പകൽനിറമായ വീഞ്ഞേ,
രാത്രിനിറമായ വീഞ്ഞേ,
മാന്തളിർച്ചുവടുള്ള വീഞ്ഞേ,
പുഷ്യരാഗരക്തമുള്ള വീഞ്ഞേ,
ഭൂമിയുടെ
നക്ഷത്രക്കുഞ്ഞേ,
പൊന്നിന്റെ വാളു പോലെ
മിനുസമായോളേ,
മദാലസമായ വില്ലീസു പോലെ
പതുപതുത്തോളേ,
വീഞ്ഞേ,
കടൽശംഖു പോലെ ചുഴിഞ്ഞോളേ,
അതിശയങ്ങൾ നിറഞ്ഞോളേ,
പ്രണയലോലേ,
കടൽപ്പിറപ്പേ;
ഒരു കോപ്പയിൽ
നിറഞ്ഞ നാളുണ്ടോ നീ?
ഒരു പാട്ടു പോരാ, ഒരാണു പോരാ
നിന്നെ നിറച്ചെടുക്കാൻ,
നീയൊരു സംഘഗാനം, സംഘജീവി,
പങ്കിട്ടെടുക്കേണ്ടോൾ നീ.
ചിലനേരം
നീ മുതിർക്കുന്നു
മരണത്തിന്നോർമ്മകളിൽ;
മഞ്ഞുറഞ്ഞ ശവമാടങ്ങൾ വെട്ടിമുറിക്കുന്നോളേ,
ശവകുടീരത്തിൽ നിന്നു ശവകുടീരത്തിലേക്ക്
ഞങ്ങളെക്കൊണ്ടുപോകുന്നു
നിന്റെ തിരകൾ,
ഞങ്ങളൊഴുക്കുന്നു
വന്നപോലെ പോകുന്ന കണ്ണീരും;
മഹിമയേറിയ
നിന്റെ വസന്തകാല വേഷം
വേറൊരുതരം,
ചോരയിരച്ചുകയറുന്നു കൂമ്പുകളിലൂടെ,
വീഞ്ഞുത്തേജിപ്പിക്കുന്നു പകലിനെ,
അക്ഷയമായ നിന്റെയാത്മാവിൽ
ശേഷിക്കുന്നില്ല യാതൊന്നും.
വീഞ്ഞുണർത്തുന്നു
വസന്തത്തെ,
മണ്ണിൽ ചെടി പോലെ പൊട്ടിമുളയ്ക്കുന്നു
ആനന്ദം,
ചുമരുകൾ തകരുന്നു,
പാറക്കെട്ടുകൾ വീഴുന്നു,
കൊക്കകൾ നികരുന്നു,
ഒരു പാട്ടും പിറക്കുന്നു.
ഒരു മദ്യകുംഭം, ഏകാന്തത്തിൽ
നീയെന്നരികിൽ-
പണ്ടൊരു കവി പാടി.
പ്രണയത്തിന്റെ ചുംബനത്തിനൊപ്പം
തന്റെ ചുംബനവും ചേർക്കട്ടെ ഈ വീഞ്ഞുപാത്രം.
എന്റെ പ്രിയേ,
നിന്നരക്കെട്ടിന്റെ വടിവു പൊടുന്നനേ
മദ്യചഷകത്തിന്റെ തുളുമ്പുന്ന വിളുമ്പാകുന്നല്ലോ,
നിന്റെ മാറിടമൊരു മുന്തിരിക്കുല,
മുന്തിരികൾ നിന്റെ മുലക്കണ്ണുകൾ,
നിന്റെ മുടി തിളക്കുന്നു
ലഹരിയുടെ വെട്ടം,
നിന്നുദരത്തിന്റെ പാത്രത്തിൽപ്പതിപ്പിച്ച
നൈർമ്മല്യത്തിന്റെ മുദ്രയല്ലോ നാഭിച്ചുഴി,
ഒഴിയാത്ത വീഞ്ഞിന്റെ നീർച്ചാട്ടം
നിന്റെ പ്രണയം,
എന്നിന്ദ്രിയങ്ങളെ ദീപ്തമാക്കുന്ന വെളിച്ചം,
ഭൂമിയിലെ ജീവിതത്തിന്റെ പകിട്ടുകൾ.
എന്നാൽ പ്രണയത്തിലും കവിഞ്ഞവൾ നീ,
കത്തുന്ന ചുംബനമേ,
അഗ്നിയുടെ ഹൃദയമേ,
ജീവിതമെന്ന വീഞ്ഞിലും കവിഞ്ഞവൾ;
നീ
മനുഷ്യരുടെ ഒരുമ,
തെളിമ,
അച്ചടക്കത്തിന്റെ സംഘഗാനം,
പൂക്കളുടെ സമൃദ്ധി.
നമ്മൾ സംസാരിച്ചിരിക്കുമ്പോൾ
എനിക്കിഷ്ടം മേശപ്പുറത്ത്
ഒരു കുപ്പി വീഞ്ഞിന്റെ ധൈഷണികവെളിച്ചം.
ഇതു കുടിയ്ക്കൂ,
പിന്നെയിതോർമ്മ വയ്ക്കൂ,
ഓരോ സ്വർണ്ണത്തുള്ളിയിറക്കുമ്പോഴും,
ഓരോ പുഷ്യരാഗക്കോപ്പ നിറയ്ക്കുമ്പോഴും,
ഓരോ ചെമ്പിച്ച കരണ്ടി കോരുമ്പോഴും
ഇതോർമ്മ വയ്ക്കൂ,
പാത്രത്തിൽ വീഞ്ഞു നിറയ്ക്കാൻ
എത്ര പണിപ്പെട്ടൂ ശരൽക്കാലമെന്ന്;
തന്റെ ജീവിതവൃത്തിയുടെ ചടങ്ങിനിടയിൽ
മനുഷ്യൻ,സാമാന്യൻ മറക്കാതിരിക്കട്ടെ,
മണ്ണിനെ, തന്റെ കർത്തവ്യത്തെ ഓർക്കാൻ,
വീഞ്ഞിന്റെ സങ്കീർത്തനം പാടിനടക്കാൻ.
ചിത്രം-ബാക്കസ്-കരാവാഗിയോ
2 comments:
വഴിതെറ്റിക്കുന്നൊരു വീഞ്ഞേ
ഈ വീഞ് ശരിക്കും എന്നെ ഉന്‍മത്തനാക്കുന്നു...
Post a Comment