Sunday, October 31, 2010

ഉപസംഹാരം-1

കണ്ടിരിക്കുന്നു ഞാൻ മെലിഞ്ഞുതേയുന്ന മുഖങ്ങളെ,
കൺപോളകൾക്കടിയിൽ നിന്നൊളിഞ്ഞുനോക്കുന്ന ഭീതിയെ,
കുഴിഞ്ഞ കവിളുകളുടെ നരച്ച പനയോലകളിൽ
യാതനയുടെ നാരായം വരയുന്ന കോണെഴുത്തുകളെ.
കണ്ടിരിക്കുന്നു ഞാൻ കാക്കക്കറുപ്പിന്റെ മുടിയിഴകൾ
ഒറ്റരാത്രി പുലരുമ്പോളാകെ നരയ്ക്കുന്നതും.
കണ്ടു ഞാൻ കീഴടങ്ങുന്ന ചുണ്ടുകളിൽ പുഞ്ചിരി മായുന്നതും ,
പൊള്ളയായ പൊട്ടിച്ചിരിയിൽ പേടിയുടെ വിറ പടരുന്നതും.
പ്രാർത്ഥിക്കട്ടെ ഞാൻ- ഏകാകിനിയെനിക്കായി മാത്രമല്ല,
മജ്ജ മരയ്ക്കുന്ന തണുപ്പിൽ, വേനലിന്റെ കൊടുംചൂടിൽ,
ചോരനിറത്തിലുയർന്ന തടവറയുടെ അന്ധമായ ചുമരിനരികിൽ
എന്നോടൊരുമിച്ചന്നാളിൽ വരിയിട്ടു നിന്ന സകലർക്കുമായി.


ചരമഗീതത്തില്‍ നിന്ന്‍


സാഫോ-3

File:Pompei - Sappho - MAN.jpg


***

ഉയർന്നിട്ടാകട്ടെ പന്തൽ,
പണിക്കാരേ!
ആരിലുമുയരമുള്ളവൻ,
വരാനുള്ളവൻ,
വരൻ!


***


സ്വപ്നത്തിലെന്റെ കവിളുരുമ്മിയല്ലോ
ഒരു പട്ടുതൂവാലയുടെ മടക്കുകൾ:
ദൂരേ, ദൂരേ നിന്നും
എനിക്കു കിട്ടിയ കാതരോപഹാരം.


***


അമ്മമാരുടെ മടിയിലേക്കു കുതിയ്ക്കുന്നു
കാടു കാട്ടിനടന്ന കുട്ടികൾ,
ആടുകളാലയിലേക്കു മടങ്ങുന്നു,
അന്തിച്ചുവപ്പിലൂടെ ചിറകുകൾ കൂടണയുന്നു:
പ്രഭാതം ചിതറിച്ചതൊക്കെയും
അന്തിനക്ഷത്രമേ, നീ തടുത്തുകൂട്ടുന്നു.


***


മൃദുലേ,യകലെനിന്നു
നോക്കിനിന്നു ഞാൻ നിന്നെ,
പാടിയും പൂവു നുള്ളിയും
പൂക്കളിൽ വ്യാപരിക്കുന്ന നിന്നെ.

പൊന്നിലും പൊന്നാണു
നിന്റെ മുടിയിഴകൾ,
നിന്റെ ഗാനത്തിനെതിരല്ല
കിന്നരത്തിന്റെ സ്വരവും.


***


തിന്മ തന്നെ മരണം,
ദേവകളതിനു പ്രമാണം.
മരിക്കുക നന്നെങ്കിൽ
ദേവകളിരിക്കുമോ?


***


എന്റെയീ രണ്ടു കൈകൾ കൊണ്ട്
മാനത്തെയെത്തിപ്പിടിക്കാനായില്ല ഞാൻ.

***


ഇനിയും നിന്നോടു പറയണോ, ക്ളെയ്സ്,
വിലാപത്തിന്റെ ശബ്ദങ്ങളുചിതമല്ല
കവിയായിട്ടൊരാൾ ജീവിച്ച വീട്ടിലെന്ന്?
നമ്മുടെ നിലയ്ക്കതു ചേരില്ലെന്നും?

(മരണക്കിടക്കയിൽ കിടന്നുകൊണ്ട് മകളെ വിളിച്ചു പറഞ്ഞത്)


സാഫോയുടെ ചിത്രം പോമ്പിയുടെ ചുമരില്‍ നിന്ന്‍


നെരൂദ-ഋതുക്കൾ


File:Leersum.jpg

ശരത്കാലത്തു പോപ്ളാർ മരങ്ങളിൽ നിന്നു
പൊഴിഞ്ഞുവീഴുന്നു ശരങ്ങൾ;
പതുപതുത്തൊരു പരവതാനിയിലേക്കാഴ്ന്നുപോകുന്നു
ചുവടുകൾ;
ഉറക്കം ഞെട്ടിയ ഇലകളുടെ കുളിർമ്മയോ,
കട്ടിപ്പൊന്നിന്റെ ഉറവ പോലെ;
മാനത്തിനടിയിൽ നിരന്നുകത്തുന്ന വിളക്കുകളിൽ
ഒരു വിഭ്രാന്തജാജ്ജ്വല്യം;
വ്യാഘ്രമതിന്റെ നഖങ്ങൾക്കിടയിലറിയുന്നു
ഒരു തുള്ളി ജീവന്റെ തുടിപ്പും.


Saturday, October 30, 2010

അന്നാ ആഹ് മാത്തോവാ-എന്റെ മുറിയിൽ കുടിപാർക്കുന്നുണ്ടൊരു സർപ്പം...






എന്റെ മുറിയിൽ കുടിപാർക്കുന്നുണ്ടൊരു സർപ്പം,
കൃഷ്ണവർണ്ണത്തിലൊരു സുന്ദരസർപ്പം...
എന്നെപ്പോലലസ, ഉൾവലിഞ്ഞവൾ,
എന്നെപ്പോലെതന്നെ തണുത്തവൾ.
രാത്രിയിൽ ഞാനെഴുതാനിരിക്കുമ്പോൾ
എന്റെയരികത്തുണ്ടാവുമവൾ,
എന്നെത്തന്നെ നോക്കിയിരിക്കുന്നു നിർവികാരനേത്രങ്ങൾ,
രാത്രിയിലെരിയുന്ന മരതകക്കല്ലുകൾ:.
ഇരുട്ടത്തു ഞാനാവലാതിപ്പെട്ടു കരയുമ്പോൾ
ഒരുത്തരവും നല്കില്ല വിശുദ്ധന്മാരുടെ ചിത്രങ്ങൾ...
ഈ സർപ്പക്കണ്ണുകളുണ്ടായിരുന്നില്ലെങ്കിൽ
എന്‍റെ പ്രാര്‍ത്ഥനകള്‍ മറ്റൊന്നായെനേ.
പിന്നെ പ്രഭാതത്തിൽ ഞാൻ തളരുമ്പോൾ,
ഒരു മെഴുകുതിരി പോലെ ഞാനുരുകി മെലിയുമ്പോൾ,
എന്റെ തോളിൽ നിന്നൂർന്നിറങ്ങിപ്പോകുന്നു
കറുത്ത നിറത്തിലൊരു നാട.







Friday, October 29, 2010

അന്നാ ആഹ് മാത്തോവാ - രണ്ടു കവിതകള്‍



***


മുമ്പേ പറയട്ടെ ഞാന്‍ -
ഇതെനിക്കന്ത്യജീവിതം.
കുരുവിയായി, മേപ്പിൾമരമായി,
ഈറത്തണ്ടായി, നക്ഷത്രമായി,
ഉറവനീരായി, മണിമേടയിലെ മുഴക്കമായി-
നിങ്ങൾക്കൊരു ശല്യമായി മടങ്ങില്ല ഞാൻ,
വിലാപവും കൊണ്ടന്യരുടെ സ്വപ്നങ്ങളിൽ
കാലെടുത്തുവയ്ക്കുകയുമില്ല ഞാൻ.


***


ആളുകൾ മരിക്കുമ്പോൾ
അവരുടെ ചിത്രങ്ങളും മാറുന്നു,
കണ്ണുകളിലെ നോട്ടം വേറൊന്ന്,
ചുണ്ടുകളിലെ പുഞ്ചിരിയും വേറൊന്ന്.
ഞാനിതാദ്യമറിയുന്നത്
ഒരു കവിയുടെ മരണം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ.
പിന്നെ പലപ്പോഴും ഞാനിതു ശ്രദ്ധിച്ചിരിക്കുന്നു,
എന്റെ ഊഹം ശരിയുമായിരുന്നു.


Thursday, October 28, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് -പറുദീസയിൽ നിന്നുള്ള വർത്തമാനം


പറുദീസയിൽ ജോലിസമയം ആഴ്ചയിൽ മുപ്പതു മണിക്കൂറെന്നു ക്ളിപ്തപ്പെടുത്തിയിരിക്കുന്നു
ശമ്പളത്തോതുയർന്നതാണ്‌ വിലനിലവാരം താഴ്ന്നുവരികയുമാണ്‌
കായികാധ്വാനം തളർത്തുന്നതല്ല (ഗുരുത്വാകർഷണം കുറവായതിനാൽ)
മരം വെട്ടുക എന്നാൽ ടൈപ്പു ചെയ്യുന്നപോലെയേയുള്ളു
സുസ്ഥിരമാണു വ്യവസ്ഥിതി അധികാരികൾ ബുദ്ധിയുള്ളവരും
ഇനിയേതു നാട്ടിലേക്കാളും സുഖമായി ജീവിക്കാം പറുദീസയിലെന്നു പറയാതെവയ്യ

തുടക്കം മറ്റൊരു വിധത്തിലാവാൻ പോയതാണ്‌
പ്രകാശപരിവേഷങ്ങൾ ഗായകസംഘങ്ങൾ അമൂർത്തതയുടെ തട്ടുകൾ
പക്ഷേ ആത്മാവിനെ മാംസത്തിൽ നിന്നു കൃത്യമായി വേർപെടുത്താൻ കഴിയാതെപോയി
അതിനാൽ ഒരു തുള്ളി കൊഴുപ്പും ഒരിഴ മാംസപേശിയും വലിച്ചിഴച്ചാണ്‌ അതിവിടെയെത്തുന്നത്
നിഗമനത്തിലെത്താതെയും  പറ്റില്ലല്ലോ
ശുദ്ധസത്തയുടെ ഒരു തരിയെ ഒരു കളിമൺതരിയുമായി കലർത്തേണ്ടതായി വന്നു
സിദ്ധാന്തത്തിൽ നിന്നു മറ്റൊരു വ്യതിയാനം അവസാനത്തെ വ്യതിയാനം
അതു മുൻകൂട്ടിക്കണ്ടതു യോഹന്നാൻ മാത്രം: നിങ്ങൾ മാംസത്തിൽ ഉയിർപ്പിക്കപ്പെടും

ദൈവത്തെ കണ്ടവർ അങ്ങനെയാരുമില്ല
നൂറു ശതമാനം ആത്മാവായവർക്കു മാത്രമുള്ളതാണവൻ
ശേഷം പേർക്ക് ദിവ്യാത്ഭുതങ്ങളെയും പ്രളയങ്ങളെയും കുറിച്ചുള്ള വിജ്ഞാപനങ്ങൾ കേൾക്കാമെന്നു മാത്രം
ഒരു ദിവസം എല്ലാവരും ദൈവത്തെ കാണും
അതെന്നു നടക്കുമെന്ന് ആർക്കുമറിയില്ല
ഇപ്പോഴെങ്ങനെയാണെന്നാൽ
എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് സൈറണുകൾ മധുരമായി അമറുന്നു
സ്വർഗ്ഗത്തിലെ തൊഴിലാളർ പണിശാലകൾ വിട്ടിറങ്ങുന്നു
അവലക്ഷണമേ, കൈക്കൂട്ടിലവർ വയലിൻ പോലെ ചിറകും കൊണ്ടുനടക്കുന്നു

അന്നാ ആഹ് മാത്തോവാ- രണ്ടു കവിതകള്‍

 


കാവ്യദേവത


രാത്രിയിലവളുടെ കാലൊച്ചയ്ക്കായി കാതോർത്തിരിക്കുമ്പോൾ
ഒരു നൂലിഴയിൽ തൂങ്ങിനില്ക്കുകയാണെനിക്കു ജീവിതം.
കൈകളിൽ പുല്ലാംകുഴലുമായതിഥിയെത്തുമ്പോൾ
എന്തിനു മഹത്വം, യുവത്വം, സ്വാതന്ത്ര്യവും?

അവൾ വരുന്നു. മുഖപടമൂരിയെറിയുന്നു.
സാകൂതമവളെന്നെയുറ്റുനോക്കുമ്പോൾ ചോദിച്ചു ഞാൻ:
ദാന്തേയ്ക്കു നരകം കാട്ടിക്കൊടുത്തതു നീയോ?
ഞാൻ തന്നെ: അവൾ പറയുന്നു.


നേർവഴി പോകുനൊരാൾ...


നേർവഴി പോകുന്നൊരാൾ,
വൃത്തത്തിലലയുകയാണിനിയൊരാൾ:
പോയൊരു കാലം തന്റേതായിരുന്നവളെ
കാത്തുനിൽക്കുകയാണൊരാൾ,
വീട്ടിലേക്കു മടങ്ങുകയാണു മറ്റൊരാൾ.

ഞാൻ പോകുന്ന വഴിയോ, കഷ്ടം,
നേരേയല്ല, വളഞ്ഞുമല്ല,
ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,
പാളം തെറ്റിയ തീവണ്ടി പോലെ.

Wednesday, October 27, 2010

റില്‍ക്കെ-അവസാനത്തെ അത്താഴം


File:Leonardo da Vinci (1452-1519) - The Last Supper (1495-1498).jpg

പകച്ചും മനം ഭ്രമിച്ചും
അവനെച്ചൂഴ്ന്നിരിക്കുകയാണവർ,
അവനോ, ധ്യാനലീനൻ,
തന്നിൽത്തന്നെയടങ്ങിയവൻ.
ഒരുകാലം തന്നെ സ്വന്തമാക്കിയവർ,
അവർക്കു മുന്നിലൂടൊഴുകിമാറുകയാണവൻ.
പ്രാചീനമായൊരേകാന്തത നിറയുകയാണവനിൽ;
അതിൽ നിന്നത്രേ,
സ്നേഹത്തിന്റെ മഹിതാനുഷ്ഠാനങ്ങൾ അവൻ പഠിച്ചതും.
ഒലീവുമരങ്ങൾക്കിടയിൽ പിന്നെ നടക്കാനിറങ്ങുമവൻ,
അവനെ സ്നേഹിച്ചിരുന്നവരോ,
അവനെ വിട്ടു പായും.

അവസാനത്തെ അത്താഴത്തിനായി
അവരെ വരുത്തിയതാണവൻ;
അവന്റെ വചനം കേട്ടു ഞെട്ടിപ്പിന്മാറുകയാണു പക്ഷേ,
അപ്പത്തളികയിലേക്കു നീളുന്ന കൈകൾ;
വെടിമുഴക്കം കേൾക്കുമ്പോൾ
മരത്തലപ്പിൽ നിന്നു കിളികൾ ചിതറുന്നതുമതുപോലെ.
അവന്റെ നേർക്കു പാഞ്ഞെത്തുകയാണവർ;
അത്താഴമേശയ്ക്കു ചുറ്റും വിരണ്ടുപറക്കുകയാണവർ,
രക്ഷപ്പെടാനൊരു പഴുതു നോക്കുകയാണവർ.
എന്നാലെവിടെയുമുണ്ടവൻ,
അസ്തമയം പോലെ സര്‍വ്വവ്യാപി.


(മിലാൻ-1904- ദാ വിഞ്ചിയുടെ “അവസാനത്തെ അത്താഴം” കണ്ടതിനു ശേഷം)


Tuesday, October 26, 2010

റില്‍ക്കെ-ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ



ദൈവത്തെ പെറുക്കിയെടുക്കൽ


കവികൾ ചിതറിച്ചുകളഞ്ഞു നിന്നെ.
വിക്കുന്ന വാക്കുകൾക്കിടയിലൂടെ
ഒരു കൊടുങ്കാറ്റു ചീറിപ്പോയി.
നിനക്കു ഹിതമാകുന്നൊരു പാത്രത്തിൽ
നിന്നെ പെറുക്കിയിടട്ടെ ഞാൻ.
നീ ചുഴറ്റിവിടുന്ന ഒരായിരം കാറ്റുകൾക്കിടയിലൂടെ
ഞാനലയുന്നു,
കൈയിൽ കിട്ടിയ തുണ്ടും പൊടിയും
ഞാൻ ശേഖരിച്ചുവയ്ക്കുന്നു.
കണ്ണുപൊട്ടനു നീ വേണമായിരുന്നു
ഒരു കോപ്പയായി,
വേലക്കാരൻ നിന്നെയെടുത്തൊളിപ്പിച്ചു.
ഞാൻ കടന്നുപോകുമ്പോൾ
യാചകൻ നിന്നെയെടുത്തെനിക്കു നീട്ടി.

നോക്കൂ, വസ്തുക്കൾ തേടിപ്പിടിക്കുന്നതിൽ
ഉത്സുകനാണു ഞാൻ.

 


നീയധിവസിക്കുന്നു…

നീയധിവസിക്കുന്നു,
മണ്മറഞ്ഞ പൂന്തോപ്പുകളിൽ,
നിലംപതിച്ച ആകാശങ്ങളുടെ നിശ്ചലനീലിമയിൽ,
ഒരായിരം പ്രഭാതങ്ങളുടെ മഞ്ഞുതുള്ളികളിൽ,
സൂര്യന്മാരാലപിച്ച അനന്തഗ്രീഷ്മങ്ങളിൽ,
ഒരു പെൺകുട്ടിയുടെ കത്തുകൾ പോലെ
നിങ്ങളുടെ ഹൃദയം തകർക്കുന്ന വസന്തവേളകളിൽ.
നീയധിവസിക്കുന്നു
കവികളുടെ ഓർമ്മകളിൽ
ഉത്സവവേഷം പോലുലർന്നുവീഴുന്ന
ശരത്ക്കാലങ്ങളിൽ;
ഹേമന്തങ്ങൾ, തരിശ്ശിട്ട പാടങ്ങൾ പോലെ,
നിനക്കു കാഴ്ച വയ്ക്കുന്നു പ്രശാന്തത.
നീയധിവസിക്കുന്നു
വെനീസിൽ, കസാനിൽ, റോമിൽ;
നിന്റേതാണു ഫ്ളോറൻസ്,
പിസായിലെ ഭദ്രാസനപ്പള്ളിയും,
മണികൾ ഓർമ്മകൾ പോലെ മുഴങ്ങുന്ന മോസ്ക്കോയും,
ട്രോയിസ്ക്കായിലെ കന്യാസ്ത്രീമഠവും;
ഉദ്യാനങ്ങൾക്കടിയിൽ തുരങ്കങ്ങളൊളിപ്പിച്ച
കീവിലെ ആശ്രമവും.


Monday, October 25, 2010

റില്‍ക്കെ-വഴികളിൽ സൗമ്യമായതേ...


വഴികളിൽ സൗമ്യമായതേ,
ഞാൻ സ്നേഹിയ്ക്കുന്നു നിന്നെ,
നിന്നോടു മല്ലു പിടിയ്ക്കുമ്പോൾ
നീ വിളയിയ്ക്കുന്നു ഞങ്ങളെ.

ഞങ്ങൾക്കു കുടഞ്ഞാൽ പോകാത്ത
ഗൃഹാതുരത്വമാണു നീ,
എന്നും ഞങ്ങളെച്ചുഴലുന്ന
മഹാവനമാണു നീ,

ഓരോരോ മൗനത്തിലും
ഞങ്ങളാലപിക്കുന്ന ഗാനം നീ,
ഞങ്ങളെ കണ്ണി കോർക്കുന്ന
നിഴലിന്റെ വലയുമാണു നീ,

ഞങ്ങളെ സൃഷ്ടിച്ച നാളിൽത്തന്നെ
നീ സ്വയം സൃഷ്ടിച്ചതും,
നിന്റെ വെയിൽ കുടിച്ചല്ലോ
ഞങ്ങളിത്ര മുതിർത്തതും...

ഇളവെടുക്കട്ടെ നിന്റെ കൈ
ചക്രവാളത്തിന്റെ വിളുമ്പിലിനി,
ഞങ്ങളുടെ അജ്ഞത നിന്നെ മറയ്ക്കുമ്പോൾ
മൗനം കൊണ്ടതും സഹിക്കട്ടെ നീ.


ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങളില്‍ നിന്ന്‍


അന്നാ ആഹ് മാത്തോവാ -ലോത്തിന്റെ ഭാര്യ


File:Veronese.Lot flees Sodom01.jpg

ഉഗ്രൻ, ദീപ്തിമാനൊരു മാലാഖയുടെ പിന്നാലെ
നിഴലടഞ്ഞ വീഥിയിലൂടെ നീതിമാൻ നടന്നു.
അവന്റെ ഭാര്യയുടെ നെഞ്ചിലൊരു ശോകം കുതറി:
“വൈകിയിട്ടില്ലിനിയും നേരം,
തിരിഞ്ഞൊന്നു നോക്കിയാൽ നിനക്കു കാണാം,
നിന്റെ സോദോമിന്റെ ചുവന്ന മട്ടുപ്പാവുകൾ,
നീ പാടിനടന്ന പൂന്തോട്ടം,
നിന്റെ നെയ്ത്തോടമോടിയ നടുമുറ്റം,
നീ ഭർത്താവിനെ സ്നേഹിച്ച,
നിനക്കരുമക്കുട്ടികൾ പിറന്ന വീടിന്റെ
ശൂന്യമായ ജനാലകളും.”

ഒരേയൊരു നോട്ടം:
ഒരു വേദനയുടെ ചാട്ടുളി പാഞ്ഞവളുടെ കണ്ണുകൾ തുന്നിക്കൂടി,
അവളുടെയുടലുപ്പിന്റെ ശല്ക്കങ്ങളായി,
അവളുടെ കാലുകൾ മണ്ണിൽ വേരുറച്ചു.

ആരു കണ്ണീരൊഴുക്കാനുണ്ടിവളെച്ചൊല്ലി?
നമ്മുടെ നഷ്ടങ്ങളിൽ വച്ചത്രയ്ക്കുമഗണ്യമായോ,
ഈയൊരു നഷ്ടം?
എന്നാലുമെന്റെ ഹൃദയം കൊണ്ടു മറക്കില്ല ഞാനിവളെ,
ഒരേയൊരു നോട്ടത്തിനായി ഒരു ജീവിതം ഹോമിച്ചവളെ.


ഉല്പത്തി അദ്ധ്യായം 19

ചിത്രം- ലോത്തിന്റെ പലായനം –വെരോനീസ്‌ (1585)


Sunday, October 24, 2010

അന്നാ ആഹ് മാത്തോവാ-മാറ്റൊലി

പണ്ടേ കൊട്ടിയടച്ചു പോയകാലത്തേക്കുള്ള പാതകൾ.
പോയകാലം കൊണ്ടെന്തു ചെയ്യാനിനി ഞാനല്ലെങ്കിൽ?
എന്തുണ്ടതിൽ? ചോരപുരണ്ട ഓർമ്മക്കല്ലുകളോ?
കട്ട കെട്ടിയടച്ചൊരു വാതിലോ?
അതുമല്ലെങ്കിലൊരു മാറ്റൊലിയോ?
താണു താണു ഞാൻ യാചിച്ചിട്ടും
അതിനാവുന്നില്ല നാവടക്കാൻ...
ഉള്ളിൽ ഞാൻ പേറിനടക്കുമൊരാളിന്റെ വിധി തന്നെ
ഈ മാറ്റൊലിയ്ക്കു വിധിച്ചതും.


മരീനാ സ്വെറ്റെയേവാ- ചുംബനങ്ങൾ


നെറ്റിയിലൊരു ചുംബനം- ഉത്കണ്ഠകൾ മായ്ക്കുമത്.
നെറ്റിയിൽ ചുംബിക്കുന്നു ഞാൻ.

കണ്ണുകളിലൊരു ചുംബനം- ഉറക്കമില്ലായ്മ മാറ്റുമത്.
കണ്ണുകളിൽ ചുംബിക്കുന്നു ഞാൻ.

ചുണ്ടിലൊരു ചുംബനം-ദാഹജലമാകുമത്.
ചുണ്ടിൽ ചുംബിക്കുന്നു ഞാൻ.

നെറ്റിയിലൊരു ചുംബനം- ഓർമ്മകൾ മായ്ക്കുമത്.
നെറ്റിയിൽ ചുംബിക്കുന്നു ഞാൻ.


മരീനാ സ്വെറ്റെയേവാ - ആഹ് മാത്തോവാ, മാൻഡെൽസ്ത്തം, പാസ്തർനാക്ക് എന്നിവരുടെ സമകാലികയായ റഷ്യൻ കവയത്രി. 1941-ൽ ആത്മഹത്യ ചെയ്തു.


വിക്കിപീഡിയ ലേഖനം


Saturday, October 23, 2010

അന്നാ ആഹ് മാത്തോവാ-ഹാംലറ്റ് വായിക്കുമ്പോൾ

File:Dante Gabriel Rossetti - The First Madness of Ophelia.JPG


ഹാംലറ്റ് വായിക്കുമ്പോൾ


സിമിത്തേരിക്കു വലത്തായൊരു പാഴ്നിലം,
പിന്നിലൊരു പുഴയുടെ മകിണ്ട നീലം.
അങ്ങു പറഞ്ഞു:“മഠത്തിൽപ്പോയിച്ചേരു നീ,
ഇല്ലെങ്കിൽപ്പോയൊരു വിഡ്ഢിയെക്കെട്ടൂ...”

പ്രഭുക്കൾക്കു പറഞ്ഞുശീലമീ ശൈലിയെങ്കിലും
മറക്കാനാവില്ലെനിയ്ക്കാ വാക്കുകൾ.
അങ്ങയുടെ തോളത്തെ രോമക്കഞ്ചുകം പോലെ
ഇനിയതൊഴുകട്ടെ നൂറുനൂറ്റാണ്ടുകൾ.


 

Hamlet:
I did love you once.

Ophelia:
Indeed, my lord, you made me believe so.

Hamlet:
You should not have believ'd me, for virtue cannot so
inoculate our old stock but we shall relish of it. I lov'd you not.

Ophelia:
I was the more deceiv'd.

Hamlet:
Get thee to a nunn'ry, why woulds't thou be a breeder of
sinners?

Hamlet Act 3, scene 1, 114–121


ചിത്രം-ഒഫീലിയായുടെ ഉന്മാദം - ദാന്തേ ഗബ്രിയേല്‍ റോസെറ്റി (1828-1882)


Friday, October 22, 2010

അന്നാ ആഹ് മാത്തോവാ -അനശ്വരപ്രണയങ്ങള്‍



***


ആഘോഷമാക്കി നാം
നടക്കാതെപോയ സമാഗമങ്ങൾ,
പറയാതെവിട്ട വിശേഷങ്ങൾ,
ശബ്ദമില്ലാത്ത വാക്കുകൾ.
എവിടെത്തങ്ങണമെന്നറിയാതെ പരുങ്ങുന്നു
തമ്മിലിടയാത്ത നോട്ടങ്ങൾ.
തടവില്ലാതിനിയൊഴുകാമെന്നു
കണ്ണീരിനു മാത്രമാഹ്ളാദം.
മോസ്ക്കോവിലൊരിടത്തൊരു
കാട്ടുപനിനീർപ്പൂപ്പൊന്ത-
അതിനുമുണ്ടൊരു ഭാഗമെടുക്കാൻ...
ഇതിനൊക്കെപ്പിന്നെ നാം പേരുമിടും,
‘അനശ്വരപ്രണയ’മെന്നും.


***


ആഴ്ചകളല്ല, മാസങ്ങളല്ല,
വർഷങ്ങളെടുത്തു നാം പിരിയാൻ.
ഇന്നൊടുവിലിതാ, നമ്മുടെ കവിളുരുമ്മുന്നു
സ്വാതന്ത്ര്യത്തിന്റെ ഇളംതെന്നൽ.
നരച്ചതാണു നാമണിഞ്ഞ
പുഷ്പകിരീടങ്ങൾക്കു നിറവും.

ഇനിമേലില്ല ഒറ്റുകൾ, ചതികൾ,
രാത്രി മുഴുവൻ നീ കേട്ടുകിടക്കുകയും വേണ്ട
എന്റെ ഭാഗം ശരിയെന്നു സമർത്ഥിക്കുന്ന
യുക്തികളുടെ നിലയ്ക്കാത്ത പ്രവാഹവും.


Thursday, October 21, 2010

അന്നാ ആഹ് മാത്തോവ - വിട പറയുന്ന വിദ്യയിൽ മിടുക്കരായിരുന്നില്ല നാം...


വിട പറയുന്ന വിദ്യയിൽ മിടുക്കരായിരുന്നില്ല നാം,
തോളോടു തോളുരുമ്മി നാം നടന്നലഞ്ഞു.
അസ്തമയവും വന്നുകഴിഞ്ഞു,
നിന്റെ മുഖം മ്ളാനം, നിന്റെ നിഴൽ ഞാനും.

നമുക്കീ പള്ളിയിലൊന്നു കേറിനോക്കാം,
മാമ്മോദീസയോ, മിന്നുകെട്ടോ, ചരമശുശ്രൂഷയോ കണ്ടുനില്ക്കാം.
അന്യരിൽ നിന്നിങ്ങനെ ഭിന്നരായതെന്തിതു നാം?
അന്യോന്യം മുഖം തിരിച്ചു വീണ്ടും നടന്നു നാം.

ഇനിയീ സിമിത്തേരിയിൽ, ചവിട്ടിക്കുഴച്ച മഞ്ഞിൽ
അന്യോന്യം നിശ്വാസമുതിർത്തുകൊണ്ടൊന്നിരുന്നാലോ?
നിന്റെ വിരൽ വായുവിൽ വരച്ചിടുന്നു
ഒരുനാളും പിരിയാതെ നാം ജീവിക്കുന്ന മനക്കോട്ടകൾ.


ആഹ് മാത്തോവയുടെ ചിത്രം നാഥാൻ ആൾട്മാൻ വരച്ചത് (1914)


നെരൂദ-വീട്


എന്റെ വീട്,
പച്ചമരത്തിന്റെ മണം മാറാത്ത ചുമരുകൾ:
ഓരോ കാൽവയ്പ്പിലും അതിന്റെ ജീർണ്ണത ഞരങ്ങുന്നു,
പടയാളിക്കാറ്റിനൊത്തതു ചൂളം കുത്തുന്നു,
എന്റെ പാട്ടു വളർന്നത്
ആ വിചിത്രപക്ഷിയുടെ തണുത്ത ചിറകൊതുക്കിൽ.
നിഴലുകൾ കണ്ടു ഞാൻ,
എന്റെ വേരുകൾക്കു ചുറ്റും
ചെടികൾ പോലെ വളർന്നുകേറിയ
മുഖങ്ങൾ കണ്ടു ഞാൻ,
മരത്തണലിൽ പാട്ടും പാടിയിരിക്കുന്ന,
നനഞ്ഞ കുതിരകൾക്കിടയിൽ കുതിയ്ക്കുന്ന
സ്വന്തക്കാരെ കണ്ടു ഞാൻ,
പുരുഷഗോപുരങ്ങളുടെ നിഴൽ വീണു മറഞ്ഞ
സ്ത്രീകളെ കണ്ടു ഞാൻ,
വെളിച്ചം ചവിട്ടിമെതിച്ചു കുതിച്ചുപാഞ്ഞ
കുളമ്പടികൾ കണ്ടു ഞാൻ,
പകയും കുരയ്ക്കുന്ന നായ്ക്കളും കുടിയേറിയ
ശ്വാസം മുട്ടുന്ന രാത്രികളും കണ്ടു ഞാൻ.
എന്റെയച്ഛൻ വാതിൽ ചാരിയിറങ്ങിപ്പോയ-
തേതു നഷ്ടദ്വീപുകളിലേക്ക്?
നാട്ടിലെ അവസാനത്തെ പ്രഭാതത്തിൽ,
മോങ്ങുന്ന തീവണ്ടികളെയും കൂട്ടി?
പിൽക്കാലം സ്നേഹിക്കാൻ പഠിച്ചു ഞാൻ
പുകയുന്ന കൽക്കരിയുടെ മണത്തെ,
എണ്ണകളെ, ഉറഞ്ഞ കൃത്യതയുടെ അക്ഷകീലങ്ങളെ,
മഞ്ഞുകാലം പരന്ന മണ്ണിനു മുകളിലൂടെ
ഗർവിതനായ ശലഭപ്പുഴുവിനെപ്പോലെ നീങ്ങുന്ന
ഘനഗംഭീരമായ തീവണ്ടിയെ.
പെട്ടെന്നതാ, വാതിൽ വിറക്കൊള്ളുന്നു.
എന്റെ അച്ഛൻ.
ഒപ്പമുണ്ട് കൂട്ടുകാർ:
നനഞ്ഞ മേല്ക്കുപ്പായം വാരിച്ചുറ്റിയ റയീൽവേപ്പണിക്കാർ;
ആവിയും മഴയും വീടു വന്നു മൂടുന്നു,
ഭക്ഷണമുറിയിൽ തൊണ്ട വരണ്ട കഥകൾ നിറയുന്നു,
ഗ്ളാസ്സുകളൊഴിയുന്നു,
ആ ജന്മങ്ങളിൽ നിന്നും എന്നിലേക്കെത്തുന്നു
നീറ്റുന്ന വേദന, മുറിപ്പാടുകൾ,
പണമില്ലാത്ത മനുഷ്യർ,
ദാരിദ്ര്യത്തിന്റെ ഖനിജനഖരങ്ങൾ.


Wednesday, October 20, 2010

നെരൂദ-ഇടയഗാനം


File:Anderson Sophie Shepherd Piper 1881.jpg

പകർത്തിയെഴുതുന്നു ഞാൻ മലകളെ, പുഴകളെ, മേഘങ്ങളെ.
മഷി കുടഞ്ഞു കുറിച്ചിടുന്നു ഞാൻ ചിറകെടുത്തൊരു പക്ഷിയെ,
പട്ടുനൂലിഴയിടുന്നൊരെട്ടുകാലിയെ.
മറ്റൊന്നുമില്ലെന്റെ മനസ്സിലന്നേരം.
വായു ഞാൻ, തെളിഞ്ഞ വായു ഞാൻ,
ഗോതമ്പുകതിരുകൾ ചായുന്നുണ്ടവിടെ,
അവിടെയുണ്ടൊരു കിളിയുടെ ചിറകടികൾ,
ഒരിലയുടെ പതറിയ പതനം,
ചിറയിലൊരു മീനിന്റെ അടയാത്ത നേത്രഗോളം,
തുഴഞ്ഞുനീങ്ങുന്ന പ്രതിമകൾ പോലെ മേഘരൂപങ്ങൾ,
മഴയുടെ പെരുക്കങ്ങൾ.

മറ്റൊന്നുമില്ലെന്റെ മനസ്സിലന്നേരം:
മറുപുറം കാണുന്ന വേനൽ മാത്രം.
കാറ്റുകളാണെന്റെ പാട്ടുകളൊക്കെ.
അലങ്കരിച്ച വാഹനങ്ങളിൽ
പതക്കങ്ങളും ശവക്കച്ചകളും വാരിക്കേറ്റി
ചരിത്രം കടന്നുപോകുമ്പോൾ
വസന്തമൊത്തേകാകിയായി,
മനസ്സിൽ പുഴയുടെ ഓർമ്മകളുമായി,
ഞാൻ നില്ക്കുന്നു.

ഇടയാ, ഇടയാ,
നിന്നെക്കാത്തുനില്ക്കുകയാണവരെന്നറിയില്ലേ?

അറിയാ,മതെനിക്കറിയാം:
എന്നാലുമീ പുഴയ്ക്കരികെ,
ചീവീടുകൾ സല്ലപിയ്ക്കുമിവിടെ,
എന്നെക്കാത്തെനിയ്ക്കു നില്ക്കണം,
എന്നെക്കാത്തവർ നിന്നാലും.
എനിയ്ക്കെന്നെയൊന്നു നോക്കിക്കാണണം.
എന്റെ മനസ്സിലിരിപ്പുകളെനിയ്ക്കൊന്നറിയണം.
പിന്നെ,യെന്റെ വരവും കാത്തു
ഞാൻ നില്ക്കുമിടത്തു ഞാനെത്തിയതിൽപ്പിന്നെ,
എനിക്കൊന്നുറങ്ങണം,
ചിരിച്ചു ചിരിച്ചു മരിയ്ക്കണം.


link to image


Tuesday, October 19, 2010

ഒനോനോ കോമാച്ചി (825-900)


*
എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നില്ക്കുന്നു ഞാൻ.

*

നിറം കെട്ടു വാടുന്നു പൂക്കൾ-
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ, തോരാതെ
മഴ നിന്നു പെയ്തതുമിങ്ങനെ.

*

എന്റെയുടലിനു ശരല്ക്കാലം
അവന്റെ തണുത്ത ഹൃദയം-
പഴുക്കിലകൾ കൊഴിയുമ്പോലെ
ദുഃഖിച്ചുവീഴുന്നു വാക്കുകൾ.

*

വിസ്മൃതിയുടെ പൂവിറുക്കാമെ-
ന്നോർത്തതേയുള്ളു ഞാൻ;
അവന്റെ ഹൃദയത്തിലതു
വളരുന്നതു കണ്ടു ഞാൻ.

*

അവനെയോർത്തുകൊണ്ടുറങ്ങുമ്പോഴോ
സ്വപ്നത്തിലവൻ വന്നു?
കാണുന്നതു സ്വപ്നമെന്നറിഞ്ഞിരുന്നെങ്കിൽ
ഉണരുമായിരുന്നില്ല ഞാൻ.

*

ശരല്ക്കാലരാത്രി ദീർഘമെന്നു പറയുന്നതു വെറുതെ.
അന്യോന്യം നോക്കിയിരിക്കുകയല്ലാ-
തൊന്നും ചെയ്തില്ല നാമിതേവരെ.
എന്നിട്ടുമിതാ, പുലരിയെത്തി!

*

അതിരില്ലാത്ത പ്രണയത്തിനടിമപ്പെട്ട ഞാൻ
അവനെത്തേടിയിറങ്ങണം;
സ്വപ്നത്തിൽ വഴിനടക്കുന്നതു
വിലക്കിയിട്ടില്ലല്ലോ ലോകമിതേവരെ.

*

കതിരിട്ട പാടത്തു ശീതക്കാറ്റിന്റെ താണ്ഡവം-
എനിക്കു പേടിയാവുന്നു,
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ?

*

എത്രയോർമ്മകളുണ്ടായിരിക്കണമാ
പൈൻമരത്തിനും?
ആയിരമാണ്ടു കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നതു മണ്ണിലേക്ക്.

*

എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം.
ഞാനതിൽ കേറിയിരുന്നിട്ടേയുള്ളു,
തൂവാനമടിച്ചാകെക്കുളിച്ചുപോയ് ഞാൻ.


കോമാച്ചി- വിക്കിപീഡിയ ലേഖനം


Monday, October 18, 2010

അന്നാ ആഹ് മാത്തോവ - 1


File:Modigliani78.jpg


ഇഷ്ടങ്ങളയാൾക്കു മൂന്നായിരുന്നു…

ഇഷ്ടങ്ങളയാൾക്കു മൂന്നായിരുന്നു:
സന്ധ്യയ്ക്കു പള്ളിയിൽ പ്രാർത്ഥന,
വെള്ളനിറമുള്ള മയിലുകൾ,
അമേരിക്കയുടെ ഭൂപടങ്ങൾ,
പഴകിക്കീറിയെങ്കിലവയും.
അയാൾക്കു വെറുപ്പായിരുന്നു
കരയുന്ന കുഞ്ഞുങ്ങളെ,
ചായയ്ക്കു പഴങ്ങളെ,
ബാധ കൂടിയ സ്ത്രീകളെ.
...അയാൾക്കു ഭാര്യ ഞാനായിരുന്നു.

 


അവസാനത്തെ പാനോപചാരം


ഞാനുപചാരം ചൊല്ലുന്നു
മുടിഞ്ഞുപോയ നമ്മുടെ വീടിന്‌,
അത്രയ്ക്കു കയ്ക്കുന്ന ജീവിതത്തിന്‌,
നിനക്ക്,
ഒരുമിച്ചു നാം സഹിക്കുന്ന ഏകാന്തതയ്ക്ക്;
ഞാനുപചാരം ചൊല്ലുന്നു
തണുത്തു മരച്ച  കണ്ണുകൾക്ക്,
നമ്മെ ഒറ്റുകൊടുത്ത ചുണ്ടുകൾക്ക്,
ക്രൂരവും പരുക്കനുമായ ലോകത്തിന്‌,
നമുക്കു തുണയാവാത്ത ദൈവത്തിനും.

