Tuesday, October 19, 2010

ഒനോനോ കോമാച്ചി (825-900)


*
എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നില്ക്കുന്നു ഞാൻ.

*

നിറം കെട്ടു വാടുന്നു പൂക്കൾ-
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ, തോരാതെ
മഴ നിന്നു പെയ്തതുമിങ്ങനെ.

*

എന്റെയുടലിനു ശരല്ക്കാലം
അവന്റെ തണുത്ത ഹൃദയം-
പഴുക്കിലകൾ കൊഴിയുമ്പോലെ
ദുഃഖിച്ചുവീഴുന്നു വാക്കുകൾ.

*

വിസ്മൃതിയുടെ പൂവിറുക്കാമെ-
ന്നോർത്തതേയുള്ളു ഞാൻ;
അവന്റെ ഹൃദയത്തിലതു
വളരുന്നതു കണ്ടു ഞാൻ.

*

അവനെയോർത്തുകൊണ്ടുറങ്ങുമ്പോഴോ
സ്വപ്നത്തിലവൻ വന്നു?
കാണുന്നതു സ്വപ്നമെന്നറിഞ്ഞിരുന്നെങ്കിൽ
ഉണരുമായിരുന്നില്ല ഞാൻ.

*

ശരല്ക്കാലരാത്രി ദീർഘമെന്നു പറയുന്നതു വെറുതെ.
അന്യോന്യം നോക്കിയിരിക്കുകയല്ലാ-
തൊന്നും ചെയ്തില്ല നാമിതേവരെ.
എന്നിട്ടുമിതാ, പുലരിയെത്തി!

*

അതിരില്ലാത്ത പ്രണയത്തിനടിമപ്പെട്ട ഞാൻ
അവനെത്തേടിയിറങ്ങണം;
സ്വപ്നത്തിൽ വഴിനടക്കുന്നതു
വിലക്കിയിട്ടില്ലല്ലോ ലോകമിതേവരെ.

*

കതിരിട്ട പാടത്തു ശീതക്കാറ്റിന്റെ താണ്ഡവം-
എനിക്കു പേടിയാവുന്നു,
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ?

*

എത്രയോർമ്മകളുണ്ടായിരിക്കണമാ
പൈൻമരത്തിനും?
ആയിരമാണ്ടു കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നതു മണ്ണിലേക്ക്.

*

എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം.
ഞാനതിൽ കേറിയിരുന്നിട്ടേയുള്ളു,
തൂവാനമടിച്ചാകെക്കുളിച്ചുപോയ് ഞാൻ.


കോമാച്ചി- വിക്കിപീഡിയ ലേഖനം


No comments: