Monday, March 9, 2009

മുല്ലാനസ്രുദീൻകഥകൾ-5

57. ഞാനാര്‌?

ഒരു നീണ്ടയാത്രയ്ക്കൊടുവിൽ നസ്രുദീൻ ബാഗ്ദാദിലെത്തിപ്പെട്ടു. ഇത്ര വലിയ ഒരു സ്ഥലം ആൾ ആദ്യമായിട്ടു കാണുകയാണ്‌; തിരക്കു കണ്ടിട്ട്‌ നസ്രുദീന്റെ തല തിരിഞ്ഞു.

"ഈ തിരക്കിനിടയിൽ ആളുകളെങ്ങനെയാണ്‌ പരസ്പരം മാറിപ്പോകാതിരിക്കുന്നത്‌!' അയാൾ ഓർക്കുകയായിരുന്നു. 'ഞാനെന്തായാലും എന്നെ മറക്കാൻ പാടില്ല; അല്ലെങ്കിൽ എന്നെ കാണാതെ പോകും.'

അയാൾ നേരെ സത്രത്തിലേക്കു ചെന്നു. തനിക്കു കിട്ടിയ കട്ടിലിനു തൊട്ടടുത്ത്‌ മറ്റൊരാൾ കിടപ്പുണ്ട്‌. ഒന്നു മയങ്ങിയാൽക്കൊള്ളാമെന്നു നസ്രുദീനു തോന്നി; പക്ഷേ ഒരു പ്രശ്നം: ഉണരുമ്പോൾ തന്നെ എങ്ങനെ കണ്ടുപിടിക്കും.

നസ്രുദീൻ മറ്റേയാളിനു മുന്നിൽ ഈ പ്രശ്നം അവതരിപ്പിച്ചു.

'അതു വളരെ എളുപ്പമല്ലേ,' അയാൾ പറഞ്ഞു. 'ഈ ചുവന്ന തുണി തന്റെ കാലിൽ കെട്ടിയിട്ട്‌ ഉറങ്ങാൻ കിടന്നോളൂ. ഉണരുമ്പോൾ ആരുടെ കാലിലാണ്‌ ചുവന്ന തുണിയെന്നു നോക്കിയാൽ മതി, അതു നിങ്ങളായിരിക്കും.'

'തന്നെ സമ്മതിച്ചു,' നസ്രുദീൻ അയാളെ അഭിനന്ദിച്ചു.

രണ്ടു മണിക്കൂർ കഴിഞ്ഞ്‌ നസ്രുദീൻ എഴുന്നേറ്റു. ചുവന്ന തുണി നോക്കിയപ്പോൾ അതു പക്ഷേ മറ്റേയാളുടെ കാലിലാണു കെട്ടിയിരിക്കുന്നത്‌. അപ്പോൾ അതു ഞാനായിരിക്കണം,അയാൾ മനസ്സിൽ പറഞ്ഞു. വിരണ്ടുപോയ നസ്രുദീൻ മറ്റേയാളെ കുലുക്കിയുണർത്തി. 'എഴുന്നേൽക്ക്‌, എഴുന്നേൽക്ക്‌! ആകെ കുഴപ്പമായി! താൻ പറഞ്ഞതുപോലെയൊന്നുമല്ല നടന്നത്‌!'

അയാൾ എഴുന്നേറ്റ്‌ കാര്യമെന്താണെന്നന്വേഷിച്ചു. നസ്രുദീൻ ചുവന്ന തുണി ചൂണ്ടിക്കൊണ്ടു പറഞ്ഞു: 'തന്റെ കാലിൽ ചുവന്ന തുണി കെട്ടിയിരിക്കുന്നതു കൊണ്ട്‌ താൻ ഞാനാണെന്ന് എനിക്കു പറയാം; പക്ഷേ താനാണ്‌ ഞാനെങ്കിൽ, എന്റെ ദൈവമേ ഞാനെവിടെ?'
*


58. ശകുനം

രാജാവ്‌ അന്നെഴുന്നേറ്റത്‌ ഇടംതിരിഞ്ഞാണ്‌; ആൾ ആകെ ദേഷ്യത്തിലാണ്‌. നായാട്ടിനിറങ്ങാൻ തുടങ്ങുമ്പോഴാണ്‌ എതിരെ നസ്രുദീൻ വരുന്നതു കണ്ടത്‌.

'നായാട്ടിനു പോകുമ്പോൾ മുല്ലാമാരെ കാണുന്നതു ശകുനപ്പിഴയാണ്‌,' രാജാവ്‌ ദേഷ്യം കൊണ്ടലറി. 'അടിച്ചോടിക്കയാളെ!'

നസ്രുദീന്‌ പൊതിരെ തല്ലു കിട്ടി.

പക്ഷേ രാജാവിന്റെ നായാട്ട്‌ അന്നു ഗംഭീരമായി.

അദ്ദേഹം നസ്രുദീന്‌ ആളയച്ചു.

'തന്നെ തല്ലിയതു മോശമായി, മുല്ലാ,' രാജാവ്‌ ക്ഷമ ചോദിച്ചു. 'താനെനിക്കൊരു ദുശ്ശകുനമായിരിക്കുമെന്നാണു ഞാൻ കരുത്തിയത്‌. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്‌.'

'ഞാൻ ഒരു ദുശ്ശകുനമാണെന്ന് അങ്ങു കരുതിയെന്നോ!' മുല്ല ചോദിച്ചു. 'എന്നെ കണ്ടിട്ട്‌ അങ്ങേയ്ക്കു കിട്ടിയത്‌ കൂട നിറയെ മൃഗങ്ങളെ; അങ്ങയെ കണ്ടിട്ട്‌ എനിക്കു കിട്ടിയതോ, പൊതിരെ തല്ലും! ആര്‌ ആർക്കാണു ദുശ്ശകുനമായത്‌?'
*


59. ഒരു നല്ല ശീലം

'നസ്രുദീനേ, മോനേ, രാവിലേ എഴുന്നേൽക്കെടാ.'

'അതെന്തിനാണച്ഛാ?'

'അതൊരു നല്ല ശീലമാണെടാ. പണ്ടൊരു ദിവസം ഞാൻ അതിരാവിലെ എഴുന്നേറ്റു നടക്കാൻ പോയതാണ്‌. വഴിയിൽക്കിടന്ന് ഒരു ചാക്കു പൊന്നാണ്‌ അന്നെനിക്കു കിട്ടിയത്‌.'

എങ്കിലച്ഛാ, അച്ഛൻ പറഞ്ഞതു ശരിയാണെന്നെനിക്കു തോന്നുന്നില്ല. അതു നഷ്ടപ്പെട്ടയാൾ അച്ഛനേക്കാൾ നേരത്തേ എഴുനേറ്റയാളായിരിക്കണം.'
*


60. കടലിന്റെ പ്രതാപം

വെള്ളനുരകൾ തലയിലണിഞ്ഞ നീലത്തിരകൾ പാറക്കെട്ടിൽ ആഞ്ഞടിക്കുകയായിരുന്നു. ആദ്യമായി കടലു കാണുന്ന നസ്രുദീൻ ആ കാഴ്ചയിൽ വ്യാമുഗ്ധനായിപ്പോയി.

അയാൾ അടുത്തുചെന്ന് ഒരു കുമ്പിൾ വെള്ളം കോരി വായിലൊഴിച്ചു.

'ഇത്രയൊക്കെ മട്ടും പ്രാതാപവുമൊക്കെ കാണിച്ചിട്ട്‌ വായിൽ വയ്ക്കാൻ കൊള്ളില്ലെന്നു വന്നാലോ!' നസ്രുദീൻ കടലിനെ പ്‌രാകി.
*


61. അതു നിങ്ങളുടെ ചുമതല

നസ്രുദീൻ മാത്രം യാത്രക്കാരനായിട്ടുണ്ടായിരുന്ന ഒരു കപ്പൽ കൊടുങ്കാറ്റിൽപ്പെട്ടു. എന്തൊക്കെച്ചെയ്തിട്ടും കപ്പൽ രക്ഷിക്കാനാവില്ലെന്നു വന്നപ്പോൾ കപ്പിത്താനും മറ്റു ജോലിക്കാരും മുട്ടുകാലിൽ വീണ്‌ പ്രാർത്ഥിക്കാൻ തുടങ്ങി. നസ്രുദീനു പക്ഷേ കുലുക്കമൊന്നുമുണ്ടായില്ല. കപ്പിത്താൻ കണ്ണു തുറന്നുനോക്കുമ്പോൾ കണ്ടത്‌ നസ്രുദീൻ അവരുടെ പ്രാർത്ഥനയും വീക്ഷിച്ചു നിൽക്കുന്നതാണ്‌. അയാൾ ചാടിയെഴുന്നേറ്റ്‌ അലറി: 'മുല്ലായാണെന്നു പറഞ്ഞിട്ട്‌ നിങ്ങൾക്കെന്താ ഞങ്ങളോടൊപ്പം പ്രാർത്ഥിച്ചുകൂടേ?' നസ്രുദീൻ അനങ്ങിയില്ല. 'ഞാൻ വെറുമൊരു യാത്രക്കാരൻ. കപ്പലിന്റെ രക്ഷയൊക്കെ നിങ്ങളുടെ മാത്രം ചുമതല, എന്റെയല്ല. '
*


62. തലപ്പാവിന്റെ വില

നസ്രുദീൻ ഒരിക്കൽ മനോഹരമായ ഒരു തലപ്പാവും വച്ചുകൊണ്ട്‌ രാജസഭയിലെത്തി. രാജാവിനു തലപ്പാവിഷ്ടമാകുമെന്നും അതദ്ദേഹത്തിനു വിൽക്കാമെന്നുമായിരുന്നു അയാളുടെ കണക്കുകൂട്ടൽ.

'ആ തലപ്പാവിന്‌ എന്തു കൊടുത്തു, നസ്രുദീനേ?' രാജാവു ചോദിച്ചു.

'ഒരായിരം വരാഹൻ, തിരുമനസ്സേ.'

നസ്രുദീന്റെ കളി മനസ്സിലാക്കിയ ദിവാൻ രാജാവിന്റെ ചെവിയിൽ ഇങ്ങനെ മന്ത്രിച്ചു: 'ആ തലപ്പാവിന്‌ അത്രയും കൊടുത്തവൻ ഒരു മണ്ടനായിരിക്കണം.'

'രാജാവു ചോദിച്ചു: 'താനെന്തിനാ അത്രയും കൊടുത്ത്‌ അതു വാങ്ങിയത്‌? ആയിരം വരാഹൻ വിലയുള്ള ഒരു തലപ്പാവിനെക്കുറിച്ച്‌ ഞാൻ ആദ്യമായിട്ടാണു കേൾക്കുന്നത്‌.'

'തിരുമനസ്സേ, ലോകത്തൊരു രാജാവേ അങ്ങനെയൊരു തലപ്പാവു വാങ്ങൂ എന്നറിഞ്ഞുകൊണ്ടാണ്‌ ഞാനതു വാങ്ങിയത്‌.'

ആ പ്രശംശ കേട്ടു സന്തുഷ്ടനായ രാജാവ്‌ നസ്രുദീന്‌ രണ്ടായിരം വരാഹൻ കൊടുത്ത്‌ തലപ്പാവ്‌ സ്വന്തമാക്കി.

'നിങ്ങൾക്ക്‌ തലപ്പാവുകളുടെ വിലയെക്കുറിച്ചൊക്കെ അറിയാമായിരിക്കും,' നസ്രുദീൻ പിന്നീട്‌ ദിവാനോടു പറഞ്ഞു. 'പക്ഷേ എനിക്ക്‌ രാജാക്കന്മാരുടെ ദൗർബല്യങ്ങളെക്കുറിച്ചും അറിയാം.'
*

No comments: