Wednesday, March 18, 2009

മുല്ലാനസ്രുദീൻകഥകൾ-9

91. ഈ വലിയ പാത്രത്തിൽ

നസ്രുദീൻ ഇടയ്ക്കിടെ തന്റെ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കും; വീട്ടിൽ അതിനുള്ള കോപ്പുണ്ടോയെന്നൊന്നും ആൾ അന്വേഷിക്കില്ല. ഭാര്യ എങ്ങനെയെങ്കിലുമൊക്കെ എല്ലാവരെയും ഊട്ടിവിടും. ഒരുദിവസം മുല്ലാ വീണ്ടും തന്റെ ചങ്ങാതിമാരെ വിരുന്നിനു ക്ഷണിച്ചു. ഭാര്യ അയാളെ അടുക്കളയിലേക്കു വിളിച്ചിട്ടു പറഞ്ഞു:

'ഇവിടെ അരിയുമില്ല, നെയ്യുമില്ല. തീയെരിക്കാൻ വിറകുപോലുമില്ല.'

നസ്രുദീൻ അടുക്കളയിൽ നിന്ന് വലിയൊരപ്പച്ചെമ്പെടുത്ത്‌ ചങ്ങാതിമാരെ കാണിച്ചിട്ടു പറഞ്ഞു:

'എന്തു ചെയ്യാനാ! ഇവിടെ അരിയും നെയ്യും എരിക്കാൻ വിറകുമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ പാത്രത്തിലായിരുന്നേനേ ഞാൻ വിളമ്പിക്കൊണ്ടുവയ്ക്കുക!'
*


92. കച്ചവടത്തിന്റെ രസം

നസ്രുദീൻ ഒമ്പതു മുട്ട വാങ്ങി അതേ വിലയ്ക്ക്‌ പത്തെണ്ണം വിൽക്കും. ഇതെന്തു കച്ചവടമാണെന്നന്വേഷിച്ചവരോട്‌ അയാൾ പറഞ്ഞതിതാണ്‌: 'എന്നെ നോക്ക്‌, മറ്റുള്ളവരെ നോക്ക്‌. എന്റെ ചുറ്റും ആളൊഴിയാതെ നിൽക്കുന്നതു കണ്ടില്ലേ? ഞാൻ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്‌ മറ്റുള്ളവർ കാണണമെന്നേ എനിക്കുള്ളു.'


93. അത്തിയും മത്തനും

നസ്രുദീൻ ഒരു കൂട നിറയെ മത്തങ്ങയുമായി പോകുന്നതു കണ്ടിട്ട്‌ ഒരു ചങ്ങാതി വിവരമന്വേഷിച്ചു. താനത്‌ തിമൂറിനു കാഴ്ചവയ്ക്കാൻ പോവുകയാണെന്നു മുല്ലാ പറഞ്ഞു. തിമൂറിന്‌ മത്തങ്ങ ഇഷ്ടമല്ലെന്നും പകരം അത്തിപ്പഴം കൊണ്ടുചെല്ലുന്നതാവും നല്ലതെന്നും ചങ്ങാതി ഉപദേശിച്ചു. അങ്ങനെ മുല്ലാ ഒരു കൂട അത്തിപ്പഴവുമായി തിമൂറിനെ മുഖം കാണിക്കാൻ ചെന്നു. പക്ഷേ അന്നെന്തോ രസക്കേടിലിരിക്കുകയായിരുന്ന തിമൂർ അത്തിപ്പഴം കണ്ടയുടനേ അതെടുത്ത്‌ മുല്ലായുടെ തലയ്ക്കെറിയാൻ ഉത്തരവിട്ടു. ഓരോ അത്തിപ്പഴം വന്നുകൊള്ളുമ്പോഴും മുല്ലാ ദൈവത്തിനു നന്ദി പറയാൻ തുടങ്ങി. കാര്യമന്വേഷിച്ച തിമൂറിനോട്‌ മുല്ലാ പറഞ്ഞു: 'ചങ്ങാതി പറഞ്ഞതു കേൾക്കാതെ ഞാൻ മത്തങ്ങയെങ്ങാനും കൊണ്ടുവന്നിരുന്നെങ്കിൽ എന്റെ ഗതി എന്തായിപ്പോയേനേ!'
*


94. അതിനു സ്വന്തം കഴുതയെ നോക്ക്‌!

കോടതിവരാന്തയുടെ തൂണിൽ കഴുതയെ കെട്ടിയിട്ട്‌ മുല്ലാ അങ്ങാടിയിൽ പോയി. ഈ സമയത്ത്‌ ന്യായാധിപൻ ഒരു കള്ളസാക്ഷിക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു; കഴുതയുടെ മേൽ പുറം തിരിച്ചിരുത്തിയിട്ട്‌ തെരുവിലൂടെ നടത്തുക- അതായിരുന്നു ശിക്ഷ. കൈവാക്കിന്‌ ഒരു കഴുതയെ കിട്ടിയപ്പോൾ അവർ അതിനെത്തന്നെ ശിക്ഷ നടത്താൻ ഉപയോഗിക്കുകയും ചെയ്തു. മുല്ലാ തിരിച്ചുവന്ന് കഴുതയെ കാണാതെയായപ്പോൾ വല്ലാതെ ക്ഷോഭിച്ചു.

അൽപകാലം കഴിഞ്ഞ്‌ അതേ മനുഷ്യനെ അതേ കുറ്റത്തിന്‌ അതേ ശിക്ഷയ്ക്കു വിധിച്ചു. ശിക്ഷ നടപ്പാക്കാൻ കഴുത വേണമെന്നായപ്പോൾ കോടതിയധികാരികൾ കഴുതയെ വേണമെന്നു പറഞ്ഞ്‌ മുല്ലായുടെയടുത്തേക്ക്‌ ആളെയയച്ചു. മുല്ലാ പൊട്ടിത്തെറിച്ചു:

'എനിക്കെന്റെ കഴുതയെ തരാനൊന്നും പറ്റില്ല. ഒന്നുകിൽ ഈ പണി നിർത്താൻ അയാളോടു പോയിപ്പറയുക; അല്ലെങ്കിൽ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി ഒരു കഴുതയെ വാങ്ങിവയ്ക്കാൻ അയാളോടു പറയുക.'
*


95. എന്തു ചെയ്യണമെന്ന് എനിക്കറിയാം

ഒരു സത്രത്തിൽ അന്തിയുറങ്ങിയ മുല്ലാ കാലത്തെഴുന്നേറ്റുനോക്കുമ്പോൾ സഞ്ചി കാണാനില്ല.

'വേഗം എന്റെ സഞ്ചി കണ്ടുപിടിച്ചു കൊണ്ടുവന്നോ, ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം!' മുല്ലാ സത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി.

അവർ കൊണ്ടുപിടിച്ചുതിരഞ്ഞ്‌ ഒടുവിൽ എവിടുന്നോ സഞ്ചി കണ്ടെത്തി മുല്ലായ്ക്കു കൊണ്ടുകൊടുത്തു. മുല്ലാ സത്രം വിടുമ്പോൾ ഒരു ജിജ്ഞാസു ചോദിച്ചു:

'സഞ്ചി കിട്ടിയില്ലായിരുന്നെങ്കിൽ താങ്കളെന്തു ചെയ്യുമായിരുന്നു?'

'ഓ, അതോ,' മുല്ലാ തോളു വെട്ടിച്ചു. 'വീട്ടിൽ കുറേ പഴയ തുണി കിടപ്പുണ്ട്‌; ഞാൻ അതു വെട്ടി പുതിയൊരു സഞ്ചിയുണ്ടാക്കുമായിരുന്നു!'
*


96. ആശനടത്തൽ

നസ്രുദീന്റെ അയൽക്കാരന്‌ വില്ലുപോലെ വളഞ്ഞ കൊമ്പുകളുള്ള ഒരു കാളക്കൂറ്റനുണ്ടായിരുന്നു. ആ കൊമ്പുകൾക്കിടയിൽക്കയറിയിരുന്ന് ഒരു സവാരി ചെയ്യാൻ അയാൾക്കൊരു പൂതി തോന്നി. പക്ഷേ പേടി കാരണം ആശ നടപ്പായില്ല. അങ്ങനെയിരിക്കെ കാള ഉറങ്ങിക്കിടക്കുന്നത്‌ നസ്രുദീൻ കണ്ടു. അയാൾ ശബ്ദം കേൾപ്പിക്കാതെ അടുത്തുചെന്ന് കാളയുടെ കൊമ്പുകൾക്കിടയിൽ ഇരുപ്പു പിടിച്ചു. കാള ഞെട്ടിയുണർന്ന് നസ്രുദീനെ കുടഞ്ഞുവീഴ്ത്തി. തലയിടിച്ചുവീണ നസ്രുദീന്‌ ബോധവും നഷ്ടപ്പെട്ടു. അയാൾ നിലത്ത്‌ അനക്കമറ്റു കിടക്കുന്നതു കണ്ടപ്പോൾ ഭാര്യ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു. ബോധം വന്ന നസ്രുദീൻ ഭാര്യയെ സാന്ത്വനപ്പെടുത്തി: 'കരയാതെ പൊന്നേ,ബുദ്ധിമുട്ടിയാലും മുറിവു പറ്റിയാലും എന്റെയൊരാശ നടന്നില്ലേ!'
*


97. വലിയ തെറ്റുകൾ

തിമൂറിന്റെ കാലത്ത്‌ ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനു വിലക്കുണ്ടായിരുന്നു. വലിയൊരു കത്തിയുമായി പാഠശാലയിലേക്കു പോയ നസ്രുദീനെ ഭടന്മാർ തടഞ്ഞുനിർത്തി.

'കത്തി കൊണ്ടുനടക്കാൻ പാടില്ലെന്നു തനിക്കറിയില്ലേ?'

'മറ്റൊന്നിനുമല്ലേ, പുസ്തകങ്ങളിലെ തെറ്റുകൾ ചുരണ്ടാനാണേ ഞാനിതുപയോഗിക്കുന്നത്‌.'

'അതിനിത്രയും വലിയ കത്തി വേണോ?'

'അത്രയും വലുതല്ലേ തെറ്റുകൾ !'
*


98. തിരിച്ചുകിട്ടുന്നതിന്റെ ആനന്ദം

മുല്ലായുടെ കഴുതയെ ഒരിക്കൽ കാണാതെപോയി. അയാൾ അങ്ങാടിയിലേക്കോടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:

'എന്റെ കഴുതയെ കണ്ടുപിടിച്ചുകൊണ്ടുവരുന്നവന്‌ ആ കഴുതയെ സമ്മാനമായി നൽകുന്നതാണ്‌!'

ആളുകൾക്കത്ഭുതമായി.

'കണ്ടുപിടിക്കുന്നവനു തന്നെ കൊടുക്കാനാണെങ്കിൽപ്പിന്നെ താനെന്തിനാ അതിനെ അന്വേഷിക്കുന്നത്‌?'

'ആഹാ, അതുകൊള്ളാം,' നസ്രുദീൻ പറഞ്ഞു, 'നഷ്ടപ്പെട്ട ഒരു സാധനം തിരിച്ചുകിട്ടുന്നതിന്റെ സന്തോഷം നിങ്ങൾക്കറിയില്ലേ!'
*


99. പോന്നതു ഭാഗ്യം!

നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു.

'നല്ല രസമായിരുന്നു,' അയാൾ പറയുകയാണ്‌ 'ഞാൻ ചെന്ന തിങ്കളാഴ്ച ഒരു വീടിനു തീപ്പിടിച്ച്‌ രണ്ടുപേർ ചത്തു. അടുത്ത ദിവസം ഒരു നായ പേയിളകി മൂന്നു പേരെ കടിച്ചു; ഞാനവരുടെ മുറിവിൽ ഇരുമ്പു പഴുപ്പിച്ചുവച്ചു. ബുധനാഴ്ച നല്ല മഴ; കുറേ വീടു തകർന്നു. വ്യാഴാഴ്ച ഒരു കാള ഭ്രാന്തിളകി ചന്തയിലോടിനടന്ന് രണ്ടുപേരെ കൊന്നു. വെള്ളിയാഴ്ച ഒരുത്തൻ വട്ടു പിടിച്ച്‌ അവന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊത്തിനുറുക്കി. ഞാനവനെ അടിച്ചുശരിയാക്കി കവലയിൽ കൊണ്ടുപോയി തൂക്കിലിട്ടു. ശനിയാഴ്ച ഒരു വീടിടിഞ്ഞ്‌ അകത്തുണ്ടായിരുന്നവരൊക്കെ ചത്തു. ഞായറാഴ്ച തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന ഒരു പെണ്ണ്‌ ഒരു മരത്തിൽ കെട്ടിത്തൂങ്ങിച്ചത്തതു കാണാനും പോയി. ഒരാഴ്ച പോയതറിഞ്ഞില്ല!'

നസ്രുദീന്‌ തന്റെ വെറുപ്പു മറച്ചുപിടിക്കാൻ പറ്റിയില്ല:

'നിങ്ങൾ എത്രയും വേഗം ആ നാട്ടിൽ നിന്നു പോന്നതു നന്നായി. അല്ലെങ്കിൽ അവിടെ ഒറ്റ മനുഷ്യൻ ജീവനോടെ ശേഷിക്കുമായിരുന്നില്ല; ഒരു മരം പോലും നിവർന്നു നിൽക്കുമായിരുന്നില്ല!'
*


100. നാളെ രാവിലെ കേൾക്കാം!

നസ്രുദീനും ഒരു ചങ്ങാതിയും കൂടി രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ കള്ളന്മാർ ഒരു കട കുത്തിത്തുറക്കാൻ നോക്കുന്നതു കണ്ടു. ഒരു കള്ളൻ അരം കൊണ്ട്‌ താഴ്‌ അറുത്തുമുറിക്കാൻ നോക്കുകയാണ്‌. തങ്ങൾ രണ്ടുപേരെക്കൊണ്ട്‌ അവർക്കു കിടനിൽക്കാനാകില്ലെന്നു മനസ്സിലായ നസ്രുദീൻ അവരെ കണ്ടില്ലെന്ന മട്ടിൽ നടന്നുപോയി.

'ഈ പാതിരാത്രിക്ക്‌ അവരവിടെ എന്തു ചെയ്യുകയാണ്‌?' ചങ്ങാതി ചോദിച്ചു.

'ഒരുത്തൻ വയലിൻ വായിക്കുകയാണ്‌, മറ്റവന്മാർ അതു കേട്ടുകൊണ്ടുനിൽക്കുകയും.'

'അതിനു വയലിൻ കേൾക്കാനില്ലല്ലോ?'

'അതു നാളെ കാലത്തു കേൾക്കാം!' നസ്രുദീൻ പുഞ്ചിരിയോടെ പറഞ്ഞു.
*

2 comments:

Malayalam Songs said...

Great work.. funny and at the same time have some moral in it.

ശ്രീ said...

കൊള്ളാം