Wednesday, November 2, 2011

ലോര്‍ക്ക - ചക്രവാളം


ഹുവാൻ ബ്രേവാ


ഹുവാൻ ബ്രേവയുടെയുടൽ
ഒരു കൂറ്റന്റേതായിരുന്നു,
സ്വരമൊരു പെൺകുട്ടിയുടേതും.
മറ്റൊന്നില്ല
അയാളുടെ ഭൃഗകൾ പോലെ.
വേദന തന്നെ
മന്ദഹാസത്തിനു പിന്നിൽ നിന്നു
പാടുമ്പോലെ.
അയാൾ മന്ത്രിച്ചുവരുത്തിയിരുന്നു,
മയങ്ങുന്ന മാലഗായിലെ നാരകത്തോപ്പുകളെ;
അയാളുടെ വിലാപഗാനങ്ങളിൽ
കടലുപ്പു ചുവച്ചിരുന്നു.
ഹോമറെപ്പോലെ
അയാൾ പാടിയതന്ധനായി.
അയാളുടെ സ്വരത്തിലുണ്ടായിരുന്നു,
വെളിച്ചം തവിഞ്ഞ കടലിന്റേതൊന്ന്,
ഞെക്കിപ്പിഴിഞ്ഞ നാരങ്ങയുടേതൊന്നും.


കൊർദോവയ്ക്കടുത്ത്



വീട്ടിനുള്ളിൽക്കയറി
നക്ഷത്രങ്ങളിൽ നിന്നവരഭയം തേടുന്നു.
രാത്രി ഇടിഞ്ഞുവീഴുന്നു.
ഉള്ളിൽ മരണപ്പെട്ടൊരു പെൺകുട്ടി,
മുടിയിലൊളിപ്പിച്ച ചെമ്പനിനിർപ്പൂവുമായി.
അവളെച്ചൊല്ലി വിലാപിക്കുന്നു
കൈവരിയിലാറു രാപ്പാടികൾ.

ആളുകൾ നിശ്വാസമുതിർക്കുന്നു,
വാ പൊളിച്ച ഗിത്താറുകളുമായി.



ചക്രവാളം


പച്ചനിറമായ മൂടൽമഞ്ഞിനു മേൽ
രശ്മികളില്ലാത്തൊരു ചന്ദ്രൻ
കൊട്ടിത്തൂവുന്നു
.
നിഴലടഞ്ഞ പുഴയോരം
ഒരു തോണിയുടെ ഗതി നോക്കി
മനോഗതത്തിൽ മുഴുകുന്നു.
നീക്കുപോക്കില്ലാത്ത മണിനാദം
വിഷാദത്തിനു താളമിടുന്നു.

എന്റെ തളർന്ന ഹൃദയത്തിൽ
ഒരു വെള്ളിച്ചെണ്ടയടിയ്ക്കുന്നു.



No comments: