Wednesday, November 30, 2011

നെരൂദ - അയാളുടെ മറുപടി, ചില ഗുണകാംക്ഷികൾക്ക്


അയാളുടെ മറുപടി, ചില ഗുണകാംക്ഷികൾക്ക്


ഒരിക്കലവരെന്നോടു ചോദിച്ചു,
എന്തേ എന്റെ എഴുത്തിത്ര ദുർഗ്രഹമാവാനെന്ന്.
അതവർക്കു രാത്രിയോടു ചോദിക്കാം,
അയിരിനോടോ വേരിനോടോ ചോദിക്കാം.
എന്തു പറയണമെന്നെനിക്കറിവുണ്ടായിരുന്നില്ല,
പിന്നെ, ചിലകാലം കഴിഞ്ഞതിൽപ്പിന്നെ,
തലയ്ക്കു തുമ്പുകെട്ട രണ്ടുപേർ എന്നെ വന്നാക്രമിച്ചു-
ഞാനെഴുതുന്നതു സരളമാണത്രെ.
ഒഴുകുന്ന പുഴയിലുണ്ടതിനു മറുപടി.
ഞാനെന്റെ വഴിയ്ക്കും പോയി, ഓടിയും പാടിയും.



അയാൾ തന്റെ യാതനകളെ കെട്ടുകെട്ടിയ്ക്കുന്നു

ഏതൊരാൾക്കു കിട്ടിയിരിയ്ക്കുന്നു,
ഞാനറിഞ്ഞത്രയുമാനന്ദം,
(എന്റെ ചോരയിലൊഴുകുകയാണത്)
എന്റെ പ്രകൃതമെന്ന
സഫലവും വിഫലവുമായ മിശ്രണം?
ഒഴുകുന്ന വൻപുഴയായിരുന്നു ഞാൻ,
മുഴങ്ങുന്ന മുരത്ത ശിലകളുമായി,
തെളിഞ്ഞ രാവൊച്ചകളുമായി,
ഇരുണ്ട പകൽപ്പാട്ടുകളുമായി.
ആർക്കു ഞാനിത്രയും കൊടുത്തിട്ടുപോകാൻ,
അത്രയധികവും, ഇത്ര കുറവും,
ലക്ഷ്യമെന്നതില്ലാത്ത ആനന്ദം,
കടൽക്കരെ ഒറ്റയാനൊരു കുതിര,
കാറ്റു നെയ്യുന്നൊരു തറി?


(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)


നെരൂദ - പകൽവെളിച്ചം, രാത്രിയുടെ ചാവിയുമായി

File:Ernst Ludwig Kirchner - Davoser Cafe - 1928.jpg


രാവിലെ ഒമ്പതു മണി,
ആകെത്തെളിഞ്ഞ പകൽ,
നീലയും വെള്ളയും വരകൾ,
അലക്കിത്തേച്ച കുപ്പായം പോലെ വെടിപ്പായത്.

മറവിയിൽപ്പെട്ട തടിച്ചീളുകൾ,
കുഞ്ഞിപ്പായലുകൾ,
പ്രാണികളുടെ കുഞ്ഞിക്കാലുകൾ,
അലയുന്ന കിളിത്തൂവലുകൾ,
പൈൻമരം കൊഴിയ്ക്കുന്ന സൂചിയിലകൾ,
ഒക്കെയും തിളങ്ങുന്നു, അതാതിന്റെ വഴിയ്ക്ക്.
ലോകത്തിനു വാസന, ഒരു നക്ഷത്രത്തിന്റെ.

പിന്നെയിതാ, പോസ്റ്റുമാനെത്തുന്നു,
ഘോരമായ കത്തുകളും തുപ്പി,
നാം പണമൊടുക്കേണ്ട കത്തുകൾ,
പരുഷമായ കടങ്ങൾ നമ്മെയോർമ്മിപ്പിക്കുന്നവ,
ഒരു മരണമോ, ഒരു സ്നേഹിതന്റെ ജയിൽവാസമോ
വിളിച്ചറിയിക്കുന്ന കത്തുകൾ,
വലയും കെട്ടി കാത്തിരിക്കുന്നൊരാൾ
തന്റെ ഏർപ്പാടുകളിൽ നമ്മെ കുടുക്കുകയും ചെയ്യുന്നു.
പിന്നെ പത്രം വരവായി,
മരണം പോലെ കറുപ്പിലും വെളുപ്പിലും,
വാർത്തകളൊക്കെ കരയുന്നവ,
ലോകത്തിന്റെയും കരച്ചിലിന്റെയും ഭൂപടം!
ഓരോ രാത്രിയും നനയുന്ന,
ഓരോ പകലുമെരിയുന്ന പത്രം,
യുദ്ധങ്ങളും ദുഃഖങ്ങളുമായി.
വിഷണ്ണമായ ഭൂമിശാസ്ത്രം!
ഉടഞ്ഞ സായാഹ്നം ചുളുങ്ങിക്കൂടുന്നു,
പീറക്കടലാസ്സു പോലെ തെരുവുകളിൽ പറന്നുനടക്കുന്നു,
തെരുവുനായ്ക്കളതിന്മേൽ മൂത്രമൊഴിയ്ക്കുന്നു,
തൂപ്പുകാരതിനെ നായാടിപ്പിടിയ്ക്കുന്നു,
ഘോരമായൊരു രുചിയതിന്മേൽ ചേർക്കുന്നു,
കോഴിക്കുടലുകൾ, കാഷ്ഠങ്ങൾ,
ആരുടേതെന്നറിയാത്ത ചില ചെരുപ്പുകൾ;
പ്രായം ചെന്ന പകൽ ഒരു കിഴി പോലെ-
അഴുക്കു പിടിച്ച കടലാസ്സും, ഉടഞ്ഞ ചില്ലുകളും;
പിന്നെയതു വലിച്ചെറിയപ്പെടുന്നു,
ചേരികളിലതുറങ്ങിക്കിടക്കുന്നു.

കൂടിപ്പിണഞ്ഞ നക്ഷത്രങ്ങളുടെ ചഷകവുമായി
പിന്നെ രാത്രിയെത്തുന്നു,
മനുഷ്യർ സ്വപ്നങ്ങളിൽ മുങ്ങിത്താഴുന്നു,
സ്വപ്നം തന്റെ നിലവറയിലവരെയടയ്ക്കുന്നു,
ലോകം പിന്നെയും കഴുകിത്തെളിയുന്നു.
ചന്ദ്രൻ മടങ്ങിയെത്തുന്നു,
രാത്രി കൈയുറകൾ കുടയുന്നു,
വേരുകൾ വേല തുടങ്ങുന്നു.

മറ്റൊരു പകൽ പിറക്കുന്നു.


link to image


Tuesday, November 29, 2011

നെരൂദ - ഒടുവിലയാൾ തന്റെ കാമുകിയിലേക്കു തിരിയുന്നു...



മാറ്റിൽഡേ ഉറൂഷ്യാ, നിനക്കു ഞാനിവിടെ വിട്ടുപോകുന്നു,
എനിക്കുണ്ടായിരുന്നതൊക്കെയും,
എനിക്കില്ലാതിരുന്നതൊക്കെയും,
ഞാനായതൊക്കെയും, ഞാനല്ലാത്തതൊക്കെയും.
കരച്ചിൽ മാറാത്ത കുഞ്ഞാണെന്റെ പ്രണയം,
അവനു മടി നിന്റെ കൈകൾ വിട്ടുപോകാൻ,
അവനെ ഞാൻ നിന്നെയേല്പ്പിക്കുന്നു-
ഞാൻ വരിച്ചവൾ നീ.


ഞാൻ വരിച്ചവൾ നീ,
തെക്കൻനാട്ടിലെ മെലിഞ്ഞ മരങ്ങളെക്കാൾ
തെന്നലുകൾ മയപ്പെടുത്തിയവൾ,
ആഗസ്റ്റുമാസത്തിലെ ഹെയ്സൽമരം;
ഒരു കൂറ്റൻപലഹാരക്കടയെക്കാൾ രുചികരം,
എനിക്കു നീ.
നിന്റേതു മണ്ണിന്റെ ഹൃദയം,
സ്വർഗ്ഗീയം പക്ഷേ, നിന്റെ കൈകൾ.


ചുവന്നവൾ, എരിക്കുന്നവൾ നീ,
വെളുത്തവൾ,
ഉള്ളിയച്ചാറിട്ടപോലുപ്പു ചുവയ്ക്കുന്നവളെനിയ്ക്കു നീ.
ഓരോ മനുഷ്യസ്വരവുമൊത്തു
ചിരിയ്ക്കുന്ന പിയാനോ നീ;
സംഗീതമെന്റെ മേലൊഴുകുന്നു,
നിന്റെ കണ്ണിമകളിൽ നിന്ന്,
നിന്റെ മുടിയിഴകളിൽ നിന്നും.
നിന്റെ പൊൻനിഴലിലസം ഞാൻ കിടക്കുന്നു,
നിന്റെ കാതുകളെന്നെ മായത്തിൽപ്പിടിയ്ക്കുന്നു,
കടലിനടിയിലൊരു പവിഴപ്പുറ്റിൽക്കണ്ടേൻ
പണ്ടേ ഞാനവയെയെന്നപോലെ.
നിന്റെ നഖങ്ങൾക്കു വേണ്ടിയല്ലോ,
കടലിൽ കിടിലൻമീനുകളെ ഞാൻ നേർത്തതും.


തെക്കില്‍ നിന്ന് തെക്കിലേക്കു പരക്കുന്നു നിന്റെ കണ്ണുകൾ,
കിഴക്കുപടിഞ്ഞാറു നീളുന്നു നിന്റെ മന്ദഹാസം;
കണ്ണിൽപ്പെടുന്നതേയില്ല നിന്റെ കാലടികൾ,
നിന്റെ മുടിയിലുദയമാകാൻ സൂര്യനും ഹിതം.
എന്നെപ്പോലെ നിന്റെയുടലിനും മുഖത്തിനുമുത്ഭവം
പരുക്കൻ നാടുകളിൽ,
തോരാമഴയുടെ ചടങ്ങുകളിൽ,
പ്രാക്തനദേശങ്ങളിൽ, രക്തസാക്ഷികളിൽ.
ചോരക്കറ മാറാത്ത നിന്റെ കളിമണ്ണിൽ
ഇന്നും പാടുന്നു ബയോ-ബയോ,
കാട്ടിൽ നിന്നു നീ കൊണ്ടുപോന്നു
അതിന്റെ നിഗൂഢഗന്ധമോരോന്നും,
നിന്റെ മുഖം തിളങ്ങുന്നു
കാണാതായൊരമ്പു പോലെ,
പഴയൊരു പതക്കം പോലെ.
പ്രണയം കൊണ്ടുമുറവുകൾ കൊണ്ടും
എന്നെ നീ മൂടുന്നു,
നിന്റെ ചുണ്ടുകളെന്നെയോർമ്മിപ്പിയ്ക്കുന്നു,
പ്രാചീനമായ ഉല്പത്തികള്‍,
മറ്റേതോ കാലത്തെ കാട്ടിൻ നടുവിലെ സമാഗമങ്ങള്‍,
പരമ്പരകളുടെ ഇരുണ്ട ചെണ്ടകള്‍.
പൊടുന്നനേ ഞാൻ കേട്ടു,
ആരോയെന്നെ പേരെടുത്തു വിളിയ്ക്കുന്നു,
അതകലെയായിരുന്നു, അതവ്യക്തമായിരുന്നു.
ഒരു പ്രാക്തനവനത്തിലേക്കു ഞാനടുത്തുചെന്നു,
നിന്റെ വായിലെന്റെ ചോര ഞാൻ തൊട്ടു,
എന്റെ പ്രിയേ, എന്റെ അറൗക്കാനാ.


എന്തു ഞാൻ നിനക്കു വിട്ടുപോകാൻ, മാറ്റിൽഡേ,
എരിയുന്ന ഇലകളുടെ പരിവേഷം
നിന്റെ സ്പർശത്തിലുള്ളപ്പോൾ,
സ്ട്രാബെറികളുടെ പരിമളം നിന്നിലുള്ളപ്പോൾ,
കൗക്കെനേയുടെ കടൽവെളിച്ചവും
ചിലിയുടെ വാകമണവും
നിന്റെ മുലകൾക്കിടയിലുള്ളപ്പോൾ?


കടലിലിതു ശരൽക്കാലത്തിന്റെ മൂർദ്ധന്യം,
മൂടൽമഞ്ഞും മറഞ്ഞയിടങ്ങളുമായി;
കര നീണ്ടുനിവർന്നു കിടക്കുന്നു, നിശ്വാസമുതിർക്കുന്നു,
ഇലകൾ പൊഴിഞ്ഞുവീഴുന്നു.
നീയോ, എന്റെ പ്രവൃത്തിയ്ക്കു മേൽ കുനിഞ്ഞുനിൽക്കുന്നു നീ,
വികാരവായ്പ്പോടെ, ക്ഷമയോടെ;
നീ വായിച്ചെടുക്കുന്നു ഹരിതമുദ്രണങ്ങളെ,
വിധി കുറിച്ചിടുന്ന എന്റെ കൈയെഴുത്തിന്റെ കീടങ്ങളെ,
എട്ടുകാലിവലകളെ.
ചെറുപാദങ്ങൾ ചേർന്ന സിംഹികേ,
എന്തു ചെയ്യുമായിരുന്നു ഞാൻ,
നിന്റെ കൈകളുടെ വെടിപ്പൻരീതികളില്ലായിരുന്നുവെങ്കിൽ?
എവിടെയലഞ്ഞുനടക്കുമായിരുന്നു ഞാൻ,
ഹൃദയമില്ലാതെ, ലക്ഷ്യമില്ലാതെ?
ഏതന്യനാടുകളിലെ ബസുകളിൽ,
തീയോ, മഞ്ഞോ കൊണ്ടു മുഖം തുടുത്തും?


നിനക്കു ഞാൻ കടം,
വേരുകളീറനായ കടലിന്റെ ശരൽക്കാലം,
മുന്തിരിപ്പഴം പോലത്തെ മൂടൽമഞ്ഞും,
നാട്ടുമ്പുറത്തെ സുഭഗസൂര്യനും;
ശോകങ്ങളാഴ്ന്നുപോവുകയും
ആഹ്ളാദത്തിന്റെ ദീപ്തകിരീടമുയരുകയും ചെയ്യുന്ന
മൂകമായ താഴ്വരയ്ക്കും.
ഒക്കെയും നിനക്കു ഞാൻ കടം,
തുടലൂരിയ എന്റെ മാടപ്രാവേ,
ഉച്ചിയിൽ പൂവുള്ള തിത്തിരിപ്പക്ഷീ,
എന്റ മലങ്കുരുവീ,
എന്റെ ക്വൊയ്ഹെച്ചോക്കാരി കർഷകപ്പെണ്ണേ.


ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,
നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,
പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,
മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽ
വീണ്ടും നാമടുക്കും, പ്രിയേ,
ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.
നമ്മുടെ വിഭിന്നമായ തൂവലുകൾ,
നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,
ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,
മായാത്ത ചുംബനങ്ങൾ,
ഒക്കെയും വീണ്ടുമൊന്നുചേരും;
അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,
ഒരു കുഴിമാടത്തിലൊരുമിക്കൽ?
ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,
മരണം പോയിത്തുലയട്ടെ.



(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)

മാറ്റിൽഡേ ഉറൂഷ്യ - നെരൂദയുടെ മൂന്നാമത്തെ ഭാര്യ; 1966 മുതൽ 73ൽ കവിയുടെ മരണം വരെ. ഇവർക്കു സമർപ്പിക്കപ്പെട്ടതാണ്‌, നൂറു പ്രണയഗീതകങ്ങൾ.
ബയോ-ബയോ - ചിലിയിലെ രണ്ടാമത്തെ വലിയ നദി.
അറൗക്കാന- മാറ്റിൽഡേയുടെ നാട്.
കൗക്കെനെസ് - നെരൂദയുടെ ജന്മനാടായ പരാലിനടുത്തുള്ള നഗരം.






Sunday, November 27, 2011

ലോർക്ക - തൃഷ്ണ


യാതൊന്നുമില്ല,
നിന്റെ പൊള്ളുന്ന ഹൃദയമൊന്നേ.

എന്റെ പറുദീസ,
രാപ്പാടികളില്ലാത്ത,
തംബുരുവില്ലാത്ത ഒരു പാടം,
ഒരു കുഞ്ഞുറവയുമായി,
കണ്ണിൽപ്പെടാത്തൊരു പുഴയുമായി.

ഇലച്ചിലിൽ
തെന്നലിന്റെ കുതിമുള്ളില്ലാതെ,
ഇലയാവാൻ മോഹിക്കുന്ന
നക്ഷത്രമില്ലാതെ.

ഒരതിദീപ്തിയ്ക്കു മോഹം,
ഉടഞ്ഞ നോട്ടങ്ങളുടെ പാടത്ത്
ഒരു മിന്നാമിന്നിയാവാൻ.


ഒരു ദീപ്തശയ്യ,
അവിടെ വിടരും
നമ്മുടെ ചുംബനങ്ങൾ,
മാറ്റൊലിയുടെ മുഖത്തെ
മുഖരമായ മറുകുകൾ.

യാതൊന്നുമില്ല,
നിന്റെ പൊള്ളുന്ന ഹൃദയമൊന്നേ.

1920


 

ലോർക്ക - മഴയത്തോർത്തിരിക്കൽ

800px-Feodor_Vasilyev-_After_a_Rain,_Country_Road_-_detail


മഴയുടെ ചുംബനം ഗ്രാമോദ്യാനത്തിൽ,
മൂർച്ഛനകളുടെ പ്രകമ്പനം ഇലകളിൽ.
ഈറൻ മണ്ണിന്റെ പരിമളമുയരുമ്പോൾ
ഹൃദയത്തിൽ നിറയുന്നതൊരു വിദൂരശോകം.

മൂകചക്രവാളത്തിൽ ധൂസരമേഘങ്ങൾ വിണ്ടുകീറുമ്പോൾ
ജലധാരയിൽ തളം കെട്ടിയ വെള്ളത്തിൽ മഴത്തുള്ളികളാണ്ടിറങ്ങുന്നു,
നുരയുടെ ദീപ്തമൗക്തികങ്ങളെറ്റിവിടുന്നു.
അലകളുടെ വിറകളിൽ പൊട്ടിച്ചൂട്ടുകളണയുന്നു

സായാഹ്നത്തിന്റെ വിഷാദത്തിലെന്റെ വിഷാദം കുതറുന്നു.
ഈർപ്പത്തിന്റെ തനിയാവർത്തനമുദ്യാനത്തിൽ.
എന്റെ വേദനകളും മായുമോ, ദൈവമേ,
ഇലകളുടെ മൃദുമർമ്മരങ്ങൾ മായുമ്പോലെ?

എന്റെ രൂപത്തോടു ഞാൻ മല്ലുപിടിയ്ക്കുമ്പോളതിലെന്നെത്തുണയ്ക്കുമോ,
ആത്മാവിൽ ഞാൻ കാത്തുവച്ച നക്ഷത്രങ്ങളുടെ പ്രതിധ്വനി?
ആത്മാവുയിർത്തെഴുന്നേല്ക്കുമോ മരണത്തിൽ?
നിഴലുകൾ വിഴുങ്ങുമോ നമ്മുടെ അഭിലാഷങ്ങളെ?

ഹാ, എത്ര പ്രശാന്തം, മഴ പെയ്യുമ്പോളുദ്യാനം!
വേദനിയ്ക്കുന്ന വിനീതചിന്തകളുടെ ശബ്ദമാ-
യെന്റെ ഹൃദയത്തിൽ രൂപം മാറുന്നു ഭൂദൃശ്യം,
നെഞ്ചിൽ മാടപ്രാവുകളുടെ ചിറകടികൾ.

പിന്നെ സൂര്യൻ പുറപ്പെടുന്നു.
ഉദ്യാനം മഞ്ഞിച്ച ചോര വാർക്കുന്നു.
വിങ്ങുന്ന ശോകമെങ്ങും തുടിയ്ക്കുന്നു.
ഒരു നഷ്ടബോധമുള്ളിൽ നിറയുന്നു,
പൊറുതികെട്ട ബാല്യത്തിനായി,
വെട്ടിപ്പിടിച്ച പ്രണയത്തിനായി,
ഉള്ളിൽ നിറയുന്ന ശോകത്തോടെ
മഴയെ ധ്യാനിച്ചിതുമാതിരി കഴിച്ച നാളുകൾക്കായി.
ഒരിക്കലൊരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു...
എന്റെ കഥകളൊക്കെ പൊയ്പ്പോയി;
ഇന്നു ഞാനോർത്തിരിയ്ക്കുന്നതു കലുഷമായ ഹൃദയത്തോടെ,
എന്റെ പ്രണയത്തിൽ നിന്നുറപൊട്ടുന്ന കലക്കവെള്ളത്തിൽ കണ്ണു നട്ടും.

എന്റെ വേദനകളെല്ലാം മായുമോ, ദൈവമേ,
ഇലകളുടെ മൃദുമർമ്മരങ്ങൾ മായുമ്പോലെ?

മഴ വീണ്ടും പെയ്യുന്നു.
കാറ്റിലിരുളു വീശിയെത്തുന്നു.

1919 ജനുവരി 13


http://commons.wikimedia.org/wiki/File:Feodor_Vasilyev-_After_a_Rain,_Country_Road_-_detail.JPG


Thursday, November 24, 2011

ലോര്‍ക്ക - ഉദയം

500px-Dawnspider


ഉദയഗീതം മുഴങ്ങുമ്പോളെന്റെ ഹൃദയം വിങ്ങുന്നു,
തന്റെ പ്രണയങ്ങളതോർക്കുന്നു,
വിദൂരദേശങ്ങളതു സ്വപ്നം കാണുന്നു.
പുലരിയുടെ വെളിച്ചമെത്തുന്നു,
നഷ്ടബോധത്തിന്റെ ഞാറ്റുപാടങ്ങളുമായി,
ആത്മാവിന്റെ മജ്ജയിൽ
അന്ധമായ കദനവുമായി.
രാത്രിയുടെ കുഴിമാടം
കറുത്ത മൂടുപടമുയർത്തുന്നു,
നക്ഷത്രങ്ങളുടെ വിപുലശൃംഗത്തെ
പകലു കൊണ്ടു മറയ്ക്കുന്നു.

ഈ കിളിക്കൂടുകൾക്കും മരച്ചില്ലകൾക്കുമിടയിൽ
ഞാനെന്തു ചെയ്യാൻ,
ഉദയം വലയം ചെയ്തുനിൽക്കെ
ആത്മാവിലിരുട്ടാണെങ്കിൽ?
ഞാനെന്തു ചെയ്യാൻ,
നിന്റെ കണ്ണുകൾ കാണുന്നില്ല
തെളിവെട്ടമെങ്കിൽ,
എന്റെയുടലറിയുന്നില്ല
നിന്റെ കടാക്ഷങ്ങളുടെ ഊഷ്മളതയെങ്കിൽ?
അന്നൊരപരാഹ്നത്തിന്റെ തെളിച്ചത്തിൽ
എനിയ്ക്കു നീ കൈവിട്ടുപോയതെന്തേ?
വരളുകയാണെന്റെ ഹൃദയം,
കെട്ടണഞ്ഞ നക്ഷത്രം പോലെ.

1919 ഏപ്രിൽ


link to image


Wednesday, November 23, 2011

ലോര്‍ക്ക - വെള്ളിപ്പോപ്ളാറുകൾ


പുഴയ്ക്കു മേൽ ചായുന്നു,
വെള്ളിപ്പോപ്ളാറുകൾ.
അറിയേണ്ടതൊക്കെയറിഞ്ഞവയവ,
എന്നാൽ പുറത്തുപറയുകയുമില്ലവ.
തന്റെ ശോകം വിളിച്ചുകരയില്ല,
ജലധാരയുടെ കൃഷ്ണമണി.
മനുഷ്യരെക്കാളെത്രയഭിജാതർ,
ശേഷിച്ചതൊക്കെയും!

പൂക്കൾക്കും ശലഭങ്ങൾക്കുമേ അറിയൂ,
നക്ഷത്രജാലങ്ങൾ മുന്നിൽ വരുമ്പോൾ മൗനത്തിന്റെ ജ്ഞാനം.
മർമ്മരം വയ്ക്കുന്ന കാടിനും കടൽത്തിരകൾക്കുമറിയാം,
കേവലസംഗീതത്തിന്റെ ജ്ഞാനം.

കാട്ടുപൊന്തയിലനാവൃതമാവുന്ന പനിനീർപ്പൂ നമ്മെ പഠിപ്പിക്കുന്നു,
ഭൂമിയിൽ ജീവന്റെ അഗാധമൗനം.

നാമടിയറ വയ്ക്കണം,
ആത്മാവിനുള്ളിൽ നാമൊതുക്കിവച്ച പരിമളം!
ആകെസംഗീതമാവണം നാം,
ആകെവെളിച്ചവും, ആകെനന്മയും.

ഇരുണ്ട രാത്രിയിൽ മലർക്കെത്തുറക്കണം നാം,
നമ്മിൽ നിറയട്ടെ ചിരായുസ്സായ ഹിമകണം!

സ്വസ്ഥത കെട്ട ആത്മാവിനുള്ളിൽ
നമ്മുടെയുടലിനെ നാം കിടത്തണം!
അതീതത്തിൽ നിന്നുള്ള വെളിച്ചത്താൽ
നമ്മുടെ കണ്ണുകളെ നാം കെടുത്തണം!
നിഴലടഞ്ഞ സ്വന്തം മാറിടങ്ങളിൽ
നമ്മുടെ മുഖം നാം പുറത്തു കാട്ടണം!
സാത്താൻ നമ്മിൽ വിതച്ചിട്ട നക്ഷത്രങ്ങൾ
നാം കിളച്ചെടുത്തുകളയണം.

മരത്തെപ്പോലെയാവണം നാം,
പ്രാർത്ഥനാനിരതമാവണം;
ഒഴുകുന്ന പുഴ പോലെയാവണം നാം,
നിത്യതയ്ക്കു കാതോർക്കണം.

ശോകത്തിന്റെ നഖരങ്ങൾ കൊണ്ടാത്മാവുകളെക്കരളണം നാം,
അവയിലേക്കു കടക്കട്ടെ,
താരാപഥങ്ങളുടെ ജ്വാലകൾ!

പുഴുക്കുത്തിയ പ്രണയത്തിന്റെ നിഴൽപ്പാടിൽ
ഉദയത്തിന്റെ ഉറവ പൊന്തട്ടെ.
കൊടുങ്കാറ്റിൽ നഗരങ്ങൾ കാണാതെയാവും,
ഒരു മേഘത്തിന്മേൽ സവാരി ചെയ്യുന്നതായി
ദൈവത്തെ നമുക്കു കാണുമാറാകും.

1919 മേയ്



Tuesday, November 22, 2011

ലോര്‍ക്ക - ചോദ്യം

File:Anastasiya Markovich Effect of Butterfly.jpg


നീലിച്ച ജിമിക്കിപ്പൂവേ!
പൂമ്പാറ്റകൾക്കടകല്ലേ!
നിങ്ങളുടെ ജീവിതം സുഖദമോ,
കാലത്തിന്റെ എക്കൽമണ്ണിൽ?

(ഹേ ബാലകവീ,
തകർക്കൂ നിന്റെ ഘടികാരം!)

വിളർത്ത നീലനക്ഷത്രമേ,
പ്രഭാതത്തിന്റെ പൊക്കിൾച്ചുഴിയേ!
നിങ്ങളുടെ ജീവിതം സുഖദമോ,
നിഴലിന്റെ നുരയിലും പതയിലും?

(ഹേ ബാലകവീ,
തകർക്കൂ നിന്റെ ഘടികാരം!)

നീലിച്ച ഹൃദയമേ,
എന്റെ കിടപ്പറയിലെ ദീപമേ!
നിന്റെ സ്പന്ദനം സ്വസ്ഥമോ,
എന്റെ രക്തത്തിന്റെ കാവ്യതാളമില്ലാതെ?

(ഹേ ബാലകവീ,
തകർക്കൂ നിന്റെ ഘടികാരം!)

എനിക്കു മനസ്സിലാവും നിങ്ങളെയൊക്കെ.
മേശവലിപ്പിൽ ഞാൻ വിട്ടുപോന്നു,
കാലത്തിന്റെ ശലഭത്തെ.
ലോഹത്തുള്ളി പോലതിറ്റുമ്പോൾ
ഒരൊച്ചയുമുണ്ടാകില്ല
എന്റെ മുറിയുടെ പ്രശാന്തതയിൽ.
ഞാനുറങ്ങും സ്വസ്ഥമായി,
നക്ഷത്രങ്ങളേ, ജിമിക്കിപ്പൂക്കളേ,
നിങ്ങളെപ്പോലെ.
പിന്നെയെന്റെ മാറിലൊരു പനിനീർപ്പൂ വിടരുമ്പോൾ
ഒരു പൂമ്പാറ്റ പായ വിടർത്തുമല്ലോ,
നിമിഷങ്ങളുടെ പ്രവാഹത്തിൽ.

1920 ആഗസ്റ്റ്


link to image


Monday, November 21, 2011

ലോര്‍ക്ക - ഇതു സത്യം


തിരസ്കൃതൻ


എന്റെ ദൈവമേ,
ചോദ്യങ്ങളുടെ വിത്തുകളുമായി ഞാൻ വന്നു.
ഞാനവ നട്ടു, പൂവിട്ടതേയില്ലവ.

(ഒരു ചീവീടു പാടുന്നു
നിലാവത്ത്.)

എന്റെ ദൈവമേ,
ഉത്തരങ്ങളുടെ ഇതളടുക്കുമായി ഞാൻ വന്നു.
കാറ്റവ കൊഴിച്ചതേയില്ല!

(മണ്ണിന്റെ നിറം മാറുന്നു,
മഴവിൽ നിറത്തിലൊരോറഞ്ചായി.)

എന്റെ ദൈവമേ,
ഞാൻ ലാസറസ്!
എന്റെ വണ്ടിയ്ക്കു കറുത്ത കുതിരകളെത്തരൂ!

(ചന്ദ്രനസ്തമിക്കുന്നു,
കാവ്യാത്മകമായൊരു മലയുടെ പിന്നിൽ.)

എന്റെ ദൈവമേ, ഞാനിരിക്കാം,.
ഒരു ചോദ്യവും കിട്ടാത്ത ഉത്തരവുമായി,
ചില്ലകളിളകുന്നതും നോക്കി.

(മണ്ണിന്റെ നിറം മാറുന്നു,
മഴവിൽ നിറത്തിലൊരോറഞ്ചായി.)



***

മുട്ടുന്നതാര്‌?
ആരാണവിടെ?
ശരൽക്കാലം തന്നെ.
എന്തു വേണം?
തന്റെ നെറ്റിയുടെ കുളിർമ്മ.
ഞാനതു തരില്ല.
ഞാനതെടുക്കും.

മുട്ടുന്നതാര്‌?
ആരാണവിടെ?
ശരൽക്കാലം തന്നെ.



ഇതു സത്യം
ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാന്‍ സഹിക്കുന്ന വേദന !

കാറ്റെന്നെ നീറ്റുന്നു,
എന്റെ ഹൃദയവുമെന്റെ തൊപ്പിയുമെന്നെ നീറ്റുന്നു,
നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നതിനാൽ.

ആരെന്നിൽ നിന്നിതു വാങ്ങും,
തൂവാല തുന്നാനൊരു പട്ടുനാട,
ശോകത്തിന്റെ വെളുത്ത ശീല?

ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാന്‍ സഹിക്കുന്ന വേദന !


 

Sunday, November 20, 2011

ഗുസ്താവ് യനൌഹ് - കാഫ്കയുമായി നടത്തിയ സംഭാഷണങ്ങൾ

Front Cover


മിശിഹായെ തിരിച്ചറിയാൻ കഴിയാതെ പോയതാണ്‌ ജൂതന്മാർക്കു പറ്റിയ വലിയ പിഴയെന്ന് ലിയോൺ ബ്ളോയെ ഉദ്ധരിച്ച് ഗുസ്താവ് യനൌഹ് പറഞ്ഞപ്പോൾ കാഫ്കയുടെ മറുപടി ഇതായിരുന്നു: ‘അതു ശരിയാവാം. അവർക്കു മിശിഹായെ തിരിച്ചറിയാൻ പറ്റാതെ വന്നിരിയ്ക്കാം. പക്ഷേ തന്റെ സൃഷ്ടികൾ തന്നെ തിരിച്ചറിയരുതെന്നു വരുത്തുന്ന ഒരു ദൈവം എത്ര ക്രൂരനാണ്‌! അതേസമയം, തന്റെ കുട്ടികൾക്ക് ബുദ്ധിയോ, വാക്കോ ഉറയ്ക്കാത്ത പ്രായത്തിൽത്തന്നെ ഒരച്ഛൻ താനാരെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാറുമുണ്ട്. അതിരിക്കട്ടെ, തെരുവിൽ നിന്നു സംസാരിക്കേണ്ട വിഷയമല്ല ഇത്. ഞാൻ വീടെത്തിയും കഴിഞ്ഞിരിക്കുന്നു.’



യൊഹാനസ്. ആർ. ബെക്കർ തന്റെ ഒരു കവിതയിൽ ഉറക്കം മരണത്തിന്റെ സൗഹൃദസന്ദർശനമാ ണെന്നെഴുതിയിട്ടുള്ളതായി യനൌഹ് പറഞ്ഞു.
കാഫ്ക തലയാട്ടി. ‘അതു ശരിയാണ്‌. സ്വജീവൻ കൊണ്ടു ഞാൻ വില നല്കേണ്ട ഒരു സന്ദർശകനെ ഓർത്തുള്ള ഭീതിയാകാം എന്റെ ഉറക്കമില്ലായ്മ.’


ഗുസ്താവ് യനൌഹ് കാഫ്കയോടു പറഞ്ഞു:
‘ഞാൻ “വിധിന്യായം” വായിക്കുകയായിരുന്നു.
’അതിഷ്ടപ്പെട്ടോ?‘
’ഇഷ്ടപ്പെടുകയോ? ഭയാനകമാണത്!‘
’നിങ്ങൾ പറഞ്ഞതു കൃത്യമാണ്‌.‘
’അതെഴുതാൻ ഇടവന്നതെങ്ങനെയെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. “എഫിന്‌” എന്നുള്ള സമർപ്പണം വെറും ഔപചാരികമല്ല. ആ പുസ്തകം ആരോടോ എന്തോ പറയണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടായിരുന്നു എന്നതു തീർച്ച. എനിക്കതിന്റെ സന്ദർഭമറിഞ്ഞാൽ കൊള്ളാമായിരുന്നു.‘
അമ്പരന്നപോലെ കാഫ്ക ഒന്നു മന്ദഹസിച്ചു.
‘ഞാൻ പറഞ്ഞതധികപ്രസംഗമായോ? ക്ഷമിക്കണേ.’
‘അങ്ങനെ മാപ്പു പറയാനൊന്നുമില്ല. വായിക്കുന്നത് ചോദ്യം ചോദിക്കാനാണല്ലോ. ഒരു രാത്രിയുടെ പ്രേതമാണ്‌ “വിധിന്യായം”.’
‘എന്നു പറഞ്ഞാൽ?’
‘അതൊരു പ്രേതമാണെന്ന്,’ വിദൂരതയിലേക്ക് തറഞ്ഞൊരു നോട്ടമയച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
‘എന്നിട്ടും നിങ്ങളതെഴുതി.’
‘അത് ആ പ്രേതത്തിനൊരു സ്ഥിരീകരണം മാത്രമായിരുന്നു, അതുവഴി അതിന്റെ ഉച്ചാടനവും.’



തന്റെ കുത്തിക്കുറിക്കലുകൾ പ്രസിദ്ധീകരിച്ചുകാണുമ്പോൾ മനസ്സിടിഞ്ഞുപോവുകയാണെന്നു പറഞ്ഞിട്ട് കഥകൾ പ്രസിദ്ധീകരിക്കാൻ കൊടുത്തതെന്തിനാണെന്നുള്ള യനൌഹിന്റെ ചോദ്യത്തിനു മറുപടിയായി കാഫ്ക ഇങ്ങനെ പറഞ്ഞു:
’അതങ്ങനെയാണ്‌! ഞാൻ എന്തെങ്കിലും എഴുതിയാൽ മാക്സ് ബ്രോഡും, ഫെലിക്സ് വെൽഷും മറ്റെല്ലാ സ്നേഹിതന്മാരും കൂടി അതു കൈക്കലാക്കുകയും, പിന്നെ ഏതെങ്കിലുമൊരു പ്രസാധകനുമായി ഒപ്പിട്ട ഉടമ്പടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്തുകയുമാണ്‌. ഞാനൊരിക്കലും അവർക്കഹിതമായതൊന്നു ചെയ്യുകയില്ല; തികച്ചും വ്യക്തിപരമായ കുറിപ്പുകളും നേരമ്പോക്കുകളും പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതിലാണ്‌ സംഗതി കലാശിക്കുന്നത്. എന്റെ മാനുഷികദൗർബല്യങ്ങൾക്ക് എന്റേതായിട്ടുള്ള തെളിവുകൾ അച്ചടിക്കപ്പെടുകയും, വിൽക്കപ്പെടുകയുമാണ്‌; കാരണം മാക്സ് ബ്രോഡിന്റെ നേതൃത്വത്തിൽ എന്റെ സ്നേഹിതന്മാർക്കു ചിന്ത പോയിരിക്കുന്നു, അവ സാഹിത്യമാണെന്ന്; ഏകാന്തതയുടെ ആ തെളിവു നശിപ്പിക്കാൻ എനിക്കു കെല്പുമില്ല.
ഒന്നു നിറുത്തിയിട്ട് അതേവരെയുള്ള സ്വരത്തിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം പറഞ്ഞു:
ഞാനിപ്പോൾ പറഞ്ഞത് തീർച്ചയായും ഒരതിശയോക്തി തന്നെ, എന്റെ സ്നേഹിതന്മാരോടു കാട്ടുന്ന വിദ്വേഷവും. ആ സംഗതികൾ പ്രസിദ്ധീകരിക്കുന്നതിനു കൂട്ടു നിൽക്കുന്ന രീതിയിൽ അത്രയും ദുഷിച്ചവനും നാണം കെട്ടവനുമായിപ്പോയിരിക്കുന്നു ഞാൻ എന്നതാണു വാസ്തവം. സ്വന്തം ദൗർബല്യത്തിനൊരൊഴിവുകഴിവായി സാഹചര്യങ്ങൾക്ക് അവയ്ക്കില്ലാത്തൊരു കരുത്തു നല്കുകയാണു ഞാൻ. അതൊരു കാപട്യം തന്നെ. പിന്നെ ഞാനൊരു വക്കീലുമല്ലേ. അതിനാൽ എനിക്കൊരിക്കലും തിന്മയെ വിട്ടുനില്ക്കാനുമാവില്ല.’

ലോര്‍ക്ക - നാട്ടുമ്പുറം

File:Vincent Van Gogh 0024.jpg

ആകാശം ധൂസരം.
മരങ്ങൾ ധവളം,
തീയിട്ട വൈക്കോൽക്കുറ്റികൾ
കൽക്കരി പോലെ കറുത്തും.
പടിഞ്ഞാറിന്റെ മുറിവിൽ
ചോരയുണങ്ങിപ്പിടിച്ചിരിക്കുന്നു,
മലയുടെ നിറം കെട്ട കടലാസ്സ്
ചുളുങ്ങിക്കൂടിയിരിക്കുന്നു.
പാതയിലെ മണ്ണും പൊടിയും
ചാലുകളിലൊളിയ്ക്കുന്നു.
ജലധാരകളിൽ ചെളിയൊഴുകുന്നു,
തടാകമലയടങ്ങിയതും.
ചെമ്പിച്ച ധൂസരതയിൽ
കുടമണികൾ മുഴങ്ങുന്നു,
ജപമാല തിരിച്ചുതീർക്കുന്നു
അമ്മയെപ്പോലൊരു ജലചക്രം.

ആകാശം ധൂസരം.
മരങ്ങൾ ധവളം.

1920


ചിത്രം - വാന്‍ ഗോഗ്


ലോര്‍ക്ക - മരിച്ച പോപ്ളാർ


വൃദ്ധവൃക്ഷമേ, കരിംപോപ്ളാറേ!
മയങ്ങുന്ന തടാകത്തിന്റെ കണ്ണാടിയിലേക്കു
നീ പതിച്ചുവല്ലോ,
അസ്തമയസൂര്യന്റെ മുഖത്തേക്കു
നിന്റെ നെറ്റിത്തടം താഴ്ത്തിയും.
നിന്റെ തടി വീഴ്ത്തിയതു സ്വരം പരുഷമായ കൊടുംകാറ്റല്ല,
മരംവെട്ടിയുടെ മഴുപ്രഹരവുമല്ല;
അയാൾക്കറിയുമല്ലോ,
നീ പുനർജ്ജനിക്കുമെന്ന്.

തന്നിൽ കൂടുകളില്ലെന്നറിഞ്ഞപ്പോൾ,
പുൽമേട്ടിലെ പോപ്ളാർയുവാക്കൾ തന്നെ മറന്നുവെന്നറിഞ്ഞപ്പോൾ,
നിന്റെ ആത്മബലം തന്നെ
മരണത്തെ മന്ത്രിച്ചുവരുത്തിയതും.

ചിന്തകൾക്കു ദാഹിക്കുകയായിരുന്നു നീ,
യുഗങ്ങൾ പഴകിയ നിന്റെ വിപുലശീർഷം
ഏകാന്തതയിൽ കാതോർക്കുകയായിരുന്നു,
നിന്റെ സഹോദരങ്ങളുടെ വിദൂരഗാനങ്ങൾക്കും.

നിന്റെയുടലിൽ നീ കരുതിവച്ചു
നിന്റെ വികാരങ്ങളുടെ ലാവാദ്രവം,
നിന്റെ ഹൃദയത്തിൽ
പെഗാസസിന്റെ ഭാവിയറ്റ ശുക്ളവും.
അസ്തമയസൂര്യനു നേർക്കൊരു മുഗ്ധപ്രണയത്തിന്റെ
ഭീഷണബീജം.

എന്തു ശോകം മണ്ണിന്‌:
ഇലച്ചാർത്തിന്റെ നായകൻ
ചില്ലകളൊഴിഞ്ഞവനായി!

ചന്ദ്രന്റെ തൊട്ടിലാവില്ലിനിമേൽ നീ,
തെന്നലിന്റെ മായച്ചിരിയാവില്ല,
കുതിരപ്പുറമേറിക്കുതിക്കുന്ന സാന്ധ്യതാരത്തിന്റെ
ചാട്ടവാറുമാവില്ല.
ഇനി മടങ്ങിവരില്ല
നിന്റെ ജീവിതവസന്തം,
നീയിനി കാണില്ല
വിതച്ച പാടത്തിന്റെ മാറിടം.
നിന്നിൽ കൂടുകൂട്ടും
തവളകളുമെറുമ്പുകളും.
പച്ച മുടിയ്ക്കു മേൽ
മുൾച്ചെടി വളരും,
പിന്നെയൊരുനാൾ
മന്ദഹസിച്ചെത്തുന്നൊരു പ്രവാഹം
നിന്നെയും കൊണ്ടു പായും.

വൃദ്ധവൃക്ഷമേ, കരിംപോപ്ളാറേ!
മയങ്ങുന്ന തടാകത്തിന്റെ കണ്ണാടിയിലേക്കു
നീ പതിച്ചുവല്ലോ.
ഇരുളടയുമ്പോൾ
നിന്റെ പതനം ഞാൻ കണ്ടു,
ഇതു നിനക്കായെന്റെ വിലാപം,
എനിക്കുള്ളതാണതും.

1920


link to image


Saturday, November 19, 2011

ലോര്‍ക്ക - ഹൃദയഗീതം


പഠിക്കുമ്പോഴെനിക്കുള്ള ഹൃദയം,
ഞാനാദ്യം ബാലപാഠത്തിൽ
ചായമിട്ട ഹൃദയം,
അതു നിന്നിലുണ്ടോ,
കറുത്ത രാവേ?

(കുളിരുന്ന, കുളിരുന്ന
പുഴവെള്ളം പോലെ.)

ചുംബനത്തിന്റെ രുചി ഞാനറിഞ്ഞ
ആദ്യചുംബനം,
എന്റെ ബാല്യത്തിന്റെ ചുണ്ടുകളിൽ
പുതുമഴപോലെ പെയ്ത ചുംബനം,
അതു നിന്നിലുണ്ടോ,
കറുത്ത രാവേ?

(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)

ഞാനാദ്യമെഴുതിയ കവിതയുടെ വരി,
എന്നും നേരെ നോക്കി നടന്നുപോയ 

മുടി മെടഞ്ഞിട്ട പെൺകുട്ടി, 
അവ നിന്നിലുണ്ടോ,
കറുത്ത രാവേ?

(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)

എന്നാലെന്റെ ഹൃദയം,
സർപ്പങ്ങൾ കരണ്ട ഹൃദയം,
അറിവിന്റെ വൃക്ഷത്തിലൊരുകാലം
വിളഞ്ഞുകിടന്ന ഹൃദയം,
അതു നിന്നിലുണ്ടോ,
കറുത്ത രാവേ?

(പൊള്ളുന്ന, പൊള്ളുന്ന
ഉറവെള്ളം പോലെ.)

എന്റെ നാടോടിപ്രണയം,
നിഴലുകൾ കരിമ്പനടിച്ച
അരക്ഷിതദുർഗ്ഗം,
അതു നിന്നിലുണ്ടോ,
കറുത്ത രാവേ?

(പൊള്ളുന്ന, പൊള്ളുന്ന
ഉറവെള്ളം പോലെ.)

ഹാ, കൊടിയ നോവേ!
നിന്റെ ഗുഹയിലേക്കു
നീ കടത്തിവിട്ടതു നിഴലിനെ മാത്രം.
ഇതു നേരല്ലേ,
കറുത്ത രാവേ?

(പൊള്ളുന്ന, പൊള്ളുന്ന
ഉറവെള്ളം പോലെ.)

ഹാ, തുലഞ്ഞുപോയ ഹൃദയമേ!
നിത്യശാന്തി!

1920 ജൂലൈ 16


 

Friday, November 18, 2011

ഫെര്‍ണാണ്ടോ പെസ് വാ - തണലത്ത് ഒരു ഡയറിത്താൾ


നിനക്കിപ്പോഴും ഓർമ്മയുണ്ടോയെന്നെ?
പണ്ടൊരുകാലം നിനക്കെന്നെയറിയാമായിരുന്നു.
നീ അവഗണിച്ചുവിട്ട ആ വിഷാദക്കാരൻ കുട്ടിയായിരുന്നു ഞാൻ,
പിന്നെ നിനക്കു താല്പര്യമാവുകയായിരുന്നു
(എന്റെ നോവിൽ, എന്റെ വിഷാദത്തിൽ, മറ്റെന്തിലോ ഒന്നിലും),
താനറിയാതെതന്നെ ഒടുവിൽ നിനക്കെന്നെ ഇഷ്ടവുമായി.
ഓർക്കുന്നുവോ? കടൽക്കരയിൽ കളിച്ചുനടന്ന കുട്ടിയെ,
തനിയേ, ഒച്ചയില്ലാതെ, അന്യരിൽ നിന്നകലെയായി?
ചിലനേരമവൻ വിഷാദത്തോടെ അവരെ നോക്കുകയും ചെയ്തിരുന്നു,
എന്നാൽ നഷ്ടബോധമില്ലാതെയും...


ഇടയ്ക്കു നീ എന്റെ നേർക്കൊരു നോട്ടമെറിയുന്നതും ഞാൻ കാണുന്നു.
നീയോർക്കുന്നുവോ? താനോർക്കുന്നുവെന്നറിയണമെന്നു നിനക്കുണ്ടോ?
എനിക്കറിയാം...
എന്റെ ശാന്തവും വിഷാദിച്ചതുമായ മുഖത്തു നീയിന്നും കാണുന്നില്ലേ,
എന്നുമന്യരിൽ നിന്നകലെയായി കളിച്ചുനടന്ന വിഷാദക്കാരനായ കുട്ടിയെ,
വിഷാദം പൂണ്ട കണ്ണുകളോടെ, എന്നാൽ നഷ്ടബോധമില്ലാതെ
ചിലനേരമവരെ നോക്കിനിന്നവനെ?
എനിക്കറിയാം നീയതു ശ്രദ്ധിക്കുന്നുവെന്ന്,
എന്നെ വിഷാദവാനാക്കുന്നതേതു വിഷാദമെന്നു നിനക്കു മനസ്സിലാവുന്നില്ലെന്ന്.
അതു ഖേദമല്ല, നഷ്ടബോധമല്ല, നിരാശയല്ല, നീരസമല്ല.
അല്ല...അതു വിഷാദമാണ്‌,
ജനനപൂർവ്വമണ്ഡലത്തിൽ വച്ച്
ദൈവം രഹസ്യം കൈമാറിയ ഒരുവന്റെ-
പ്രപഞ്ചമെന്ന മായയുടെ,
വസ്തുക്കളുടെ കേവലശൂന്യതയുടെ രഹസ്യം-
പരിഹാരമില്ലാത്തൊരു വിഷാദം,
സർവ്വതും നിരർത്ഥകവും വിലകെട്ടതുമാണെന്നറിയുന്ന ഒരുവന്റെ,
പ്രയത്നം യുക്തിശൂന്യമായ ഒരു പാഴ്ച്ചെലവാണെന്നറിയുന്ന ഒരുവന്റെ,
ജീവിതം ഒരു ശൂന്യതയാണെന്നറിയുന്ന,
വ്യാമോഹത്തിനു പിന്നിൽത്തന്നെ നിരാശയുമുണ്ടെന്നറിയുന്ന,
മരണമാണു ജീവിതത്തിനർത്ഥമെന്നറിയുന്ന ഒരുവന്റെ...


ഇതാണ്‌, ഇതു മാത്രവുമല്ല, എന്റെ മുഖത്തു നീ കാണുന്നത്,
ഇടയ്ക്കിടെ എന്റെ നേർക്കൊരു നോട്ടമെറിയാൻ നിനക്കു കാരണമാകുന്നതും.
ഇതല്ലാതെ പിന്നെയുണ്ട്,
ആ നിരാനന്ദമായ വിസ്മയം, ഇരുണ്ട കുളിര്‌,
ജീവിതോദയത്തിന്റെ ലക്ഷണങ്ങളില്ലാതിരുന്നൊരു കാലത്ത്,
സങ്കീർണ്ണവും ദീപ്തവുമായ പ്രപഞ്ചം
സാഫല്യം കാത്തിരിക്കുന്ന ഒരനിവാര്യഭാഗധേയം മാത്രമായിരുന്ന കാലത്ത്,
ആ ജനനപൂർവ്വമണ്ഡലത്തിൽ വച്ച്,
ദൈവത്തിൽ നിനൊരു രഹസ്യം പകർന്നുകിട്ടിയതിന്റെ.


ഇതെന്നെ നിർവചിക്കുന്നില്ലെങ്കിൽ, മറ്റൊന്നുമെന്നെ നിർവചിക്കില്ല.
ഇതെന്നെ നിർവചിക്കുന്നുമില്ല-
എന്തെന്നാൽ ദൈവമെന്നോടരുളിയ രഹസ്യം ഇതു മാത്രമല്ലായിരുന്നു.
മറ്റു ചിലതുമുണ്ടായിരുന്നു,
അതാണ്‌ 
യഥാർത്ഥമാനങ്ങളെ പുൽകാനെന്നെക്കൊണ്ടുപോയത്,

അതിൽ അത്രയുമഭിരമിക്കാനെന്നെവിട്ടത്,
അഗ്രാഹ്യമായതിനെ ഗ്രഹിക്കാൻ,
അറിയരുതാത്തതിനെ അറിയാ
ൻ എനിക്കുള്ള മിടുക്കായത്.

അതാണെനിക്കു നല്കിയത്,

ഒരു സാമ്രാജ്യവുമെനിക്കില്ലെങ്കിലും

ഉള്ളിൽ ഒരു ചക്രവർത്തിയുടെ കുലീനത,

പകൽവെളിച്ചത്തിൽ ഞാൻ മെനഞ്ഞെടുത്ത എന്റെ സ്വപ്നലോകം...
അതെ,
അതാണെന്റെ മുഖത്തിനു ബാല്യത്തെക്കാൾ പ്രായം ചെന്നൊരു വാർദ്ധക്യം നല്കുന്നത്,
ആഹ്ളാദത്തിനിടയിലും എന്റെ മുഖത്തിനൊരുത്കണ്ഠ നല്കുന്നതും.


ഇടയ്ക്കെന്റെ നേർക്കു നീയൊരു നോട്ടമെറിയുന്നു,
നിനക്കെന്നെ പിടികിട്ടുന്നുമില്ല,
നീ പിന്നെയും നോട്ടമെറിയുന്നു, പിന്നെയും, പിന്നെയും...
ദൈവമില്ലെങ്കിൽ ജീവിതമല്ലാതൊന്നുമില്ല,
നിനക്കതു പിടികിട്ടുകയുമില്ല...

1916 സെപ്തംബർ 17


Thursday, November 17, 2011

ഫെര്‍ണാണ്ടോ പെസൊവ - ലിസ്ബണിൽ വീണ്ടും (1923)


വേണ്ട, യാതൊന്നുമെനിയ്ക്കു വേണ്ട.
യാതൊന്നുമെനിയ്ക്കു വേണ്ടെന്നു ഞാൻ പറഞ്ഞുകഴിഞ്ഞതാണല്ലോ.

നിങ്ങളുടെ തീർപ്പുകളുമായി എന്റെയടുത്തേക്കു വരരുത്!
തീർപ്പെന്നു പറയാൻ മരണമേയുള്ളു.

നിങ്ങളുടെ സൗന്ദര്യചിന്തകളുമെനിയ്ക്കു വേണ്ട!
സദാചാരം പറച്ചിലുമെനിയ്ക്കു വേണ്ട!

തത്വശാസ്ത്രങ്ങളും കൊണ്ടിവിടുന്നു പൊയ്ക്കോ!
സമ്പൂർണ്ണദാർശനികപദ്ധതികളെക്കുറിച്ചൊന്നുമെന്നോടു വിളമ്പരുത്,
ശാസ്ത്രത്തിലെ (എന്റെ ദൈവമേ, ശാസ്ത്രത്തിലെ!), കലകളിലെ,
ആധുനികനാഗരികതയിലെ കുതിച്ചുചാട്ടങ്ങളെക്കുറിച്ചെന്നോടു വിസ്തരിക്കരുത്!

ദൈവങ്ങളോടു ഞാനെന്തപരാധം ചെയ്തു?

അവർക്കറിയാം സത്യമെങ്കിൽ, അവരതും വച്ചിരിക്കട്ടെന്നേ.

ഞാനൊരു സാങ്കേതികവിദഗ്ധൻ,
എന്റെ വൈദഗ്ധ്യം പക്ഷേ, സാങ്കേതികതയിൽ മാത്രം;
അതൊഴിച്ചാൽ ഞാനൊരു തല തിരിഞ്ഞവൻ,
അതെന്റെ അവകാശവുമാണെന്നേ- കേൾക്കുന്നുണ്ടോ?

എന്നെയൊന്നു വെറുതേവിടൂ, ദൈവത്തെയോർത്ത്!

ഞാൻ വിവാഹം കഴിക്കണമെന്നോ, ജീവിതം നിഷ്ഫലമാക്കണമെന്നോ,
യാഥാസ്ഥിതികനാവണമെന്നോ, നികുതിദായകനാവണമെന്നോ?
ഇതിനെതിരാവണമെന്നോ ഞാൻ, ഏതിനുമെതിരാവണമെന്നോ?
മറ്റൊരാളായിരുന്നു ഞാനെങ്കിൽ, നിങ്ങൾക്കെല്ലാവർക്കുമൊപ്പം ഞാൻ വരുമായിരുന്നു.
പക്ഷേ ഞാൻ ഞാനായിരിക്കെ, ഒന്നു മാറിനിന്നാട്ടെ!
ഞാനില്ലാതെ നരകത്തിൽ പൊയ്ക്കോ,
അല്ലെങ്കിൽ ഞാനായിട്ടവിടെപ്പോകാനൊന്നനുവദിക്കൂ!
നാമൊരുമിച്ചു പോകണമെന്നെന്താ നിർബ്ബന്ധം?

എന്റെ കയ്യിൽ കയറിപ്പിടിക്കരുത്!
കയ്യിൽ പിടിക്കുന്നതെനിക്കിഷ്ടമല്ല.
എനിക്കൊറ്റയ്ക്കാവണം.
ഒറ്റയ്ക്കാവാനേ എനിക്കാവൂയെന്നു ഞാൻ മുമ്പേ പറഞ്ഞു.
എന്തു ബോറാണിത്- എന്നെയും കൂട്ടത്തിൽക്കൂട്ടാനുള്ള നിങ്ങളുടെ തത്രപ്പാട്!

നീലാകാശമേ- എന്റെ ബാല്യത്തിലെ അതേ ആകാശമേ-
ശൂന്യവും പൂർണ്ണവുമായ നിത്യസത്യമേ!
ശാന്തവും മൂകവും ചിരന്തനവുമായ ടാഗസ്!
ആകാശം പ്രതിഫലിക്കുന്ന അല്പസത്യമേ!
വീണ്ടും മുന്നിൽക്കണ്ട ദുഃഖമേ,
ഇന്നു കണ്ട ലിസ്ബൺനഗരമേ!
നീ യാതൊന്നുമെനിയ്ക്കു തന്നില്ല,
എന്നിൽ നിന്നു നീ യാതൊന്നുമെടുത്തില്ല,
ഞാനെന്നു തോന്നുന്ന യാതൊന്നുമല്ല നീ.

എന്നെ വെറുതെ വിടൂ! ഞാനധികനേരമുണ്ടവില്ല,
അധികനേരമുണ്ടവാറുമില്ല ഞാൻ...
നിശ്ശബ്ദതയും കൊടുംഗർത്തവും വന്നെത്താത്ത കാലത്തോളം
എനിക്കൊറ്റയ്ക്കാവണം!

1923


link to image

Wednesday, November 16, 2011

ലോര്‍ക്ക - വജ്രം


ആഴ്ന്ന മാനത്തെ
വജ്രം കൊണ്ടു പോറുന്നു
ഒരു നക്ഷത്രം.
പ്രപഞ്ചം വിട്ടുപായാൻ മോഹിക്കുന്ന
വെളിച്ചപ്പക്ഷി;
തന്നെക്കുടുക്കിയ വൻവലയിൽ നിന്നതു പായുന്നു;
അതറിയുന്നില്ല പക്ഷേ,
തന്റെ കഴുത്തിലെ തുടലിനെ.

അതീതമനുഷ്യരായ വേട്ടക്കാർ
നായാടാനിറങ്ങുന്നു നക്ഷത്രങ്ങളെ,
നിശബ്ദതയുടെ തടാകത്തിലെ
വെള്ളിയരയന്നങ്ങളെ.

പോപ്ളാർകുട്ടികൾ ബാലപാഠം ചൊല്ലുന്നു;
അവർക്കു ഗുരു
ഉണങ്ങിയ ചില്ലകൾ വീശുന്ന ഒരു വൃദ്ധവൃക്ഷം.
അകലെ, മലയിൽ
മരിച്ചവർ ശീട്ടു കളിക്കുന്നു.
എത്ര ദാരുണം, സിമിത്തേരിജീവിതം!

തവളേ, പാട്ടു തുടങ്ങിയാട്ടെ!
പുൽച്ചാടീ, മാളത്തിൽ നിന്നിറങ്ങിയാലും!
നിങ്ങളുടെ പുല്ലാങ്കുഴലുകൾ കൊണ്ടു വനം മുഖരമാവട്ടെ,
അസ്വസ്ഥനായി ഞാൻ വീട്ടിലേക്കു മടങ്ങുമ്പോൾ.

രണ്ടു കൃഷീവലപ്രാവുകൾ
എന്റെ തലയ്ക്കുള്ളിൽ ചിറകിളക്കുന്നു,
വിദൂരചക്രവാളത്തിൽ
പകലിന്റെ തുലാക്കൊട്ട മുങ്ങുന്നു.
ഭീഷണം,
കാലത്തിന്റെ വെള്ളം തേവുന്ന ചക്രം!



ലോര്‍ക്ക - പ്രണയഗാനം



എന്റെ ചുംബനമൊരു മാതളമായിരുന്നു,
പിളർന്നതുമാഴ്ന്നതും;
കടലാസു കൊണ്ടൊരു പനിനീർപ്പൂ,
നിന്റെയധരം.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

അടകല്ലുകൾക്കു കൂടങ്ങളായിരുന്നു,
എന്റെ കൈകൾ;
മണി മുഴങ്ങുന്ന സായാഹ്നം,
നിന്റെയുടൽ.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

നീലിച്ച കപാലം വായ പിളർന്നു.
ഉള്ളിൽ തൂങ്ങിക്കിടന്നിരുന്നു,
മഞ്ഞിന്റെ തൊങ്ങലുകൾ പോലെ
എന്റെ പ്രണയവചനങ്ങൾ.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

എന്റെ കൗമാരസ്വപ്നങ്ങളിൽ
കരിമ്പായലടിഞ്ഞു,
തമരു പോലെന്റെ കദനം
ചന്ദ്രനിൽ തുളഞ്ഞുകയറി.

പശ്ചാത്തലം, ഒരു മഞ്ഞുപാടം.

ഭവ്യമായ പാഠശാലകളിൽ
ഞാൻ പരിശീലിപ്പിക്കുന്നു,
എന്റെ പ്രണയത്തെ, എന്റെ സ്വപ്നങ്ങളെ,
(കണ്ണുപോയ കുതിരകളെ).

ഒരു മഞ്ഞുപാടമാണു പശ്ചാത്തലം.

1920 ഒക്റ്റോബർ


 

Tuesday, November 15, 2011

ലോര്‍ക്ക - എന്റെ ആത്മാവിന്റെ നിഴൽ


എന്റെ ആത്മാവിന്റെ നിഴൽ പാഞ്ഞുപോകുന്നു
അക്ഷരങ്ങളുടെ അസ്തമയത്തിലൂടെ,
വാക്കുകളുടെ,
പുസ്തകങ്ങളുടെ മൂടൽമഞ്ഞിലൂടെ.

എന്റെ ആത്മാവിന്റെ നിഴൽ!

ഞാനെത്തിപ്പെട്ട സന്ധിയിൽ
നഷ്ടബോധങ്ങൾ നിലയ്ക്കുന്നു,
വിലാപത്തിന്റെ നീർത്തുള്ളി
ആത്മാവിന്റെ ചന്ദ്രകാന്തമാവുന്നു.

(എന്റെ ആത്മാവിന്റെ നിഴൽ!)

കദനത്തിന്റെ നൂൽക്കഴിയഴിഞ്ഞുതീരുന്നു,
ബാക്കിയാവുന്നു പക്ഷേ,
എന്റെ ചുണ്ടുകളുടെ പ്രാക്തനമദ്ധ്യാഹ്നം,
അതിന്റെ യുക്തികൾ,
എന്റെ ദൃഷ്ടികളുടെ പ്രാക്തനമദ്ധ്യാഹ്നം.

ധൂസരനക്ഷത്രങ്ങളുടെ കുടിലദുർഗ്ഗത്തിൽ
എന്റെ വാടിയ വ്യാമോഹം
കെണിയിൽപ്പെട്ടുവീഴുന്നു.

എന്റെ ആത്മാവിന്റെ നിഴൽ!

മതിഭ്രമമെന്റെ ദൃഷ്ടികളെ
കറന്നെടുക്കുന്നു.
‘പ്രണയ’മെന്ന പദം
ശോഷിച്ചുതീരുന്നതും
ഞാൻ കാണുന്നു.

വാനമ്പാടീ!
എന്റെ വാനമ്പാടീ!
നീയിന്നും പാടുകയോ?


 

Monday, November 14, 2011

ലോര്‍ക്ക - തെന്നൽ



തിരിവ്


നിന്റെ കൈയിലൊരു ലില്ലിപ്പൂവുമായി
നിന്നെ വിട്ടു ഞാൻ പോകുന്നു,
ഹാ, എന്റെ രാപ്രണയമേ!
എന്റെയേകാന്തതാരം നീ.


കറുത്ത പൂമ്പാറ്റകളെ
മെരുക്കുന്നവളേ!
എന്റെ വഴിയ്ക്കു ഞാൻ നടക്കുന്നു.
ഒരായിരം കൊല്ലത്തിനപ്പുറം
എന്നെ നീ കാണും,
ഹാ, എന്റെ രാപ്രണയമേ!


നീലിച്ചൊരു നടപ്പാതയിൽ,
ശ്യാമതാരങ്ങളെ
മെരുക്കുന്നവളേ,
വഴി കണ്ടു ഞാൻ പോകും.
പ്രപഞ്ചമെന്റെ ഹൃദയത്തി-
ലൊതുങ്ങുന്ന കാലം വരെ.



തെന്നൽ


തളം കെട്ടിയ തെന്നൽ.
വെയിൽ നിനക്കു മേൽ.
ആസ്പൻമരങ്ങളുടെ
വിറക്കൊണ്ട പായൽ
നിനക്കു ചോടെ.
ചകിതമായെന്റെ ഹൃദയവും.

ഉച്ച തിരിഞ്ഞഞ്ചുമണിയ്ക്ക്
തളം കെട്ടിയ തെന്നൽ,
കിളികളുമില്ല.





Sunday, November 13, 2011

റിൽക്കെ - അനാഥന്റെ ഗാനം


എന്റെയൊരു ചങ്ങാതിക്കും
എന്നെ മനസ്സിലായിട്ടില്ല;
പള്ളിയിലിരുന്നു ഞാൻ തേങ്ങുമ്പോൾ
അവർ പറയുന്നു:
ഇതാണു ജീവിതം.

എന്റെയൊരു പകലും
എന്റെ കൈകൾ കൂട്ടിപ്പിടിയ്ക്കുന്നില്ല;
വൃഥാ ഞാൻ കാത്തിരിക്കുന്നു,
ഞാൻ ഭയക്കുന്നതൊന്നിനെ:
സ്നേഹത്തെ.

എന്റെയൊരു രാത്രിയും
യാതൊന്നുമെനിയ്ക്കു നല്കുന്നില്ല:
എന്നെയണച്ചുപിടിയ്ക്കുന്നൊരാർദ്രത,
ഒരു സ്വപ്നം, ഒരു പനിനീർപ്പൂ...
എനിയ്ക്കു വിശ്വാസമാവുന്നില്ല,
ഇതു ജീവിതം തന്നെയെന്നും.


റിൽക്കെയുടെ ഒരു ഫ്രഞ്ചുകവിത



ലോര്‍ക്ക - ഇരുണ്ട മരണത്തിനൊരു ഗസൽ



ആപ്പിൾക്കനികളുടെ ഉറക്കമെനിയ്ക്കുറങ്ങണം,
സിമിത്തേരികളുടെ കോലാഹലത്തിൽ നിന്നെനിയ്ക്കു ദൂരെപ്പോകണം,
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ മോഹിച്ച
ആ കുട്ടിയുടെ ഉറക്കമെനിയ്ക്കുറങ്ങണം.

എനിയ്ക്കു കേൾക്കേണ്ടാ ശവങ്ങൾ ചോരയൊലിപ്പിക്കില്ലെന്ന്,
ദ്രവിച്ച ചുണ്ടുകൾ വെള്ളത്തിനു ദാഹിക്കുകയാണെന്ന്,
പുൽക്കൊടികളുടെ യാതനകളെനിയ്ക്കു കേൾക്കേണ്ടാ,
സർപ്പമുഖം വച്ച ചന്ദ്രൻ പുലരിയ്ക്കു മുമ്പെന്തൊക്കെച്ചെയ്തുവെന്നതും.

ഒരു നിമിഷമൊന്നുറങ്ങിയാൽ മതിയെനിയ്ക്ക്,
ഒരു നിമിഷം, ഒരു മിനുട്ട്, ഒരു നൂറ്റാണ്ട്.
നിങ്ങളൊക്കെയറിയണം പക്ഷേ, ഞാനിനിയും മരിച്ചിട്ടില്ലെന്ന്,
പൊന്നു കൊണ്ടൊരു പുൽത്തൊട്ടിയുണ്ടെന്റെ ചുണ്ടുകളിലെന്ന്,
പടിഞ്ഞാറൻ കാറ്റിന്റെ കൊച്ചുചങ്ങാതിയാണു ഞാനെന്ന്,
എന്റെ കണ്ണീരിന്റെ കൂറ്റൻനിഴലാണു ഞാനെന്ന്.

പുലരുമ്പോളൊരു മൂടുപടത്തിലെന്നെ പൊതിഞ്ഞെടുക്കൂ,
പുലരി വാരിയെറിയുന്ന ഉറുമ്പിൻകൂടുകളെന്റെ മേൽ വീഴാതിരിക്കട്ടെ,
എന്റെ ചെരുപ്പുകളിൽ ഘനജലം തളിയ്ക്കൂ,
അവളുടെ കരിന്തേൾക്കാലുകൾക്കു പിടുത്തം കിട്ടാതെപോകട്ടെ.

ആപ്പിൾക്കനികളുടെ ഉറക്കമെനിയ്ക്കുറങ്ങണം,
എന്നിൽ നിന്നു മണ്ണു കഴുകിക്കളയുന്നൊരു വിലാപമെനിയ്ക്കു പഠിക്കണം;
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ കൊതിച്ച
ആ കുട്ടിയോടൊപ്പമെനിയ്ക്കു ജീവിക്കണം.


Saturday, November 12, 2011

കാഫ്ക - ഫെലിസിന്


1913 ജനുവരി 19


പ്രിയപ്പെട്ടവളേ, എന്നെ നിന്നിലേക്കെടുക്കൂ, അണച്ചുനിർത്തൂ, ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ; ദിവസങ്ങൾ എന്നെ തട്ടിയുരുട്ടുകയാണ്‌; കലർപ്പറ്റ സന്തോഷമെന്നത് നിനക്കൊരിക്കലും എന്നിൽ നിന്നു കിട്ടുകയില്ലെന്നത് നീ മനസ്സിലാക്കണം;; കലർപ്പറ്റ യാതനകൾ മാത്രം, അതെത്ര വേണമെങ്കിലും- എന്നാലും എന്നെ പറഞ്ഞയക്കരുതേ. ഞാൻ നിന്നോടു ബന്ധിതനായിക്കിടക്കുന്നത് പ്രേമമൊന്നുകൊണ്ടുമാത്രമല്ല; പ്രേമം അത്രയ്ക്കൊന്നുമില്ല, പ്രേമം വരും, പോകും, പിന്നെയും വരും; പക്ഷേ നിന്റെ സത്തയോട് എന്നെ തളച്ചിട്ടിരിക്കുന്ന എന്റെ ദാഹം എന്നുമുണ്ടാവും; അതുപോലെ, പ്രിയപ്പെട്ടവളേ, നീയുമുണ്ടാവണം...



1913 ജനുവരി 21

ഇന്നു രാവിലെ അസ്വസ്ഥമായ ഒരുറക്കത്തിനു ശേഷം എഴുന്നേൽക്കുന്നതിനു മുമ്പ് അത്ര ദുഃഖിതനായിരുന്നു ഞാൻ; ജനാലയിലൂടെ സ്വയം പുറത്തേക്കെടുത്തെറിയാനല്ല ( എന്റെ ദുഃഖത്തിനു നിരക്കാത്തത്ര ഓജസ്സുള്ള പ്രവൃത്തിയായിപ്പോയേനേയത്), ജനാലയിലൂടെ സ്വയമെടുത്തു ചൊരിയാനാണ്‌ എനിക്കു തോന്നിയത്.

പക്ഷേ ഇപ്പോൾ നിന്റെ കത്തു കിട്ടിയ സ്ഥിതിയ്ക്ക്, പ്രിയപ്പെട്ടവളേ, ഇനിയൊരിക്കലും യാതൊന്നും നമുക്കിടയിൽ കടന്നുവരരുതേയെന്നൊരു നിർദ്ദേശം വയ്ക്കാൻ തിടുക്കപ്പെടുകയാണു ഞാൻ; നാം രണ്ടുപേരും അതിനുത്തരവാദികളല്ലല്ലോ. എത്ര ദീർഘമാണു നമുക്കിടയിലെ ദൂരം; അതു താണ്ടുക എന്നെ നിരന്തരമായ കർമ്മമേൽപ്പിക്കുന്ന യാതനയോർക്കുമ്പോൾ ചിലനേരം ഞാനെന്റെ കൈവിട്ടുപോവുകയാണ്‌, ഒരു നിമിഷത്തേക്കു ഞാൻ ചിതറിപ്പോവുകയാണ്‌. ഇതിനോടൊപ്പം കൂട്ടിച്ചേർത്തുനോക്കൂ, മൂന്നു സാദ്ധ്യതകൾ മാത്രമറിയുന്ന എന്റെ മാനസികാവസ്ഥയെ: പൊട്ടിത്തെറിക്കുക, തകർന്നടിയുക, അല്ലെങ്കിൽ ശോഷിച്ചുതീരുക. ഈ മൂന്നു സാദ്ധ്യതകളുടെ നിരന്തരമായ ഒരു പരമ്പരയായിരുന്നു എന്റെ ജീവിതമാകെ. ആരാധ്യയായ എന്റെ പാവം പ്രിയപ്പെട്ടവളേ, ഈ കാലുഷ്യത്തിൽ നീയും വന്നുപെട്ടുവല്ലോ! ഞാൻ പൂർണ്ണമായും നിനക്കുള്ളതാണ്‌; എന്റെ മുപ്പതു കൊല്ലത്തെ ജീവിതത്തെ നിരീക്ഷിച്ചതിൽ നിന്ന് ഇത്രയും എനിക്കു പറയാനാവും.



1913 ജനുവരി 26

ശനിയാഴ്ച ഒരു മണിയ്ക്ക് വീട്ടിലെത്തി.

നീയറിയണം, പ്രിയപ്പെട്ടവളേ, ഒരു സംശയത്തിനുമിടനല്കാത്ത രിതിയിൽ ദൈവം നിന്നെ എന്റെ കൈകളിലേല്പിച്ചിരിക്കുകയാണെന്നപോലെ അത്രയും സ്നേഹവും താത്പര്യവുമാണ്‌ എനിക്കു നിന്നോടുള്ളതെന്ന്.



ഫെബ്രുവരി 9-10

...ഇന്നലെ രാത്രി ഞാൻ നിനക്കെഴുതിയില്ല; മൈക്കൽ കോൽഹാസ്സു കാരണം ഞാൻ കിടക്കാൻ വൈകി. (നീയതു വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കരുത്! ഞാനതു നിന്നെ വായിച്ചുകേൾപ്പിക്കാം!) തലേ രാത്രിയിൽ വായിച്ച ചെറിയൊരു ഭാഗമൊഴിച്ചു ബാക്കി ഒറ്റയിരുപ്പിനു ഞാൻ വായിച്ചുതീർത്തു. പത്താമത്തെ തവണയാവണം. യഥാർത്ഥഭക്തിയോടെ ഞാൻ വായിക്കുന്നൊരു കഥയാണിത്; അതെന്നെ ആശ്ചര്യത്തിന്റെ തിരകളിലേറ്റിക്കൊണ്ടുപോവുകയാണ്‌; ഒരുവിധം ദുർബ്ബലവും, അല്പം അശ്രദ്ധയോടെ എഴുതിയതുമായ അവസാനഭാഗമില്ലായിരുന്നുവെങ്കിൽ പൂർണ്ണത തികഞ്ഞ ഒന്നായേനേയത്; എന്റെ അഭിപ്രായത്തിൽ ഈ ലോകത്തു സാദ്ധ്യമല്ലാത്ത തരം ഒരു പൂർണ്ണത. ( എന്റെ വിശ്വാസം, ഏറ്റവും മഹത്തായ സാഹിത്യകൃതികളിൽപ്പോലും മാനുഷികദൗർബല്യത്തിന്റെ ഒരു കൊച്ചുവാലുണ്ടെന്നും, നാമൊന്നു സൂക്ഷിച്ചുനോക്കിയാൽ ആ വാലൊന്നാടുകയും കൃതിയുടെ ആകെക്കൂടിയുള്ള ഉദാത്തവും ദിവ്യവുമായ ഭാവത്തെ കലുഷമാക്കുകയും ചെയ്യുമെന്നാണ്‌.)

പ്രിയപ്പെട്ടവളേ, ദയവായി ഒന്നു പറയൂ, ഇത്രയും സന്തോഷരഹിതനായ ഒരു ചെറുപ്പക്കാരനെ നീയെന്തിനു പ്രേമിക്കാനായി തിരഞ്ഞെടുത്തുവെന്ന്; അയാളുടെ ആ സന്തോഷരാഹിത്യം കാലം പോകെ നിന്നിലേക്കും പടരുകയില്ലേ? ഇന്നു പുറത്തു നടക്കാൻ പോവുമ്പോൾ ഒപ്പം വിവേകവും മര്യാദയുമുള്ള ഒരു ചെറുപ്പക്കാരിയുണ്ടായിരുന്നു; അവളെ എനിയ്ക്കു വലിയ കാര്യവുമാണ്‌. പക്ഷേ സ്വന്തം ജീവിതത്തെക്കുറിച്ച് അവൾ പരാതി പറഞ്ഞപ്പോൾ എനിയ്ക്കു മനം പുരട്ടുന്ന പോലെ തോന്നി. (മൂന്നുമാസത്തിലൊരിക്കൽ ഞാനവളെ കാണാറുണ്ട്.) പിന്നീടു പക്ഷേ, എല്ലാവരും അത്താഴത്തിനിരിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ അവളെ കളിയാക്കാൻ തുടങ്ങിയപ്പോൾ മിന്നലിന്റെ വേഗത്തിലാണ്‌ അവൾ തിരിച്ചടിച്ചത്, ജയവും അവൾക്കായിരുന്നു. സന്തോഷരാഹിത്യത്തിന്റെ ഒരു പ്രഭയാവണം ഞാൻ പ്രസരിപ്പിക്കുന്നത്. എന്നാലും വേവലാതിപ്പെടരുതേ, പ്രിയപ്പെട്ടവളേ, എന്നും എന്നോടൊപ്പമുണ്ടാവണമേ! എന്നോടു വളരെയടുത്ത്!

മൈക്കൽ കോൽഹാസ് -  ക്ളിസ്ടിന്റെ നോവെല്ല


ലോര്‍ക്ക - അസാദ്ധ്യമായ കൈ




യാതൊന്നുമെനിയ്ക്കു വേണ്ടാ, ഒരു കൈ മാത്രം മതി,
മുറിപ്പെട്ടതാണതെങ്കിലതൊന്നുതന്നെ മതി.
യാതൊന്നുമെനിയ്ക്കു വേണ്ടാ, ഒരു കൈ മാത്രം മതി,
ഒരു കിടക്കയില്ലാതായിരം രാത്രികൾ ഞാൻ കഴിച്ചാലും.

വിളർത്ത കുമ്മായത്തിന്റെ ലില്ലിപ്പൂവാകുമത്,
എന്റെ നെഞ്ചോടു കൊളുത്തിയിട്ട മാടപ്രാവാകുമത്,
എന്റെ മരണം നടക്കുന്ന രാത്രിയിൽ
ചന്ദ്രനു വാതിൽ കൊട്ടിയടയ്ക്കുന്ന കാവൽക്കാരനാവുമത്.

യാതൊന്നുമെനിയ്ക്കു വേണ്ടാ, ആ കൈ മാത്രം മതി,
എന്റെ നിത്യലേപനങ്ങൾക്കും, എന്റെ മരണവേദനയുടെ വെളുത്ത വിരിയ്ക്കും.
യാതൊന്നുമെനിയ്ക്കു വേണ്ടാ, ആ കൈ മാത്രം മതി,
എന്റെ മരണത്തിന്റെ ഒരു ചിറകും കൊണ്ടുനടക്കാൻ.

ശേഷിച്ചതൊക്കെ കടന്നുപോകും.
പേരില്ലാതിനി തുടുക്കൂ, നിത്യതാരമേ.
ബാക്കിയായതു മറ്റൊന്ന്:
കരിയിലകൾ പറത്തുന്ന വിഷാദത്തിന്റെ തെന്നൽ.


Friday, November 11, 2011

ലോര്‍ക്ക - ഒരു സെവിയേച്ചിന്ത്

File:Gustavo Adolfo breaker.jpg


ഒരു സെവിയേച്ചിന്ത്


നാരകത്തോപ്പിൽ
സൂര്യോദയം.
പൊൻനിറമായ കുഞ്ഞുതേനീച്ചകൾ
തേൻ തേടിപ്പോയിരിക്കുന്നു.

എവിടെ,
തേനിരിയ്ക്കുമിടം?

അതൊരു നീലമാറിടത്തിൽ,
ഇസബെൽ.
റോസ്മേരിച്ചെടിയിൽ
വിരിഞ്ഞ പൂവിൽ.

(മൂറിനൊരു
പൊൻപീഠം.
ഭാര്യയ്ക്കു
തിളങ്ങുന്നതൊന്നും.)

നാരകത്തോപ്പിൽ
സൂര്യോദയം.


(മൂറിനൊരു പൊൻപീഠം… - ഒരു നാടൻപാട്ടിന്റെ വരികൾ)


പറന്നുപോയ മെഴ്സിഡസിന്‌


ഉയരം വച്ച ശിലകളിൽ നീ രൂപം മാറി,
ഉറഞ്ഞ വെളിച്ചത്തിന്റെ വയോളയായി നീ.
കുരലില്ല്ലാത്തൊരു സ്വരം,
ഉള്ളതിലുമില്ലാത്തതിലും മുഴങ്ങുന്ന കറുത്ത ശബ്ദം.

വെണ്മയുടെ നിസ്സീമദീപ്തിയിൽ
വഴുക്കുന്ന മഞ്ഞാണു നിന്റെ ചിന്തകൾ.
തീരാത്ത ജ്വലനം, നിന്റെ മുഖം;
നിന്റെ ഹൃദയം, തുടലഴിച്ച മാടപ്രാവും.

തുറന്നുവിട്ട തെന്നലിലിനിപ്പാടൂ,
വാസനിയ്ക്കുന്നൊരു പ്രഭാതഗാനം:
മുറിവേറ്റ ഈസ്റ്റർലില്ലിപ്പൂവേ.

ഇവിടെ രാവും പകലും
നോവിന്റെ കോണിലിരുന്നു ഞങ്ങൾ നെയ്യട്ടെ,
വിഷാദം കൊണ്ടൊരു പുഷ്പചക്രം.

(സ്നേഹിതന്റെ മകൾ മരിച്ചതറിഞ്ഞെഴുതിയത്)


link to image


 

Thursday, November 10, 2011

കാഫ്ക - തന്റെ കൂടെയുള്ള ജീവിതം



അങ്ങയ്ക്ക് സ്വന്തം മകളെ അറിയാമല്ലോ: പ്രസരിപ്പും, ആരോഗ്യവും, തന്റേടവുമുള്ള പെൺകുട്ടിയാണവൾ; അവൾക്ക് ജീവിക്കാൻ  പ്രസരിപ്പും, ആരോഗ്യവും, ഓജസ്സുമുള്ള ആളുകൾ ചുറ്റിനും വേണം. ഒരേയൊരു സന്ദർശനത്തിൽ നിന്നേ അങ്ങയ്ക്ക് എന്നെക്കുറിച്ചറിയൂ (അതുതന്നെ മതിയാവുമെന്നു കൂട്ടിച്ചേർക്കാൻ തുടങ്ങുകയായിരുന്നു ഞാൻ); ഒരഞ്ഞൂറു കത്തുകളിലായി ഞാൻ എന്നെക്കുറിച്ച് അങ്ങയുടെ മകളോടു പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ എനിക്കു കഴിയില്ല. പക്ഷേ പ്രധാനപ്പെട്ട ഈയൊരു വസ്തുതയുടെ കാര്യം ഒന്നു പരിഗണിയ്ക്കൂ: എന്റെ അസ്തിത്വമാകെ ലക്ഷ്യം വയ്ക്കുന്നത് സാഹിത്യമൊന്നിനെ മാത്രമാണ്‌. എന്റെ മുപ്പതാമത്തെ വയസ്സു വരെയും ആ ലക്ഷ്യത്തിൽ നിന്നു വ്യതിചലിയ്ക്കാതിരിയ്ക്കാൻ ഞാൻ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്; അതിനെ കൈവിടുന്ന നിമിഷം എന്റെ ജീവിതവും നിലയ്ക്കും. ഞാൻ എന്തൊക്കെയാണോ, ഞാനെന്തല്ലയോ, അതെല്ലാം ഈയൊന്നിന്റെ ഫലമാണ്‌. ഞാൻ മിണ്ടാട്ടമില്ലാത്തവനാണ്‌, സംസർഗ്ഗമില്ലാത്തവനാണ്‌, പരുക്കനാണ്‌, സ്വാർത്ഥിയാണ്‌, രോഗഭീതി ഒഴിയാത്തവനാണ്‌, വാസ്തവത്തിൽ അനാരോഗ്യവാനുമാണ്‌. ഇതൊന്നിന്റെ പേരിലും ഞാൻ   മനസ്താപപ്പെടുന്നുമില്ല: ഉന്നതമായ ഒരനിവാര്യതയുടെ ഈ ഭൂമിയിലെ പ്രതിഫലനമാണത്. ( എന്നെക്കൊണ്ട് ശരിക്കും എന്തു സാദ്ധ്യമാകുമെന്നുള്ളതല്ല, ഇവിടെ പ്രശ്നം; ഇതിന്‌ അതുമായി ബന്ധവുമില്ല.)

എന്റെ വീട്ടുകാരോടൊപ്പമാണ്‌ ഞാൻ ജീവിക്കുന്നത്; എത്രയും ദയാലുക്കളായ, എത്രയും സ്നേഹസമ്പന്നരായ മനുഷ്യർക്കിടയിൽ - എന്നാൽ ഒരന്യനെക്കാൾ അന്യനാണ്‌ ഞാനവിടെ. ഈ അടുത്ത കുറേ കൊല്ലങ്ങളായി എന്റെ അമ്മയോട് ദിവസം ഇരുപതു വാക്കുകളിൽ കൂടുതൽ ഞാൻ സംസാരിച്ചിട്ടില്ല; നിത്യേനയുള്ള ഒരു കുശലം ചോദിക്കലല്ലാതെ അച്ഛനുമായി മറ്റൊരിടപാടുമില്ല. കെട്ടിച്ചുവിട്ട പെങ്ങന്മാരോടും, അവരുടെ ഭർത്താക്കന്മാരോടും ഞാൻ മിണ്ടാറേയില്ല, അവരോട് എനിക്കൊരു വിരോധവുമില്ലങ്കിലും. കുടുംബജീവിതത്തെക്കുറിച്ച് ഒരു ധാരണയും എനിക്കില്ല.

ഇങ്ങനെയുള്ള ഒരു മനുഷ്യനോടൊപ്പമാണോ അങ്ങയുടെ മകൾ, ആരോഗ്യമുള്ള പ്രകൃതം കൊണ്ടുതന്നെ സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിനർഹയായവൾ, ജീവിക്കേണ്ടത്? അധികസമയവും സ്വന്തം മുറിയിൽ അടച്ചിരിക്കുകയോ, തനിയേ അലഞ്ഞുനടക്കുകയോ ചെയ്യുന്ന ഒരാളോടൊപ്പം, മറ്റാരെ സ്നേഹിക്കുന്നതിലുമധികമായി അയാൾ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽക്കൂടി, ഇങ്ങനെയൊരു ആശ്രമജീവിതം അവൾ സഹിക്കണമെന്നുണ്ടോ- അയാൾക്കു തന്റെ ജീവിതത്തിന്റെ വിളി തള്ളിക്കളയാനാവില്ല എന്നതു കൊണ്ടുമാത്രം? സ്വന്തം അച്ഛനമ്മമാരിൽ നിന്നും, കുടുംബത്തിൽ നിന്നും, ഏതൊരുവിധമായ സാമൂഹ്യബന്ധത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടുള്ള ഒരു ജീവിതം അവൾ സഹിക്കണോ- എനിയ്ക്ക്, ഏറ്റവുമടുത്ത സുഹൃത്തിനു നേരെയും കതകടച്ചു താഴിടുന്ന എനിയ്ക്ക്, ഇങ്ങനെയല്ലാതൊരു വിവാഹജീവിതം ഭാവന ചെയ്യാനുള്ള കഴിവില്ല എന്നതു കൊണ്ടുമാത്രം? ഇതു താങ്ങാൻ അവൾക്കാകുമോ? അതും എന്തിനു വേണ്ടി? എന്റെ എഴുത്തിനു വേണ്ടിയോ? അവളുടെ കണ്ണിൽ, ഒരുപക്ഷേ എന്റെ കണ്ണിലും, സംശയാസ്പദമായ ഒന്നിനു വേണ്ടിയോ? അതിനായി ഒരു വിദേശനഗരത്തിൽ അവൾ ജീവിക്കണോ, ഒരു യഥാർത്ഥവിവാഹമാവാതെ, സ്നേഹവും സൗഹൃദവും മാത്രമുള്ള ഒരു ബന്ധമായി പരിണമിക്കാവുന്ന ഒരു വിവാഹത്തിലെ കണ്ണിയായി?


(1913 ആഗസ്റ്റ് 28 ന്‌ കാഫ്ക ഫെലിസിന്റെ അച്ഛനയച്ച കത്ത്. ഇതു പക്ഷേ ഫെലിസ് അച്ഛനെ കാണിയ്ക്കാൻ പോയില്ല.)


ലോര്‍ക്ക - സാന്തിയാഗോനഗരത്തിനൊരു പ്രണയഗാനം

NoteFile:Lothar Von Seebach, La rue de la Douane à Strasbourg, effet de pluie.jpg


എന്റെ പ്രിയകാമുകി
സാന്തിയാഗോവിൽ മഴ പെയ്യുന്നു.
ആകാശത്തൊരു വെള്ളക്കമേലിയാ,
നിഴലടഞ്ഞു സൂര്യൻ തിളങ്ങുന്നു.

ഇരുട്ടടച്ച രാത്രിയിൽ
സാന്തിയാഗോവിൽ മഴ പെയ്യുന്നു.
വിജനമായ ചന്ദ്രനിൽ വായ്ച്ചുകേറുന്നു
കിനാവുകളുടെ വെള്ളിപ്പുൽനാമ്പുകൾ.

തെരുവിൽ മഴ പെയ്യുന്നതു നോക്കൂ,
കല്ലിന്റെയും ചില്ലിന്റെയും വിലാപം.
മറയുന്ന തെന്നലിൽ, നോക്കൂ,
നിന്റെ കടലിന്റെ നിഴലും ചാരവും.

നിന്റെ കടലിന്റെ നിഴലും ചാരവും,
സാന്തിയാഗോ, സൂര്യനകന്നവളേ;
ഏതോ പ്രാക്തനപ്രഭാത-
മെന്റെ ഹൃദയത്തിലോളം വെട്ടുന്നു.


ഗലീസിയൻ കവിതകൾ


link to image


ലോര്‍ക്ക - ജലം മുറിപ്പെടുത്തിയവൻ

File:Nellie Bly-6m-in-Mexico-15.jpg



കിണറിനുള്ളിലേക്കെനിയ്ക്കിറങ്ങണം,
ഗ്രനാഡയുടെ ചുമരുകളെനിയ്ക്കു കയറണം,
ഇരുണ്ട വെള്ളക്കുത്തു തുളച്ചുകയറിയ
ഹൃദയമെനിയ്ക്കു കണ്ടുനിൽക്കണം.

തേങ്ങുകയായിരുന്നു മുറിപ്പെട്ട കുട്ടി,
ഉറമഞ്ഞു കൊണ്ടു കിരീടമണിഞ്ഞവൻ.
കുളങ്ങൾ, നീർത്തൊട്ടികൾ, ജലധാരകൾ,
വായുവിലവ വാളുകളുയർത്തി.
എത്രയുന്മത്തമായ പ്രേമം, എത്ര മൂർച്ചയേറിയ തലപ്പുകൾ,
എത്രയ്ക്കിരുണ്ട മന്ത്രണങ്ങൾ, എത്രയ്ക്കു വെണ്മയായ മരണം!
പുലരിയുടെ മൺകൂനകൾ മുക്കിത്താഴ്ത്തുകയായിരുന്നു
വെളിച്ചത്തിന്റെ മരുഭൂമികൾ!
ഒറ്റയ്ക്കായിരുന്നു കുട്ടി,
അവന്റെ കുരലിലുറങ്ങുകയായിരുന്നു നഗരം.
വിശന്നടുക്കുന്ന പായലിനെ തടുത്തുനിർത്തുന്നുണ്ട്,
അവന്റെ സ്വപ്നങ്ങളിൽ നിന്നുറവെടുക്കുന്ന ഒഴുക്കുവെള്ളം.
മെടഞ്ഞുകൂടിയ രണ്ടു മഴപ്പച്ചകളായിരുന്നു
കുട്ടിയുമവന്റെ നോവും.

നിലത്തിറക്കിക്കിടത്തിയ കുട്ടി,
അവന്റെ മേൽ കുനിഞ്ഞുനിന്ന വേദന.

കിണറിനുള്ളിലേയ്ക്കെനിക്കിറങ്ങണം,
കവിളുകവിളായിട്ടെന്റെ മരണമെനിയ്ക്കു കുടിച്ചിറക്കണം,
കരിമ്പായലു കൊണ്ടെന്റെ ഹൃദയമെനിയ്ക്കു നിറയ്ക്കണം,
ജലം മുറിപ്പെടുത്തിയ കുട്ടിയെയെനിയ്ക്കു നോക്കിനിൽക്കണം.


 

Wednesday, November 9, 2011

ലോര്‍ക്ക - മരിച്ച കുട്ടിയ്ക്കൊരു ഗസൽ



ഗ്രനാഡയിലോരോ അപരാഹ്നത്തിലും
ഒരു കുട്ടി മരിയ്ക്കുന്നു, ഓരോ അപരാഹ്നത്തിലും.
ജലമോരോ അപരാഹ്നത്തിലും
ചങ്ങാതിമാരൊത്തു കാര്യങ്ങൾ പറഞ്ഞിരിക്കുന്നു.

മരിച്ചവർക്കു പൂപ്പൽ പിടിച്ച ചിറകുകൾ.
തെളിഞ്ഞ കാറ്റും കലങ്ങിയ കാറ്റും
മണിമേടകൾ വട്ടം ചുറ്റുന്ന രണ്ടു വാൻകോഴികൾ.
പകൽ, മുറിപ്പെട്ടൊരു കുട്ടിയും.

ഒരു വാനമ്പാടിയുടെ മിന്നായവും മാനത്തു ശേഷിച്ചിരുന്നില്ല,
വീഞ്ഞിന്റെ വിലങ്ങളിൽ നിന്നെ ഞാൻ കണ്ടെത്തുമ്പോൾ;
ഒരു മേഘശകലവും കരയ്ക്കു മേൽ ശേഷിച്ചിരുന്നില്ല,
പുഴയിൽ നീ മുങ്ങിത്താഴുമ്പോൾ.

കുന്നുകൾക്കു മേൽ മലർന്നടിച്ചുകിടക്കുന്ന കൂറ്റനെപ്പോലെ ജലം,
നായ്ക്കളും ഐറിസ്പൂക്കളും തകിടം മറിയുന്ന താഴ്വാരം.
എന്റെ കൈകളൂതനിറത്തിൽ നിഴൽ വീഴ്ത്തിയ നിന്റെയുടൽ
തണുത്തൊരു മാലാഖയായിരുന്നു, പുഴത്തടത്തിൽ മരിച്ചുകിടക്കുമ്പോൾ.


 

Tuesday, November 8, 2011

ലോര്‍ക്ക - ചരിഞ്ഞുകിടക്കുന്ന സ്ത്രീ

File:Schiele - Weiblicher Akt mit angewinkelten Beinen - 1918.jpg


നഗ്നയായി നിന്നെക്കണ്ടാൽ ഞാനോർക്കുന്നതു മണ്ണിനെ,
മിനുസമായ മണ്ണിനെ, കുതിരകൾ മാഞ്ഞുപോയതിനെ,
ഈറകളില്ലാത്ത മണ്ണിനെ, കേവലരൂപത്തെ,
ഭാവിയ്ക്കു മുഖം തിരിച്ചതിനെ, വെള്ളിയുടെ വടിവിനെ.

നഗ്നയായി നിന്നെക്കണ്ടാൽ ഞാനറിയുന്നതു മഴയുടെ തൃഷ്ണയെ,
ചുറ്റിപ്പിടിയ്ക്കാനൊരു പേലവജഘനം തിരഞ്ഞുപോകുന്ന മഴയെ,
അതുമല്ലെങ്കിൽ സ്വന്തം കവിളിന്റെ വെളിച്ചം കാണാതെ
ജ്വരം പിടിച്ച കടലിന്റെ പരപ്പാർന്ന മുഖത്തെ.

കിടപ്പറകളിൽ ചോര മാറ്റൊലിയ്ക്കും,
പാളുന്ന വാളുകളുമായതു വന്നുചേരും,
വയലറ്റുപൂവും ഹൃദയവുമൊളിയ്ക്കുമിടങ്ങൾ
നിനക്കറിവുമുണ്ടാകില്ല പക്ഷേ.

വേരുകളുടെ കലാപം നിന്റെയുദരം.
വടിവു നിവരാത്ത പ്രഭാതം നിന്റെയധരം.
ഇളംചൂടുള്ള കിടക്കയുടെ  റോജാപ്പൂക്കൾക്കടിയിൽ
മരിച്ചവർ തേങ്ങുന്നു, ഊഴം കാത്തിരിക്കുന്നവർ.


link to image

Monday, November 7, 2011

കാഫ്ക - തണുത്ത ലോകം


1911 ജനുവരി 19

തമ്മിൽ കലഹിക്കുന്ന രണ്ടു സഹോദരന്മാരെക്കുറിച്ച് ഒരിക്കൽ ഞാനൊരു നോവൽ വിഭാവന ചെയ്യുകയുണ്ടായി; അതിലൊരാൾ അമേരിക്കയിലേക്കു പോവുകയും, മറ്റേയാൾ യൂറോപ്പിലെ ഒരു തടവറയിൽ കിടക്കുകയുമാണ്‌. ഇടയ്ക്കെപ്പോഴെങ്കിലുമേ ചില വരികൾ ഞാനെഴുതിയിരുന്നുള്ളു, കാരണം എനിക്കതു വേഗം തന്നെ മടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ച തിരിഞ്ഞ നേരത്ത് ഞാൻ ചില വരികളെഴുതി; ഞങ്ങളന്ന് എന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ ചെന്നിരിയ്ക്കുകയാണ്‌; ആ ഭാഗത്തു പതിവുള്ള പതുപതുത്ത ഒരുതരം റൊട്ടി, വെണ്ണ പുരട്ടിയത്, ഞങ്ങൾ കഴിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ മൂഢാഭിമാനം കൊണ്ടുതന്നെയാവണം, മേശവിരി മേൽ കടലാസു നിവർത്തിവച്ചും, പെൻസിലു കൊണ്ടു താളം പിടിച്ചും, വിളക്കിനു ചോട്ടിലേക്കു കുനിഞ്ഞുനോക്കിയും ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുകയായിരുന്നു ഞാൻ: അയാൾ ഞാനെഴുതിയത് എന്റെ കൈയിൽ നിന്നു വാങ്ങിനോക്കണം, എന്നെ അഭിനന്ദിക്കണം. ആ കുറച്ചു വരികളിലുണ്ടായിരുന്നത് മുഖ്യമായും തടവറയുടെ ഒരു വിവരണമായിരുന്നു, വിശേഷിച്ചും അതിന്റെ നിശ്ശബ്ദതയും തണുപ്പും; പിന്നിലായിപ്പോയ സഹോദരനെക്കുറിച്ച് സഹതാപരൂപത്തിലുള്ള ചിലതും അതിലുണ്ടായിരുന്നു; അയാളായിരുന്നല്ലോ, കൂട്ടത്തിൽ നല്ലവൻ. എന്റെ വിവരണം ഒരു വിലയുമില്ലാത്തതാണെന്ന് നൈമിഷികമായ ഒരു തോന്നൽ എനിക്കുണ്ടായിരുന്നുവെന്നു വരാം; പക്ഷേ ഉച്ചയ്ക്കു മുമ്പ് അങ്ങനെയുള്ള തോന്നലുകളെ ഞാൻ കാര്യമായി ശ്രദ്ധിക്കാൻ പോയിരുന്നില്ല; കാരണം, എനിക്കു പരിചയമുള്ള (പരിചയം കൊണ്ടു തന്നെ പാതി സന്തോഷം കിട്ടുന്ന രീതിയിൽ കാതരമനസ്സായിരുന്നു ഞാൻ) ബന്ധുക്കൾക്കിടയിലാണു ഞാൻ; എനിക്കു പരിചിതമായ ഒരു മുറിയിലെ വട്ടമേശയ്ക്കരികിലിരിക്കുകയാണ്‌; ഞാൻ ചെറുപ്പമാണെന്നും, ഇപ്പോഴത്തെ പ്രശാന്തതയിൽ നിന്നിറങ്ങിപ്പോയി ഭാവിയിൽ വലിയ ഉദ്യമങ്ങളേറ്റെടുക്കാനുള്ളയാളാണു ഞാനെന്നും എനിക്കോർമ്മയുമുണ്ട്. അന്യരെ കളിയാക്കുന്നതിൽ തല്പരനായ ഒരമ്മാവൻ ഒടുവിൽ എന്റെ കൈയിൽ നിന്ന് ആ കടലാസ്സു വാങ്ങി ഒന്നോടിച്ചു നോക്കിയിട്ട് ഒരു ചിരി പോലുമില്ലാതെ അതെനിയ്ക്കു മടക്കിത്തരികയും, കണ്ണുകൾ കൊണ്ട് തന്നെ പിന്തുടരുകയായിരുന്ന മറ്റുള്ളവരോട് ‘ പതിവുസാധനം തന്നെ’ എന്നു മാത്രം പറഞ്ഞ്, എന്നോടു യാതൊന്നും പറയാതിരിക്കുകയും ചെയ്തു. ശരിതന്നെ, നിരുപയോഗമായിത്തീർന്ന എന്റെ കടലാസ്സിനു മുന്നിൽ പണ്ടേപ്പോലെ കുനിഞ്ഞിരിക്കുകയായിരുന്നു ഞാൻ; പക്ഷേ  ഒറ്റ ഉന്തൽ കൊണ്ട് സമൂഹത്തിൽ നിന്നു ഞാൻ ബഹിഷ്കൃതനായിക്കഴിഞ്ഞു; എന്റെ അമ്മാവന്റെ വിലയിരുത്തൽ അതിന്റെ ശരിക്കുള്ള പ്രാധാന്യത്തോടെ എന്റെയുള്ളിൽ ആവർത്തിക്കുകയായിരുന്നു; ഒരു കുടുംബത്തിൽ ഉൾപ്പെട്ടവനാണെന്ന തോന്നലിനിടയിലും നമ്മുടെ ലോകത്തിന്റെ തണുത്ത സ്ഥലത്തേക്ക് ഒരുൾക്കാഴ്ച എനിയ്ക്കു കിട്ടുകയായിരുന്നു; ഞാൻ തന്നെ തേടിക്കണ്ടെത്തേണ്ട ഒരഗ്നി കൊണ്ടു വേണം എനിക്കതിനു ചൂടു പകരുവാനും.


സർവേശ്വർ ദയാൽ സക്സേന (1927-1983)


1. ഏകാന്തത


ആളൊഴിഞ്ഞ പാതയിൽ
ഒറ്റയ്ക്കൊരു ചുള്ളി.
ഞാനതു രണ്ടായൊടിച്ചു,
അടുപ്പിച്ചടുപ്പിച്ചു വച്ചു.



2. വാതിലുകളടച്ചിരിക്കുന്നു

വാതിലുകളടച്ചിരിക്കുന്നു,
ഓർമ്മകളൊഴിച്ചാരുമില്ല വീട്ടിൽ.
ചുമരിലരിച്ചിറങ്ങുന്ന നിലാവെളിച്ചം
നിശ്ശബ്ദതയുടെ വാരിയെല്ലുകൾ പോലെ.
മൂക്കിൽ നിന്നു തലയ്ക്കുള്ളിലേക്കിരച്ചുകയറുന്നു
തളം കെട്ടിയ വായുവിന്റെ ദുഷിച്ച ഗന്ധം.
എനിക്കറിയില്ല,
മതിലു ചാടി ഉള്ളിലെത്തിയാൽ
എന്താവും നിങ്ങൾക്കു തോന്നുകയെന്ന്.
വെള്ളയടിച്ചതു മഞ്ഞിച്ചിരിക്കും,
പുളയുന്ന അന്ധകാരം
പൊടിയായടിഞ്ഞിരിക്കും,
നിങ്ങളുടെ കൈകൾ
ഘടികാരസൂചികളനക്കുമ്പോൾ
ഒഴിഞ്ഞ കിളിക്കൂടു
നിങ്ങൾക്കു മേലടർന്നുവീഴും,
പരവതാനിയിൽ കാലം ചത്തുകിടക്കും,
ഉറുമ്പുകളതിനെ വലിച്ചിഴച്ചുകൊണ്ടുപോകും.



ലോര്‍ക്ക - അർദ്ധചന്ദ്രൻ

File:Archip Iwanowitsch Kuindshi 006.jpg

 


എത്ര പ്രശാന്തമാണാകാശം!
ജലത്തിനു മേൽ ചന്ദ്രന്റെ പ്രയാണം,
പുഴയുടെ പഴകിയ നടുക്കങ്ങൾ
കൊയ്തെടുത്തും കൊണ്ടു മന്ദം, മന്ദം.
ഈ നേരത്തൊരു തവളയ്ക്കു തോന്നൽ,
താൻ മുഖം നോക്കുന്ന കണ്ണാടിയാണവളെന്നും.



http://commons.wikimedia.org/wiki/File:Archip_Iwanowitsch_Kuindshi_006.jpg


Sunday, November 6, 2011

ലോര്‍ക്ക - ഭീഷണസാന്നിദ്ധ്യത്തിനൊരു ഗസൽ


തടമില്ലാതെ പുഴയൊഴുകിയാൽ മതിയെന്നാണെനിയ്ക്ക്.
ചുരമില്ലാതെ കാറ്റു വീശിയാൽ മതിയെന്നാണെനിയ്ക്ക്.

രാത്രിയ്ക്കു കണ്ണുകൾ വേണമെന്നില്ലെനിയ്ക്ക്,
എന്റെ ഹൃദയത്തിനു പൊന്നിന്റെ പൂവിതളുകളും വേണ്ട.

മൂരികളിലകളോടു സംസാരിക്കട്ടെയെന്നാണെനിയ്ക്ക്,
ഇരുളിന്റെ ഭാരം കൊണ്ടു മണ്ണിര ജീവൻ വെടിയട്ടെയെന്നും.

തലയോട്ടിയിൽ പല്ലുകൾ തിളങ്ങട്ടെയെന്നാണെനിയ്ക്ക്,
മഞ്ഞകൾ പട്ടിനെ മുക്കട്ടെയെന്നും.

മുറിപ്പെട്ട രാവിന്റെ പോരാട്ടം ഞാൻ കണ്ടുനിൽക്കാം,
നട്ടുച്ചയുമായി ചുറയിട്ടതു മല്ലുപിടിയ്ക്കുന്നതും ഞാൻ കാണാം.

വിഷം കൊണ്ടു പച്ചയായ സായാഹ്നത്തെ ഞാൻ സഹിക്കാം,
കാലം യാതനപ്പെടുന്ന തകർന്ന കമാനങ്ങൾ ഞാൻ സഹിക്കാം.

എന്നാലെനിയ്ക്കു കണ്ണിൽ കാട്ടരുതേ നിന്റെ നഗ്നതയുടെ നൈർമ്മല്യത്തെ,
ഈറകൾക്കിടയിലിരുണ്ടുപിളർന്ന കള്ളിമുൾ പോലെ.

ഇരുളടഞ്ഞ ഗ്രഹങ്ങൾക്കു ദാഹിച്ചു ഞാൻ കിടന്നോളാം,
എന്നാലെനിയ്ക്കു കാട്ടരുതേ നിന്റെ ജഘനത്തിന്റെ തണുവിനെ.


 

ലോര്‍ക്ക - ഇരുണ്ട പ്രണയത്തിന്റെ...


ഇരുണ്ട പ്രണയത്തിന്റെ നിഗൂഢശബ്ദമേ!
ആരെന്നില്ലാത്ത രോദനമേ! മറഞ്ഞ മുറിവേ!
പാരുഷ്യത്തിന്റെ കാരമുള്ളേ, കൊഴിഞ്ഞ കമേലിയാപ്പൂവേ!
ഒഴുക്കില്ലാത്ത കടലേ, കോട്ട കെട്ടാത്ത നഗരമേ!

മുഖം തെഴുത്ത വിപുലരാവേ,
യാതന കൊണ്ടു നടുനിവർന്ന ദിവ്യാചലമേ!
ഹൃദയത്തിലെ വേട്ടനായേ! നായാടിയ ശബ്ദമേ,
അതിരില്ലാത്ത മൗനമേ, വിടർന്ന ലില്ലിപ്പൂവേ!

എന്നെ വിട്ടുപോകൂ, മഞ്ഞിന്റെ പൊള്ളുന്ന ശബ്ദമേ,
വന്ധ്യമായ ഉടലും മാനവും വിലാപിക്കുമ്പോൾ
കള്ളിമുൾക്കാടുകൾക്കിടയിലെനിയ്ക്കു വഴി പിണയാതിരിക്കട്ടെ.

എന്റെ കഠിനകപാലം വിട്ടുപോകൂ,
എന്നിൽ ദയവു കാട്ടൂ, എന്റെ വിലാപത്തെത്തകർക്കൂ!
പ്രണയമാണു ഞാൻ, പ്രകൃതിയാണു ഞാൻ!


ലോര്‍ക്ക - അവൻ മരിച്ചതു പുലർച്ചെ


രാത്രിയ്ക്കു നാലു ചന്ദ്രന്മാർ,
ഒരേയൊരു മരവും,
മരത്തിനൊരേയൊരു നിഴൽ,
അതിലൊരേയൊരു കിളിയും.

എന്റെയുടലിൽ ഞാൻ തിരഞ്ഞതു
നിന്റെ ചുണ്ടിന്റെ പാടുകൾ.
ജലധാര കാറ്റിനെ ചുംബിക്കുന്നു
അതിനെയൊന്നു തൊടാതെതന്നെ.

എന്റെ കൈപ്പടത്തിൽ ഞാൻ കൊണ്ടുനടക്കുന്നു
നീയെനിയ്ക്കു നല്കിയ ആ ‘ഇല്ല’,
വെളുത്ത മെഴുകിൽ വാർന്ന
നാരകപ്പഴം പോലെ.

രാത്രിയ്ക്കു നാലു ചന്ദ്രന്മാർ,
ഒരേയൊരു മരവും.
ഒരു സൂചിമുനയിൽ നിന്നു
പമ്പരം തിരിയുകയാണെന്റെ പ്രണയം!


കാഫ്ക - ഫെലിസിന്

Franz Kafka (1883-1924)





1912 നവംബർ 24



പ്രിയപ്പെട്ടവളേ, എത്രയും ജുഗുപ്ത്സാവഹമായ ഈ കഥ ഞാനൊരിക്കൽക്കൂടി മാറ്റിവയ്ക്കുകയാണ്‌, നിന്നെക്കുറിച്ചോർമ്മിച്ച് എനിക്കൊന്നുന്മേഷമാവാൻ. ഇന്നത്തോടെ അതു പാതിയും തീർന്നിരിക്കുന്നു, ആകപ്പാടെ എനിക്കത്ര തൃപ്തിക്കുറവുമില്ല; പക്ഷേ തീരാത്തത്ര ജുഗുപ്ത്സാവഹമാണത്. നോക്കൂ, ഈവകയൊക്കെ പുറത്തുവരുന്നത് നീ കുടിയേറിയ അതേ ഹൃദയത്തിൽ നിന്നു തന്നെയാണ്‌, അസൗകര്യങ്ങൾ സഹിച്ചും നീ താമസിക്കുന്ന അതേ ഹൃദയത്തിൽ നിന്ന്. എന്നാൽ അതോർത്തു നീ മനസ്സു വിഷമിപ്പിക്കുകയും വേണ്ട; ആരു കണ്ടു, എഴുതിയെഴുതി വിമുക്തനാവുന്നതോടെ മാലിന്യങ്ങൾ മാറി നിനക്കർഹനായേക്കില്ല ഞാനെന്ന്; ഇനിയുമൊഴിച്ചുകളയാൻ എത്രയോ ബാക്കി കിടക്കുന്നുവെന്നതു ശരിയാണെങ്കിലും, ഈ ഇടപാടിന്‌ രാത്രികളുടെ ദൈർഘ്യം മതിയാവുകയില്ലെങ്കിലും?
ഇനി, ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിന്റെ ആഗ്രഹമതായതു കൊണ്ട്, അതെളുപ്പമാണെന്നതു കൊണ്ടും, നിന്റെ കാതിൽ ഞാൻ മന്ത്രിക്കട്ടെ, എനിക്കു നിന്നെ എന്തുമാത്രം സ്നേഹമാണെന്ന്. നിന്നെ ഞാനത്രയ്ക്കും സ്നേഹിക്കുന്നു ഫെലിസ്; എനിക്കു നീ സ്വന്തമാവുകയാണെങ്കിൽ ചിരായുസ്സിനു ഞാൻ കൊതിക്കുമായിരുന്നു; പക്ഷേ ഓർക്കുക, ആരോഗ്യമുള്ള ഒരുവനായി, നിനക്കു നിരക്കുന്നവനായി. അതെ, അങ്ങനെയാണത്, നീയതു മനസ്സിലാക്കുകയും വേണം. ചുംബനത്തെക്കവിഞ്ഞതൊന്നാണത്; അതു ബോദ്ധ്യമാവുമ്പോൾ നിന്റെ കൈയിൽ പതിയെ തലോടുകയല്ലാതെ കാര്യമായി മറ്റൊന്നും ചെയ്യാൻ എനിക്കു ശേഷിക്കുന്നുമില്ല. അതുകൊണ്ടാണ്‌ പ്രിയപ്പെട്ടവളേ എന്നല്ലാതെ ഫെലിസ് എന്നു വിളിയ്ക്കാൻ എനിക്കിഷ്ടം; പ്രിയേ എന്നല്ലാതെ നീയെന്നും. അതേസമയം കഴിയുന്നത്ര കാര്യങ്ങൾ നിന്നോടു പറയണമെന്നുമെനിക്കുള്ളതിനാൽ പ്രിയപ്പെട്ടവളേ എന്നു വിളിക്കാനും എനിക്കിഷ്ടം തന്നെ, ഇനിയെന്തു പേരു വിളിയ്ക്കാനും.


1912 ഡിസംബർ 22


നിനക്കത്രപെട്ടെന്നു കോപം വരാറുണ്ടോ? പൊതുവേ എനിക്കങ്ങനെയില്ല, പക്ഷേ വന്നാൽ മറ്റേതു നേരത്തേക്കാളും ദൈവസാമീപ്യം ഞാനനുഭവിക്കുന്നത് അപ്പോഴാണെന്നു തോന്നിപ്പോവാറുണ്ട്. പൊടുന്നനേ ഉടലുടനീളം ചോര തിളയ്ക്കാൻ തുടങ്ങുമ്പോൾ, കീശകൾക്കുള്ളിൽക്കിടന്നു മുഷ്ടികൾ പുളയുമ്പോൾ, തന്റേതായ സർവ്വതും ആത്മനിയന്ത്രണത്തിൽ നിന്നു വിഘടിച്ചു മാറുമ്പോൾ, സ്വയം നിയന്ത്രിക്കാനുള്ള ഈ കഴിവില്ലായ്മ ഒരു ബലമായി- മറ്റൊരർത്ഥത്തിൽ, എന്നല്ല, ശരിയായ അർത്ഥത്തിൽ ഒരു ബലമായി സ്വയം വെളിപ്പെടുമ്പോൾ- അപ്പോൾ നിങ്ങൾക്കു ബോദ്ധ്യപ്പെടുകയാണ്‌, തുടക്കത്തിലേ കോപത്തെ നിയന്ത്രിക്കേണ്ടതുള്ളുവെന്ന്. ഇന്നലെ രാത്രിയിൽത്തന്നെ ഞാനൊരാളെ കൈയോങ്ങി മുഖത്തടിയ്ക്കുന്ന വക്കു വരെയെത്തിയതാണ്‌, അതും ഒരു കൈ കൊണ്ടല്ല, രണ്ടു കൈയും കൊണ്ട്; ഒരിക്കലല്ല, പലതവണ. ഒടുവിൽ വാക്കുകൾ കൊണ്ടു ഞാൻ തൃപ്തനാവുകയായിരുന്നു; പക്ഷേ അവ അത്ര കടുത്തതുമായിരുന്നു...



1913 ജനുവരി 26-27


ഹെബ്ബലിന്റെ കത്തുകളുമായി ഞാനിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു; ഇപ്പോൾ രാത്രി കുറേ വൈകിയുമിരിക്കുന്നു. വേദന തുറന്നു പറയാനറിയുന്നൊരു മനുഷ്യനായിരുന്നു അദ്ദേഹം, സത്യം തുറന്നുപറയാനും; ഉള്ളിന്റെയുള്ളിൽ സ്വയം അത്ര ഉറപ്പുള്ളയാളായിരുന്നു അദ്ദേഹം എന്നതാണതിനു കാരണം. ആ വ്യക്തിത്വത്തിൽ ഒരു ചെറുരേഖ പോലുമില്ല മിഴിവില്ലാത്തതായി; പതർച്ച എന്നത് അദ്ദേഹത്തിനില്ല. എന്നിട്ടും മുപ്പതാമത്തെ വയസ്സു മുതൽ രണ്ടു സ്ത്രീകളുമായി അദ്ദേഹം ബന്ധം പുലർത്തിയിരിക്കുന്നു, രണ്ടു കുടുംബങ്ങളെ നോക്കിനടത്തിയിരിക്കുന്നു, രണ്ടിലും മരണങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. താൻ ചെയ്യുന്നതെന്തിനെക്കുറിച്ചുമുള്ള വിവരണം ഇങ്ങനെ തുടങ്ങാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു: ‘തെളിഞ്ഞ മനഃസാക്ഷിയാണ്‌ പ്രവൃത്തിയുടെ ഉരകല്ലെങ്കിൽ...’. ഈ തരം മനുഷ്യരിൽ നിന്ന് എത്രയകലെയാണു ഞാൻ! സ്വന്തം മനഃസാക്ഷിയെ ഒരിക്കലെങ്കിലും പരിശോധിച്ചുനോക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ ശിഷ്ടായുസ്സു മൊത്തം പിന്നെ ആ മനഃസാക്ഷിയുടെ ഉയർച്ചതാഴ്ചകളും നോക്കി ഇരിക്കേണ്ടിവന്നേനെ ഞാൻ. അതിനാൽ ഞാനിഷ്ടപ്പെടുക, അതിനു പുറം തിരിഞ്ഞിരിക്കുകയാണ്‌, അതുമാതിരിയുള്ള ആത്മപരിശോധനകളുമായി ഒരേർപ്പാടും വയ്ക്കാതിരിയ്ക്കുകയാണ്‌. തനിയ്ക്കു പിന്നിൽ എന്താണു നടക്കുന്നതെന്ന ശങ്ക പ്രബലമാവുമ്പോഴേ എന്റെ മനസ്സൊന്നിടിയുന്നുള്ളു.
ഫ്രാൻസ്



1913 മാർച്ച് 17-18

നീ പറഞ്ഞതു ശരിയാണു ഫെലിസ്; അടുത്ത കാലത്തായി നിനക്കു കത്തെഴുതാൻ ഞാൻ സ്വയം അത്രമാത്രം നിർബ്ബന്ധിച്ചാലേ കഴിയൂ എന്നായിരിക്കുന്നു; പക്ഷേ നിനക്കെഴുതലും എന്റെ ജീവിക്കലും തമ്മിൽ അത്രയ്ക്കടുത്തുവരികയും ചെയ്തിരിക്കെ, ജീവിക്കാനും എനിക്കു സ്വയം നിർബ്ബന്ധിക്കേണ്ടിവരുന്നു. അങ്ങനെയല്ലേ?
അതുമല്ല മൂലസ്രോതസ്സിൽ നിന്ന് ഒരു വാക്കു പോലും എന്നിലേക്കു വരുന്നുമില്ല; വഴിയിലെവിടെയോ വച്ച്, വളരെ ആകസ്മികമായി, വളരെ പ്രയാസപ്പെട്ടും കൈയിലാക്കുകയാണു ഞാനെന്നേയുള്ളു. ഒരിക്കൽ, ജീവിതവും എഴുത്തും എനിക്കൊന്നായിരുന്ന കാലത്ത് ഞാൻ നിനക്കെഴുതിയിരുന്നല്ലോ, ഒരനുഭൂതി യഥാർത്ഥമാണെങ്കിൽ അനുയോജ്യമായ വാക്കുകൾ തേടി അതലയേണ്ടിവരില്ലെന്ന്, അവ മുന്നിൽ വന്നു നിന്നുതരുമെന്ന്, അവ തന്നെയും അതിനു പ്രേരകമാവാമെന്ന്? അതൊരുപക്ഷേ സത്യമല്ലെന്നു വരാം.

പക്ഷേ എത്ര പതറാത്ത കൈ കൊണ്ടാവട്ടെ ഞാനെഴുതുന്നത്, അതെങ്ങനെ കൈവരിക്കാൻ, ഞാൻ കൈവരിക്കാനാഗ്രഹിക്കുന്നതൊക്കെ: ഒരേപോലെ ഗൗരവമുള്ളതാണ്‌ എന്റെ രണ്ടപേക്ഷകളുമെന്നു നിന്നെ ബോദ്ധ്യപ്പെടുത്തുക: ‘എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുക’ അതുപോലെ ‘എന്നെ വെറുക്കുക’.
പക്ഷേ നീ എന്നെക്കുറിച്ചു വേണ്ടവിധം ചിന്തിക്കുന്നില്ലെന്നു ഞാൻ ഗൗരവമായിത്തന്നെ പറയുകയാണ്‌. ഉണ്ടെങ്കിൽ ആ നരച്ച മുടി നീ എനിക്കയച്ചുതരുമായിരുന്നല്ലോ. ചെന്നികളിൽ മാത്രമല്ല എന്റെ മുടി നരച്ചിരിക്കുന്നത്, എന്റെ തലയാകെ നര കേറുകയാണ്‌; ഒരാൾ കഷണ്ടിയാണെങ്കിൽത്തന്നെ നിനക്കയാളെ സഹിക്കാൻ പറ്റില്ലെന്നോർക്കുമ്പോൾ നര ഒന്നുകൂടി വെളുക്കുകയുമാണ്‌.
പറഞ്ഞ ഡയറി എഴുതാൻ എനിക്കു മനസ്സു വരുന്നുമില്ല, ഫെലിസ്. ( ഫെ എന്നെഴുതാൻ എന്റെ പേന പിന്നെയും വിസമ്മതിക്കുകയാണ്‌; സ്കൂൾകുട്ടികൾക്കോ വെറും പരിചയക്കാർക്കോ അതു മതി; ഫെലിസ് എന്നാൽ അതിലുമധികമാണ്‌; ശരിയ്ക്കും അതൊരാശ്ളേഷം തന്നെയാണ്‌. വാക്കുകളെ ആശ്രയിക്കുന്ന, ഈയൊരു കാര്യത്തിലെന്നപോലെ പ്രകൃതം കൊണ്ടും, എന്നെപ്പോലൊരാൾ അങ്ങനെയൊരവസരം വിട്ടുകളയുമെന്നു കരുതാമോ?) അതു നിറയെ അസഹ്യമായ കാര്യങ്ങളായിരിക്കും, തീർത്തും അസാദ്ധ്യമായ കാര്യങ്ങൾ; അവ കത്തുകളായല്ലാതെ, വെറുമൊരു ഡയറിയായി വായിക്കാൻ നിന്നെക്കൊണ്ടു കഴിയുമോ, പ്രിയപ്പെട്ടവളേ? ആ വാഗ്ദത്തം ഞാൻ മുൻകൂറായി ആവശ്യപ്പെടുകയാണ്‌.
ഇന്നുച്ചയ്ക്കു ഞാനെഴുതി, എന്റെ ബർലിൻയാത്ര എന്നെ മാത്രമാശ്രയിച്ചാണിരിക്കുന്നതെന്നപോലെ; അതു ഞാൻ കത്തെഴുതിയതിന്റെ തിടുക്കം കൊണ്ടു വന്നുപോയതാണ്‌; മറ്റെന്തിലുമുപരി നിനക്കതിനെക്കുറിച്ചുള്ള വീക്ഷണത്തിലാണ്‌ ആ യാത്രയുടെ ഭാവി എന്നു ഞാൻ പറയേണ്ടല്ലോ.
വിട, പ്രിയപ്പെട്ടവളേ. എന്റെ യാത്രയ്ക്കുള്ള വിഘാതത്തെക്കുറിച്ച് നാളെ പകൽ ഞാനെഴുതാം.
ഫ്രാൻസ്


ലോര്‍ക്ക - കവിയുടെ മാറിൽക്കിടന്നു മയങ്ങുന്നു, കാമുകി



ഒരു നാളുമറിയില്ല നീ,യെത്ര സ്നേഹിച്ചിരുന്നു നിന്നെ ഞാനെന്ന്,
മയക്കമായിരുന്നു നീ,യെന്നിൽ മയങ്ങുകയിരുന്നു നീ.
തുളഞ്ഞുകേറുന്ന വാൾമുന പോലൊരു സ്വരം നമ്മെ പിന്തുടർന്നപ്പോൾ
കണ്ണീരിന്റെ മൂടുപടത്തിൽ നിന്നെ ഞാനൊളിപ്പിച്ചു.

ഉടലിനെയും പുലരിത്താരത്തെയും കലുഷമാക്കുന്നൊരു നിയമം
ഇന്നെന്റെ നോവുന്ന നെഞ്ചിനെപ്പിളരുന്നു.
നിന്റെ നിശിതമായ ആത്മാവിന്റെ ചിറകുകളെ
മലിനമായ വാക്കുകൾ കരളുന്നു.

മരതകസടകളുള്ള കുതിരകൾക്കു മേൽ
കുതികൊള്ളുകയാണുദ്യാനങ്ങളിലാളുകൾ,
നിന്റെയുടലിലുമെന്റെ നോവിലും ചാടിവീഴാൻ.

എന്റെ പ്രിയേ, നീയുറങ്ങിക്കോളൂ.
വയലിനുകളിലെന്റെ ചോരയുടയുന്നതു കേട്ടുകിടന്നോളൂ!
തക്കം പാർത്തിരിയ്ക്കുകയാണവരെന്നുമോർത്തോളൂ!


Saturday, November 5, 2011

ലോര്‍ക്ക - യെർമ്മ


ശബ്ദങ്ങൾ കേൾക്കുന്നു. യെർമ്മയും ആറു സ്ത്രീകളും പള്ളിയിലേക്കു പോകുന്ന വഴി. അവർ നഗ്നപാദരാണ്‌; അവർ കൈകളിൽ വളഞ്ഞ മെഴുകുതിരികൾ പിടിച്ചിരിയ്ക്കുന്നു. രാത്രിയാവുകയാണ്‌.


മരിയ -
ദൈവമേ, മഞ്ഞറോജാ വിടരേണമേ,
നിഴലത്തടിയാതിരിക്കേണമേ.

രണ്ടാമത്തെ സ്ത്രീ-
അവളുടെ ശുഷ്കിച്ച ഉടലിൽ
മഞ്ഞറോജാ വിടരേണമേ.

മരിയ-
നിന്റെ ദാസിയുടെയുദരത്തിൽ
മണ്ണിന്റെയിരുണ്ട നാളവും.

സംഘഗാനം-
ദൈവമേ, മഞ്ഞറോജാ വിടരേണമേ,
നിഴലത്തടിയാതിരിക്കേണമേ.

(അവർ മുട്ടുകുത്തുന്നു)

യെർമ്മ-
പറുദീസയിലെ ഉദ്യാനങ്ങളിൽ
നിറയെ ആനന്ദങ്ങളുമായി റോജാമരങ്ങൾ.
റോജാമരങ്ങൾക്കിടയിൽ
ഒരത്ഭുതറോജാ,
പുലരിയുടെ കതിരു പോലെ.
ഒരു മാലാഖയതിനെക്കാക്കുന്നു,
കൊടുങ്കാറ്റിന്റെ ചിറകുമായി,
മരണം വിതയ്ക്കുന്ന കണ്ണുമായി.
പ്രശാന്തതാരങ്ങളുടെ മുഖത്തു തുള്ളി തളിയ്ക്കുന്നു,
ഇലകൾക്കിടയിലൊളിച്ചുകളിയ്ക്കുന്നു,
നറുംപാലിന്റെ ചോലകൾ.
ദൈവമേ, നിന്റെ റോജാ വിടരേണമേ,
എന്റെ ശുഷ്കിച്ച ഉടലിൽ.

(അവർ എഴുന്നേറ്റുനില്ക്കുന്നു)

രണ്ടാമത്തെ സ്ത്രീ-
ദൈവമേ, നിന്റെ കൈ കൊണ്ടു തണുപ്പിയ്ക്കൂ,
അവളുടെ പൊള്ളുന്ന കവിളുകളെ.

യെർമ്മ-
തീർത്ഥയാത്രയ്ക്കിറങ്ങിയവൾ,
നിന്റെ ഭിക്ഷുകിയ്ക്കു കാതു കൊടുക്കൂ.
എന്റെയുടലിൽ നിന്റെ റോജാ വിടർത്തൂ,
തറയ്ക്കുന്ന മുള്ളുകളാണതിലെങ്കിലും.

സംഘഗാനം-
ദൈവമേ, മഞ്ഞറോജാ വിടരേണമേ,
നിഴലത്തടിയാതിരിക്കേണമേ.

യെർമ്മ-
എന്റെ ശുഷ്കിച്ച ഉടലിൽ
നിന്റെ അത്ഭുതറോജാ.


From the play, Yerma


link to image


Friday, November 4, 2011

രഘുവീർ സഹായ് (1929-1990)


1. ദൈവകൃപ


ഒരു പൂച്ചയതാ വഴി മുറിച്ചു പോകുന്നു.
സുന്ദരികളായ സ്ത്രീകൾ
അതുമിതും പറഞ്ഞിരിക്കുന്നു.
നിലാവു വീഴുന്ന മൈതാനത്ത്
കാലികൾ മേഞ്ഞുനടക്കുന്നു.

ഇവയൊന്നും തമ്മിലന്യോന്യബന്ധമില്ലാത്ത-
തങ്ങയുടെ കൃപയല്ലെങ്കിൽപ്പിന്നെന്താണു ദൈവമേ?



2. ഇന്നു വീണ്ടും

ഇന്നു വീണ്ടും ജീവിതത്തിനു തുടക്കമായി.
ഇന്നു ഞാൻ ചെറുതും സരളവുമായൊരു കവിത വായിച്ചു;
ഇന്നു ഞാനേറെനേരം സൂര്യാസ്തമയം കണ്ടിരുന്നു;
ഇന്നു ഞാൻ മതി വരുവോളം തണുത്ത വെള്ളത്തിൽ കുളിച്ചു;
ഇന്നൊരു കൊച്ചുപെൺകുട്ടി കിലുങ്ങിച്ചിരിച്ചും കൊണ്ടെന്റെ തോളത്തു ചാടിക്കയറി;
ഇന്നൊരു പാട്ടു ഞാൻ തുടക്കം തൊട്ടൊടുക്കം വരെ പാടിത്തീർത്തു.
ഇന്നു വീണ്ടുമെനിക്കു ജീവിതത്തിനു തുടക്കമായി.



3. ജലത്തിന്റെ ഓർമ്മകൾ

മിന്നൽ. വിദൂരമായൊരു നിബിഡവനത്തിൽ തോരാമഴ.
മദ്ധ്യാഹ്നം: തുളുമ്പുന്ന തടാകം; അതിനു മേൽ കുനിഞ്ഞിറങ്ങുന്ന മാങ്കൊമ്പ്.
തെന്നൽ: ജനാലയിൽ ചാരിനിന്നു തുടക്കമിടുന്ന മഴ.
രാത്രി: മിനുങ്ങുന്ന പൂഴി; പൊടുന്നനേ കാഴ്ചയിലേക്കു വരുന്ന പുഴ.

മനസ്സിനു ജലത്തിന്റെ ഓർമ്മകളനേകം.



4. വസന്തം

അതേ ആദർശഋതു.
മനസ്സിലെന്തോ ഉടയുന്നു.
അനുഭവമെന്നോടു പറയുന്നു:
ഇതു കാലം വസന്തം.



5. ഏകാന്തത

മോഹൻ രോഗിയായി.
കമല കരുതി
അയാൾ ലോകമാകെ വെടിഞ്ഞ്
തന്റെയരികിലേക്കെത്തിയതാണെന്ന്.
രണ്ടുനാളങ്ങനെ പോയി.
പിന്നെ മോഹനെങ്ങോ പോയി,
തന്റെ രോഗത്തിന്റെ ഏകാന്തതയുമായി.
കമല പിന്നെയുമേകാകിനിയായി, കമല.



6. ജീവിക്കാൻ പഠിച്ചവർ

ഒരിക്കൽ ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ
കൈയിലൊരു പുസ്തകമുണ്ടായിരുന്നു,
ഒരു കോളിഫ്ളവറും.
ആഹാ! എന്തുമാതിരി കവിത!
ഇക്കാലത്തു പുസ്തകങ്ങൾ കോളിഫ്ളവറു പോലെ മൃദുലം,
കോളിഫ്ളവർ പുസ്തകം പോലെ വിരസവും.
അതിനാൽ ഞാനൊരു സുന്ദരിയോടോടിച്ചെന്നു പറഞ്ഞു:
നോക്കൂ, ഇതു രണ്ടും വച്ചുമാറിക്കൂടേ?
അവൾക്കതു പിടികിട്ടിയില്ല.
ആളുകൾ ജീവിക്കാൻ പഠിച്ചവരായിരിക്കുന്നുവെന്നേ.
ആരുമിപ്പോൾ അസംബന്ധങ്ങൾ പറയാറില്ല.
നേട്ടക്കാരുടെ ലോകത്തു നേരമ്പോക്കിനു സ്ഥാനവുമില്ല.
കച്ചവടത്തിന്റെ ചിട്ടവട്ടത്തിൽ
ഓരോന്നും അതാതിടത്തിരിക്കണം.
കോളിഫ്ളവർ വായിച്ചിട്ടോ
പുസ്തകം തിന്നിട്ടോ എന്തു കിട്ടാൻ!


http://en.wikipedia.org/wiki/Raghuvir_Sahay