Thursday, March 5, 2009

നെരൂദ - കുഞ്ഞിനെ കുളിപ്പിക്കൽ


ഭൂമിയിൽ ഏറ്റവും അവിസ്മരണീയമായ സ്നേഹം
കുഞ്ഞുങ്ങളുടെ കോലത്തെ
കഴുകിയെടുക്കുന്നു
കോതിയൊരുക്കുന്നു.
കാലടികളുടെയും മുട്ടുകളുടെയും വളവുതീർക്കുന്നു;
ജലമുയരുന്നു, സോപ്പു വഴുതിമാറുന്നു.
ആദിമശുദ്ധി പൂണ്ട ശരീരം വെളിവാകുന്നു.
പൂക്കളുടെയും അമ്മയുടെയും സുഗന്ധം പുരണ്ട
വായു ശ്വസിക്കുന്നു.

നിശിതമായ ജാഗ്രത
മാധുര്യമൂറുന്ന മൽപ്പിടുത്തം!

ഇപ്പോൾ അവന്റെ തലമുടി
കട്ടപിടിച്ച തോലു പോലെയാണ്‌;
അതിൽ അറുക്കപ്പൊടിയും, എണ്ണയും
പുകയറയും, കമ്പികളും, ഞണ്ടുകളും
കൂടിപ്പിണഞ്ഞുകിടക്കുന്നു.
ഒടുവിൽ സ്നേഹം ക്ഷമാപൂർവ്വം
ക്ഷമാപൂർവ്വം
തൊട്ടികളും ചകിരിയുമൊരുക്കുന്നു,
ചീപ്പും തോർത്തുമെടുക്കുന്നു;
തേയ്പ്പും കോതലും പുരാതനസംശയങ്ങളും
സുഗന്ധതൈലവും കഴിഞ്ഞ്‌
കുഞ്ഞ്‌ പുറത്തുവരുന്നു,
ഇനിയതിന്‌ ഇതിനെക്കാൾ വെടിപ്പാകാനില്ല.
അമ്മയുടെ കൈകളിൽ നിന്നു കുതറിയോടി
അതു വീണ്ടും തന്റെ ചുഴലിക്കാറ്റിലേ-
ക്കള്ളിപ്പിടിച്ചുകയറുന്നു,
ചെളിയും എണ്ണയും മൂത്രവും മഷിയും
തേടിയോടുന്നു,
കല്ലുകളിൽ തടഞ്ഞുവീണു മുറിവേൽക്കാൻ പോകുന്നു.
അങ്ങനെ,
കുളിപ്പിച്ചെടുത്ത കുഞ്ഞ്‌ ജീവിതത്തിലേക്കു കുതിക്കുന്നു.
കാരണം പിന്നീടതിന്‌
വൃത്തിയായിട്ടിരിക്കാനേ നേരം കാണൂ,
പക്ഷേ അപ്പോഴേക്കും അതു മരിച്ചിട്ടുണ്ടാവും.
*

1 comment:

Melethil said...

നെരൂദാ
നെരൂദാ
നെരൂദാ
ഇങ്ങനെ ഒന്ന് എഴുതുന്ന അന്ന് , എന്റെ അവസാനത്തെ കവിതയുടെ ദിവസം, നിന്റെ കല്ലറയില്‍ വന്നു എന്റെ പെന്ന്‍ ഞാന്‍ നിനക്ക് കാണിക്ക വയ്ക്കും !