Sunday, October 10, 2010

റില്‍ക്കെ-ഇല കൊഴിയും കാലം


File:Fall leaves.png

ഇലകൾ വീഴുന്നു, ദൂരെയെങ്ങോ നിന്നെന്നപോലെ,
മാനത്തെ വിദൂരോദ്യാനങ്ങളിൽ നിന്നു വാടിവീഴുമ്പോലെ,
ജീവിതനിഷേധത്തിന്റെ ചേഷ്ടകളും കാട്ടി അവ വീഴുന്നു.

രാത്രിയിൽ ഭാരം വച്ച ഭൂമിയും വീഴുന്നു,
നക്ഷത്രങ്ങളിൽ നിന്നേകാന്തതയിലേക്കതു വീഴുന്നു.

നാമൊക്കെയും വീഴുന്നു. ഒരു കൈയതാ വീഴുന്നു.
മറ്റേതൊന്നു നോക്കൂ: ഏതിനുമിതുതന്നെ ഗതി.

എന്നാലുമൊരുവനുണ്ടല്ലോ, വീഴുന്നതൊക്കെയും താങ്ങാൻ
എന്നുമെന്നും ദാക്ഷിണ്യത്തിന്റെ കൈകളുമായി.