Tuesday, March 31, 2009

അന്റോണിയോ മച്ചാഡോ



നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത്‌
നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല,
അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്‌.

***

കണ്ണാടിയിൽ നോക്കുമ്പോൾ
മറ്റേയാളെക്കൂടി നോക്കുക-
നിങ്ങളോടൊപ്പം നടക്കുന്ന
മറ്റേയാളെ.

***

ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ
മൂന്നാമതൊന്നുകൂടിയുണ്ട്‌;
അതെന്താണെന്നൂഹിക്കൂ.

***

നിങ്ങളിലെ നാഴ്സിസസ്‌
കണ്ണാടിയിൽ തന്നെ കാണുന്നില്ല;
അതെങ്ങനെ ,
കണ്ണാടിയും അയാൾ തന്നെയല്ലേ.

***

ശ്രദ്ധിക്കൂ,
ഒരു ഹൃദയം മാത്രമായി
ഹൃദയമാവുന്നില്ല.

***

ജീവിതം കേമം
സ്വപ്നംകാണൽ അതിലും കേമം
അതിനെക്കാളൊക്കെക്കേമമമ്മേ
ഉറക്കം വിട്ടെഴുന്നേൽക്കൽ.


***

ഏകാന്തത്തിലിരിക്കുമ്പോൾ
ഒപ്പമുണ്ടു ചങ്ങാതിമാർ,
അവരോടൊപ്പമിരിക്കുമ്പോൾ
അവരെത്രയകലെ.

***

എന്റെ തീ കെട്ടെന്നു ഞാൻ കരുതി,
ചാമ്പലിളക്കി നോക്കി ഞാൻ;
കൈ പൊള്ളിയതങ്ങനെ.

***

പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ?
മറ്റേപ്പാതി കൂടി പറഞ്ഞാൽ
നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ
ആൾക്കാർ പറയൂ.

***

യേശു പഠിപ്പിച്ചത്‌:
നിന്നെപ്പോലെ നിന്റെ
അയൽക്കാരനെയും സ്നേഹിക്കുക;
അന്യനാണയാളെന്നതു
മറക്കുകയും വേണ്ട.


***

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട;
ശരിതന്നെ,
അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല,
മുടി കറുപ്പിക്കാനുമല്ല.

Saturday, March 28, 2009

മുല്ലാനസ്രുദീൻകഥകൾ-12

121. കാണാതായ കഴുത

ഒരു കൃഷിക്കാരനു തന്റെ കഴുതയെ നഷ്ടപ്പെട്ടു. അയാൾ ഒരു കയറുമായി അതിനെ അന്വേഷിച്ചു പുറപ്പെട്ടു; വഴിക്ക്‌ അയാൾ നസ്രുദീനെ കണ്ടുമുട്ടി. നമുക്കൊരുമിച്ചന്വേഷിക്കാമെന്നു പറഞ്ഞ്‌ നസ്രുദീനും കൂട്ടത്തിൽക്കൂടി. പോകുന്ന വഴി അവർ ഒരു സത്രത്തിൽ കയറി. അവിടെ കൂടിയിരുന്നവരോട്‌ നസ്രുദീൻ വിളിച്ചുചോദിച്ചു:
'നിങ്ങളിൽ പുകവലിക്കാത്തവനും ചായ,കാപ്പികൾ കുടിക്കാത്തവനുമായി ആരെങ്കിലുമുണ്ടോ?'
ഒരാൾ കൈപൊക്കി. നസ്രുദീൻ കൃഷിക്കാരനോടു പറഞ്ഞു:
' കയർ ആ ചങ്ങാതിയുടെ കഴുത്തിലേക്കിട്ടേക്ക്‌; അവനാണൊന്നാന്തരം കഴുത!'


122. പല്ലുവേദന

നസ്രുദീൻ പല്ലുവേദനയുമായി തെരുവിലൂടെ നടക്കുകയാണ്‌. പെട്ടെന്നൊരു നിലവിളി കേട്ടു. 'എന്തുപറ്റി ചങ്ങാതീ?' നസ്രുദീൻ വിളിച്ചു ചോദിച്ചു. 'എന്നെയൊരു പാമ്പു കടിച്ചു!' 'അത്രേയുള്ളോ? ഞാൻ കരുതി പല്ലുവേദനയായിരിക്കുമെന്ന്!'


123. നസ്രുദീൻ കുലുക്കമില്ലാത്തയാളാണ്‌!

നസ്രുദീന്റെ വീടിനു തീപ്പിടിച്ചു. 'നസ്രുദീനേ, തന്റെ വീടിനു തീപ്പിടിച്ചു! ഓടിച്ചെന്ന് അതണയ്ക്കാൻ നോക്ക്‌!' അയൽക്കാർ ബഹളം കൂട്ടി. 'തീ പിടിച്ചോട്ടെന്നേ,' നസ്രുദീൻ അക്ഷോഭ്യനായിരുന്നു. 'താക്കോൽ എന്റെ കൈയിലല്ലേ!'


124. അല്ലാഹുവിന്റെ ഭവനം

ഒരു ഭിക്ഷക്കാരൻ നസ്രുദീന്റെ വീടിന്റെ വാതിൽക്കൽ മുട്ടിയിട്ടു പറഞ്ഞു: 'ഇവിടെ വന്നാൽ ഭക്ഷണം കിട്ടുമെന്നു പറഞ്ഞ്‌ അല്ലാഹു എന്നെ വിട്ടതാണ്‌.' 'തനിക്കു വീടു തെറ്റിയെന്നു തോന്നുന്നു; അല്ലാഹുവിന്റെ താമസം അവിടെയാണ്‌!' അടുത്ത പള്ളി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ നസ്രുദീൻ പറഞ്ഞു.



125. അവസാനത്തെ ചിരി

നസ്രുദീൻ മരണക്കിടക്കയിലാണ്‌. ഭാര്യമാർ രണ്ടുപേരും കറുത്ത പർദ്ദയും ധരിച്ച്‌ വിഷാദിച്ചിരിക്കുമ്പോൾ നസ്രുദീൻ അവരോടു പറഞ്ഞു: 'ഇതെന്താണിങ്ങനെ? ആ പർദ്ദയൊക്കെ ഊരിക്കളയൂ. മുഖം കഴുകി, മുടി കോതി, നല്ല വേഷവും ധരിച്ച്‌ സുന്ദരികളായിട്ടിരിക്കൂ.' 'ഭർത്താവു മരിക്കാൻ കിടക്കുമ്പോൾ ഞങ്ങളെങ്ങനെ സന്തോഷിക്കും?' ഒരു ഭാര്യ ചോദിച്ചു. ഒരു വരണ്ട ചിരിയോടെ നസ്രുദീൻ തന്നോടെന്നപോലെ ഇങ്ങനെ പറഞ്ഞു: 'മരണത്തിന്റെ മാലാഖ കടന്നുവരുമ്പോൾ നവവധുക്കളെപ്പോലെ അണീഞ്ഞൊരുങ്ങിയിരിക്കുന്ന നിങ്ങളെക്കണ്ട്‌ എനിക്കു പകരം നിങ്ങളിലൊരാളെ കൊണ്ടുപോയാലോ!'
എന്നിട്ടു മുല്ലാ നസ്രുദീൻ കണ്ണുകളടച്ചു.
*

Sunday, March 22, 2009

കാഫ്കയുടെ വിചാരണ


ഈ വാതിൽക്കലെത്തി തിരിച്ചുപോകുന്നവനു ഹാ, കഷ്ടം;
മറ്റൊരു വാതിൽ അയാൾക്കു കണ്ടെത്താനുമില്ല.
(സാ-ദി)

ബാങ്ക്‌ ഓഫീസറായ ജോസഫ്‌.കെ ഒരു ദിവസം കാലത്ത്‌ സ്വന്തം കിടക്കയിൽ വച്ച്‌ അറസ്റ്റിലാവുന്നു. താനെന്തു കുറ്റമാണു ചെയ്തതെന്ന് അയാൾക്കറിയില്ല; അറസ്റ്റു ചെയ്യാൻ വന്നവർക്കു പോലും അതിനെകുറിച്ച്‌ കൃത്യമായ ഒരു വിവരമില്ല. അയാൾ അറസ്റ്റിലാണ്‌, അത്ര തന്നെ; തന്റെ നിത്യജീവിതം നയിക്കുന്നതിന്‌ അയാൾക്കതൊരു തടസ്സവുമല്ല. പക്ഷേ അതിനെ ഗൗരവത്തിലെടുക്കാൻ പോയി എന്നതാണ്‌ അയാൾ പിന്നീടു ചെയ്ത തെറ്റ്‌; തന്റെ ദൈനന്ദിനജീവിതത്തിലെ സാധാരണമായ ഒരു പ്രവൃത്തിയോ ചേഷ്ടയോ കൊണ്ട്‌ അയാൾക്കതു മറികടക്കാവുന്നതേയുണ്ടായിരുന്നുള്ളു. പകരം അയാൾ വിചാരണയ്ക്കു സ്വയം വിട്ടുകൊടുക്കുകയാണ്‌. വിപുലവും അടഞ്ഞതും തലതിരിക്കുന്നതും അന്തമറ്റതുമായ ഒരു പ്രക്രിയക്ക്‌ അയാൾ സ്വയം വഴങ്ങികൊടുക്കുകയാണ്‌. തന്നെ സഹായിക്കാൻ അയാൾ കൂട്ടുപിടിക്കുന്നതോ സംശയിക്കേണ്ട സ്വഭാവമുള്ള സ്ത്രീകളെ; സ്വന്തം പ്രാധാന്യത്തെ പെരുപ്പിച്ചുകാട്ടുന്ന, അനാരോഗ്യക്കാരായ വക്കീലന്മാരെ; മൂന്നാംകിട പെയ്ന്റർമാരെ. പക്ഷേ അയാളുടെ കേസ്‌ മുന്നോട്ടുപോവുന്നതേയില്ല; വിചാരണയ്ക്കായി അയാൾ ഒരു ജഡ്ജിയുടെ മുന്നിലേക്കെത്തുന്നതുമില്ല. നിയമവ്യവസ്ഥയുടെ പരിസരങ്ങളിൽ ചുറ്റിക്കറങ്ങുകയാണയാൾ. ഒരു ഭദ്രാസനപ്പള്ളിയിൽ വച്ച്‌ ഒരു വൈദികനുമായി നടത്തുന്ന സംഭാഷണം പോലും അയാൾക്കാശ്വാസം നൽകുന്നില്ല. അയാൾക്കൊന്നും വെളിപ്പെട്ടുകിട്ടുന്നില്ല. ഒടുവിൽ തന്റെ മുപ്പത്തൊന്നാം പിറന്നാളിന്റെ തലേന്നാൾ രണ്ടുപേർ അയാളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു; നഗരത്തിനു പുറത്ത്‌ ഒരു കന്മടയിൽ വച്ച്‌ അവർ തന്നെ കുത്തിക്കൊല്ലുന്നതിന്‌ അയാൾ വഴങ്ങിക്കൊടുക്കുന്നു. ഒരു പട്ടിയെപ്പോലെയാണു താൻ ചത്തതെന്ന നാണക്കേടു മാത്രമേ അയാൾക്കു ബാക്കിവയ്ക്കാനുള്ളു.

എഴുതിത്തീർക്കാത്തതോ എഴുതി ഉപേക്ഷിച്ചതോ ആയ (അന്ത്യരംഗം അരങ്ങേറുന്ന ആ കന്മട പോലെ) ഒരു കൃതിയായതുകൊണ്ടു തന്നെ ഈ നോവൽ സുഖമായി വായിച്ചുപോകാവുന്ന ഒന്നല്ല. ചുറ്റിച്ചുഴലുന്നപോലുള്ള വാക്യഘടന, നിയതമല്ലാത്ത ചിഹ്നനം ഇവയ്ക്കിടയിലൂടെ കാലുറയ്ക്കാതെ കടന്നുപോകുന്ന വായനക്കാരനു തന്റെ വഴി തെളിക്കുന്നതു പലപ്പോഴും കഥാപാത്രങ്ങളുടെ ചേഷ്ടകളാണ്‌; സജീവവും പ്രവചനാത്മകവും മിക്കപ്പോഴും രസകരവുമാണവ. പക്ഷേ അതിലും ജോസഫ്‌ കെ ഒരു പരാജയമാണെന്നതാണു വാസ്തവം. ഒരു ജഡപ്രകൃതിയാണയാൾ. അതുകൊണ്ടു തന്നെ സ്വന്തം മരണമെന്ന അന്ത്യകർമ്മം പോലും മറ്റുള്ളവർ ചെയ്തുതരാൻ കാത്തുകിടക്കുകയാണയാൾ. സ്വന്തം മോചനത്തിനു വഴിതുറക്കുന്ന ഒരു ചുവടുവയ്പ്പിനു പോലും ത്രാണിയില്ലാതെ ശരീരം മരവിച്ച ഒരാളാണെങ്കിൽപ്പോലും, ആ പരാജയമല്ല, വിലക്ഷണവും വിഫലവുമായ തന്റെ ജീവിതം അന്യർ കണ്ടുനിൽക്കുന്നു എന്നതാണ്‌ അയാൾക്കുണ്ഠയുണ്ടാക്കുന്നത്‌: അത്രയ്ക്കും അഭിമാനിയാണയാൾ.

എന്തിന്റെ പ്രതീകമാണു വിചാരണ? നിത്യവും നടക്കുന്ന ഒന്നായതിനാൽ അത്‌ ഒന്നിന്റെയും പ്രതീകമല്ല.
*

മുല്ലാനസ്രുദീൻകഥകൾ-11

111. പൂവനിട്ടൊരു പെട

നസ്രുദീൻ ഒരിക്കൽ ചന്തയിൽ പോയി ഒരു പൂവൻകോഴിയേയും കുറേ പിടകളേയും വാങ്ങി. പോരുന്ന വഴി അവയെ ഇറക്കിവിട്ടിട്ട്‌ എല്ലാറ്റിനെയും തന്റെ വീട്ടിലെത്തിക്കാൻ അയാൾ പൂവനെ ചട്ടം കെട്ടി. സ്വതന്ത്രരായ കോഴികളൊക്കെ പറന്നുപോയെന്നു പറയേണ്ടല്ലോ. പക്ഷേ പാവം പൂവനെ അയാൾക്കു പിടികിട്ടി. അവനിട്ടൊന്നു കൊടുത്തുകൊണ്ട്‌ മുല്ലാ അലറി: 'കഴുതേ, ആർക്കും കണ്ണു കണ്ടുകൂടാത്ത പുലർച്ചയ്ക്ക്‌ നിനക്കു സമയം നോക്കി തൊള്ള തുറക്കാനറിയാം; എന്നിട്ട്‌ എന്റെ നാട്ടിലേക്കുള്ള വഴി നിനക്കറിയില്ല, അല്ലേ!'
*



112. തിമൂറിനറിയാത്ത കാര്യം

തിമൂറിന്റെ കാലത്ത്‌ ശിക്ഷാവിധികൾ നിർദ്ദയമായിരുന്നു. ഏറ്റവും നിസ്സാരമായ കുറ്റത്തിനു പോലും ആളുകളെ കെട്ടിയിട്ടടിക്കുക പതിവായിരുന്നു. ഒരിക്കൽ നസ്രുദീൻ ഇതു കാണാനിടവന്നു. തിമൂർ ഒച്ചവയ്ക്കുകയാണ്‌: 'അവനഞ്ഞൂറ്‌! അവനായിരം!മറ്റവനായിരത്തഞ്ഞൂറ്‌!' അപ്പോൾ നസ്രുദീൻ ചോദിച്ചു: 'സുൽത്താനേ, അങ്ങെയ്ക്കു സകലതും അറിയാമോ?' 'പിന്നറിയില്ലേ!' തിമൂർ കോപത്തോടെ ചീറി. 'അങ്ങനെയല്ല,' നസ്രുദീൻ പറഞ്ഞു. 'അങ്ങേയ്ക്കറിയാത്ത ചിലതുണ്ട്‌. ആയിരത്തഞ്ഞൂറിന്റെ അർത്ഥമോ ചാട്ടയടിയുടെ ചൂടോ അങ്ങേയ്ക്കറിയില്ല!'
*


113. തിരിഞ്ഞതു കഴുത

എവിടെയോ യാത്രക്കിറങ്ങിയ നസ്രുദീൻ കഴുതപ്പുറത്തിരുന്നത്‌ തല തിരിഞ്ഞ്‌. 'നസ്രുദീനേ, താൻ കഴുതയ്ക്കു പുറം തിരിഞ്ഞാണിരിക്കുന്നത്‌!' ആളുകൾ വിളിച്ചുപറഞ്ഞു. 'ഹേയ്‌, അങ്ങനെയല്ല,' നസ്രുദീൻ അവരെ ബോധ്യപ്പെടുത്തി. 'കഴുതയാണു തിരിഞ്ഞുനിൽക്കുന്നത്‌.'
*


114. കോട്ടുവായ വരാനുള്ള കാരണങ്ങൾ

നസ്രുദീൻ ഒരിക്കൽ അടുത്തൊരു ഗ്രാമത്തിൽ പോയി. ആളുകൾ പക്ഷേ ലുബ്ധന്മാരായിരുന്നു. നസ്രുദീനു വിശന്നു. പക്ഷേ ആർക്കും അനക്കമില്ല. ഒരാൾ ചോദിക്കുകയാണ്‌: 'മുല്ലാ, ആളുകൾ കോട്ടുവായയിടുന്നതെന്തുകൊണ്ടാണ്‌?' 'രണ്ടുകാരണങ്ങളുണ്ട്‌,' നസ്രുദീൻ പറഞ്ഞു. 'ഒന്നുകിൽ ക്ഷീണം, അല്ലെങ്കിൽ വിശപ്പ്‌; എനിക്കു ക്ഷീണമില്ല!'
*


115. ചന്ദ്രന്റെ മതിപ്പുവില

നസ്രുദീൻ ഒരിക്കൽ അങ്ങാടിയിലൂടെ പോകുമ്പോൾ ഒരാൾ അടുത്തെചെന്ന് ഇങ്ങനെ ചോദിച്ചു: 'മുല്ലാ, ഇന്നത്തെ ചന്ദ്രനെങ്ങനെ, മൂന്നിലോ നാലിലോ?' 'അതെനിക്കെങ്ങനെയറിയാം? ഞാൻ ചന്ദ്രനെ കച്ചവടം ചെയ്യാറില്ല!'
*


116. ഏണിവിൽപ്പനക്കാരൻ

നസ്രുദീൻ തോട്ടത്തിന്റെ മതിലിൽ ഏണി ചാരി വച്ച്‌ ഉള്ളിൽക്കടന്നു. എന്നിട്ട്‌ ഏണിയും തോളിൽ വച്ചു നടക്കുമ്പോൾ തോട്ടക്കാരൻ ചെന്നു പിടികൂടി. 'താനാരാ? തനിക്കെന്താ ഇവിടെ കാര്യം?' 'ഏണി വിൽക്കാൻ വന്നതാണ്‌!' നസ്രുദീൻ കണ്ണു ചിമ്മാതെ പറഞ്ഞു. ' 'ഇതെന്താ ഏണി വിൽക്കാനുള്ള സ്ഥാലമാണോ?' തോട്ടക്കാരൻ വിടുന്ന മട്ടില്ല. 'മണ്ടച്ചാരേ,' നസ്രുദീനും വിട്ടില്ല 'ഇന്നയിടത്തേ ഏണി വിൽക്കാവൂ എന്നുണ്ടോ!'
*


117. പിടകൾക്കൊരു പൂവൻ

ഒരിക്കൽ കുറേ തെരുവുപിള്ളേർ നസ്രുദീനെ പിടിച്ച്‌ സ്നാനഗൃഹത്തിലേക്കു കൊണ്ടുപോയി. അവർ വസ്ത്രത്തിനുള്ളിൽ രഹസ്യമായി ഒരോ മുട്ടയും കരുതിയിരുന്നു. ഉള്ളിൽക്കടന്നിട്ട്‌ അവർ പറഞ്ഞു:'എല്ലാവരും മുട്ടയിട്ടാട്ടെ; മുട്ടയിടാത്തയാൾ ഇന്നത്തെ ചെലവു നടത്തണം.' എന്നിട്ടവർ പിടക്കോഴികളെപ്പോലെ കൊക്കിക്കൊണ്ട്‌ മുട്ടകളെടുത്തെറിയാൻ തുടങ്ങി. അവരുടെ കളി മനസ്സിലായ നസ്രുദീൻ പെട്ടെന്നു ചാടിയെഴുനേറ്റ്‌ ഒരു പൂവൻകോഴിയെപ്പോലെ കൂവാൻ തുടങ്ങി. 'നിങ്ങൾക്കെന്തു പറ്റി, നസ്രുദീനേ!' പിള്ളേർ അമ്പരന്നുപോയി. 'ഇത്രയും പിടകളുള്ളിടത്ത്‌ ഒരു പൂവനെങ്കിലും വേണ്ടേടാ മക്കളേ!' നസ്രുദീൻ ചിരിച്ചു.
*


118. കിണറ്റിൽ വീണ ചന്ദ്രൻ

നസ്രുദീൻ ഒരിക്കൽ കിണറ്റിൽ നിന്നു വെള്ളം കോരാൻ ചെന്നു. നോക്കുമ്പോൾ ചന്ദ്രൻ കിണറ്റിൽ വീണുകിടക്കുകയാണ്‌. ചന്ദ്രനെ പുറത്തെടുക്കേണ്ടേ!. അയാൾ വീട്ടിലേക്കോടി കയറും കൊളുത്തുമെടുത്തുകൊണ്ടുവന്ന് ചന്ദ്രനെ വെളിയിലെടുക്കാനുള്ള ശ്രമം തുടങ്ങി. അതിനിടയിൽ കൊളുത്ത്‌ കിണറ്റിനുള്ളിൽ എതോ കല്ലിൽ ഉടക്കിപ്പിടിച്ചു. നസ്രുദീൻ സർവ്വശക്തിയുമെടുത്ത്‌ ആഞ്ഞുവലിച്ചു. കയറു പൊട്ടി അയാൾ മലർന്നടിച്ചുവീഴുകയും ചെയ്തു. എന്നിട്ടു നോക്കുമ്പോൾ അതാ ആകാശത്തു ചന്ദ്രൻ വിളങ്ങിക്കൊണ്ടു നിൽക്കുന്നു! അയാൾ ആശ്വസിച്ചു, 'ഞാൻ വീണാലെന്ത്‌, ചന്ദ്രനെ അകാശത്തെത്തിച്ചില്ലേ!'


119. വാക്കു മാറാത്തയാൾ

'നസ്രുദീനേ, തനിക്കെത്ര വയസ്സായി?'
'നാൽപത്‌.'
ഇതുതന്നെയല്ലേ ആർകൊല്ലം മുമ്പും താൻ പറഞ്ഞത്‌?'
'ഞാൻ പറഞ്ഞതു മാറ്റിപ്പറയുന്നയാളല്ല!'
*


120. ഭാര്യയുടെ പേര്‌

നസ്രുദീനും ചങ്ങാതിയും കൂടി തങ്ങളുടെ ഭാര്യമാരെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. നസ്രുദീൻ ഒരിക്കലും തന്റെ ഭാര്യയുടെ പേരു പറഞ്ഞിട്ടില്ലെന്ന കാര്യം ചങ്ങാതിക്കോർമ്മ വന്നു.
'തന്റെ ഭാര്യയുടെ പേരെന്താ?' അയാൾ ചോദിച്ചു.
'അറിഞ്ഞുകൂടാ.' നസ്രുദീൻ സമ്മതിച്ചു.
'അതു കൊള്ളാം, തന്റെ കല്യാണം കഴിഞ്ഞിട്ടെത്ര കാലമായി?'
'ഇരുപതുകൊല്ലം,' നസ്രുദീൻ പറഞ്ഞു. 'പക്ഷെ അന്നെന്റെ വിചാരം ഈ കല്യാണം അധികകാലം നീണ്ടുനിൽക്കാൻ പോകില്ലെന്നായിരുന്നു; അതിനാൽ ഞാൻ അവളുടെ പേരു പഠിക്കാൻ ശ്രമിച്ചതുമില്ല!'
*

Thursday, March 19, 2009

നസ്രുദീൻകഥൾ-10

101. ശവപ്പറമ്പിലേക്കുള്ള വഴി

നസ്രുദീൻ വലിയൊരു മരത്തിൽ കയറിയിരുന്ന് അതിന്റെ കൊമ്പു മുറിക്കാൻ തുടങ്ങി. അതുവഴി പോയ ഒരാൾ അലറിവിളിച്ചു:
'ഹേയ്‌, താനെന്താണീ കാണിക്കുന്നത്‌! ഇരിക്കുന്ന കൊമ്പു മുറിക്കുകയോ? താൻ താഴെ വീണു ചാവും!'
നസ്രുദീൻ അതു ഗൗനിക്കാതെ മരംവെട്ടു തുടർന്നു; അധികം താമസിയാതെ അയാൾ മരക്കൊമ്പിനൊപ്പം താഴെ വീഴുകയും ചെയ്തു. വീണയാൾ പക്ഷേ ചതവും മുറിവുമൊന്നും കണക്കാക്കാതെ തന്റെ വീഴ്ച മുൻകൂട്ടിക്കണ്ടയാളിന്റെ പിന്നാലെ പാഞ്ഞു. 'ഞാൻ വീഴാൻ പോവുകയാണെന്നു പ്രവചിച്ച നിങ്ങൾക്ക്‌ ഞാൻ എന്നു മരിക്കുമെന്നുകൂടി പറയാൻ പറ്റും. അതെപ്പോഴാണെന്നൊന്നു പറയാമോ?' തനിക്കതൊന്നുമറിയില്ല എന്നു മറ്റേയാൾ പറഞ്ഞിട്ടും നസ്രുദീൻ വിട്ടില്ല. ഒടുവിൽ ശല്യം തീരട്ടെയെന്നുവച്ച്‌ അയാൾ ഇങ്ങനെയൊരു പ്രവചനം നടത്തി: 'നസ്രുദീന്റെ കഴുത വലിയൊരു കെട്ടു വിറകുമായി കുന്നു കയറിപ്പോകുമ്പോൾ അതു മൂന്നുവട്ടം കരയും; അന്നയാൾ മരിക്കും.' അങ്ങനെ നസ്രുദീൻ കഴുതയുമായി കുന്നു കയറിപ്പോകുമ്പോൾ കഴുത മൂന്നുവട്ടം കരഞ്ഞു. അയാളുടനെ 'ഞാൻ ചത്തു!' എന്നു പറഞ്ഞുകൊണ്ട്‌ തറയിൽ മലർന്നുകിടന്നുകിടക്കുകയും ചെയ്തു.
നാട്ടുകാർ അയാളെയെടുത്ത്‌ വിട്ടിൽക്കൊണ്ടുപോയി കുളിപ്പിച്ച്‌ ശവപ്പെട്ടിയിലാക്കി കുഴിച്ചിടാൻ കൊണ്ടുപോയി. പോകുന്നവഴിയ്ക്ക്‌ പാത രണ്ടായിപ്പിരിയുന്നിടത്ത്‌ അവർ നിന്നു; ഏതുവഴിയേ പോകണമെന്ന് അവർക്കു സംശയമായി. ക്ഷമ നശിച്ച നസ്രുദീൻ തല പുറത്തേക്കിട്ടുകൊണ്ട്‌ വിളിച്ചുപറഞ്ഞു: 'ജീവിച്ചിരുന്നപ്പോൾ ഞാൻ വഴിയാണ്‌ ശ്മശാനത്തിലേക്കു പോകാറുള്ളത്‌!'
*



102. ചെന്നായയെ എന്തിനു ശല്യപ്പെടുത്തണം

നസ്രുദീൻ മലയിൽ കയറി മരംവെട്ടുമ്പോൾ ഒരു ചെന്നായ വന്ന് അയാളുടെ കഴുതയെ കൊന്നു തിന്നുകളഞ്ഞു. ഇതു കണ്ട ആരോ അയാളെ വിളിച്ചുപറഞ്ഞു, 'നസ്രുദീനേ, തന്റെ കഴുതയെക്കൊന്ന ചെന്നായ അതാ കുന്നു കയറി പോകുന്നു!'
നസ്രുദീൻ തന്റെ കഴുതയുടെ അവശിഷ്ടങ്ങൾ നോക്കിയിട്ട്‌ ഇങ്ങനെ പറഞ്ഞു: ', ഇനിയെന്തു ചെയ്യാനാ? നിറഞ്ഞ വയറുമായി കുന്നു കയറാൻ നോക്കുന്ന ഒരു ചെന്നായയെ നമ്മളെന്തിനു ശല്യപ്പെടുത്തണം!'
*


103. മാറ്റമൊന്നുമില്ല

നസ്രുദീൻ ഒരിക്കൽ കഴുതപ്പുരത്തു കയറിപ്പോകുമ്പോൾ വഴിയേ പോയ ഒരാൾ ചോദിച്ചു,
'തന്റെ കഴുതയ്ക്ക്‌ എത്ര കാലുണ്ട്‌, നസ്രുദീനേ?'
നസ്രുദീൻ കഴുതപ്പുറത്തു നിന്നിറങ്ങിവന്ന് കഴുതയുടെ കാലുകൾ ഓരോന്നായി എണ്ണിത്തിട്ടം വരുത്തിയിട്ടു പറഞ്ഞു: 'നാലുകാലുണ്ട്‌.'
ഇതു കണ്ടുനിന്ന ചിലർ ചോദിച്ചു,
'തന്റെ കഴുതയ്ക്ക്‌ എത്ര കാലുണ്ടെന്ന് തനിക്കറിഞ്ഞൂടേടോ?'
'അറിയുകയൊക്കെച്ചെയ്യാം,' നസ്രുദീൻ പറഞ്ഞു. 'ഞാൻ ഏറ്റവും ഒടുവിൽ എന്റെ കഴുതയുടെ കാലുകളെണ്ണിയത്‌ ഇന്നലെ രാത്രിയിലാണ്‌; അതിനു ശേഷം എന്തെങ്കിലും മാറ്റം വന്നോയെന്നുറപ്പുവരുത്തണമല്ലോ?'
*


104. നിരപരാധിയായ കള്ളൻ

നസ്രുദീന്റെ കഴുത മോഷണംപോയി. വന്നുകൂടിയവർ പക്ഷേ അയാളെ കുറ്റപ്പെടുത്താണാണു തുടങ്ങിയത്‌ : 'തനിക്കെന്താ തൊഴുത്തു പൂട്ടിക്കൂടായിരുന്നോ? 'രാത്രിയിൽ അനക്കമൊന്നും കേട്ടില്ലേ?' 'കഴുതയെ നല്ലപോലെ കെട്ടിയിടണമായിരുന്നു.' നസ്രുദീൻ കുറെയൊക്കെ കേട്ടുക്ഷമിച്ച ശേഷം പറഞ്ഞു: 'ശരി, എല്ലാവരും കൂടി എന്നെയാണല്ലോ കുറ്റപ്പെടുത്തുന്നത്‌. കള്ളന്റെ മേൽ കുറ്റമൊന്നുമില്ല, അല്ലേ!'
*


105. മീനാരങ്ങൾ പണിയുന്ന രീതി

നസ്രുദീൻ ഒരിക്കൽ പട്ടണത്തിലേക്കു പോകുമ്പോൾ ഒരു ചങ്ങാതിയെക്കൂടിക്കൂട്ടി. പട്ടണത്തിലെ ഉത്തുംഗങ്ങളായ മീനാരങ്ങൾ കണ്ടപ്പോൾ ചങ്ങാതിക്കതിശയമായി.
'ഇത്രയും ഉയരത്തിൽ ഇവയെങ്ങിനെയാ പണിതൊപ്പിക്കുന്നത്‌?' അയാൾ ചോദിച്ചു.
'അതറിയില്ലേ,' നസ്രുദീൻ പറഞ്ഞു. 'കിണറുകളെടുത്ത്‌ കുത്തിനിർത്തുന്നതാണ്‌!'
*


106. വാത്തിനെത്ര കാല്‌?

തിമൂർ നസ്രുദീന്റെ നാട്ടിലെത്തി. നസ്രുദീൻ സുൽത്താനു കാഴ്ചവയ്ക്കാനായി ഒരു വാത്തിനെയും പൊരിച്ചെടുത്തുകൊണ്ട്‌ യാത്രയായി. പോകുന്ന വഴി അയാൾ കൊതി നിൽക്കാതെ വാത്തിന്റെ ഒരു കാലെടുത്തു തിന്നുകളഞ്ഞു.
ഒരു കാലു പോയ വാത്തിനെ കണ്ടപ്പോൾ തിമൂറിനു ദേഷ്യം പിടിച്ചു. മുടന്തനായ തന്നെ ആക്ഷേപിക്കാനായി മുല്ലാ മന:പൂർവം ചെയ്തതാണതെന്ന് അയാൾ ധരിച്ചു.
'വാത്തിന്റെ മറ്റേക്കാലെവിടെ?' തിമൂർ ഗർജ്ജിച്ചു.
' നാട്ടിലെ വാത്തുകൾക്ക്‌ ഒറ്റക്കാലേയുള്ളു, സുൽത്താനേ,' നസ്രുദീൻ താഴ്മയോടെ ഉണർത്തിച്ചു. പാടത്തു വെയിലും കൊണ്ടുനിൽക്കുന്ന വാത്തുകളെ അയാൾ ചൂണ്ടിക്കാണിച്ചു. ഒക്കെ ഒറ്റക്കാലിൽ നിൽക്കുകയാണ്‌!
'കന്നത്തം പറയുന്നോ!' തിമൂറിന്റെ ദേഷ്യം ഇരട്ടിച്ചു. വാത്തുകളെ ഓടിക്കാൻ സുൽത്താൻ ഭടന്മാരോടാജ്ഞാപിച്ചു. അവർ ഒച്ചയും ബഹളവുമായി ഇരച്ചുചെന്നപ്പോൾ വാത്തുകൾ രണ്ടുകാലും വച്ച്‌ ഓടിപ്പോവുകയും ചെയ്തു.
'ഇപ്പോൾ രണ്ടുകാൽ എവിടുന്നു വന്നു?' തിമൂർ നസ്രുദീനു നേരേ തിരിഞ്ഞു.
'ഇങ്ങനെ വിരട്ടാൻ ചെന്നാൽ അങ്ങായാലും രണ്ടല്ല, നാലുകാലും വച്ചോടിയേനേ!'
*


107. ചുമട്ടുകൂലി

നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിന്നു സാധനം വാങ്ങി വീട്ടിലേപ്പിക്കാനായി ഒരു ചുമട്ടുകാരന്റെ കൈയിൽ കൊടുത്തുവിട്ടു. അയാൾ പക്ഷേ അതും കൊണ്ട്‌ എവിടെയോ മറഞ്ഞുകളഞ്ഞു. നസ്രുദീൻ കുറേ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. അത്ഭുതമെന്നു പറയട്ടെ, പത്തുദിവസം കഴിഞ്ഞ്‌ അതേ ചുമട്ടുകാരൻ അതേ ചുമടുമായി നടക്കുന്നത്‌ നസ്രുദീന്റെ കണ്ണിൽപ്പെട്ടു. ഇത്തവണ നസ്രുദീനാണ്‌ ഒളിച്ചുപോയത്‌. 'താനെന്താ അവനെ കണ്ടിട്ടും പോയിപ്പിടിക്കാതിരുന്നത്‌?' ആളുകൾ ചോദിച്ചു. 'പത്തുദിവസം ചുമടും കൊണ്ടുനടന്നതിന്‌ അവൻ കൂലി ചോദിച്ചാൽ ഞാനെന്തു ചെയ്യും?' നസ്രുദീന്റെ സംശയം അതായിരുന്നു.
*


108. സുൽത്താന്റെ വില

തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, 'ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?'
'അമ്പതു വരാഹൻ,' നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
'എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!' തിമൂറിനു നീരസമായി.
"അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!'
*


109. വാത്തു പൊരിച്ചത്‌

ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
'അതിനെനിക്കെന്താ?' നസ്രുദീൻ ചോദിച്ചു.
'അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്‌.'
'അതിനു തനിക്കെന്താ?'
*


110. ആരാണു നസ്രുദീൻ?

നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട്‌ നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. തനിക്കാളെ അറിയാമെന്നും പക്ഷേ തനിക്കീ മതിലു വീഴാതെ താങ്ങിനിത്തേണ്‍ടതു കൊണ്ട്‌ തനിക്കു പോയി അന്വേഷിക്കാൻ പറ്റില്ലെന്നും, ഇനിയഥവാ അത്ര അത്യാവശ്യമാണെങ്കിൽ തനിക്കു പകരം മതിലൊന്നു താങ്ങി നിൽക്കാമെങ്കിൽ താൻ പോയി ആളെ തേടിപ്പിടിച്ചുകൊണ്ടുവരാമെന്നും മതിലു താങ്ങുന്നയാൾ പറഞ്ഞു. മറ്റേയാൾ അതു സമ്മതിച്ച്‌ മതിൽ താങ്ങിപ്പിടിച്ചുകൊണ്ടുനിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞിട്ടും നസ്രുദീനെ അന്വേഷിച്ചുപോയ ചങ്ങാതി തിരിച്ചുവന്നില്‍ല. ഒടുവിൽ അയാൾ വഴിയേ പോയ ചിലരോട്‌ കാര്യം പറഞ്ഞു. അവർക്കു ചിരി വന്നു:
'നസ്രുദീൻ വലിയ തമാശക്കാരനാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങൾ സംസാരിച്ചതു നസ്രുദീനോടു തന്നെയാണ്‌!'*

Wednesday, March 18, 2009

മുല്ലാനസ്രുദീൻകഥകൾ-9

91. ഈ വലിയ പാത്രത്തിൽ

നസ്രുദീൻ ഇടയ്ക്കിടെ തന്റെ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കും; വീട്ടിൽ അതിനുള്ള കോപ്പുണ്ടോയെന്നൊന്നും ആൾ അന്വേഷിക്കില്ല. ഭാര്യ എങ്ങനെയെങ്കിലുമൊക്കെ എല്ലാവരെയും ഊട്ടിവിടും. ഒരുദിവസം മുല്ലാ വീണ്ടും തന്റെ ചങ്ങാതിമാരെ വിരുന്നിനു ക്ഷണിച്ചു. ഭാര്യ അയാളെ അടുക്കളയിലേക്കു വിളിച്ചിട്ടു പറഞ്ഞു:

'ഇവിടെ അരിയുമില്ല, നെയ്യുമില്ല. തീയെരിക്കാൻ വിറകുപോലുമില്ല.'

നസ്രുദീൻ അടുക്കളയിൽ നിന്ന് വലിയൊരപ്പച്ചെമ്പെടുത്ത്‌ ചങ്ങാതിമാരെ കാണിച്ചിട്ടു പറഞ്ഞു:

'എന്തു ചെയ്യാനാ! ഇവിടെ അരിയും നെയ്യും എരിക്കാൻ വിറകുമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ പാത്രത്തിലായിരുന്നേനേ ഞാൻ വിളമ്പിക്കൊണ്ടുവയ്ക്കുക!'
*


92. കച്ചവടത്തിന്റെ രസം

നസ്രുദീൻ ഒമ്പതു മുട്ട വാങ്ങി അതേ വിലയ്ക്ക്‌ പത്തെണ്ണം വിൽക്കും. ഇതെന്തു കച്ചവടമാണെന്നന്വേഷിച്ചവരോട്‌ അയാൾ പറഞ്ഞതിതാണ്‌: 'എന്നെ നോക്ക്‌, മറ്റുള്ളവരെ നോക്ക്‌. എന്റെ ചുറ്റും ആളൊഴിയാതെ നിൽക്കുന്നതു കണ്ടില്ലേ? ഞാൻ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്‌ മറ്റുള്ളവർ കാണണമെന്നേ എനിക്കുള്ളു.'


93. അത്തിയും മത്തനും

നസ്രുദീൻ ഒരു കൂട നിറയെ മത്തങ്ങയുമായി പോകുന്നതു കണ്ടിട്ട്‌ ഒരു ചങ്ങാതി വിവരമന്വേഷിച്ചു. താനത്‌ തിമൂറിനു കാഴ്ചവയ്ക്കാൻ പോവുകയാണെന്നു മുല്ലാ പറഞ്ഞു. തിമൂറിന്‌ മത്തങ്ങ ഇഷ്ടമല്ലെന്നും പകരം അത്തിപ്പഴം കൊണ്ടുചെല്ലുന്നതാവും നല്ലതെന്നും ചങ്ങാതി ഉപദേശിച്ചു. അങ്ങനെ മുല്ലാ ഒരു കൂട അത്തിപ്പഴവുമായി തിമൂറിനെ മുഖം കാണിക്കാൻ ചെന്നു. പക്ഷേ അന്നെന്തോ രസക്കേടിലിരിക്കുകയായിരുന്ന തിമൂർ അത്തിപ്പഴം കണ്ടയുടനേ അതെടുത്ത്‌ മുല്ലായുടെ തലയ്ക്കെറിയാൻ ഉത്തരവിട്ടു. ഓരോ അത്തിപ്പഴം വന്നുകൊള്ളുമ്പോഴും മുല്ലാ ദൈവത്തിനു നന്ദി പറയാൻ തുടങ്ങി. കാര്യമന്വേഷിച്ച തിമൂറിനോട്‌ മുല്ലാ പറഞ്ഞു: 'ചങ്ങാതി പറഞ്ഞതു കേൾക്കാതെ ഞാൻ മത്തങ്ങയെങ്ങാനും കൊണ്ടുവന്നിരുന്നെങ്കിൽ എന്റെ ഗതി എന്തായിപ്പോയേനേ!'
*


94. അതിനു സ്വന്തം കഴുതയെ നോക്ക്‌!

കോടതിവരാന്തയുടെ തൂണിൽ കഴുതയെ കെട്ടിയിട്ട്‌ മുല്ലാ അങ്ങാടിയിൽ പോയി. ഈ സമയത്ത്‌ ന്യായാധിപൻ ഒരു കള്ളസാക്ഷിക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു; കഴുതയുടെ മേൽ പുറം തിരിച്ചിരുത്തിയിട്ട്‌ തെരുവിലൂടെ നടത്തുക- അതായിരുന്നു ശിക്ഷ. കൈവാക്കിന്‌ ഒരു കഴുതയെ കിട്ടിയപ്പോൾ അവർ അതിനെത്തന്നെ ശിക്ഷ നടത്താൻ ഉപയോഗിക്കുകയും ചെയ്തു. മുല്ലാ തിരിച്ചുവന്ന് കഴുതയെ കാണാതെയായപ്പോൾ വല്ലാതെ ക്ഷോഭിച്ചു.

അൽപകാലം കഴിഞ്ഞ്‌ അതേ മനുഷ്യനെ അതേ കുറ്റത്തിന്‌ അതേ ശിക്ഷയ്ക്കു വിധിച്ചു. ശിക്ഷ നടപ്പാക്കാൻ കഴുത വേണമെന്നായപ്പോൾ കോടതിയധികാരികൾ കഴുതയെ വേണമെന്നു പറഞ്ഞ്‌ മുല്ലായുടെയടുത്തേക്ക്‌ ആളെയയച്ചു. മുല്ലാ പൊട്ടിത്തെറിച്ചു:

'എനിക്കെന്റെ കഴുതയെ തരാനൊന്നും പറ്റില്ല. ഒന്നുകിൽ ഈ പണി നിർത്താൻ അയാളോടു പോയിപ്പറയുക; അല്ലെങ്കിൽ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി ഒരു കഴുതയെ വാങ്ങിവയ്ക്കാൻ അയാളോടു പറയുക.'
*


95. എന്തു ചെയ്യണമെന്ന് എനിക്കറിയാം

ഒരു സത്രത്തിൽ അന്തിയുറങ്ങിയ മുല്ലാ കാലത്തെഴുന്നേറ്റുനോക്കുമ്പോൾ സഞ്ചി കാണാനില്ല.

'വേഗം എന്റെ സഞ്ചി കണ്ടുപിടിച്ചു കൊണ്ടുവന്നോ, ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം!' മുല്ലാ സത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി.

അവർ കൊണ്ടുപിടിച്ചുതിരഞ്ഞ്‌ ഒടുവിൽ എവിടുന്നോ സഞ്ചി കണ്ടെത്തി മുല്ലായ്ക്കു കൊണ്ടുകൊടുത്തു. മുല്ലാ സത്രം വിടുമ്പോൾ ഒരു ജിജ്ഞാസു ചോദിച്ചു:

'സഞ്ചി കിട്ടിയില്ലായിരുന്നെങ്കിൽ താങ്കളെന്തു ചെയ്യുമായിരുന്നു?'

'ഓ, അതോ,' മുല്ലാ തോളു വെട്ടിച്ചു. 'വീട്ടിൽ കുറേ പഴയ തുണി കിടപ്പുണ്ട്‌; ഞാൻ അതു വെട്ടി പുതിയൊരു സഞ്ചിയുണ്ടാക്കുമായിരുന്നു!'
*


96. ആശനടത്തൽ

നസ്രുദീന്റെ അയൽക്കാരന്‌ വില്ലുപോലെ വളഞ്ഞ കൊമ്പുകളുള്ള ഒരു കാളക്കൂറ്റനുണ്ടായിരുന്നു. ആ കൊമ്പുകൾക്കിടയിൽക്കയറിയിരുന്ന് ഒരു സവാരി ചെയ്യാൻ അയാൾക്കൊരു പൂതി തോന്നി. പക്ഷേ പേടി കാരണം ആശ നടപ്പായില്ല. അങ്ങനെയിരിക്കെ കാള ഉറങ്ങിക്കിടക്കുന്നത്‌ നസ്രുദീൻ കണ്ടു. അയാൾ ശബ്ദം കേൾപ്പിക്കാതെ അടുത്തുചെന്ന് കാളയുടെ കൊമ്പുകൾക്കിടയിൽ ഇരുപ്പു പിടിച്ചു. കാള ഞെട്ടിയുണർന്ന് നസ്രുദീനെ കുടഞ്ഞുവീഴ്ത്തി. തലയിടിച്ചുവീണ നസ്രുദീന്‌ ബോധവും നഷ്ടപ്പെട്ടു. അയാൾ നിലത്ത്‌ അനക്കമറ്റു കിടക്കുന്നതു കണ്ടപ്പോൾ ഭാര്യ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു. ബോധം വന്ന നസ്രുദീൻ ഭാര്യയെ സാന്ത്വനപ്പെടുത്തി: 'കരയാതെ പൊന്നേ,ബുദ്ധിമുട്ടിയാലും മുറിവു പറ്റിയാലും എന്റെയൊരാശ നടന്നില്ലേ!'
*


97. വലിയ തെറ്റുകൾ

തിമൂറിന്റെ കാലത്ത്‌ ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനു വിലക്കുണ്ടായിരുന്നു. വലിയൊരു കത്തിയുമായി പാഠശാലയിലേക്കു പോയ നസ്രുദീനെ ഭടന്മാർ തടഞ്ഞുനിർത്തി.

'കത്തി കൊണ്ടുനടക്കാൻ പാടില്ലെന്നു തനിക്കറിയില്ലേ?'

'മറ്റൊന്നിനുമല്ലേ, പുസ്തകങ്ങളിലെ തെറ്റുകൾ ചുരണ്ടാനാണേ ഞാനിതുപയോഗിക്കുന്നത്‌.'

'അതിനിത്രയും വലിയ കത്തി വേണോ?'

'അത്രയും വലുതല്ലേ തെറ്റുകൾ !'
*


98. തിരിച്ചുകിട്ടുന്നതിന്റെ ആനന്ദം

മുല്ലായുടെ കഴുതയെ ഒരിക്കൽ കാണാതെപോയി. അയാൾ അങ്ങാടിയിലേക്കോടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:

'എന്റെ കഴുതയെ കണ്ടുപിടിച്ചുകൊണ്ടുവരുന്നവന്‌ ആ കഴുതയെ സമ്മാനമായി നൽകുന്നതാണ്‌!'

ആളുകൾക്കത്ഭുതമായി.

'കണ്ടുപിടിക്കുന്നവനു തന്നെ കൊടുക്കാനാണെങ്കിൽപ്പിന്നെ താനെന്തിനാ അതിനെ അന്വേഷിക്കുന്നത്‌?'

'ആഹാ, അതുകൊള്ളാം,' നസ്രുദീൻ പറഞ്ഞു, 'നഷ്ടപ്പെട്ട ഒരു സാധനം തിരിച്ചുകിട്ടുന്നതിന്റെ സന്തോഷം നിങ്ങൾക്കറിയില്ലേ!'
*


99. പോന്നതു ഭാഗ്യം!

നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു.

'നല്ല രസമായിരുന്നു,' അയാൾ പറയുകയാണ്‌ 'ഞാൻ ചെന്ന തിങ്കളാഴ്ച ഒരു വീടിനു തീപ്പിടിച്ച്‌ രണ്ടുപേർ ചത്തു. അടുത്ത ദിവസം ഒരു നായ പേയിളകി മൂന്നു പേരെ കടിച്ചു; ഞാനവരുടെ മുറിവിൽ ഇരുമ്പു പഴുപ്പിച്ചുവച്ചു. ബുധനാഴ്ച നല്ല മഴ; കുറേ വീടു തകർന്നു. വ്യാഴാഴ്ച ഒരു കാള ഭ്രാന്തിളകി ചന്തയിലോടിനടന്ന് രണ്ടുപേരെ കൊന്നു. വെള്ളിയാഴ്ച ഒരുത്തൻ വട്ടു പിടിച്ച്‌ അവന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊത്തിനുറുക്കി. ഞാനവനെ അടിച്ചുശരിയാക്കി കവലയിൽ കൊണ്ടുപോയി തൂക്കിലിട്ടു. ശനിയാഴ്ച ഒരു വീടിടിഞ്ഞ്‌ അകത്തുണ്ടായിരുന്നവരൊക്കെ ചത്തു. ഞായറാഴ്ച തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന ഒരു പെണ്ണ്‌ ഒരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തതു കാണാനും പോയി. ഒരാഴ്ച പോയതറിഞ്ഞില്ല!'

നസ്രുദീന്‌ തന്റെ വെറുപ്പു മറച്ചുപിടിക്കാൻ പറ്റിയില്ല:

'നിങ്ങൾ എത്രയും വേഗം ആ നാട്ടിൽ നിന്നു പോന്നതു നന്നായി. അല്ലെങ്കിൽ അവിടെ ഒറ്റ മനുഷ്യൻ ജീവനോടെ ശേഷിക്കുമായിരുന്നില്ല; ഒരു മരം പോലും നിവർന്നു നിൽക്കുമായിരുന്നില്ല!'
*


100. നാളെ രാവിലെ കേൾക്കാം!

നസ്രുദീനും ഒരു ചങ്ങാതിയും കൂടി രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ കള്ളന്മാർ ഒരു കട കുത്തിത്തുറക്കാൻ നോക്കുന്നതു കണ്ടു. ഒരു കള്ളൻ അരം കൊണ്ട്‌ താഴ്‌ അറുത്തുമുറിക്കാൻ നോക്കുകയാണ്‌. തങ്ങൾ രണ്ടുപേരെക്കൊണ്ട്‌ അവർക്കു കിടനിൽക്കാനാകില്ലെന്നു മനസ്സിലായ നസ്രുദീൻ അവരെ കണ്ടില്ലെന്ന മട്ടിൽ നടന്നുപോയി.

'ഈ പാതിരാത്രിക്ക്‌ അവരവിടെ എന്തു ചെയ്യുകയാണ്‌?' ചങ്ങാതി ചോദിച്ചു.

'ഒരുത്തൻ വയലിൻ വായിക്കുകയാണ്‌, മറ്റവന്മാർ അതു കേട്ടുകൊണ്ടുനിൽക്കുകയും.'

'അതിനു വയലിൻ കേൾക്കാനില്ലല്ലോ?'

'അതു നാളെ കാലത്തു കേൾക്കാം!' നസ്രുദീൻ പുഞ്ചിരിയോടെ പറഞ്ഞു.
*