Saturday, November 12, 2011

കാഫ്ക - ഫെലിസിന്


1913 ജനുവരി 19


പ്രിയപ്പെട്ടവളേ, എന്നെ നിന്നിലേക്കെടുക്കൂ, അണച്ചുനിർത്തൂ, ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ; ദിവസങ്ങൾ എന്നെ തട്ടിയുരുട്ടുകയാണ്‌; കലർപ്പറ്റ സന്തോഷമെന്നത് നിനക്കൊരിക്കലും എന്നിൽ നിന്നു കിട്ടുകയില്ലെന്നത് നീ മനസ്സിലാക്കണം;; കലർപ്പറ്റ യാതനകൾ മാത്രം, അതെത്ര വേണമെങ്കിലും- എന്നാലും എന്നെ പറഞ്ഞയക്കരുതേ. ഞാൻ നിന്നോടു ബന്ധിതനായിക്കിടക്കുന്നത് പ്രേമമൊന്നുകൊണ്ടുമാത്രമല്ല; പ്രേമം അത്രയ്ക്കൊന്നുമില്ല, പ്രേമം വരും, പോകും, പിന്നെയും വരും; പക്ഷേ നിന്റെ സത്തയോട് എന്നെ തളച്ചിട്ടിരിക്കുന്ന എന്റെ ദാഹം എന്നുമുണ്ടാവും; അതുപോലെ, പ്രിയപ്പെട്ടവളേ, നീയുമുണ്ടാവണം...



1913 ജനുവരി 21

ഇന്നു രാവിലെ അസ്വസ്ഥമായ ഒരുറക്കത്തിനു ശേഷം എഴുന്നേൽക്കുന്നതിനു മുമ്പ് അത്ര ദുഃഖിതനായിരുന്നു ഞാൻ; ജനാലയിലൂടെ സ്വയം പുറത്തേക്കെടുത്തെറിയാനല്ല ( എന്റെ ദുഃഖത്തിനു നിരക്കാത്തത്ര ഓജസ്സുള്ള പ്രവൃത്തിയായിപ്പോയേനേയത്), ജനാലയിലൂടെ സ്വയമെടുത്തു ചൊരിയാനാണ്‌ എനിക്കു തോന്നിയത്.

പക്ഷേ ഇപ്പോൾ നിന്റെ കത്തു കിട്ടിയ സ്ഥിതിയ്ക്ക്, പ്രിയപ്പെട്ടവളേ, ഇനിയൊരിക്കലും യാതൊന്നും നമുക്കിടയിൽ കടന്നുവരരുതേയെന്നൊരു നിർദ്ദേശം വയ്ക്കാൻ തിടുക്കപ്പെടുകയാണു ഞാൻ; നാം രണ്ടുപേരും അതിനുത്തരവാദികളല്ലല്ലോ. എത്ര ദീർഘമാണു നമുക്കിടയിലെ ദൂരം; അതു താണ്ടുക എന്നെ നിരന്തരമായ കർമ്മമേൽപ്പിക്കുന്ന യാതനയോർക്കുമ്പോൾ ചിലനേരം ഞാനെന്റെ കൈവിട്ടുപോവുകയാണ്‌, ഒരു നിമിഷത്തേക്കു ഞാൻ ചിതറിപ്പോവുകയാണ്‌. ഇതിനോടൊപ്പം കൂട്ടിച്ചേർത്തുനോക്കൂ, മൂന്നു സാദ്ധ്യതകൾ മാത്രമറിയുന്ന എന്റെ മാനസികാവസ്ഥയെ: പൊട്ടിത്തെറിക്കുക, തകർന്നടിയുക, അല്ലെങ്കിൽ ശോഷിച്ചുതീരുക. ഈ മൂന്നു സാദ്ധ്യതകളുടെ നിരന്തരമായ ഒരു പരമ്പരയായിരുന്നു എന്റെ ജീവിതമാകെ. ആരാധ്യയായ എന്റെ പാവം പ്രിയപ്പെട്ടവളേ, ഈ കാലുഷ്യത്തിൽ നീയും വന്നുപെട്ടുവല്ലോ! ഞാൻ പൂർണ്ണമായും നിനക്കുള്ളതാണ്‌; എന്റെ മുപ്പതു കൊല്ലത്തെ ജീവിതത്തെ നിരീക്ഷിച്ചതിൽ നിന്ന് ഇത്രയും എനിക്കു പറയാനാവും.



1913 ജനുവരി 26

ശനിയാഴ്ച ഒരു മണിയ്ക്ക് വീട്ടിലെത്തി.

നീയറിയണം, പ്രിയപ്പെട്ടവളേ, ഒരു സംശയത്തിനുമിടനല്കാത്ത രിതിയിൽ ദൈവം നിന്നെ എന്റെ കൈകളിലേല്പിച്ചിരിക്കുകയാണെന്നപോലെ അത്രയും സ്നേഹവും താത്പര്യവുമാണ്‌ എനിക്കു നിന്നോടുള്ളതെന്ന്.



ഫെബ്രുവരി 9-10

...ഇന്നലെ രാത്രി ഞാൻ നിനക്കെഴുതിയില്ല; മൈക്കൽ കോൽഹാസ്സു കാരണം ഞാൻ കിടക്കാൻ വൈകി. (നീയതു വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കരുത്! ഞാനതു നിന്നെ വായിച്ചുകേൾപ്പിക്കാം!) തലേ രാത്രിയിൽ വായിച്ച ചെറിയൊരു ഭാഗമൊഴിച്ചു ബാക്കി ഒറ്റയിരുപ്പിനു ഞാൻ വായിച്ചുതീർത്തു. പത്താമത്തെ തവണയാവണം. യഥാർത്ഥഭക്തിയോടെ ഞാൻ വായിക്കുന്നൊരു കഥയാണിത്; അതെന്നെ ആശ്ചര്യത്തിന്റെ തിരകളിലേറ്റിക്കൊണ്ടുപോവുകയാണ്‌; ഒരുവിധം ദുർബ്ബലവും, അല്പം അശ്രദ്ധയോടെ എഴുതിയതുമായ അവസാനഭാഗമില്ലായിരുന്നുവെങ്കിൽ പൂർണ്ണത തികഞ്ഞ ഒന്നായേനേയത്; എന്റെ അഭിപ്രായത്തിൽ ഈ ലോകത്തു സാദ്ധ്യമല്ലാത്ത തരം ഒരു പൂർണ്ണത. ( എന്റെ വിശ്വാസം, ഏറ്റവും മഹത്തായ സാഹിത്യകൃതികളിൽപ്പോലും മാനുഷികദൗർബല്യത്തിന്റെ ഒരു കൊച്ചുവാലുണ്ടെന്നും, നാമൊന്നു സൂക്ഷിച്ചുനോക്കിയാൽ ആ വാലൊന്നാടുകയും കൃതിയുടെ ആകെക്കൂടിയുള്ള ഉദാത്തവും ദിവ്യവുമായ ഭാവത്തെ കലുഷമാക്കുകയും ചെയ്യുമെന്നാണ്‌.)

പ്രിയപ്പെട്ടവളേ, ദയവായി ഒന്നു പറയൂ, ഇത്രയും സന്തോഷരഹിതനായ ഒരു ചെറുപ്പക്കാരനെ നീയെന്തിനു പ്രേമിക്കാനായി തിരഞ്ഞെടുത്തുവെന്ന്; അയാളുടെ ആ സന്തോഷരാഹിത്യം കാലം പോകെ നിന്നിലേക്കും പടരുകയില്ലേ? ഇന്നു പുറത്തു നടക്കാൻ പോവുമ്പോൾ ഒപ്പം വിവേകവും മര്യാദയുമുള്ള ഒരു ചെറുപ്പക്കാരിയുണ്ടായിരുന്നു; അവളെ എനിയ്ക്കു വലിയ കാര്യവുമാണ്‌. പക്ഷേ സ്വന്തം ജീവിതത്തെക്കുറിച്ച് അവൾ പരാതി പറഞ്ഞപ്പോൾ എനിയ്ക്കു മനം പുരട്ടുന്ന പോലെ തോന്നി. (മൂന്നുമാസത്തിലൊരിക്കൽ ഞാനവളെ കാണാറുണ്ട്.) പിന്നീടു പക്ഷേ, എല്ലാവരും അത്താഴത്തിനിരിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ അവളെ കളിയാക്കാൻ തുടങ്ങിയപ്പോൾ മിന്നലിന്റെ വേഗത്തിലാണ്‌ അവൾ തിരിച്ചടിച്ചത്, ജയവും അവൾക്കായിരുന്നു. സന്തോഷരാഹിത്യത്തിന്റെ ഒരു പ്രഭയാവണം ഞാൻ പ്രസരിപ്പിക്കുന്നത്. എന്നാലും വേവലാതിപ്പെടരുതേ, പ്രിയപ്പെട്ടവളേ, എന്നും എന്നോടൊപ്പമുണ്ടാവണമേ! എന്നോടു വളരെയടുത്ത്!

മൈക്കൽ കോൽഹാസ് -  ക്ളിസ്ടിന്റെ നോവെല്ല


No comments: