അരുമപ്പാമ്പേ, എന്തിനാണു നീ ഇത്ര ദൂരെപ്പോയിക്കിടക്കുന്നത്, അടുത്തുവരൂ, ഇനിയുമടുത്തുവരൂ, മതി, അത്ര മതി, അവിടെക്കിടക്കൂ. നിനക്കുമില്ലല്ലോ അതിരുകളെന്നു പറയാനൊന്നും. അതിരുകളെ മതിക്കാത്തവനാണു നീയെങ്കിൽ എങ്ങിനെ ഞാൻ നിന്റെ മേൽ കോയ്മ നേടും? കഠിനമായി പണിയെടുക്കേണ്ടിവരും അതിന്. നിന്നോടു ചുരുണ്ടുകിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ചുരുണ്ടുകിടന്നാട്ടെ, ഞാൻ പറയുകയാണ്, നീ നിവർന്നുകിടക്കുകയും ചെയ്യുന്നു. ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ലേ? ഞാൻ പറയുന്നതു നിനക്കു മനസ്സിലാവുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതു വളരെ വ്യക്തമായിരുന്നല്ലോ: ചുരുണ്ടു കിടക്കൂ! ഇല്ല, നിനക്കതു പിടി കിട്ടിയിട്ടില്ല. അതെങ്ങനെയെന്ന് ഈ വടി കൊണ്ട് ഞാൻ നിനക്കു കാണിച്ചുതരാം. ആദ്യമായി നീ വലിയൊരു വൃത്തം ചമയ്ക്കണം, പിന്നെ അതിനുള്ളിൽ അതിനോടു ചേർന്നുതന്നെ രണ്ടാമതൊന്ന്, അങ്ങനെപോകട്ടെ. ഒടുവിൽ നിന്റെ കുഞ്ഞുതല അപ്പോഴും എടുത്തുപിടിച്ചിരിക്കുകയാണെങ്കിൽ ഞാനന്റെ മകുടിയിൽ വായിക്കുന്ന ഈണത്തിനൊപ്പിച്ച് അതു പതിയെ താഴ്ത്തിക്കൊണ്ടുവരൂ; ഞാൻ നിർത്തുമ്പോൾ നീയുമടങ്ങും, നിന്റെ തല ഏറ്റവുമുള്ളിലെ വൃത്തത്തിലുമായിരിക്കും.
(from the blue octavo notebooks by kafka)
1 comment:
നന്നായി.
വിവർത്തനം.
വരികൾ മുറിച്ച്
പാരഗ്രാഫ് തിരിച്ച്
എഴുതിയിരുന്നെങ്കിൽ
ഒന്നൂടെ ആസ്വാദ്യമായേനെ.
Post a Comment