Tuesday, November 1, 2011

ലോര്‍ക്ക - കവി കാമുകിയോടു യാചിക്കുന്നു, തനിക്കൊരു കത്തെഴുതാൻ


ഉള്ളിന്റെയുള്ളിലെ പ്രണയമേ, എന്റെയുണർച്ചയിലെ മരണമേ,
വൃഥാ ഞാൻ കാത്തിരിയ്ക്കുന്നു, നീയെഴുതുന്നൊരു വാക്കിനായി.
വാടുന്ന പൂവു നോക്കിയിരിക്കെ മനസ്സിൽ ഞാൻ പറയുന്നു,
ബോധങ്ങൾ മറയും മുമ്പേ എനിയ്ക്കു നഷ്ടമാകട്ടെ നിന്നെ.

ചിരായുസ്സാണു വായു; ശില ജഡവും, മൂകവും;
അതിനറിയില്ല നിഴലിനെ, നിഴലിനെയൊഴിവാകുവാനും.
ഉള്ളിന്റെയുള്ളിലെ ഹൃദയത്തിനു വേണ്ട,
ചന്ദ്രനുരുക്കിയൊഴിയ്ക്കുന്ന സാന്ദ്രമായ മധുവും.

നിന്നെപ്രതി നീറി ഞാൻ, എന്റെ സിരകളറുത്തു ഞാൻ,
ദംശനങ്ങളുടെയും ലില്ലിപ്പൂക്കളുടെയുമങ്കവുമായി
നിന്റെയരക്കെട്ടിൽ വ്യാഘ്രവും മാടപ്രാവുമായി ഞാൻ.

എങ്കിലെന്റെയുന്മാദത്തെ  വാക്കുകളാൽ നിറയ്ക്കൂ,
അല്ലെങ്കിലാത്മാവിന്റെ നിത്യാന്ധകാരത്തിൽ
അന്തിമശാന്തിയോടെന്നെ ജീവിക്കാനനുവദിക്കൂ.