Friday, December 6, 2013

യവ്തുഷെങ്കോ - പ്രണയത്തിൽ കേമിയാണു നീ

Yevtushenko2




പ്രണയത്തിൽ കേമിയാണു നീ.
                                             
                  നീ ധൈര്യവതി.
എന്റെ ഓരോ ചുവടും പക്ഷേ കാതരം.
എന്റെ ഭാഗത്തു നിന്നൊരു മോശവും നിനക്കുണ്ടാവില്ല,
നല്ലതെന്തെങ്കിലുമുണ്ടാവണമെന്നുമില്ല.
കാട്ടിനുള്ളിലേക്കാണു നീയെന്നെ
                                             കൊണ്ടുപോകുന്നതെന്നു തോന്നുന്നു
ആരും പോകാത്തൊരു വഴിയിലൂടെ.
അരയോളമിപ്പോൾ കാട്ടുപൂക്കൾ നമ്മെ മൂടുന്നു.
ഏതുതരം പൂക്കളാണവയെന്നു പോലും എനിക്കറിയുന്നില്ല.
പൂർവ്വകാലാനുഭവം കൊണ്ടു കാര്യവുമില്ല.
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയുന്നില്ല.
നീ തളർന്നിരിക്കുന്നു.
                            തന്നെ കൈയിലെടുത്തു നടക്കാൻ നീ പറയുന്നു.
നീയെന്റെ കൈകളിലേക്കു വീണും കഴിഞ്ഞു.
“ആകാശത്തിനെന്തു നീലനിറമാണെന്നു കണ്ടില്ലേ?
കാട്ടിനുള്ളിലെന്തൊക്കെക്കിളികളാണു പാടുന്നതെന്നു കേൾക്കുന്നില്ലേ?
നിങ്ങളെന്തു കാത്തു നിലക്കുകയാണ്‌?
                                                          എന്നെയെടുക്കൂ!”
ഞാൻ, ഞാൻ നിന്നെയെടുത്തെവിടെയ്ക്കു കൊണ്ടുപോകാൻ?...

1953


Thursday, December 5, 2013

പ്രണയലേഖനങ്ങൾ(17)- അൽബൻ ബർഗ്

alban berg helene

 


“ഒരാൾ തന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്തിന്‌, അതും പോകട്ടെ, താൻ സ്നേഹിക്കുന്നവൾക്ക് കത്തെഴുതുമ്പോൾ തന്റെ കൈയിലുള്ള ഏറ്റവും നല്ല വേഷമെടുത്തണിയുകയാണയാൾ. കാരണം ആ കത്തിന്റെ സ്വസ്ഥതയിൽ, നീലക്കടലാസ്സിന്റെ പ്രശാന്തതയിൽ തന്റെ ഏറ്റവും ആത്മാർത്ഥമായ അനുഭൂതികൾ പകർത്തിവയ്ക്കാൻ അയാൾക്കു കഴിയുന്നു. ദൈനന്ദിനോപയോഗം കൊണ്ട് അത്രമേൽ മലിനപ്പെട്ടുപോയ നാവിനും വാമൊഴിയ്ക്കും പേനയ്ക്കു നിശബ്ദമെഴുതാൻ കഴിയുന്ന ആ സൌന്ദര്യത്തെ തുറന്നുപറയാനുള്ള കഴിവില്ലാതായിരിക്കുന്നു.”

ഇന്നു കാലത്തു നിന്റെ കത്തു വന്നപ്പോൾ സ്ട്രിൻഡ്ബർഗ് പറഞ്ഞത് എനിക്കോർക്കാതിരിക്കാൻ കഴിഞ്ഞില്ല...

നീ അയച്ച മനോഹരമായ കുഞ്ഞുപൂക്കൾ മലകളോടുള്ള എന്റെ അഭിനിവേശത്തെ പിന്നെയും വിളിച്ചുണർത്തിയിരിക്കുന്നു. എന്തു ഭാഗ്യവതിയാണു നീ! ഊതനിറത്തിലുള്ള തൊട്ടാവാടിപ്പൂവുകളും കറുത്ത ബ്യൂഗിളുകളും കടുംചുവപ്പു റോഡോഡെൻഡ്രോണുകളും നിറഞ്ഞ മലമുകളിലെ പുല്പരപ്പുകൾ, മരക്കുറ്റികളും ചില്ലകളും ചിതറിക്കിടക്കുന്ന കൊല്ലികൾ, വെളുത്ത പാറക്കൂട്ടങ്ങൾക്കിടയിലെ കറുത്ത ഉടുമ്പുകൾ, മുരടിച്ച പൈന്മരങ്ങൾക്കടിയിലെ കാട്ടുകോഴിപ്പറ്റങ്ങൾ- ഇതെല്ലാം എനിക്കു സ്വപ്നം കാണാനേ കഴിയൂ. അതൊക്കെ നിന്റെ തട്ടകമാണ്‌, നീയാണവിടെ റാണി. ഇങ്ങുതാഴെയുള്ള സമതലജീവികൾക്ക് അസൂയയോടെയോ ആരാധനയോടെയോ ആ ഉയരങ്ങളിലേക്കു നോക്കി നില്ക്കാമെന്നു മാത്രം.

പക്ഷേ അവിടെയ്ക്കു നയിക്കുന്ന വഴികൾ എനിക്കറിയാം, അധികമാരും പോയിട്ടില്ലാത്ത വഴികളും. അങ്ങു മുകളിലൊരിടത്ത്, കാറ്റിനും മേഘത്തിനുമിടയിൽ, മഞ്ഞു കൊണ്ടു മരവിച്ചതെങ്കിലും പ്രണയം കൊണ്ടു  ചൂടുള്ള കൈയും നീട്ടി നിന്നെ എതിരേല്‍ക്കാന്‍ ഞാൻ നില്പുണ്ടാവും.

പക്ഷേ എന്റെ ഏറ്റവും നല്ല വേഷമഴിച്ചുവച്ചിട്ട് (കണ്ടാൽ ടൂറിസ്റ്റുകളുടെ വേഷം പോലെയുണ്ടിത്) ഞാനിനി ദൈനന്ദിനവേഷം എടുത്തു ധരിക്കട്ടെ; കാരണം പോസ്റ്റുമാൻ കാത്തു നില്ക്കുകയാണ്‌! അവസാനിപ്പിക്കുന്നതിനു മുമ്പ് സ്ട്രിൻഡ്ബർഗിൽ നിന്ന് ഇതുകൂടി: “കമിതാക്കളുടെ ആത്മാക്കൾ യഥാർത്ഥജീവിതത്തിലെന്നതിനെക്കാൾ നന്നായിട്ടാണ്‌ കത്തുകളിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിൽ കൃത്രിമമോ കാപട്യമോ ഒന്നുമില്ല. കാമുകൻ തന്റെ പ്രണയലേഖനങ്ങളിൽ കളവു കാണിക്കുന്നുമില്ല. താൻ യഥാർത്ഥത്തിലും നല്ലവനാണെന്നു പെരുപ്പിച്ചുകാട്ടുകയുമല്ലയാൾ: അയാൾ കൂടുതൽ നല്ലവനാവുകയാണ്‌, ആ നിമിഷങ്ങളിൽ അയാൾ കൂടുതൽ നല്ലവനാണ്‌. അയാൾ യഥാർത്ഥത്തിൽ താൻ തന്നെയാവുന്നത് ഈ തരം നിമിഷങ്ങളിലാണ്‌, ജീവിതത്തിനു നമുക്കു നല്കാവുന്ന ഏറ്റവും മഹത്തായ നിമിഷങ്ങളിൽ.”

1908 ജൂലൈ 18


ആസ്ട്രിയൻ സംഗീതജ്ഞനായ അൽബൻ മരിയ യൊഹാനസ് ബർഗ്(1885-1935) കാമുകിയും ഗായികയുമായ ഹെലെൻ നഹോവ്സ്കിക്കയച്ച കത്ത്

യവ്തുഷെങ്കോ - തീവണ്ടിമുറി

old_abandoned_train_car_by_fotophi



ലോകം കണ്ട ഒരു തീവണ്ടിമുറി
ഒരു കല്ക്കരിക്കൂനയുടെ ചരിവിൽ നില്ക്കുകയായിരുന്നു,
സ്പ്രിങ്ങുകളിൽ പുല്ലു മൂടി,
മണ്ണിലാണ്ട ചക്രങ്ങളുമായി.
ആളുകൾക്കതൊരു പാർപ്പിടമായിക്കഴിഞ്ഞിരുന്നു.
അല്പകാലം അവർക്കതിനോടൊരപരിചിതത്വം തോന്നിയിരുന്നുവെങ്കിലും
പിന്നീടവർ അതിനോടടുത്തു,
ആ അടുപ്പം കൂടാനായി അവരതിൽ അടുപ്പു കൂട്ടി,
പിന്നെ അവരതിൽ വാൾപേപ്പറൊട്ടിച്ചു,
ജനാലകളിൽ ജറേനിയം പൂക്കൾ വളർത്തി.
അവരതിൽ ഒരു മേശ പിടിച്ചിട്ടു,
പതയുന്ന തിരകളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ചിത്രങ്ങൾ
ആണിയടിച്ചിട്ടു.
താനൊരു തീവണ്ടിമുറിയാണെന്ന ഓർമ്മ അതിനുണ്ടാവരുതെന്നതിനായി
ജറേനിയവും വാൾ പേപ്പറുമൊക്കെയായി
പുറമ്പൂച്ചുകൾ അവർക്കു വേണ്ടിയിരുന്നു.
ഓർമ്മകൾ പക്ഷേ അദമ്യമാണെന്നിരിക്കെ,
തീയും പുകയും ചൂളം വിളികളുമായി
തീവണ്ടികൾ 

                   പാ
                       ഞ്ഞു
                              പോ
                                    കു
                                       മ്പോ
                                               ൾ
ഈ തീവണ്ടിമുറിയ്ക്കുറക്കം വരില്ല.
അവയുടെ നിശ്വാസങ്ങൾ അതിന്റെ ഉള്ളു തൊട്ടു.
കൂടെപ്പോരാൻ വിളിക്കുകയാണെന്നപോലെ
തീവണ്ടികൾ ചൂളം വിളിച്ചുപാഞ്ഞു.
എത്ര ബലം കൊടുത്തിട്ടും പക്ഷേ,
അതിനതിന്റെ ചക്രങ്ങളിളക്കാനായില്ല.
മണ്ണവയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു,
കാട്ടുവള്ളികൾ അവയെ തളച്ചിരുന്നു.
എന്നാൽ പണ്ടൊരു കാലത്തതു പൊന്തകളിലൂടെ,
കാറ്റിനും പാട്ടിനും തീനാളങ്ങൾക്കുമിടയിലൂടെ,
ഒച്ചയാൽ പത്തൽവേലികളെ വിറപ്പിച്ചും കൊണ്ട്
ആനന്ദം തേടി പാഞ്ഞുപോയിരുന്നു.
ഇനിയതെവിടെയ്ക്കും കുതിച്ചുപായില്ല.
ഇനിയതിവിടം വിട്ടെവിടെയ്ക്കും പോകില്ല.
ചെറുപ്പത്തിലെ എടുത്തുചാട്ടങ്ങൾക്കുള്ള ശിക്ഷയത്രെ
അനക്കമറ്റ 
 കിടപ്പ്.
1952

Wednesday, December 4, 2013

യവ്തുഷെങ്കോ - മുറിവുകൾ


ഒരിക്കലല്ല, മാരകമായി ഞാൻ മുറിപ്പെട്ടിരിക്കുന്നു,
നാലു കാലിലിഴഞ്ഞിട്ടെന്നപോലെ ഞാൻ വീടെത്തിയിരിക്കുന്നു.
കുത്തിക്കോർക്കാൻ കൂർത്ത നാവുകൾ തന്നെ വേണമെന്നില്ല,
ചോര വീഴ്ത്താനൊരു പൂവിതളിന്റെ വായ്ത്തല തന്നെ മതി.

ഞാനും മുറിപ്പെടുത്തിയിരിക്കാം, ഞാനറിയാതെതന്നെ,
പോകും വഴിക്കൊരു തലോടലാൽ, ഒരു കള്ളനോട്ടത്താൽ;
അതിന്റെ വേദന പിന്നെ മറ്റൊരാളറിഞ്ഞുമിരിക്കുന്നു,
അതു കട്ടിമഞ്ഞിൽ കാലു പൊള്ളുമ്പോലെയുമായിരുന്നു.

എങ്കിലെന്തിനെന്റെ സഹോദരങ്ങളെ ഞാൻ ദ്രോഹിക്കുന്നു,
സ്നേഹിതരുടെ ശേഷിപ്പുകളിൽ ചവിട്ടി ഞാൻ നടക്കുന്നു,
ഞാൻ, അത്ര വേഗത്തിലുമാഴത്തിലും സ്വയം മുറിപ്പെടുന്നവൻ,
അത്ര നിസ്സാരമെന്നോണമന്യരെ മുറിപ്പെടുത്തുന്നവൻ?


(1973)


Tuesday, December 3, 2013

കാഫ്ക - ഗ്യാലറിയിൽ

circus-art-1

 


ക്ഷയം പിടിച്ച, ശരീരം ശോഷിച്ച ഒരു സർക്കസുകാരി കാലു വേയ്ക്കുന്നൊരു കുതിരയ്ക്കു മേൽ, ഉത്സാഹത്തിനൊരു തളർച്ചയുമില്ലാത്ത കാണികൾക്കു മുന്നിൽ, കണ്ണിൽച്ചോരയില്ലാത്തൊരു റിംഗ് മാസ്റ്ററുടെ ചാട്ടവാർ ചുഴറ്റലിൻ കീഴിൽ കുതിരപ്പുറത്തു ചാഞ്ഞും ചരിഞ്ഞും കാണികൾക്കു നേർക്കു ചുംബനങ്ങളെറിഞ്ഞും അരയ്ക്കു മേലുലച്ചും വിരാമമെന്നതില്ലാതെ മാസങ്ങൾ തുടർച്ചയായി റിംഗിലോടേണ്ടിവരികയാണെങ്കിൽ, ഓർക്കസ്ട്രയുടെയും വെന്റിലേറ്ററുകളുടെയും നിലയ്ക്കാത്ത ഗർജ്ജനത്തിനൊത്തും, ശരിക്കും ചുറ്റികയടികൾ തന്നെയായ കൈയടികളുടെ ഉയർന്നുതാഴുന്ന താളമകമ്പടിയായും ഇന്നതെന്നറിയാത്ത ഭാവിയിലേക്കനിശ്ചിതമായി നീണ്ടുപോവുകയാണ്‌ ആ പ്രകടനമെങ്കിൽ- എങ്കിൽ ഗ്യാലറിയുടെ മുകളറ്റത്തു നിന്നൊരു ചെറുപ്പക്കാരൻ സീറ്റുകളുടെ നിരകൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന പടികൾ ഓടിയിറങ്ങിവന്ന് റിംഗിലേക്കു ചാടിക്കയറുകയും, സന്ദർഭോചിതമായ സംഗീതമാലപിക്കുന്ന ഓർക്കസ്ട്രയുടെ കാഹളാരവത്തിനിടയിലൂടെ “നിർത്തൂ!” എന്നലറുകയും ചെയ്യുമായിരുന്നു.

