Tuesday, September 30, 2014

ഈഡിത്ത് സോഡെർഗ്രാൻ - എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ

Edith Sodergran6


എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ


എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ പുല്പുറത്തു നെട്ടനെ നില്ക്കുന്നു,
തല കുലുക്കിക്കൊണ്ടവർ ചോദിക്കുന്നു: നിനക്കെന്തു പറ്റി?
സ്തംഭനിരകൾ ആരോപണങ്ങൾ കണക്കെ നിരന്നുനില്ക്കുന്നു:
ഞങ്ങൾക്കടിയിലൂടെ നടക്കാൻ നിനക്കെന്തർഹതയാണുള്ളത്?
നീ കുട്ടിയാണ്‌, നീ സർവതുമറിഞ്ഞിരിക്കണം;
രോഗത്തിന്റെ കെണിയിൽ നീയെങ്ങനെ ചെന്നുപെട്ടു?
നീയിന്നു വെറുപ്പു തോന്നുന്ന, വിചിത്രയായൊരു മനുഷ്യജീവിയായിരിക്കുന്നു.
കുട്ടിയായിരുന്നപ്പോൾ നീ ഞങ്ങളുമായി ദീർഘസംഭാഷണങ്ങളിൽ മുഴുകിയിരുന്നു.,
നിന്റെ കണ്ണുകളിലന്നു വിവേകമുണ്ടായിരുന്നു.
ഇനി ഞങ്ങൾ നിന്നോട് നിന്റെ ജീവിതരഹസ്യമെന്താണെന്നു പറയട്ടെ:
സർവരഹസ്യങ്ങളിലേക്കുമുള്ള താക്കോൽ കിടക്കുന്നത്
റാസ്പ്ബറികൾ വളരുന്ന കുന്നുമ്പുറത്തെ പുല്പരപ്പിലത്രെ.
ഉറങ്ങുന്നവളേ, നിന്നെ കുലുക്കിയുണർത്താൻ ഞങ്ങളാഗ്രഹിച്ചിരുന്നു,
മരിച്ചവളേ, ഉറക്കത്തിൽ നിന്നു നിന്നെ വിളിച്ചുണർത്താൻ ഞങ്ങളാഗ്രഹിച്ചിരുന്നു.



ജനാലയ്ക്കൽ ഒരു മെഴുകുതിരി

ജനാലയ്ക്കൽ ഒരു മെഴുകുതിരി
സാവധാനമതുരുകിയെരിയുന്നു
ഉള്ളിലാരോ മരിച്ചുകിടക്കുന്നുവെന്നതു പറയുന്നു
മൂടൽമഞ്ഞിൽ മറഞ്ഞൊരു സിമിത്തേരിയിൽ
പൊടുന്നനേ ചെന്നു നിലയ്ക്കുന്ന പാതയ്ക്കരികിൽ
ഒരു നിര ദേവതാരങ്ങൾ.
ഒരു കിളി ചൂളം കുത്തുന്നു-
ആരാണുള്ളിൽ?



വാക്കുകൾ

ഊഷ്മളമായ വാക്കുകൾ, സുന്ദരമായ വാക്കുകൾ, ഗഹനമായ വാക്കുകൾ...
കണ്ണില്പെടാത്തൊരു നിശാപുഷ്പത്തിന്റെ വാസന പോലെയാണവ.
അവയ്ക്കു പിന്നിൽ പതുങ്ങിനില്ക്കുന്നതു ശൂന്യത...
പ്രണയത്തിന്റെ ഊഷ്മളമായ വീട്ടകങ്ങളിൽ നിന്നുയരുന്ന
പുകച്ചുരുളുകളാവുമോ, ഒരുവേളയവ?



ഒരഭിലാഷം

സൂര്യവെളിച്ചം നിറഞ്ഞ ഈ ലോകത്തോ-
ടൊന്നേയൊന്നേ ഞാൻ ചോദിക്കുന്നുള്ളു:
ഉദ്യാനത്തിൽ ഒരു സോഫ,
അതിൽ വെയിലു കാഞ്ഞും കൊണ്ടൊരു പൂച്ചയും.

നെഞ്ചോടു ചേർത്തൊരു കത്തുമായി
അതിൽ ഞാനിരിക്കണം,
തീരെച്ചെറിയൊരു കത്ത്, ഒരേയൊരെണ്ണം.
അതുപോലിരിക്കും, എന്റെ സ്വപ്നം.


 

 

 

Tuesday, September 9, 2014

റൂമി - സൂഫീജ്ഞാനം

Rumi2



തടവറ

ഹിതം പോലലയാനൊരു ലോകം മുഴുവൻ പരന്നുകിടക്കെ
നിങ്ങളെന്തിനു സ്വന്തം വീടൊരു തടവറയാക്കണം?



സൂഫീജ്ഞാനം

സൂഫിയുടെ ജ്ഞാനം തേടി ഗ്രന്ഥങ്ങൾ പരതേണ്ട;
അവന്റെ ജ്ഞാനമിരിക്കുന്നതൊരേയൊരിടത്തിൽ:
മഞ്ഞു പോലെ വെളുത്ത മനുഷ്യഹൃദയത്തിൽ.


അസൂയ


അസൂയ വിഷമാണ്‌
യുക്തിയില്ലാത്ത മനഃക്ളേശമാണ്‌.
അയല്ക്കാരനു കൂടുതലുണ്ടെന്നാൽ
നിങ്ങൾക്കു കുറവാണെന്നല്ല.



കരയുന്ന കണ്ണുകൾ

കരുണയുറ്റ കണ്ണിൽ നി-
ന്നെത്ര കണ്ണീരു പൊഴിഞ്ഞിരിക്കുന്നു.
ഇനിയിപ്പോൾ നേരമായിരിക്കുന്നു,
അതിനു തന്നെത്തന്നെ കാണാൻ,
കണ്ണീരു പൊഴിക്കാൻ.


തന്റെ സൃഷ്ടികളിൽ


തന്റെ സൃഷ്ടികളിൽ
സ്രഷ്ടാവിരിക്കുന്നു:
വിരലുകളില്ലെങ്കിൽ
മുഷ്ടിയെവിടെ?


വിപരീതങ്ങൾ


ഇരുട്ടു കാണുമ്പോൾ, റൂമീ,
നീ വെളിച്ചമെന്തെന്നറിയുന്നു;
ശോകം ദംശിക്കുമ്പോൾ
ആനന്ദമെന്തെന്നും.
വിപരീതമറിയും വരെ
അർത്ഥങ്ങളെല്ലാമൊളിക്കുന്നു,
വിപരീതമില്ലാത്ത ദൈവമൊഴികെ.


ഒഴുക്ക്


ജലമൊഴുകുന്നതു
മുകളിൽ നിന്നു താഴേക്ക്;
അതിനാൽ എളിമയുള്ളവനാവുക,
അവന്റെ സാന്നിദ്ധ്യം
നിങ്ങളിലേക്കൊഴുകട്ടെ.


 

 

Monday, September 8, 2014

റൂമി - അവനറിയാം

DSC_0277


ചാർച്ച


ഒരേ ഭാഷ സംസാരിക്കുന്നതു ചാർച്ചയുടെ ഒരു രൂപം,
ശരിക്കും നമ്മെ ഒരുമിപ്പിക്കുന്നതു പക്ഷേ, ഉള്ളിലുള്ള ഭാഷ.

ഒരു തുലുക്കനും മറ്റൊരുവനും ഒരേ ഭാഷക്കാരാവാം,
ഒരേ സംഗീതമാവുമോ പക്ഷേ, ഹൃദയം പാടുമ്പോളവർ കേൾക്കുക?


അറിഞ്ഞതും അറിയാത്തതും


നശ്വരജീവിതത്തിന്റെ മണൽത്തരികൾ പാറിപ്പോകുംമുമ്പേ
അറിയാത്തതിനെ അറിയുന്നതാക്കുന്നതു മാത്രമറിഞ്ഞുവയ്ക്കൂ.
കൈയിൽ കിട്ടിയതെന്നു നിങ്ങൾ കരുതിയതു വെറും ശൂന്യത,
കൈയിലുള്ള കിളി പറന്നുപോയ മറ്റേക്കിളിയത്രെ!



രൂപം

എത്ര വ്യർത്ഥം രൂപവും ലയവും,
കാതുകൾ കേൾക്കില്ല,
കണ്ണുകൾ കാണില്ലയെങ്കിൽ.



ചെള്ളുകൾ

ഒരേയൊരു ചെള്ളു കേറിയെന്നതിനാൽ
വിരിപ്പെടുത്തെരിക്കരുതേ!
നിന്നെപ്പോലെ തന്നെ പിഴവുകളുള്ള
മനുഷ്യജീവിയിൽ നിന്നകലരുതേ!



