Monday, May 31, 2010

കാഫ്ക-ചിറകു വച്ച നഗരം

 

image


ഒടുവിൽ ഞങ്ങളുടെ സൈന്യം നഗരത്തിന്റെ തെക്കുഭാഗത്തുള്ള കവാടത്തിലൂടെ ഉള്ളിലേക്കിരച്ചുകയറി. ഞാനുൾപ്പെട്ട സേനാവിഭാഗം നഗരപ്രാന്തത്തിലുള്ള ഒരുദ്യാനത്തിൽ പാതി കരിഞ്ഞ ചെറിമരങ്ങൾക്കിടയിൽ ഉത്തരവും കാത്തുനില്ക്കുകയായിരുന്നു. പക്ഷേ തെക്കുഭാഗത്തെ കവാടത്തിൽ നിന്ന് കാഹളങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ഘോഷം കേട്ടപ്പോൾ ഞങ്ങൾക്കു നിയന്ത്രണം വിട്ടു. കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത്, ചിട്ടയെന്നതില്ലാതെ, കൂട്ടുകാരന്റെ തോളത്തു കൈയുമിട്ട്, “കാഹിരാ, കാഹിരാ,” എന്ന പോർവിളിയും മുഴക്കി ചതുപ്പുനിലത്തിലൂടെ ഞങ്ങൾ നഗരത്തിനു നേർക്കു നീങ്ങി. തെക്കുഭാഗത്തെ കവാടത്തിൽ ആകെ ഞങ്ങൾ കണ്ടത് ശവങ്ങളും, നിലത്തുരുണ്ടുകൂടി സർവതിന്റെയും കാഴ്ച മറയ്ക്കുന്ന മഞ്ഞപ്പുകയും മാത്രമായിരുന്നു. ഞങ്ങൾക്കു പക്ഷേ വെറും പിന്നണിസൈന്യമായാൽപ്പോരാ; അതേവരെ യുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷപ്പെട്ടുനിന്ന ഇടത്തെരുവുകളിലേക്ക് ഞങ്ങൾ തിരിഞ്ഞു. ആദ്യം കണ്ട വീടിന്റെ വാതിൽ എന്റെ മഴുവിന്റെ വെട്ടേറ്റ് ചിന്നിച്ചിതറി. അത്ര ആവേശത്തോടെയാണു ഹാളിലേക്കു തള്ളിക്കയറിയതെന്നതിനാൽ ആദ്യമാദ്യം ഒന്നും തിരിയാതെ തമ്മിൽത്തമ്മിൽ വട്ടം ചുറ്റുകയായിരുന്നു ഞങ്ങൾ. നീണ്ടൊഴിഞ്ഞൊരിടനാഴിക്കുള്ളിൽ നിന്ന് ഒരു വൃദ്ധൻ ഞങ്ങളുടെ നേർക്കു വന്നു. അസാമാന്യനായ ഒരു കിഴവൻ- അയാൾക്കു ചിറകുകളുണ്ടായിരുന്നു. വീതിയേറിയ, വിരിഞ്ഞ ചിറകുകൾ; അവയുടെ അറ്റങ്ങൾക്ക് അയാളെക്കാൾ ഉയരമുണ്ട്. “ഇയാൾക്കു ചിറകുണ്ട്,” ഞാൻ എന്റെ ചങ്ങാതിമാരോടു വിളിച്ചുപറഞ്ഞു; മുന്നിലുണ്ടായിരുന്ന ഞങ്ങൾ കുറച്ചുപേർ ആവുന്നിടത്തോളം പിന്നിലേക്കു മാറി; കാരണം പിന്നിൽ നിന്നവർ മുന്നിലേക്കു തള്ളുകയായിരുന്നല്ലോ. “ നിങ്ങൾക്കാശ്ചര്യം തോന്നുന്നുണ്ടാവും,” കിഴവൻ പറഞ്ഞു. “ഞങ്ങൾ എല്ലാവർക്കും ചിറകുണ്ട്. അതുകൊണ്ടു പക്ഷേ ഞങ്ങൾക്കു പ്രയോജനമുണ്ടായില്ല; പറിച്ചുകളയാൻ പറ്റിയിരുന്നെങ്കിൽ ഞങ്ങൾ അതു ചെയ്തേനെ.” “ നിങ്ങളെന്തുകൊണ്ടു പറന്നുപോയില്ല?” ഞാൻ ചോദിച്ചു. “ഞങ്ങളുടെ നഗരം വിട്ടു പറന്നുപോകാനോ? വീടുപേക്ഷിക്കാനോ? പിതൃക്കളെയും പരദൈവങ്ങളെയും വിട്ടുപോകാനോ?”

 

 

(from the blue octavo notebooks)

Friday, May 28, 2010

നെരൂദ-സോക്സുകൾക്ക്

image

 
മരു മോരി
എനിക്ക്
ഒരു ജോഡി സോക്സുകൾ കൊണ്ടുതന്നു;
സ്വന്തം ഇടയക്കൈകൾ കൊണ്ട്
അവൾ തന്നെ തുന്നിയത്,
മുയലുകളെപ്പോലെ
പതുപതുത്ത രണ്ടു സോക്സുകൾ.
അവയിലേക്കു ഞാനെന്റെ
പാദങ്ങൾ കടത്തി,
അന്തിമിനുക്കത്തിന്റെയിഴകളും
കമ്പിളിനൂലും പിരിച്ചുനെയ്ത
രണ്ടു ചെപ്പുകളിലേക്കെന്നപോലെ.

വന്യമായ സോക്സുകൾ,
എന്റെ കാലടികൾ
രണ്ടു
കമ്പിളിമീനുകളായി,
ഒരു സ്വർണ്ണനൂലോടിയ
രണ്ടു വമ്പൻ നീലസ്രാവുകൾ,
രണ്ടു കൂറ്റൻ കരിങ്കിളികൾ,
രണ്ടു പീരങ്കികൾ:
രണ്ടു സ്വർഗ്ഗീയസോക്സുകളാൽ
എന്റെ പാദങ്ങളങ്ങനെ
അന്തസ്സാർന്നു.
എത്ര മനോഹരമായിരുന്നുവെന്നോ
അവ,
ഈ പാദങ്ങളെനിക്കു വേണ്ടെന്ന്
ഇതാദ്യമായി എനിക്കു തോന്നിപ്പോയി,
രണ്ടു ബലഹീനരായ
അഗ്നിശമനസേനാംഗങ്ങൾ,
ഈ മിനുങ്ങുന്ന സോക്സുകളുടെ
നെയ്തെടുത്ത അഗ്നിയ്ക്ക്

അരഹരല്ലവർ.

എന്നാലും
കുട്ടികൾ
മിന്നാമിന്നികളെ കുപ്പിയിലടച്ചു
വയ്ക്കുമ്പോലെ,
പണ്ഡിതന്മാർ
താളിയോലകൾ ശേഖരിക്കുമ്പോലെ
അവയെ സൂക്ഷിച്ചുവയ്ക്കാൻ
എനിക്കുണ്ടായൊരു
പ്രലോഭനത്തെ
ഞാൻ ചെറുത്തുനിന്നു.
ഒരു പൊന്നിൻകൂട്ടിൽ
അവയെ അടയ്ക്കാൻ,
മത്തന്റെ തുണ്ടവും
ധാന്യവും നിത്യം നൽകിപ്പോറ്റാൻ
എനിക്കുണ്ടായൊരാവേശത്തെ
ഞാൻ ചെറുത്തു.
അപൂർവഭംഗിയുള്ളൊരു
മാൻകുട്ടിയെ
അടുപ്പിലേക്കു വിട്ടുകൊടുക്കുകയും
ഖേദത്തോടെ ഭക്ഷിക്കുകയും ചെയ്യുന്ന
കാനനപര്യവേക്ഷകരെപ്പോലെ
ഞാൻ പാദങ്ങൾ നീട്ടി
ചന്തമുള്ള ആ സോക്സുകളണിഞ്ഞു,
പിന്നെ ഷൂസുമിട്ടു.

ഇതത്രേ
ഈ സ്തുതിയുടെ ഗുണപാഠം:
സൗന്ദര്യത്തിനു
സൗന്ദര്യമിരട്ടിയ്ക്കും,
നന്മയ്ക്കു
നന്മയുമിരട്ടിയ്ക്കും
മഞ്ഞുകാലത്ത്
രണ്ടു സോക്സുകളുടെ
കാര്യത്തിൽ.

 

a 12th century egyptian socks

Thursday, May 27, 2010

കാഫ്ക

image

മനുഷ്യന്റെ പാപങ്ങൾ മുഖ്യമായും രണ്ടാണ്‌: അക്ഷമയും അലസതയും; മറ്റു പാപങ്ങൾ ജന്മമെടുക്കുന്നതും ഇവയിൽ നിന്നുതന്നെ. അക്ഷമ കാരണമാണ്‌ അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായത്; അലസതകാരണമാണ്‌ അവർ അവിടെയ്ക്കു മടങ്ങാത്തതും. ഇനിയഥവാ കൊടുംപാപം ഒന്നേയുള്ളുവെന്നും പറയാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി, അക്ഷമ കാരണമായിത്തന്നെ അവർ മടങ്ങുന്നതുമില്ല.
*

ലൗകികത മങ്ങിച്ച കണ്ണു വച്ചു നോക്കുമ്പോൾ തുരങ്കത്തിനുള്ളിൽ വച്ച് അപകടം പിണഞ്ഞ തീവണ്ടിയാത്രക്കാരുടെ അവസ്ഥയാണു നമുക്ക്; അതും എങ്ങനെയുള്ള ഇടമെന്നാൽ, ആരംഭത്തിലെ വെളിച്ചം കണ്ണിൽ നിന്നേ മറഞ്ഞിരിക്കുന്നു; അവസാനിക്കുന്നിടത്തെ വെളിച്ചമാകട്ടെ, നിരന്തരം കണ്ടെടുക്കേണ്ടതും കണ്ട പിൻപു മറഞ്ഞുപോകുന്നതുമായ നേർത്തൊരു തിളക്കവും; തുടക്കവും ഒടുക്കവും തീർച്ചകൾ പോലുമല്ല. നമുക്കു ചുറ്റിനും പക്ഷേ, അതിനി നമ്മുടെ കണ്ണും ചെവിയും കലങ്ങിപ്പോയതു കൊണ്ടാവാം, ഇനിയഥവാ അത്രയ്ക്കവ തുറന്നുപോയതുകൊണ്ടുമാവാം, വിലക്ഷണതകൾ മാത്രമേയുള്ളു, ഒരു കാലിഡോസ്കോപ്പിനുള്ളിലെന്നപോലെ രൂപങ്ങളുടെ മായക്കളി. ഓരോ വ്യക്തിയുടെയും മാനസികാവസ്ഥയും പരിക്കും അനുസരിച്ച് ആഹ്ളാദകരമാണത്, തളർത്തുന്നതുമാണത്. ഇങ്ങനെയുള്ള ഇടങ്ങളിൽ വച്ചു ചോദിക്കേണ്ട ചോദ്യങ്ങളല്ല, ഞാനെന്തു ചെയ്യണം? ഞാനതെന്തിനു ചെയ്യണം? എന്നിവ.
*

ഒരു ഘട്ടമെത്തിയാൽ തിരിച്ചുവരവെന്നതില്ല, ആ ഘട്ടമെത്തേണ്ടിയിരിക്കുന്നു.
*

നിരന്തരമാവർത്തിക്കുന്നതാണ്‌ മനുഷ്യപരിണാമത്തിലെ നിർണ്ണായകമുഹൂർത്തം.അതിനാലാണ്‌, തങ്ങൾക്കു മുമ്പുണ്ടായതൊക്കെ വിലകെട്ടതെന്നു പ്രഖ്യാപിക്കുന്ന ആശയവിപ്ളവങ്ങളുടെ നിലപാടു ശരിയാവുന്നതും: എന്തെന്നാൽ ഇനിയും യാതൊന്നും സംഭവിച്ചിട്ടില്ലല്ലോ.
*

മനുഷ്യരാശിയുടെ ചരിത്രമെന്നാൽ ഒരു യാത്രക്കാരൻ രണ്ടു ചുവടുകൾ വയ്ക്കുന്നതിനിടയിലെ ഒരു നിമിഷമാണത്.
*

പുറമേ നിന്നുകൊണ്ട് നിങ്ങൾ വലിയ ആളായിച്ചമഞ്ഞ് ലോകത്തിനു മേൽ സിദ്ധാന്തങ്ങൾ വലിച്ചെറിയും, പിന്നെ താൻ തന്നെ കുഴിച്ച കുഴിയിൽ ചെന്നു ചാടുകയും ചെയ്യും; ഉള്ളിലാണെങ്കിൽപ്പക്ഷേ, നിങ്ങൾ അതിരു വിടുന്നില്ല, ലോകം ശാന്തവും സത്യവുമാണ്‌.
*

തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ നമുക്കൊന്നു ബലം പരീക്ഷിക്കാം എന്നു നിങ്ങളോടുള്ള വെല്ലുവിളി. സ്ത്രീകളോടുള്ള ബലപരീക്ഷ പോലെയാണത്, കിടക്കയിലാണതിന്റെ അവസാനം.
*

 

(from the blue octavo notebooks by kafka)

Wednesday, May 26, 2010

നെരൂദ-ഉറക്കമായ വീടിന്‌

image


 

 

 

 

 

 

 

 

 

 

 

 

 

 

അങ്ങകലെ ബ്രസീലിൽ,
മലമടക്കുകളും
പള്ള വീർത്ത പുഴകളും കടന്ന്,
വെളുത്ത വാവിന്റെ വെട്ടത്തിലൊരു രാത്രിയിൽ...
വെടിയ്ക്കുന്ന കമ്പിസന്ദേശങ്ങളാൽ
ആകാശവും ഭൂമിയും
നിറയ്ക്കുന്നു
ചീവീടുകൾ.
രാത്രിയോ,
ചന്ദ്രന്റെ, ഭൂമിയുടെ
ഗോളരൂപങ്ങൾ തീർക്കുന്നു,
കണ്ണു കാണാത്ത ഉരുവങ്ങളെ
കൊത്തിവിരിയ്ക്കുന്നു,
ജനിപ്പിക്കുന്നു
കാടുകളെ,
കരിവീട്ടിനിറമായ പുഴകളെ,
വിജയം ഘോഷിക്കുന്ന പ്രാണികളെ.

ഹാ, നാം ജീവിതം കഴിക്കാത്ത
രാത്രിയുടെ ദേശം:
പാതകളിൽ നാം
ചഞ്ചലിക്കുന്നൊരു
ദീപനാളമായിരുന്ന
പുൽപ്പുരപ്പുകൾ,
നിഴലത്തോടിയോടിപ്പോകുന്ന
എന്തോ ഒന്ന്...

നാം കയറിച്ചെല്ലുന്നു
ഉറങ്ങിക്കിടക്കുന്ന വീട്ടിനുള്ളിൽ,
വിശാലവും
വെളുത്തതും
കതകു മലക്കെത്തുറന്നതുമാണത്,
കട്ടപിടിച്ച ഇലച്ചാർത്തും
നിലാവിന്റെ
മിനുങ്ങുന്ന തിരകളും
വലയം ചെയ്യുന്ന
ഒരു തുരുത്ത്.
കോണിപ്പടിയിൽ
നമ്മുടെ ചെരുപ്പുകൾ
പ്രാചീനമായ
മറ്റു പാദപതനങ്ങളെ
ഉണർത്തുന്നു,
തൊട്ടിയിലിറ്റുന്ന
വെള്ളത്തിന്‌
ഒരു കഥ
പറയാനുണ്ട്.

നാം വിളക്കുകളണയ്ക്കുന്നു,
വിറപൂണ്ട വിരിപ്പുകൾ
നമ്മുടെ കിനാക്കളിലലിയുന്നു.
നിഴലടയ്ച്ച വീടിന്റെയുള്ളിൽ
വട്ടം ചുറ്റുകയാണു സർവതും,
മര്യാദ കെട്ടവർ,
വൈകിയെത്തിയവർ
ഉറക്കം ഞെട്ടിച്ചു
സർവതിനെയും.
ചുറ്റിനും
ചീവീടുകൾ,
നിലാവ്,
നിഴൽ,
സ്ഥലം,
സാന്നിദ്ധ്യങ്ങളും
മുഖരമായ നിശ്ശ്ബ്ദതയും
നിറഞ്ഞ ഏകാന്തത.

പിന്നെ,
വീടു കണ്ണുകളടയ്ക്കുന്നു,
എണ്ണമറ്റ ചിറകുകളൊതുക്കുന്നു,
നാം
ഉറക്കവുമാവുന്നു.

Monday, May 24, 2010

കാഫ്ക-പിശാച്

ScanImage001
കാസിനെല്ലീസിന്റെ ചില്ലലമാരകൾക്കു മുന്നിൽ ചുറ്റിപ്പറ്റിനില്ക്കുകയായിരുന്നു രണ്ടു കുട്ടികൾ; ആറു വയസ്സുള്ള ഒരാൺകുട്ടിയും ഏഴു വയസ്സുള്ള ഒരു പെൺകുട്ടിയും; വിലകൂടിയ വേഷമാണ്‌ ഇരുവർക്കും. ദൈവത്തെയും പാപത്തെയും കുറിച്ചാണ്‌ അവർ സംസാരിക്കുന്നത്. ഞാൻ അവരുടെ പിന്നിൽ ചെന്നുനിന്നു. പെൺകുട്ടിയുടെ അഭിപ്രായത്തിൽ, അവൾ കത്തോലിക്കാവിശ്വാസിയാകാം, ദൈവത്തെ കബളിപ്പിക്കലാണ്‌ ശരിക്കുള്ള പാപം. കുട്ടികൾക്കു സഹജമായ വാശിയോടെ ആൺകുട്ടിയ്ക്കപ്പോളറിയണം, അവൻ പ്രൊട്ടസ്റ്റന്റുകാരനായിരിക്കാം, മനുഷ്യരെ കബളിപ്പിക്കുന്നതോ മോഷ്ടിക്കുന്നതോ പിന്നെയെന്താണെന്ന്. ‘അതും വലിയ പാപം തന്നെ,’ പെൺകുട്ടി പറഞ്ഞു, ‘അതുപക്ഷേ ഏറ്റവും വലിയ പാപമല്ല, ദൈവത്തിനെതിരെ ചെയ്യുന്ന പാപമാണ്‌ ഏറ്റവും വലുത്. മനുഷ്യനെതിരെ ചെയ്യുന്ന പാപത്തിനു കുമ്പസാരമുണ്ടല്ലോ. ഞാൻ കുമ്പസാരിക്കുമ്പോൾ എനിക്കു തൊട്ടുപിന്നിൽ ഒരു മാലാഖ നില്ക്കുന്നുണ്ടാവും; പക്ഷേ ഞാൻ പാപം ചെയ്യുമ്പോൾ പിശാച് പിന്നിൽ വന്നു നില്ക്കും, നാമതു കാണുന്നില്ലെന്നേയുള്ളു.’ എന്നിട്ട് ആ കപടഗൗരവം മതിയാക്കി അവൾ തമാശയായി ഉപ്പൂറ്റിയൂന്നി ഒന്നു തിരിഞ്ഞു കൊണ്ടു പറഞ്ഞു: ‘നോക്കൂ, എന്റെ പിന്നിൽ ആരുമില്ല.’ ആൺകുട്ടിയും ഒന്നു വട്ടം തിരിഞ്ഞു; അവൻ എന്നെ കാണുകയും ചെയ്തു. ‘നോക്കൂ,’ താൻ പറയുന്നത് എന്റെ ചെവിയിൽ വീഴാതെവരില്ല എന്നതൊന്നും ശ്രദ്ധിക്കാതെ, ഇനിയഥവാ അതിനെക്കുറിച്ചൊന്നും ആലോചിക്കാതെയുമാവാം, അവൻ പറഞ്ഞു, ‘എന്റെ പിന്നിൽ നില്പ്പുണ്ടല്ലോ പിശാച്.’ ‘അതു ഞാനും കണ്ടു,’ പെൺകുട്ടി പറഞ്ഞു, ‘പക്ഷേ ഞാനുദ്ദേശിച്ച പിശാചു വേറെയാണ്‌.’

(15.02.1920-ലെ ഡയറിക്കുറിപ്പിൽ നിന്ന്)

Sunday, May 23, 2010

കാഫ്ക-അരുമപ്പാമ്പേ…

kafka1

 


അരുമപ്പാമ്പേ, എന്തിനാണു നീ ഇത്ര ദൂരെപ്പോയിക്കിടക്കുന്നത്, അടുത്തുവരൂ, ഇനിയുമടുത്തുവരൂ, മതി, അത്ര മതി, അവിടെക്കിടക്കൂ. നിനക്കുമില്ലല്ലോ അതിരുകളെന്നു പറയാനൊന്നും. അതിരുകളെ മതിക്കാത്തവനാണു നീയെങ്കിൽ എങ്ങിനെ ഞാൻ നിന്റെ മേൽ കോയ്മ നേടും? കഠിനമായി പണിയെടുക്കേണ്ടിവരും അതിന്‌. നിന്നോടു ചുരുണ്ടുകിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ചുരുണ്ടുകിടന്നാട്ടെ, ഞാൻ പറയുകയാണ്‌, നീ നിവർന്നുകിടക്കുകയും ചെയ്യുന്നു. ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ലേ? ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതു വളരെ വ്യക്തമായിരുന്നല്ലോ: ചുരുണ്ടു കിടക്കൂ! ഇല്ല, നിനക്കതു പിടി കിട്ടിയിട്ടില്ല. അതെങ്ങനെയെന്ന് ഈ വടി കൊണ്ട് ഞാൻ നിനക്കു കാണിച്ചുതരാം. ആദ്യമായി നീ വലിയൊരു വൃത്തം ചമയ്ക്കണം, പിന്നെ അതിനുള്ളിൽ അതിനോടു ചേർന്നുതന്നെ രണ്ടാമതൊന്ന്, അങ്ങനെപോകട്ടെ. ഒടുവിൽ നിന്റെ കുഞ്ഞുതല അപ്പോഴും എടുത്തുപിടിച്ചിരിക്കുകയാണെങ്കിൽ ഞാനന്റെ മകുടിയിൽ വായിക്കുന്ന ഈണത്തിനൊപ്പിച്ച് അതു പതിയെ താഴ്ത്തിക്കൊണ്ടുവരൂ; ഞാൻ നിർത്തുമ്പോൾ നീയുമടങ്ങും, നിന്റെ തല ഏറ്റവുമുള്ളിലെ വൃത്തത്തിലുമായിരിക്കും.

 

(from the blue octavo notebooks by kafka)

Thursday, May 20, 2010

കാഫ്ക-കൈകളുടെ മൽപ്പിടുത്തം

image0
എന്റെ രണ്ടു കൈകൾ തമ്മിൽ ഒരു മൽപ്പിടുത്തം തുടങ്ങി. അവർ ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം വലിച്ചടച്ചിട്ട് തങ്ങൾക്കൊരു തടസ്സമാകാതിരിക്കാൻ വേണ്ടി അതു തള്ളിമാറ്റി. എനിക്കൊരു സലാം തന്നിട്ട് എന്നെ അവർ റഫറിയായും നിയമിച്ചു. അടുത്ത നിമിഷം വിരലുകൾ തമ്മിൽ കോർത്തുകഴിഞ്ഞു അവർ; ആരാണു കൂടുതൽ ഞെരുക്കുന്നതെന്നതിനനുസരിച്ച് മേശയുടെ ഇടത്തേക്കും വലത്തേക്കും പായുകയാണവർ. കണ്ണെടുക്കാതെ അവരെത്തന്നെ നോക്കിയിരിക്കുകയാണു ഞാൻ. എന്റെ കൈകളാണിവരെങ്കിൽ എന്റെ മാധ്യസ്ഥവും നിഷ്പക്ഷമായിരിക്കണമല്ലോ. അതല്ലെങ്കിൽ തെറ്റായൊരു തീരുമാനത്തിന്റെ വ്യഥകൾ പേറേണ്ടിവരും ഞാൻ. പക്ഷേ അത്ര എളുപ്പമുള്ളതല്ല എന്റെ കർത്തവ്യം. കൈപ്പടങ്ങൾക്കിടയിലെ ഇരുട്ടത്ത് പലതരം പിടുത്തങ്ങൾ നടക്കുമെന്നതിനാൽ അതൊന്നും എന്റെ ശ്രദ്ധയിൽപ്പെടാതെ പോകരുത്; ഞാൻ അതിനാൽ മേശപ്പുറത്തു താടിയുറപ്പിച്ചുവച്ചിരിക്കുകയാണ്‌; ഇനിമേൽ യാതൊന്നും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇക്കാലമത്രയും വലതുകൈയിനോട് പ്രത്യേകിച്ചൊരു മമത ഞാൻ കാണിച്ചിരുന്നു; എന്നുവച്ച് ഇടതുകൈയിനോട് എനിക്കെന്തെങ്കിലും വിദ്വേഷമുണ്ടായിരുന്നുവെന്നല്ല. ഇടതുകൈ ഒരു സൂചന നൽകിയാൽ മതിയായിരുന്നു, ഹിതാനുവർത്തിയും നീതിമാനുമായ ഞാൻ ആ ദുഷ്ചെയ്തിക്ക് അപ്പോഴേ വിരാമമിട്ടേനേ. അതു പക്ഷേ പരാതി പറയാൻ വന്നതേയില്ല; അതെന്നിൽ നിന്നു തൂങ്ങിക്കിടക്കുകയേ ചെയ്തുള്ളു; ഉദാഹരണത്തിന്‌ തെരുവിൽ വച്ച് എന്റെ വലതുകൈ തൊപ്പിയുയർത്തുമ്പോൾ എന്റെ തുടമേൽ കാതരമായി തപ്പിത്തടയുകയാവും ഇടതുകൈ. ഇപ്പോൾ ഈ നടക്കുന്ന യുദ്ധത്തിനു യുക്തമായ ഒരു സന്നാഹം കൂട്ടലായിരുന്നില്ലല്ലോ അത്. ഇനിയെത്രനേരമെന്റെ ഇടതുകൈത്തണ്ടേ, ശക്തനായ ഈ വലതുകൈയുടെ ഊറ്റത്തെ ചെറുത്തുനില്ക്കും നീ? മറ്റഞ്ചു വിരലുകളുടെ കൂട്ടിപ്പിടുത്തത്തിൽ തളർന്നുപോകില്ലേ സ്ത്രൈണമായ നിന്റെ വിരൽ? ഇതൊരു മൽപ്പിടുത്തമാണെന്നും എനിക്കിപ്പോൾ തോന്നുന്നില്ല; ഇടതുകൈയുടെ സ്വാഭാവികാന്ത്യമാണു നടക്കാൻ പോകുന്നത്. മേശയുടെ ഇടതറ്റത്തേക്കു തള്ളിമാറ്റിക്കഴിഞ്ഞിരിക്കുന്നു അതിനെ; ഒരെഞ്ചിന്റെ പിസ്റ്റൺ പോലെ അതിനെ തുടരെത്തുടരെ പ്രഹരിക്കുകയാണ്‌ വലതുകൈ. ഈ യാതന കണ്മുന്നിൽ കാണേണ്ടിവന്ന എനിക്ക്, ഇവർ എന്റെതന്നെ കൈകളാണെന്നും, ഒന്നു കുടഞ്ഞാൽ അവരെ തമ്മിൽ പിരിക്കാമെന്നതേയുള്ളുവെന്നും, അങ്ങനെ ഈ തമ്മിലടിയ്ക്കും കഷ്ടപ്പാടിനും അറുതി വരുത്താവുന്നതേയുള്ളുവെന്നുമുള്ള ഒരു ചിന്ത മനസ്സിൽ വന്നില്ലായിരുന്നുവെങ്കിൽ- സമയത്തുതകുന്നൊരാശയം എനിക്കപ്പോൾ തോന്നിയില്ലായിരുന്നുവെങ്കിൽ, മണിബന്ധത്തിൽ വച്ചു പൊട്ടിത്തകർന്ന ഇടതുകൈ മേശയ്ക്കു താഴെപ്പോയി വീണേനേ; താൻ വിജയിയായി എന്ന അറിവിനാൽ ലക്കു കെട്ട വലതുകൈ ദത്തശ്രദ്ധമായി നോക്കിയിരിക്കുന്ന എന്റെ മുഖത്തേക്ക് അഞ്ചു തലയുള്ള സെർബറസിനെപ്പോലെ ചാടിവീഴുകയും ചെയ്തേനെ. അതിനു പകരം പക്ഷേ, ഒരാൾക്കു മേൽ മറ്റൊരാളായി കിടക്കുകയാണ്‌ ഇരുവരുമിപ്പോൾ; വലതുകൈ ഇടതുകൈയുടെ പുറം തലോടുകയാണ്‌; നീതിമാനല്ലാത്ത റഫറി ഞാനോ, അതിനെ അഭിനന്ദിച്ചു തലയാട്ടുകയും.
*

സെർബറസ്- ഗ്രീക്കുപുരാണത്തിലെ അഞ്ചു തലകളുള്ള വേട്ടനായ; പാതാളത്തിന്റെ കവാടം കാക്കുന്നു.

(from the blue octavo notebooks by kafka)
(sketch by kafka)

സെൻ കവിത-ഹാൻ ഷാൻ

image

ലോകരുടെ രീതികൾ
കണ്ടുനില്ക്കുകയാണു ഞാൻ:
ഒരാൾക്കെതിരെ എല്ലാവരും,
എല്ലാവർക്കുമെതിരെ ഒറ്റയാളും.
ക്ഷോഭിക്കയാണവർ,
തർക്കിക്കയാണവർ,
മനസ്സിൽ കണക്കുകൂട്ടലുകൾ
നടത്തുകയാണവർ.
പിന്നെയൊരുനാൾപ്പക്ഷേ
നോക്കിയിരിക്കുന്ന നേരത്ത്
ചത്തുപോവുകയുമാണവർ.
കിട്ടാതെ പോകുന്നില്ലാർക്കും
ചതുരത്തിലൊരു തറ:
നാലടി വീതിയിൽ,
ആറടി നീളത്തിലും.
ആ ചതുരത്തിനു
പുറത്തുകടക്കാൻ
ഒരു വഴി കണ്ടെത്താമോ?
എങ്കിൽ നിങ്ങളുടെ
പേരും കൊത്തി
ഓർമ്മക്കല്ലൊന്നു ഞാൻ
നാട്ടിയേക്കാം.

 

 

(ചൈന-എട്ടാം ശതകം )

link to han shan

നെരൂദ-വിട്ടുപോകുന്ന വീടിന്‌

image

പോയിവരട്ടെ,
വീടേ!
പറയാനാവില്ല
മടക്കം:
നാളെ, മറ്റൊരു നാൾ,
കുറേക്കാലം കഴിഞ്ഞ്,
ഏറെക്കാലം കഴിഞ്ഞും.

ഒരു യാത്ര കൂടി,
ഇന്നെനിക്കു പക്ഷേ പറഞ്ഞേതീരൂ,
കല്ലു കൊണ്ടുള്ള നിന്റെ ഹൃദയത്തെ
എത്രമേൽ സ്നേഹിച്ചിരുന്നു
ഞങ്ങളെന്ന്;
എത്ര ചൂടു നീ
ഞങ്ങൾക്കു തന്നു,
കുഞ്ഞുമുന്തിരിപ്പഴങ്ങൾ പോലെ
മഴത്തുള്ളികൾ ചൊരിയുന്നു
നിന്റെ മേൽക്കൂരയിൽ,
മാനത്തിന്റെ
വഴുക്കുന്ന സംഗീതം!
ഇതാ ഞങ്ങൾ
നിന്റെ ജനാലകളടയ്ക്കുന്നു,
ഞെരുക്കുന്നൊരകാലരാത്രി
ഓരോ മുറിയും
കൈയേറുന്നു.

കാലം നിന്റെ മേൽ
വട്ടം ചുറ്റുന്നു,
ഈർപ്പം നിന്റെയാത്മാവിനെ
കരണ്ടുതിന്നുന്നു,
ഇരുട്ടടച്ചിട്ടും
ജീവൻ വിടുന്നില്ല നീ.

ചിലനേരം
ഒരെലി
കരളുന്ന കേൾക്കുന്നു,
ഒരു കടലാസ്സിന്റെ
മർമ്മരം,
പതിഞ്ഞൊരു
മന്ത്രണം,
ചുമരിലിരുട്ടത്ത്
ഏതോ പ്രാണിയുടെ
പാദപതനം,
ഈയേകാന്തതയിൽ
മഴ പെയ്യുമ്പോൾ
കൂര ചോരുന്നതു
മനുഷ്യന്റെയൊച്ചയിൽ,
ആരോ
തേങ്ങിക്കരയുമ്പോൽ.

നിഴലുകൾക്കേ
അറിയൂ
പൂട്ടിയിട്ട വീടുകളുടെ
രഹസ്യങ്ങൾ,
തടുത്തിട്ട കാറ്റിനും,
കൂരയിൽ,
വിടരുന്ന ചന്ദ്രനും.

പോയിവരട്ടെ,
ജാലകമേ,
വാതിലേ, തീയേ,
തിളവെള്ളമേ, ചുമരേ!
അടുക്കളേ,
നിനക്കും വിട,
ഞങ്ങൾ മടങ്ങുംവരെയ്ക്കും,
കാലത്തിൽ
തറഞ്ഞ
വ്യർഥബാണങ്ങൾ-
ക്കുയിരു നല്കി
വാതിലിനു മുകളിലെ
ഘടികാരത്തിന്റെ
വൃദ്ധഹൃദയം
വീണ്ടും
മിടിച്ചുതുടങ്ങും വരെയ്ക്കും.

 

 

link to image

Wednesday, May 19, 2010

നെരൂദ-ഉപ്പിന്‌

 

image

ഉപ്പുഭരണിയിലെ
ഈ ഉപ്പിനെ
ഒരിക്കൽ ഞാൻ
ഉപ്പുപാടത്തു വച്ചു കണ്ടു.
പറഞ്ഞാൽ
വിശ്വസിക്കില്ല നിങ്ങൾ,
അവിടെ
അതു പാടുന്നതു
ഞാൻ കേട്ടു,
ഉപ്പു പാടുന്നതു
ഞാൻ കേട്ടു,
ഉപ്പളങ്ങളുടെ തൊലി
പാടുന്നു,
വായിൽ മണ്ണടിഞ്ഞു
വീർപ്പുമുട്ടി
അതു പാടുന്നു.
മരുപ്പറമ്പിൽ
ഉപ്പിന്റെ പാട്ടു കേൾക്കെ
ആ ഏകാന്തതയിൽ
ഞാനൊന്നു വിറകൊണ്ടുപോയി.
അന്റോഫഗാസ്റ്റയ്ക്കരികെ
ഉപ്പുപാടം മാറ്റൊലിക്കൊള്ളുന്നു:
ഒരു തൊണ്ടയിടർച്ചയാണത്,
ഒരു വിഷാദഗാനമാണത്.

കോടരങ്ങളിൽക്കിടന്ന്
ഉപ്പു തേങ്ങുന്നു,
മണ്ണിൽപ്പുതഞ്ഞ
വെളിച്ചത്തിന്റെ മല,
സുതാര്യമായ
ഭദ്രാസനപ്പള്ളി,
കടലിന്റെ പരൽ,
തിരകളുടെ മറവി.

പിന്നെ,
ഈ ലോകത്തെ
ഓരോ മേശയിലും,
ഉപ്പേ,
ഞങ്ങളുടെ ഭക്ഷണത്തിൽ
നിന്റെ മെയ് വഴക്കം
തൂവുന്നു
ഒരു ജീവനദീപ്തി.
പുരാതനയാനങ്ങളിലെ
കലവറക്കാരാ,
പുറംകടലുകളിൽ
യാത്ര പോയവൻ നീ,
കടൽപ്പതയുടെ
അറിയാത്ത ഇടവഴികളിൽ
ആദ്യനാവികൻ.
കടൽത്തരിയേ,
നിന്നിലൂടെ
നാവറിയുന്നു
സാഗരനിശയുടെ ചുംബനം:
ഓരോ ഭാജനത്തിലും
ഞങ്ങളുടെ രുചിയറിയുന്നു
നിന്റെ സമുദ്രസാരം;
ഉപ്പുഭരണിയിലെ
ഒരു കുഞ്ഞലയിലൂടെ
ഞങ്ങൾ
ഗാർഹികശുഭ്രത പരിചയിക്കുന്നു,
അനന്തതയുടെ സ്വാദുമറിയുന്നു.

Monday, May 17, 2010

ജർമ്മൻ കവിതകൾ

image
ഹിൽഡെ ഡൊമിൻ-പ്രവാസി

മരിക്കുന്ന വായ
കോടുന്നു
ഒരന്യഭാഷയിലെ
വാക്കിന്റെ
ഉച്ചാരണം
കൃത്യമാക്കാനുള്ള
യത്നത്തിൽ.

(1964)

image
ഹാൻസ്‌ വെർണർ കോൺ- ഉറക്കം

ഉറക്കം:
ഇരുളടഞ്ഞ
ഇടനാഴികളിലേക്കുള്ള
പിന്മടക്കം.

സ്വപ്നത്തിന്റെ കണ്ണാടിയിൽ നിന്നു
പൊടുന്നനേ പുറത്തായ
നിങ്ങൾ
നിങ്ങളുമായി
കൂട്ടിയിടിക്കുന്നു

അതിന്റെ ആഘാതം
നിങ്ങളെ
ഉണർത്തുകയും ചെയ്യുന്നു.

(1964)


images from wikimedia commons

Sunday, May 16, 2010

മാനുവൽ ബന്ദയ്‌ര-അവസാനകവിത

image

ഈ വിധമാകട്ടെ ഞാനൊടുവിലായെഴുതുന്ന കവിത:
ആർദ്രമാകണമത്‌,
വലിയ കാര്യങ്ങൾ പറയാനില്ലാത്തതാകണമത്‌,
ഒരുന്നത്തിലും കൊള്ളിക്കാനല്ലാത്തതാകണമത്‌,
കണ്ണീരിറ്റാത്ത നെടുവീർപ്പു പോലെ ചുടുന്നതാകണമത്‌,
മണമില്ലാത്ത പൂക്കളുടെ ഭംഗിയുള്ളതാകണമത്‌,
വജ്രം ദഹിക്കുന്ന തീനാളത്തിന്റെ നൈർമല്യമുള്ളതാകണമത്‌,
കാരണം ബോധിപ്പിക്കാതെ ജീവിതമവസാനിപ്പിച്ചവരുടെ
വികാരവായ്പ്പു  നിറഞ്ഞതാകണമത്‌.

Friday, May 14, 2010

നെരൂദ-വീഞ്ഞിന്‌

image


പകൽനിറമായ വീഞ്ഞേ,
രാത്രിനിറമായ വീഞ്ഞേ,
മാന്തളിർച്ചുവടുള്ള വീഞ്ഞേ,
പുഷ്യരാഗരക്തമുള്ള വീഞ്ഞേ,
ഭൂമിയുടെ
നക്ഷത്രക്കുഞ്ഞേ,
പൊന്നിന്റെ വാളു പോലെ
മിനുസമായോളേ,
മദാലസമായ വില്ലീസു പോലെ
പതുപതുത്തോളേ,
വീഞ്ഞേ,
കടൽശംഖു പോലെ ചുഴിഞ്ഞോളേ,
അതിശയങ്ങൾ നിറഞ്ഞോളേ,
പ്രണയലോലേ,
കടൽപ്പിറപ്പേ;
ഒരു കോപ്പയിൽ
നിറഞ്ഞ നാളുണ്ടോ നീ?
ഒരു പാട്ടു പോരാ, ഒരാണു പോരാ
നിന്നെ നിറച്ചെടുക്കാൻ,
നീയൊരു സംഘഗാനം, സംഘജീവി,
പങ്കിട്ടെടുക്കേണ്ടോൾ നീ.
ചിലനേരം
നീ മുതിർക്കുന്നു
മരണത്തിന്നോർമ്മകളിൽ;
മഞ്ഞുറഞ്ഞ ശവമാടങ്ങൾ വെട്ടിമുറിക്കുന്നോളേ,
ശവകുടീരത്തിൽ നിന്നു ശവകുടീരത്തിലേക്ക്‌
ഞങ്ങളെക്കൊണ്ടുപോകുന്നു
നിന്റെ തിരകൾ,
ഞങ്ങളൊഴുക്കുന്നു
വന്നപോലെ പോകുന്ന കണ്ണീരും;
മഹിമയേറിയ
നിന്റെ വസന്തകാല വേഷം
വേറൊരുതരം,
ചോരയിരച്ചുകയറുന്നു കൂമ്പുകളിലൂടെ,
വീഞ്ഞുത്തേജിപ്പിക്കുന്നു പകലിനെ,
അക്ഷയമായ നിന്റെയാത്മാവിൽ
ശേഷിക്കുന്നില്ല യാതൊന്നും.
വീഞ്ഞുണർത്തുന്നു
വസന്തത്തെ,
മണ്ണിൽ ചെടി പോലെ പൊട്ടിമുളയ്ക്കുന്നു
ആനന്ദം,
ചുമരുകൾ തകരുന്നു,
പാറക്കെട്ടുകൾ വീഴുന്നു,
കൊക്കകൾ നികരുന്നു,
ഒരു പാട്ടും പിറക്കുന്നു.
ഒരു മദ്യകുംഭം, ഏകാന്തത്തിൽ
നീയെന്നരികിൽ-
പണ്ടൊരു കവി പാടി.
പ്രണയത്തിന്റെ ചുംബനത്തിനൊപ്പം
തന്റെ ചുംബനവും ചേർക്കട്ടെ ഈ വീഞ്ഞുപാത്രം.

എന്റെ പ്രിയേ,
നിന്നരക്കെട്ടിന്റെ വടിവു പൊടുന്നനേ
മദ്യചഷകത്തിന്റെ തുളുമ്പുന്ന വിളുമ്പാകുന്നല്ലോ,
നിന്റെ മാറിടമൊരു മുന്തിരിക്കുല,
മുന്തിരികൾ നിന്റെ മുലക്കണ്ണുകൾ,
നിന്റെ മുടി തിളക്കുന്നു
ലഹരിയുടെ വെട്ടം,
നിന്നുദരത്തിന്റെ പാത്രത്തിൽപ്പതിപ്പിച്ച
നൈർമ്മല്യത്തിന്റെ മുദ്രയല്ലോ നാഭിച്ചുഴി,
ഒഴിയാത്ത വീഞ്ഞിന്റെ നീർച്ചാട്ടം
നിന്റെ പ്രണയം,
എന്നിന്ദ്രിയങ്ങളെ ദീപ്തമാക്കുന്ന വെളിച്ചം,
ഭൂമിയിലെ ജീവിതത്തിന്റെ പകിട്ടുകൾ.

എന്നാൽ പ്രണയത്തിലും കവിഞ്ഞവൾ നീ,
കത്തുന്ന ചുംബനമേ,
അഗ്നിയുടെ ഹൃദയമേ,
ജീവിതമെന്ന വീഞ്ഞിലും കവിഞ്ഞവൾ;
നീ
മനുഷ്യരുടെ ഒരുമ,
തെളിമ,
അച്ചടക്കത്തിന്റെ സംഘഗാനം,
പൂക്കളുടെ സമൃദ്ധി.
നമ്മൾ സംസാരിച്ചിരിക്കുമ്പോൾ
എനിക്കിഷ്ടം മേശപ്പുറത്ത്‌
ഒരു കുപ്പി വീഞ്ഞിന്റെ ധൈഷണികവെളിച്ചം.
ഇതു കുടിയ്ക്കൂ,
പിന്നെയിതോർമ്മ വയ്ക്കൂ,
ഓരോ സ്വർണ്ണത്തുള്ളിയിറക്കുമ്പോഴും,
ഓരോ പുഷ്യരാഗക്കോപ്പ നിറയ്ക്കുമ്പോഴും,
ഓരോ ചെമ്പിച്ച കരണ്ടി കോരുമ്പോഴും
ഇതോർമ്മ വയ്ക്കൂ,
പാത്രത്തിൽ വീഞ്ഞു നിറയ്ക്കാൻ
എത്ര പണിപ്പെട്ടൂ ശരൽക്കാലമെന്ന്;
തന്റെ ജീവിതവൃത്തിയുടെ ചടങ്ങിനിടയിൽ
മനുഷ്യൻ,സാമാന്യൻ മറക്കാതിരിക്കട്ടെ,
മണ്ണിനെ, തന്റെ കർത്തവ്യത്തെ ഓർക്കാൻ,
വീഞ്ഞിന്റെ സങ്കീർത്തനം പാടിനടക്കാൻ.

 

image

ചിത്രം-ബാക്കസ്-കരാവാഗിയോ

Thursday, May 13, 2010

സെസീലിയ മെയെർലെസ്‌-കവിതകൾ

image
ഛായാചിത്രം

ഈ മുഖമെനിക്കുള്ളതല്ല
എത്ര നിർവ്വികാരം
വിഷാദഭരിതം
ശുഷ്കിച്ചതും.

ഈ ഒഴിഞ്ഞ കണ്ണുകളുമെനിക്കുള്ളതല്ല
ദുഃഖം കടുപ്പിച്ച വായയും.

ഈ ബലം കെട്ട കൈകൾ എനിക്കുള്ളതല്ല
എത്ര നിശ്ചലം
മരവിച്ചതും
മരിച്ചതും.

ഈ ഹൃദയമെനിക്കുള്ളതല്ല
പുറമെയ്ക്കു വെളിച്ചപ്പെടുന്നുപോലുമില്ലത്‌.

ഈ മാറ്റം ഞാനറിഞ്ഞതേയില്ലല്ലോ
എത്ര ലളിതം
സുനിശ്ചിതം
അനായാസം.

എനിക്കെന്റെ മുഖം നഷ്ടമായതേതു കണ്ണാടിയിൽ?

 

പാതിരാത്രിയുടെ കവാടങ്ങൾ

മാലാഖമാരെത്തുന്നു പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ
അത്ര ഗാഢമാണു നിദ്രയാ മുഹൂർത്തത്തിൽ
അത്ര വ്യാപകം നിശ്ശബ്ദതയും.

ഉരുണ്ടുതുറക്കുന്നു കവാടങ്ങൾ
അറിയാതെ നിശ്വാസമുതിർക്കുന്നു നാം.

മാലാഖമാർ വരവായി സുവർണ്ണഗീതവും പാടി,
കഞ്ചുകങ്ങൾ പാറുന്നുണ്ടു പറുദീസയിലെ തെന്നലിൽ,
അറിയാത്ത ഭാഷയിൽ ഒഴുകുമ്പോലവർ പാടുന്നു.

പൂക്കളും കനികളുമായി മരങ്ങൾ പൊട്ടിപ്പുറപ്പെടുന്നു പിന്നെ,
വെയിലിന്റെ, നിലാവിന്റെ കതിരുകൾ തമ്മിൽപ്പിണയുന്നു,
മഴവില്ലിന്റെ നാടകളഴിയുന്നു,
നക്ഷത്രങ്ങൾ കലർന്നു പിന്നെ
മൃഗങ്ങളും വരവാകുന്നു.

മാലാഖമാരെത്തുന്നു പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ.

ഇനി നേരമില്ലെന്നറിയുന്നു നാം,
ഇനിയില്ല കാണാൻ ഒരു കാഴ്ചയും,
വിട ചൊല്ലാനുയർന്നുവല്ലോ നമ്മുടെ കൈകൾ,
മണ്ണിന്റെ പിടി വിടുന്നു നമ്മുടെ കാലടികൾ,
പിറവികൾ തന്നാരംഭത്തിൽ വിളംബരപ്പെട്ടതീ യാത്ര,
അന്നേ സ്വപ്നത്തിൽ വെളിപ്പെട്ടതും.

മാലാഖമാർ വന്നു ക്ഷണിക്കുന്നു നമ്മെ,
സ്വപ്നമല്ലിതെന്നു നാം സ്വപ്നവും കാണുന്നു.

 

 

link to cecilia meireles

മാനുവൽ ബന്ദയ്‌ര-കാപ്പിക്കടയിൽ ഒരു നിമിഷം

image

ശവഘോഷയാത്ര കടന്നുപോയപ്പോൾ
കാപ്പിക്കടയിലിരുന്നവർ
തൊപ്പിയെടുത്തു പിടിച്ചു,
ഹാ, എത്ര യാന്ത്രികമായിരുന്നു അത്‌,
ചടങ്ങു കഴിക്കുംപോലെ, അശ്രദ്ധമായും,
മരിച്ചയാൾക്കൊരഭിവാദ്യം.
അവരെല്ലാം ജീവിതത്തിലേക്കു മുഖം തിരിച്ചവരായിരുന്നല്ലോ,
അവർ ജീവിതത്തിൽ മുങ്ങിത്താണവരായിരുന്നല്ലോ,
അവർ ജീവിതത്തെ താങ്ങിനില്‍ക്കുന്നവരായിരുന്നല്ലോ.
അവരിലൊരാൾ പക്ഷേ,
ദീർഘവും സാവധാനവുമായ ഒരു ചേഷ്ടയോടെ
തന്റെ തൊപ്പിയൂരിമാറ്റി
ശവമഞ്ചത്തെ ഉറ്റുനോക്കി നിന്നു.
ഈയാൾക്കറിയാമായിരുന്നു,
നിഷ്ഠുരവും ലക്ഷ്യമില്ലാത്തതുമായ ഒരു കലാപമാണു ജീവിതമെന്ന്,
ഒരു വഞ്ചനയാണു ജീവിതമെന്ന്,
മരണപ്പെട്ട ആത്മാവിൽ നിന്നു നിത്യമുക്തി നേടി
ഉടല്‍  കടന്നുപോകുമ്പോൾ
ആദരാഞ്ജലികളർപ്പിക്കുകയായിരുന്നു അയാൾ.


wiki link to Manuel Bandeira
link to image

ജോർജ്‌ സ്റ്റീനർ-കവിതകൾ

image 

മഴയത്ത്‌
________

തെരുവിൽ ആളുകൾ തിരക്കിലാണ്‌,
തെരുവിൽ മഴ പെയ്യുകയാണ്‌,
മഴ പെയ്യുമ്പോൾ ആളുകൾ തിരക്കിലുമാണ്‌.
വീട്ടിൽ ആളുകൾക്കു വേണ്ടുവോളം സമയമുണ്ട്‌,
വീട്ടിലിരിക്കാൻ സുഖമാണ്‌,
മഴ പെയ്യുമ്പോൾ ആളുകൾക്കു സമയവുമുണ്ട്‌.
വീട്ടിലിരിക്കുന്ന ആളുകൾ
തെരുവിലെ ആളുകളെ നിരീക്ഷിക്കുന്നു.
മഴ പെയ്യുകയാണ്‌.

ജീവിതപരിപാടി
_______________

ആളുകൾക്കാഗ്രഹം സുഖജീവിതം നയിക്കാൻ,
ടീവീ കാണാൻ, കാറോടിക്കാൻ,
നഗരത്തിനു പുറത്ത്‌ ഒരു വീടു വാങ്ങാൻ.
ആളുകൾക്കാഗ്രഹം അന്യരെ സഹായിക്കാൻ,
തെരുവു മുറിച്ചുകടക്കാൻ കണ്ണുകാണാത്തൊരാളെ
സഹായിക്കാൻ.
ആളുകൾക്കാഗ്രഹം
അന്യർ തങ്ങളെക്കുറിച്ചു നല്ലതു പറഞ്ഞുകേൾക്കാൻ.
അവർക്കാഗ്രഹം വേദനകളൊന്നുമില്ലാതെ
ഏറെക്കാലം ജീവിക്കാൻ,
പിന്നെ അവർക്കാഗ്രഹമുണ്ട്‌
മരിക്കും മുമ്പ്‌ ഒരൽപം അമരത്വം കിട്ടിയാൽക്കൊള്ളാമെന്നും.


നാളെ അവർ പുറപ്പെടുകയാണ്‌ 
____________________________
സൂര്യനിലേക്കല്ല അവർ പുറപ്പെടുന്നത്‌,
അവർ പോകുന്നതു ചന്ദ്രനിലേക്കത്രെ.
എന്താണവർ ചന്ദ്രനിലേക്കു പോകുന്നത്‌?
സൂര്യനു കീഴിൽ പുതുതായിട്ടൊന്നുമില്ല എന്നതിനാൽ.
ചന്ദ്രനിലേക്കാണവർ പോകുന്നതെങ്കിൽ
സൂര്യനിലേക്കവർ പോകുന്നുമില്ല.
ചന്ദ്രനിൽ നിന്നവർ മടങ്ങിവരുന്നില്ലെങ്കിൽ
സൂര്യനു കീഴിൽ പുതുതായെന്തെങ്കിലും നടക്കുകയും ചെയ്യും.
നാളെയവർ പുറപ്പെടുകയാണ്‌.
(1965)

link to image

Monday, May 10, 2010

നെരൂദ-സോപ്പിന്‌

image


ഒരു സോപ്പുകട്ട
മുഖത്തേക്കടുപ്പിക്കുമ്പോൾ
അതിന്റെ ബലത്ത സൗരഭ്യം
ഉന്മത്തനാക്കുന്നെന്നെ:
എവിടെ നിന്നു
വരുന്നു നീ,
പരിമളമേ?
എവിടെ,
നിന്റെ സ്വദേശം?
എന്റെ മച്ചുനനയച്ചതോ
നിന്നെ?
തണുത്ത വട്ടകയിലെ
വിണ്ട കൈകളിൽ നിന്നോ,
ആ കൈകളലക്കിയ
തുണികളിൽ നിന്നോ?
ഞാനത്രയുമോർമ്മിക്കുന്ന
ലൈലാക്കുകളിൽ നിന്നോ
നീ വന്നു?
മറിയപ്പെണ്ണിന്റെ
കണ്ണുകളിൽ നിന്നോ?
ഒരു ചില്ലയിൽ പിടിച്ചുനിൽക്കുന്ന
പച്ചപ്ലംപഴങ്ങളിൽ നിന്നോ?
കളി നടക്കുന്ന മൈതാനത്തു നിന്നോ,
വിറ കൊള്ളുന്ന അരളിമരങ്ങൾക്കടിയിലെ
കാക്കക്കുളിയിൽ നിന്നോ?
പൊന്തകൾക്കുള്ള സുഗന്ധമോ
നിന്റെ സുഗന്ധം?
മധുരിക്കുന്ന പ്രണയത്തിന്റേതോ,
പിറന്നാൾകേക്കിന്റേതോ?
ഇനിയഥവാ,
തകർന്ന ഹൃദയം പോലെ
മണക്കുമോ നീ?
എന്നും പുലർച്ചയ്ക്കെന്റെ മൂക്കിലേക്ക്‌
എന്തിതു കൊണ്ടുവരുന്നു നീ,
സോപ്പേ?
പിന്നെയല്ലോ ഞാൻ കുളി കഴിക്കുന്നതും,
ചരക്കുകൾ പേറിക്കൂനിയ മനുഷ്യർക്കിടയിലൂടെ
തെരുവിലേക്കു കടക്കുന്നതും.
ഏതു വിദൂരദേശത്തിന്റെ
മണമിത്‌?
ഏതടിപ്പാവാടകളുടെ പൂക്കൾ?
മലനാട്ടുപെണ്ണുങ്ങളുടെ തേൻമണം?
അല്ല, ഒരു പലവ്യഞ്ജനക്കടയുടെ
പാതി മറന്ന മണമോ?
ഒരു കൃഷിക്കാരന്റെ കൈകളിലെ
പരുക്കൻ കച്ചയുടെ മണം,
ശർക്കരപ്പാനിയുടെ
കൊഴുത്ത മധുരം,
ചുവന്ന മിന്നൽപ്പിണരു പോലെ,
ചുവന്നൊരമ്പു പോലെ
അമ്മായിയുടെ മേശവലിപ്പിൽ ശയിക്കുന്ന
ലവംഗപുഷ്പം?
നിന്റെ തീക്ഷ്ണസൗരഭ്യം
ഞാൻ മണക്കുന്നതു
പീടികയിൽ,
ക്ഷൗരക്കടയിലെ കൊളോണിൽ,
വെടിപ്പുറ്റ നാട്ടിൻപുറങ്ങളിൽ,
തെളിവുറ്റ നീറ്റിൽ?
ഇതാണു നീ സോപ്പേ:
കലർപ്പറ്റ ആനന്ദം,
കുളിത്തൊട്ടിയുടെ അടിത്തട്ടിലേക്കു
വഴുതിമുങ്ങുന്ന
ക്ഷണികസൗരഭം.

 

 

link to image

നെരൂദ-നാരങ്ങയ്ക്ക്‌

 

image

നിലാവടർത്തിവിട്ട
പൂക്കളിൽ നിന്ന്,
നിഷ്ഫലപ്രണയത്തിന്റെ
പരിമളത്തിൽ നിന്ന്,
ഒരു നാരകമരത്തിൽ നി-
ന്നൊഴുകിവീണു
മണത്തിൽ മുങ്ങിയൊരു
മഞ്ഞപ്പ്‌,
ഒരു സൗരയൂഥത്തിൽ-
ന്നുരുണ്ടുവീണു
നാരങ്ങകൾ.

മൃദുലമായ അങ്ങാടിച്ചരക്ക്‌!
നമ്മുടെ തുറമുഖങ്ങളിൽ
അതു വന്നു നിറഞ്ഞു,
നമ്മുടെ അങ്ങാടികളിൽ
വെളിച്ചം നിറഞ്ഞു,
ഒരു മരത്തിന്റെ
പൊന്നു തിളങ്ങി.
ഒരത്ഭുതത്തിന്റെ
രണ്ടു പകുതികൾ
നാം തുറന്നു,
ഒരു നക്ഷത്രത്തി-
ന്നർദ്ധഗോളങ്ങളിൽ നി-
ന്നിറ്റുവീണു
ഉറകൂടിയ അമ്ലം,
ഈ പ്രകൃതിയിലെ
തീക്ഷ്ണമദിര,
പകരമില്ലാത്തത്‌,
ജീവസ്സുറ്റത്‌,
സാന്ദ്രമായത്‌,
ഒരു നാരങ്ങയുടെ
പുതുമയിൽ നിന്ന്,
വാസനിക്കുന്നൊ-
രാലയത്തിൽ നിന്ന്,
അതിന്റെ അമ്ലത്തിൽ നിന്ന്,
നിഗൂഢമായ ചേരുവയിൽ നി-
ന്നതു പിറന്നുവീണു.

കത്തികൾ
നാരങ്ങയിൽ
വാർന്നെടുക്കുന്നു
ഒരു കുഞ്ഞുഭദ്രാസനപ്പള്ളി,
അൾത്താരകൾക്കു പിന്നിൽ മറഞ്ഞ
ജാലകങ്ങൾ
വെളിച്ചത്തിലേക്കു തുറക്കുന്നു
അമ്ലത്തിന്റെ വർണ്ണച്ചില്ലുകൾ,
അൾത്താരകളിൽ
കുളിരിന്റെ തച്ചിറ്റുന്നു
പുഷ്യരാഗത്തിന്റെ തുള്ളികൾ.

അങ്ങനെ,
മുറിച്ച നാരങ്ങയുടെ ഒരർദ്ധഗോളം
കിണ്ണത്തിനു മേൽ പിടിച്ചു പിഴിയുമ്പോൾ
നിങ്ങൾ ചൊരിയുന്നു
ഒരു പൊന്നിൻപ്രപഞ്ചം,
നിങ്ങൾ പകരുന്നു
അത്ഭുതങ്ങളുടെ മഞ്ഞക്കോപ്പ,
നിങ്ങൾ പിഴിഞ്ഞെടുക്കുന്നു
മണ്ണിന്റെ മണക്കുന്ന മുലക്കണ്ണ്‌,
കനിയായ ഒരു വെയിൽനാളം,
ഒരു ഗ്രഹത്തിന്റെ സൂക്ഷ്മാഗ്നി.

നെരൂദ-ക്രിയ

image
ഞാനീ വാക്കിനെ ചുളിയ്ക്കാൻ പോകുന്നു,
ഞാനിതിനെ പിണയ്ക്കാൻ പോകുന്നു,
അതെ,
ഇതേറെ മിനുസമായത്,
ഒരു കൂറ്റന്‍ നായയുടെ, വൻപുഴയുടെ
നാവോ നീരോ
ഏറെയാണ്ടതിനെ നക്കിത്തോര്‍ത്തിയ മാതിരി.

എനിക്കു വേണം
വാക്കിൽ
ഇരുമ്പുപ്പിന്റെ
കാഠിന്യം,
മണ്ണിന്റെ വിഷപ്പല്ലു പറിച്ച ഊറ്റം,
മിണ്ടിയവരുടെ, മിണ്ടാത്തവരുടെ
ചോരയും.

എനിക്കു കാണണം
അക്ഷരങ്ങൾക്കുള്ളിലെ ദാഹം,
എനിക്കു സ്പർശിക്കണം
ശബ്ദത്തിലഗ്നിയെ:
എനിക്കറിയണം
നിലവിളിയുടെ ഇരുട്ടും.
കന്നിശിലകൾ പോലെ
പരുക്കനാവണം
വാക്കുകളെനിക്ക്‌.


link to image

Sunday, May 9, 2010

നെരൂദ - കുഞ്ഞിനെ കുളിപ്പിക്കൽ

 


ഈ ഭൂമിയിലെ ഏറ്റവും പ്രാക്തനമായ സ്നേഹം
കുഞ്ഞുങ്ങളുടെ കോലത്തെ
കഴുകിയെടുക്കുന്നു
കോതിയൊരുക്കുന്നു.
കാലടികളുടെയും മുട്ടുകളുടെയും വളവുതീർക്കുന്നു;
ജലമുയരുന്നു, സോപ്പു വഴുതിമാറുന്നു.
ആദിമശുദ്ധി പൂണ്ട ശരീരം വെളിവാകുന്നു.
പൂക്കളുടെയും അമ്മയുടെയും സുഗന്ധം പുരണ്ട
വായു ശ്വസിക്കുന്നു.

നിശിതമായ ജാഗ്രത
മാധുര്യമൂറുന്ന മൽപ്പിടുത്തം!

ഇപ്പോൾ അവന്റെ തലമുടി
കട്ടപിടിച്ച തോലു പോലെയാണ്‌;
അതിൽ അറുക്കപ്പൊടിയും, എണ്ണയും
പുകയറയും, കമ്പികളും, ഞണ്ടുകളും
കൂടിപ്പിണഞ്ഞുകിടക്കുന്നു.
ഒടുവിൽ സ്നേഹം ക്ഷമാപൂർവ്വം
ക്ഷമാപൂർവ്വം
തൊട്ടികളും ചകിരിയുമൊരുക്കുന്നു,
ചീപ്പും തോർത്തുമെടുക്കുന്നു;
തേയ്പ്പും കോതലും പുരാതനസംശയങ്ങളും
സുഗന്ധതൈലവും കഴിഞ്ഞ്‌
കുഞ്ഞ്‌ പുറത്തുവരുന്നു,
ഇനിയതിന്‌ ഇതിനെക്കാൾ വെടിപ്പാകാനില്ല.
അമ്മയുടെ കൈകളിൽ നിന്നു കുതറിയോടി
അതു വീണ്ടും തന്റെ ചുഴലിക്കാറ്റിലേ-
ക്കള്ളിപ്പിടിച്ചുകയറുന്നു,
ചെളിയും എണ്ണയും മൂത്രവും മഷിയും
തേടിയോടുന്നു,
കല്ലുകളിൽ തടഞ്ഞുവീണു മുറിവേൽക്കാൻ പോകുന്നു.
അങ്ങനെ,
കുളിപ്പിച്ചെടുത്ത കുഞ്ഞ്‌ ജീവിതത്തിലേക്കു കുതിക്കുന്നു.
കാരണം പിന്നീടതിന്‌
വൃത്തിയായിട്ടിരിക്കാനേ നേരം കാണൂ,
പിന്നീടതിനു പക്ഷേ ജീവനുമുണ്ടാവില്ല.

Saturday, May 8, 2010

നെരൂദ-പൂച്ചയ്ക്കൊരു വാഴ്ത്ത്

011
എല്ലാ മൃഗങ്ങൾക്കുമുണ്ടായിരുന്നു
എന്തോ ഒന്നിന്റെ കുറവ്‌:
വാലിനു നീളം പോരാ,
തലയോ, ഒരു ദുരന്തവും.
കേടു തീർന്നതു പിൽക്കാലം,
പതിയെപ്പതിയെ,
പുള്ളികൾ, വടിവും ചിറകും നേടി
ഒരു ദേശമായിട്ടവ ഒരുമിച്ചുകൂടി.

പക്ഷേ പൂച്ച,
പൂച്ചയൊരാൾ മാത്രം
പിറവിയിലേ പരിപൂർണ്ണൻ,
അഭിമാനിയും.
തന്നിൽത്തന്നെ ഒതുങ്ങിയവൻ,
തനിയ്ക്കു വേണ്ടതെന്തെന്നും അവനറിയാം.

മനുഷ്യനൊരാശയുണ്ട്‌ മീനോ കോഴിയോ ആവാൻ,
ചിറകുകൾ കിട്ടിയിരുന്നെങ്കിലെന്ന് പാമ്പുകൾക്കുമുണ്ട്‌,
പിശകിപ്പോയ സിംഹങ്ങളത്രെ നായ്ക്കൾ.
എഞ്ചിനീയർമാർക്കു കവികളാവണം,
ഈച്ചകൾ ശരപ്പക്ഷിയ്ക്കു പഠിക്കുന്നു,
കവികൾ ഈച്ചകളാവാനും പാടുപെടുന്നു.

പൂച്ചയ്ക്കു പക്ഷേ
പൂച്ചയായാൽ മതി,
ഏതു പൂച്ചയും കലർപ്പില്ലാത്തൊരു പൂച്ച,
മീശരോമം മുതൽ വാലു വരെ,
മണത്ത എലി മുതൽ പിടിച്ച എലി വരെ,
രാത്രി മുതൽ അവന്റെ പൊന്നിൻകണ്ണുകൾ വരെ.
മറ്റൊന്നിനുമില്ല
പൂച്ചയെപ്പോലൊരു പൊരുത്തം:
പൂക്കൾക്കുമില്ല ചന്ദ്രനുമില്ല
ഇങ്ങനെയൊരു നിറവ്‌;
സൂര്യൻ പോലെ, പുഷ്യരാഗം പോലെ
ഒന്നായ ഒന്ന്.
വഴങ്ങുന്ന പുറവടിവോ,
ഒരു പായ്ക്കപ്പലിന്റെ അണിയം പോലെ,
ഉറച്ചതും നേർത്തതും.
പൂച്ചയുടെ മഞ്ഞക്കണ്ണുകൾ
രാത്രിയുടെ നാണയങ്ങളിടാൻ പാകത്തിൽ
ഒരു വിടവ്‌.

ഹേ, രാജ്യമില്ലാത്ത ചക്രവർത്തീ,
നാടില്ലാത്ത ജേതാവേ,
സ്വീകരണമുറിയിലെ കുഞ്ഞുവ്യാഘ്രമേ,
പുരപ്പുറങ്ങളിലെ ശൃംഗാരസ്വര്‍ഗത്തെ മണവാളസുൽത്താനേ,

പതുപതുത്ത നാലു ചുവടുകൾ തറയിൽ തൊടുവിച്ച്‌,
മണപ്പിച്ചും, സംശയത്തോടെ വീക്ഷിച്ചും
(പൂച്ചയുടെ നിർമ്മലപാദത്തിനു
മലിനപ്പെട്ടതാണല്ലോ
മണ്ണിലുള്ള സകലതും)
നീ നിൽക്കുമ്പോൾ
നിനക്കു വേണം
വായുവിൽ പ്രണയത്തിന്റെ സ്പർശം.

അഴിച്ചുവിട്ട വീട്ടുമൃഗമേ,
ധാർഷ്ട്യമാർന്ന രാത്രിയുടെ
അവശിഷ്ടമേ,
അലസൻ, മെയ്‌വഴക്കമുറ്റവൻ, അന്യൻ,
ആഴമറിയാത്ത പൂച്ചേ,
മനുഷ്യന്റെ മുറികളിലെ
രഹസ്യപ്പോലീസേ,
നഷ്ടമായൊരു സൂര്യപടത്തിന്റെ
പതക്കമേ!
ഒരു നിഗൂഢതയുമില്ല
നിന്റെ നടപ്പിലും മട്ടിലുമെന്നാവാം,
നീയൊരു സമസ്യയേയല്ലെന്നുമാവാം.
ഏവർക്കുമറിയാം നിന്നെ,
ഒരു രഹസ്യവുമില്ലാത്തൊരന്തേവാസി നീ.

എല്ലാവരും കരുതുന്നു
താനൊരു പൂച്ചയുടെ യജമാനനാണെന്ന്,
ഉടമസ്ഥനോ, അമ്മാവനോ,
കൂട്ടാളിയോ ആണെന്ന്,
ഏതോ ഒരു പൂച്ചയുടെ
സഹപ്രവർത്തകനോ,
ശിഷ്യനോ, ചങ്ങാതിയോ ആണെന്ന്.
അവരിൽപ്പക്ഷേ ഞാനില്ല.
പൂച്ചകളുടെ നേരെനിക്കറിയില്ല.
മറ്റെല്ലാമെനിക്കറിയാം,
ജീവിതവും അതിന്റെ വൻകരയും,
കടലുകളും, പ്രവചനങ്ങൾ തെറ്റിക്കുന്ന നഗരങ്ങളും,
സസ്യശാസ്ത്രം,
അന്തഃപുരവും അതിനുള്ളിലെ ഉന്മാദങ്ങളും,
ഗണിതത്തിലെ കൂട്ടലും കിഴിക്കലും.
എനിക്കറിയാം
ലാവയൊഴുകുന്ന ഭൂമിയുടെ സിരകൾ,
മുതലയുടെ മായത്തൊലി,
തീയണയ്ക്കുന്നവന്റെ കണ്ണിൽപ്പെടാത്ത കാരുണ്യം,
പുരോഹിതന്റെ നീലിച്ച ബീജഗുണവും.
പക്ഷേ
പൂച്ചകളുടെ പൊരുൾ തിരിയുന്നില്ലെനിക്ക്‌.
എന്റെ യുക്തി
അവരുടെ ഉദാസീനതയിൽ തട്ടി തെന്നിപ്പോകുന്നു.
അവരുടെ കണ്ണുകളിലുണ്ട്‌ പൊന്നിന്റെ അക്കങ്ങൾ.

Friday, May 7, 2010

ഒക്റ്റേവിയോ പാസ്‌-കവിതകൾ

 

image

ചിത്രശലഭം *

കാറുകൾക്കിടയിലൂടെ ഒരു ചിത്രശലഭം പറന്നുപോയി.
മാരീ ഹോസേ എന്നോടു പറഞ്ഞു:
അതു ഷുവാങ്ങ്‌-ത്‌സു ആയിരിക്കണം,
ആൾ ന്യൂയോർക്കിലേക്കു പോവുകയാവണം.
ചിത്രശലഭത്തിനു പക്ഷേ അറിയില്ലായിരുന്നു,
ഷുവാങ്ങ്‌-ത്‌സുവാണു താനെന്നു സ്വപ്നം കാണുന്ന
ചിത്രശലഭമാണോ താൻ അതോ,
ചിത്രശലഭമാണു താനെന്നു സ്വപ്നം കാണുന്ന
ഷുവാങ്ങ്‌-ത്‌സുവാണോ താനെന്ന്.
ചിതശലഭത്തിനു സന്ദേഹങ്ങളേയില്ല.
അതു പറന്നകന്നു.

 

രണ്ടുടലുകൾ

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു തിരകൾ പോലെ
രാത്രി ഒരു പെരുംകടലും.

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു കല്ലുകൾ പോലെ
രാത്രി ഒരു മണൽക്കാടും.

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ വേരുകൾ പോലെ
രാത്രിയിലവ കെട്ടുപിണയുന്നു.

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു കത്തികൾ പോലെ
ഒരു മിന്നൽപ്പിണരാണു രാത്രി.

മുഖത്തോടുമുഖം രണ്ടുടലുകൾ
രണ്ടു നക്ഷത്രങ്ങൾ പോലെയാണവ
ഒഴിഞ്ഞ മാനത്തേക്കു പതിക്കുന്നവ.

 

സ്പർശം

എന്റെ കൈകൾ
നിന്റെ സത്തയുടെ പടുതകൾ തുറക്കുന്നു
മറ്റൊരു നഗ്നത നിന്നെയുടുപ്പിക്കുന്നു
നിന്റെയുടലിന്റെയുടലുകൾ വെളിവാക്കുന്നു
എന്റെ കൈകൾ
നിന്റെയുടലിൽ നിന്നു മറ്റൊരുടൽ സൃഷ്ടിക്കുന്നു.

 

* ചൈനീസ്‌ ദാർശനികനായ ഷുവാങ്ങ്‌-ത്‌സു താനൊരു ചിത്രശലഭമായെന്ന് ഒരിക്കൽ സ്വപ്നം കണ്ടു. ഉണർന്നപ്പോൾ അദ്ദേഹത്തിനു സംശയമായി, ചിത്രശലഭത്തെ സ്വപ്നം കണ്ട ഷുവാങ്ങ്‌-ത്‌സുവാണോ താൻ അതോ, ചിത്രശലഭം തന്നെ സ്വപ്നം കാണുകയാണോയെന്ന്.

 

 

image from wikimedia

പെഡ്രോ സാലിനാസ്‌-പ്രണയത്തെക്കുറിച്ച്‌

image

ജീവിക്കാനെനിക്കു വേണ്ട
ദ്വീപുകൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങളും.
എന്തൊരാനന്ദമെന്നോ,
സർവ്വനാമങ്ങളിൽ ജീവിക്കാൻ!

മേലുടുപ്പുകളിൽ നിന്നു മുക്തയാവുക നീ,
നിനക്കു വേണ്ട ചിഹ്നങ്ങൾ, മേലെഴുത്തുകളും;
മറ്റൊരാളായി വേഷമെടുത്തവൾ,
എന്നെന്നും മറ്റൊന്നിന്റെ സന്തതി:
ആ വിധമല്ലല്ലോ നിന്നെ ഞാൻ പ്രണയിക്കുന്നു.
എനിക്കു വേണ്ടവൾ ശുദ്ധ, മുക്ത,
വഴങ്ങാത്തവൾ: നീ.

ഈ ലോകത്തിലെ മനുഷ്യർക്കിടയിൽ
നിന്നെ ഞാൻ വിളിക്കുമ്പോൾ
എനിക്കറിയാം, നീയൊരാളേ നീയാവൂ.
വിളിക്കുന്നതാരെന്നു നീയെന്നോടു ചോദിക്കുന്നു,
'നിന്നെ തനിക്കു വേണമെന്നു കരുതുന്നൊരുവൻ.'
പേരുകൾ ഞാൻ കുഴിച്ചുമൂടും,
മേലെഴുത്തുകളും ചരിത്രവും,
പിറക്കും മുമ്പേ എനിക്കുമേൽ വലിച്ചെറിഞ്ഞ സർവ്വതും
തല്ലിപ്പൊട്ടിച്ചു പോകും ഞാൻ.
നഗ്നതയുടെ പേരില്ലാത്ത നിത്യതയിലേക്കു
മടങ്ങിപ്പോകും ഞാൻ,
കല്ലിൽ നിന്ന്, ലോകത്തിൽ നിന്ന്
നിന്നോടു പറയും ഞാൻ:
'ഇതു ഞാൻ. എനിക്കിഷ്ടം നിന്നെ.'

 

wiki link to pedro salinas

Thursday, May 6, 2010

റഫേൽ ആൽബെർട്ടി-ഗാനം

image

 

എന്നൊച്ചയടയുന്നതു കരയില്‍ വച്ചെങ്കില്‍
കടലിലേക്കെടുക്കുകയതിനെ
കടപ്പുറത്തു വിട്ടുപോവുകയതിനെ.

കടലിലേക്കെടുക്കുകയതിനെ
ഒരു വെള്ളപ്പടക്കപ്പലിന്റെ
കപ്പിത്താനാക്കുകയതിനെ.

ഒരു നാവികന്റെ പതക്കം നൽകി
ബഹുമാനിക്കുകയതിനെ.
അതിന്റെ ഹൃദയത്തിന്മേൽ ഒരു നങ്കൂരം,
നങ്കൂരത്തിൽ ഒരു നക്ഷത്രം,
നക്ഷത്രത്തിൽ ഒരു കടൽക്കാറ്റ്‌,
കടൽക്കാറ്റിൽ ഒരു കപ്പൽപ്പായയും.

 

wiki link to Rafael Alberti

നെരൂദ-കിടക്കയ്ക്ക്‌

image

കിടക്കയിൽ നിന്നു
കിടക്കയിലേക്കത്രേ
ഈ യാത്ര,
നമ്മുടെ ജീവിതയാത്ര.
കൈക്കുഞ്ഞ്‌, മുറിപ്പെട്ടവൻ,
മരണാസന്നൻ,
കാമുകൻ, കിനാവു കാണുന്നവൻ,
ഏവരും
കിടക്കയിൽ നിന്നു വരുന്നു,
കിടക്കയിലേക്കു പോകുന്നു,
നമ്മൾ വരുന്നതും പോകുന്നതും
ഈ തീവണ്ടിയിൽ, ഈ കപ്പലിൽ,
എല്ലാ ജീവിതങ്ങളും നടക്കുന്നത്‌
ഈ നദിയിൽ,
ഇതിൽത്തന്നെ
എല്ലാ മരണങ്ങളും.
ഭൂമിയൊരു കിടക്ക,
പ്രണയമതിനെ അലങ്കരിക്കുന്നു,
ചോര കറ പറ്റിയ്ക്കുന്നു,
സെപ്തംബറിന്റെയുടലും
അതിന്റെ തെളിമയും കാട്ടി
മാനത്തിന്റെ വിരികളുണങ്ങുന്നു,
അഗാധതയുടെ ഹരിതകടാഹത്തിന്റെ
പ്രഹരമേറ്റ്‌
ഇരുണ്ടുവെളുത്ത തുണികളിളക്കി
കടലു കേഴുന്നു.

കടലേ,
ഭയാനകമായ കിടക്കേ,
ജീവിതത്തിന്റെ, മരണത്തിന്റെ,
പ്രചണ്ഡവാതത്തിന്റെ, തൂവാനത്തിന്റെ
നിരന്തരചലനമേ,
നിന്നിലുറങ്ങുന്നു
മീനും രാവും
തിമിംഗലങ്ങളും.
കെട്ടടങ്ങുന്ന ഉൽക്കകളുടെ
സ്വർഗ്ഗീയഭസ്മം വന്നുവീഴുന്നതും
നിന്നിൽത്തന്നെ,
നിന്നിലുറങ്ങിക്കിടക്കുന്നവരുമായി
നീ തുടിയ്ക്കുന്നു,
സ്വപ്നങ്ങളൊടുങ്ങാത്ത മണവറക്കിടക്ക
നീ പണിതെടുക്കുന്നു,
തട്ടിത്തകർക്കുന്നു.

പൊടുന്നനേയൊരിടിമിന്നൽ പാളുന്നു,
അതിനുണ്ട്‌ രണ്ടു തൊട്ടാവാടിക്കണ്ണുകൾ,
ദന്തമോ, ആപ്പിളോ വച്ചൊരു നാസിക;
അതു നമുക്കു കാട്ടിത്തരുന്നു
ലില്ലിപ്പൂക്കളുടെ തെളിമയാർന്ന
പതാകകൾ പോലെ
പതുപതുത്ത പുതപ്പുകൾ,
അതിന്റെയാശ്ലേഷത്തിലേക്കു നാം
നൂണ്ടുകടക്കുന്നു.
പിന്നെ
തുരുമ്പിച്ച കൈകളും
ക്ലാവു പിടിച്ച നാവുമായി
മരണം   
നമ്മുടെ കിടക്കയിലേക്കു കയറുന്നു
നീണ്ട പാത  പോലെ നീണ്ടൊരു വിരലു ചൂണ്ടി
അവൻ നമുക്കൊരു തീരം കാട്ടിത്തരുന്നു,
നമ്മുടെ ഒടുക്കത്തെ നോവുകളിലേക്കുള്ള കവാടം.

painting by Lautrec

Wednesday, May 5, 2010

നെരൂദ-മേശയ്ക്ക്‌

image

നാലു കാലുള്ളൊരു മേശ മേൽ
എന്റെ ഗീതങ്ങളിൽ
പണിയെടുക്കുന്നു ഞാൻ,
അപ്പവും വീഞ്ഞും,
കിനാക്കളുടെ കറുത്ത നൗക,
പൊരിച്ച മാംസവും
നിരത്തി വയ്ക്കുന്നു ഞാൻ,
കത്രികകൾ, കപ്പുകൾ, ആണികൾ,
പൂക്കളും ചുറ്റികകളും
ഞാനടുക്കി വയ്ക്കുന്നു .

നമ്മുടെ കിനാക്കളെ,
ജീവിതത്തെയും,
താങ്ങിനിർത്തുന്നു
വിശ്വസ്ഥനായ ഒരു മേശ,
ബലിഷ്ഠനായ ഈ നാൽക്കാലി.

മുന്തിരിക്കുലകൾ പേറുന്ന
ഐതിഹാസികയാനമത്രെ
പണക്കാരന്റെ മിന്നുന്ന മേശ,
അതിഭക്ഷണത്തിന്റെ മേശയോ,
ഗോത്തിക്‌ കൊഞ്ചുകൾ നിറഞ്ഞുകവിഞ്ഞ്‌
പകിട്ടേറിയതും.
ഇതാ, ഒറ്റയ്ക്കൊരു മേശ,
വേനൽക്കാലത്ത്‌,
എന്റെ അമ്മായിയുടെ മുറിയിൽ;
പടുതകൾ വലിച്ചുതാഴ്ത്തിയിരിക്കുന്നു,
ഇരുളടഞ്ഞ മേശപ്പുറത്തെ
പ്ലം പഴങ്ങളുടെ സുതാര്യശാന്തിയെ വരവേൽക്കുന്നു
ഗ്രീഷ്മസൂര്യന്റെ
ഒരേയൊരു നിശിതരശ്മി.

അതാ, ഒരകലമേശ,
ആ പാവം മേശ മേലവർ
കൊരുത്തെടുക്കുകയാണ്‌
മരണപ്പെട്ട ഖനിത്തൊഴിലാളിയ്ക്കായി
ഒരു പുഷ്പചക്രം,
അതിൽ നിന്നുയരുന്നുണ്ട്‌
അയാൾ തട്ടിമാറ്റിയ അന്ത്യവേദനയുടെ
തണുത്ത മണം.
അരികെയുണ്ടിനിയൊരു മേശ,
നിഴലടച്ച കിടപ്പറയിൽ
പ്രണയത്തിന്റെ തീനാളങ്ങൾ
അതു കൊളുത്തുന്നു,
വിറക്കൊണ്ടു കിടക്കുന്നവിടെ
ഒരു സ്ത്രീയുടെ കൈയുറ,
അഗ്നിയുടെ ഓട്ടി പോലെ.

ലോകമൊരു മേശ,
അതിനെ വലയം ചെയ്യുന്നു
തേനും പുകയും,
അതിനെ മൂടിപ്പൊതിയുന്നു
ആപ്പിളുകൾ, ചോരയും:
വിരുന്നോ മരണമോ കാത്ത്‌
മേശപ്പുറമൊരുക്കിയിരിക്കുന്നു,
വിളി കേൾക്കുമ്പോൾ
എന്തിനെന്നും നമുക്കറിയാം:
നമ്മെ വിളിയ്ക്കുന്നത്‌
യുദ്ധത്തിനോ, അത്താഴത്തിനോയെന്ന്,
ഒരു മണി നാം തിരഞ്ഞെടുക്കുകയും വേണം,
നീണ്ട മേശയ്ക്കരികിലിരിക്കാൻ
ഉചിതമായ വേഷമേതെന്ന്
ഈ നിമിഷം നാമറിയണം:
വെറുപ്പിന്റെ ട്രൗസറോ,
ഇസ്തിരിച്ചൂടു മാറാത്ത സ്നേഹത്തിന്റെ ഷർട്ടോ;
അതുപക്ഷേ ഉടനേ വേണം,
അവർ നമ്മെ വിളിക്കുകയാണ്‌,
ആൺകുട്ടികൾ, പെൺകുട്ടികൾ നമ്മളെ
മേശയ്ക്കരികിലേക്കു വിളിക്കുകയാണ്‌!

 

 

 

Painting- Paul Cezanne

Tuesday, May 4, 2010

നെരൂദ-വസ്തുക്കൾക്ക്‌

image

വസ്തുക്കളെ
പ്രേമിക്കുന്നു ഞാ-
ത്രയ്ക്കു ഭ്രാന്തമായി,
എനിക്കിഷ്ടം
ചവണകളെ,
കത്രികയെ,
ഞാൻ പൂജിക്കുന്നു
കപ്പുകളെ,
ഇരുമ്പുവളയങ്ങളെ,
സൂപ്പുപാത്രങ്ങളെ,
തൊപ്പിയുടെ കാര്യം
പിന്നെ പറയണോ.

ഞാൻ സ്നേഹിക്കുന്നു
സർവ്വതിനെയും,
ഉന്നതങ്ങളെയെന്നല്ല,
അത്രയ്ക്കു നിസ്സാരങ്ങളെയും,
വിരലുറകളെ,
കുതിമുള്ളുകളെ,
തളികകളെ,
പൂപ്പാത്രങ്ങളെയും.

ആണയിട്ടു പറയുന്നു ഞാൻ,
ഈ ഗ്രഹം
സുന്ദരമത്രെ,
അതിൽ നിറയുന്നു
കോട്ടിയ കൈകളിലെ ഹൂക്കകൾ,
ചാവികൾ,
ഉപ്പുഭരണികൾ,
മനുഷ്യൻ
കൈവേല ചെയ്ത സകലതും,
ചെരുപ്പിന്റെ വളവ്‌,
നൂലിന്റെ ഇഴയോട്ടം,
പൊന്നിന്റെ
ചോര പുരളാത്ത പുതുപ്പിറവി,
കണ്ണടകൾ,
നഖങ്ങൾ,
ചൂലുകൾ,
ഘടികാരങ്ങൾ,
വടക്കുനോക്കിയന്ത്രങ്ങൾ,
നാണയങ്ങൾ,
കസേരകളുടെ
മിനുസമാർന്ന മിനുസങ്ങൾ.

ഹാ,വിശുദ്ധിയാർന്ന വസ്തുക്കളെ
എത്ര സൃഷ്ടിച്ചിരിക്കുന്നു
മനുഷ്യൻ,
കമ്പിളിയിൽ,
മരത്തിൽ,
ചില്ലിൽ,
നൂലിഴയിൽ,
അതിശയപ്പെട്ട
കസേരകൾ,
കപ്പലുകൾ, കോണികൾ,
എല്ലാറ്റിനെയും
എനിക്കു പ്രേമം,
അവയുടെ തീക്ഷ്ണതയാലല്ല,
വാസനയാലല്ല,
എനിക്കറിയില്ല എന്നതിനാൽ,
നിന്റേതാണീ
പെരുംകടലെന്നതിനാൽ,
എന്റേതുമാണെന്നതിനാൽ,
ബട്ടണുകൾ,
ചക്രങ്ങൾ,
മറവിയിൽപ്പെട്ട
കുഞ്ഞുനിധികൾ,
തൂവലുകളിൽ
പ്രണയത്തിന്റെ മണം മറഞ്ഞ
വിശറികൾ,
ഗ്ലാസ്സുകൾ, കത്തികൾ,
കത്രികകൾ,
സർവ്വതിന്റെയും
പിടികളിലുണ്ട്‌,
ഓരങ്ങളിലുമുണ്ട്‌,
അത്രയ്ക്കും മറന്ന
മറവിയിൽപ്പെട്ട
ഒരു വിദൂരഹസ്തത്തിന്റെ
വിരൽപ്പാടുകൾ.

വീടുകൾ
കടന്നുപോകുന്നു ഞാൻ,
തെരുവുകളും,
ലിഫ്റ്റുകളും,
രഹസ്യമായി കൊതിക്കുന്ന
വസ്തുക്കളെ
തൊട്ടുനോക്കിയും
ഒളിഞ്ഞു നോക്കിയും:
മണിയടിക്കുന്നതിനാലൊന്നിനെ,
ഒരരക്കെട്ടു പോൽ മിനുസപ്പെട്ടതിനാൽ
മറ്റൊന്നിനെ,
ആഴക്കയത്തിന്റെ നിറമാർന്നതിനാൽ
ഇനിയൊന്നിന്നെ,
പട്ടുപോൽ തുടുത്തതിനാൽ വേറൊന്നിനെ.

ഹാ,
വസ്തുക്കളുടെ
തടുക്കരുതാത്ത പെരുമ്പുഴ,
ഞാൻ സ്നേഹിച്ചതു
മത്സ്യങ്ങളെ,
കാട്ടിലെ സസ്യങ്ങളെ,
പുൽപ്പരപ്പിനെ മാത്രമെ-
ന്നാരും പറയരുതേ,
ചാടുന്നതിനെ, കയറുന്നതിനെ,
അതിജീവിക്കുന്നതിനെ,
നിശ്വാസമുതിർക്കുന്നതിനെ
മാത്രമല്ല ഞാൻ സ്നേഹിച്ചു,
അതല്ല നേര്‌,
പലതുമെന്നോടെല്ലാം
പറഞ്ഞു.
അവയെന്നെ തൊട്ടുവെന്നു തന്നെയല്ല,
എന്റെ കൈ
അവയെ തൊട്ടുവെന്നു തന്നെയുമല്ല,
എന്റെ ജീവിതത്തിന്നവ
അകമ്പടി വന്നതീ വിധം:
എന്നോടൊത്തു പുലർന്നവ,
അത്രയ്ക്കും ജീവനുള്ളവയായിരുന്നവ,
എന്റെ പാതിജീവിതം കൊണ്ടു ജീവിച്ചവ,
എന്റെ പാതിമരണം കൊണ്ടു മരിക്കുമവ.

Sunday, May 2, 2010

നെരൂദ-കത്രികയക്ക്‌

അതിശയപ്പെട്ട കത്രികേ,
(കിളിയും
മീനും പോലെ)
ശൂരന്മാരുടെ കവചം പോലെ
വെള്ളി മിനുങ്ങുന്നു നീ.

നീണ്ടുകുടിലമായ
രണ്ടു കത്തികളിൽ നിന്ന്,
പിരിയാതെ വേട്ട,
തമ്മിൽക്കൊരുത്ത
രണ്ടരുവികളിൽ നിന്ന്
വെട്ടുന്നൊരു ജന്തു
ഉണ്ടായിവന്നു,
കാറ്റു പിടിച്ച തുണിപ്പായകളിൽ
നീന്തുന്ന മീൻ,
ക്ഷൗരക്കടകളിൽ
പറന്നുനടക്കുന്ന പക്ഷി.

കത്രികയ്ക്കു മണം
തുന്നൽക്കാരി അമ്മായിയുടെ,
കട്ടെടുത്ത ചുംബനങ്ങളുടെ
പ്ലം പഴങ്ങളുടെ കഥകൾ
അയൽക്കാരികളോടു വിസ്തരിക്കുമ്പോൾ
നിന്റെ വെള്ളാരംകണ്ണിനൊരു കണ്ണുണ്ട്‌
ഞങ്ങളുടെ ഞെരുങ്ങിയ ബാല്യങ്ങളിൽ.

ആ വീട്ടിൽ,
ആ കൂട്ടിൽ
ഞങ്ങളുടെ ജീവിതത്തിലേക്കു
കടന്നുവന്നു കത്രികകൾ;
അതിൽപ്പിന്നെ
എത്ര തുണികൾ
മുറിച്ചുതള്ളി
കത്രികകൾ,
മന്ത്രകോടികൾ, ശവക്കോടികൾ,
കുഞ്ഞുടുപ്പുകൾ, ആശുപത്രിവിരികൾ,
പാറമേൽ തഴയ്ക്കുന്ന ചെടി പോലെ
പണിക്കാരുടെ മുരത്ത തലമുടി,
ചോരയും തീയും
പിൽക്കാലം തുള വീഴ്ത്തുന്ന,
കറ പറ്റിയ്ക്കുന്ന
പതാകകൾ,
മഞ്ഞുകാലത്തെ മുന്തിരിക്കൊടികൾ,
ഫോണിലൂടെത്തുന്ന
സംസാരത്തിന്നിഴ.

മറവിയിൽപ്പെട്ട
ഏതോ കത്രിക
നിങ്ങളുടെ പൊക്കിൾക്കൊടി മുറിച്ചു,
വേറിട്ടൊരസ്തിത്വം
നിങ്ങൾക്കു നൽകി,
മറ്റൊന്നൊരുനാൾ,
മറ്റൊരു കത്രിക,
സ്വബോധത്തോടെയാവണമെന്നുമില്ല,
നിങ്ങളുടെ ശവക്കച്ചയും മുറിയ്ക്കും.

എങ്ങും നടക്കുന്നു
കത്രികകൾ,
ദുഃഖവും സന്തോഷവും മുറിച്ചുതള്ളി
ലോകസഞ്ചാരം നടത്തുന്നവ.
എന്തും തുണിയായിരുന്നു
കത്രികകൾക്ക്‌:
തുന്നൽക്കാരുടെ പോത്തൻകത്രികകൾ,
പായ്ക്കപ്പൽ പോലെ വെളുവെളുത്ത്‌,
അമ്പിളിക്കലകൾ പോലത്തെ
നഖങ്ങൾ മുറിയ്ക്കുന്ന
മെലിഞ്ഞ കത്രികകൾ:
നിങ്ങളുടെ കുടലിലെ
മുഴയോ,
അസ്ഥാനത്തൊരു കെട്ടോ
മുറിച്ചുമാറ്റുന്ന സർജ്ജന്റെ
അന്തർവ്വാഹിനിക്കത്രിക.



ഇവിടെവച്ചു ഞാൻ
യുക്തിയുടെ കത്രികയാൽ
എന്റെ ഗീതത്തെ വെട്ടിച്ചുരുക്കുന്നു,
അതു ചുരുണ്ടുകൂടരുതല്ലോ,
നീണ്ടുപോകരുതല്ലോ,
വേണ്ടപ്പോളെടുക്കാനായി
മടങ്ങിയൊതുങ്ങി
നിങ്ങളുടെ കീശയിൽ കിടക്കണമല്ലോ അത്‌,
ഒരു കത്രിക പോലെ.