 


നാം നിസ്വരെന്നു നാം കരുതി…

നാം നിസ്വരെന്നു നാം കരുതി:
നമുക്കെന്നു പറയാൻ നമുക്കൊന്നുമില്ലെന്നും.
പിന്നെയൊന്നൊന്നായോരോന്നു നമുക്കു നഷ്ടമായപ്പോൾ,
ഓരോ നാളുമോർമ്മപ്പെരുന്നാളുകളായപ്പോൾ,
കവിതയെഴുത്തു തുടങ്ങി നാം-
ദൈവത്തിന്റെ മഹത്വത്തെപ്പറ്റി,
സമ്പന്നമായ ഭൂതകാലത്തെപ്പറ്റി.


ഭീതി…


ഭീതി
ഇരുട്ടിൽ വിരലുകളിളക്കുന്നു,
നിലാവിനെ മഴുത്തലപ്പിലേക്കു നയിക്കുന്നു,
ചുമരിനപ്പുറം
അപശകുനം പോലാരോ തട്ടുന്നു...


ചിത്രം -ആഹ് മാത്തോവ-മോഡി ഗ്ലിയാനി വരച്ചത്


സാഫോ- 2


File:Leon Perrault - Sapho.jpg

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഈ തറിയിലിനി നെയ്യുക വയ്യമ്മേ.
അവനോടുള്ള പ്രേമമെന്റെ കണ്ണു മൂടുമ്പോൾ
കാണുന്നില്ല ഞാനൂടും പാവും.

*

യൗവനമേ, യൗവനമേ,
എന്നെ വിട്ടെങ്ങു പോയി നീ?
ഒരുനാളു,മൊരുനാളുമിനി
എന്നിലേക്കു മടങ്ങില്ല നീ.

*

മാനമിറങ്ങി വരുന്നു കാമൻ,
ചെമ്പട്ടിന്റെ കഞ്ചുകമൂരിയെറിഞ്ഞും...

*

ആപ്പിൾമരത്തിന്നുയരച്ചില്ലയിൽ
വിളഞ്ഞു തുടുത്തൊരാപ്പിൾപ്പഴം-
കാണാതെപോയതോ?
അല്ല, കൈയെത്താതെപോയത്.

*

എന്തിനോടുപമിയ്ക്കും,
നിന്നെ ഞാൻ പ്രിയനേ?
മുളംകൂമ്പു പോലെ നീ,
നേർത്തും വിളർത്തും.

*

മാനത്തു വെള്ളി വിതറി
മോഹനചന്ദ്രനെത്തുമ്പോൾ
നാണിച്ചു കണ്ണുപൊത്തുന്നു
നക്ഷത്രങ്ങൾ.

*

ദേവോപമനവൻ,
നിനക്കെതിരെയിരിക്കുന്നവൻ,
നിന്റെ ചുണ്ടിന്റെ മാധുര്യത്തിനു
കാതോർത്തിരിക്കുന്നവൻ.

അവന്റെ ചിരി കേൾക്കുമ്പോൾ
എന്റെ നെഞ്ചു പിടയ്ക്കുന്നു,
അവൻ മുന്നിലെത്തുമ്പോൾ
എന്റെ നാവിറങ്ങുന്നു,
കാളുന്ന തീയെന്റെയുടലെരിയ്ക്കുന്നു,
എന്റെ കണ്ണുകളിരുട്ടടയ്ക്കുന്നു,
എന്റെ കാതുകൾ കൊട്ടിയടയ്ക്കുന്നു,
ഞാൻ വിയർത്തുകുളിയ്ക്കുന്നു,
ഒരു വിറയെന്നിലൂടെപ്പായുന്നു,
വേനലിൽ പുല്ലു പോലെ ഞാൻ വിളറുന്നു.
മരണമടുത്തവളെപ്പോലെയാകുന്നു ഞാൻ.

*

വസന്തകാലസന്ധ്യയ്ക്ക്
പൂർണ്ണചന്ദ്രനുദിയ്ക്കുമ്പോൾ
ബാലികമാർ വട്ടമിരിയ്ക്കുന്നു
ബലിപീഠത്തിനു ചുറ്റുമെന്നപോലെ.

*

വെറും നിശ്വാസങ്ങളെങ്കിലും
അനശ്വരങ്ങളവ,
എന്റെ ഹിതാനുവർത്തികൾ,
എന്റെ വാക്കുകൾ.

*

നീ മറന്നാലും ഞാനൊന്നു പറയട്ടെ:
നമ്മെയോർമ്മിക്കാനുണ്ടാവും
വരുംകാലത്തൊരാളെങ്കിലും.

*


link to image


Sunday, October 17, 2010

സാഫോ-1


എനിക്കു വേണ്ട തേൻ,
തേനീച്ചയും...

*

എന്റെയുടലിന്റെ കെട്ടഴിയുന്നു
പ്രണയത്തിന്റെ വിഷം തീണ്ടിയതിൽപ്പിന്നെ.

*

പ്രണയമെന്റെ ഹൃദയമിളക്കി
മലകളിലോക്കുമരങ്ങളെ
കാറ്റു പിടിച്ചുലയ്ക്കുമ്പോലെ.

*

അമ്മമാരാകും മുമ്പേ
തോഴിമാരായിരുന്നു
ലിറ്റോയും നയോബിയും.

*

നാമിതു രുചിയ്ക്കുക!
ഇതിൽ പാപം കാണുന്നവനോ,
അവന്റെ പ്രാണനെടുക്കട്ടെ,
ശോകവുമാത്മാനുതാപവും!

*

എന്നെ നേരെ നോക്കൂ, പ്രിയനേ!
ഞാനറിയട്ടെ,
നിന്റെ കണ്ണുകളുടെ ചാരുത!

*


സാഫോ-വിക്കിപീഡിയ ലേഖനം


റൂമി-സർവം സംഗീതമയം


ഈ പാട്ടുകളോർത്തുവയ്ക്കാൻ മിനക്കെടേണ്ട!
ഒരു വീണ പൊട്ടിയാൽ പോകട്ടേയെന്നു വയ്ക്കുക.

സർവം സംഗീതമായൊരു ലോകത്തല്ലോ
നാം വന്നുവീണിരിക്കുന്നു.

വീണ മീട്ടുന്നതു കേൾക്കാനുണ്ട്,
ആരോ പുല്ലാങ്കുഴലുമൂതുന്നു.
ലോകത്തിന്റെ കിന്നരമെരിഞ്ഞാലെരിയട്ടെ,
കണ്ണിൽപ്പെടാത്ത വാദ്യങ്ങൾ പിന്നെയുമുണ്ടാവും.

കരിന്തിരി കെട്ടു പോകട്ടെ വിളക്കുകൾ,
നമ്മുടെ കൈയിലുണ്ടല്ലോ
ഒരു തീക്കല്ലും ഒരു തീപ്പൊരിയും.

ഒരു കടൽപ്പതയാണീ പാട്ടുവിദ്യ.
ഏതോ കയത്തിൽ നിന്നൊരു കടൽമുത്തിൽ നിന്നത്രേ
അതിന്റെ വശ്യചലനങ്ങളുറവയെടുക്കുന്നു.

കവിതകൾ തിരയെറ്റുന്ന പത പോലെ,
കടൽ കക്കുന്ന പാഴുകൾ പോലെ.

നമുക്കു കണ്ണിൽ വരാത്തൊരു വേരിന്റെ
തുടിപ്പുകളിലാണതിനുല്പത്തി.

വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക,
പറന്നുനടക്കട്ടെ ആത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


Saturday, October 16, 2010

നെരൂദ- അവർ നുണയന്മാർ, എനിക്കു ചന്ദ്രൻ നഷ്ടമായെന്നു പറയുന്നവർ...





അവർ നുണയന്മാർ, എനിക്കു ചന്ദ്രൻ നഷ്ടമായെന്നു പറയുന്നവർ,
എനിക്കു ഭാവി പൂഴിമണ്ണെന്നു വിധിച്ചവർ,
അത്രയും തണുത്ത നാവുകൾ കൊണ്ടു വാദിച്ചുജയിച്ചവർ.
അവർ തള്ളിപ്പറയും പ്രപഞ്ചമെന്ന പുഷ്പത്തെയും.

“ആ മോഹിനിക്കിനിയില്ല കലാപത്തിന്റെ നാവുകൾ,
അയാൾക്കു ശേഷിച്ചതു ജനങ്ങൾ മാത്രം.”
ഒടുങ്ങാത്ത താളുകളവർ ചവച്ചുതുപ്പി,
എന്റെ ഗിത്താറിനവർ വിസ്മൃതിയും പ്രവചിച്ചു.

അവരുടെ കണ്ണുകളിലേക്കു ഞാനെടുത്തെറിഞ്ഞു,,
എന്റെയും നിന്റെയും ഹൃദയം പിളർന്ന പ്രണയത്തിന്റെ  ചാട്ടുളികൾ.
നിന്റെ കാലടികൾ പതിപ്പിച്ച മുല്ലപ്പൂക്കൾ ഞാൻ പെറുക്കിയെടുത്തു.

രാത്രിയിൽ നിന്റെ കണ്ണിമകൾക്കടിയിൽ ഞാനഭയം കണ്ടു,
പിന്നെ പുലർവെളിച്ചമെന്നെപ്പൊതിഞ്ഞപ്പോൾ
വീണ്ടും പിറവിയെടുത്തു ഞാൻ, സ്വന്തം ഇരുട്ടിനവകാശിയായി.

പ്രണയഗീതകം-57


റില്‍ക്കെ-നീ ഭാവികാലം...


File:Joseph Mallord William Turner 058.jpg

നീ ഭാവികാലം,
നിത്യതയുടെ തുറസ്സുകൾ തുടുപ്പിയ്ക്കുന്ന മഹോദയം.
രാത്രിയുടെ പലായനത്തിനു കാഹളം,
മഞ്ഞുതുള്ളി നീ, ഉഷഃപൂജ നീ, ബാലിക നീ,
അതിഥിയും മാതാവും നീ, മരണം നീ.
ഏകാന്തതയുടെ നിത്യതയിൽ
വിധിയിൽ നിന്നുയിരെടുക്കുന്ന ഭിന്നരൂപങ്ങൾ നീ.
വിലാപങ്ങൾക്കതീതൻ,
സ്തുതികൾക്കനഭിഗമ്യൻ,
ഒരു വനവൃക്ഷം പോലിന്നതെന്നു പറയരുതാത്തവൻ.
വസ്തുക്കളുടെ സാരഗർഭം നീ,
കൂട്ടിയടച്ച ചുണ്ടുകൾക്കു പിന്നിൽ നിന്റെ നേരൊളിയ്ക്കുന്നു,
അന്യരതന്യഥാ കാണുന്നു:
കപ്പൽ കടവായി, കര കപ്പലായി.


ചിത്രം-ജോസെഫ് വില്യം ടെര്‍ണര്‍ ( 1775-1851 )


Thursday, October 14, 2010

നെരൂദ-നോക്കൂ. എനിക്കു സ്നേഹം നിന്നെ. എനിക്കു സ്നേഹമല്ല നിന്നെ…



നോക്കൂ. എനിക്കു സ്നേഹം നിന്നെ. എനിക്കു സ്നേഹമല്ല നിന്നെ.
ജീവിതത്തിനുണ്ടല്ലോ രണ്ടു പക്ഷങ്ങൾ:
വചനത്തിനൊരു ചിറകു മൗനം,
അഗ്നിക്കുണ്ടൊരു തണുത്ത പാതി.

നിന്നെ ഞാൻ സ്നേഹിക്കുന്നു- നിന്നെ സ്നേഹിച്ചു തുടങ്ങാൻ,
ഒന്നേയെന്നനന്തതയ്ക്കു വീണ്ടും തുടക്കമിടാൻ,
നിന്നെ സ്നേഹിച്ചുതീരാതിരിക്കാൻ:
അതിനാലത്രേ, ഇനിയും നിന്നെ ഞാൻ സ്നേഹിക്കാതിരിക്കുന്നതും.

എനിക്കു സ്നേഹം നിന്നെ, സ്നേഹമല്ല നിന്നെ,
എന്റെ കൈയിൽ രണ്ടു താക്കോലുകളുള്ളപോൽ:
സൗഭാഗ്യം തുറക്കുന്നതൊന്ന്‌, തുലഞ്ഞ ഭാവിയ്ക്കു മറ്റൊന്ന്‌.

എന്റെ സ്നേഹത്തിനു രണ്ടു ജീവിതങ്ങൾ- നിന്നെ സ്നേഹിക്കാൻ.
എനിക്കു സ്നേഹം നിന്നെ, നിന്നോടു സ്നേഹമില്ലാതിരിക്കുമ്പോൾ,
നിന്നെ സ്നേഹിച്ചുനടക്കുമ്പോഴും.


നൂറു പ്രണയഗീതകങ്ങള്‍ - 44

Wednesday, October 13, 2010

നെരൂദ-പാടുന്നു നീ, ഒത്തു പാടുന്നു മാനവും സൂര്യനും...



പാടുന്നു നീ, കൂടെപ്പാടുന്നു മാനവും സൂര്യനും,
പകലിന്റെ ഗോതമ്പു ചേറുന്നു നിന്റെ ശബ്ദം.
പച്ചിലനാവുകൾ കൊണ്ടു പറഞ്ഞുകൂട്ടുന്നു പൈൻമരങ്ങൾ,
ഹേമന്തഗീതം പരിശീലിയ്ക്കുന്നു കിളിയായ കിളിയെല്ലാം.

കടലതിന്റെ പത്തായത്തിൽ നിറയ്ക്കുന്നു കാൽച്ചുവടുകൾ,
മണികൾ, രോദനങ്ങൾ, ചങ്ങലകൾ.
വർത്തകസംഘങ്ങളുടെ ചക്രങ്ങൾ കരയുമ്പോൾ
ഓട്ടുപാത്രങ്ങൾ കിലുങ്ങുന്നു, പിത്തളത്താമ്പാളങ്ങളും.

ഞാൻ കേട്ടതു പക്ഷേ, നിന്റെ ശബ്ദം മാത്രം,
ശരവേഗത്തിന്റെ കണിശത്തിലതുയരുന്നു,
മഴയുടെ ഘനപാതത്തിലതു താഴുന്നു.

ഉയരങ്ങളിൽ നിന്റെ ശബ്ദം വാളുകളെ ചിതറിയ്ക്കുന്നു ,
വയലറ്റുപൂക്കളും പേറിയതു മടങ്ങിയെത്തുന്നു,
പിന്നെ മാനത്തതെന്നെയും കൊണ്ടു പായുന്നു.

നൂറു പ്രണയഗീതകങ്ങള്‍ - 52

Monday, October 11, 2010

റില്‍ക്കെ-റോസാപ്പൂവേ…

 


റോസാപ്പൂവിന്‌-1


ഈ മുള്ളുകൾ നീ വേണമെന്നു വച്ച-
താർക്കെതിരെയാണു, റോസാപ്പൂവേ?
നിന്റെയാനന്ദമതിലോലമെന്നോർത്തിട്ടാണോ
ഈവിധം നീയൊരു സായുധസൗന്ദര്യമായി?

ആരിൽ നിന്നാണീയമിതായുധങ്ങൾ
നിന്നെ രക്ഷിക്കുന്നു?
ഞാൻ തന്നെ തടുത്തിരിക്കുന്നുവല്ലോ
അവയിൽ പേടിയില്ലാത്ത ശത്രുക്കൾ പലരെയും.
വേനൽ തുടങ്ങി ശരത്കാലം വരെ
നിന്നെ സ്വമേധയാ സേവിക്കുന്ന മൃദുലതകളെയാണു
പകരം നീ മുറിപ്പെടുത്തുന്നതും.


റോസാപ്പൂവിന്‌-2


ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
ഉത്സുകസഹചാരിയാവാനോ
നിനക്കിഷ്ടം, റോസാപ്പൂവേ?
നിന്റെ മനസ്സിനെ കീഴ്പ്പെടുത്തിയതു
ക്ഷണികാനന്ദങ്ങളുടെ ഓർമ്മയോ?

എത്രതവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു
സന്തുഷ്ടയും നിർജ്ജീവയുമായി
-ഓരോയിതളും ഓരോ ശവക്കച്ചയായി-
ഒരു വാസനച്ചെപ്പിനുള്ളിൽ,
ഒരു മുടിക്കുത്തിനരികിൽ,
ഒറ്റയ്ക്കിരുന്നു വീണ്ടും വായിക്കാൻ
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.


റോസാപ്പൂവിന്‌-3


നിന്നെക്കുറിച്ചു മിണ്ടാതിരിക്കട്ടെ ഞങ്ങൾ,
അനിർവചനീയ നീ.
മറ്റു പൂക്കൾ മേശപ്പുറമലങ്കരിക്കുന്നു,
നീയതിനെ മാറ്റിത്തീർക്കുന്നു.

നിന്നെ ഞാനൊരു പൂത്താലത്തിൽ വച്ചു-
എല്ലാമതാ, രൂപാന്തരപ്പെടുകയായി.
ഗാനമതു തന്നെയാവാം,
പാടുന്നതൊരു മാലാഖ, പക്ഷേ.


റില്‍ക്കെ ഈ കവിതകളെഴുതിയത് ഫ്രഞ്ചിലാണ്

റില്‍ക്കെ-പ്രവേശം


File:Vincent van Gogh - Road with Cypress and Star.JPG

ഏതൊരാളാകട്ടെ നിങ്ങൾ:
പരിചിതങ്ങൾ നിറഞ്ഞ മുറിയിൽ നിന്നു
സായാഹ്നത്തിലേക്കു കടക്കുക ;
വിദൂരതയ്ക്കു മുന്നിലൊടുക്കത്തേതാണു
നിങ്ങളുടെ വീടെന്നുമറിയുക;
ഏതൊരാളാകട്ടെ നിങ്ങൾ.
ഒന്നു പിടയാൻ പോലും ശേഷിയില്ലാതെ കണ്ടു കഴച്ച കണ്ണുകളാൽ
ഒരിരുണ്ട മരം പതിയെ പിഴുതെടുക്കുക;
മാനത്തതിനെ നാട്ടുക:
മെലിഞ്ഞും നിഴലടഞ്ഞും ഒറ്റയ്ക്കതവിടെ നില്ക്കട്ടെ.
ഒരു ലോകം നിങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു.
വിപുലമാണത്,
മൗനത്തിൽ തഴയ്ക്കുന്ന വാക്കു പോലെയാണത്.
പിന്നെ,
നിങ്ങളുടെ മനസ്സതിനൊരർത്ഥം മെനഞ്ഞുകഴിഞ്ഞതിൽപ്പിന്നെ,
കണ്ണുകൾ പിടിവിടട്ടെ, സാവധാനം...


വാന്‍ ഗോഗ്- സൈപ്രസ് മരവും വഴിയും നക്ഷത്രവും

Sunday, October 10, 2010

റില്‍ക്കെ-ഇല കൊഴിയും കാലം


File:Fall leaves.png

ഇലകൾ വീഴുന്നു, ദൂരെയെങ്ങോ നിന്നെന്നപോലെ,
മാനത്തെ വിദൂരോദ്യാനങ്ങളിൽ നിന്നു വാടിവീഴുമ്പോലെ,
ജീവിതനിഷേധത്തിന്റെ ചേഷ്ടകളും കാട്ടി അവ വീഴുന്നു.

രാത്രിയിൽ ഭാരം വച്ച ഭൂമിയും വീഴുന്നു,
നക്ഷത്രങ്ങളിൽ നിന്നേകാന്തതയിലേക്കതു വീഴുന്നു.

നാമൊക്കെയും വീഴുന്നു. ഒരു കൈയതാ വീഴുന്നു.
മറ്റേതൊന്നു നോക്കൂ: ഏതിനുമിതുതന്നെ ഗതി.

എന്നാലുമൊരുവനുണ്ടല്ലോ, വീഴുന്നതൊക്കെയും താങ്ങാൻ
എന്നുമെന്നും ദാക്ഷിണ്യത്തിന്റെ കൈകളുമായി.


റില്‍ക്കെ-പ്രണയഗീതം


File:Orazio Gentileschi.jpg

എന്റെയാത്മാവു നിന്റെയാത്മാവിനെത്തൊടാതെങ്ങനെ ഞാൻ തടുക്കും?
നിന്നെക്കാളുമുയരത്തിലേക്കെങ്ങനെ ഞാനതിനെയെടുത്തുയർത്തും?
എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിച്ചുവച്ചേനെ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ, ഇരുട്ടിൽ, നിശബ്ദതയിൽ;
നിന്റെയാത്മാവിന്റെ ഗഹനതകൾ മുഴക്കം കൊള്ളുമ്പോൾ
അനുരണനം ചെയ്യാത്ത പരിത്യക്തവസ്തുക്കൾക്കിടയിൽ!

എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
അന്യോന്യം നമ്മെയടുപ്പിക്കുന്നു,
രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻചാപം
ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
നമ്മെ മുറുക്കിയിരിക്കുന്നതേതു വാദ്യത്തിൽ?
നമ്മെ കൈയിലെടുത്തതേതു വാദകൻ?
ഹാ, മധുരഗാനമേ!


link to image

Saturday, October 9, 2010

റില്‍ക്കെ-ഒരുനാളുമെന്റെ കൈകളിൽ...


File:Claude Monet 022.jpg

ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ, പ്രിയേ,
ആദിയിലേയെന്റെ കൈവിട്ടുപോയവളേ,
എനിക്കറിയില്ലല്ലോ
ഏതു പാട്ടുകൾ ബോധിക്കും നിനക്കെന്നുപോലും.
ഉരുണ്ടുകൂടുന്ന വരുംനിമിഷത്തിന്റെ തിരയിൽ
നിന്റെ മുഖം കണ്ടെടുക്കാൻ തുനിയാറില്ല ഞാനിപ്പോൾ.
എന്റെയുള്ളു നിറയ്ക്കുന്ന പരിധിയറ്റ പ്രതീകങ്ങൾ-
എന്റെ മനസ്സു തൊട്ട വിദൂരപ്രകൃതികൾ,
നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ,
ഒരുകാലം ദൈവങ്ങളുടെ പ്രാണൻ സ്പന്ദിച്ചിരുന്ന പ്രബലദേശങ്ങൾ-
ഒക്കെയുമെന്നിലുണരുമ്പോള്‍
അവയൊക്കെയുമർത്ഥമാക്കുന്നതു നിന്നെ,
എന്നെന്നുമെന്നില്‍ നിന്നു തെന്നിമാറുന്ന നിന്നെ.

ഞാൻ മോഹിച്ചു നോക്കിനിന്ന പൂന്തോപ്പുകൾ, നീ പ്രിയേ,
ഏതോ ഗ്രാമ്യഭവനത്തിന്റെ തുറന്നിട്ട ജാലകം-
എന്നെക്കാണാൻ ചിന്താകുലയായി പടി തുറന്നതുമാണന്നു നീ.
അറിയാതെ ഞാൻ ചെന്നുപെട്ട തെരുവുകൾ-
ഞാനെത്തും മുമ്പേ പക്ഷേ,
അവ നടന്നു മറയുകയുമാണു നീ.
ചിലനേരം തെരുവിൽ ഒരു ജനാലച്ചില്ലിൽ ഞാന്‍ കാണുന്നു
നിന്റെ സാന്നിദ്ധ്യത്തിന്റെ വിഭ്രമം,
പിന്നെയെന്നെ കുലുക്കിയുണർത്തുന്നു
എന്റെതന്നെ ആകസ്മികച്ഛായ.
ആരറിഞ്ഞു?
ഒരേയൊരു കിളിയാവാം
ഇന്നലെ സന്ധ്യയ്ക്കു നാമിരുവരിൽ
വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും...


മാനേ-ഉദ്യാനത്തില്‍ ഉലാത്തുന്ന സ്ത്രീ


Friday, October 8, 2010

റില്‍ക്കെ-ഭാവനാജീവിതം


File:Rousseau - Zur Feier des Kindes.jpeg
ആദ്യമൊരു ബാല്യം, അതിരറ്റതും ലക്ഷ്യഹീനവും,
ഹാ, ബോധശൂന്യമായ മാധുര്യം.
പിന്നെപ്പൊടുന്നനേ, ഭീതികൾ, വിലക്കുകൾ, പഠനമുറികൾ, അടിമത്തം,
പതനത്തിന്റെ പ്രലോഭനം, നഷ്ടബോധവും.
പിന്നെയവൻ ധിക്കരിക്കുന്നു. മുട്ടുകുത്തിയ ശിശു മുട്ടുകുത്തിക്കുന്നു,
ഒരിക്കൽ താൻ കുടിച്ച കയ്പ്പുനീരവനന്യരെക്കുടിപ്പിക്കുന്നു.
ഇഷ്ടൻ, ശത്രു, രക്ഷകൻ, വിജയി,
അവൻ പക വീട്ടുന്നു, വഴിയ്ക്കു വഴിയെ.
ഒടുവിലൊറ്റയ്ക്കതിരു കാണാത്ത, തണുത്ത പാഴ്നിലത്തിൽ.
എന്നിട്ടും മുതിർന്ന ഹൃദയത്തിനടിയിൽ ശേഷിക്കുന്നു
ആദ്യത്തെ, പണ്ടത്തെ ലോകത്തിനായൊരു മോഹം.
പിന്നെ, പതിയിരിക്കുന്നിടത്തു നിന്നു ചാടിവീഴുന്നു-ദൈവം.

ചിത്രം-ഹെന്റി റൂസ്സോ

Thursday, October 7, 2010

റില്‍ക്കെ-സന്ധ്യനേരത്തൊരു പ്രണയഗീതം


File:Claude Monet, Saint-Georges majeur au crépuscule.jpg

സന്ധ്യനേരത്തൊരു പ്രണയഗീതമെഴുതുന്നു
അലങ്കാരമേഘങ്ങൾ;
ഒരു വഴി വഴുതിമാറിപ്പോകുന്നു;
നമ്മുടെ രാത്രികളുടെ
അടുത്ത അദ്ധ്യായം തുറക്കുന്നു
ചന്ദ്രക്കല-
നാം നടുനീർക്കുന്ന ദുർബലരാത്രികൾ,
ഈയിരുണ്ട നിരപ്പുകളിലലിയുന്ന രാത്രികൾ.


ചിത്രം-ക്ലോഡ്‌ മോനെ


റില്‍ക്കെ-അടുത്ത മുറിയിലെ ദൈവമേ...



അടുത്ത മുറിയിലെ ദൈവമേ,
രാത്രിയിൽ ചിലനേരം നിന്റെ വാതിലിലുറക്കെ മുട്ടി
ഞാൻ പൊറുതി മുട്ടിച്ചാൽ,
ക്ഷമിക്കണേ:
പുറത്തു കേൾക്കുന്നതേയില്ലല്ലോ
നിന്റെയൊരനക്കവും?
നീ ഒറ്റയ്ക്കാണെന്ന്എനിക്കറിയാം.
ആരുണ്ടാവും,
ഇരുട്ടത്തു ദാഹിച്ചുപരതുന്ന നിന്റെ കൈയിൽ
ഒരു പാത്രം വെള്ളമെടുത്തു തരാൻ?
ഒരു നിശ്വാസയച്ചാല്‍ മതി നീ:
കാതോർത്തരികെത്തന്നെ ഞാനുണ്ടാവും.
ഈ നേർത്ത ചുമരല്ലേ
നമുക്കിടയിലുള്ളു,
അതും യദൃച്ഛയാ വന്നുപെട്ടതും?
നീയല്ലെങ്കിൽ ഞാൻ,
ഒരാൾ മറ്റൊരാളെ ഒന്നു വിളിച്ചാൽ മതി,
ഈ ചുമരിടിഞ്ഞുവീഴും
-ഒരൊച്ചയും കേൾപ്പിക്കാതെ.





link to image

റില്‍ക്കെ-എനിക്കു ജന്മം തന്ന തമസ്സേ...


എനിക്കു ജന്മം തന്ന തമസ്സേ,
ലോകത്തിനതിരിടുന്ന അഗ്നിയെക്കാൾ
എനിക്കിഷ്ടം നിന്നെ:
താൻ തിളക്കുന്ന വൃത്തത്തിലൊതുക്കുന്നു
വെളിച്ചം നിങ്ങളെ,
അന്യർക്കദൃശ്യനാക്കുന്നു നിങ്ങളെ.

അന്ധകാരം പക്ഷേ, തന്നിൽ സഞ്ചയിക്കുന്നു സർവതും:
രൂപങ്ങൾ, നാളങ്ങൾ, ജീവികൾ, പിന്നെ ഞാൻ,
ജനതകൾ, രാഷ്ട്രങ്ങളും.
എനിക്കരികില്‍ സ്പന്ദിക്കുന്നതൊരു മഹനീയസാന്നിദ്ധ്യമെ-
ന്നെനിക്കു ഭാവനയും ചെയ്യാം.

എനിക്കു വിശ്വാസം രാത്രികളെ.


Tuesday, October 5, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബര്‍ട്ട് -പള്ളിയെലി


                                              File:Simple mouse.svg

ഓടയുടെ ഓരം ചേർന്നോടിപ്പോവുകയായിരുന്നു വിശന്നുപൊരിഞ്ഞ ഒരെലി. വെണ്ണക്കട്ടിയ്ക്കു പകരം അതിന്റെ മുന്നിൽ വച്ചുകൊടുത്തത് ഒരു പള്ളിയായിരുന്നു. ഉള്ളിലേക്കതു കയറിച്ചെന്നത് എളിമയും ഭക്തിയും കൊണ്ടൊന്നുമല്ല, യാദൃച്ഛികമായിട്ടായിരുന്നു.

ചെയ്യേണ്ടതൊക്കെ അതു ചെയ്തു: കുരിശ്ശിനു മുന്നിലേക്കതിഴഞ്ഞുചെന്നു, അൾത്താരകൾക്കു മുന്നിൽ മുട്ടുകുത്തി, ഒരു ചാരുബഞ്ചിൽ ചെന്നിരുന്നു മയങ്ങി. ഒരു മണി മന്നാ പോലും അതിന്റെ മുന്നിലേക്കിറങ്ങിച്ചെന്നില്ല. കടലുകളുടെ ക്ഷോഭം ശമിപ്പിക്കുന്ന തിരക്കിലായിരുന്നു ദൈവമപ്പോൾ.

പള്ളിയ്ക്കു പുറത്തു കടക്കാൻ എലിയ്ക്കു വഴിയും കണ്ടില്ല. അതൊരു പള്ളിയെലിയായി. മൗലികമായ ഒരു വ്യത്യാസം. പാടത്തു ജീവിക്കുന്ന തന്റെ സഹോദരിമാരെക്കാൾ മനസ്സുറപ്പു കുറഞ്ഞവളായിരുന്നു ഈ എലി; അവൾക്കു ഭക്ഷണം വെറും പൊടി; അവളുടെ മണം കുന്തിരിക്കത്തിന്റേതും; അതിനാൽ അവൾ എവിടെയുണ്ടെന്നറിയുക എളുപ്പവുമായിരുന്നു.

എന്നു പറഞ്ഞാൽ, ഒരു പരിധി വരെ.

പൊന്നു കൊണ്ടുള്ള വിശുദ്ധചഷകത്തിന്റെ അടിയിൽ ദാഹത്തിന്റെ ഒരു കറുത്ത തുള്ളി കിടക്കുന്നത് ആളുകൾ ഒരിക്കൽ കണ്ടു.


link to image

Monday, October 4, 2010

അന്തോണിയോ മച്ചാദോ-ബോധത്തിനു രൂപങ്ങൾ...


File:FavorskY Pilnyak 02.jpg

ബോധത്തിനു രൂപങ്ങൾ രണ്ട്:
ഒന്നു വെളിച്ചം, മറ്റേതു സഹനം.
കടലിന്റെ കയങ്ങളിൽ വെളിച്ചം പായിക്കുക, ഒന്ന്;
ചൂണ്ടക്കോലും വലയുമായി കാത്തിരിക്കുക മറ്റേത്.
പറയൂ, ഏതു ഭേദം?
ഒരിക്കലും പിടി തരാത്തവ,
ജീവനുള്ള മത്സ്യങ്ങൾ
ആഴങ്ങളിൽ നീന്തുന്നതും കണ്ടിരിക്കുന്ന
ദാർശനികന്റെ ബോധമോ,
ചത്ത മത്സ്യങ്ങളെ മണലിൽ കൊട്ടിയിടുന്ന
ഈ നശിച്ച തൊഴിലോ?


നെരൂദ-യൗവനം


File:Page A masque of poets 1878 djvu 8.png

വഴിവക്കിലെ പ്ളം മരങ്ങളെടുത്തുവീശുന്ന അമ്ളഖഡ്ഗങ്ങൾ പോലെ ഒരു ഗന്ധം,
പല്ലുകളിൽ കല്ക്കണ്ടത്തരികൾ പോലെ ചുംബനങ്ങൾ,
വിരൽത്തുമ്പുകളിൽ തുള്ളിയിറ്റുന്ന ജീവിതം,
രതിയുടെ മധുരഫലം,
മുറ്റങ്ങൾ, വൈക്കോൽക്കൂനകൾ,
വീടുകളുടെയാഴങ്ങളിലൊളിഞ്ഞു മോഹിപ്പിക്കുന്ന ഉൾമുറികൾ,
പോയകാലത്തിൽ മയങ്ങിക്കിടക്കുന്ന മെത്തകൾ,
മറഞ്ഞ ജനാലയിൽ നിന്നു താഴത്തു കണ്ട വന്യമായ പച്ചത്താഴ്വാരം:
മഴയത്തു ചരിഞ്ഞുവീണ വിളക്കുപോലെ പൊട്ടിയും കത്തിയും കൗമാരം.


Sunday, October 3, 2010

റില്‍ക്കെ-നിന്റെ വചനങ്ങളിലാദ്യമായതു വെളിച്ചം...


നിന്റെ വചനങ്ങളിലാദ്യമായതു വെളിച്ചം,
കാലത്തിനാരംഭമായതങ്ങനെ;
പിന്നെ മൗനിയായി നീ ചിരകാലം.

പിന്നെ നിന്റെ വചനമായതു മനുഷ്യൻ,
ഭീതി തുടങ്ങിയതുമങ്ങനെ,
ആ ഭീതിയൊഴിഞ്ഞിട്ടില്ല ഞങ്ങൾക്കിനിയും.

വീണ്ടും നാവെടുക്കാൻ  തുടങ്ങുകയോ നീ?
എനിക്കു കേൾക്കേണ്ടിനിയത്തെ വചനം.

ചിലനേരം പ്രാത്ഥിക്കാറുണ്ടു ഞാൻ:
ചേഷ്ടകളായി മതി നിന്റെ ചെയ്തികൾ.
മുഖങ്ങളിൽ, ശിലകളിൽ വരഞ്ഞിട്ടോളൂ
നിന്റെ മൗനത്തിനർത്ഥമിന്നതെന്നും.

പറുദീസ ഞങ്ങൾക്കു വിലക്കിയ ക്രോധത്തിൽ
ഞങ്ങൾക്കഭയമാകട്ടെ നീ.

ഞങ്ങൾക്കൊരിടയനുമാവട്ടെ നീ,
എന്നാൽ വിളിക്കരുതു ഞങ്ങളെ:
നീ കരുതിവച്ചിരിക്കുന്നതെന്തെന്നറിയാൻ
ത്രാണിയില്ലല്ലോ ഞങ്ങൾക്ക്.


നെരൂദ- ഉപ്പിന്റെ പനിനീർപ്പൂവല്ല, പുഷ്യരാഗമല്ലെനിക്കു നീ...





ഉപ്പിന്റെ പനിനീർപ്പൂവല്ല, പുഷ്യരാഗമല്ലെനിക്കു നീ,
അഗ്നിബാണങ്ങൾ തൊടുക്കുന്ന ലവംഗപുഷ്പവുമല്ല നീ;
നിന്നെ ഞാൻ  സ്നേഹിക്കുന്നതിരുണ്ട ചിലതിനെയെന്നപോലെ,
രാത്രിക്കുമാത്മാവിനുമിടയിലൊളിവായിട്ടെന്നപോലെ.

നിന്നെ ഞാൻ സ്നേഹിക്കുന്നതു പൂവിടാത്ത ചെടിയെപ്പോലെ,
ആ പൂക്കളുടെ വെളിച്ചമെന്നാലുള്ളിലൊളിപ്പിക്കുന്നവളെപ്പോലെ;
നിന്റെ പ്രണയം പ്രസാദിച്ചു മണ്ണിൽ നിന്നു കുതികൊള്ളുന്നു,
എന്റെയുടലിൽ കുടിയേറുന്നു നിശിതമായൊരു പരിമളം.

നിന്നെ ഞാൻ സ്നേഹിക്കുന്നതെങ്ങനെ,യെപ്പോ,ളെവിടെയെന്നറിയാതെ,
എന്റെ പ്രണയം കേവലം, അതിനില്ല സന്ദേഹങ്ങ,ളഭിമാനങ്ങളും,
മറ്റൊരു വിധമറിയില്ലെന്നതിനാൽ എന്റെ പ്രണയമീവിധം.

പ്രണയത്തിന്റെ ഈ പ്രകാരത്തിൽ, നീയില്ല, ഞാനുമില്ല;
അതത്ര ഗാഢം, എന്റെ മാറത്തു നിന്റെ കൈ എന്റെ കൈയാകുമ്പോലെ,
അതത്ര ഗാഢം, ഞാനുറങ്ങുമ്പോൾ നിന്റെ കണ്ണുകളടയുമ്പോലെ.

പ്രണയഗീതകം  - 17

Friday, October 1, 2010

റില്‍ക്കെ-എനിക്കത്ര ഭയമാണു മനുഷ്യരുടെ വാക്കുകളെ...



എനിക്കത്ര ഭയമാണു മനുഷ്യരുടെ വാക്കുകളെ...


എനിക്കത്ര ഭയമാണു മനുഷ്യരുടെ വാക്കുകളെ,
എത്ര വ്യക്തമാണവരുടെ വിവരണങ്ങൾ.
ഇതവർക്കു നായ, അതൊരു വീടും.
ഇവിടെ തുടക്കം, അവിടെയൊടുക്കവും.

എനിയ്ക്കു വേവലാതി,
വാക്കുകൾ കൊണ്ടവർ ഗോഷ്ടി കാട്ടുമ്പോള്‍ ;
എന്തുമേതും അവർക്കറിയാം,
വരാനുള്ളതും വന്നുപോയതും.
ഒരു മലയുമവർക്കത്ഭുതമല്ല;
അവരുടെ വീടും വീട്ടുമുറ്റവും
ദൈവത്തിലേക്കെത്തുന്നുമുണ്ട്.

എനിക്കൊരാക്ഷേപമുണ്ട്, ഒരു താക്കീതും:
വസ്തുക്കൾ വസ്തുക്കളായിരിക്കട്ടെ!
എനിക്കു രസം അവയുടെ മന്ത്രിക്കൽ കേട്ടിരിക്കാൻ.
തൊടാതെ പക്ഷേ, പറ്റില്ല നിങ്ങൾക്ക്;
തൊടുമ്പോളവ നിശ്ശബ്ദമാവുന്നു, നിശ്ചേഷ്ടമാവുന്നു.
നിങ്ങൾ കൊല്ലുന്നതങ്ങനെ.


എന്റെ കണ്ണുകളൂതിക്കെടുത്തുക...


എന്റെ കണ്ണുകളൂതിക്കെടുത്തുക,
എന്നാലുമെനിയ്ക്കു കാണാം നിന്നെ;
എന്റെ കാതുകൾ കൊട്ടിയടയ്ക്കുക,
എന്നാലുമെനിയ്ക്കു കേൾക്കാം നിന്നെ;
എനിയ്ക്കു വേണ്ട കാലടികൾ
നിന്നിലേക്കു നടന്നെത്താൻ;
ഈ നാവിന്റെ തുണ വേണ്ട
എനിക്കു നിന്നെ ജപിച്ചുവരുത്താൻ;
എന്റെ കൈകൾ തല്ലിയൊടിയ്ക്കുക,
എന്റെ ഹൃദയം നിന്നെയെത്തിപ്പിടിയ്ക്കും;
എന്റെ ഹൃദയം സ്തംഭിപ്പിക്കുക,
എന്റെ ശിരസ്സു സ്പന്ദിക്കും പിന്നെ;
എന്റെ ശിരസ്സിനും നീ തീയിട്ടാലോ,
ചോരയിൽ നിന്നെയും കൊണ്ടു പായും ഞാൻ.