പക്ഷേ ഇങ്ങനെയല്ല കാര്യങ്ങളെന്നതിനാൽ; വെള്ളയും ചുവപ്പും ധരിച്ച സുന്ദരിയായ ഒരു യുവതി, വില്ലാശിപായിമാരുടെ വേഷമിട്ടു നെഞ്ചും വിരിച്ചുനില്ക്കുന്ന സഹായികൾ വകഞ്ഞുമാറ്റിക്കൊടുക്കുന്ന തിരശ്ശീലകൾക്കിടയിലൂടെ ഒഴുകിയെത്തുന്നപോലോടിവരികയാണെന്നതിനാൽ; റിംഗ് മാസ്റ്റർ അവളുടെ ശ്രദ്ധയാകർഷിക്കാനായി ഒരു നായയെപ്പോലെ ചൂളിക്കൊണ്ട് നിശ്വാസങ്ങളുതിർക്കുകയാണവളുടെ നേർക്കെന്നതിനാൽ; തന്റെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി അപകടം പിടിച്ചൊരു യാത്രയ്ക്കു പുറപ്പെടുകയാണെന്നപോലെ പുള്ളി കുത്തിയ ആ തവിട്ടുകുതിരയ്ക്കു മേൽ അതീവശ്രദ്ധയോടെ അവളെ എടുത്തിരുത്തുകയാണയാളെന്നതിനാൽ; ചാട്ട വീശി അടയാളം കൊടുക്കാൻ ഇനിയും മനസ്സു വരാതെ നില്ക്കുകയാണയാളെന്നതിനാൽ; ഒടുവിൽ താനറിയാതെയെന്നപോലയാൾ ചാട്ടയൊന്നടിച്ച് അനുമതി കൊടുക്കുകയാണെന്നതിനാൽ; വായും തുറന്ന് കുതിരയ്ക്കൊപ്പമോടുകയാണയാളെന്നതിനാൽ; അവൾ ഓരോ കുതിപ്പെടുക്കുന്നതും കണ്ണു തെറ്റാതുറ്റുനോക്കുകയാണയാളെന്നതിനാൽ; എന്താണവളുടെ വൈദഗ്ധ്യമെന്നന്ധാളിക്കുകയാണെന്നതിനാൽ; സൂക്ഷിക്കണേയെന്ന് ഇംഗ്ളീഷിൽ മുന്നറിയിപ്പുകൾ നല്കുകയാണയാളെന്നതിനാൽ; വളയങ്ങൾ പിടിക്കുന്ന സഹായികളോട് ശ്രദ്ധ തെറ്റിപ്പോകരുതെന്ന് ഉഗ്രശാസന നല്കുകയാണയാളെന്നതിനാൽ; അവൾ ഒടുവിലത്തെ മലക്കം മറിച്ചിൽ എടുക്കുന്നതിനു മുമ്പ് നിശബ്ദമാവാൻ രണ്ടു കൈകളും പൊക്കി ഓർക്കസ്ട്രയോടപേക്ഷിക്കുകയാണയാളെന്നതിനാൽ; അവസാനം നിന്നുവിറയ്ക്കുന്ന കുതിരയുടെ പുറത്തു നിന്ന് കൊച്ചുകുഞ്ഞിനെയെന്ന പോലെ അവളെ എടുത്തിറക്കി, രണ്ടു കവിളത്തും മുത്തം കൊടുത്ത്, ഇത്രയൊന്നും പോരാ സദസ്യരുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനം എന്നൊരു ഭാവം മുഖത്തുവരുത്തുകയാണയാളെന്നതിനാൽ; അവളോ,  അയാളുടെ മേൽ താങ്ങി, താനുയർത്തിയ പൊടിപടലത്തിൽ മുങ്ങി, കാൽവിരലൂന്നിനിന്ന്, ഇരുകൈകളും നീട്ടി, തല പിന്നിലേക്കെറിഞ്ഞ്, തന്റെ ആഹ്ളാദത്തിൽ പങ്കു കൊള്ളാൻ സർക്കസ്സുകാരെ മൊത്തം ക്ഷണിക്കുകയാണവളെന്നതിനാൽ- ഇങ്ങനെയാണു കാര്യങ്ങളെന്നതിനാൽ ഗ്യാലറിയുടെ മുകളറ്റത്തിരിക്കുന്ന ആ ചെറുപ്പക്കാരൻ കൈവരിയിൽ മുഖമമർത്തുകയും ഒടുവിലത്തെ മാർച്ചിംഗ് ഗാനത്തിൽ ഒരു ഗാഢസ്വപ്നത്തിലെന്നപോലെ മുങ്ങിപ്പോവുകയും താനറിയാതെ തേങ്ങിക്കരഞ്ഞുപോവുകയും ചെയ്യുന്നു.

(1917)


Monday, December 2, 2013

കാഫ്ക - കരിത്തൊട്ടിയിലെ സവാരിക്കാരൻ

81a45416fc

 


കരിയാകെത്തീർന്നു; കരിത്തൊട്ടി ശൂന്യം; കരണ്ടി ഇനി നിരുപയോഗം; സ്റ്റൌവിൽ നിന്നു വമിക്കുന്നതു ശൈത്യം; വായു വെറുങ്ങലിച്ചു വിങ്ങുന്ന മുറി; ജനാലയ്ക്കു പുറത്ത് ഉറമഞ്ഞു വീണു മരവിച്ച മരങ്ങൾ; തുണയ്ക്കായി നോക്കുന്നവനു നേർക്കെടുത്തുപിടിച്ച വെള്ളിപ്പരിചയായി ആകാശം. എനിക്കു കരി കിട്ടിയേ തീരൂ; തണുത്തു മരിക്കാൻ ഞാനില്ല; എനിക്കു പിന്നിൽ കരുണയറ്റ ആ സ്റ്റൗവ്; എനിക്കു മുന്നിൽ അത്രതന്നെ കരുണയറ്റ ആകാശം; അതിനാൽ ഞാൻ എത്രയും വേഗം അവയ്ക്കിടയിലൂടെ പുറത്തു പോയി ആ കരിക്കച്ചവടക്കാരന്റെ സഹായം തേടിയേ പറ്റു. പക്ഷേ എന്റെ പതിവു യാചനകൾക്കയാൾ കാതു കൊടുക്കാതായിക്കഴിഞ്ഞിരിക്കുന്നു; അതിനാൽ തെളിവു നിരത്തി ഞാൻ അയാളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു, കരിപ്പൊടി ഒരു തരി പോലും എനിക്കു ശേഷിച്ചിട്ടില്ലെന്ന്, എനിക്കയാൾ ആകാശത്തെ സൂര്യനു സമനാണെന്ന്. പ്രാണൻ പോകാറായ ഒരു ഭിക്ഷക്കാരൻ പടിക്കൽ വന്ന് താൻ അവിടെക്കിടന്നു ചാവുമെന്നു പറയുമ്പോൾ വീട്ടിലെ വേലക്കാരി കാപ്പിപ്പാത്രത്തിൽ ശേഷിച്ച അടിമട്ട് അയാൾക്കൊഴിച്ചുകൊടുക്കാൻ തീരുമാനിച്ചുവെന്നു വരാം. അതുപോലെ ഞാൻ ചെല്ലുമ്പോൾ ആ കരിക്കച്ചവടക്കാരൻ കോപത്തോടെയെങ്കിലും “നീ കൊല്ലരുത്” എന്ന കല്പനയെ മാനിച്ച് എന്റെ തൊട്ടിയിലേക്ക് ഒരു കരണ്ടി കല്ക്കരി കോരിയെറിഞ്ഞുവെന്നു വന്നേക്കാം.


ഞാൻ അവിടെച്ചെല്ലുന്ന രീതി കൊണ്ടു തന്നെ കാര്യം തീരുമാനമാകണം; അതിനാൽ ഞാൻ എന്റെ കരിത്തൊട്ടിയിൽത്തന്നെ യാത്രയായി. തൊട്ടിയിൽ കയറിയിരുന്ന്, അതിന്റെ പിടികൾ കടിഞ്ഞാണുകളാക്കി ബുദ്ധിമുട്ടിയെങ്കിലും കോണിപ്പടിയിൽ നിന്നു താഴെയെത്തി; പക്ഷേ താഴെയെത്തിയതും, എന്റെ തൊട്ടി ഉയരുകയാണ്‌, ഗംഭീരമായി, ഗംഭീരമായി; ഇതിലധികം കുലീനതയോടാവില്ല, ചാട്ടവാറുകൾക്കടിയിൽ കുലുങ്ങിയും കൊണ്ട് ഒട്ടകങ്ങൾ നിലത്തു നിന്നുയരുക. മഞ്ഞുറച്ച തെരുവുകളിലൂടെ നിയതമായൊരു വേഗതയിൽ ഞങ്ങൾ പോവുകയായി; പലപ്പോഴും വീടുകളുടെ ഒന്നാം നിലയുടെ പൊക്കത്തോളം ഞാൻ ഉയരുന്നുണ്ട്; ഒരിക്കലും വാതിലുയരത്തിൽ ഞാൻ താഴുന്നുമില്ല. ഒടുവിൽ കരിക്കച്ചവടക്കാരന്റെ നിലവറയുടെ പുറത്ത് അസാധാരണമായ ഒരുയരത്തിൽ ഞാൻ തങ്ങിനില്ക്കുന്നു; അങ്ങു താഴെ ഒരു കൊച്ചുമേശയുടെ മുന്നിൽ കൂനിപ്പിടിച്ചിരുന്നുകൊണ്ട് എന്തോ എഴുതുകയാണയാൾ; അധികമുള്ള ചൂടു പുറത്തു പോകാനായി വാതിൽ തുറന്നിട്ടിരിക്കുകയുമാണയാൾ.


“കരിക്കച്ചവടക്കാരാ!” മഞ്ഞു കൊണ്ടു പൊള്ളയായതും സ്വന്തം നിശ്വാസത്തിന്റെ മേഘങ്ങളിൽ പൊതിഞ്ഞതുമായ ശബ്ദത്തിൽ ഞാൻ ഉറക്കെ വിളിച്ചു, “കരിക്കച്ചവടക്കാരാ, എനിക്കൊരല്പം കരി തരണേ. എന്റെ തൊട്ടി എത്ര ശൂന്യമാണെന്നു നോക്കൂ: അതിലിരുന്നു യാത്ര ചെയ്താണു ഞാൻ വന്നത്. ഒന്നു കരുണ കാണിക്കണേ. എത്രയും വേഗം ഞാനതിന്റെ വില തന്നേക്കാം.”


കച്ചവടക്കാരൻ കാതിൽ കൈ ചേർത്തു. “ഞാനെന്താ കേട്ടത്?” സ്റ്റൌവിനടുത്തിരുന്നു തുന്നുന്ന ഭാര്യയെ നോക്കി അയാൾ അതാവർത്തിച്ചു. “ഞാനെന്താ കേട്ടത്? ഒരാവശ്യക്കാരനോ?”


“ഞാനൊന്നും കേട്ടില്ല,” ചൂടിന്റെ സുഖം പറ്റി ഇരുന്നുകൊണ്ടു തുന്നുമ്പോൾ ഭാര്യ പറഞ്ഞു.


“അല്ലല്ല,” ഞാൻ വിളിച്ചുപറഞ്ഞു, “ഇതു ഞാനാണ്‌; പണ്ടേ നിങ്ങളുടെ പറ്റുകാരൻ; നേരും നെറിയുമുള്ളവൻ; തല്ക്കാലം ഒരു മുട്ടു വന്നുവെന്നേയുള്ളു.”


“ഭാര്യേ,” കച്ചവടക്കാരൻ പറയുകയാണ്‌, “ആരോ വന്നിട്ടുണ്ട്, സംശയമില്ല. എന്റെ കാതുകൾ അങ്ങനെയെന്നെ ചതിക്കുമെന്നു തോന്നുന്നില്ല; ഇത്രയ്ക്കെനിക്ക് ഉള്ളിൽ തട്ടണമെങ്കിൽ അതു വളരെ, വളരെ പഴയൊരു പറ്റുകാരനായിരിക്കണം.”


“നിങ്ങൾക്കിതെന്തു പറ്റി?” ഒരു നിമിഷത്തേക്ക് തുന്നൽ നിർത്തി അതു തന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് അയാളുടെ ഭാര്യ ചോദിക്കുകയാണ്‌, “ ഇവിടെങ്ങും ആരുമില്ല; തെരുവിൽ ഒരാളെയും കാണാനില്ല; നമ്മുടെ പതിവുകാർക്കൊക്കെ കൊടുത്തു കഴിഞ്ഞു; ഇനി കുറേ ദിവസം കടയടച്ചിരുന്നാലും ഒന്നും വരാനില്ല.”

“ഇങ്ങു മുകളിൽ എന്റെ കരിത്തൊട്ടിയിൽ ഞാനിരുപ്പുണ്ടെന്നേ,” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു; നിർവികാരമായ കണ്ണീരുറഞ്ഞ് എന്റെ കാഴ്ച മങ്ങുകയാണ്‌, “ദയവു ചെയ്ത് ഇങ്ങോട്ടൊന്നു നോക്കൂ; നിങ്ങളുടെ നേരേ മുന്നിലുണ്ട് ഞാൻ. ഒരു കരണ്ടിയാണു ഞാൻ യാചിക്കുന്നത്; ഇനി രണ്ടു കരണ്ടി തന്നാൽ എനിക്കു വളരെ സന്തോഷവുമാകും. മറ്റെല്ലാവർക്കും നിങ്ങൾ കൊടുത്തു കഴിഞ്ഞതല്ലേ. ഹാ, എന്റെ തൊട്ടിയിലും കരി വന്നുവീഴുന്നതിന്റെ പടപടശബ്ദം എനിക്കിപ്പോൾ കേൾക്കാനായെങ്കിൽ!”


“ഞാൻ ദാ, വരുന്നു,” കച്ചവടക്കാരൻ പറയുന്നു; എന്നിട്ടയാൾ ആ കൊച്ചുകാലുകളും വച്ച് നിലവറയുടെ പടി കയറാൻ തുടങ്ങുമ്പോഴേക്കും ഭാര്യ അയാളുടെ അരികിൽ ചെന്നു പിടിച്ചുനിർത്തിക്കൊണ്ടു പറയുകയാണ്‌: “നിങ്ങൾ ഇവിടെ നില്ക്കൂ. ഇനിയല്ല, അത്ര വാശിയാണെങ്കിൽ ഞാൻ തന്നെ പോയി നോക്കാം. ഇന്നലെ രാത്രി ചുമച്ച ചുമ ഓർമ്മയുണ്ടാവുമല്ലോ? എന്തോ ഒരു നിസ്സാര ഇടപാടിനു വേണ്ടി, അതിനി നിങ്ങൾക്കു മനസ്സിൽ തോന്നിയതാവാനും മതി, ഭാര്യയെയും കുഞ്ഞിനെയും മറക്കാനും, സ്വന്തം ശ്വാസകോശം ബലി കൊടുക്കാനും തയാറാവുകയാണു നിങ്ങൾ. ഞാൻ പോകാം.“


”എന്നാൽ നമ്മുടെ കൈയിൽ ഏതൊക്കെ തരമുണ്ടെന്ന് അയാളോടു പറയാൻ മറക്കേണ്ട. ഓരോന്നിന്റെയും വില ഞാൻ നിന്നോടു വിളിച്ചുപറയാം.“


”ആയിക്കോട്ടെ,“ എന്നു പറഞ്ഞുകൊണ്ട് ഭാര്യ തെരുവിലേക്കു കയറിവരുന്നു. അവർക്കെന്നെ കാണാൻ പ്രയാസമില്ലെന്നും പറയേണ്ടല്ലോ.


”നിങ്ങളുടെ വിനീതദാസനാണേ!“ ഞാൻ നിലവിളിച്ചുകൊണ്ടു പറയുകയാണ്‌, ”ഒരു കരണ്ടി കരി മതി; ഇതാ ഈ തൊട്ടിയിൽ; ഞാൻ തന്നെ അതു ചുമന്നുകൊണ്ടു പൊയ്ക്കോളാം; നിങ്ങളുടെ കൈയിലുള്ള ഏറ്റവും മോശമായ ഇനം കരിയിൽ ഒരു കരണ്ടി. ഞാനതിന്റെ വില മുഴുവനും തന്നേക്കാം, ഇപ്പോഴല്ല, പിന്നെ, പിന്നെ.“ മരണമണിയോടെത്ര സമാനമായിരുന്നു ആ ‘പിന്നെ, പിന്നെ’ എന്നുള്ള വാക്കുകൾ! അടുത്തുള്ള പള്ളിമേടയിൽ നിന്നു സന്ധ്യമണി മുഴങ്ങിയപ്പോൾ തിരിച്ചറിയാനാവാത്ത വിധം അവയിൽ കലർന്നുപോവുകയും ചെയ്തു ആ വാക്കുകൾ!


”അയാൾക്കെന്താ വേണ്ടത്?“ കച്ചവടക്കാരൻ വിളിച്ചു ചോദിക്കുകയാണ്‌. ”ഒന്നുമില്ല,“ ഭാര്യ പറയുന്നു, ”ഇവിടൊന്നുമില്ല; ഞാനൊന്നും കാണുന്നില്ല, ആറടിക്കുന്നതല്ലാതെ ഒന്നും കേൾക്കുന്നുമില്ല. കടയടയ്ക്കാൻ നേരമായി. നല്ല തണുപ്പുണ്ട്; നാളെ നല്ല പണിയുണ്ടാവുമെന്നു തോന്നുന്നു.“


അവരൊന്നും കാണുന്നുമില്ല, കേൾക്കുന്നുമില്ല. എന്നിട്ടു കൂടി ഏപ്രൺ അഴിച്ചെടുത്ത് എന്നെ വീശിയോടിക്കാൻ നോക്കുകയുമാണവർ. കഷ്ടമേ, അതിലവർ വിജയിക്കുകയും ചെയ്യുന്നു. ഒരൊന്നാന്തരം സവാരിക്കുതിരയുടെ സർവഗുണങ്ങളും എന്റെ കരിത്തൊട്ടിക്കുണ്ട്; പക്ഷേ ചെറുത്തുനില്പ് എന്ന ഗുണം ഇല്ലതാനും; തീരെ ഭാരം കുറഞ്ഞതാണത്; ഒരു സ്ത്രീയുടെ ഏപ്രൺ കൊണ്ടൊന്നു വീശിയാൽ പറന്നു പോകാനുള്ളതേയുള്ളു അത്.


”ദുഷ്ട!“ തിരിച്ചുപോരുമ്പോൾ ഞാൻ അലറിക്കൊണ്ടു പറഞ്ഞു; അവരാവട്ടെ, പാതി അവജ്ഞയും പാതി ആത്മസംതൃപ്തിയും കാണിക്കുന്നപോലെ ഒരു കൈയെടുത്തു വീശിക്കൊണ്ട് കടയിലേക്കു തിരിച്ചു നടക്കുകയായിരുന്നു. ”ദുഷ്ട! ഏറ്റവും മോശപ്പെട്ട കരിയിൽ ഒരു കരണ്ടിയേ ഞാൻ യാചിച്ചുള്ളു; അതു പോലും നീയെനിക്കു തന്നില്ല.“ അത്രയും പറഞ്ഞുകൊണ്ട് മഞ്ഞുമലകൾ നില്ക്കുന്ന ദിക്കു നോക്കി ഞാൻ പറന്നുയരുന്നു, എന്നെന്നേക്കുമായി പോയിമറയുന്നു.

പ്രണയലേഖനങ്ങൾ(15)- കീറ്റ്സ്


നീ ആഗ്രഹിക്കുന്നത്ര ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നു ചിലനേരം നിനക്കു സംശയം തോന്നാറുണ്ടോ? എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാൻ എന്നുമെന്നും സ്നേഹിക്കുന്നു, അതും കലവറയില്ലാതെ. നിന്നെ അറിയും തോറും നിന്നെ സ്നേഹിച്ചിട്ടേയുള്ളു ഞാൻ. അത് ഇന്ന രീതിയിലെന്നുമില്ല- എന്റെ കുശുമ്പുകൾ പോലും എന്റെ പ്രണയത്തിന്റെ നോവുകളായിരുന്നു; വികാരം കത്തിനിന്ന  ചില മുഹൂർത്തങ്ങളിൽ ഞാൻ നിനക്കു വേണ്ടി മരിക്കുക പോലും ചെയ്യുമായിരുന്നു. ഞാൻ നിന്നെ ഏറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അതു പക്ഷേ പ്രണയത്തിനു വേണ്ടിയായിരുന്നു! അതെങ്ങനെ ഞാൻ ഒഴിവാക്കാൻ? എന്നും പുതുമയാണു നീ. നിന്റെ ഏറ്റവുമൊടുവിലത്തെ ചുംബനങ്ങളായിരുന്നു ഏറ്റവും മാധുര്യമുള്ളവ; ഏറ്റവും ഒടുവിലത്തെ പുഞ്ചിരിയായിരുന്നു ഏറ്റവും ദീപ്തം; ഒടുവിലത്തെ ചലനങ്ങളായിരുന്നു ഏറ്റവും അഴകാർന്നവയും. ഇന്നലെ നീ എന്റെ വീടിന്റെ ജനാല കടന്നുപോയപ്പോൾ നിന്നെ ആദ്യമായി കാണുകയാണെന്നപോലെ നിന്നെ ഞാൻ ആരാധിച്ചുപോയി. ഞാൻ നിന്റെ സൌന്ദര്യത്തെ മാത്രമേ സ്നേഹിക്കുന്നുള്ളുവെന്ന് പാതിയൊരു പരാതി പോലെ നീ പറഞ്ഞിരുന്നല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ സ്നേഹിക്കാൻ നിന്നിൽ കാണുന്നില്ല? എന്റെ കൈകളുടെ തടവറയിലേക്കു സ്വമനസ്സാലെ പറന്നിറങ്ങുന്നൊരു ഹൃദയത്തെ ഞാൻ കാണുന്നില്ലേ? ഭാവി എത്ര ആശങ്കാജനകമായിക്കോട്ടെ, ഒരു നിമിഷം പോലും നിന്നെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല. അതൊരുവേള സന്തോഷത്തിനെന്നപോലെ ശോകത്തിനുമുള്ള വിഷയമായേക്കാം- അതു ഞാൻ വിട്ടുകളയുന്നു. നീ എന്നെ സ്നേഹിക്കുന്നില്ലെങ്കില്ക്കൂടി എനിക്കു നിന്നെ ആരാധിക്കാതിരിക്കാനാവില്ല: അപ്പോൾപ്പിന്നെ നിനക്കെന്നെ സ്നേഹമാണെന്നറിഞ്ഞിരിക്കെ എത്രയായിരിക്കും എന്റെ സ്നേഹത്തിന്റെ തീവ്രത! തന്നെക്കാൾ എത്രയോ ചെറുതായൊരുടലിൽ കഴിയാൻ നിർബന്ധിതമായ മറ്റൊരു മനസ്സുമുണ്ടാവില്ല, എന്റെ മനസ്സു പോലെ ഇത്രയും അതൃപ്തവും അസ്വസ്ഥവുമായി. എന്റെ മനസ്സ് പൂർണ്ണവും അവിചലിതവുമായ ആനന്ദത്തിനായി മറ്റൊന്നിലും ആശ്രയം തേടുന്നതായും ഞാൻ കണ്ടിട്ടില്ല- നീ എന്ന വ്യക്തിയിലല്ലാതെ. നീ എന്റെ മുറിയിലുള്ളപ്പോൾ എന്റെ ചിന്തകൾ ഒരിക്കലും ജനാല തുറന്നു പുറത്തേക്കു പറക്കാറില്ല: എന്റെ ചേതനയാകെ നിന്നിൽ കേന്ദ്രീകരിക്കുന്നു. നമ്മുടെ പ്രണയങ്ങളെക്കുറിച്ച് നിന്റെ ഒടുവിലത്തെ കുറിപ്പിൽ നീ പ്രകടിപ്പിച്ച ഉത്കണ്ഠ എനിക്കു വലിയൊരു സന്തോഷത്തിനു കാരണമായിരിക്കുന്നു: എന്നാൽക്കൂടി ആ തരം ഊഹാപോഹങ്ങൾ മനസ്സിനെ അലട്ടാൻ ഇനിയും നീ നിന്നുകൊടുക്കുകയുമരുത്: നിനക്കെന്നോട് എത്ര ചെറുതെങ്കിലുമായൊരു വൈരാഗ്യമുണ്ടെന്ന് ഞാനും വിശ്വസിക്കുകയില്ല. ബ്രൌൺ പുറത്തേക്കു പൊയ്ക്കഴിഞ്ഞു- ഇതാ പക്ഷേ മിസ്സിസ് വൈലി വന്നിരിക്കുന്നു- അവരും പോയാൽ ഞാൻ നിനക്കു വേണ്ടി ഉണർന്നിരിക്കാം...

(1820 മാര്‍ച്ച്)


ഇംഗ്ളീഷ് കാല്പനികകവി ജോൺ കീറ്റ്സ്(1795-1821) ഫ്രാൻസെസ് ബ്രാൺ ലിൻഡൊണെഴുതിയത്

Sunday, December 1, 2013

പ്രണയലേഖനങ്ങൾ(14)- ലൂയിസ് കാരൾ

Lewis-Carroll

 


എത്രയും പ്രിയപ്പെട്ട മേയ്,

പീച്ച് പഴങ്ങൾക്കു വളരെ വളരെ നന്ദി. അവ സ്വാദിഷ്ഠമായിരുന്നു. നിന്നെ ചുംബിക്കുന്നത്ര നന്നായിരുന്നു അവ; അത്രതന്നെ എന്നു ഞാൻ പറയുന്നില്ല; നോക്കട്ടെ, അതിന്റെ കൃത്യമായ അളവെടുത്താൽ, ഒരു മുക്കാൽ ഭാഗത്തോളം അതുപോലെ എന്നു ഞാൻ പറയും. എത്ര നല്ല കാലാവസ്ഥയാണെന്നോ ഞങ്ങൾക്കിവിടെ! മനോഹരമാണു കടലോരം. ഞാനങ്ങനെ നടന്നുപോകുമ്പോൾ പാറകൾക്കിടയിൽ തളം കെട്ടിയ വെള്ളത്തിൽ നീ തൂവാലയും കഴുകിക്കൊണ്ടു നില്ക്കുന്നതായി ഒരു ദിവസം എന്റെ കണ്ണില്പെടണമെന്നേ എനിക്കൊരാഗ്രഹമുള്ളു! പക്ഷേ ഞാൻ കടലോരത്തലഞ്ഞുനടക്കുന്നതും നിന്നെ തേടുന്നതും വെറുതെ: ഞാൻ അപ്പോൾ ചോദിച്ചുപോകുന്നു, “എവിടെ മേയ്?” ബുദ്ധികെട്ട ആ വള്ളക്കാർ പറയുകയാണ്‌, “മേയ് ആയിട്ടില്ല സാർ; ഇതു സെപ്തംബറാണ്‌!” പക്ഷേ അതെനിക്കു സാന്ത്വനമാകുന്നുമില്ല.

എന്നും നിനക്കു പ്രിയപ്പെട്ട

സി.എൽ.ഡി


(ഗണിതജ്ഞനും എഴുത്തുകാരനുമായ ലൂയിസ് കാരൾ (1832-1898) മേയ് മിലെഹാമിനെഴുതിയത്)

കാഫ്ക - ഒച്ചപ്പാട്

Great_Noise_by_dontforgetfrank link to image




ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ്‌ വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്‌. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.

(1911 നവംബർ 5ലെ ഈ ഡയറിക്കുറിപ്പ് ഒരു കൊല്ലം കഴിഞ്ഞ് പ്രാഗിലെ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.)

വാസ്കോ പോപ്പ - കുടിയേറ്റത്തൊഴിലാളികൾക്കായി ഒരു കാവ്യനിശ

vasko popa


“സ്വാഗതം, പ്രിയകവേ,
അങ്ങെപ്പോഴാണു ഞങ്ങൾക്കു കവിത വായിച്ചുകേൾപ്പിക്കാൻ പോകുന്നത്?
ഷിഫ്റ്റു കഴിഞ്ഞായാലോ?”

“ഷിഫ്റ്റു കഴിഞ്ഞാൽ പണിക്കാർ തളർന്നിരിക്കയാവില്ലേ,
ക്വാർട്ടേഴ്സിലേക്കു മടങ്ങാൻ അക്ഷമരായിരിക്കുമവർ.”

“എന്നാൽ ശനിയാഴ്ചയായാലോ?”

“ശനിയാഴ്ചയല്ലേ ജോലിക്കാർ കുളിക്കുകയും തുണി തിരുമ്പുകയും
വീട്ടിലേക്കു കത്തെഴുതുകയും ചെയ്യുന്നത്.”

“എന്നാൽ ഞായറാഴ്ചയായാലോ?”

“ഞായറാഴ്ച പണിക്കാർ ക്വാർട്ടേഴ്സിലുണ്ടാവില്ല,
ചെറുപ്പക്കാർ കാമുകിമാരെ കാണാൻ പോയിട്ടുണ്ടാവും,
മുതിർന്നവർ ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലേക്കു പോവുകയായിരിക്കും.”

“അപ്പോൾ ഞങ്ങൾക്കു കവിത വായിച്ചുതരാൻ അങ്ങയ്ക്കു സമയമില്ലെന്നാണോ?”

“ഞാൻ പറഞ്ഞല്ലോ, നമുക്കു സമയമില്ല,
എന്നാൽ നമുക്കൊരുമിച്ച് അതുണ്ടാക്കാവുന്നതേയുള്ളു.“


Saturday, November 30, 2013

വാസ്കോ പോപ്പ - ആസന്നമായ മടക്കം

Vasko Popa Complete Poems

 


ബക്കെറെക്കിലെ ഒരു ജയിൽമുറിയിൽ
ചെമ്പടയിലെ ഒരു പട്ടാളക്കാരൻ
ഒരു പകൽ എന്നോടൊപ്പമുണ്ടായിരുന്നു
ഏതോ ജയിൽ ചാടി എത്തിയതാണയാൾ

ഏതു നിമിഷവും വാതിൽ തുറക്കാം
അയാളെ പുറത്തേക്കു പിടിച്ചുകൊണ്ടുപോകാം
മുറ്റത്തു വെടി വച്ചിടാം

മോസ്ക്കോവിലേക്ക്
ഏറ്റവുമെളുപ്പത്തിലുള്ള വഴി കാണിച്ചുകൊടുക്കാൻ
എന്നോടു പറയുകയാണയാൾ

തറയിൽ റൊട്ടിത്തുണ്ടുകൾ നിരത്തി
അയാൾക്കു കടന്നുപോകേണ്ട പട്ടണങ്ങൾ
ഞാൻ പണിതുകാണിച്ചു

അയാൾ വിരലു കൊണ്ട് ദൂരമളക്കുന്നു
കൂറ്റൻ കൈ കൊണ്ട് എന്റെ തോളത്തള്ളിപ്പിടിക്കുന്നു
അട്ടഹാസം കൊണ്ടു ജയിലാകെക്കുലുക്കുന്നു

നീ അകലെയല്ല എന്റെ സുന്ദരീ


Friday, November 29, 2013

പ്രണയലേഖനങ്ങൾ(12)- ഡെനിസ് ദിദെറോ

diderot


നീ സുഖമായിരിക്കുന്നു! നീ എന്നെക്കുറിച്ചു വിചാരിക്കുന്നു! നീ എന്നെ സ്നേഹിക്കുന്നു. നീ എന്നും എന്നെ സ്നേഹിക്കും. ഞാൻ നിന്നെ വിശ്വസിക്കട്ടെ: ഇനി ഞാൻ സന്തോഷവാനായിരിക്കും. എനിക്കു ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. എനിക്കു സംസാരിക്കാം, ജോലി ചെയ്യാം, കളിക്കാം, നടക്കാം- എന്തും എനിക്കു ചെയ്യാം. പോയ രണ്ടുമൂന്നു ദിവസങ്ങൾ അഹിതം തോന്നുന്ന വിധത്തിലായിരിക്കണം എന്റെ പെരുമാറ്റം. ഇല്ല! എന്റെ പ്രിയേ, നിന്റെ നേരിട്ടുള്ള സാന്നിദ്ധ്യം പോലും നിന്റെ ആദ്യത്തെ കത്തു പോലെ എന്നെ ഇത്ര കണ്ട് ആഹ്ളാദവാനാക്കുമായിരുന്നില്ല.

എത്ര ക്ഷമകേടോടെയാണെന്നോ ഞാൻ അതിനു വേണ്ടി കാത്തിരുന്നത്! അതു പൊട്ടിക്കുമ്പോൾ എന്റെ കൈ വിറച്ചിരുന്നുവെന്നതു തീർച്ച. എന്റെ മുഖഭാവം മാറി; എന്റെ ശബ്ദം പതറി; അതെന്റെ കൈയിൽ തന്നയാൾ മനസ്സിൽ പറഞ്ഞിരിക്കും (വിഡ്ഡിയല്ല അയാളെങ്കിൽ) : ‘അച്ഛന്റെയോ അമ്മയുടെയോ അല്ലെങ്കിൽ താൻ സ്നേഹിക്കുന്ന മറ്റാരുടെയോ കത്താണ്‌ ഈ മനുഷ്യനു കിട്ടിയിരിക്കുന്നത്!’ എന്റെ കടുത്ത മനഃക്ഷോഭം വെളിവാക്കുന്ന ഒരു കത്തു നിനക്കയക്കാൻ പോകുന്ന നിമിഷത്തിലാണ്‌ നിന്റെ കത്തു വന്നത്. നീയവിടെ സ്വയം വിനോദിച്ചു കഴിയുമ്പോൾ എന്റെ ഹൃദയവേദന എത്രയാണെന്നു നീ മറന്നുപോകുന്നു...

വിട, എനിക്കെത്രയും പ്രിയപ്പെട്ടവളേ. തീക്ഷ്ണവും ആത്മാർത്ഥവുമാണ്‌ എനിക്കു നിന്നോടുള്ള സ്നേഹം. ഇതിലുമധികം നിന്നെ ഞാൻ സ്നേഹിച്ചേനേ, അതെങ്ങനെയെന്ന് എനിക്കറിയുമായിരുന്നെങ്കിൽ.


ഫ്രഞ്ചു ദാർശനികനും നോവലിസ്റ്റും പണ്ഡിതനുമായ ഡെനിസ് ദിദെറോ(1713-1784)കാമുകിയായ സോഫീ വോലെന്റിനെഴുതിയത്.

വാസ്കോ പോപ്പ - കവിയുടെ ഏണി

vasko_popa


വൃസാക്കിൽ യുദ്ധത്തിന്റെ തലേന്ന്
ഡെജാൻ ബ്രാങ്കോവ് എന്ന കവി വാടകവീടെടുത്തു
ഞങ്ങളുടെ വീടിനു തൊട്ടരികെ

ഞങ്ങളുടെ ഭാഗത്തെ ചുമരിൽ
ഒരേണി ചാരിവയ്ക്കണമെന്ന്
അച്ഛനോടു പറയാൻ
അദ്ദേഹം എന്നോടാവശ്യപ്പെട്ടു

ഏതു രാത്രിയും അദ്ദേഹം പ്രതീക്ഷിക്കുകയായിരുന്നു
കോൺസെന്ട്രേഷൻ ക്യാമ്പിലേക്കു തന്നെക്കൊണ്ടുപോകാൻ
അവരെത്തുമെന്ന്

തന്റെ പാർട്ടിക്കാരുടെ ഒരു സംഘത്തെ നയിച്ചുപോകുമ്പോൾ
അദ്ദേഹം കൊല്ലപ്പെട്ടിട്ടേറെക്കാലം കഴിഞ്ഞിട്ടും
ഏണി അതിന്റെ നിർദ്ദിഷ്ടസ്ഥാനത്തു തന്നെ നില്പുണ്ടായിരുന്നു

അതിന്റെ ചവിട്ടുപടികളിലൂടെ പിടിച്ചുകയറിയിരുന്നു
ഒരു കയ്പൻ മുന്തിരിവള്ളി


Thursday, November 28, 2013

പ്രണയലേഖനങ്ങൾ(11)- ടോൾസ്റ്റോയ്

Tolstoy

 


നിന്റെ സൌന്ദര്യത്തോടു ഞാൻ സ്നേഹത്തിലായിക്കഴിഞ്ഞു; പക്ഷേ ശാശ്വതവും അനർഘവുമായി നിന്നിലുള്ളതൊന്നിനെ, നിന്റെ ഹൃദയത്തെ, നിന്റെ ആത്മാവിനെ സ്നേഹിക്കാൻ തുടങ്ങിയിട്ടേയുള്ളു ഞാൻ. സൌന്ദര്യത്തെ അറിയാനും അതിനോടു സ്നേഹത്തിലാവാനും ആർക്കും ഒരു മണിക്കൂറു മതി; അത്രതന്നെ നേരം മതി ആ സ്നേഹം നിലയ്ക്കാനും. ആത്മാവിനെ അറിയാൻ പക്ഷേ, നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ പറയുന്നതു വിശ്വസിക്കൂ, ഈ ഭൂമിയിൽ യാതൊന്നും അദ്ധ്വാനിക്കാതെ കിട്ടാൻ പോകുന്നില്ല, അനുഭൂതികളിൽ വച്ചേറ്റവും മനോഹരവും നൈസർഗികവുമായ പ്രണയം പോലും.

1856 നവംബർ 2


(ടോൾസ്റ്റോയ് കാമുകിയായിരുന്ന വലേറിയ ആർസെനേവിനെഴുതിയത് )

പ്രണയലേഖനങ്ങൾ(10)- ഫ്ളാബേർ

lettres a louise colet


നീ ക്രൂരയാണെന്നു നിനക്കറിയാമോ? ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുന്നു; അതിനു നീ എടുത്തുകാട്ടുന്ന തെളിവാകട്ടെ, എന്നും ഞാൻ പോവുകയാണെന്നതും. നീ തെറ്റാണു ചെയ്യുന്നത്. എങ്ങനെയാണെനിക്കു പോകാതിരിക്കാനാവുക? എന്റെ സ്ഥാനത്തു നീയായിരുന്നെങ്കിൽ എന്താവും ചെയ്യുക? നിനക്കെപ്പോഴും നിന്റെ ദുഃഖങ്ങളെക്കുറിച്ചേ പറയാനുള്ളു; അവ യഥാർത്ഥമാണെന്ന് എനിക്കറിയാത്തതല്ല; അതിനുള്ള തെളിവു ഞാൻ കണ്ടിട്ടുമുണ്ട്; നിന്റെ ദുഃഖങ്ങൾ എനിക്കനുഭവമാണെന്നതിനാൽ അത്രയ്ക്കെനിക്കവ ബോദ്ധ്യവുമാണ്‌. പക്ഷേ മറ്റൊരു ദുഃഖത്തിനുള്ള തെളിവും ഞാൻ കാണുന്നുണ്ട്, എന്നും എന്റെ അരികിലുള്ള ഒരു ദുഃഖം; അതിനു പക്ഷേ ഒരു പരാതിയുമില്ല, അതു മന്ദഹസിക്കുക കൂടി ചെയ്യുന്നുണ്ട്; അതിനടുത്തു വച്ചു നോക്കുമ്പോൾ നിന്റെ ദുഃഖം, അതിനി എത്ര പെരുപ്പിച്ചുകാട്ടിയാലും, ഒരു പൊള്ളലിനു മുന്നിൽ ഒരു കൊതുകുകടി പോലെയേയുള്ളു, മരണവേദനയുടെ മുന്നിൽ ഒരു കോച്ചിവലി പോലെ. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന രണ്ടു സ്ത്രീകൾ രണ്ടു കടിഞ്ഞാണുകളിണക്കി എന്നെ ഓടിക്കുകയാണ്‌; എന്റെ ഹൃദയത്തിലാണ്‌ അതിന്റെ കടിവാളം; തങ്ങളുടെ പ്രണയവും ശോകവും വച്ച് അതിൽ കൊളുത്തിവലിക്കുകയാണവർ. ഇതു വായിച്ചിട്ട് നിന്റെ കോപം ഏറുകയാണെങ്കിൽ ക്ഷമിക്കണേ; നിന്നോട് എന്തു പറയണമെന്ന് എനിക്കറിയാതായിരിക്കുന്നു; ഞാൻ അറച്ചുനില്ക്കുകയാണ്‌. നിന്നോടു മിണ്ടുമ്പോൾ നിന്നെ കരയിക്കുമെന്ന പേടിയാണെനിക്ക്, തൊട്ടാൽ മുറിപ്പെടുത്തുമെന്നും. എന്റെ പ്രചണ്ഡമായ ആശ്ളേഷങ്ങൾ നിനക്കോർമ്മയുണ്ടാവുമല്ലോ; എത്ര ബലിഷ്ഠമായിരുന്നു എന്റെ കൈകളെന്നും: നീ കിടന്നു വിറയ്ക്കുക തന്നെയായിരുന്നു. രണ്ടോ മൂന്നോ തവണ ഞാൻ നിന്നെ കരയിച്ചിട്ടുണ്ട്. എന്നാലും കുറച്ചുകൂടി യുക്തിപൂർവ്വം ചിന്തിക്കൂ, ഞാൻ സ്നേഹിക്കുന്ന പാവം കുട്ടീ: ഭാവനാസൃഷ്ടികളെയോർത്തു ഖേദിക്കുന്നതു നിർത്തുക.

എന്തിനെയും വിശകലനം ചെയ്യാനുള്ള എന്റെ സ്വഭാവത്തെ നീ കുറ്റപ്പെടുത്തുന്നു. അതേ സമയം എന്റെ വാക്കുകൾക്ക് അവയ്ക്കില്ലാത്ത ഒരു സൂക്ഷ്മദുഷ്ടതയും നീ ചാർത്തിക്കൊടുക്കുന്നുണ്ട്. എന്റെ മനസ്സിന്റെ ഘടന നിനക്കിഷ്ടപ്പെടുന്നില്ല; അതു തൊടുത്തുവിടുന്ന അഗ്നിബാണങ്ങൾ നിന്റെ ഹിതത്തിനൊക്കുന്നില്ല: എന്റെ മമതകളിൽ, എന്റെ ഭാഷയിൽ കുറച്ചു കൂടി പൊരുത്തം വേണമെന്ന്, ഐക്യരൂപ്യം വേണമെന്ന് നീ ആഗ്രഹിക്കുന്നു. മറ്റുവർ ചെയ്യുന്നതു പോലെ, എല്ലാവരും ചെയ്യുന്നതു പോലെ ഇപ്പോൾ നീ, നീയും- എന്നെക്കൊണ്ട് ആകെക്കൊള്ളാവുന്ന ഒരു കാര്യത്തിന്‌- എന്റെ കുതിപ്പുകളും പിടച്ചിലുകളും, എന്റെ വൈകാരികവിസ്ഫോടനങ്ങൾ- അതിന്‌ നീയെന്നെ കുറ്റപ്പെടുത്തുകയാണ്‌. അതെ, നിനക്കും മരത്തെ കോതിനിർത്തണം. അതിന്റെ ചില്ലകൾ ഒതുക്കമില്ലാത്തവയാണെന്നു വന്നോട്ടെ; എന്നാലും കനത്തതും ഇല തിങ്ങിയതുമാണവ; വായുവിനും വെയിലിനുമായി സർവദിശകളിലേക്കും അവയെത്തുന്നുണ്ട്. നിനക്കും മരത്തെ മെരുക്കണം, നിനക്കതിനെ ചുമരിൽ ചാരി വളരുന്ന ഒരലങ്കാരച്ചെടിയാക്കണം: ശരി തന്നെ, എങ്കിലതിൽ സുന്ദരമായ കനികളുണ്ടാവും, ഒരേണിയുടെയും സഹായമില്ലാതെ ഒരു കുട്ടിയ്ക്ക് അതിൽ നിന്ന് അവ പറിച്ചു തിന്നുകയുമാവാം. ഞാൻ എന്തു ചെയ്യണമെന്നാണു നീ പറയുന്നത്? ഞാൻ സ്നേഹിക്കുന്നത് എന്റെ രീതിയിലാണ്‌: അതു നിന്നെക്കാൾ കുറവോ കൂടുതലോയെന്ന് ദൈവത്തിനേ അറിയൂ. പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നാൽ ഞാൻ നിന്നോടു ചെയ്തത് മറ്റു വൃത്തികെട്ട പെണ്ണുങ്ങൾക്കു വേണ്ടി ഞാൻ ചെയ്തിട്ടുണ്ടാവാം എന്നു നീ പറയുമ്പോൾ...മറ്റാർക്കു വേണ്ടിയും ഞാനതു ചെയ്തിട്ടില്ല, ഒരാൾക്കും; ഞാൻ ആണയിടാം. യാത്ര ചെയ്തു പോയിക്കാണാൻ എനിക്കു തോന്നിയ- അങ്ങനെ ചെയ്യാൻ തോന്നുന്നത്ര ഞാൻ സ്നേഹിച്ച ആദ്യത്തെ സ്ത്രീ, ഒരേയൊരു സ്ത്രീ നീ തന്നെ; അതിനു കാരണം നീ സ്നേഹിക്കുമ്പോലെ എന്നെ ആദ്യമായി സ്നേഹിച്ചതു നീയാണെന്നതും. ഇല്ല: നിനക്കു മുമ്പു മറ്റൊരാളും ഇതേ കണ്ണീരൊഴുക്കിയിട്ടില്ല, വിഷാദവും ആർദ്രതയും കലർന്ന രീതിയിൽ എന്നെ നോക്കിയിട്ടില്ല.  അതെ: ആ ബുധനാഴ്ചരാത്രിയെക്കുറിച്ചുള്ള ഓർമ്മയാണ്‌ പ്രണയത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമ്മ. നാളെ ഞാൻ വൃദ്ധനായെന്നിരിക്കട്ടെ, നഷ്ടമായതൊന്നിനെക്കുറിച്ചു ഞാൻ ഖേദിക്കുമെങ്കിൽ അത് ആ ഓർമ്മയെക്കുറിച്ചായിരിക്കും.

വിട. ഇന്നു നിന്റെ നാമകരണദിനമാണല്ലോ. ഒരു പൂച്ചെണ്ടായി ഞാൻ എന്റെ ഏറ്റവും നല്ല ചുംബനങ്ങൾ അയക്കുന്നു.

1846 ആഗസ്റ്റ് 23


ഗുസ്താവ് ഫ്ളാബേർ കോലെറ്റിനെഴുതിയത് )

Wednesday, November 27, 2013

ഒക്റ്റേവിയോ പാസ് - വിവാഹനിശ്ചയം കഴിഞ്ഞവർ

download (1)

 


പുല്പരപ്പിൽ നീണ്ടുനിവർന്ന്
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
അവരോറഞ്ചുകളൂറിക്കുടിക്കുന്നു, ചുംബിക്കുന്നു
നുര കൈമാറുന്ന തിരകളെപ്പോലെ.

കടലോരത്തു നീണ്ടുനിവർന്ന്
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
അവർ നാരങ്ങകളൂറിക്കുടിക്കുന്നു, ചുംബിക്കുന്നു,
നുര കൈമാറുന്ന മേഘങ്ങളെപ്പോലെ.

മണ്ണിനടിയിൽ നീണ്ടുനിവർന്ന്
ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.
അവരൊന്നും മിണ്ടുന്നില്ല, ചുംബിക്കുന്നില്ല,
മൌനത്തിനു മൌനം അവർ കൈമാറുന്നു.


പ്രണയലേഖനങ്ങൾ (9)- ഫ്ളാബേർ

download (1)


എന്റെ കാര്യത്തിൽ നീ വ്യാമോഹങ്ങൾ വച്ചുപുലർത്തുന്നു എന്ന് നിന്റെ കത്തിലെ ഒരു പുറം കൊണ്ട് എനിക്കു മനസ്സിലായിരിക്കുന്നതിനാൽ എന്നെക്കുറിച്ച് ഒരു തുറന്ന വിശദീകരണം നല്കാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. അതങ്ങനെ പൊയ്ക്കോട്ടെ എന്നു ഞാൻ വിട്ടുകളഞ്ഞാൽ എന്റെ ഭാഗത്തു നിന്നുള്ള ഒരു ഭീരുത്വമായിരിക്കും അത് (ഭീരുത്വമാകട്ടെ, ഞാൻ വെറുക്കുന്നൊരു ദുർഗ്ഗുണവുമാണ്‌, അതിനി ഏതു രൂപത്തിൽ വെളിച്ചപ്പെട്ടാലും).

എന്റെ അടിസ്ഥാനപ്രകൃതം, ആരെന്തൊക്കെപ്പറഞ്ഞാലും, ഒരഭിനയക്കാരന്റേതാണ്‌. ബാല്യത്തിലും യൌവനത്തിലും അരങ്ങിനോട് ഭ്രാന്തമായൊരു പ്രണയമായിരുന്നു എനിക്ക്. കുറച്ചുകൂടി ദരിദ്രരായിരുന്നു എന്റെ അച്ഛനമ്മമാരെങ്കിൽ ഞാൻ ഒരുപക്ഷേ വലിയൊരു നടൻ തന്നെ ആകുമായിരുന്നു. ഇപ്പോഴും മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് രൂപത്തെയാണ്‌, എന്നു പറഞ്ഞാൽ സുന്ദരമായ രൂപത്തെ; അതിനപ്പുറം ഒന്നിനെയും ഞാൻ മാനിക്കുന്നില്ല. ഹൃദയങ്ങൾ ചുട്ടുപൊള്ളുന്ന, മനസ്സുകളേറെ സങ്കോചിച്ച സ്ത്രീകൾക്ക് സൌന്ദര്യത്തിന്റെ, വികാരത്തിൽ നിന്നു വേർപെട്ട സൌന്ദര്യത്തിന്റെ ഈ മതം മനസ്സിലാവുകയില്ല. അവർക്കെന്തിനും വേണം ഒരു കാരണം, ഒരുലക്ഷ്യം. പൊന്നിനെപ്പോലെ ഞാൻ മതിക്കും വെറും കിന്നരിത്തുണ്ടിനേയും: വാസ്തവം പറഞ്ഞാൽ കിന്നരിയുടെ കവിതയാണ്‌ മഹത്തരം, അതാണു കൂടുതൽ ദാരുണമെന്നതിനാൽ. എന്നെ സംബന്ധിച്ചിടത്തോളം ലോകമെന്നാൽ ഇത്രയേയുള്ളു: ഉജ്ജ്വലമായ കവിത, ലയം ചേർന്ന, കടഞ്ഞെടുത്ത, പാടുന്ന വരികൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ, നിലാവ്, ചിത്രങ്ങൾ, പ്രാചീനശില്പങ്ങൾ, പിന്നെ മനസ്സിൽ തറ്യ്ക്കുന്ന മുഖങ്ങളും. അതിനപ്പുറം ഒന്നുമില്ല. മിരാബോയെക്കാൾ തൽമ ആകാനാണു ഞാനിഷ്ടപ്പെടുക, അദ്ദേഹം ജീവിച്ച മണ്ഡലമാണു കൂടുതൽ സുന്ദരം എന്ന കാരണത്താൽ. അടിമകളായ മനുഷ്യജീവികളെപ്പോലെ തന്നെ കൂട്ടിലടച്ച കിളികളെക്കണ്ടാലും എനിക്കു സങ്കടം വരും. രാഷ്ട്രീയത്തിന്റെ കാര്യത്തിലാവട്ടെ, എനിക്കു മനസ്സിലാവുന്നതായി ഒന്നേയുള്ളു: ലഹള. ഒരു തുർക്കിക്കാരനെപ്പോലെ വിധിവിശ്വാസിയാണു ഞാൻ: മനുഷ്യപുരോഗതിയുടെ പേരിൽ നാം എന്തു ചെയ്താലും, ഒന്നും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെയാണെന്നാണ്‌ എന്റെ വിശ്വാസം. പിന്നെ ആ ‘പുരോഗതി’യെക്കുറിച്ചാണെങ്കിൽ അത്ര വ്യക്തത പോരാതെ, സ്ഥൂലമായിട്ടെന്തോ ചില ആശയങ്ങൾ മാത്രമേ എനിക്കറിയൂ. അമ്മാതിരി ഭാഷയോടു ബന്ധപ്പെട്ട സർവതിനോടും വല്ലാത്തൊരു ക്ഷമകേടാണെനിക്ക്. ആധുനികകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ വെറുക്കുന്നു; ബുദ്ധിശൂന്യവും ദുർബലവും  സ്വന്തം ബോദ്ധ്യങ്ങളുടെ ധൈര്യവും അതിനില്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്. എന്നാൽ പുരാതനകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ ഉപാസിക്കുന്നു; മനുഷ്യരാശിയുടെ ഏറ്റവും പരിഷ്കൃതമായ ആവിഷ്കാരമായിട്ടാണ്‌ ഞാനതിനെ കാണുന്നത്. ഇതിനൊക്കെപ്പുറമേ സ്വപ്നജീവിയായ, മനസ്സടക്കമില്ലാത്ത, ചിട്ടയെന്നതില്ലാത്ത ഒരുത്തനുമാണു ഞാൻ. സ്മിർനായിൽ വച്ച് ഒരു മുസ്ലീമാകുന്നതിനെക്കുറിച്ച് ദീർഘമായും വളരെ ഗൌരവത്തോടെയും (ചിരിക്കരുതേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചില നേരങ്ങളുടെ ഓർമ്മയാണ്‌ അതെനിക്ക്) ഞാൻ ആലോചിച്ചിരുന്നു. ഞാൻ ഇവിടം വിട്ട് ദൂരെയെങ്ങോ പോയി താമസമാക്കുന്ന ഒരു ദിവസം വരാൻ പോവുകയാണ്‌; എന്നെക്കുറിച്ച് പിന്നെ ഒരു വിശേഷവും നിങ്ങൾ കേൾക്കുകയില്ല. സാധാരണഗതിയിൽ മനുഷ്യരെ ഗാഢമായി സ്പർശിക്കുന്നതും, എന്നെ സംബന്ധിച്ച് അപ്രധാനവുമായതൊന്നിനെ- ശാരീരികപ്രണയമാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്- ഇതിൽ നിന്നു മാറ്റിനിർത്തിയേ ഞാൻ കണ്ടിട്ടുള്ളു. നീ ഇന്നലെ ഈ വിഷയത്തിന്റെ പേരിൽ ജെ.ജെയെ കളിയാക്കുന്നതു ഞാൻ കേട്ടു: എന്റെ കാര്യം പോലെ തന്നെയാണ്‌ അയാളുടേതും. ഞാൻ സ്നേഹിക്കുകയും ഒപ്പം അനുഭവിക്കുകയും ചെയ്തതായി ഒരു സ്ത്രീയുണ്ടെങ്കിൽ അതു നീ മാത്രമാണ്‌. ഇതേ വരെ ഞാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തിയിരുന്നത് മറ്റു സ്ത്രീകൾ എന്നിലുണർത്തുന്ന തൃഷ്ണകളെ ശമിപ്പിക്കാൻ വേണ്ടിയായിരുന്നു. നീ എന്നെക്കൊണ്ട് എന്റെ ചിട്ടയ്ക്ക്, എന്റെ ഹൃദയത്തിനു വിരോധം ചെയ്യിച്ചു; സ്വയം അപൂർണ്ണമായിരിക്കെ അപൂർണ്ണതയെ തേടുന്ന എന്റെ പ്രകൃതത്തിനു തന്നെയും വിരോധം ചെയ്യിച്ചു.

(ഗുസ്താവ് ഫ്ളാബേർ 1876 ആഗസ്റ്റ് 6-7ന്‌ കോലെറ്റിനെഴുതിയത്)


Saturday, November 23, 2013

ഹീനേ - ഭാഗ്യദേവത

6a00d8341c82d353ef00e54f3e58388834-800wi

 


തന്നിഷ്ടക്കാരിയാണവൾ, ഭാഗ്യദേവത,
ഒരിടത്തുമിരിപ്പുറയ്ക്കാത്തവൾ;
അവൾ നിങ്ങളുടെ നെറ്റിയിലെ മുടി മാടിയൊതുക്കുന്നു,
ഒരു ചുടുചുംബനം തന്നിട്ടിറങ്ങിയോടുന്നു.

ഭാഗ്യദോഷമെന്ന ശ്രീമതി ഇങ്ങനെയല്ല;
ദീർഘചുംബനത്തോടവൾ നിങ്ങളെ വാരിപ്പുണരുന്നു,
തനിയ്ക്കൊരു തിടുക്കവുമില്ലെന്നു പറയുന്നു,
നിങ്ങളുടെ കട്ടിൽത്തലയ്ക്കിലിരുന്നു തുന്നൽ തുടങ്ങുന്നു.


Friday, November 22, 2013

ജ്യോർജി ഇവാനോവ് - നന്നായി...

Georgy_Ivanov_(1921)


സാറെന്നൊരാളില്ലാത്തതു നന്നായി.
റഷ്യ എന്നൊന്നില്ലാത്തതു നന്നായി.
നന്നായി, ദൈവമെന്നൊരാളില്ലാത്തതും.

മഞ്ഞക്കാമല പിടിച്ച സന്ധ്യ മാത്രം.
മഞ്ഞുപരലു പോലെ നക്ഷത്രങ്ങൾ മാത്രം.
എണ്ണിയാലൊടുങ്ങാത്ത വർഷങ്ങൾ മാത്രം.

നന്നായി, യാതൊരാളുമില്ലെന്നായത്,
നന്നായി, യാതൊന്നുമില്ലെന്നായത്,
ഇത്ര നിർജ്ജീവവും ഇരുണ്ടതുമായി,

ഇതിലധികം നിർജ്ജീവമാവാനില്ലെന്നായത്,
ഇതിലധികമിരുണ്ടതാവാനില്ലെന്നായത്,
നമ്മെത്തുണയ്ക്കാനാരുമില്ലെന്നായത്,
ആരുടെ തുണ കൊണ്ടും കാര്യമില്ലെന്നായത്.

(1930)


ജ്യോർജി ഇവാനോവ്(1894-1958)- റഷ്യൻ മിനിമലിസ്റ്റ് കവി.

Thursday, November 21, 2013

അബ്രാഹം ഇബ്ൻ എസ്ര- ജാതകദോഷം

17-Abraham-Ibn-Ezra



ഞാൻ ജനിച്ച നാൾ നക്ഷത്രങ്ങൾക്കു ഭ്രമണം തെറ്റി!
മെഴുകുതിരി വിറ്റു ജീവിക്കാമെന്നു വച്ചാൽ
ഞാൻ മരിക്കും വരെയും സൂര്യനസ്തമിക്കുകയില്ല!
ജീവിതവിജയത്തിനായി ഞാൻ യത്നിച്ചതു വെറുതെ:
നക്ഷത്രങ്ങളെന്നോടു കള്ളക്കളിയെടുക്കുകയായിരുന്നു.
ശവക്കോടി വില്ക്കാമെന്നു വച്ചാൽ
എന്റെ ആയുസ്സിൽ പിന്നെ ആരും മരിക്കുകയില്ല!
ഇനി ആയുധങ്ങൾ വില്ക്കാമെന്നു വച്ചാലോ,
നിത്യവൈരികൾ യുദ്ധമില്ലാക്കരാറൊപ്പു വയ്ക്കുകയും ചെയ്യും!


(റബ്ബി അബ്രാഹം ബൻ മെയിർ ഇബ്ൻ എസ്ര (1089-1164)- മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ഹീബ്രു പണ്ഡിതരിൽ ഒരാൾ.)


അവ്റാഹം ബൻ ഷ്മുവേൽ - എന്റെ ചോരയ്ക്കു പക വീട്ടാൻ

Cole_03_body



എന്റെ ചോരയ്ക്കു പക വീട്ടാനാരേ വിളിച്ചു ഞാൻ കരയും,
എന്റെ സ്വന്തം കൈകളാണെന്റെ ചോര വീഴ്ത്തിയതെന്നിരിക്കെ?


എന്നെ വെറുത്തവരുടെ ഹൃദയങ്ങൾ ഞാൻ തുറന്നുകണ്ടു,
എന്റെ ഹൃദയത്തോളമെന്നെ വെറുത്തവരാരുമില്ലെന്നും ഞാൻ കണ്ടു.

ശത്രുവിന്റെ വെട്ടും കുത്തും കഠിനങ്ങൾ തന്നെയായിരുന്നു,
എന്റെ ആത്മാവേല്പിച്ച പ്രഹരം പക്ഷേ, അതിലും പ്രബലമായിരുന്നു.


ദുഷ്ടാത്മാക്കളെന്നെ നാശത്തിലേക്കു വശീകരിച്ചിരുന്നു,
അതിലുമേറെയായിരുന്നില്ലേ, സ്വന്തം കണ്ണുകളുടെ വശീകരണങ്ങൾ?


അഗ്നിപരീക്ഷണങ്ങളായിരുന്നു ജീവിച്ച ജീവിതമൊക്കെയും,
സ്വന്തം തൃഷ്ണ പോലെന്നാലൊന്നുമെന്നെ എരിയിച്ചുമില്ല.


കെണികളിലും വലകളിലും ഞാൻ കുടുങ്ങിപ്പോയിരുന്നു,
എന്നാലെന്റെ നാവു പോലൊന്നുമെന്നെ കുടുക്കിയതുമില്ല.


പാമ്പുകളെന്നെ കടിച്ചിരുന്നു, തേളുകൾ കുത്തിയിരുന്നു,
ഉടലിലാഴ്ന്നിറങ്ങിയതു പക്ഷേ, എന്റെ സ്വന്തം പല്ലുകളായിരുന്നു.


പടയാളികളതിവേഗത്തിലെന്നെ അനുധാവനം ചെയ്തിരുന്നു,
സ്വന്തം കാലടികൾ പോലാരുമെന്റെ പിന്നാലെ പാഞ്ഞിരുന്നില്ല.


ഉത്കണ്ഠകൾ വളർന്നുവളർന്നു ഞാനതിലാണ്ടുമുങ്ങിയിരുന്നു,
അതിലുമേറെ ശോകം സ്ഥൈര്യം കൊണ്ടു ഞാനനുഭവിച്ചിരുന്നു.


ഏറെയാണെന്റെ ഹൃദയത്തിന്റെ കദനങ്ങൾ,
അതിലുമധികമാണു ഞാൻ ചെയ്ത പാപങ്ങൾ...


എങ്കിലാരെ നോക്കി ഞാൻ കരയും - ആരെ ഞാൻ പഴിക്കും?
എന്നെ സംഹരിക്കാനുള്ളവർ പുറത്തുവരുന്നതെന്നിൽ നിന്നുതന്നെ.


ജീവിതത്തിൽ ഞാൻ കണ്ടതൊന്നിനുമാവില്ല,
നിന്റെ കാരുണ്യമെന്ന അഭയത്തിൽ നിന്നെന്നെത്തടയാൻ.


ക്ഷീണിച്ച ഹൃദയങ്ങൾക്കു മേൽ നിന്റെ ദാക്ഷിണ്യമെറിയൂ,
തമ്പുരാനേ, കൃപയുടെ സിംഹാസനമേറിയവനേ.


(പതിമൂന്നാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന ഈ ഹീബ്രു കവിയെക്കുറിച്ച് അധികമൊന്നും അറിയില്ല.)











Wednesday, November 20, 2013

റൂമി - ശൂന്യത



അജ്ഞത ദൈവത്തിന്റെ തടവറ. 
ജ്ഞാനം ദൈവത്തിന്റെ കൊട്ടാരം. 
നാമുറങ്ങുന്നതു ദൈവത്തിന്റെ ആലിംഗനത്തിൽ, 
നാമുണരുന്നതു ദൈവത്തിന്റെ മലർന്ന കൈയിൽ. 

നാം കരയുമ്പോഴതു ദൈവത്തിന്റെ മഴ, 
നാം ചിരിക്കുമ്പോഴതു ദൈവത്തിന്റെ മിന്നല്പിണർ. 
നമ്മുടെ യുദ്ധങ്ങളും സമാധാനങ്ങളും 
രണ്ടും നടക്കുന്നതു ദൈവത്തിനുള്ളിൽ. 

ആരാണു നാമപ്പോൾ, 
ഈ ലോകമെന്ന നൂലാമാലയിൽ? 
ആരുമല്ല, 
വെറും ശൂന്യത!

Tuesday, November 19, 2013

റൂമി - യാത്രകൾ നല്ലതാണ്‌



ദേവദാരുവിനൊരാമയുടെ കാലെങ്കിലുമുണ്ടായിരുന്നെങ്കിൽ, 
ഒരു കുഞ്ഞിക്കിളിയുടെ ചിറകെങ്കിലുമുണ്ടായിരുന്നെങ്കിൽ 
മഴു വീഴുന്നതും കാത്തതു നിൽക്കുമായിരുന്നോ? 
ഭൂമിക്കടിയിൽ സൂര്യന്റെ രാത്രിസഞ്ചാരം നിങ്ങൾക്കറിയുന്നതല്ലേ? 
അതില്ലായിരുന്നുവെങ്കിൽ പിറ്റേന്നതികാലത്ത് പ്രകാശത്തിന്റെ പ്രളയമെങ്ങനെയുണ്ടാവാൻ? എന്തതിശയവേഗത്തിലാണുപ്പുവെള്ളം മാനത്തു പിടിച്ചുകയറുന്നതെന്നു നിങ്ങൾ കണ്ടിട്ടുള്ളതല്ലേ? അതങ്ങനെ ചെയ്തിട്ടല്ലേ നിങ്ങളുടെ ചോളപ്പാടത്തിനു ദാഹം തീരാൻ മഴ പെയ്യുന്നതും? 
അടുത്തെങ്ങാൻ നിങ്ങൾ ജോസഫിനെക്കുറിച്ചോർത്തുനോക്കിയിട്ടുണ്ടോ? 
കണ്ണീരോടെയല്ലേ അവൻ തന്റെ പിതാവിനെ പിരിഞ്ഞത്? 
സ്വപ്നങ്ങൾ വായിക്കാൻ പഠിച്ചിട്ടല്ലേ അവൻ തിരികെ വന്നതും? 
നിങ്ങൾ, നിങ്ങൾക്കാവില്ല സ്വദേശം വിട്ടുപോകാനെങ്കിൽ 
തന്നിലേക്കു തന്നെയൊന്നു യാത്ര ചെയ്യെന്നേ! 
ഒരു മാണിക്യഖനിയല്ലേ നിങ്ങൾ, സൂര്യന്റെ പാരിതോഷികങ്ങൾക്കു ഭാജനമാകൂ! 
നിങ്ങളൊരാണാണെങ്കിൽ തനിക്കുള്ളിലെ പുരുഷനിലേക്കു യാത്ര ചെയ്യൂ! 
നിങ്ങളൊരു പെണ്ണാണെങ്കിൽ തനിക്കുള്ളിലെ സ്ത്രീയിലേക്കു യാത്ര ചെയ്യൂ! 
അമ്മാതിരിയൊരു യാത്രയ്ക്കൊടുവിലേ മണ്ണ് പൊന്നിരിക്കുന്നൊരിടമാകൂ! 
അതിനാൽ ദൂരെക്കളയുക പരിഭവങ്ങൾ, ആത്മാനുകമ്പയും മരണവാഞ്ഛയും. 
കനികളെത്രയാണ്‌ കയ്പിൽ നിന്നിനിപ്പിലേക്കു രക്ഷപ്പെടുന്നതെന്നു 
നിങ്ങൾക്കിനിയും ബോദ്ധ്യമായിട്ടില്ലേ? 
മാധുര്യത്തിനു നല്ലൊരുറവിടമത്രേ നല്ലൊരു ഗുരു. 
എന്റെ ഗുരുവിനു പേര്‌ ഷംസ് എന്നും. 
ഫലങ്ങൾ സുന്ദരമാകുന്നതു സൂര്യവെളിച്ചത്തിലെന്നുമറിയുക.

പ്രണയലേഖനങ്ങൾ(8)- വിക്തോർ യൂഗോ



പ്രിയപ്പെട്ടവളേ, 
എത്ര കാലമെടുത്തായാലും ഒരാൾക്കൂട്ടത്തിനിടയിൽ അന്യോന്യം തേടിനടന്ന രണ്ടാത്മാക്കൾ ഒടുവിൽ തമ്മിൽ കണ്ടെത്തുമ്പോൾ ഒരൈക്യം, അവരെപ്പോലെ തന്നെ വിശുദ്ധവും ആഗ്നേയവുമായ ഒരൈക്യം ഭൂമിയിൽ ജന്മമെടുക്കുകയാണ്‌, സ്വർഗ്ഗത്തിന്റെ നിത്യതയിൽ പിന്നെയതു തുടർന്നുപോവുകയാണ്‌. 

ഈ ഐക്യമാണ്‌ പ്രണയം, യഥാർത്ഥപ്രണയം...പ്രണയഭാജനം ദൈവമായ ഒരു മതം; ആത്മാർപ്പണവും വൈകാരികതയുമാണ്‌ അതിനു ജീവൻ കൊടുക്കുന്നത്; ത്യാഗങ്ങളെത്ര വലുതാകുന്നുവോ, അത്രയും ആനന്ദമാണതിനു കിട്ടുന്നത്.

നീ എന്നിൽ അങ്കുരിപ്പിക്കുന്ന പ്രണയം ഇങ്ങനെയൊന്നാണ്‌. മാലാഖമാരുടെ നൈർമല്ല്യത്തോടെയും തീവ്രതയോടെയും പ്രണയിക്കും വിധമാണ്‌ നിന്റെ ആത്മാവിന്റെ സൃഷ്ടി; മറ്റൊരു മാലാഖയെ മാത്രമേ അതിനു പ്രേമിക്കാനാവൂ എന്നും വരാം; അങ്ങനെയെങ്കിൽ വിപൽശങ്ക കൊണ്ടു ഞാൻ വിറ കൊള്ളുകയും വേണം.

എന്നുമെന്നും നിന്റെയായ,
വിക്തോർ യൂഗോ
1821

വിക്തോർ യൂഗോ അഡെല ഫൌച്ചെറിനെഴുതിയ കത്ത്



യൂദാ അൽ-ഹാരിസി - മൂന്നു കവിതകൾ



സൂര്യൻ

ഭൂമിക്കു മേൽ ചിറകു വിരുത്തിയ
സൂര്യനെ നോക്കൂ.
വേരുകളാകാശത്തും
മണ്ണിൽ ചില്ലകളുമായി
ഒരു മഹാവൃക്ഷം.


വീണ

പെൺകിടാവിന്റെ കൈകളിൽ
വീണ പാടുന്നതു കേൾക്കൂ:
അമ്മയുടെ കൈകളിൽ കിടന്നു
കുഞ്ഞു കരയുമ്പോലെ:
അവൻ കരയുമ്പോൾ
ചിരിച്ചുകൊണ്ടു പാടുകയാണവൾ!


മിന്നൽ

മേഘങ്ങളെ നോക്കി
മിന്നല്പിണർ പൊട്ടിച്ചിരിക്കുന്നു,
തളർച്ചയറിയാത്ത പടയാളിയെപ്പോലെ.
അഥവാ, ഉറക്കം തൂങ്ങുന്ന രാത്രികാവല്ക്കാരനെപ്പോലെ:
അയാൾ ഒരു നിമിഷം ഒരു കണ്ണു തുറക്കുന്നു,
പിന്നെയതടയ്ക്കുന്നു.

യൂദാ അൽ-ഹാരിസി(1160-1230)- നിത്യസഞ്ചാരിയായ ഹീബ്രു കവിയും പണ്ഡിതനും. 



Monday, November 18, 2013

പ്രണയലേഖനങ്ങൾ (7)- ബീഥോവൻ



കിടക്കയിലായിരിക്കുമ്പോൾ പോലും എന്റെ ചിന്തകൾ നിന്നിലേക്കു കുതിച്ചെത്തുകയാണല്ലോ, എന്റെ നിത്യകാമുകീ; ആഹ്ളാദത്തോടെ ചിലപ്പോൾ, പിന്നെ സന്താപത്തോടെ, വിധി നമ്മുടെ പ്രാർത്ഥന കേൾക്കുമോയെന്നുള്ള ആകാംക്ഷയോടെ. ജീവിതത്തെ നേരിടണമെന്നുണ്ടെങ്കിൽ എനിക്കു നിന്നോടൊത്തു ജീവിച്ചേ മതിയാവൂ, അല്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ കാണുകയുമരുത്. എനിക്കു നിന്റെ കൈകളിലേക്കോടിയെത്താൻ, എന്റെ വീടു ഞാനവിടെക്കണ്ടു എന്നു പറയാൻ, ആത്മാവുകളുടെ ധന്യദേശത്തെത്തിക്കാൻ എന്റെ ആത്മാവിനെ ഞാൻ നിന്നെയേല്പിച്ചു എന്നു പറയാൻ എനിക്കാവുന്ന കാലം വരെയ്ക്കും വിദൂരദേശങ്ങളിൽ അഭയാർത്ഥിയായി അലഞ്ഞുനടക്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുന്നു. അതെ, എനിക്കു സങ്കടമാണതെങ്കിലും അതങ്ങനെയാവാതെ പറ്റുകയുമില്ല. എത്ര വിശ്വസ്തനാണു ഞാൻ നിന്നോടെന്നു നിനക്കു മനസ്സിലായി വരുമ്പോൾ നിന്റെ മനസ്സ് അതിന്റെ വിഷമങ്ങളെ അതിജീവിച്ചുകൊള്ളും; ഒരിക്കലും, ഒരിക്കലുമാവില്ല മറ്റൊരു പെണ്ണിന്‌ എന്റെ ഹൃദയം കവരാൻ- ഒരാൾ താൻ അത്രമേൽ സ്നേഹിക്കുന്നതൊന്നിൽ നിന്നകലെപ്പോകണമെന്നുണ്ടായതെന്തിനാലാണു ദൈവമേ! എന്നാലും വി(യന്ന)യിലെ എന്റെ ഇപ്പോഴത്തെ ജീവിതം ഒരു ദുരിതജീവിതം തന്നെ- നിന്റെ പ്രേമത്താൽ മനുഷ്യരിൽ വച്ച് ഏറ്റവും സന്തുഷ്ടനും അസന്തുഷ്ടനുമായിരിക്കുകയാണു ഞാൻ. ജീവിതത്തിന്‌ ഒരു സ്ഥിരതയും ക്രമവും വേണ്ട പ്രായം ഞാൻ എത്തിയിരിക്കുന്നു. പക്ഷേ നമ്മുടെ ബന്ധവും അതുമായി ഒത്തുപോകുമോ? ദേവീ, തപാൽ എന്നും എടുക്കുന്നുണ്ടെന്ന് ഇതാ ഇപ്പോൾത്തന്നെ ഞാൻ കേട്ടു; പെട്ടെന്നുതന്നെ കത്തു നിനക്കു കിട്ടണമെന്നുള്ളതിനാൽ എനിക്കിതു ചുരുക്കേണ്ടിയിരിക്കുന്നു- ശാന്തയായിരിക്കുക; ശാന്തമായ പര്യാലോചന കൊണ്ടേ ഒരുമിച്ചുജീവിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ നമുക്കു കഴിയൂ. ശാന്തയായിരിക്കുക- എന്നെ സ്നേഹിക്കുക- ഇന്ന്- ഇന്നലെ. കണ്ണീരോടെ ഞാൻ ആർത്തിപ്പെടുന്നു- നിനക്കായി- എന്റെ പ്രാണനായ- എന്റെ എല്ലാമായ- നിനക്കായി. വിട, ഇത്രയും വിശ്വസ്തമായ ഒരു കാമുകഹൃദയത്തെ ഒരിക്കലും സംശയിക്കരുതേ.


എന്നും നിന്റെയായ
എന്നും എന്റെയായ
എന്നും നമ്മുടെയായ

എൽ.

ലുഡ് വിഗ് വാൻ ബീഥോവന്റെ മരണശേഷം കണ്ടെടുത്ത ഈ കത്തിൽ ആ ‘നിത്യകാമുകി’യുടെപേരോ വിലാസമോ ഒന്നുമില്ല; വർഷം പോലും വച്ചിട്ടില്ല. ജൂലൈ 7നാണ്‌ എഴുതിയത് എന്നുമാത്രം നമുക്കറിയാം. 


ബര്‍ത്തോള്‍ട് ബ്രഷ്റ്റ് – ജനങ്ങള്‍ക്ക്‌ പിശകില്ലേ?

bertolt brecht

1. എന്റെ ഗുരുനാഥന്‍, 
അദ്ദേഹം മഹാനായിരുന്നു, ദയാലുവായിരുന്നു, 
അദ്ദേഹത്തെ വെടി വെച്ചു കൊന്നിരിക്കുന്നു; 
ജനകീയകോടതി അദ്ദേഹത്തെ ചാരനെന്ന് വിധിക്കുകയായിരുന്നു. 
ശപ്തമാണദ്ദേഹത്തിന്റെ പേരിപ്പോള്‍
അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. 
അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതേ സംശയമുണര്‍ത്തും, 
അങ്ങനെയുള്ള സംസാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

2. ജനങ്ങളുടെ സന്തതികള്‍ അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ചു. 
ലോകത്തെ ഏറ്റവും ധീരോദാത്തമായ സ്ഥാപനങ്ങള്‍ , 
കൂട്ടുകൃഷിക്കളങ്ങളും വ്യവസായശാലകളും അദ്ദേഹത്തെ ശത്രുവെന്ന് കണ്ടു. 
അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

3. ജനങ്ങള്‍ക്ക്‌ ശത്രുക്കള്‍ അനവധിയാണ്. 
ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഏറ്റവും ഉപയോഗപ്രദമായ പരീക്ഷണശാലകളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഭൂഖണ്ഡങ്ങള്‍ക്കുപകരിക്കാനായി അവര്‍ കനാലുകളും അണക്കെട്ടുകളും പണിയുന്നു, 
അണക്കെട്ടുകള്‍ തകര്‍ന്നു പോവുന്നു, കനാലുകള്‍ തൂര്‍ന്നുപോകുന്നു. 
അപ്പോള്‍ അതിനു ചുമതലക്കാരനെ വെടിവെച്ചുകൊല്ലണം. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

4. ശത്രു വേഷം മാറി നടക്കുന്നവനാണ്. 
പണിക്കാരുടെ തൊപ്പി വലിച്ചു കണ്ണിനു മേലിട്ടവന്‍ നടക്കുന്നു. 
അയാളുടെ സുഹൃത്തുക്കള്‍ക്കയാള്‍ സ്ഥിരോത്സാഹിയായ പണിക്കാരനായിരുന്നു. 
അയാളുടെ ഭാര്യ അയാളുടെ ചെരുപ്പെടുത്ത് അതിലെ തുളകള്‍ കാണിച്ചു തരുന്നു: 
ജനസേവനത്തിനായി തേഞ്ഞുപോയവയാണവ. 
എന്നാലും അയാള്‍ ശത്രു തന്നെ. 
എന്റെ ഗുരുനാഥന്‍ അങ്ങനെയൊരാളായിരുന്നോ? 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

5. ജനകീയക്കോടതിയില്‍ വിധി കല്‍പ്പിക്കാനിരിക്കുന്ന ശത്രുക്കളെക്കുറിച്ച് സംസാരിക്കുക അപകടകരമാണ്, 
എന്തെന്നാല്‍ കോടതികളുടെ പദവിയെ ചോദ്യം ചെയ്യരുതല്ലോ. 
കുറ്റം സംശയാതീതമായി തെളിയിക്കുന്ന രേഖകളെവിടെ എന്ന് ചോദിക്കുന്നത് കൊണ്ട് ഫലമില്ല, 
കാരണം അങ്ങനെയുള്ള രേഖകള്‍ ഉണ്ടാകണമെന്നില്ല. 
കുറ്റവാളികള്‍ക്കു തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ കൈവശമുണ്ടാവും. 
നിരപരാധികള്‍ക്കു പലപ്പോഴും തെളിവുകളുണ്ടാവില്ല. 
മൗനം ഭജിക്കുന്നതാണോ അപ്പോള്‍ നല്ലത്? 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

6. അയ്യായിരം പേര്‍ പണിതുയര്‍ത്തിയത് തകര്‍ക്കാന്‍ ഒരാള്‍ മതി. 
കുറ്റം ചുമത്തിയ അമ്പതു പേരില്‍ ഒരാള്‍ കുറ്റം ചെയ്യാത്തവനാവും. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

7. ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കില്‍ 
മരണത്തിലേക്കു നടക്കുമ്പോള്‍ എന്തായിരുന്നിരിക്കും അദ്ദേഹത്തിന്റെ മനസ്സി?

(സ്റ്റാലിൻ ഭരണകാലത്ത് ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി നടന്ന സെർജി ടെർടിയാക്കോവിന്റെ വധമാണ്‌ ഈ കവിതയുടെ പ്രമേയം. 1920ൽ ചൈനയിൽ പഠിപ്പിക്കുകയും ചൈനയെക്കുറിച്ചു റിപ്പോർട്ടുകളും സ്ക്രിപ്റ്റുകളും തയാറാക്കുകയും ചെയ്ത ടെർടിയാക്കോവിനെ ചാരനെന്ന സംശയത്തിലാണ്‌ 1937ൽ വിചാരണ ചെയ്ത് വധിക്കുന്നത്. ബ്രെഷ്റ്റിന്റെ ഈ കവിത 1964ലാണ്‌ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.)

തദേവുഷ് റോസെവിച്ച് - മരംവെട്ടൽ




വളരുന്നൊരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു
ഉന്മൂലനത്തിന്റെ വെളുത്ത വര കൊണ്ടു
വീഴ്ത്താനടയാളപ്പെടുത്തിയ ഒരു മരം
അപ്പോഴും ശ്വാസമെടുക്കുന്നുണ്ടായിരുന്നു
അതിന്റെ ചില്ലകളും കൊമ്പുകളും
പാഞ്ഞുപോകുന്ന മേഘങ്ങളിൽ അള്ളിപ്പിടിക്കുന്നുണ്ടായിരുന്നു
മരണമാസന്നമെന്നറിഞ്ഞ ഇലകൾ
വിറയ്ക്കുകയും വാടുകയും ചെയ്തു
മരങ്ങൾക്കു തീറ്റ തേടി
ഒരിടം വിട്ടിനിയൊരിടത്തേക്കു പോകാനാവില്ല
വളരുന്നൊരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു
ചടങ്ങുകളില്ലാത്ത വധശിക്ഷയാണ്‌
മരം വെട്ടൽ
മരപ്പൊടി ചവച്ചുതുപ്പിക്കൊണ്ട്
യന്ത്രവാൾ മിന്നൽ പോലെ കയറുന്നു
തൊലിയിൽ വെള്ളയിൽ കാതലിൽ
വശം ചരിഞ്ഞതു താഴെ വീഴുന്നു
കനത്ത ഭാരവുമായി
അടിക്കാടിലേക്കതു വീഴുന്നു
ചെടികളെ നേർത്ത പുൽനാമ്പുകളെ
വിറ കൊള്ളുന്ന ചിലന്തിവലകളെയതു ചതയ്ക്കുന്നു
മരത്തോടൊപ്പം അതിന്റെ തണലിനെയും
അവർ നശിപ്പിച്ചുകളഞ്ഞു
സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങളിൽ
സുതാര്യവും അതാര്യവുമായ ചിഹ്നങ്ങളെ
സ്വധർമ്മനിരതരായ വേരുകൾക്കൊരു സൂചന പോലും കിട്ടിയിട്ടില്ല
തടിയും തലപ്പും തങ്ങൾക്കു നഷ്ടപ്പെട്ടുവെന്ന്
പതിയെപ്പതിയെ
മരത്തിന്റെ ഉപരിതലമരണം
നിലത്തിനടിയിലേക്കെത്തുന്നു
അയല്ക്കാരായ മരങ്ങളുടെ വേരുകൾ
അന്യോന്യം തേടിയെത്തുന്നു
ബന്ധങ്ങളിൽ വേഴ്ചകളിലേർപ്പെടുന്നു
മനുഷ്യരും ജന്തുക്കളുമൊഴിച്ചാൽ
ദേവകളുടെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട
സചേതനജീവികൾ
മരങ്ങൾ
അവയ്ക്കു നമ്മിൽ നിന്നൊളിക്കാനാവില്ല
നോവറിയാതെ ക്ളിനിക്കുകളിൽ പിറന്നവർ
ഡിസ്കോത്തെക്കുകളിൽ മുതിർന്നവർ
കൃത്രിമവെളിച്ചവും ശബ്ദവും കൊണ്ടകന്നുമാറിയവർ
ടീ വീ സ്ക്രീനുകളിൽ വായ പൊളിച്ചുനോക്കിയിരിക്കുന്നവർ
നാം മരങ്ങളോടു സംസാരിക്കാറില്ല
നമ്മുടെ ബാല്യത്തിലെ മരങ്ങൾ
വെട്ടിവീഴ്ത്തിയവ ചുട്ടെരിച്ചവ വിഷം കുത്തിവച്ചവ ഉണങ്ങിക്കരിഞ്ഞവ
നമ്മുടെ തലയ്ക്കു മേൽ
മേയ്മാസത്തിലവ പച്ചയ്ക്കുന്നു
നവംബറിൽ കുഴിമാടങ്ങൾക്കു മേൽ ഇല കൊഴിക്കുന്നു
മരണം വരെ നമുക്കുള്ളിൽ വളരുന്നു

1981



Thursday, November 14, 2013

ഗെയ്ഥെ - മീനോൺ

HB_7661-2_Mignon_Detail__459x600_

 


നാരകങ്ങൾ പൂവിടുന്നൊരു നാടു നിനക്കറിയുമോ,
ഇരുൾപ്പച്ചയിലകൾക്കിടയിൽ പൊന്മധുരനാരങ്ങകൾ തിളങ്ങുന്നൊരിടം?
നീലാകാശത്തു നിന്നൊരിളംതെന്നൽ വീശുന്നൊരിടം?
കൊളുന്തുകളൊതുങ്ങിനില്ക്കുന്നൊരിടം,
വാകമരങ്ങൾ മാനം മുട്ടിനില്ക്കുന്നൊരിടം?
നിനക്കതറിയുമോ?
അവിടെ ഹാ, എന്റെ പ്രിയനേ,
നിന്നോടൊത്തു പോകാൻ ഞാൻ കൊതിക്കുമിടമവിടെ!

അവിടെയൊരു വീടു നിനക്കറിയുമോ?
തൂണുകൾ നിരയിട്ടു മേല്ക്കൂരയെ താങ്ങുമവിടെ,
ഇടനാഴിക്കിരുപുറവും മുറികൾ മിന്നുമവിടെ
വെണ്ണക്കൽപ്രതിമകളെന്നെയുറ്റുനോക്കിക്കൊണ്ടു ചോദിക്കും:
“എന്റെ കുഞ്ഞേ, നിന്നോടവരെന്തിനിതു ചെയ്തു?”
നിനക്കതറിയുമോ?
അവിടെ, ഹാ, എന്റെ രക്ഷകാ,
നിന്നോടൊത്തെനിക്കു പോകേണ്ടതവിടെ!

ആ മലനിരകൾ നിനക്കറിയുമോ,
ചുരമിറങ്ങിവരുന്ന മേഘങ്ങളും?
മഞ്ഞിറങ്ങിയ മലമ്പാതകളിൽ കുതിരകൾ കാലു പെറുക്കിവയ്ക്കുന്നതവിടെ,
പ്രാക്തനഗുഹകളിൽ വ്യാളികളടയിരിക്കുന്നതവിടെ,
കൂർത്ത പാറക്കെട്ടുകളെ ചോലകൾ മിനുസപ്പെടുത്തുന്നതവിടെ.
നിനക്കതറിയുമോ?
അവിടെയ്ക്കാണെന്റെ പിതാവേ,
എനിക്കും നിനക്കും പോകേണ്ടതും!


(1795-96ൽ ഇറങ്ങിയ “വിൽഹെം മെയ്സ്റ്റെറുടെ വിദ്യാഭ്യാസം” എന്ന നോവലിലെ നായികയായ മീനോണിന്റെ നാലു ഗാനങ്ങളിൽ ഒന്ന്)

Tuesday, November 12, 2013

കാഫ്ക – തിരസ്കാരം

0-yG3Vwzl3JrrZwz_O link to image

ഞങ്ങളുടെ കൊച്ചുപട്ടണം അതിർത്തിയിലല്ല കിടക്കുന്നത്, അതിനടുത്തെങ്ങുമല്ല; അതിർത്തിയിൽ നിന്നു വളരെ വളരെയകലെയാണത്. ഞങ്ങളുടെ പട്ടണത്തിൽ നിന്ന് ഒരാളു പോലും അവിടെ പോയിട്ടില്ല എന്നതാണു വാസ്തവം. ഫലഭൂയിഷ്ടമായ വിശാലസമതലങ്ങളെന്ന പോലെ ഊഷരമായ പീഠഭൂമികളും താണ്ടി വേണം അവിടെയെത്താൻ. അങ്ങോട്ടുള്ള വഴിയുടെ ഒരു ഭാഗം മനസ്സിൽ കാണുമ്പോൾത്തന്നെ നിങ്ങൾ തളർന്നുപോവുകയാണ്‌; അതിലധികമാവട്ടെ മനസ്സിൽ കാണാൻ തന്നെ കഴിയുകയുമില്ല. പോകുന്ന വഴിയിലുണ്ട് വലിയ വലിയ പട്ടണങ്ങളും; ഓരോന്നും ഞങ്ങളുടേതിനെക്കാൾ എത്രയോ വലുതും. ഞങ്ങളുടേതു പോലത്തെ പത്തു കൊച്ചുപട്ടണങ്ങൾ അടുപ്പിച്ചടുപ്പിച്ചു വച്ചിട്ട് അതിനു മേൽ വേറേ പത്തു കൊച്ചുപട്ടണങ്ങൾ അടുക്കിവച്ചാൽ അതു പോലും ജനനിബിഡമായ ഈ പെരുംനഗരങ്ങളിൽ ഒന്നിനു സമമാവില്ല. നിങ്ങൾക്കവിടെയ്ക്കുള്ള വഴി തെറ്റിപ്പോയില്ലെന്നിരിക്കട്ടെ, ഈ നഗരങ്ങളിൽ നിങ്ങൾ വഴി തെറ്റി അലയുമെന്നുള്ളതു തീർച്ച; അവയെ ഒഴിവാക്കിപ്പോവുക എന്നതാവട്ടെ, അവയുടെ വലിപ്പം കാരണം അസാദ്ധ്യവും.

പക്ഷേ അതിർത്തിയെക്കാൾ ഞങ്ങളുടെ പട്ടണത്തിൽ നിന്നു ദൂരെക്കിടക്കുന്നത് (ഇങ്ങനെയുള്ള ദൂരങ്ങളെ താരതമ്യപ്പെടുത്താൻ പറ്റുമെങ്കിലുള്ള കാര്യമാണു പറയുന്നത് - മുന്നൂറു വയസ്സുള്ള ഒരാൾ ഇരുന്നൂറു വയസ്സുള്ള ഒരാളെക്കാൾ മൂത്തതാണെന്നു പറയുന്നപോലെയാണത്) അതിർത്തിയെക്കാൾ ഞങ്ങളുടെ പട്ടണത്തിൽ നിന്നകലെക്കിടക്കുന്നത് തലസ്ഥാനനഗരമാണ്‌. അതിർത്തിയിൽ നിന്നുള്ള വാർത്തകൾ ഇടയ്ക്കൊക്കെ ഞങ്ങൾക്കു കിട്ടാറുണ്ടെന്നിരിക്കെ, തലസ്ഥാനത്തെക്കുറിച്ച് ഞങ്ങൾ യാതൊന്നും അറിയുന്നില്ല എന്നു പറയേണ്ടിവരുന്നു; ഞങ്ങൾ സാധാരണപൌരന്മാരുടെ കാര്യമാണു പറയുന്നത്; സർക്കാരുദ്യോഗസ്ഥന്മാർക്കു തലസ്ഥാനവുമായി എന്തായാലും വളരെ അടുത്ത ബന്ധങ്ങളുണ്ടായിരിക്കുമല്ലോ; രണ്ടോ മൂന്നോ മാസം പോലത്ര കുറഞ്ഞ സമയം കൊണ്ട് അവർക്ക് അവിടെ നിന്നുള്ള വാർത്തകൾ കിട്ടിയേക്കാം, അങ്ങനെ അവർ അവകാശപ്പെടാറെങ്കിലുമുണ്ട്.

ഇവിടെ എടുത്തു പറയാനുള്ളത്, ഓരോ തവണ ഓർക്കുമ്പോഴും എന്നെ വിസ്മയപ്പെടുത്തുന്നതും, തലസ്ഥാനത്തു നിന്നു പുറപ്പെടുവിക്കുന്ന സകല തിട്ടൂരങ്ങൾക്കും ഞങ്ങൾ വിനീതവിധേയരായി തല കുനിച്ചുകൊടുക്കുന്നതെങ്ങനെ എന്നതാണ്‌. ഇത്ര നൂറ്റാണ്ടുകളായി ഒരു രാഷ്ട്രീയമാറ്റവും പൌരന്മാരുടെ മുൻകൈയിൽ ഇവിടെ നടന്നിട്ടില്ല. തലസ്ഥാനത്താവട്ടെ, മഹാന്മാരായ ഭരണാധികാരികൾ മാറിമാറി വന്നിരിക്കുന്നു- എന്തിന്‌, രാജവംശങ്ങൾ തന്നെ നിഷ്കാസിതമാവുകയോ വേരറുക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു; പുതിയ രാജവംശങ്ങൾ ഉദയം ചെയ്തിരിക്കുന്നു; പോയ നൂറ്റാണ്ടിൽ തലസ്ഥാനനഗരം തന്നെ നശിപ്പിക്കപ്പെടുകയും പുതിയതൊന്ന് വളരെ അകലെയായി സ്ഥാപിക്കപ്പെടുകയും ചെയ്തു; പില്ക്കാലത്ത് ഇതും നശിപ്പിച്ചിട്ട് പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു; ഇതൊന്നും പക്ഷേ, ഞങ്ങളുടെ കൊച്ചുപട്ടണത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്താൻ പ്രാപ്തമായില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥന്മാർ അവരവരുടെ ലാവണങ്ങളിൽത്തന്നെ ഉണ്ടായിരുന്നു; ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്മാർ തലസ്ഥാനത്തു നിന്നാണ്‌ വന്നിരുന്നത്, അതിലും താഴ്ന്നവർ പുറമേ നിന്നും, ഏറ്റവും കീഴ്ക്കിടയിലുള്ളവർ ഞങ്ങൾക്കിടയിൽ നിന്നും- കീഴ്നടപ്പിതായിരുന്നു, ഞങ്ങൾക്കു യോജിച്ചതും ഇതായിരുന്നു. മുഖ്യ കരം പിരിവുകാരനാണ്‌ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ; അദ്ദേഹത്തിനു കേണലിന്റെ പദവിയുണ്ട്, അദ്ദേഹം അറിയപ്പെടുന്നതും അങ്ങനെത്തന്നെ. ഇപ്പോഴത്തെയാൾക്ക് നല്ല പ്രായമായിരിക്കുന്നു; വർഷങ്ങളായി എനിക്കദ്ദേഹത്തെ അറിയാം; കാരണം, ഞാൻ കുട്ടി ആയിരിക്കുമ്പോൾത്തന്നെ അദ്ദേഹം കേണലായിരിക്കുന്നു. ആദ്യമൊക്കെ അദ്ദേഹത്തിന്റെ ഉദ്യോഗക്കയറ്റം വളരെ വേഗത്തിലായിരുന്നു; പക്ഷേ പിന്നീടദ്ദേഹത്തിനു കാര്യമായ ഉയർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. ശരിക്കു പറഞ്ഞാൽ ഞങ്ങളുടെ കൊച്ചുപട്ടണത്തിന്‌ അദ്ദേഹത്തിന്റെ പദവി തന്നെ ധാരാളമാണ്‌; അതിലുമധികമായാൽ അത് അസ്ഥാനത്താവും. അദ്ദേഹത്തെ ഓർത്തെടുക്കാൻ നോക്കുമ്പോൾ എനിക്കു കാണാം, ചന്തക്കവലയിലെ തന്റെ വീട്ടിന്റെ വരാന്തയിൽ പൈപ്പും കടിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം ചാരിക്കിടക്കുന്നത്. അദ്ദേഹത്തിനു നേരേ മുകളിലായി മേല്ക്കൂരയിൽ രാജപതാക പാറിക്കളിക്കുന്നുണ്ട്. വരാന്തയുടെ ഒരു വശത്ത് (ചെറുതരം പട്ടാളപ്പരേഡൊക്കെ ഇടയ്ക്കൊക്കെ നടത്താവുന്നത്ര വലുതാണത്) തുണികൾ തോരയിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടികൾ മനോഹരമായ പട്ടുവസ്ത്രങ്ങളും ധരിച്ച് ചുറ്റിനും ഓടിക്കളിക്കുന്നുണ്ട്; അവർക്ക് ചന്തക്കവലയിലേക്കു പോകാൻ അനുവാദമില്ല, കാരണം, അവിടുത്തെ കുട്ടികൾ ഇവരുടെ നിലയ്ക്കൊത്തതായല്ല പരിഗണിക്കപ്പെടുന്നത്; എന്നാൽക്കൂടി ആ കവല അവർക്കൊരാകർഷണമാണ്‌; അതിനാൽ അവിടെയുള്ള കുട്ടികൾ വഴക്കടിക്കാൻ തുടങ്ങുമ്പോൾ ഇവർ കൈവരിക്കിടയിലൂടെ തലയിട്ട് അതിൽ പങ്കു ചേരുകയും ചെയ്യും.

അപ്പോൾ ഞാൻ പറഞ്ഞതെന്തെന്നാൽ കേണലാണ്‌ പട്ടണം ഭരിക്കുന്നത്. ആ പദവിക്കു തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലുമൊരു രേഖ അദ്ദേഹം എന്നെങ്കിലും ഹാജരാക്കിയിട്ടുള്ളതായി ഞാൻ ഓർക്കുന്നില്ല; അങ്ങനെയൊരു സംഗതി തന്റെ കൈവശം ഇല്ലെന്നു വരാനാനാണു നല്ല സാദ്ധ്യത. ഇനി ആളു ശരിക്കും മുഖ്യകരം പിരിവുകാരനാണെന്നു തന്നെ ഇരിക്കട്ടെ, അതുകൊണ്ടു പക്ഷേ, എല്ലാമായോ? ഭരണനിർവഹണത്തിന്റെ മറ്റു വകുപ്പുകളെക്കൂടി നിയന്ത്രിക്കാനുള്ള അധികാരം അതുകൊണ്ടദ്ദേഹത്തിനു സിദ്ധിക്കുന്നുണ്ടോ? സമ്മതിച്ചു, സർക്കാരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യാലയം സുപ്രധാനമാണ്‌; പക്ഷേ പൌരന്മാർക്ക് അതു പ്രധാനമേയല്ല. ഇന്നാട്ടുകാർ ഇപ്രകാരം പറയുന്നതായി സങ്കല്പിക്കാൻ നമുക്കു തോന്നിപ്പോകും: ‘ഞങ്ങളുടെ കൈവശമുണ്ടായിരുന്നതൊക്കെ നിങ്ങൾ കൈവശപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഞങ്ങളെക്കൂടിയങ്ങെടുത്തോളൂ.’ യഥാർത്ഥത്തിൽ അദ്ദേഹം അധികാരം പിടിച്ചെടുക്കുകയായിരുന്നില്ല, ആളൊരു സ്വേച്ഛാധിപതിയുമല്ല. വർഷങ്ങൾ പോയപ്പോൾ മുഖ്യകരം പിരിവുകാരൻ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായി പരിണമിക്കുകയായിരുന്നു; കേണൽ ആ കീഴ്വഴക്കം അംഗീകരിക്കുകയായിരുന്നുവെന്നേയുള്ളു, ഞങ്ങളെപ്പോലെതന്നെ.

എന്നാൽ, സ്വന്തം ഔദ്യോഗികപദവിയിൽ വേണ്ടതിലധികം ഊന്നൽ കൊടുക്കാതെയാണദ്ദേഹം ഞങ്ങൾക്കിടയിൽ ജീവിക്കുന്നതെങ്കില്ക്കൂടി, ഒരു സാധാരണപൌരനിൽ നിന്നു വളരെ വ്യത്യസ്തനാണദ്ദേഹം. എന്തെങ്കിലും അപേക്ഷയുമായി ഒരു നിവേദകസംഘം കാണാൻ ചെല്ലുമ്പോൾ അദ്ദേഹം അവിടെ നില്ക്കുന്നത് ലോകത്തിന്റെ ചുമരു പോലെയാണ്‌. അദ്ദേഹത്തിനു പിന്നിൽ ശൂന്യതയേയുള്ളു; പശ്ചാത്തലത്തിൽ ശബ്ദങ്ങൾ മന്ത്രിക്കുന്നപോലെ നമുക്കു തോന്നിയേക്കാമെങ്കിലും അതൊരു മിഥ്യാഭ്രമമാവാനേ വഴിയുള്ളു; എന്തൊക്കെയായാലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് സർവതിന്റെയും അന്ത്യമാണല്ലോ, ഞങ്ങൾക്കെങ്കിലും. ഈ തരം കൂടിക്കാഴ്ചകളിൽ ശരിക്കുമദ്ദേഹം കാണേണ്ടൊരു കാഴ്ച തന്നെ. എന്റെ കുട്ടിക്കാലത്തൊരിക്കൽ ഒരു നിവേദകസംഘം അദ്ദേഹത്തെ കാണാൻ വരുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു; പട്ടണത്തിന്റെ ഏറ്റവും ദരിദ്രമായ ഒരു പ്രദേശം തീ പിടിച്ചു നശിച്ചപ്പോൾ സർക്കാരിൽ നിന്നെന്തെങ്കിലും ആനുകൂല്യം കിട്ടുമോയെന്ന പ്രതീക്ഷയോടെയാണ്‌ അവർ വന്നത്. എന്റെ അച്ഛൻ കൊല്ലപ്പണിക്കാരനായിരുന്നു, സമൂഹത്തിൽ നല്ല വിലയൊക്കെയുള്ള വ്യക്തിയായിരുന്നു, നിവേദകസംഘത്തിൽ അദ്ദേഹവും അംഗമായിരുന്നു; പോകുമ്പോൾ അദ്ദേഹം എന്നെയും കൂടെക്കൂട്ടുകയായിരുന്നു. ഇതിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ല, കാരണം, ഈ തരം കൌതുകക്കാഴ്ചകൾ കാണാൻ ആരും ഇടിച്ചുകേറുമല്ലോ; ആൾക്കൂട്ടത്തിൽ നിന്നു നിവേദകസംഘത്തെ വേർതിരിച്ചറിയാൻ തന്നെ നമ്മൾ വിഷമിക്കും. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ വരാന്തയിലാണു സാധാരണ നടക്കുക എന്നതിനാൽ ആളുകൾ കവലയിൽ നിന്ന് ഏണികൾ ചാരിവച്ച് കൈവരിക്കു മുകളിലൂടെ നോക്കിനില്ക്കലുമുണ്ട്. ഞാൻ ഈ പറഞ്ഞ അവസരത്തിൽ വരാന്തയുടെ കാൽഭാഗത്തോളം കേണലിനായി മാറ്റിവച്ചിരുന്നു; ശേഷിച്ച ഭാഗത്ത് ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. കുറച്ചു പട്ടാളക്കാർ ജാഗ്രതയോടെ നില്ക്കുന്നുണ്ട്; അവരിൽ ചിലർ അദ്ദേഹത്തിനു ചുറ്റുമായി ഒരു അർദ്ധവൃത്തം ചമച്ചിരിക്കുന്നു. ശരിക്കു പറഞ്ഞാൽ ഒരേയൊരു പട്ടാളക്കാരന്റെ ആവശ്യമേയുള്ളു, അത്രയ്ക്കാണ്‌ അവരോടുള്ള ഞങ്ങളുടെ പേടി. ഈ പട്ടാളക്കാർ ഏതു നാട്ടുകാരാണെന്ന് എനിക്കു കൃത്യമായിട്ടറിയില്ല; എന്തായാലും ദൂരനാട്ടുകാരാണെന്നതിൽ സംശയിക്കാനില്ല; കണ്ടാൽ ഒക്കെ ഒരേപോലെ; അവർക്കു യൂണിഫോമിന്റെ ആവശ്യം തന്നെ വരുന്നില്ല. വലിപ്പം കുറഞ്ഞവരും കരുത്തരെന്നു പറയാനില്ലാത്തവരുമാണവർ; പക്ഷേ മെയ് വഴക്ക

മുള്ളവർ. എന്നാൽ അവരെ കാണുമ്പോൾ നമ്മുടെ മനസ്സിൽ തട്ടുന്നത് വായും നിറഞ്ഞു പുറത്തേക്കു തള്ളുന്ന വിധത്തിലുള്ള ആ പല്ലുകളും, ആ ഇടുങ്ങിയ കൊച്ചുകണ്ണുകൾ ഒരു പ്രത്യേകരീതിയിൽ വെട്ടിക്കുന്നതുമാണ്‌. ഇതു കാരണം കുട്ടികൾക്കു വല്ലാത്ത പേടിയാണവരെ; അതേ സമയം അവരതിൽ ആനന്ദവും കാണുന്നുണ്ട്; ആ പല്ലുകളും ആ കണ്ണുകളും കണ്ടു പേടിക്കാനാഗ്രഹിക്കുകയാണവർ; എന്നിട്ടു വേണമല്ലോ പേടിച്ചോടിയകലാൻ. എന്തിന്‌, പ്രായമായവർക്കു പോലും ഈ ബാലിശമായ ഭീതി നശിച്ചിട്ടില്ലെന്നു വേണം പറയാൻ; ഒന്നുമല്ലെങ്കിൽ മനസ്സിന്റെ അടിത്തട്ടിൽ അതു നശിക്കാതെ കിടക്കുകയെങ്കിലും ചെയ്യുന്നുണ്ട്. തീർച്ചയായും അതിനെ പോഷിപ്പിക്കുന്ന ഘടകങ്ങൾ വേറെയുണ്ട്. ആ പട്ടാളക്കാർ സംസാരിക്കുന്നത് ഞങ്ങൾക്കു തീരെ പിടികിട്ടാത്ത ഒരു പ്രാദേശികഭാഷയാണ്‌; അവർക്കാകട്ടെ, ഞങ്ങളുടേതൊട്ടു മനസ്സിലാവുകയുമില്ല- ഇതിന്റെ മൊത്തം ഫലമെന്നു വരുന്നത് അടച്ചുപൂട്ടിയതും അടുക്കാനാവാത്തതുമാവുന്നു അവരുടെ പ്രകൃതം ഞങ്ങൾക്കെന്നതാണ്‌; മൌനികളാണല്ലോ അവർ, ഗൌരവക്കാരും കർക്കശക്കാരും. അവർ എന്തെങ്കിലും ദുഷ്ടപ്രവൃത്തി ചെയ്യുന്നു എന്നു നമുക്കു പറയാനാവില്ല; എന്നാലും തിന്മയെപ്പോലെ ഇവരെയും നമുക്കു സഹിക്കാൻ പറ്റാതെവരുന്നു. ഒരുദാഹരണം പറഞ്ഞാൽ, ഒരു പട്ടാളക്കാരൻ ഒരു കടയിൽ കയറിച്ചെല്ലുന്നു, എന്തോ ഒരു നിസ്സാരവസ്തു വാങ്ങുന്നു; എന്നിട്ടയാൾ പിന്നെ പോകാതെ കൌണ്ടറിൽ ചാരി നില്ക്കുകയാണ്‌; അവിടെ നടക്കുന്ന സംസാരമൊക്കെ അയാൾ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്; ഒന്നും മനസ്സിലാവാതിരിക്കാനാണു സാദ്ധ്യതയെങ്കിലും ഒക്കെ മനസ്സിലാവുന്നുണ്ടെന്ന മട്ടാണയാളുടെ മുഖത്ത്. അയാൾ ഒരക്ഷരം മിണ്ടുന്നില്ല; സംസാരിക്കുന്നയാളെയും കേട്ടുനില്ക്കുന്നവരെയും ഭാവശൂന്യമായ കണ്ണുകൾ കൊണ്ടു തുറിച്ചുനോക്കി നില്ക്കുകയേ അയാൾ ചെയ്യുന്നുള്ളു; കൈ ബല്റ്റിൽ തൂക്കിയിട്ടിരിക്കുന്ന നീണ്ട കഠാരയുടെ പിടിയിലും. അരോചകമാണത്, സംസാരിക്കാനുള്ള ആഗ്രഹം തന്നെ നമുക്കു നഷ്ടപ്പെടുകയാണ്‌, കടയിൽ വന്നവർ ഇറങ്ങിപ്പോകാൻ തുടങ്ങുകയാണ്‌; ഒടുവിൽ കട ശൂന്യമാവുമ്പോൾ പട്ടാളക്കാരനും ഇറങ്ങിപ്പോകുന്നു. അങ്ങനെ, പട്ടാളക്കാർ എവിടെ പ്രത്യക്ഷപ്പെടുന്നുവോ, അവിടെ ഞങ്ങളുടെ നാട്ടുകാർ ജീവസ്സറ്റു മൌനികളായിപ്പോവുകയാണ്‌. ഇത്തവണ സംഭവിച്ചതും അതു തന്നെ. ഇങ്ങനെയുള്ള ഭവ്യമായ സന്ദർഭങ്ങളിലെന്നപോലെ കേണൽ എഴുന്നേറ്റു നിന്നു; നീട്ടിപ്പിടിച്ച കൈകളിൽ അദ്ദേഹം രണ്ടു മുളംകമ്പുകൾ ഏന്തിയിരുന്നു. താൻ നിയമത്തെ രക്ഷിക്കുന്നു, നിയമം തന്നെ രക്ഷിക്കുന്നു എന്നർത്ഥം വരുന്ന പഴയൊരാചാരമാണത്. വരാന്തയിൽ എന്താണു നടക്കാൻ പോകുന്നതെന്നു സകലർക്കുമറിയാം; എന്നാൽ ഓരോ തവണയും ആളുകൾ വീണ്ടും വിരണ്ടുപോവുകയാണ്‌. ഇത്തവണയും അപേക്ഷ വായിക്കാൻ നിയോഗിച്ച ആൾക്കു നാവു പൊന്തിയില്ല; കേണലിന്റെ മുന്നിൽ നില്ക്കുമ്പോൾ അയാളുടെ ധൈര്യമൊക്കെ ചോർന്നുപോയി; എന്തോ ഒരു ക്ഷമാപണമൊക്കെ ചുണ്ടിനടിയിൽ വച്ചു പിറുപിറുത്തുകൊണ്ട് അയാൾ ആൾക്കൂട്ടത്തിനിടയിലേക്കു പിൻവാങ്ങുകയായിരുന്നു. സംസാരിക്കാൻ പറ്റിയ ഒരാൾ മുന്നോട്ടുവന്നു കണ്ടില്ല; മുന്നോട്ടുവന്ന ചിലരാവട്ടെ, അതിനു പറ്റാത്തവരും. ആൾക്കൂട്ടത്തിനിടയിൽ വലിയൊരിളക്കമുണ്ടായി; പ്രഭാഷകരെന്നു പേരു കേട്ട ചില പൌരന്മാരെ തേടിപ്പിടിക്കാനായി ദൂതന്മാർ പോയി. ഈ സമയമത്രയും കേണൽ അവിടെ നിശ്ചേഷ്ടനായി ഒറ്റ നില്പായിരുന്നു; അദ്ദേഹത്തിന്റെ നെഞ്ചു മാത്രം ശ്വാസത്തിന്റെ താളത്തിൽ ഉയർന്നുതാണുകൊണ്ടിരുന്നു. അദ്ദേഹം ശ്വാസമെടുക്കാൻ വിമ്മിഷ്ടപ്പെടുകയായിരുന്നുവെന്നല്ല, ശ്വാസമെടുക്കുന്നത് പ്രകടമായും കാണാമായിരുന്നു എന്നുമാത്രം, തവളകളെപ്പോലെ- അവയുടെ കാര്യത്തിൽ അതു സ്വാഭാവികമാണെങ്കിൽ ഇവിടെയത് പ്രത്യേകതയാണ്‌ എന്ന വ്യത്യാസമേയുള്ളു. ഞാൻ മുതിർന്നവർക്കിടയിലൂടെ ഞെരുങ്ങിക്കയറി രണ്ടു പട്ടാളക്കാർക്കിടയിലെ വിടവിലൂടെ അദ്ദേഹത്തെയും നോക്കിക്കൊണ്ടു നിന്നു, അവരിലൊരാൾ കാൽമുട്ടു കൊണ്ട് എന്നെ തൊഴിച്ചുമാറ്റുന്നതു വരെ. ഈ നേരമായപ്പോഴേക്കും സംസാരിക്കാൻ നിയുക്തനായ ആൾ തന്റെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു കഴിഞ്ഞിരുന്നു; രണ്ടു സഹപൌരന്മാരുടെ ബലത്ത പിടുത്തത്താൽ ഇളകാതെ നിന്നുകൊണ്ട് തന്റെ ദൌത്യം നിർവഹിക്കുകയാണയാൾ. സങ്കടകരമായ ഒരു ദൌർഭാഗ്യം വിവരിക്കുന്ന ആ ഭവ്യമായ പ്രസംഗമുടനീളം മുഖത്തൊരു മന്ദഹാസവുമായി നില്ക്കുന്ന ആ മനുഷ്യനെ കണ്ടുനില്ക്കുക വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒന്നായിരുന്നു- കേണലിന്റെ മുഖത്ത് ചെറുതായെങ്കിലുമൊരു പ്രതികരണമുയർത്താൻ വിഫലമായി യത്നിക്കുന്ന എത്രയും എളിമപ്പെട്ടൊരു മന്ദഹാസം. ഒടുവിൽ അയാൾ അപേക്ഷ അവതരിപ്പിച്ചു- ഒരു കൊല്ലത്തെ കരമിളവു മാത്രമേ അയാൾ ചോദിച്ചുള്ളുവെന്നാണ്‌ എനിക്കു തോന്നുന്നത്; കൊട്ടാരം വക കാടുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള തടിയും ചോദിച്ചിട്ടുണ്ടാവാം. എന്നിട്ടയാൾ താണു വണങ്ങിയിട്ട് അല്പനേരം അങ്ങനെ തന്നെ നിന്നു; മറ്റുള്ളവരും അയാളെ അനുകരിച്ചു, കേണലും പട്ടാളക്കാരും പിന്നിൽ നില്ക്കുന്ന കുറേ ഉദ്യോഗസ്ഥന്മാരും ഒഴികെ. ഏണികളിൽ കയറിനിന്നവർ ആ നിർണ്ണായകമായ ഇടവേളയിൽ തങ്ങൾ കണ്ണില്പെടാതിരിക്കാൻ വേണ്ടി ഒന്നുരണ്ടു പടികൾ താഴെയിറങ്ങി നില്ക്കുന്നതും ഇടയ്ക്കിടെ വരാന്തയുടെ തറയ്ക്കു മുകളിലൂടെ ജിജ്ഞാസയോടെ ഒളിഞ്ഞുനോക്കുന്നതും അപഹാസ്യമായി കുട്ടിയ്ക്കു തോന്നി. ഇതല്പനേരം ഇങ്ങനെ തുടർന്നതില്പിന്നെ ഒരുദ്യോഗസ്ഥൻ, ഒരു കൊച്ചുമനുഷ്യൻ, കേണലിനു മുന്നിലേക്കു ചുവടു വച്ചു നടന്നു ചെന്നിട്ട് അദ്ദേഹത്തിന്റെ ഉയരത്തിനൊപ്പമെത്താൻ വേണ്ടി പെരുവിരലൂന്നിനില്ക്കാൻ ശ്രമിക്കുകയാണ്‌. കേണൽ, കനത്തിൽ ശ്വാസമെടുക്കുന്നുണ്ടെന്നതൊഴിച്ചാൽ അപ്പോഴും നിശ്ചേഷ്ടനായി നിന്നുകൊണ്ട് ആ ഉദ്യോഗസ്ഥന്റെ ചെകിട്ടിൽ എന്തോ മന്ത്രിച്ചു. അതു കേട്ടതും ആ കൊച്ചുമനുഷ്യൻ തന്റെ കൈ തട്ടി, എല്ലാവരും എഴുന്നേറ്റു നിന്നു. ‘നിവേദനം നിരസിച്ചിരിക്കുന്നു,’ അയാൾ പ്രഖ്യാപിച്ചു, ‘നിങ്ങൾക്കു പോകാം.’ ഒരു ഭാരമെടുത്തുമാറ്റിയ ആശ്വാസം ജനക്കൂട്ടത്തിനിടയിൽ പരന്നുവെന്നത് അനിഷേദ്ധ്യമായിരുന്നു; എല്ലാവരും പുറത്തേക്കിരച്ചിറങ്ങി. കേണൽ പിന്നെയും ഞങ്ങളെപ്പോലൊരു മനുഷ്യജീവിയായി മാറിയെന്നതിൽ ഒരാളും പ്രത്യേകശ്രദ്ധ കൊടുത്തതായി കണ്ടില്ല. അദ്ദേഹം തളർച്ചയോടെ ആ മുളംകമ്പുകൾ കൈയിൽ നിന്നു വിടുന്നതും അവ നിലത്തു വീഴുന്നതും ഉദ്യോഗസ്ഥന്മാർ വച്ചുകൊടുത്ത ഒരു ചാരുകസേരയിൽ അദ്ദേഹം ചടഞ്ഞുവീഴുന്നതും സമയം കളയാതെ പൈപ്പു വായിൽ തിരുകുന്നതും ഒരു നോട്ടത്തിൽ ഞാൻ കണ്ടു.

ഈ നടന്ന സംഭവം ഒറ്റപ്പെട്ടതല്ല. സംഗതികളുടെ സാമാന്യമായ ഗതിയാണു ഞാൻ വിവരിച്ചത്. തീർച്ചയായും ഇടയ്ക്കു വല്ലപ്പോഴുമൊക്കെ ചില നിസ്സാരപ്പെട്ട നിവേദനങ്ങൾ അനുവദിച്ചുകിട്ടുന്നുണ്ട്; അതു പക്ഷേ, കേണൽ ഉന്നതനായ ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്വന്തമായിട്ടെടുത്ത ഒരു തീരുമാനമാണെന്നും അതൊരിക്കലും സർക്കാർ അറിയരുതെന്നുമുള്ള ഒരു പ്രതീതിയാണുണ്ടാക്കുക- അതു പ്രകടമാണെന്നല്ല, പക്ഷേ നമുക്കങ്ങനെ തോന്നും. ഞങ്ങളുടെ കൊച്ചുപട്ടണത്തിൽ ഞങ്ങളറിയുന്നിടത്തോളം കേണലിന്റെ കണ്ണുകൾ തന്നെയാണു സർക്കാരിന്റെ കണ്ണുകളും എന്നതിൽ സംശയമില്ല; എന്നാല്ക്കൂടി പൂർണ്ണമായി മനസ്സിലാക്കാൻ സാദ്ധ്യമാവാത്ത ഒരന്തരം ശേഷിക്കുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.

പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ഒരു തിരസ്കാരമുണ്ടാവുമെന്നത് പൌരന്മാർക്കുറപ്പിക്കാം. ഈയൊരു തിരസ്കാരമില്ലാതെ നിങ്ങൾക്കു മുന്നോട്ടു പോവാൻ കഴിയില്ല എന്നതാണു വിചിത്രമായ വസ്തുത; അതേ സമയം തിരസ്കാരമേറ്റുവാങ്ങാനായിട്ടുള്ള ഈ ഔദ്യോഗികസന്ദർഭങ്ങൾ വെറും ചടങ്ങുകളുമല്ല. ഓരോ തവണയും പ്രതീക്ഷാനിർഭരനായും പൂർണ്ണവിശ്വാസത്തോടെയുമാണ്‌ നിങ്ങൾ അവിടെ സംബന്ധിക്കുന്നത്; ഒരു പിൻബലം കിട്ടിയിട്ടോ സന്തോഷവാനായിട്ടോ ആണു നിങ്ങൾ മടങ്ങുന്നതെന്നു പറയാൻ പറ്റില്ലെങ്കിൽക്കൂടി നിങ്ങൾക്കു നിരാശയില്ല, ക്ഷീണിതനുമല്ല നിങ്ങൾ.

ഇനി ഒരു വസ്തുത ഇവിടെ പറയാനുള്ളതിതാണ്‌- എന്റെ നിരീക്ഷണം ശരിയാണെങ്കിൽ, അസംതൃപ്തരായ ഒരു വിഭാഗമുണ്ട്, ഒരു പ്രത്യേകപ്രായത്തിലുള്ളവർ- പതിനേഴിനും ഇരുപതിനുമിടയ്ക്കുള്ള ചെറുപ്പക്കാരാണിവർ. തീരെ ചെറുപ്പമാണിവർ; വിപ്ളവകരമെന്നതു പോകട്ടെ, എത്ര ചെറുതെങ്കിലുമൊരു ഗൌരവം വഹിക്കുന്ന ഒരാശയത്തിന്റെ പരിണതികൾ മുൻകൂട്ടിക്കാണാൻ അശക്തരായവർ. ഈ വിഭാഗത്തിനിടയിൽത്തന്നെയാണ്‌ അസംതൃപ്തി നുഴഞ്ഞുകയറുന്നതും.

*