Monday, November 7, 2011

കാഫ്ക - തണുത്ത ലോകം


1911 ജനുവരി 19

തമ്മിൽ കലഹിക്കുന്ന രണ്ടു സഹോദരന്മാരെക്കുറിച്ച് ഒരിക്കൽ ഞാനൊരു നോവൽ വിഭാവന ചെയ്യുകയുണ്ടായി; അതിലൊരാൾ അമേരിക്കയിലേക്കു പോവുകയും, മറ്റേയാൾ യൂറോപ്പിലെ ഒരു തടവറയിൽ കിടക്കുകയുമാണ്‌. ഇടയ്ക്കെപ്പോഴെങ്കിലുമേ ചില വരികൾ ഞാനെഴുതിയിരുന്നുള്ളു, കാരണം എനിക്കതു വേഗം തന്നെ മടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം ഉച്ച തിരിഞ്ഞ നേരത്ത് ഞാൻ ചില വരികളെഴുതി; ഞങ്ങളന്ന് എന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ ചെന്നിരിയ്ക്കുകയാണ്‌; ആ ഭാഗത്തു പതിവുള്ള പതുപതുത്ത ഒരുതരം റൊട്ടി, വെണ്ണ പുരട്ടിയത്, ഞങ്ങൾ കഴിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ മൂഢാഭിമാനം കൊണ്ടുതന്നെയാവണം, മേശവിരി മേൽ കടലാസു നിവർത്തിവച്ചും, പെൻസിലു കൊണ്ടു താളം പിടിച്ചും, വിളക്കിനു ചോട്ടിലേക്കു കുനിഞ്ഞുനോക്കിയും ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുകയായിരുന്നു ഞാൻ: അയാൾ ഞാനെഴുതിയത് എന്റെ കൈയിൽ നിന്നു വാങ്ങിനോക്കണം, എന്നെ അഭിനന്ദിക്കണം. ആ കുറച്ചു വരികളിലുണ്ടായിരുന്നത് മുഖ്യമായും തടവറയുടെ ഒരു വിവരണമായിരുന്നു, വിശേഷിച്ചും അതിന്റെ നിശ്ശബ്ദതയും തണുപ്പും; പിന്നിലായിപ്പോയ സഹോദരനെക്കുറിച്ച് സഹതാപരൂപത്തിലുള്ള ചിലതും അതിലുണ്ടായിരുന്നു; അയാളായിരുന്നല്ലോ, കൂട്ടത്തിൽ നല്ലവൻ. എന്റെ വിവരണം ഒരു വിലയുമില്ലാത്തതാണെന്ന് നൈമിഷികമായ ഒരു തോന്നൽ എനിക്കുണ്ടായിരുന്നുവെന്നു വരാം; പക്ഷേ ഉച്ചയ്ക്കു മുമ്പ് അങ്ങനെയുള്ള തോന്നലുകളെ ഞാൻ കാര്യമായി ശ്രദ്ധിക്കാൻ പോയിരുന്നില്ല; കാരണം, എനിക്കു പരിചയമുള്ള (പരിചയം കൊണ്ടു തന്നെ പാതി സന്തോഷം കിട്ടുന്ന രീതിയിൽ കാതരമനസ്സായിരുന്നു ഞാൻ) ബന്ധുക്കൾക്കിടയിലാണു ഞാൻ; എനിക്കു പരിചിതമായ ഒരു മുറിയിലെ വട്ടമേശയ്ക്കരികിലിരിക്കുകയാണ്‌; ഞാൻ ചെറുപ്പമാണെന്നും, ഇപ്പോഴത്തെ പ്രശാന്തതയിൽ നിന്നിറങ്ങിപ്പോയി ഭാവിയിൽ വലിയ ഉദ്യമങ്ങളേറ്റെടുക്കാനുള്ളയാളാണു ഞാനെന്നും എനിക്കോർമ്മയുമുണ്ട്. അന്യരെ കളിയാക്കുന്നതിൽ തല്പരനായ ഒരമ്മാവൻ ഒടുവിൽ എന്റെ കൈയിൽ നിന്ന് ആ കടലാസ്സു വാങ്ങി ഒന്നോടിച്ചു നോക്കിയിട്ട് ഒരു ചിരി പോലുമില്ലാതെ അതെനിയ്ക്കു മടക്കിത്തരികയും, കണ്ണുകൾ കൊണ്ട് തന്നെ പിന്തുടരുകയായിരുന്ന മറ്റുള്ളവരോട് ‘ പതിവുസാധനം തന്നെ’ എന്നു മാത്രം പറഞ്ഞ്, എന്നോടു യാതൊന്നും പറയാതിരിക്കുകയും ചെയ്തു. ശരിതന്നെ, നിരുപയോഗമായിത്തീർന്ന എന്റെ കടലാസ്സിനു മുന്നിൽ പണ്ടേപ്പോലെ കുനിഞ്ഞിരിക്കുകയായിരുന്നു ഞാൻ; പക്ഷേ  ഒറ്റ ഉന്തൽ കൊണ്ട് സമൂഹത്തിൽ നിന്നു ഞാൻ ബഹിഷ്കൃതനായിക്കഴിഞ്ഞു; എന്റെ അമ്മാവന്റെ വിലയിരുത്തൽ അതിന്റെ ശരിക്കുള്ള പ്രാധാന്യത്തോടെ എന്റെയുള്ളിൽ ആവർത്തിക്കുകയായിരുന്നു; ഒരു കുടുംബത്തിൽ ഉൾപ്പെട്ടവനാണെന്ന തോന്നലിനിടയിലും നമ്മുടെ ലോകത്തിന്റെ തണുത്ത സ്ഥലത്തേക്ക് ഒരുൾക്കാഴ്ച എനിയ്ക്കു കിട്ടുകയായിരുന്നു; ഞാൻ തന്നെ തേടിക്കണ്ടെത്തേണ്ട ഒരഗ്നി കൊണ്ടു വേണം എനിക്കതിനു ചൂടു പകരുവാനും.


No comments: