നാലു കാലുള്ളൊരു മേശ മേൽ
എന്റെ ഗീതങ്ങളിൽ
പണിയെടുക്കുന്നു ഞാൻ,
അപ്പവും വീഞ്ഞും,
കിനാക്കളുടെ കറുത്ത നൗക,
പൊരിച്ച മാംസവും
നിരത്തി വയ്ക്കുന്നു ഞാൻ,
കത്രികകൾ, കപ്പുകൾ, ആണികൾ,
പൂക്കളും ചുറ്റികകളും
ഞാനടുക്കി വയ്ക്കുന്നു .
നമ്മുടെ കിനാക്കളെ,
ജീവിതത്തെയും,
താങ്ങിനിർത്തുന്നു
വിശ്വസ്ഥനായ ഒരു മേശ,
ബലിഷ്ഠനായ ഈ നാൽക്കാലി.
മുന്തിരിക്കുലകൾ പേറുന്ന
ഐതിഹാസികയാനമത്രെ
പണക്കാരന്റെ മിന്നുന്ന മേശ,
അതിഭക്ഷണത്തിന്റെ മേശയോ,
ഗോത്തിക് കൊഞ്ചുകൾ നിറഞ്ഞുകവിഞ്ഞ്
പകിട്ടേറിയതും.
ഇതാ, ഒറ്റയ്ക്കൊരു മേശ,
വേനൽക്കാലത്ത്,
എന്റെ അമ്മായിയുടെ മുറിയിൽ;
പടുതകൾ വലിച്ചുതാഴ്ത്തിയിരിക്കുന്നു,
ഇരുളടഞ്ഞ മേശപ്പുറത്തെ
പ്ലം പഴങ്ങളുടെ സുതാര്യശാന്തിയെ വരവേൽക്കുന്നു
ഗ്രീഷ്മസൂര്യന്റെ
ഒരേയൊരു നിശിതരശ്മി.
അതാ, ഒരകലമേശ,
ആ പാവം മേശ മേലവർ
കൊരുത്തെടുക്കുകയാണ്
മരണപ്പെട്ട ഖനിത്തൊഴിലാളിയ്ക്കായി
ഒരു പുഷ്പചക്രം,
അതിൽ നിന്നുയരുന്നുണ്ട്
അയാൾ തട്ടിമാറ്റിയ അന്ത്യവേദനയുടെ
തണുത്ത മണം.
അരികെയുണ്ടിനിയൊരു മേശ,
നിഴലടച്ച കിടപ്പറയിൽ
പ്രണയത്തിന്റെ തീനാളങ്ങൾ
അതു കൊളുത്തുന്നു,
വിറക്കൊണ്ടു കിടക്കുന്നവിടെ
ഒരു സ്ത്രീയുടെ കൈയുറ,
അഗ്നിയുടെ ഓട്ടി പോലെ.
ലോകമൊരു മേശ,
അതിനെ വലയം ചെയ്യുന്നു
തേനും പുകയും,
അതിനെ മൂടിപ്പൊതിയുന്നു
ആപ്പിളുകൾ, ചോരയും:
വിരുന്നോ മരണമോ കാത്ത്
മേശപ്പുറമൊരുക്കിയിരിക്കുന്നു,
വിളി കേൾക്കുമ്പോൾ
എന്തിനെന്നും നമുക്കറിയാം:
നമ്മെ വിളിയ്ക്കുന്നത്
യുദ്ധത്തിനോ, അത്താഴത്തിനോയെന്ന്,
ഒരു മണി നാം തിരഞ്ഞെടുക്കുകയും വേണം,
നീണ്ട മേശയ്ക്കരികിലിരിക്കാൻ
ഉചിതമായ വേഷമേതെന്ന്
ഈ നിമിഷം നാമറിയണം:
വെറുപ്പിന്റെ ട്രൗസറോ,
ഇസ്തിരിച്ചൂടു മാറാത്ത സ്നേഹത്തിന്റെ ഷർട്ടോ;
അതുപക്ഷേ ഉടനേ വേണം,
അവർ നമ്മെ വിളിക്കുകയാണ്,
ആൺകുട്ടികൾ, പെൺകുട്ടികൾ നമ്മളെ
മേശയ്ക്കരികിലേക്കു വിളിക്കുകയാണ്!
2 comments:
നമ്മുടെ കിനാക്കളെ,
ജീവിതത്തെയും,
താങ്ങിനിർത്തുന്നു
വിളി കേൾക്കുമ്പോൾ
എന്തിനെന്നും നമുക്കറിയാം:
നമ്മെ വിളിയ്ക്കുന്നത്
Post a Comment