ഇന്നജയ്യനാണയാൾ, ദേവകളെപ്പോലെ.
ഭൂമിയിലെ യാതൊന്നും അയാളെ മുറിപ്പെടുത്തില്ല- ഒരു സ്ത്രീയുടെ നിരാസമോ, തന്റെ ശ്വാസകോശത്തിന്റെ രോഗമോ, കവിതയെച്ചൊല്ലിയുള്ള ആകാംക്ഷകളോ, ഇനിമേൽ വാക്കുകളിൽ തറയ്ക്കേണ്ടതില്ലാത്ത ആ വെളുത്ത വസ്തു, ചന്ദ്രനോ ഒന്നും.
നാരകമരങ്ങൾക്കടിയിലൂടെ സാവധാനം അയാൾ നടന്നുപോകുന്നു. കൈവരികളിലും വാതിലുകളിലും അയാൾ നോട്ടമയയ്ക്കുന്നുണ്ട്, എന്നാലവയെ ഓർമ്മ വയ്ക്കാനുമല്ല.
ഇനിയെത്ര രാത്രികളും പകലുകളും തനിയ്ക്കു ശേഷിയ്ക്കുന്നുവെന്നയാൾക്കറിയാം.
ഇച്ഛാശക്തി അയാൾക്കു മേൽ ഒരു ചിട്ട അടിച്ചേല്പിച്ചിരിക്കുന്നു. ഭാവികാലത്തെ ഭൂതകാലത്തെപ്പോലെതന്നെ അലംഘ്യമാക്കേണ്ടതിലേക്കായി അയാൾ ചില പ്രവൃത്തികൾ ചെയ്തുതീർക്കും, മുൻകൂട്ടി തീരുമാനിച്ച ചില തെരുവുമൂലകൾ കടന്നുപോകും, ഒരു മരമോ കമ്പിയഴിയോ തൊട്ടുനോക്കും.
അയാൾ ഇതൊക്കെ ചെയ്യുന്നുവെങ്കിൽ അത് താൻ കൊതിയ്ക്കുന്നതും താൻ ഭയക്കുന്നതുമായ ആ കർമ്മം ഒരു പരമ്പരയിലെ അവസാനത്തെ കണ്ണി മാത്രമായിരിക്കാൻ വേണ്ടി മാത്രമാണ്.
നാല്പത്തൊമ്പതാം നമ്പർ തെരുവിലൂടെ അയാൾ നടക്കുന്നു. ചില കവാടങ്ങളിലൂടെ താനിനി കടന്നുപോകില്ലെന്ന് അയാളോർക്കുന്നു.
ഒരു സംശയവുമുണർത്താതെതന്നെ പല സ്നേഹിതന്മാരോടും അയാൾ വിട പറഞ്ഞുകഴിഞ്ഞു.
താനൊരിക്കലുമറിയാൻ പോകാത്തതൊന്നിനെക്കുറിച്ച് അയാൾ ചിന്തിക്കുന്നു- നാളെ പകൽ മഴ പെയ്യുമോയെന്ന്.
ഒരു പരിചയക്കാരനെ കണ്ടുമുട്ടുമ്പോൾ അയാൾ ഒരു തമാശ പറയുന്നു. ഈ സംഭവം കുറേക്കാലത്തേക്ക് ഒരു സംസാരവിഷയമാവുമെന്ന് അയാൾക്കറിയാം.
ഇന്നജയ്യനാണയാൾ, മരിച്ചവരെപ്പോലെ.
നിശ്ചിതമുഹൂർത്തത്തിൽ അയാൾ ചില മാർബിൾപ്പടവുകൾ നടന്നുകേറും. (മറ്റുള്ളവർ ഇതോർത്തുവയ്ക്കും.)
കുളിമുറിയിലേക്കയാൾ കയറും. അവിടെ ചതുരംഗപ്പലകയിലെ കള്ളികൾ പോലത്തെ തറയോടുകളിൽ വീഴുന്ന ചോര വെള്ളത്തിൽ വേഗമൊലിച്ചുപൊയ്ക്കൊള്ളും.
അയാൾ മുടി മാടിയൊതുക്കും, ടൈ നേരേ പിടിച്ചിടും (ചെറുപ്പക്കാരനായ ഒരു കവിയ്ക്കു ചേരുംപടി വേഷത്തിൽ അയാൾക്കു വലിയ ശ്രദ്ധയായിരുന്നു), അപരനാണ് - കണ്ണാടിയിൽ കാണുന്ന മറ്റൊരാളാണ്- ഒക്കെച്ചെയ്യുന്നതെന്നും, താൻ, അയാളുടെ ഇരട്ട, അതാവർത്തിക്കുന്നതേയുള്ളുവെന്നും ഭാവന ചെയ്യാൻ അയാൾ ശ്രമിയ്ക്കും.ഒടുക്കം വരെയും അയാളുടെ കൈ പതറില്ല. വിധേയതയോടെ, മാന്ത്രികതയോടെ ചെന്നിയ്ക്കു മേൽ അയാൾ തോക്കു വച്ചമർത്തും.
ഈയൊരു പ്രകാരത്തിലാണ് കാര്യങ്ങൾ നടന്നതെന്ന് ഞാനൂഹിക്കുന്നു.
ചിത്രം - ആത്മഹത്യ - എഡ്വാര്‍ഡ് മാനേ
No comments:
Post a Comment