Thursday, May 20, 2010

കാഫ്ക-കൈകളുടെ മൽപ്പിടുത്തം

image0
എന്റെ രണ്ടു കൈകൾ തമ്മിൽ ഒരു മൽപ്പിടുത്തം തുടങ്ങി. അവർ ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം വലിച്ചടച്ചിട്ട് തങ്ങൾക്കൊരു തടസ്സമാകാതിരിക്കാൻ വേണ്ടി അതു തള്ളിമാറ്റി. എനിക്കൊരു സലാം തന്നിട്ട് എന്നെ അവർ റഫറിയായും നിയമിച്ചു. അടുത്ത നിമിഷം വിരലുകൾ തമ്മിൽ കോർത്തുകഴിഞ്ഞു അവർ; ആരാണു കൂടുതൽ ഞെരുക്കുന്നതെന്നതിനനുസരിച്ച് മേശയുടെ ഇടത്തേക്കും വലത്തേക്കും പായുകയാണവർ. കണ്ണെടുക്കാതെ അവരെത്തന്നെ നോക്കിയിരിക്കുകയാണു ഞാൻ. എന്റെ കൈകളാണിവരെങ്കിൽ എന്റെ മാധ്യസ്ഥവും നിഷ്പക്ഷമായിരിക്കണമല്ലോ. അതല്ലെങ്കിൽ തെറ്റായൊരു തീരുമാനത്തിന്റെ വ്യഥകൾ പേറേണ്ടിവരും ഞാൻ. പക്ഷേ അത്ര എളുപ്പമുള്ളതല്ല എന്റെ കർത്തവ്യം. കൈപ്പടങ്ങൾക്കിടയിലെ ഇരുട്ടത്ത് പലതരം പിടുത്തങ്ങൾ നടക്കുമെന്നതിനാൽ അതൊന്നും എന്റെ ശ്രദ്ധയിൽപ്പെടാതെ പോകരുത്; ഞാൻ അതിനാൽ മേശപ്പുറത്തു താടിയുറപ്പിച്ചുവച്ചിരിക്കുകയാണ്‌; ഇനിമേൽ യാതൊന്നും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇക്കാലമത്രയും വലതുകൈയിനോട് പ്രത്യേകിച്ചൊരു മമത ഞാൻ കാണിച്ചിരുന്നു; എന്നുവച്ച് ഇടതുകൈയിനോട് എനിക്കെന്തെങ്കിലും വിദ്വേഷമുണ്ടായിരുന്നുവെന്നല്ല. ഇടതുകൈ ഒരു സൂചന നൽകിയാൽ മതിയായിരുന്നു, ഹിതാനുവർത്തിയും നീതിമാനുമായ ഞാൻ ആ ദുഷ്ചെയ്തിക്ക് അപ്പോഴേ വിരാമമിട്ടേനേ. അതു പക്ഷേ പരാതി പറയാൻ വന്നതേയില്ല; അതെന്നിൽ നിന്നു തൂങ്ങിക്കിടക്കുകയേ ചെയ്തുള്ളു; ഉദാഹരണത്തിന്‌ തെരുവിൽ വച്ച് എന്റെ വലതുകൈ തൊപ്പിയുയർത്തുമ്പോൾ എന്റെ തുടമേൽ കാതരമായി തപ്പിത്തടയുകയാവും ഇടതുകൈ. ഇപ്പോൾ ഈ നടക്കുന്ന യുദ്ധത്തിനു യുക്തമായ ഒരു സന്നാഹം കൂട്ടലായിരുന്നില്ലല്ലോ അത്. ഇനിയെത്രനേരമെന്റെ ഇടതുകൈത്തണ്ടേ, ശക്തനായ ഈ വലതുകൈയുടെ ഊറ്റത്തെ ചെറുത്തുനില്ക്കും നീ? മറ്റഞ്ചു വിരലുകളുടെ കൂട്ടിപ്പിടുത്തത്തിൽ തളർന്നുപോകില്ലേ സ്ത്രൈണമായ നിന്റെ വിരൽ? ഇതൊരു മൽപ്പിടുത്തമാണെന്നും എനിക്കിപ്പോൾ തോന്നുന്നില്ല; ഇടതുകൈയുടെ സ്വാഭാവികാന്ത്യമാണു നടക്കാൻ പോകുന്നത്. മേശയുടെ ഇടതറ്റത്തേക്കു തള്ളിമാറ്റിക്കഴിഞ്ഞിരിക്കുന്നു അതിനെ; ഒരെഞ്ചിന്റെ പിസ്റ്റൺ പോലെ അതിനെ തുടരെത്തുടരെ പ്രഹരിക്കുകയാണ്‌ വലതുകൈ. ഈ യാതന കണ്മുന്നിൽ കാണേണ്ടിവന്ന എനിക്ക്, ഇവർ എന്റെതന്നെ കൈകളാണെന്നും, ഒന്നു കുടഞ്ഞാൽ അവരെ തമ്മിൽ പിരിക്കാമെന്നതേയുള്ളുവെന്നും, അങ്ങനെ ഈ തമ്മിലടിയ്ക്കും കഷ്ടപ്പാടിനും അറുതി വരുത്താവുന്നതേയുള്ളുവെന്നുമുള്ള ഒരു ചിന്ത മനസ്സിൽ വന്നില്ലായിരുന്നുവെങ്കിൽ- സമയത്തുതകുന്നൊരാശയം എനിക്കപ്പോൾ തോന്നിയില്ലായിരുന്നുവെങ്കിൽ, മണിബന്ധത്തിൽ വച്ചു പൊട്ടിത്തകർന്ന ഇടതുകൈ മേശയ്ക്കു താഴെപ്പോയി വീണേനേ; താൻ വിജയിയായി എന്ന അറിവിനാൽ ലക്കു കെട്ട വലതുകൈ ദത്തശ്രദ്ധമായി നോക്കിയിരിക്കുന്ന എന്റെ മുഖത്തേക്ക് അഞ്ചു തലയുള്ള സെർബറസിനെപ്പോലെ ചാടിവീഴുകയും ചെയ്തേനെ. അതിനു പകരം പക്ഷേ, ഒരാൾക്കു മേൽ മറ്റൊരാളായി കിടക്കുകയാണ്‌ ഇരുവരുമിപ്പോൾ; വലതുകൈ ഇടതുകൈയുടെ പുറം തലോടുകയാണ്‌; നീതിമാനല്ലാത്ത റഫറി ഞാനോ, അതിനെ അഭിനന്ദിച്ചു തലയാട്ടുകയും.
*

സെർബറസ്- ഗ്രീക്കുപുരാണത്തിലെ അഞ്ചു തലകളുള്ള വേട്ടനായ; പാതാളത്തിന്റെ കവാടം കാക്കുന്നു.

(from the blue octavo notebooks by kafka)
(sketch by kafka)

1 comment:

പട്ടേപ്പാടം റാംജി said...

"അതു പക്ഷേ പരാതി പറയാൻ വന്നതേയില്ല; അതെന്നിൽ നിന്നു തൂങ്ങിക്കിടക്കുകയേ ചെയ്തുള്ളു;"

ഒന്ന്‌ കുടഞ്ഞാല്‍ തീരാവുന്ന പ്രശ്നം വലുതാക്കി.
നന്നായി മാഷെ.