പ്രവാചകന്മാർ

വെളിച്ചത്തിലേക്കു തുറക്കുന്ന ജനാലകളാണു പ്രവാചകന്മാർ,
ഒരാൾ ശരി, മറ്റൊരാൾ തെറ്റെന്നു നിങ്ങൾക്കു പറയാനാവില്ല.
അവരെല്ലാം ഒന്നു തന്നെ, അവരുടെ സന്ദേശവും ഒന്നു തന്നെ:
വെളിച്ചത്തിനു ദാഹിക്കുകയെന്നാൽ സൂര്യനുണ്ടെന്നു പറയുക തന്നെ.



ഗുരു

വഴികാട്ടിയുടെ പിന്നാലെ പോവുക, യാത്രികാ,
ഭൂപടങ്ങളെ വിശ്വസിക്കരുതേ;
ഈ പെരുവഴികളിലും ഇടവഴികളിലും
നിങ്ങൾക്കു വഴി പിണയുമെന്നോർക്കുക.
നാമെല്ലാം യാത്ര പോകുന്നതു
മുമ്പു നാം പോയിട്ടില്ലാത്ത വഴികളിലൂടെ;
അതിനാലവനെ വിശ്വസിക്കുക,
അവന്റെ പിന്നാലെ തന്നെ പോവുക,
അവൻ നിങ്ങളെ കൊണ്ടുപോകും,
നിങ്ങൾക്കെത്തേണ്ട വാതിലുകളിലൊക്കെ.



ക്ഷമ വേണം

കുഞ്ഞിനമ്മിഞ്ഞയപ്പോൾത്തന്നെ കിട്ടണം,
ക്ഷമിച്ചിരിക്കാനതിനിയും പഠിച്ചിട്ടില്ല.
ക്ഷമാണാനന്ദത്തിന്റെ താക്കോൽ,
യാത്രികാ, ഇത്ര തിടുക്കം വേണ്ട!



മരണമെന്ന കള്ളൻ

വരുമെന്നുറപ്പുള്ള കള്ളനാണു മരണം,
ആരിൽ നിന്നെടുക്കുന്നു,
എന്തെടുക്കുന്നുവെന്നവനു നോട്ടവുമില്ല.
അതിനാൽ, കടന്നുപോകുന്നവനേ,
നിങ്ങളേറ്റവുമിഷ്ടപ്പെടുന്നതിനെ
കൈവിടാതെ പിടിക്കൂ;
മരണവും കള്ളനും കൊണ്ടുപൊയ്ക്കോട്ടെ,
പിന്നെ ശേഷിച്ചതൊക്കെയും.



അവനറിയാം

‘അവനെന്തറിയുമെന്നെനിക്കറിയില്ല,
അവനറിയാമെന്നെന്നാലെനിക്കറിയാം,’
അങ്ങനെ നിറഞ്ഞവനായി
ശിഷ്യൻ ഗുരുവിൽ നിന്നു പോകുന്നു.


 

വില്ല്യം ബ്ളേക്ക് - ഗാനം

 

index


പാടമായ പാടമെല്ലാം മധുരം നുണഞ്ഞു ഞാനലഞ്ഞു,
വേനലിന്റെ സമ്പാദ്യങ്ങളൊന്നൊഴിയാതെ ഞാൻ നുകർന്നു;
പിന്നെയല്ലേ, വെയിൽക്കതിരുകളിലൊഴുകിയെത്തിയവൻ,
പ്രണയത്തിന്റെ രാജകുമാരന്റെ കണ്ണുകളിൽ ഞാൻ പെട്ടതും!

അവനെന്റെ മുടിയിഴകളിൽ ലില്ലിപ്പൂക്കളുടെ മഴ ചൊരിഞ്ഞു,
തുടുത്ത പനിനീർപ്പൂക്കളെന്റെ നെറ്റിത്തടത്തിലവൻ ചാർത്തി;
സ്വന്തമുദ്യാനഭംഗികളിലൂടവനെന്നെക്കൈപിടിച്ചു നടത്തി,
അവന്റെയാനന്ദങ്ങൾ പൊന്മയങ്ങളായവിടെ വിടർന്നിരുന്നു.

മേയ്മാസമഞ്ഞുതുള്ളികളാലെന്റെ ചിറകുകളീറനായിരുന്നു,
പാട്ടിന്റെ ദേവനെന്റെ കണ്ഠനാളത്തിലന്നഗ്നി പടർത്തി;
പട്ടുനൂൽ കൊണ്ടൊരു വല വീശിയവനെന്നെപ്പിടിച്ചു,
പൊൻകമ്പികളഴിയിട്ടൊരു കൂട്ടിൽ പിന്നവനെന്നെയടച്ചു.

അവനിഷ്ടമാണു ഞാൻ പാടുന്നതും കേട്ടുകേട്ടിരിക്കാൻ,
പിന്നെ, ചിരിച്ചും കൊണ്ടെന്നോടു കളിയാടിയിരിക്കാൻ;
എന്റെ പൊൻചിറകുകളവൻ കൈയിലെടുത്തു വിടർത്തുന്നു,
എന്റെ സ്വാതന്ത്ര്യനഷ്ടത്തെ അവൻ കളിയാക്കിച്ചിരിക്കുന്നു.


willam-blake

Song: How sweet I roam'd from field to field

By William Blake

How sweet I roam'd from field to field,

         And tasted all the summer's pride,

'Till I the prince of love beheld,

         Who in the sunny beams did glide!

He shew'd me lilies for my hair,

         And blushing roses for my brow;

He led me through his gardens fair,

         Where all his golden pleasures grow.

With sweet May dews my wings were wet,

         And Phoebus fir'd my vocal rage;

He caught me in his silken net,

         And shut me in his golden cage.

He loves to sit and hear me sing,

         Then, laughing, sports and plays with me;

Then stretches out my golden wing,

         And mocks my loss of liberty.

 

A study of the poem:

 

 

Sunday, September 7, 2014

റൂമി - അവൻ തന്നതൊക്കെ...

 

DSC_0030


അവൻ തന്നതൊക്കെയെടുത്തുപയോഗിക്കൂ, ചങ്ങാതീ-
അമ്പുകളുണ്ടെന്നിരിക്കെ വില്ലു കുലയ്ക്കാതിരിക്കുകയോ?
കൂർത്തതും ഉന്നം തെറ്റാത്തതുമാണവന്റെ വചനം,
അതിലില്ല ‘എങ്കിൽ,’ ‘ഒരുപക്ഷേ,’ ‘എന്നാലും’ എന്ന സന്ദേഹങ്ങൾ.
ഇരുളു കീറിപ്പായുന്ന വെയിൽച്ചീളാണവൻ,
ഉദ്യാനസന്ധ്യയിലെ നിശബ്ദതയുമാണവൻ.
യാതനകൾ പലതുമുടൽ സഹിച്ചുതന്നെയാവണം,
പ്രണയത്തോടു നമ്മൾ നന്ദിയുള്ളവരുമായിരിക്കണം.
ചിരിയെന്നൊരു കിളി നിങ്ങളുടെ നെഞ്ചിൻ കൂട്ടിൽ കിടക്കുന്നു,
ഉടലു വീഴും മുമ്പേ ചെന്നതിനെ തുറന്നുവിടെന്നേ!
നിന്റെ പ്രണയമെന്നെപ്പൊതിയാനെനിക്കു കൊതി,
ഇറുകിയ കൈയുറ കൈയിനെയെന്നപോലെ.
നിങ്ങളുടെ ആത്മാവിനെ, ഇന്ദ്രിയങ്ങളെ പ്രണയം ബാധിച്ചുവോ?
ലോകത്തിനു നിറം കൂടിയെങ്കിലതാണതിനു തെളിവും.


Saturday, September 6, 2014

റൂമി

images


വീഴ്ചയിൽ നിന്നുയർച്ച


ഗോതമ്പിടിച്ചുപൊടിക്കാതെ അപ്പമുണ്ടാകില്ല,
ഈയത്തെ പൊന്നാക്കാൻ ഒരു രാസവിദ്യക്കുമാവില്ല.

ഉള്ളഴുക്കുന്ന മഹാരോഗം പുറത്തെടുക്കാൻ
വൈദ്യനു കത്തി വയ്ക്കാതെ പറ്റില്ല.

തുണി വെട്ടിത്തുന്നാതെ കുപ്പായമുണ്ടാവില്ല,
കുഞ്ഞാടിനെയറുത്തിട്ടല്ലാതെ വിരുന്നുമുണ്ടാവില്ല.

ഇടിഞ്ഞതിനു മേലല്ലാതെ പുതിയതു പണിയാനാവില്ല,
കള പറിച്ചുകളഞ്ഞിട്ടല്ലാതെ പൂച്ചെടി നടാനുമാവില്ല.

അതിനാലെന്റെ ചങ്ങാതീ, ആകെപ്പുതുതാകാൻ
സ്വന്തമാത്മാവിനെ തട്ടിനിരത്തെന്നേ!



അവനിച്ഛിക്കയാൽ

ഓരോ കണികയുമിളകുന്നതവനിച്ഛിക്കയാൽ,images2
ഓരോ ചിറകുമടിക്കുന്നതവൻ പറയുകയാൽ.
ഇതിനു വിശദീകരണമില്ല, അതിനു ശ്രമിക്കയും വേണ്ട,
‘എന്തു കൊണ്ടെ’ന്ന ചോദ്യത്തിനനന്തത മറുപടി പറയുകയുമില്ല.
ശാസ്ത്രം കൊ'ണ്ടെങ്ങനെ’യെന്നു നാം ചോദിച്ചാലും
അവനു മുന്നിലടി പണിയാതാവുകയുമില്ല.
നമ്മെ, നമ്മുടെ ജീവിതങ്ങളെ, സ്വേച്ഛയെ നാമവനു കൊടുക്കുക,
പകരമൊരുപഹാരത്തെക്കുറിച്ചു ചിന്തിക്കുകയുമരുത്.
നമ്മുടെ ഈ ജീവിതങ്ങളിൽ, അല്ലെങ്കിലടുത്തതിൽ
ഈ സരളസത്യം നിങ്ങളുടെ മനസ്സു കുഴപ്പിക്കുന്നുവോ?
എങ്കിൽ, മോക്ഷത്തിനംശമാണു തൃപ്തിയെന്നറിയുക,
പ്രണയത്തിനാഗ്രഹിക്കാതെ ചുംബനത്തിനു ചുണ്ടു കൊടുക്കുക.
പറുദീസക്കായുഴന്നു നടക്കരുതേ, സൂഫീ,
ഈ ഭൂമി കൊണ്ടു തൃപ്തനാവുക, ഈ ആകാശം കൊണ്ടും.


Friday, September 5, 2014

കാഫ്കയുടെ ജീവിതരേഖ

 1380553_10151737143757198_1484061647_n 1375932_10151737143522198_227818957_n

1883           ജൂലൈ 3ന്‌ ചെക്കോസ്ലൊവാക്യയുടെ തലസ്ഥാനമായ പ്രാഗിൽ ജനനം; അച്ഛൻ ഹെർമ്മൻ  കാഫ്ക, അമ്മ ജൂലി ലോവി.

1885           സഹോദരൻ ജോർജ്ജിന്റെ ജനനം; പതിനഞ്ചാം മാസത്തിൽ മരിച്ചു.

1887           സഹോദരൻ ഹെയിൻറിച്ചിന്റെ ജനനം; ആറാം മാസത്തിൽ മരിച്ചു.

Kafka-sisters

1889           സഹോദരി ഗബ്രിയേലെ(എല്ലി)യുടെ ജനനം (മരണം 1941)

1890           സഹോദരി വലേറി(വല്ലി)യുടെ ജനനം (മരണം 1942)

1892           സഹോദരി ഓട്ട്ലി(ഓട്ട്ല)യുടെ ജനനം (മരണം 1943)

180px-Kafka5jahre

1893-1901    പ്രാഥമികവിദ്യാലയം

franz-kafka-bar-mitzvah-age-messmatch

1901           പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിൽ നിയമപഠനം

max brodമാക്സ് ബ്രോഡ്

1902           മാക്സ് ബ്രോഡിനെ പരിചയപ്പെടുന്നു

1903           “കുട്ടിയും നഗരവും” എന്ന നോവൽ എഴുതുന്നു (ഇതു നഷ്ടപ്പെട്ടു)

1904-05        “ഒരു സമരത്തിന്റെ വിവരണം” എഴുതുന്നു

1906             നിയമത്തിൽ ഡോക്ടറേറ്റ്; പ്രാഗിലെ കോടതികളിൽ ഒരു കൊല്ലത്തെ പരിശീലനം തുടങ്ങുന്നു.

1907             “നാട്ടുമ്പുറത്തെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ” എഴുതുന്നു
                    ആഗസ്റ്റ്: മൊറേവിയയിൽ അവധിക്കാലം; ഹെഡ്‌വിഗ് വെയ്‌ലറുമായുള്ള സൌഹൃദം.
                    ഒക്ടോബർ: അസ്സികുറാസിയോണി ജനെറാലി എന്ന ഇൻഷുറൻസ് കമ്പനിയിൽ ജോലിക്കു ചേരുന്നു.

1908             സർക്കാർ ഉടമസ്ഥതയിലുള്ള വർക്കേഴ്സ് ആക്സിഡന്റ് ഇൻഷുറൻസ് കമ്പനിയിൽ ജോലി തുടങ്ങുന്നു.
                    മാർച്ച്: മ്യൂണിച്ചിൽ നിന്നുള്ള ഹൈപ്പീരിയൺ എന്ന മാസികയിൽ എട്ടു ഗദ്യരചനകൾ പ്രസിദ്ധീകരിക്കുന്നു; ഇവ പിന്നീട് “നിരീക്ഷണങ്ങൾ” എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.

1909            മാക്സ് ബ്രോഡും ഓട്ടോ ബ്രോഡുമൊപ്പം റീവയിൽ അവധിക്കാലം; അവിടെ കണ്ട വിമാനങ്ങളുടെ പ്രദർശനത്തിൽ നിന്ന് “ബ്രേസിയായിലെ വിമാനങ്ങൾ” എഴുതുന്നു.

franz_kafka_1910

1910             ഡയറി എഴുതിത്തുടങ്ങുന്നു.
                     മാർച്ച്: ബൊഹീമിയ മാസികയിൽ അഞ്ചു രചനകളുടെ പ്രസിദ്ധീകരണം
                     ഒക്ടോബർ: മാക്സ് ബ്രോഡിനൊപ്പം പാരീസ് യാത്ര.
                     ഡിസംബർ: ബർലിൻ യാത്ര

1911            യിദ്ദിഷ് നാടകാവതരണങ്ങളിൽ സ്ഥിരസാന്നിദ്ധ്യമാവുന്നു; ഇസാക്ക് ലോവി എന്ന നടനുമായി സൌഹൃദം.

cze24ഫെലിസിനൊപ്പം

1912            ജൂൺ-ജൂലൈ: മാക്സ് ബ്രോഡിനൊപ്പം വെയ്മർ സന്ദർശനം.പിന്നെ മൂന്നാഴ്ച ഒറ്റയ്ക്ക് ഹർസ് മലയിലെ ഒരു സാനിറ്റോറിയത്തിൽ. “കാണാതെ പോയവൻ(അമേരിക്ക)” എന്ന നോവൽ എഴുതിത്തുടങ്ങുന്നു.
                   ആഗസ്റ്റ് 13: ഫെലിസ് ബോവറിനെ കണ്ടുമുട്ടുന്നു.
                   സെപ്തംബർ 22-23: ഒറ്റ രാത്രി കൊണ്ട് “വിധിന്യായം” എന്ന കഥ എഴുതുന്നു.
                   നവംബർ-ഡിസംബർ: “രൂപാന്തരം” എഴുതിത്തുടങ്ങുന്നു. ഡിസംബറിൽ ലീപ്സിഗിൽ നിന്ന് “നിരീക്ഷണങ്ങൾ” എന്ന ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നു.

180px-Kafka1906

1913           മേയ്: “കാണാതെ പോയവൻ” എന്ന നോവലിന്റെ ആദ്യത്തെ അദ്ധ്യായമായ “സ്റ്റോക്കർ” പ്രസിദ്ധീകരിക്കുന്നു.
                   ജൂൺ: അർക്കേഡിയയിൽ “വിധിന്യായം” പ്രസിദ്ധീകരിക്കുന്നു.
                   സെപ്തംബർ: വിയന്നയിൽ അപകടങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള ഒരു കോൺഫെറൻസിൽ സംബന്ധിക്കുന്നു; ഒപ്പം പതിനൊന്നാമത് സിയോണിസ്റ്റ് കോൺഗ്രസ്സിലും.
                   നവംബർ 8-9: ഫെലിസിനൊപ്പം ബർലിനിൽ.

1914           ജൂൺ 1: ബെർലിനിൽ വച്ച് ഫെലിസുമായുള്ള വിവാഹനിശ്ചയം.
                   ജൂലൈ12: വിവാഹത്തിൽ നിന്നു പിന്മാറുന്നു.
                   ആഗസ്റ്റ്:“വിചാരണ” എഴുതിത്തുടങ്ങുന്നു.
                   ഒക്റ്റോബർ:“പീനൽ കോളണിയിൽ.” ഫെലിസുമായുള്ള കത്തിടപാടു പുനരാരംഭിക്കുന്നു.

ottomar starkരൂപാന്തരം കവര്‍

1915           ജനുവരി: “ബ്ളംഫെൽഡ്, പ്രായം ചെന്ന ഒരവിവാഹിതൻ” എഴുതുന്നു.
                   ഒക്റ്റോബർ: ഫൊണ്ടെയിൻ പ്രൈസ് നേടിയ കാൾ സ്റ്റേൺഹെയ്ം എന്ന നാടകകൃത്ത് സമ്മാനത്തുക കാഫ്കയ്ക്കു നല്കുന്നു.
                   നവംബർ: “രൂപാന്തരം” പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.

1916           ഏപ്രിൽ: റോബർട്ട് മ്യൂസിൽ പ്രാഗിൽ ചെന്ന് കാഫ്കയെ കാണുന്നു.
                   ജൂലൈ: ഫെലിസിനൊപ്പം മരിയൻബാദിൽ
                   ഒക്റ്റോബർ: “വിധിന്യായം” പുസ്തകരൂപത്തിൽ
                   നവംബർ: “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ കഥകൾ എഴുതിത്തുടങ്ങുന്നു.

1378688_10151737142952198_532991979_n

1917           ഏപ്രിൽ: ഹീബ്രു പഠിക്കാൻ തുടങ്ങുന്നു.    
                   ജൂലൈ: ഫെലിസുമായി രണ്ടാമത്തെ വിവാഹനിശ്ചയം;
                   ആഗസ്റ്റ്9-10: രക്തം ഛർദ്ദിച്ചതിനെ തുടർന്നുള്ള പരിശോധനയിൽ  ക്ഷയമാണെന്നു സ്ഥിരീകരിക്കുന്നു.
                   സെപ്തംബർ: മൂന്നു മാസത്തെ അവധിയെടുത്ത് ഓട്ട്ലയോടൊപ്പം സുറാവു വിൽ
                   ഒക്റ്റോബർ: “അറബികളും കുറുനരികളും” പ്രസിദ്ധീകരിക്കുന്നു.
                   നവംബർ: “അക്കാദമി മുമ്പാകെ ഒരു റിപ്പോർട്ട്” പ്രസിദ്ധീകരിക്കുന്നു.
                   ഡിസംബർ: പ്രാഗിൽ വച്ച് ഫെലിസിനെ കാണുന്നു; രണ്ടാമത്തെ വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറുന്നു.

1918           മാർച്ച്: ജോലിയിൽ തിരിയെ പ്രവേശിക്കുന്നു; നവംബറിൽ വീണ്ടും അവധിയെടുക്കുന്നു.

1919           വീണ്ടും പ്രാഗിൽ; ജൂലിയുമായി വിവാഹനിശ്ചയം; “നാട്ടുമ്പുറത്തെ ഡോക്ടർ” പ്രസിദ്ധീകരിക്കുന്നു.   
                   നവംബർ: “എത്രയും പ്രിയപ്പെട്ട അച്ഛന്‌” എഴുതുന്നു.

milena-jesenskaമിലേന

1920           തന്റെ കൃതികളുടെ ചെക്ക് വിവർത്തകയായ മിലേന ജസെൻസ്കയുമായി കത്തിടപാടു തുടങ്ങുന്നു.
                   ജൂലൈ: ജൂലിയുമായുള്ള വിവാഹനിശ്ചയത്തിൽ നിന്നു പിന്മാറുന്നു.
                   ആഗസ്റ്റ്: മൂന്നു കൊല്ലത്തോളമായി മുടങ്ങിക്കിടന്ന സാഹിത്യരചന പുനരാരംഭിക്കുന്നു.
                   ഡിസംബർ: അവധിയെടുത്ത് മറ്റ്ലിയാറി സാനിറ്റോറിയത്തിൽ; 1921 ആഗസ്റ്റ് വരെ അവിടെ.

1921           സെപ്തംബർ: വീണ്ടും ജോലിയിൽ; ആരോഗ്യം മോശമായതിനാൽ ഒക്ടോബർ മുതൽ മൂന്നു മാസത്തെ അവധിയെടുക്കുന്നു.
                   ഒക്ടോബർ: മിലേന പ്രാഗിൽ; കാഫ്ക തന്റെ ഡയറി അവർക്കു നല്കുന്നു.

1922           ജനുവരി: മിലേനയുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമം. “ദുർഗ്ഗം” എഴുതിത്തുടങ്ങുന്നു.
                   ജൂലൈ: പെൻഷനോടെ ജോലിയിൽ നിന്നു വിരമിക്കുന്നു.

diamant_dora_1928ഡോറ

1923           ജനുവരി-ഏപ്രിൽ: മിക്കവാറും കിടക്കയിൽ; ഹീബ്രു പഠിക്കുന്നു.
                   ജൂൺ: മിലേനയെ അവസാനമായി കാണുന്നു.
                   ജൂലൈ: ഡോറ ഡയമന്റിനെ കാണുന്നു.
                   സെപ്തംബർ: ബർലിനിൽ ഡോറയോടൊപ്പം താമസം തുടങ്ങുന്നു.

images5

1924          മാർച്ച്: പ്രാഗിലേക്കു മടങ്ങുന്നു; “ജോസഫൈൻ എന്ന ഗായിക” എഴുതുന്നു; ശ്വാസനാളത്തിന്റെ മേൽഭാഗത്തേക്ക് രോഗം വ്യാപിക്കുന്നു.
                 ഏപ്രിൽ: ഡോറയോടൊപ്പം വിയന്നയ്ക്കു പുറത്തുള്ള ഒരു സാനിറ്റോറിയത്തിൽ.
                 മേയ്: “ഒരു നിരാഹാരയജ്ഞക്കാര”ന്റെ പ്രൂഫ് നോക്കുന്നു.
                 ജൂൺ 3: മരണം.

1383479_10151737143472198_978375570_n

1925        “വിചാരണ” മാക്സ് ബ്രോഡ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നു.

1926        “ദുർഗ്ഗം” മാക്സ് ബ്രോഡ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുന്നു.

1927        “കാണാതെ പോയവൻ” എന്ന നോവൽ “അമേരിക്ക” എന്ന പേരിൽ മാക്സ് ബ്രോഡ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നു.

മഹമൂദ് ദർവീശ് - സൈപ്രസ് വീണു

 


സൈപ്രസ് മരമല്ല, മരത്തിന്റെ ശോകമാണ്‌,
അതിനു നിഴലുമില്ല, മരത്തിന്റെ നിഴലാണതെന്നതിനാൽ

(ബസ്സം ഹജ്ജാബ്)

images

ഒരു മീനാരം പോലെ സൈപ്രസ് വീണു,
ഉടഞ്ഞ സ്വന്തം നിഴലിനു മേൽ പാതയിലതു കിടന്നു,
എന്നുമെന്ന പോലെ ഇരുണ്ടും പച്ചയായും.
ആർക്കും മുറിപ്പെട്ടില്ല.
ചില്ലകൾക്കു മേൽ കൂടി വാഹനങ്ങൾ ഇരച്ചുപാഞ്ഞു.
വിൻഡ്ഷീൽഡുകളിൽ പൊടി പാറി...
സൈപ്രസ് വീണു, പക്ഷേ
അടുത്ത വീട്ടിലെ പ്രാവ് അതിന്റെ കൂടു മാറ്റിക്കൂട്ടിയില്ല.
ആ ഇടത്തിന്റെ തുമ്പിനു മേൽ പാറിനിന്ന രണ്ടു ദേശാടനക്കിളികൾ
എന്തോ ചില പ്രതീകങ്ങൾ അന്യോന്യം കൈമാറി.
ഒരു സ്ത്രീ അയല്ക്കാരിയോടു ചോദിച്ചു:
വല്ല കൊടുങ്കാറ്റും വീശിയോ?
അവർ പറഞ്ഞു: ഇല്ല, ബുൾഡോസറും കണ്ടില്ല...
സൈപ്രസ് വീണു.
അവശിഷ്ടങ്ങൾക്കരികിലൂടെ കടന്നുപോയവർ പറഞ്ഞു:
ആരും തിരിഞ്ഞുനോക്കാനില്ലെന്നായപ്പോൾ
അതിനു മടുപ്പു തോന്നിയിരിക്കണം,
നാളുകൾ കടന്നുപോകെ അതിനു വാർദ്ധക്യമെത്തിയതാവണം,
ജിറാഫിനെപ്പോലെ ആകെ നീണ്ടിട്ടല്ലേ അത്,
ഒരു തുടപ്പ പോലെ കഴിയുന്നതതിനു നിരർത്ഥകമായി തോന്നിയിരിക്കണം,
രണ്ടു പ്രണയികൾക്കു തണലു കൊടുക്കാനതിനു കഴിഞ്ഞില്ലായിരിക്കാം.
ഒരാൺകുട്ടി പറഞ്ഞു: ഞാനതിനെ നന്നായി വരച്ചിരുന്നു,
അതിന്റെ രൂപം വരയ്ക്കാൻ വളരെ എളുപ്പമായിരുന്നു.
ഒരു പെൺകുട്ടി പിന്നെ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശമപൂർണ്ണമായ പോലെ.
ഒരു ചെറുപ്പക്കാരൻ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശത്തിനിന്നു പൂർണ്ണത.
ഞാൻ എന്നോടു തന്നെ പറഞ്ഞു:
നിഗൂഢതയുമില്ല, വ്യക്തതയുമില്ല,
സൈപ്രസ് വീണു,
അതിൽ അത്രയ്ക്കേയുള്ളു:
സൈപ്രസ് വീണു.


 

Thursday, September 4, 2014

യാക്കോവ് ലിൻഡ് - രാത്രിയിലൂടെ ഒരു യാത്ര

 

jacob Lynd


തിരിഞ്ഞുനോക്കുമ്പോൾ നിങ്ങൾ എന്തു കാണുന്നു? ഒരു വസ്തുവുമില്ല. മുന്നിലേക്കു നോക്കുമ്പോഴോ? അത്ര പോലുമില്ല. ശരിയാണത്. കാര്യങ്ങൾ അങ്ങനെയാണ്‌.

കാലത്തു മൂന്നു മണിയായിരുന്നു, മഴ പെയ്യുന്നുണ്ടായിരുന്നു. ട്രെയിൻ എവിടെയും നിർത്തിയില്ല. അങ്ങു നാട്ടിൻപുറത്തെവിടെയോ വെളിച്ചങ്ങൾ കാണാനുണ്ട്; പക്ഷേ അവ നക്ഷത്രങ്ങളാണോ ജനാലകളാണോ എന്നു തീർച്ചപ്പെടുത്താനാവില്ല.

പാളങ്ങൾ പാളങ്ങൾ തന്നെ- പക്ഷേ മേഘങ്ങൾക്കിടയിൽ പാളങ്ങൾ ഉണ്ടാവരുതെന്നില്ലല്ലോ?

ഈ യാത്രയുടെ അന്ത്യത്തിലെവിടെയോ ആണ്‌ പാരീസ്. ഏതു പാരീസ്? കഫേകളും പച്ച ബസ്സുകളും ജലധാരകളും അഴുക്കു പിടിച്ച വെള്ളച്ചുമരുകളുമുള്ള ഭൂമിയിലെ പാരീസ്? അതോ സ്വർഗ്ഗീയമായ പാരീസോ? ജനാലയിലൂടെ ബോയ് ദു ബൊളോണേ കാണാവുന്ന, കാർപെറ്റു വിരിച്ച കുളിമുറികൾ?

നീലിച്ച വെളിച്ചത്തിൽ എന്‍റെ സഹയാത്രികൻ ഒന്നുകൂടി വിളറിയിരുന്നു. അയാളുടെ മൂക്ക് നീണ്ടുകൂർത്തതായിരുന്നു, ചുണ്ടുകൾ നേർത്തതായിരുന്നു, പല്ലുകൾ അസാധാരണമായ വിധം ചെറുതുമായിരുന്നു. ഒരു സീലിന്‍റേതു പോലെ എണ്ണ മിനുങ്ങുന്നതായിരുന്നു അയാളുടെ മുടി. ഒരു മീശ, അതിന്‍റെ കുറവേയുള്ളു. മൂക്കു നിലത്തു കുത്തി ബാലൻസു ചെയ്തു നില്ക്കാൻ അയാൾക്കു കഴിഞ്ഞേക്കാം. ഉടുപ്പിനടിയിൽ അയാൾ നനഞ്ഞിരിക്കുകയുമാണ്‌. എന്താണയാൾ തന്‍റെ തേറ്റ പുറത്തെടുക്കാത്തത്?

ആ ‘കാര്യങ്ങൾ അങ്ങനെയാണ്‌’ എന്നതിനു ശേഷം അയാൾ ഒന്നും മിണ്ടിയില്ല. എല്ലാം അതുകൊണ്ടു തീർപ്പാക്കിയ പോലെയാണ്‌. ഇപ്പോഴയാൾ പുക വലിക്കുകയാണ്‌.

അയാളുടെ തൊലിക്കു നരച്ച നിറമാണ്‌- അതു കാണാവുന്നതേയുള്ളു; അതു വലിഞ്ഞുമുറുകി നില്ക്കുകയുമാണ്‌. അയാൾക്കൊന്നു ചൊറിയാൻ തോന്നിയാൽ അതു പൊളിഞ്ഞുവരും. കാണാൻ വേറെ എന്തിരിക്കുന്നു? അയാൾക്കു സ്വന്തമായി ഒരു മുഖവും ഒരു സ്യൂട്ട്കേസുമുണ്ട്. സ്യൂട്ട്കേസിൽ അയാൾ എന്താണു കൊണ്ടുനടക്കുന്നത്? പണിയായുധങ്ങൾ? അറുക്കവാൾ, ചുറ്റിക, ഉളി? തമരും കാണുമോ? എന്തിനാണ്‌ അയാൾക്കത്? തലയോട്ടികളിൽ തുളയിടാനോ? ചിലർ ബിയറു കുടിക്കുന്നത് അങ്ങനെയാണ്‌. ഒഴിഞ്ഞാൽ അതിൽ ചായമടിക്കാം. അയാൾ എന്‍റെ മുഖത്തു ചായമടിക്കുമോ? എന്തൊക്കെ നിറങ്ങൾ? ജലച്ചായമോ എണ്ണച്ചായമോ? എന്തിനു വേണ്ടി? ഈസ്റ്റർ സമയത്ത് കുട്ടികൾ ഒഴിഞ്ഞ മുട്ടത്തോടുകൾ കൊണ്ടു കളിക്കും. ഈയാളുടെ കളി തലയോട്ടികൾ കൊണ്ടാണ്‌.

അപ്പോൾ, സിഗററ്റു കെടുത്തിയിട്ട് ഉറപ്പിച്ചൊന്നും പറയാത്ത പോലെ അയാൾ പറഞ്ഞു. മാന്തുന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് അലൂമിനിയം ഭിത്തിയിൽ അയാൾ അതു വച്ചുരച്ചു. അപ്പോൾ, അതിനെക്കുറിച്ചെന്തു പറയുന്നു?

എനിക്കറിയില്ല, ഞാൻ പറഞ്ഞു. എനിക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല. ഈ കക്ഷിക്കു തമാശ പറഞ്ഞാൽ മനസ്സിലാവില്ലേ?

നിങ്ങൾക്ക് ഉള്ളുറപ്പ് അല്പം കുറവുണ്ടെന്നു തോന്നുന്നു, അയാൾ പറഞ്ഞു. എന്തെങ്കിലും തീരുമാനമെടുക്കാനുണ്ടെങ്കിൽ ഇപ്പോഴായിക്കോ; അര മണിക്കൂർ കഴിഞ്ഞാൽ നിങ്ങൾ എന്തായാലും ഉറക്കമാവും. അപ്പോൾ പിന്നെ എനിക്കു നിങ്ങളെ എന്തു വേണമെങ്കിലും ചെയ്യാമല്ലൊ.

ഇന്നു രാത്രി ഞാൻ ഉറങ്ങുന്നില്ല, ഞാൻ പറഞ്ഞു. നിങ്ങൾ എനിക്ക് മുന്നറിയിപ്പ് തന്നുകഴിഞ്ഞല്ലോ.

മുന്നറിയിപ്പു കൊണ്ട് ഒരു കാര്യവുമില്ല, അയാൾ പറഞ്ഞു. മൂന്നിനും നാലിനുമിടയിൽ ആരായാലും നല്ല ഉറക്കത്തിലായിരിക്കും. നിങ്ങൾ പഠിച്ചയാളല്ലേ, അതൊക്കെ അറിഞ്ഞിരിക്കേണ്ടതല്ലേ.

അതെല്ലാം അറിയാം. പക്ഷേ എനിക്ക് ആത്മനിയന്ത്രണമുണ്ട്.

മൂന്നിനും നാലിനുമിടയിൽ, പൊടിച്ചുതുടങ്ങിയിട്ടു പോലുമില്ലാത്ത മീശ തടവിക്കൊണ്ട് ആ മനുഷ്യൻ പറയുകയാണ്‌, നാമോരോരുത്തരും അവനവന്‍റെ കുഞ്ഞറയ്ക്കുള്ളിൽ അടഞ്ഞുകിടക്കുന്നു; നാമൊന്നും കാണുന്നില്ല, നാമൊന്നും കേൾക്കുന്നില്ല. നാം മരിക്കുന്നു, ഒരാളും ശേഷിക്കാതെ. മരണം നമ്മെ പുതുക്കിയെടുക്കുകയാണ്‌; നാലു കഴിഞ്ഞാൽ നാം ഉറക്കമുണരുന്നു, ജീവിതം പഴയ പടി തുടർന്നുപോവുകയും ചെയ്യുന്നു. അതില്ലെങ്കിൽ ആളുകൾക്ക് ഇത്രനാൾ പിടിച്ചുനില്ക്കാൻ പറ്റില്ല.

ആ പറഞ്ഞതിൽ ഒരു വാക്കു പോലും ഞാൻ വിശ്വസിക്കുന്നില്ല. തനിക്കെന്നെ അറുത്തു മുറിക്കാൻ പറ്റില്ല.

നിങ്ങളെ അതേ പടി തിന്നാൻ എനിക്കാവില്ല, അയാൾ പറഞ്ഞു. അറുത്തെടുക്കുകയേ വഴിയുള്ളു. ആദ്യം കാലുകൾ, പിന്നെ കൈകൾ, പിന്നെ തല. എല്ലാം അതാതിന്‍റെ ക്രമത്തിന്‌.

കണ്ണുകൾ താൻ എന്തു ചെയ്യും?

ഊറിക്കുടിക്കും.

ചെവികൾ ദഹിക്കുമോ, അതോ അതിൽ എല്ലുണ്ടോ?

എല്ലൊന്നുമില്ല, പക്ഷേ ചെവികൾക്കു വലിയ കട്ടിയാണ്‌. അതെന്തായാലും ഞാൻ എല്ലാമങ്ങനെ തിന്നാറുമില്ല. ഞാനെന്താ, വല്ല പന്നിയുമാണെന്നു താൻ കരുതിയോ?

സീൽ ആയിരിക്കുമെന്നാണ്‌ ഞാൻ കരുതിയത്.

അതായിരിക്കും കുറച്ചുകൂടി ശരി. അപ്പോൾ അയാളതു സമ്മതിക്കുന്നുണ്ട്. സീൽ, എനിക്കതറിയാമായിരുന്നു. എന്നിട്ടു പക്ഷേ, അയാൾ ജർമ്മൻ സംസാരിക്കാൻ എങ്ങനെ ഇട വന്നു? സീലുകൾ ഡാനിഷാണു സംസാരിക്കുക, അതാർക്കും മനസ്സിലാവുകയുമില്ല.

നിങ്ങളെന്താ ഡാനിഷ് സംസാരിക്കാത്തത്?

ഞാൻ ജനിച്ചത് സാങ്ക്റ്റ് പോൾട്ടെനിലാണ്‌, അയാൾ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ ആരും ഡാനിഷ് സംസാരിക്കാറില്ല. അയാൾ തെന്നിമാറുകയാണ്‌. എന്താണു നിങ്ങൾ പ്രതീക്ഷിക്കുന്നത്? താൻ സാങ്ക്റ്റ് പോൾട്ടെനിൽ നിന്നാണെന്ന് അയാൾ പറയുന്നതു ശരിയാവാം. ആ പ്രദേശത്ത് ഇത്തരം ആൾക്കാരുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്.

നിങ്ങൾ താമസിക്കുന്നത് ഫ്രാൻസിലും?

അതിൽ നിങ്ങൾക്കെന്തു കാര്യം? അര മണിക്കൂർ കഴിഞ്ഞാൽ നിങ്ങളുടെ കഥ കഴിഞ്ഞു. മുന്നിൽ ഒരു ഭാവിയുണ്ടെങ്കിൽ കാര്യങ്ങൾ അറിഞ്ഞുവയ്ക്കുന്നതിൽ കാര്യമുണ്ടെന്നു പറയാം, പക്ഷേ നിങ്ങളുടെ സ്ഥിതി...

ഇയാൾക്കു ഭ്രാന്തു തന്നെ, പക്ഷേ ഞാനെന്തു ചെയ്യാൻ? അയാൾ ബോഗി പൂട്ടിക്കളഞ്ഞു (അതിനയാൾക്കു താക്കോൽ എവിടുന്നു കിട്ടി?, പാരീസ് ഒരിക്കലും എത്താൻ പോകുന്നുമില്ല. പറ്റിയ കാലാവസ്ഥ തന്നെയാണ്‌ അയാൾ കണ്ടുപിടിച്ചത്. മഴയത്ത് ഒരു വസ്തുവും കാണാനില്ല; അയാൾക്കെന്നെ കൊല്ലാൻ പറ്റുമെന്നതിൽ സംശയമില്ല. പേടിയാവുമ്പോൾ നിങ്ങളുടെ സംസാരം വേഗത്തിലാവുന്നു. ദയവായി അതൊന്നുകൂടി ഒന്നു വിവരിക്കാമോ? ദയവായി അയാളുടെ പൊങ്ങച്ചത്തിനു വളമായേക്കും. കൊലയാളികൾ രോഗികളാണ്‌. രോഗികൾ പൊങ്ങച്ചക്കാരുമാണ്‌. ദയവായി ഫലം കാണിക്കാൻ തുടങ്ങുകയാണ്‌.

ആദ്യം ചുറ്റികയാണു വരുന്നത്, അയാൾ പറഞ്ഞു; ശരിക്കും ഒരു സ്കൂൾ ടീച്ചറെപ്പോലെ...മണ്ടന്മാരായ കുട്ടികൾക്കു രണ്ടു വട്ടം പറഞ്ഞുകൊടുത്താലേ തലയിൽ കയറൂ. മണ്ടത്തരം ഒരു തരം പേടിയാണ്‌; ടീച്ചർമാർ കൊടുക്കുന്നത് മാർക്കുകളോ വിലങ്ങുകളോ ആണല്ലൊ.

...ചുറ്റിക കഴിഞ്ഞാൽ ബ്ളെയ്ഡു വരുന്നു, ചോര പുറത്തെടുക്കണമല്ലോ; എല്ലാം കിട്ടിയില്ലെങ്കിലും ഒരു മാതിരിയൊക്കെ; എന്നാലും കരളിലെത്തുമ്പോൾ താടിയാകെ ചോര പറ്റി ചളിപിളിയാകും. അതു പോകട്ടെ, ഞാൻ പറഞ്ഞതു പോലെ പിന്നെ അറുക്കവാൾ വരുന്നു.

നിങ്ങൾ കാലു മുറിച്ചെടുക്കുന്നത് ഇടുപ്പിനു വച്ചോ മുട്ടിനു വച്ചോ?

മിക്കപ്പോഴും ഇടുപ്പിനു വച്ച്, ചിലപ്പോഴൊക്കെ മുട്ടിലും. സമയമുണ്ടെങ്കിൽ മുട്ടിനു വച്ച്.

കൈകളോ?

കൈകൾ? ഒരിക്കലും മുട്ടിനു വച്ചു മുറിക്കില്ല, അതെപ്പോഴും തോളിൽ വച്ചു തന്നെ.

അതെന്താ?

അതു വെറുമൊരു ശീലമായേക്കാം, അതൊന്നും എന്നോടു ചോദിക്കരുത്. കണംകൈയിൽ ഇറച്ചി അധികമുണ്ടാവില്ല, നിങ്ങളുടെ കാര്യത്തിൽ തീരെയില്ല. പക്ഷേ അതു കൂടിയുണ്ടെങ്കിൽ എന്തോ ഒന്നുള്ളപോലെ തോന്നും. നിങ്ങൾ പൊരിച്ച കോഴിക്കാലു തിന്നാറുള്ളതല്ലേ?

അയാൾ പറഞ്ഞതിൽ കാര്യമുണ്ട്.

മനുഷ്യരെ തിന്നുന്ന കാര്യത്തിൽ ഉപദേശമെന്തെങ്കിലും വേണമെങ്കിൽ നരഭോജികളോടു ചോദിക്കൂ.

ഉപ്പും മുളകുമൊക്കെ ഉപയോഗിക്കാറുണ്ടോ?

ഉപ്പു മാത്രം. മനുഷ്യമാംസം മധുരിക്കും. അതു നിങ്ങൾക്കു തന്നെ അറിയാമല്ലൊ. മധുരിക്കുന്ന മാംസം ആർക്കാണിഷ്ടം?

അയാൾ സ്യൂട്ട്കേസ് തുറന്നു. വേണ്ട, ഞാൻ അലറി. ഞാൻ ഇനിയും ഉറക്കമായിട്ടില്ല.

വിരളാതെടോ, പേടിത്തൂറീ. ഞാൻ തമാശ പറയുകയായിരുന്നില്ല എന്നു കാണിച്ചുതരാൻ പോവുകയായിരുന്നു. അയാൾ ആയുധങ്ങൾക്കിടയിൽ നിന്ന് എന്തോ ഒന്നു തപ്പിയെടുത്തു. പെട്ടിയിൽ ആകെ അഞ്ചുപകരണങ്ങളേ ഉണ്ടായിരുന്നുള്ളു. എല്ലാം അതിനുള്ളിൽ അങ്ങുമിങ്ങുമായി കിടക്കുകയായിരുന്നു. തീരെ ചെറിയൊരു പെട്ടിയായിരുന്നു; കണ്ടാൽ ഒരു ഡോക്ടറുടെ മരുന്നുപെട്ടി പോലെ തോന്നും. പക്ഷേ ഒരു ഡോക്ടറുടെ ഉപകരണങ്ങൾ വെൽവെറ്റു കൊണ്ടുള്ള മൂടിയോട് സ്ട്രാപ്പു ചെയ്തു വച്ചിരിക്കും. ഇവിടെ അത് അഴിച്ചിട്ടപോലെ കിടക്കുകയാണ്‌. ചുറ്റിക, അറുക്കവാൾ, തമര്‌, ഉളി, കൊടിൽ. സാധാരണ ഒരു മരപ്പണിക്കാരന്റെ കൈയിൽ കാണുന്ന പണിയായുധങ്ങൾ. ഒരു തുണിക്കഷണവും ഉണ്ടായിരുന്നു. അതിൽ പൊതിഞ്ഞ് ഒരു ഉപ്പു നിറച്ച ഒരു കൊച്ചുഭരണിയും. താണ തരം ഹോട്ടലുകളിൽ കാണുന്ന വില കുറഞ്ഞ ചില്ലുഭരണി. എവിടുന്നോ കട്ടതാവണം, ഞാൻ മനസ്സിൽ പറഞ്ഞു. കള്ളനാണയാൾ.

അയാൾ ഉപ്പുഭരണിയെടുത്ത് എന്റെ മൂക്കിനോടടുപ്പിച്ചു. അതിൽ ഉപ്പുണ്ടായിരുന്നു. അയാൾ അതിൽ നിന്നല്പം എന്‍റെ കൈവെള്ളയിലേക്കു തട്ടിയിട്ടു. ഒന്നു രുചിച്ചു നോക്കിയേ, അയാൾ പറഞ്ഞു, ഒന്നാന്തരം ഉപ്പ്. എന്‍റെ മുഖത്തെ രോഷം അയാൾ കണ്ടു. എന്‍റെ നാവിറങ്ങിപ്പോയി. അയാൾ പൊട്ടിച്ചിരിച്ചു. ആ അരിപ്പല്ലുകൾ കണ്ടപ്പോൾ എനിക്കറപ്പു തോന്നി.

അതെ, പിന്നെയും ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, നിങ്ങളെ കൊന്നു തിന്നുന്നതിനെക്കാൾ നല്ലത് ജീവനോടെ ഉപ്പിലിടുന്നതാണ്‌.

അയാൾ സ്യൂട്ട്കേസടച്ചിട്ട് മറ്റൊരു സിഗററ്റിനു തീ കൊളുത്തി. മൂന്നര ആയിരിക്കുന്നു. ട്രെയിൻ പാളത്തിനു മേൽ കൂടി പറക്കുകയാണ്‌; പക്ഷേ അതെത്തിച്ചേരുന്നിടത്ത് പാരീസ് ഉണ്ടാവുകയില്ല. ഭൂമിയിലേതുമില്ല, സ്വർഗ്ഗത്തിലേതുമില്ല. ഞാൻ ഒരു കെണിയിൽ പെട്ടുപോയിരിക്കുന്നു. മരണം എല്ലാവർക്കും പറഞ്ഞിട്ടുള്ളതാണ്‌. അതേതു വിധത്തിലാണെന്നതിൽ ശരിക്കു പറഞ്ഞാൽ കാര്യമെന്തെങ്കിലുമുണ്ടോ? വണ്ടി കയറി മരിക്കാം, വെടിയേറ്റു മരിക്കാം, ഒരു പ്രായമെത്തുമ്പോൾ ഹൃദയം തളർന്നുപോകാൻ സാദ്ധ്യതയുണ്ട്, ഇക്കാലത്തു വ്യാപകമായപോലെ ശ്വാസകോശത്തിൽ ക്യാൻസർ വന്നും നിങ്ങൾ മരിച്ചേക്കാം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങളുടെ ചീട്ടും കീറാനുള്ളതാണ്‌. നൈസ്-പാരീസ് എക്സ്പ്രസ്സിൽ വച്ച് ഒരു ഭ്രാന്തന്റെ ഭക്ഷണവുമായിക്കൂടേ?

ഒക്കെയൊരു പൊള്ളത്തരമാണെന്നേ, അല്ലാതെന്ത്. നിങ്ങൾക്കു മരിക്കാതെ പറ്റില്ല, എന്നാൽ നിങ്ങൾക്കതിനാഗ്രഹമില്ല. നിങ്ങൾ ജീവിക്കേണ്ടതില്ല, എന്നാൽ അതിനാണു നിങ്ങൾക്കാഗ്രഹം. അവശ്യം വേണ്ടതേ നിലനില്ക്കേണ്ടു. വലിയ മീൻ ചെറുതിനെ തിന്നും, വാനമ്പാടി പുഴുവിനെ തിന്നും, എന്നിട്ടും എത്ര മധുരമായിട്ടാണതു പാടുന്നത്, പൂച്ച എലിയെ തിന്നും, അതിന്റെ പേരിൽ ആരും ഇന്നേ വരെ ഒരു പൂച്ചയെ കൊന്നിട്ടുമില്ല- ഏതു ജന്തുവും മറ്റൊരു ജന്തുവിനെ കൊല്ലുന്നത് സ്വന്തം ജീവൻ നിലനിര്‍ത്താൻ വേണ്ടി മാത്രമാണ്‌, മനുഷ്യൻ മനുഷ്യനെയും തിന്നും, അതിൽ അസ്വാഭാവികമായി എന്തിരിക്കുന്നു? അതിലും സ്വാഭാവികമാണോ, പന്നിയേയും പശുവിനെയും തിന്നുന്നത്? ‘എനിക്കു വേദനിക്കുന്നു’ എന്നു പറയാൻ കഴിയുന്നതുകൊണ്ടു മാത്രം വേദനയുടെ അളവു കൂടിയെന്നു വരുമോ? മൃഗങ്ങൾ കരയാറില്ല, സ്വന്തക്കാർ മരിക്കുമ്പോൾ മനുഷ്യർ കരയും, സ്വന്തം മരണത്തെച്ചൊല്ലി ആർക്കെങ്കിലും കരയാൻ പറ്റുമോ? അത്ര മമതയാണോ എനിക്കെന്നോട്? എങ്കിലത് പൊള്ളയായ ആത്മരതി ആയിരിക്കണം. സ്വന്തം മരണത്തെ പ്രതി ആരുടെയും ഹൃദയം നുറുങ്ങാറില്ല. അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.

എനിക്കു മനസ്സിൽ ഒരുന്മേഷം തോന്നി. ഇതാ ഒരു ഭ്രാന്തൻ, അയാൾക്കെന്നെ തിന്നണം. പക്ഷേ അയാൾക്ക് എന്തെങ്കിലും വേണമെന്ന ഒരു തോന്നലെങ്കിലുമുണ്ട്. എനിക്കെന്താണു വേണ്ടത്? ആരെയും തിന്നണമെന്നില്ല. അതിൽ കുലീനമെന്നു പറയാൻ എന്തിരിക്കുന്നു? ചെയ്യേണ്ടതു ചെയ്യാൻ നിങ്ങൾക്കാഗ്രഹമില്ലെങ്കില്പിന്നെ എന്താണു ശേഷിക്കുന്നത്?

ചെയ്യാൻ വെറുപ്പുള്ള കാര്യം നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ആ വെറുപ്പിനെന്തു പറ്റുന്നു? അതു നിങ്ങളുടെ തൊണ്ടയിൽ പറ്റിയിരിക്കുന്നു. സാങ്ക്റ്റ് പോൾട്ടെൻകാരനായ ഈ മനുഷ്യന്‍റെ തൊണ്ടയിൽ യാതൊന്നും പറ്റിയിരിക്കുന്നില്ല. അയാൾ അപ്പാടെ വിഴുങ്ങുകയാണ്‌.

വളരെ സൌമ്യമായ ഒരു സ്വരം ഞാൻ കേട്ടു; സ്നേഹം കൂടി ഞാനതിൽ കേട്ടു: നോക്കൂ, നിങ്ങൾക്കുറക്കം വരുന്നു, ചിന്തിച്ചതു കൊണ്ടാണത്. പാരീസിൽ നിന്നു നിങ്ങൾക്കെന്തു കിട്ടാനാണ്‌? പാരീസ് വെറുമൊരു നഗരമെന്നേയുള്ളു. നിങ്ങൾക്കാരെയാണു വേണ്ടത്, നിങ്ങളെ ആർക്കു വേണം? നിങ്ങൾ പാരീസിലേക്കു പോവുകയാണ്‌, സമ്മതിച്ചു. അതുകൊണ്ടെന്താ കാര്യം? കുടിയും പെണ്ണും കൊണ്ട് നിങ്ങളുടെ സന്തോഷം കൂടാൻ പോകുന്നില്ല. ജോലി കൊണ്ട് തീർച്ചയായുമില്ല. പണം കൊണ്ട് ഒരു തരി പ്രയോജനമില്ല. ജീവിതത്തിൽ നിന്ന് നിങ്ങൾക്കെന്തു കിട്ടാനാണ്‌? ഉറങ്ങെന്നേ. നിങ്ങൾ പിന്നെ ഉണരില്ല, ഞാനതു വാക്കു തരാം.

പക്ഷേ എനിക്കു മരിക്കണമെന്നില്ല, ഞാൻ മന്ത്രിച്ചു. അതിനു സമയമായിട്ടില്ല. എനിക്ക്...പാരീസിലൂടെ ഒന്നുലാത്തണം.

പാരീസിലൂടെ നടക്കണമെന്നോ? അതാണു വലിയ കാര്യം. അതുകൊണ്ടു നിങ്ങൾ ക്ഷീണിക്കുമെന്നേയുള്ളു. നടക്കാനും വായ നോക്കാനുമൊക്കെ എത്രയെങ്കിലും ആൾക്കാരുണ്ട്. റസ്റ്റാറണ്ടുകൾ നിറഞ്ഞുകവിയുകയാണ്‌. അതേപോലെതന്നെ വേശ്യാലയങ്ങളും. പാരീസിൽ ആർക്കും നിങ്ങളെ ആവശ്യമില്ല. എനിക്കൊരു സഹായം ചെയ്യെന്നേ, ഒന്നുറങ്ങിത്താ. രാത്രി തീരില്ലെന്നു കരുതിയോ? നിങ്ങളെ ഒറ്റയടിക്കെടുത്തു വിഴുങ്ങിയാൽ എനിക്കു വയറ്റുവേദന വരില്ലേ.

എനിക്കു നിങ്ങളെ തിന്നാതെ പറ്റില്ല. ഒന്നാമത്, ഞാൻ വിശന്നിരിക്കുകയാണ്‌, രണ്ടാമതാണെങ്കിൽ, എനിക്കു നിങ്ങളെ ഇഷ്ടവുമായി. കണ്ടപ്പോൾത്തന്നെ ഞാൻ പറഞ്ഞതല്ലേ, എനിക്കു നിങ്ങളെ ഇഷ്ടപ്പെട്ടുവെന്ന്; ഈയാൾക്കെന്തോ കുഴപ്പമുണ്ടെന്നാണു നിങ്ങൾ മനസ്സിൽ കരുതിയത്. ഇപ്പോൾ മനസ്സില്ലായല്ലോ, ഞാൻ വെറുമൊരു നരഭോജിയാണ്‌. അതൊരു തൊഴിലല്ല. അതൊരാവശ്യമാണ്‌. ദൈവമേ. ഞാൻ പറയുന്നതൊന്നു മനസ്സിലാക്കാൻ നോക്കൂ, മനുഷ്യാ: നിങ്ങൾക്കിപ്പോൾ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായിരിക്കുന്നു. നിങ്ങളുടെ ജീവിതം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നായിരിക്കുന്നു, ഞാൻ കാരണം. എന്‍റെ കോച്ചിൽ തന്നെ നിങ്ങളും കയറിയത് വെറും യാദൃച്ഛികമായിരുന്നുവെന്നാണോ നിങ്ങളുടെ വിചാരം? യാദൃച്ഛികത എന്നൊരു സംഭവമേയില്ല. നൈസിലെ പ്ളാറ്റ്ഫോമിൽ വച്ച് ഞാൻ നിങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അപ്പോൾ നിങ്ങൾ എന്‍റെ കോച്ചിൽ തന്നെ കയറുകയും ചെയ്തു. എന്തുകൊണ്ട് മറ്റൊന്നിലും കയറാതെ എന്‍റെ കോച്ചിൽ തന്നെ കയറി? ഞാൻ കാണാൻ സുന്ദരനായതുകൊണ്ടോ? എന്നെ ചിരിപ്പിക്കരുതേ. സീൽ കാണാൻ അത്ര സുന്ദരനാണോ? നിങ്ങൾ ഇങ്ങോട്ടു കയറിവന്നത് ചെയ്യാൻ എന്തെങ്കിലും ഉണ്ടാവുമെന്ന് നിങ്ങൾക്കു മനസ്സിലായതു കൊണ്ടാണ്‌.

അയാൾ സാവധാനം സ്യൂട്ട്കേസ് തുറന്നു. ചുറ്റിക പുറത്തെടുത്തിട്ട് അയാൾ പെട്ടിയടച്ചു. അയാൾ ചുറ്റിക കൈയിലെടുത്തു.

അപ്പോൾ, എന്തു പറയുന്നു? അയാൾ ചോദിച്ചു.

ഒരു മിനുട്ട്, ഞാൻ പറഞ്ഞു. വെറുമൊരു മിനുട്ട്. എന്നിട്ട് പെട്ടെന്നു ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ അതെങ്ങനെ സാധിച്ചുവെന്ന് ദൈവത്തിനേ അറിയൂ. ഞാൻ എഴുന്നേറ്റ് കൈ നീട്ടി. അപായച്ചങ്ങല പൊട്ടി താഴെവീണു, ട്രെയിൻ ചീറ്റുകയും ചൂളം വിളിക്കുകയും ചെയ്തു. അടുത്ത കോച്ചിന്‍റെ വാതിൽക്കൽ നിന്ന് കരച്ചിലും വിളിയും കേട്ടു. പിന്നെ ട്രെയിൻ നിശ്ചലമായി. സാങ്ക്റ്റ് പോൾട്ടെൻകാരനായ ആ മനുഷ്യൻ ചുറ്റിക പെട്ടെന്ന് പെട്ടിയിലേക്കിട്ടിട്ട് കോട്ടെടുത്തു ധരിച്ചു. നൊടിയിടയിൽ അയാൾ ഡോറിനടുത്തെത്തി. ഡോറു തുറന്നിട്ട് അയാൾ ചുറ്റും നോക്കി: എനിക്കു നിങ്ങളോടു സഹതാപം തോന്നുന്നു, അയാൾ പറഞ്ഞു. ഈ മണ്ടത്തരം കാണിച്ചതിന്‌ നിങ്ങൾക്കു പതിനായിരം ഫ്രാങ്ക് പിഴ കിട്ടാൻ പോവുകയാണ്‌; മരക്കഴുത, ഇനി നിങ്ങൾക്കു പാരീസിൽ തെണ്ടിത്തന്നെ നടക്കാം.

ആളുകൾ കോച്ചിലേക്കു തള്ളിക്കയറിവന്നു. ഒരു കണ്ടക്റ്ററും ഒരു പോലീസുകാരനും പ്രത്യക്ഷരായി. രണ്ടു പട്ടാളക്കാരും ഒരു ഗർഭിണിയും എന്നെ കൈ മുറുക്കി കാണിച്ചു.

സാങ്ക്റ്റ് പോൾട്ടെൻകാരനായ ആ സീൽ പുറത്തെത്തിക്കഴിഞ്ഞിരുന്നു, എന്‍റെ ജനാലയ്ക്കു തൊട്ടുതാഴെ. അയാൾ എന്തോ വിളിച്ചുപറഞ്ഞു. ഞാൻ ജനാല തുറന്നു: താനൊരു മരക്കഴുതയാണ്‌, അയാൾ ഉറക്കെപ്പറഞ്ഞു, ജീവിതകാലം മുഴുവൻ താൻ അതുതന്നെ ആയിരിക്കും. ജീവിക്കാൻ ആഗ്രഹമുള്ള ഒരാളെ കണ്ടില്ലേ. കാറിത്തുപ്പിക്കൊണ്ട് അയാൾ തോളു വെട്ടിച്ചു. വലതു കൈയിൽ സ്യൂട്ട്കേസുമെടുത്ത്, തിട്ടയിലേക്കു ശ്രദ്ധയോടെ കാലെടുത്തുവച്ചുകൊണ്ട് അയാൾ ഇരുട്ടിലേക്കു മറഞ്ഞു. ഗ്രാമത്തിലെ ഏതോ വീട്ടിൽ പ്രസവമെടുക്കാൻ പോകുന്ന ഡോക്ടറെപ്പോലെ.