Monday, December 2, 2013

കാഫ്ക - കരിത്തൊട്ടിയിലെ സവാരിക്കാരൻ

81a45416fc

 


കരിയാകെത്തീർന്നു; കരിത്തൊട്ടി ശൂന്യം; കരണ്ടി ഇനി നിരുപയോഗം; സ്റ്റൌവിൽ നിന്നു വമിക്കുന്നതു ശൈത്യം; വായു വെറുങ്ങലിച്ചു വിങ്ങുന്ന മുറി; ജനാലയ്ക്കു പുറത്ത് ഉറമഞ്ഞു വീണു മരവിച്ച മരങ്ങൾ; തുണയ്ക്കായി നോക്കുന്നവനു നേർക്കെടുത്തുപിടിച്ച വെള്ളിപ്പരിചയായി ആകാശം. എനിക്കു കരി കിട്ടിയേ തീരൂ; തണുത്തു മരിക്കാൻ ഞാനില്ല; എനിക്കു പിന്നിൽ കരുണയറ്റ ആ സ്റ്റൗവ്; എനിക്കു മുന്നിൽ അത്രതന്നെ കരുണയറ്റ ആകാശം; അതിനാൽ ഞാൻ എത്രയും വേഗം അവയ്ക്കിടയിലൂടെ പുറത്തു പോയി ആ കരിക്കച്ചവടക്കാരന്റെ സഹായം തേടിയേ പറ്റു. പക്ഷേ എന്റെ പതിവു യാചനകൾക്കയാൾ കാതു കൊടുക്കാതായിക്കഴിഞ്ഞിരിക്കുന്നു; അതിനാൽ തെളിവു നിരത്തി ഞാൻ അയാളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു, കരിപ്പൊടി ഒരു തരി പോലും എനിക്കു ശേഷിച്ചിട്ടില്ലെന്ന്, എനിക്കയാൾ ആകാശത്തെ സൂര്യനു സമനാണെന്ന്. പ്രാണൻ പോകാറായ ഒരു ഭിക്ഷക്കാരൻ പടിക്കൽ വന്ന് താൻ അവിടെക്കിടന്നു ചാവുമെന്നു പറയുമ്പോൾ വീട്ടിലെ വേലക്കാരി കാപ്പിപ്പാത്രത്തിൽ ശേഷിച്ച അടിമട്ട് അയാൾക്കൊഴിച്ചുകൊടുക്കാൻ തീരുമാനിച്ചുവെന്നു വരാം. അതുപോലെ ഞാൻ ചെല്ലുമ്പോൾ ആ കരിക്കച്ചവടക്കാരൻ കോപത്തോടെയെങ്കിലും “നീ കൊല്ലരുത്” എന്ന കല്പനയെ മാനിച്ച് എന്റെ തൊട്ടിയിലേക്ക് ഒരു കരണ്ടി കല്ക്കരി കോരിയെറിഞ്ഞുവെന്നു വന്നേക്കാം.


ഞാൻ അവിടെച്ചെല്ലുന്ന രീതി കൊണ്ടു തന്നെ കാര്യം തീരുമാനമാകണം; അതിനാൽ ഞാൻ എന്റെ കരിത്തൊട്ടിയിൽത്തന്നെ യാത്രയായി. തൊട്ടിയിൽ കയറിയിരുന്ന്, അതിന്റെ പിടികൾ കടിഞ്ഞാണുകളാക്കി ബുദ്ധിമുട്ടിയെങ്കിലും കോണിപ്പടിയിൽ നിന്നു താഴെയെത്തി; പക്ഷേ താഴെയെത്തിയതും, എന്റെ തൊട്ടി ഉയരുകയാണ്‌, ഗംഭീരമായി, ഗംഭീരമായി; ഇതിലധികം കുലീനതയോടാവില്ല, ചാട്ടവാറുകൾക്കടിയിൽ കുലുങ്ങിയും കൊണ്ട് ഒട്ടകങ്ങൾ നിലത്തു നിന്നുയരുക. മഞ്ഞുറച്ച തെരുവുകളിലൂടെ നിയതമായൊരു വേഗതയിൽ ഞങ്ങൾ പോവുകയായി; പലപ്പോഴും വീടുകളുടെ ഒന്നാം നിലയുടെ പൊക്കത്തോളം ഞാൻ ഉയരുന്നുണ്ട്; ഒരിക്കലും വാതിലുയരത്തിൽ ഞാൻ താഴുന്നുമില്ല. ഒടുവിൽ കരിക്കച്ചവടക്കാരന്റെ നിലവറയുടെ പുറത്ത് അസാധാരണമായ ഒരുയരത്തിൽ ഞാൻ തങ്ങിനില്ക്കുന്നു; അങ്ങു താഴെ ഒരു കൊച്ചുമേശയുടെ മുന്നിൽ കൂനിപ്പിടിച്ചിരുന്നുകൊണ്ട് എന്തോ എഴുതുകയാണയാൾ; അധികമുള്ള ചൂടു പുറത്തു പോകാനായി വാതിൽ തുറന്നിട്ടിരിക്കുകയുമാണയാൾ.


“കരിക്കച്ചവടക്കാരാ!” മഞ്ഞു കൊണ്ടു പൊള്ളയായതും സ്വന്തം നിശ്വാസത്തിന്റെ മേഘങ്ങളിൽ പൊതിഞ്ഞതുമായ ശബ്ദത്തിൽ ഞാൻ ഉറക്കെ വിളിച്ചു, “കരിക്കച്ചവടക്കാരാ, എനിക്കൊരല്പം കരി തരണേ. എന്റെ തൊട്ടി എത്ര ശൂന്യമാണെന്നു നോക്കൂ: അതിലിരുന്നു യാത്ര ചെയ്താണു ഞാൻ വന്നത്. ഒന്നു കരുണ കാണിക്കണേ. എത്രയും വേഗം ഞാനതിന്റെ വില തന്നേക്കാം.”


കച്ചവടക്കാരൻ കാതിൽ കൈ ചേർത്തു. “ഞാനെന്താ കേട്ടത്?” സ്റ്റൌവിനടുത്തിരുന്നു തുന്നുന്ന ഭാര്യയെ നോക്കി അയാൾ അതാവർത്തിച്ചു. “ഞാനെന്താ കേട്ടത്? ഒരാവശ്യക്കാരനോ?”


“ഞാനൊന്നും കേട്ടില്ല,” ചൂടിന്റെ സുഖം പറ്റി ഇരുന്നുകൊണ്ടു തുന്നുമ്പോൾ ഭാര്യ പറഞ്ഞു.


“അല്ലല്ല,” ഞാൻ വിളിച്ചുപറഞ്ഞു, “ഇതു ഞാനാണ്‌; പണ്ടേ നിങ്ങളുടെ പറ്റുകാരൻ; നേരും നെറിയുമുള്ളവൻ; തല്ക്കാലം ഒരു മുട്ടു വന്നുവെന്നേയുള്ളു.”


“ഭാര്യേ,” കച്ചവടക്കാരൻ പറയുകയാണ്‌, “ആരോ വന്നിട്ടുണ്ട്, സംശയമില്ല. എന്റെ കാതുകൾ അങ്ങനെയെന്നെ ചതിക്കുമെന്നു തോന്നുന്നില്ല; ഇത്രയ്ക്കെനിക്ക് ഉള്ളിൽ തട്ടണമെങ്കിൽ അതു വളരെ, വളരെ പഴയൊരു പറ്റുകാരനായിരിക്കണം.”


“നിങ്ങൾക്കിതെന്തു പറ്റി?” ഒരു നിമിഷത്തേക്ക് തുന്നൽ നിർത്തി അതു തന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് അയാളുടെ ഭാര്യ ചോദിക്കുകയാണ്‌, “ ഇവിടെങ്ങും ആരുമില്ല; തെരുവിൽ ഒരാളെയും കാണാനില്ല; നമ്മുടെ പതിവുകാർക്കൊക്കെ കൊടുത്തു കഴിഞ്ഞു; ഇനി കുറേ ദിവസം കടയടച്ചിരുന്നാലും ഒന്നും വരാനില്ല.”

“ഇങ്ങു മുകളിൽ എന്റെ കരിത്തൊട്ടിയിൽ ഞാനിരുപ്പുണ്ടെന്നേ,” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു; നിർവികാരമായ കണ്ണീരുറഞ്ഞ് എന്റെ കാഴ്ച മങ്ങുകയാണ്‌, “ദയവു ചെയ്ത് ഇങ്ങോട്ടൊന്നു നോക്കൂ; നിങ്ങളുടെ നേരേ മുന്നിലുണ്ട് ഞാൻ. ഒരു കരണ്ടിയാണു ഞാൻ യാചിക്കുന്നത്; ഇനി രണ്ടു കരണ്ടി തന്നാൽ എനിക്കു വളരെ സന്തോഷവുമാകും. മറ്റെല്ലാവർക്കും നിങ്ങൾ കൊടുത്തു കഴിഞ്ഞതല്ലേ. ഹാ, എന്റെ തൊട്ടിയിലും കരി വന്നുവീഴുന്നതിന്റെ പടപടശബ്ദം എനിക്കിപ്പോൾ കേൾക്കാനായെങ്കിൽ!”


“ഞാൻ ദാ, വരുന്നു,” കച്ചവടക്കാരൻ പറയുന്നു; എന്നിട്ടയാൾ ആ കൊച്ചുകാലുകളും വച്ച് നിലവറയുടെ പടി കയറാൻ തുടങ്ങുമ്പോഴേക്കും ഭാര്യ അയാളുടെ അരികിൽ ചെന്നു പിടിച്ചുനിർത്തിക്കൊണ്ടു പറയുകയാണ്‌: “നിങ്ങൾ ഇവിടെ നില്ക്കൂ. ഇനിയല്ല, അത്ര വാശിയാണെങ്കിൽ ഞാൻ തന്നെ പോയി നോക്കാം. ഇന്നലെ രാത്രി ചുമച്ച ചുമ ഓർമ്മയുണ്ടാവുമല്ലോ? എന്തോ ഒരു നിസ്സാര ഇടപാടിനു വേണ്ടി, അതിനി നിങ്ങൾക്കു മനസ്സിൽ തോന്നിയതാവാനും മതി, ഭാര്യയെയും കുഞ്ഞിനെയും മറക്കാനും, സ്വന്തം ശ്വാസകോശം ബലി കൊടുക്കാനും തയാറാവുകയാണു നിങ്ങൾ. ഞാൻ പോകാം.“


”എന്നാൽ നമ്മുടെ കൈയിൽ ഏതൊക്കെ തരമുണ്ടെന്ന് അയാളോടു പറയാൻ മറക്കേണ്ട. ഓരോന്നിന്റെയും വില ഞാൻ നിന്നോടു വിളിച്ചുപറയാം.“


”ആയിക്കോട്ടെ,“ എന്നു പറഞ്ഞുകൊണ്ട് ഭാര്യ തെരുവിലേക്കു കയറിവരുന്നു. അവർക്കെന്നെ കാണാൻ പ്രയാസമില്ലെന്നും പറയേണ്ടല്ലോ.


”നിങ്ങളുടെ വിനീതദാസനാണേ!“ ഞാൻ നിലവിളിച്ചുകൊണ്ടു പറയുകയാണ്‌, ”ഒരു കരണ്ടി കരി മതി; ഇതാ ഈ തൊട്ടിയിൽ; ഞാൻ തന്നെ അതു ചുമന്നുകൊണ്ടു പൊയ്ക്കോളാം; നിങ്ങളുടെ കൈയിലുള്ള ഏറ്റവും മോശമായ ഇനം കരിയിൽ ഒരു കരണ്ടി. ഞാനതിന്റെ വില മുഴുവനും തന്നേക്കാം, ഇപ്പോഴല്ല, പിന്നെ, പിന്നെ.“ മരണമണിയോടെത്ര സമാനമായിരുന്നു ആ ‘പിന്നെ, പിന്നെ’ എന്നുള്ള വാക്കുകൾ! അടുത്തുള്ള പള്ളിമേടയിൽ നിന്നു സന്ധ്യമണി മുഴങ്ങിയപ്പോൾ തിരിച്ചറിയാനാവാത്ത വിധം അവയിൽ കലർന്നുപോവുകയും ചെയ്തു ആ വാക്കുകൾ!


”അയാൾക്കെന്താ വേണ്ടത്?“ കച്ചവടക്കാരൻ വിളിച്ചു ചോദിക്കുകയാണ്‌. ”ഒന്നുമില്ല,“ ഭാര്യ പറയുന്നു, ”ഇവിടൊന്നുമില്ല; ഞാനൊന്നും കാണുന്നില്ല, ആറടിക്കുന്നതല്ലാതെ ഒന്നും കേൾക്കുന്നുമില്ല. കടയടയ്ക്കാൻ നേരമായി. നല്ല തണുപ്പുണ്ട്; നാളെ നല്ല പണിയുണ്ടാവുമെന്നു തോന്നുന്നു.“


അവരൊന്നും കാണുന്നുമില്ല, കേൾക്കുന്നുമില്ല. എന്നിട്ടു കൂടി ഏപ്രൺ അഴിച്ചെടുത്ത് എന്നെ വീശിയോടിക്കാൻ നോക്കുകയുമാണവർ. കഷ്ടമേ, അതിലവർ വിജയിക്കുകയും ചെയ്യുന്നു. ഒരൊന്നാന്തരം സവാരിക്കുതിരയുടെ സർവഗുണങ്ങളും എന്റെ കരിത്തൊട്ടിക്കുണ്ട്; പക്ഷേ ചെറുത്തുനില്പ് എന്ന ഗുണം ഇല്ലതാനും; തീരെ ഭാരം കുറഞ്ഞതാണത്; ഒരു സ്ത്രീയുടെ ഏപ്രൺ കൊണ്ടൊന്നു വീശിയാൽ പറന്നു പോകാനുള്ളതേയുള്ളു അത്.


”ദുഷ്ട!“ തിരിച്ചുപോരുമ്പോൾ ഞാൻ അലറിക്കൊണ്ടു പറഞ്ഞു; അവരാവട്ടെ, പാതി അവജ്ഞയും പാതി ആത്മസംതൃപ്തിയും കാണിക്കുന്നപോലെ ഒരു കൈയെടുത്തു വീശിക്കൊണ്ട് കടയിലേക്കു തിരിച്ചു നടക്കുകയായിരുന്നു. ”ദുഷ്ട! ഏറ്റവും മോശപ്പെട്ട കരിയിൽ ഒരു കരണ്ടിയേ ഞാൻ യാചിച്ചുള്ളു; അതു പോലും നീയെനിക്കു തന്നില്ല.“ അത്രയും പറഞ്ഞുകൊണ്ട് മഞ്ഞുമലകൾ നില്ക്കുന്ന ദിക്കു നോക്കി ഞാൻ പറന്നുയരുന്നു, എന്നെന്നേക്കുമായി പോയിമറയുന്നു.

No comments: