പകർത്തിയെഴുതുന്നു ഞാൻ മലകളെ, പുഴകളെ, മേഘങ്ങളെ.
മഷി കുടഞ്ഞു കുറിച്ചിടുന്നു ഞാൻ ചിറകെടുത്തൊരു പക്ഷിയെ,
പട്ടുനൂലിഴയിടുന്നൊരെട്ടുകാലിയെ.
മറ്റൊന്നുമില്ലെന്റെ മനസ്സിലന്നേരം.
വായു ഞാൻ, തെളിഞ്ഞ വായു ഞാൻ,
ഗോതമ്പുകതിരുകൾ ചായുന്നുണ്ടവിടെ,
അവിടെയുണ്ടൊരു കിളിയുടെ ചിറകടികൾ,
ഒരിലയുടെ പതറിയ പതനം,
ചിറയിലൊരു മീനിന്റെ അടയാത്ത നേത്രഗോളം,
തുഴഞ്ഞുനീങ്ങുന്ന പ്രതിമകൾ പോലെ മേഘരൂപങ്ങൾ,
മഴയുടെ പെരുക്കങ്ങൾ.
മറ്റൊന്നുമില്ലെന്റെ മനസ്സിലന്നേരം:
മറുപുറം കാണുന്ന വേനൽ മാത്രം.
കാറ്റുകളാണെന്റെ പാട്ടുകളൊക്കെ.
അലങ്കരിച്ച വാഹനങ്ങളിൽ
പതക്കങ്ങളും ശവക്കച്ചകളും വാരിക്കേറ്റി
ചരിത്രം കടന്നുപോകുമ്പോൾ
വസന്തമൊത്തേകാകിയായി,
മനസ്സിൽ പുഴയുടെ ഓർമ്മകളുമായി,
ഞാൻ നില്ക്കുന്നു.
ഇടയാ, ഇടയാ,
നിന്നെക്കാത്തുനില്ക്കുകയാണവരെന്നറിയില്ലേ?
അറിയാ,മതെനിക്കറിയാം:
എന്നാലുമീ പുഴയ്ക്കരികെ,
ചീവീടുകൾ സല്ലപിയ്ക്കുമിവിടെ,
എന്നെക്കാത്തെനിയ്ക്കു നില്ക്കണം,
എന്നെക്കാത്തവർ നിന്നാലും.
എനിയ്ക്കെന്നെയൊന്നു നോക്കിക്കാണണം.
എന്റെ മനസ്സിലിരിപ്പുകളെനിയ്ക്കൊന്നറിയണം.
പിന്നെ,യെന്റെ വരവും കാത്തു
ഞാൻ നില്ക്കുമിടത്തു ഞാനെത്തിയതിൽപ്പിന്നെ,
എനിക്കൊന്നുറങ്ങണം,
ചിരിച്ചു ചിരിച്ചു മരിയ്ക്കണം.
1 comment:
എനിയ്ക്കെന്നെയൊന്നു നോക്കിക്കാണണം.
എന്റെ മനസ്സിലിരിപ്പുകളെനിയ്ക്കൊന്നറിയണം.
പിന്നെ,യെന്റെ വരവും കാത്തു
ഞാൻ നില്ക്കുമിടത്തു ഞാനെത്തിയതിൽപ്പിന്നെ,
എനിക്കൊന്നുറങ്ങണം,
ചിരിച്ചു ചിരിച്ചു മരിയ്ക്കണം.
കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
എന്നാലും ഈ വരികള്‍ ഇഷ്ടമായി.
Post a Comment