Thursday, November 10, 2011

കാഫ്ക - തന്റെ കൂടെയുള്ള ജീവിതം



അങ്ങയ്ക്ക് സ്വന്തം മകളെ അറിയാമല്ലോ: പ്രസരിപ്പും, ആരോഗ്യവും, തന്റേടവുമുള്ള പെൺകുട്ടിയാണവൾ; അവൾക്ക് ജീവിക്കാൻ  പ്രസരിപ്പും, ആരോഗ്യവും, ഓജസ്സുമുള്ള ആളുകൾ ചുറ്റിനും വേണം. ഒരേയൊരു സന്ദർശനത്തിൽ നിന്നേ അങ്ങയ്ക്ക് എന്നെക്കുറിച്ചറിയൂ (അതുതന്നെ മതിയാവുമെന്നു കൂട്ടിച്ചേർക്കാൻ തുടങ്ങുകയായിരുന്നു ഞാൻ); ഒരഞ്ഞൂറു കത്തുകളിലായി ഞാൻ എന്നെക്കുറിച്ച് അങ്ങയുടെ മകളോടു പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ എനിക്കു കഴിയില്ല. പക്ഷേ പ്രധാനപ്പെട്ട ഈയൊരു വസ്തുതയുടെ കാര്യം ഒന്നു പരിഗണിയ്ക്കൂ: എന്റെ അസ്തിത്വമാകെ ലക്ഷ്യം വയ്ക്കുന്നത് സാഹിത്യമൊന്നിനെ മാത്രമാണ്‌. എന്റെ മുപ്പതാമത്തെ വയസ്സു വരെയും ആ ലക്ഷ്യത്തിൽ നിന്നു വ്യതിചലിയ്ക്കാതിരിയ്ക്കാൻ ഞാൻ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്; അതിനെ കൈവിടുന്ന നിമിഷം എന്റെ ജീവിതവും നിലയ്ക്കും. ഞാൻ എന്തൊക്കെയാണോ, ഞാനെന്തല്ലയോ, അതെല്ലാം ഈയൊന്നിന്റെ ഫലമാണ്‌. ഞാൻ മിണ്ടാട്ടമില്ലാത്തവനാണ്‌, സംസർഗ്ഗമില്ലാത്തവനാണ്‌, പരുക്കനാണ്‌, സ്വാർത്ഥിയാണ്‌, രോഗഭീതി ഒഴിയാത്തവനാണ്‌, വാസ്തവത്തിൽ അനാരോഗ്യവാനുമാണ്‌. ഇതൊന്നിന്റെ പേരിലും ഞാൻ   മനസ്താപപ്പെടുന്നുമില്ല: ഉന്നതമായ ഒരനിവാര്യതയുടെ ഈ ഭൂമിയിലെ പ്രതിഫലനമാണത്. ( എന്നെക്കൊണ്ട് ശരിക്കും എന്തു സാദ്ധ്യമാകുമെന്നുള്ളതല്ല, ഇവിടെ പ്രശ്നം; ഇതിന്‌ അതുമായി ബന്ധവുമില്ല.)

എന്റെ വീട്ടുകാരോടൊപ്പമാണ്‌ ഞാൻ ജീവിക്കുന്നത്; എത്രയും ദയാലുക്കളായ, എത്രയും സ്നേഹസമ്പന്നരായ മനുഷ്യർക്കിടയിൽ - എന്നാൽ ഒരന്യനെക്കാൾ അന്യനാണ്‌ ഞാനവിടെ. ഈ അടുത്ത കുറേ കൊല്ലങ്ങളായി എന്റെ അമ്മയോട് ദിവസം ഇരുപതു വാക്കുകളിൽ കൂടുതൽ ഞാൻ സംസാരിച്ചിട്ടില്ല; നിത്യേനയുള്ള ഒരു കുശലം ചോദിക്കലല്ലാതെ അച്ഛനുമായി മറ്റൊരിടപാടുമില്ല. കെട്ടിച്ചുവിട്ട പെങ്ങന്മാരോടും, അവരുടെ ഭർത്താക്കന്മാരോടും ഞാൻ മിണ്ടാറേയില്ല, അവരോട് എനിക്കൊരു വിരോധവുമില്ലങ്കിലും. കുടുംബജീവിതത്തെക്കുറിച്ച് ഒരു ധാരണയും എനിക്കില്ല.

ഇങ്ങനെയുള്ള ഒരു മനുഷ്യനോടൊപ്പമാണോ അങ്ങയുടെ മകൾ, ആരോഗ്യമുള്ള പ്രകൃതം കൊണ്ടുതന്നെ സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിനർഹയായവൾ, ജീവിക്കേണ്ടത്? അധികസമയവും സ്വന്തം മുറിയിൽ അടച്ചിരിക്കുകയോ, തനിയേ അലഞ്ഞുനടക്കുകയോ ചെയ്യുന്ന ഒരാളോടൊപ്പം, മറ്റാരെ സ്നേഹിക്കുന്നതിലുമധികമായി അയാൾ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽക്കൂടി, ഇങ്ങനെയൊരു ആശ്രമജീവിതം അവൾ സഹിക്കണമെന്നുണ്ടോ- അയാൾക്കു തന്റെ ജീവിതത്തിന്റെ വിളി തള്ളിക്കളയാനാവില്ല എന്നതു കൊണ്ടുമാത്രം? സ്വന്തം അച്ഛനമ്മമാരിൽ നിന്നും, കുടുംബത്തിൽ നിന്നും, ഏതൊരുവിധമായ സാമൂഹ്യബന്ധത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടുള്ള ഒരു ജീവിതം അവൾ സഹിക്കണോ- എനിയ്ക്ക്, ഏറ്റവുമടുത്ത സുഹൃത്തിനു നേരെയും കതകടച്ചു താഴിടുന്ന എനിയ്ക്ക്, ഇങ്ങനെയല്ലാതൊരു വിവാഹജീവിതം ഭാവന ചെയ്യാനുള്ള കഴിവില്ല എന്നതു കൊണ്ടുമാത്രം? ഇതു താങ്ങാൻ അവൾക്കാകുമോ? അതും എന്തിനു വേണ്ടി? എന്റെ എഴുത്തിനു വേണ്ടിയോ? അവളുടെ കണ്ണിൽ, ഒരുപക്ഷേ എന്റെ കണ്ണിലും, സംശയാസ്പദമായ ഒന്നിനു വേണ്ടിയോ? അതിനായി ഒരു വിദേശനഗരത്തിൽ അവൾ ജീവിക്കണോ, ഒരു യഥാർത്ഥവിവാഹമാവാതെ, സ്നേഹവും സൗഹൃദവും മാത്രമുള്ള ഒരു ബന്ധമായി പരിണമിക്കാവുന്ന ഒരു വിവാഹത്തിലെ കണ്ണിയായി?


(1913 ആഗസ്റ്റ് 28 ന്‌ കാഫ്ക ഫെലിസിന്റെ അച്ഛനയച്ച കത്ത്. ഇതു പക്ഷേ ഫെലിസ് അച്ഛനെ കാണിയ്ക്കാൻ പോയില്ല.)


1 comment:

വെള്ളരി പ്രാവ് said...

"ഉന്നതമായ ഒരനിവാര്യതയുടെ ഈ ഭൂമിയിലെ പ്രതിഫലനമാണത്..":)))