോന്നും നമ്മെ ഓർമ്മപ്പെടുത്തുന്നത് അതായതിനെ,
അതായതെന്നാൽ മറ്റൊന്നല്ലാത്തത്.
അതതാണെന്ന വസ്തുത തന്നെ അതിനെ മറ്റേതിൽ നിന്നും വേർതിരിക്കുന്നതും.
(ഒന്നും ഒന്നുമല്ല, അതല്ലാത്ത മറ്റൊന്നില്ലെങ്കിൽ.)


(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)


link to image


No comments: