Friday, October 30, 2009

റിയുച്ചി തമുര(1923-1998)


നേർത്ത വരമ്പ്‌

നിന്നിൽത്തന്നെ അടങ്ങിയവൾ നീ
നിന്റെ കണ്ണുകളിൽ
(കണ്ണീരു ഞാനതിൽ കണ്ടിട്ടേയില്ലല്ലോ)
കടുപ്പം വച്ചൊരു ശോകം മങ്ങിക്കത്തുന്നു
എനിക്കതിഷ്ടവുമാണ്‌

കാഴ്ച കെട്ട നിന്റെ ഭാവനയിൽ
വേട്ടയ്ക്കുള്ള കാടാണീ ലോകം
നീ മഞ്ഞുകാലത്തെ നായാടിയും
ഒരേയൊരു ഹൃദയത്തെ വീഴ്ത്താൻ
ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണു നീ

വാക്കുകളെ നിനക്കു വിശ്വാസമല്ല
സകലഹൃദയങ്ങളെയും കൊലചെയ്ത നിന്റെ കാൽപ്പാടുകളിൽ
ഭയത്തിനുള്ള ഒരാസക്തി ഞാൻ കാണുന്നു
എനിക്കതു താങ്ങാനാവുന്നില്ല

നീ നടക്കുന്ന നേർത്ത വരമ്പിൽ
മഞ്ഞിൽപ്പോലും ചോരയുടെ മണം പറ്റിപ്പിടിച്ചിരിക്കുന്നു
എത്രയകലെപ്പോയാലും
എനിക്കതറിയാം

നീ കാഞ്ചി വലിക്കുന്നു!
നിന്റെ വാക്കുകൾക്കിടയിൽക്കിടന്ന്
ഞാൻ പിടഞ്ഞു ചാവുന്നു.

 

1999

ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്‌
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്‌
ചുറുചുറുക്കോടെ
മടിയും പിടിച്ച്‌

എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്‌
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ

അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്‌
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്‌
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം

ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
നിർണ്ണയിച്ചെഴുതുന്നുണ്ടു ഞാൻ

ഇന്നത്തെ പണി കഴിഞ്ഞു
ഇനി
ഞാനുറങ്ങാൻ പോകുന്നു

Thursday, October 29, 2009

റിയുച്ചി തമുരാ(1923-1998)-അദൃശ്യവൃക്ഷം

മഞ്ഞിൽ ഞാൻ കാൽപ്പാടുകൾ കണ്ടു
അതുകണ്ടപ്പോളിതാദ്യമായി
കൊച്ചുമൃഗങ്ങളും കുഞ്ഞുകിളികളും കാട്ടുജന്തുക്കളും ഭരിക്കുന്ന
ഒരു ലോകത്തിനു ഞാൻ സാക്ഷിയായി
അണ്ണാറക്കണ്ണന്റെ കാര്യമെടുക്കൂ-
അവന്റെ നഖപ്പാടുകൾ
ഒരു കിഴവൻമരമിറങ്ങി
നടപ്പാത മുറിച്ച്‌
ദേവതാരക്കാവിൽ പോയിമറഞ്ഞു
ഒരു നിമിഷത്തെ സന്ദേഹമോ സ്വസ്ഥതകേടോ
ചോദ്യചിഹ്നങ്ങളോ
ഞാൻ അവയിൽ കണ്ടില്ല
കുറുനരിയുടെ കാര്യം കൂടിയെടുക്കൂ-
ഗ്രാമത്തിന്റെ ഇടത്തരികത്തുള്ള
താഴ്‌വാരത്തെ പാതയിലൂടെ
ഒരു വളവുമില്ലാതെ നീണ്ടുകിടക്കുന്നു അവന്റെ കാൽപ്പാടുകൾ
എനിക്കറിയാവുന്ന വിശപ്പ്‌
അത്രയും ഋജുവായ ഒരു വര വരയ്ക്കില്ല
ആ കാൽപ്പാടുകളുടെ നിപുണവും അന്ധവും ഉറച്ചതുമായ താളം
എന്റെ മനസ്സിന്‌ ഒരു കാലത്തുമുണ്ടായിട്ടില്ല
ഒരൊറ്റക്കിളിയുടെ കാര്യമെടുക്കുക-
അവളുടെ സ്വരത്തേക്കാൾ തെളിഞ്ഞതാണ്‌
അവളുടെ കാൽപ്പാടുകൾ
അവളുടെ ജീവിതത്തെക്കാൾ കൃത്യമാണ്‌
അവളുടെ നഖപ്പാടുകൾ
മഞ്ഞു വീണ മലഞ്ചരിവിൽ കൊത്തിവച്ചപോലെയാണ്‌
അവളുടെ ചിറകുകൾ
എനിക്കറിയാവുന്ന ഭയം
ഒരുകാലത്തും അത്ര ലളിതമായ ഒരു രൂപത്തിൽ വെളിപ്പെടില്ല
ആ ചിറകുകളുടെ
ഐന്ദ്രിയവും പാഷണ്ഡവും തറഞ്ഞതുമായ താളത്തിൽ
ഒരു കാലത്തും എന്റെ മനസ്സ്‌ ചലിച്ചിട്ടില്ല
പൊടുന്നനെയതാ, ഭീമമായ ഒരസ്തമയം
അസമാമല കേറുന്നു
ഏതോ സാന്നിദ്ധ്യം
കാടിനു രൂപം കൊടുക്കുന്നു
താഴ്‌വാരത്തിന്റെ വായ തള്ളിത്തുറക്കുന്നു
തണുത്ത വായു വലിച്ചുകീറുന്നു
ഞാൻ ഒരു കുടിലിലേക്കു മടങ്ങുന്നു
അടുപ്പിൽ തീ പൂട്ടുന്നു
ഞാൻ
ഒരദൃശ്യവൃക്ഷമാണ്‌
ഒരദൃശ്യപക്ഷിയാണ്‌
ഒരദൃശ്യമൃഗമാണ്‌
അദൃശ്യതാളങ്ങളേ എന്റെ മനസ്സിലുള്ളു
*

Wednesday, October 28, 2009

റിയുച്ചി തമുരാ(1923-1998)-കവിതകൾ


കറുപ്പ്‌
ഗോതമ്പു കൊയ്ത പാടത്ത്‌
മനുഷ്യരുടെ വേനൽക്കാലം വന്നിറങ്ങുന്നു.
തഴച്ച പച്ചപ്പിനുള്ളിലാണ്‌
പണ്ടു കണ്ട പാതകൾ.

കാണാത്തതു കണ്ടെടുക്കലാണു
കവിയുടെ പണിയെങ്കിൽ
തലയിൽ വൈക്കോൽത്തൊപ്പിയും വച്ചുനടക്കുന്ന
ഇടത്തരം കവിയ്ക്ക്‌
ദുരിതകാലമാണീ മനുഷ്യരുടെ വേനൽക്കാലം.

നെൽപ്പാടത്തെ വരമ്പത്തു കൂടെ
മെലിഞ്ഞൊരു വിദ്വാൻ പാഞ്ഞുപോകുന്നുണ്ട്‌
മനോഹരമായ കവിതയ്ക്കുള്ളിൽ
ഒരു വിഷപ്പാമ്പൊളിച്ചിരുപ്പുണ്ട്‌
നിങ്ങളെ ചതിപ്പെടുത്താൻ
എന്നു ചിലർ പറയുന്നുണ്ട്‌.
പാമ്പുകടി കൊള്ളാതിരിക്കാൻ
ഗ്രാമം വിട്ടു പായുകയാണയാളെന്നു തോന്നുന്നു.

വീട്ടിലേക്കുള്ള വഴി

ഞാനെന്തിനു ഭാഷ പഠിക്കാൻ പോയി?
അർത്ഥങ്ങൾക്കു ഗൗരവമില്ലാത്ത
വാക്കുകളില്ലാത്ത ഒരു ലോകത്തായിരുന്നെങ്കിൽ
ഞാൻ ഗുണം പിടിച്ചേനെ.
സുന്ദരപദങ്ങൾ നിന്നോടു പക വീട്ടാൻ വരുന്നെങ്കിൽ
അതു നിന്റെ പാട്‌
നിശ്ശബ്ദമായ വാക്കുകൾ നിങ്ങളുടെ ചോര വീഴ്ത്തുന്നുവെങ്കിൽ
അതു നിന്റെ പാട്‌.
നിന്റെ ആർദ്രനേത്രങ്ങളിലെ കണ്ണീരും
മിണ്ടാത്ത നാവിൽ നിന്നിറ്റുന്ന നോവും
വെറുതേയൊന്നു നോക്കി ഞാൻ എന്റെ പാട്ടിനു പോയേനെ
നമ്മുടെ ലോകത്തു വാക്കുകളില്ലായിരുന്നെങ്കിൽ.
ഒരു പഴത്തിന്റെ കാമ്പു പോലെ
നിന്റെ കണ്ണീരിനുള്ളിൽ അർത്ഥമടങ്ങിയിരുപ്പുണ്ടോ?
നിന്റെയൊരു ചോരത്തുള്ളിയിലുണ്ടോ
അന്തിവെളിച്ചത്തിന്റെ മാറ്റൊലി?
ഞാൻ വാക്കുകൾ പഠിക്കരുതായിരുന്നു
ജാപ്പനീസ്ഭാഷയും ഒരു വിദേശഭാഷയുടെ കോണും മൂലയും
അറിയാമെന്നതു കൊണ്ടു മാത്രം
നിന്റെ കണ്ണീരിനുള്ളിൽ നിശ്ചലനായി വന്നു ഞാൻ നിൽക്കുന്നു
നിന്റെ ചോരയിലേക്ക്‌ ഏകനായി ഞാൻ കടന്നുവരുന്നു.

Tuesday, October 27, 2009

റിയുച്ചി തമുരാ(1923-1998)-നാലായിരം പകലുകളും രാവുകളും

ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ Tamura_Ryuichi
എനിക്കും നിനക്കും
പ്രിയപ്പെട്ടവയെ കൊല്ലേണ്ടിവരുന്നു.
നാമവയെ വെടിവച്ചുകൊല്ലുന്നു
പതിയിരുന്നുകൊല്ലുന്നു
വിഷം കൊടുത്തു കൊല്ലുന്നു.
നോക്കൂ!
നാലായിരം പകലുകളുടെയും രാവുകളുടെയും
ആകാശത്തു നിന്ന്
നമുക്കൊരു കിളിക്കുഞ്ഞിന്റെ
വിറയാർന്ന നാവു വേണമായിരുന്നു;
അതിനായി
നാലായിരം രാവുകളുടെ നിശ്ശബ്ദതയെ
നാലായിരം പകലുകളുടെ വെളിച്ചത്തെ
നീയും ഞാനും വെടിവച്ചു കൊന്നു.
കേൾക്കുക!
തോരാത്ത മഴയും
ഉരുക്കുന്ന ചൂളകളും
ചുടുവേനൽ കത്തുന്ന തുറമുഖങ്ങളും
കൽക്കരിഖനികളും നിറഞ്ഞ
നഗരങ്ങളിൽ നിന്ന്
ഒരേയൊരു വിശക്കുന്ന പൈതലിന്റെ
കണ്ണീരു വേണമായിരുന്നു;
അതിനായി
സ്നേഹത്തിന്റെ നാലായിരം പകലുകളെ
അനുതാപത്തിന്റെ നാലായിരം രാവുകളെ
നീയും ഞാനും പതിയിരുന്നു കൊന്നു.
ഓർക്കുക!
നാം കാണാത്തതു കാണുന്ന
നാം കേൾക്കാത്തതു കേൾക്കുന്ന
ഒരേയൊരു തെണ്ടിപ്പട്ടിയുടെ ഭീതി
നമുക്കു വേണമായിരുന്നു;
അതിനായി
നാലായിരം രാവുകളുടെ കൽപനകളെ
നാലായിരം പകലുകളുടെ തണുക്കുന്ന സ്മൃതികളെ
നീയും ഞാനും വിഷം കൊടുത്തു കൊന്നു.
ഒരേയൊരു കവിതയ്ക്കു വന്നുചേരാൻ
എനിക്കും നിനക്കും
പ്രിയപ്പെട്ടവയെ കുരുതി കൊടുക്കേണ്ടിവരുന്നു;
മരിച്ചുപോയവരെ ജീവിതത്തിലേക്കു മടക്കിവിളിക്കാൻ
ഒരു വഴിയേയുള്ളു.
നമുക്കും ആ വഴിയേ പോകേണ്ടിവരുന്നു.

Tuesday, October 20, 2009

ബോദ്‌ലെയെർ-ചില്ലുവിൽപ്പനക്കാരൻ

Charles_Baudelaire_1855_Nadar
തികച്ചും ചിന്താശീലരും തീർത്തും കർമ്മവിമുഖരുമായ ചില മനുഷ്യർ ചില നേരത്ത്‌ നിഗൂഢവും അജ്ഞാതവുമായ ഏതോ പ്രേരണയ്ക്കടിപ്പെട്ട്‌ തങ്ങൾക്കുണ്ടെന്ന് അവർ പോലും സംശയിക്കാത്ത ഒരു ത്വരയോടെ ചില പ്രവൃത്തികൾ ചെയ്തുപോകാറുണ്ട്‌.

എന്തു മന:ക്ലേശമാണോ ഉള്ളിൽ തന്നെ കാത്തിരിക്കുന്നതെന്ന ഭയപ്പാടോടെ സ്വന്തം വീട്ടുവാതിലിനു മുന്നിൽ ഒരു മണിക്കൂർ നേരം നിന്നു പരുങ്ങുന്ന ഒരാൾ; കൈയിൽ കിട്ടിയ കത്ത്‌ പൊളിക്കാതെ രണ്ടാഴ്ചയായി കൊണ്ടുനടക്കുന്ന ഒരാൾ; ഒരു കൊല്ലം മുമ്പേ ചെയ്യേണ്ട ഒരു സംഗതി ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ആറുമാസമെടുക്കുന്ന ഒരാൾ-ഇവർ ചിലപ്പോൾ കവണയിൽ നിന്നു പായുന്ന കല്ലു പോലെ തടുക്കാനാവാത്തൊരാവേഗത്താൽ നീതരായി പ്രവൃത്തിയിൽ ചെന്നു പതിക്കും. അതിനുള്ള ഭ്രാന്തമായ ഊർജ്ജം ആ ജഡപ്രകൃതികൾക്ക്‌ എവിടെനിന്നു കിട്ടുന്നു? ഏറ്റവും ലളിതവും അടിയന്തിരവുമായ ചില കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തി കാണിക്കാത്ത അവർ പെട്ടെന്നൊരു മുഹൂർത്തത്തിൽ ബുദ്ധിശൂന്യവും അപകടകരം പോലുമായ സംഗതികൾ ചെയ്യാൻ ത്രാണിയുള്ളവരായിത്തീരുന്നതെങ്ങനെ? എല്ലാമറിയുന്നവരായി ഭാവിക്കുന്ന നോവലിസ്റ്റിനോടോ ഡോക്ടറോടോ ഇതിനൊരു വിശദീകരണം ചോദിച്ചാൽ അവർക്കതിനു മറുപടിയുണ്ടാവില്ല.

എന്റെയൊരു സ്നേഹിതൻ-ഇങ്ങനെ പരമസാധുവും സ്വപ്നജീവിയുമായ ഒരാൾ ഈ ലോകത്തു വേറെ കാണില്ല-തീ പടരുന്നതു വളരെ വേഗമാണെന്ന് ആളുകൾ പറയുന്നതു ശരിയാണോയെന്നറിയാൻ വേണ്ടിയാണത്രെ,ഒരിക്കൽ കാടിനു തീ കൊളുത്തി; പത്തുതവണ അയാളുടെ ശ്രമം പരാജയപ്പെട്ടു; പതിനൊന്നാമത്തെ തവണ അതു പൂർണ്ണവിജയവുമായിരുന്നു.

മറ്റൊരാൾ വെടിമരുന്നു വച്ചിരിക്കുന്ന പെട്ടിയ്ക്കടുത്തു ചെന്നു നിന്ന് ചുരുട്ടു കത്തിക്കും; വിധിയെ കാണാൻ, അറിയാൻ, പ്രലോഭിപ്പിച്ചു വരുത്താൻ വേണ്ടിയാണത്രെ. ഒരു ചൂതാട്ടം നടത്താനുള്ള ഊറ്റം തനിക്കുണ്ടെന്നു സ്വയം വിശ്വസിപ്പിക്കാൻ, ഉത്കണ്ഠയുടെ ആന്നന്ദങ്ങൾ അനുഭവിക്കാൻ വേണ്ടിയാണത്രെ. ഇനിയഥവാ ഒരു കാരണവുമില്ലാതെ, വെറുമൊരു ഭ്രമത്തിന്റെ പുറത്ത്‌, മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ടുമാവാം.

മടുപ്പിൽ നിന്നും ദിവാസ്വപ്നത്തിൽ നിന്നും ഉറവെടുക്കുന്ന ഒരുതരം ഊർജ്ജമാണത്‌; ഓർത്തിരിക്കാതെ അതു വന്നു വെളിപ്പെടുന്നതാകട്ടെ, ഞാൻ മുമ്പു പറഞ്ഞപോലെ, അലസന്മാരിലും സ്വപ്നജീവികളിലുമാണ്‌.

മറ്റൊരാൾ-അന്യരുടെ നോട്ടത്തിനു മുന്നിൽ ദൃഷ്ടി താഴ്ത്തുന്ന ഒരു കാതരജീവി; ഒരു ഹോട്ടലിനുള്ളിലേക്കു കടന്നു ചെല്ലാൻ, ഒരു തിയേറ്ററിന്റെ കൗണ്ടറിനു മുന്നിലൂടെ നടന്നുപോകാൻ ആകെയുള്ള ഇച്ഛാശക്തിയെല്ലാം സംഭരിക്കേണ്ടി വരുന്ന ഒരാൾ( മിനോസിനെയും ഐക്കസിനെയും റഡമന്തസിനെയും പോലെ പ്രതാപികളാണ്‌ ആ കൗണ്ടറിലിരിക്കുന്നവർ അയാളുടെ കണ്ണിൽ *)-തെരുവിലൂടെ നടന്നുപോകുന്ന ഒരു കിഴവനെ സ്തബ്ധരായി നിൽക്കുന്ന ആ ജനത്തിനെല്ലാം മുന്നിൽ വച്ച്‌ ഓടിച്ചെന്നു കെട്ടിപ്പിടിച്ചുവെന്നു വരാം.

എന്തുകൊണ്ട്‌? ആ മനുഷ്യന്റെ ശാരീരികലക്ഷണങ്ങളോട്‌ തടുക്കാനാവാത്തൊരാകർഷണം അയാൾക്കു തോന്നി എന്നതാണോ കാരണം? ആയിരിക്കാം; അതേസമയം അയാൾക്കു തന്നെ അതെന്തു കൊണ്ടാണെന്നറിയില്ല എന്നതാവാം കുറച്ചുകൂടി സ്വീകാര്യമായ വിശദീകരണം.

ഞാൻ ഒന്നിൽക്കൂടുതൽ തവണ ഇത്തരം പ്രതിസന്ധികൾക്കും പ്രേരണകൾക്കും ഇരയായിപ്പോയിട്ടുണ്ട്‌. ചില ദുർഭൂതങ്ങൾ നമ്മുടെയുള്ളിൽ കയറിക്കൂടി നാമറിയാതെ നമ്മെക്കൊണ്ട്‌ അവരുടെ നീചമോഹങ്ങൾ നിവർത്തിക്കുകയാണെന്നു നാം വിശ്വസിച്ചുപോയാൽ അതിൽ തെറ്റു പറയാനില്ല.

ഒരുദിവസം കാലത്ത്‌ ഉന്മേഷം കെട്ട്‌, സ്വന്തം ആലസ്യം കൊണ്ടുതന്നെ മനസ്സുകെട്ട്‌ മഹത്കാര്യമെന്തോ ചെയ്തുവയ്ക്കാനുള്ള ത്വരയോടെ ഞാൻ ഉറക്കമുണർന്നു; ഞാൻ ചെന്നു ജനാല തുറന്നു, കഷ്ടം!

(കുസൃതികളൊപ്പിക്കാൻ ചില മനുഷ്യരിൽ കാണുന്ന വ്യഗ്രത ബോധപൂർവ്വമോ കണക്കുകൂട്ടിയോ ഉള്ള ഒന്നല്ലെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ അപേക്ഷിക്കട്ടെ; ഒരു നിമിഷത്തെ പ്രചോദനം കൊണ്ടു ചെയ്തുപോകുന്നതാണത്‌. ഔചിത്യമില്ലാത്ത എത്രയെങ്കിലും പ്രവൃത്തികൾ ചെയ്തുകൂട്ടാൻ നമ്മുടെ ചെറുത്തുനിൽപ്പൊന്നും കണക്കിലെടുക്കാതെ നമ്മെ ഉന്തിത്തള്ളിവിടുന്ന ആ പ്രകൃതിയോട്‌-ഡോകടർമാർ അതിനെ ഉന്മാദമെന്നു വിളിക്കുമ്പോൾ അവരെക്കാൾ അൽപം കൂടി ചിന്തിക്കാൻ കഴിവുള്ളവർ പൈശാചികമെന്ന് അതിനെ വിശേഷിപ്പിക്കും-അതിന്റെ തീക്ഷ്ണത കൊണ്ടെങ്കിലും ഗാഢബന്ധമുള്ളതാണത്‌.)

താഴെയുള്ള തെരുവിൽ ഞാൻ ആദ്യം കണ്ടത്‌ ഒരു ചില്ലുവിൽപ്പനക്കാരനെയാണ്‌; പാരീസിന്റെ കനം തൂങ്ങുന്ന കെട്ട വായുവിലൂടെ അയാളുടെ ചെവിതുളയ്ക്കുന്ന അപസ്വരം എന്റെ കാതുകളിലേക്കെത്തി. ആ പാവത്താനെ കണ്ടതും എന്റെ മനസ്സിൽ അത്ര പെട്ടെന്ന് ക്രൂരമായ ഒരു വിദ്വേഷം പതഞ്ഞുപൊങ്ങിയതെങ്ങിനെയെന്നു വിശദീകരിക്കാൻ എനിക്കു പറ്റില്ല.

"ഹേയ്‌!ഹേയ്‌!" കയറിവരാൻ ഞാൻ അയാളോടു പറഞ്ഞു. ഏഴാമത്തെ നിലയിലുള്ള എന്റെ മുറിയിലേക്ക്‌ ഇടുങ്ങിയ കോണി കയറി വരാൻ അയാൾ ബുദ്ധിമുട്ടുമെന്നും അതിനിടയ്‌ഇൽ അയാളുടെ സാധനങ്ങൾ അവിടെയുമിവിടെയുമൊക്കെ മുട്ടി കേടുവരുമെന്നും മനസ്സിൽക്കണ്ടാനന്ദിക്കുകയായിരുന്നു ഞാൻ.

ഒടുവിൽ അയാൾ മുകളിലെത്തി; ഞാൻ അയാളുടെ ചില്ലുകൾ സൂക്ഷ്മമായി പരിശോധിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു:"ഇതെന്താ? തന്റെ കൈയിൽ വർണ്ണച്ചില്ലുകളൊന്നുമില്ലേ? പച്ച, നീല, ചുവപ്പ്‌? മായച്ചില്ലുകൾ, പറുദീസയിലെ ചില്ലുകൾ? നാണം കെട്ട കഴുതേ! ജീവിതം സുന്ദരമാക്കുന്ന ഒരു ചില്ലു പോലും കൈയില്ലാതെ ഈ ദരിദ്രം പിടിച്ച തെരുവിലൂടെ നടക്കാൻ തനിക്കെങ്ങനെ ധൈര്യം വന്നു!" എന്നിട്ട്‌ ഞാനയാളെ കോണിപ്പടിയിലേക്കു തന്നെ പിടിച്ചുതള്ളി; വീഴാൻ പോയപ്പോൾ അയാൾ എന്തോ പിറുപിറുത്തു.

ഞാൻ എന്റെ ബാൽക്കണിയിലേക്കു പോയി ചെറിയൊരു ചെടിച്ചട്ടി കൈയിലെടുത്തു; എന്നിട്ട്‌ അയാൾ താഴെ വന്നപ്പോൾ ആ ചില്ലുകെട്ടിനു പിന്നിൽ ചെന്നു കൊള്ളുന്ന രീതിയിൽ ഞാനെന്റെ യുദ്ധയന്ത്രം പ്രയോഗിച്ചു. അതിന്റെ ആഘാതത്തിൽ അയാൾ പിന്നോട്ടു മറിയുകയും അയാളുടെ ആ സഞ്ചരിക്കുന്ന നിധി അപ്പാടെ പൊട്ടിത്തരിപ്പണമാവുകയും ചെയ്തു. അതു കേട്ടപ്പോൾ ഇടിമിന്നലേറ്റ്‌ ഒരു ചില്ലുകൊട്ടാരം തകരുന്നപോലെയുണ്ടായിരുന്നു.

ഉന്മാദത്തിന്റെ ലഹരി തലയ്ക്കു പിടിച്ച ഞാൻ അയാളെ നോക്കി വിളിച്ചുപറഞ്ഞു:"ജീവിതം സുന്ദരമാക്കെടോ! ജീവിതം സുന്ദരമാക്കെടോ!"

ഇത്തരം ഭ്രാന്തൻതമാശകൾ അപായകരമാകാം; ചിലനേരം അതിനു കൊടുക്കേണ്ടിവരുന്ന വില കനത്തതുമായിരിക്കും. പക്ഷേ ഒരു നിമിഷത്തിൽ അനന്തമായ ആനന്ദം കണ്ടെത്തുന്ന ഒരാൾ എന്തിനു നിത്യനരകത്തെ പേടിക്കണം?

--------------------------------------------------------------------------------------------------------------------------------

* ഗ്രീക്ക്‌ പുരാണത്തിൽ പാതാളത്തിലെ ഉഗ്രപ്രതാപികളായ ന്യായാധിപന്മാർ

Saturday, October 17, 2009

ബോദ്‌ലെയെർ-വൃദ്ധനായ കോമാളി

Hogarth's_Southwark_Fair

ഒരൊഴിവുദിവസം വീണുകിട്ടിയ ജനം എങ്ങും നിറഞ്ഞുപരന്നൊഴുകി വിനോദിക്കുകയാണ്‌. കോമാളികളും കൺകെട്ടുവിദ്യക്കാരും മൃഗശിക്ഷകരും നടന്നുവിൽപ്പനക്കാരുമൊക്കെ ഒരാണ്ടത്തെ കോട്ടം തീർക്കുന്നത്‌ ഇങ്ങനെയുള്ള അവസരങ്ങളിലാണ്‌.

ഈ ദിവസങ്ങളിൽ ജനം തങ്ങളുടെ ജോലിപ്പാടുകളും ജീവിതദുരിതങ്ങളുമൊക്കെ മറവിയിൽത്തള്ളുന്നതായിട്ടാണ്‌ ഞാൻ കണ്ടിരിക്കുന്നത്‌; ഒരു ദിവസത്തേക്ക്‌ അവർ കുട്ടികളുടെ മട്ടെടുക്കുകയാണ്‌. കുട്ടികൾക്കാകട്ടെ, ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക്‌ പള്ളിക്കൂടഭീകരതയിൽ നിന്നൊരു വിടുതലും കിട്ടുന്നു. മുതിർന്നവരോ, ജീവിതത്തിലെ ദുഷ്ടശക്തികളുമായി ഒരു താൽക്കാലികവെടിനിർത്തൽ ഒപ്പുവയ്ക്കുകയാണ്‌; അവസാനമില്ലാത്ത തർക്കങ്ങളിലും സംഘർഷങ്ങളിലും നിന്ന് ഒരു സാവകാശം.

വരേണ്യരും ബുദ്ധിജീവികളും വരെ ഈ പൊതുതമാശയുടെ പിടിയിൽ പെട്ടുപോകുന്നു. ആ ഉത്സവാന്തരീക്ഷത്തിന്റെ ഒരംശം തങ്ങളറിയാതെതന്നെ അവരുടെയുള്ളിലേക്കും കടക്കുന്നുണ്ട്‌. എന്റെ കാര്യം പറയാനാണെങ്കിൽ ഇത്തരം ഭവ്യസന്ദർഭങ്ങളിൽ തെരുവിനിരുവശവും നിരക്കുന്ന എണ്ണമറ്റ സ്റ്റാളുകൾ ഒന്നുപോലും വിടാതെ ഞാൻ ചെന്നു നിരങ്ങാറുണ്ട്‌.

അവരുടെ ആ തമ്മിൽപ്പോരിന്റെ ഊറ്റം കാണേണ്ടതുതന്നെ! കുരയ്ക്കുകയും അമറുകയും ഓരിയിടുകയും ചെയ്യുകയാണവർ. ആക്ക്രോശങ്ങളും പ്രചണ്ഡമായ മേളങ്ങളും മാനത്തേക്കുയരുന്ന വാണങ്ങളും ചേർന്നൊരു കലമ്പൽ. കസർത്തുകാരും കോമാളികളും വെയിലും കാറ്റും മഴയും കൊണ്ടു കരുവാളിച്ച മുഖങ്ങൾ കൊണ്ട്‌ ഗോഷ്ടികൾ കാണിക്കുന്നുണ്ട്‌. കാണികൾക്കു മേൽ തങ്ങൾ എന്തു പ്രഭാവമാണു സൃഷ്ടിക്കാൻ പോകുന്നതെന്ന് അത്ര ഉറപ്പുള്ള നടന്മാരെപ്പോലെ ലോകോക്തികളും തമാശകളും തട്ടിവിടുകയാണവർ. ഒരു മോളിയേകോമഡി പോലെ പരന്നുറച്ച ഒരു നാടകം. വരുന്നവർക്കു മുന്നിൽ തങ്ങളുടെ കൂറ്റൻ കൈകാലുകൾ പ്രദർശിപ്പിച്ചുകൊണ്ട്‌ ആടിയാടി നടക്കുകയാണ്‌ ഒറാങ്ങ്‌ ഉട്ടാങ്ങിനെപ്പോലെ ഇടുങ്ങിയ നെറ്റിയും തലയോട്ടിയുമുള്ള ഗുസ്തിക്കാർ; ഇന്നൊരു ദിവസത്തിനു വേണ്ടി തലേദിവസം പ്രത്യേകമായി അലക്കിവെളുപ്പിച്ച ലങ്കോട്ടിയാണ്‌ അവരുടെ വേഷം. യക്ഷികളെയും രാജകുമാരിമാരെയും പോലെ സുന്ദരികളായ നർത്തകിമാർ എരിപന്തങ്ങളുടെ തീപ്പൊരികൾ തട്ടിത്തിളങ്ങുന്ന പാവാടകളുമായി വായുവിലേക്കു കുതിക്കുകയും പെരുവിരലൂന്നിനിന്നു കറങ്ങുകയും ചെയ്യുന്നു.

വെളിച്ചവും പൊടിയും ഒച്ചയും ആഹ്ലാദവും കലപിലയുമാണെങ്ങും. ചിലർ ചിലവാക്കുന്നു, ചിലർ നേടുന്നു; രണ്ടുകൂട്ടർക്കും സന്തോഷവുമാണ്‌. ചില കുട്ടികൾ കരിമ്പിൻതുണ്ടത്തിനു വേണ്ടി അമ്മമാരുടെ പാവാടത്തുമ്പിൽ തൂങ്ങി ചിണുങ്ങുന്നു; മറ്റു ചില കുട്ടികൾ ഏതോ ദേവനെപ്പോലെ കണ്ണഞ്ചിക്കുന്ന ഒരു മാന്ത്രികനെ ശരിക്കൊന്നു കാണാൻ വേണ്ടി അച്ഛന്മരുടെ തോളിൽ കയറിപ്പറ്റിയിരിക്കുന്നു. പിന്നെ, സകലഗന്ധങ്ങൾക്കും മേലെ പരന്നൊഴുകുകയാണ്‌ ആ മേളയുടെ ഔദ്യോഗികപരിമളം പോലെ വറുക്കുകയും പൊരിക്കുകയും ചെയ്യുന്ന മണം.

സ്റ്റാളുകളുടെ നിരയുടെ ഏറ്റവും ഒടുവിലായി, ആ പകിട്ടുകളുടെ മുന്നിലേക്കു വരാൻ നാണിച്ചിട്ടെന്നപോലെ സ്വയം ഭ്രഷ്ടനായ വൃദ്ധനായ ഒരു കോമാളി എന്റെ കണ്ണിൽപ്പെട്ടു. തന്റെ ചായ്പ്പിന്റെ ഒരു തൂണിൽ ചാരിനിൽക്കുകയാണ്‌ മുതുകൂന്നി, ഒടിഞ്ഞുവീഴാറായ ആ മനുഷ്യാവശിഷ്ടം. ഏറ്റവും പ്രാകൃതനായ ഒരു കാട്ടുജാതിക്കാരന്റെ കുടിലിനെക്കാളും നികൃഷ്ടമാണാ കൂര. പൊട്ടിയും പുകഞ്ഞും കത്തുന്ന രണ്ടു മെഴുകുതിരിക്കഷണങ്ങളാവട്ടെ, ആ ദാരിദ്ര്യത്തെ ശരിക്കും വെളിച്ചത്താക്കുകയുമായിരുന്നു. എവിടെയും ആഹ്ലാദവും നേട്ടവും തിമിർക്കലും; എവിടെയും നാളത്തെ അപ്പം ഉറപ്പായതിന്റെ ആശ്വാസം; എവിടെയും ജീവന്റെ പുളപ്പുകൾ. ഇവിടെയോ പരമദാരിദ്ര്യം; അതിന്റെ ഭീകരതയെ എടുത്തുകാണിക്കുന്ന കോമാളിവേഷവുമണിഞ്ഞു നിൽക്കുകയാണത്‌; ആ വൈരുദ്ധ്യം കൊണ്ടുവരുന്നതു കലയല്ല, ആവശ്യകതയാണു പക്ഷേ. ആ പാവം ചിരിക്കുകയല്ല! കരയുകയല്ല, നൃത്തം വയ്ക്കുകയല്ല; ഗോഷ്ടി കാണിക്കുകയല്ല; ഒച്ച വയ്ക്കുകയല്ല; സന്തോഷമോ ദുഃഖമോ പ്രകടിപ്പിക്കുന്ന പാട്ടുകളൊന്നും പാടുകയുമല്ല. അയാൾ ആർക്കും നേരെ കൈ നീട്ടുന്നുമില്ല. നിശ്ശബ്ദനും നിശ്ചലനുമാണയാൾ. അയാൾ സർവ്വതും ത്യജിച്ചുകഴിഞ്ഞു; തന്റെ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു; അയാളുടെ ഭാഗധേയം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു.

പക്ഷേ തന്റെയാ അറയ്ക്കുന്ന ദാരിദ്ര്യത്തിനു ചുവടുകൾക്കകലെ വന്നൊഴുക്കുനിലയ്ക്കുന്ന ആളിനും വെളിച്ചത്തിനും മേൽ അയാൾ പായിച്ച ആ നോട്ടത്തിന്റെ ആഴത്തെ ഞാനെങ്ങനെ മറക്കാൻ! വികാരക്ഷോഭത്തിന്റെ ഭീകരഹസ്തം തൊണ്ടയ്ക്കു പിടിച്ചമർത്തുന്ന പോലെ എനിക്കു തോന്നി. വീഴാൻ കൂട്ടാക്കാത്ത കണ്ണീർത്തുള്ളികൾ കൊണ്ട്‌ കാഴ്ച മങ്ങുന്ന പോലെ.

എന്തു ചെയ്യണം? പിഞ്ഞിക്കീറിയ ആ തുണിക്കു പിന്നിലെ കരിനിഴലുകൾക്കുള്ളിൽ എന്തൊക്കെ കൗതുകങ്ങളും അതിശയങ്ങളുമാണ്‌ എന്നെ കാണിക്കാൻ വേണ്ടി അയാൾ കരുതിവച്ചിരിക്കുന്നതെന്നു ചോദിച്ചിട്ടെന്തു ഗുണം? ചോദിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല എന്നതാണു വാസ്തവം; ആ ധൈര്യക്കുറവിനു കാരണം കേട്ടാൽ നിങ്ങൾ ചിരിക്കുംഎങ്കിൽക്കൂടി ഞാൻ പറയട്ടെ, എന്റെ ചോദ്യം അയാൾക്കപമാനമായിത്തോന്നുമോ എന്നായിരുന്നു എന്റെ ശങ്ക. ഒടുവിൽ ഞാൻ നിശ്ചയിച്ചു, കടന്നുപോകുമ്പോൾ ആ പലകയുടെ മുകളിൽ കുറച്ചു പണം വച്ചിട്ടുപോകാമെന്ന്; എന്റെ ഉദ്ദേശ്യം അയാൾക്കു മനസ്സിലാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ അപ്പോഴേക്കും എന്തു കാരണം കൊണ്ടോ ഇരമ്പിക്കയറിവന്ന ജനക്കൂട്ടം എന്നെ തള്ളിമാറ്റി അയാളിൽ നിന്ന് വളരെ അകലെ കൊണ്ടുപോയി.

ആ കാഴ്ച മനസ്സിൽ നിന്നൊഴിവാക്കാനാവാതെ വീട്ടിലേക്കു മടങ്ങുമ്പോൾ എന്നെ പെട്ടെന്നു ബാധിച്ച വിഷാദത്തെ വിശകലം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ: താൻ രസിപ്പിച്ച ഒരു തലമുറയെ അതിജീവിച്ച വൃദ്ധനായ എഴുത്തുകാരനെയാണ്‌ ഞാനിപ്പോൾ ദർശിച്ചത്‌. സുഹൃത്തുക്കളില്ലാത്ത, കുടുംബമില്ലാത്ത, കുട്ടികളില്ലാത്ത , സ്വന്തം ദാരിദ്ര്യവും സമൂഹത്തിന്റെ നന്ദികേടും കൊണ്ടധിക്ഷിപ്തനായ ഒരു വൃദ്ധകവി തന്റെ കുടിലിനുള്ളിൽ നിൽക്കുകയാണ്‌; മറവി ബാധിച്ച ലോകത്തിന്‌ അങ്ങോട്ടു കടക്കാൻ മനസ്സുമില്ല.

Wednesday, October 14, 2009

ബോദ്‌ലെയെർ-ഉദാരമതിയായ ചൂതാട്ടക്കാരൻ

Martin,_John_-_Satan_presiding_at_the_Infernal_Council_-_1824

ഇന്നലെ തെരുവിലെ തിരക്കിലൂടെ നടക്കുമ്പോൾ ഒരു നിഗൂഢസത്വം എന്നെ തൊട്ടുരുമ്മിക്കടന്നുപോയി; ഞാനേറെക്കാലമായി പരിചയപ്പെടണമെന്നു വിചാരിച്ചിരുന്ന ഒരു വ്യക്തി; മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിൽക്കൂടി കണ്ടയുടനെ എനിക്കയാളെ ഓർമ്മവരികയും ചെയ്തു. എന്നെ പരിചയപ്പെടണമെന്ന് അയാൾക്കും ആഗ്രഹമുണ്ടായിരുന്നിരിക്കണം; കാരണം, എന്നെ കടന്നുപോകുമ്പോൾ അയാൾ എന്നെ നോക്കി അർത്ഥഗർഭമായി ഒന്നു കണ്ണിറുക്കിക്കാണിച്ചിരുന്നു; അയാളുടെ ഇംഗിതം മനസ്സിലാക്കിയ ഞാൻ പിന്നാലെ ചെന്നു. ഞങ്ങൾ ഇറങ്ങിച്ചെന്നത്‌ ഉജ്ജ്വലമായ ഒരു പാതാളവസതിയിലാണ്‌; പാരീസിലെ ഒരു പ്രഭുഗൃഹത്തിനും സ്വപ്നം കാണാനാവാത്ത ആഡംബരത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണത്‌. ഇത്ര വിശിഷ്ടമായ ഒരു മന്ദിരത്തിനു മുന്നിലൂടെ പലതവണ കടന്നുപോയിട്ടും അതിന്റെ കവാടം ഇതേവരെ എന്റെ കണ്ണിൽപ്പെടാതിരുന്നത്‌ വിചിത്രമാണല്ലോ എന്നു ഞാൻ മനസ്സിൽ പറയുകയും ചെയ്തു. അതിവിശിഷ്ടവും ഒപ്പം തലയ്ക്കു പിടിക്കുന്നതുമായ ആ അന്തരീക്ഷത്തിൽ കാലു കുത്തേണ്ട താമസം, ഈ മുഷിപ്പൻ ജീവിതത്തിലെ സകല ആകുലതകളും നിങ്ങളുടെ വിസ്മൃതിയിൽ പെട്ടുകഴിഞ്ഞു.ഇരുണ്ടൊരു പരമാനന്ദം നിങ്ങൾക്കനുഭൂതമാകുന്നു; അതിനു തുല്യമായ ഒന്നാവണം പണ്ട്‌ അന്തിവെളിച്ചം കെടാത്ത മായാദ്വീപിൽ ചെന്നിറങ്ങിയ ആ താമരതീനികളും *അനുഭവിച്ചത്‌; ജലപാതങ്ങളുടെ സുഖരാഗങ്ങൾക്കൊപ്പം അവരുടെ ഹൃദയങ്ങളിൽ വളർന്നത്‌ ഇനിയൊരിക്കലും സ്വന്തം നാടുകളിലേക്കു തിരിച്ചുപോകാതിരിക്കാനുള്ള അഭിലാഷമായിരുന്നല്ലോ; തങ്ങൾക്കിനി സ്വന്തം കുടുംബദേവതകൾ വേണ്ട, ഭാര്യമാർ വേണ്ട, കുഞ്ഞുങ്ങളും വേണ്ട; ഇനി ആഴിയുടെ കൊടുംതിരകൾക്കു മേൽ കയറാനും തങ്ങളില്ല.

അവിടെ ഞാൻ അസാധാരണരായ മനുഷ്യരെ കണ്ടു; ആ മുഖങ്ങളിൽ ഒരു മാരകസൌന്ദര്യം മുദ്ര ചാർത്തിയിരിക്കുന്നു; മുമ്പെന്നോ ഏതൊക്കെയോ ദേശങ്ങളിൽ വച്ച്‌ ഇവരെ കണ്ടിട്ടുള്ളതാണല്ലോ എന്നൊരു തോന്നൽ എനിക്കുണ്ടായെങ്കിലും അതു കൃത്യമായി ഓർമ്മിച്ചെടുക്കാൻ എനിക്കായില്ല. അതേസമയം അറിയാത്തതിനെ കണ്മുന്നിൽ കാണുമ്പോൾ സാധാരണയുണ്ടാകുന്ന ഭീതിയല്ല, മറിച്ച്‌ സ്വസഹോദരങ്ങളോടു തോന്നുന്ന സഹാനുഭൂതിയാണ്‌ എനിക്കവരെ കണ്ടപ്പോൾ തോന്നിയത്‌. ആ നോട്ടങ്ങളിലെ സവിശേഷമായ ഭാവത്തെ ഏതെങ്കിലും രീതിയിൽ വാക്കുകളിൽ പകർത്താൻ എനിക്കു കഴിഞ്ഞാൽ അതിങ്ങനെയായിരിക്കും: മടുപ്പിനെക്കുറിച്ചുള്ള ഭീതിയും നിത്യജീവിതത്തിനായുള്ള ആസക്തിയും കൊണ്ട്‌ ഈവിധമെരിയുന്ന കണ്ണുകൾ ഞാനിതിനു മുമ്പു കണ്ടിട്ടില്ല.

കസേരകൾ വലിച്ചിട്ടിരുന്നപ്പോഴേക്കും ഞാനും എന്റെ ആതിഥേയനും ചിരകാലസുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ പലതും കഴിച്ചു; അപൂർവ്വമായ പലതരം മദ്യങ്ങൾ അളവില്ല്ലാതെ അകത്താക്കി; അതിലും അപൂർവ്വമായി എനിക്കു തോന്നിയത്‌ മണിക്കൂറുകൾ അത്ര കഴിഞ്ഞിട്ടും എന്റെ വെളിവു കെട്ടിരുന്നില്ല എന്നതായിരുന്നു. ഇതിനിടയിൽ പലപ്പോഴായി ചൂതുകളി, ആ അമാനുഷികസുഖം, ഞങ്ങളുടെ മധുപാനത്തെ തടസ്സപ്പെടുത്തിയിരുന്നു; വീരോചിതമായ ഒരു കൂസലില്ലായ്മയോടെയും മനോലാഘവത്തോടെയും ഞാനെന്റെ ആത്മാവിനെ പണയപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടറിയാനില്ലാത്ത ഒരു സാധനമാണ്‌ ഈ ആത്മാവെന്നു പറയുന്നത്‌; മിക്കപ്പോഴും ഒരുപയോഗമില്ലാത്തതും പലപ്പോഴും ഒരു ശല്യവുമാണത്‌. നടക്കാനിറങ്ങിയ വഴി വിസിറ്റിംഗ്‌ കാർഡ്‌ നഷ്ടപ്പെട്ടാലുണ്ടാകാവുന്ന നഷ്ടബോധമേ എനിക്കപ്പോഴുണ്ടായുള്ളു.

കുറേയേറെ നേരത്തേക്ക്‌ ഞങ്ങൾ ചുരുട്ടും പുകച്ചിരുന്നു; അതിന്റെ അനുപമമായ സ്വാദും മണവും അറിയാത്ത ദേശങ്ങളെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചുമുള്ള ഗൃഹാതുരത്വം എന്റെ ആത്മാവിനുള്ളിൽ നിറച്ചു; ഈ സന്തോഷങ്ങളൊക്കെക്കൊണ്ടു മതികെട്ട ഞാനാകട്ടെ, ഒരതിപരിചയത്തിന്റെ തള്ളലിൽ,അതിൽ അദ്ദേഹത്തിനും അപ്രിയമുള്ളതായി കണ്ടില്ല, നിറഞ്ഞുതുളുമ്പിയ ഒരു ഗ്ലാസ്സ്‌ പൊക്കിപ്പിടിച്ച്‌ ഇങ്ങനെ ഉറക്കെപ്പറഞ്ഞു:"താങ്കളുടെ അനശ്വരമായ ആരോഗ്യത്തിന്‌,ചങ്ങാതീ!"

പിന്നെ ഞങ്ങളുടെ സംസാരം പ്രപഞ്ചത്തിലേക്കു തിരിഞ്ഞു; അതിന്റെ സൃഷ്ടി, ഭാവിയിലെ നാശം; പിന്നെ ഈ നൂറ്റാണ്ടിനു പ്രിയങ്കരമായ ഒരാശയമുണ്ടല്ലോ, പുരോഗതിയും പൂർണ്ണതയും-മൊത്തത്തിൽപ്പറഞ്ഞാൽ മനുഷ്യന്റെ അതിമോഹങ്ങളുടെ വിവിധരൂപങ്ങൾ ഞങ്ങളുടെ സംഭാഷണത്തിനു വിഷയമായി. അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തമാശ കലർന്ന തർക്കവാദങ്ങൾ ഉറവ വറ്റാത്തതായിരുന്നു; സൗമ്യമായ ആ വചോവിന്യാസവും നേർത്ത നർമ്മവുമാകട്ടെ, മനുഷ്യരാശി കണ്ട ഏറ്റവും പുകൾ പെറ്റ സംഭാഷണവിദഗ്ധരിൽ ഞാനിതേവരെ ദർശിച്ചിട്ടില്ലാത്തതുമായിരുന്നു. ഇക്കാലം വരെ മനുഷ്യമനസ്സിനെ കൈയേറിയ പലതരം തത്വശാസ്ത്രങ്ങളുടെ അയുക്തികതയെക്കുറിച്ച്‌ അദ്ദേഹം എന്നോടു വിവരിച്ചു; പല അടിസ്ഥാനതത്വങ്ങളെക്കുറിച്ചും എന്നോടു രഹസ്യമായി പറയാനുള്ള ദാക്ഷിണ്യവും അദ്ദേഹം കാണിച്ചു; അവയുടെ ഉടമസ്ഥതയും പ്രയോജനങ്ങളും എല്ലാവരുമായി പങ്കുവയ്ക്കുന്നത്‌ ഉചിതമായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ലോകമെമ്പാടും തന്റെ പേരിലുള്ള കുപ്രസിദ്ധിയിൽ അദ്ദേഹത്തിനു പരാതിയൊന്നും കണ്ടില്ല; അന്ധവിശ്വാസങ്ങൾ നശിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം എനിക്കുറപ്പു നൽകി; സ്വന്തം ശക്തിയെക്കുറിച്ച്‌ ഒരിക്കലേ തനിക്കു സംശയമുണ്ടായിട്ടുള്ളു എന്നും അദ്ദേഹം ഏറ്റുപറഞ്ഞു; തന്റെ സഹപ്രവർത്തകരെക്കാൾ സൂക്ഷ്മവേദിയായ ഒരുപദേശി പ്രസംഗപീഠത്തിൽ നിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞപ്പോഴാണത്‌:

"എന്റെ പ്രിയസഹോദരങ്ങളെ, പ്രബുദ്ധതയുടെ പുരോഗതിയെക്കുറിച്ചഭിമാനം കൊള്ളുമ്പോൾ ഇതു മറക്കരുതേ- പിശാചില്ലെന്നു വിശ്വസിക്കാൻ നിങ്ങൾക്കു തോന്നിയാൽ അതാണവന്റെ ഏറ്റവും വിദഗ്ദ്ധമായ കൗശലം!"

പുകൾപെറ്റ ആ പ്രഭാഷകനെക്കുറിച്ചുള്ള ഓർമ്മ സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു തിരിച്ചുവിട്ടു; തൂലികയെയോ,വാക്കിനെയോ,വിദ്യാവിചക്ഷണരുടെ മനഃസാക്ഷിയെയോ പ്രചോദിപ്പിക്കുന്നതിൽ തനിക്ക്‌ വെറുപ്പൊന്നുമില്ലെന്നും എല്ലാ അക്കാദമിക്‌ വൃന്ദങ്ങളിലും താൻ,അദൃശ്യനായിട്ടാണെങ്കിലും, പങ്കെടുക്കാറുണ്ടെന്നും എന്റെ അസാധാരണനായ ആ കൂട്ടാളി പ്രസ്താവിച്ചു.

ഇത്രയും ദാക്ഷിണ്യങ്ങളായപ്പോൾ ഞാൻ പിന്നെ ദൈവത്തിന്റെ വിശേഷങ്ങൾ ആരായാനുള്ള ധൈര്യം കൂടി കാണിച്ചു; അടുത്തെങ്ങാനും ആളെ കണ്ടോയെന്നു ഞാൻ ചോദിച്ചു. ഒരുതരം വിഷാദം കലർന്ന അശ്രദ്ധയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി:"തമ്മിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യാറുണ്ട്‌; പക്ഷേ,സഹജമായ മര്യാദയുള്ളവരാണെങ്കിൽക്കൂടി പഴയ കുടിപ്പക പൂർണ്ണമായി മറയ്ക്കാൻ പറ്റാത്ത രണ്ടു വൃദ്ധന്മാരെപ്പോലെയാണെന്നേയുള്ളു."

മറ്റേതെങ്കിലുമൊരു മനുഷ്യജീവിക്ക്‌ അദ്ദേഹം ഇത്രയും നീണ്ടൊരു കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ടോയെന്നു സംശയമാണ്‌; ഞാനതിനെ ദുരുപയോഗം ചെയ്യുകയാണോയെന്ന് എനിക്കു സംശയമായി. ഒടുവിൽ വിറയ്ക്കുന്ന പ്രഭാതം ജനലച്ചില്ലുകളെ വെളുപ്പിക്കാൻ തുടങ്ങിയപ്പോൾ എത്രയോ കവികൾ പാടിപ്പുകഴ്ത്തുകയും എത്രയോ തത്വചിന്തകർ തങ്ങളറിയാതെ മഹത്വപ്പെടുത്തുകയും ചെയ്ത വിശ്രുതനായ ഈ കഥാപാത്രം എന്നോട്‌ ഇങ്ങനെ പറഞ്ഞു:"നിങ്ങൾ പോകുന്നത്‌ എന്നെക്കുറിച്ച്‌ ഔദാര്യപൂർണ്ണമായ ഓർമ്മയുമായിട്ടുവേണം എന്നാണെന്റെ ആഗ്രഹം; ഇത്രയും അപവാദപ്രചരണത്തിനിരയായ ഞാൻ ചിലപ്പോഴൊക്കെ, നിങ്ങളുടെയൊരു ഭാഷാശൈലി കടമെടുത്തു പറഞ്ഞാൽ, നല്ലൊരു പിശാചാണെന്നു നിങ്ങളെ മനസ്സിലാക്കിക്കണമെന്നും എനിക്കുണ്ട്‌. ആത്മാവിന്റെ കാര്യത്തിൽ നിങ്ങൾക്കു പറ്റിയ അപരിഹാര്യമായ നഷ്ടം നികത്തുന്നതിലേക്കായി ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരുന്നുവെങ്കിൽ പന്തയത്തിൽ നിങ്ങൾക്കു കിട്ടുമായിരുന്ന സകലതും ഞാൻ നിങ്ങൾക്കു തരുന്നു; എന്നു പറഞ്ഞാൽ നിങ്ങളുടെ സകല ദുരിതങ്ങൾക്കും നികൃഷ്ടമായ സകല പുരോഗതിയ്ക്കും സ്രോതസ്സായ മടുപ്പ്‌ എന്ന വിചിത്രരോഗത്തെ ഒരായുഷ്കാലം ശമിപ്പിക്കാനും നിവാരണം ചെയ്യാനുമുള്ള സാധ്യത. നിങ്ങളുടെ മനസ്സിൽ ഒരാഗ്രഹമുണ്ടായെങ്കിൽ എന്റെ സഹായം കൊണ്ട്‌ അതു നടന്നിരിക്കും; മ്ലേച്ഛരായ സഹജീവികൾക്കു മേൽ നിങ്ങൾ കോയ്മ നേടും; നിങ്ങൾക്കു മേൽ സ്തുതികളും ആരാധനകളും വന്നുമൂടും; നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു യത്നവും കൂടാതെ തന്നെ സ്വർണ്ണവും വെള്ളിയും വജ്രവും യക്ഷിക്കഥകളിലെ കൊട്ടാരങ്ങളും നിങ്ങളെ തേടിവരികയും തങ്ങളെ കൈക്കൊള്ളാൻ നിങ്ങളോടപേക്ഷിക്കുകയും ചെയ്യും; സ്വന്തം ഇഷ്ടം പോലെ നിങ്ങൾക്കു രാജ്യങ്ങൾ മാറിമാറിയെടുക്കാം; എന്നും ഉഷ്ണം പുലരുന്ന, സ്ത്രീകൾ പൂക്കളെപ്പോലെ മണക്കുന്ന സുന്ദരദേശങ്ങളിൽ ഒരുനാളും ക്ഷീണമറിയാതെ നിങ്ങൾക്ക്‌ വിഷയസുഖങ്ങളിൽ രമിക്കാം..." എഴുന്നേറ്റുകൊണ്ട്‌ സൗഹാർദ്ദപൂർണ്ണമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

അത്രയും വിശിഷ്ടമായ ഒരു സദസ്സിനു മുന്നിൽ സ്വയം നാണം കെടുമെന്നു പേടിച്ചിട്ടാണ്‌, അല്ലെങ്കിൽ കേട്ടുകേൾവിയില്ലാത്ത ആ മഹാമനസ്കതയ്ക്കു നന്ദി പറയാനായി ഞാനാ ഉദാരമതിയായ ചൂതാട്ടക്കാരനു മുന്നിൽ ദണ്ഡനമസ്കാരം ചെയ്തേനെ. പക്ഷേ അദ്ദേഹത്തെ വിട്ടുപിരിഞ്ഞതിൽപ്പിന്നെ അവിശ്വാസമെന്ന മാറാവ്യാധി അൽപാൽപമായി എന്റെ മനസ്സിലേക്കു തിരിച്ചുവന്നു. ഭാഗ്യത്തിന്റെ കാര്യത്തിൽ അത്രയുമൊരു ധാരാളിത്തമുണ്ടാകുമെന്നു വിശ്വസിക്കാനുള്ള സാഹസം ഞാൻ പിന്നെ കാണിച്ചില്ല; അന്നു രാത്രിയിൽ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട്‌(ബുദ്ധിശൂന്യമായ ഒരു ശീലം)ഉറങ്ങാൻ കിടക്കുമ്പോൾ പാതിമയക്കത്തിൽ ഞാൻ ഇങ്ങനെ പിറുപിറുത്തു:"കർത്താവായ ദൈവമേ!സാത്താൻ വാക്കു മാറാതെ നോക്കേണമേ!"

 

*lotus-eaters ഒഡീസ്സിയിലെ പരാമർശം

Tuesday, October 13, 2009

ബോദ്‌ലെയെർ-സിമിത്തേരിയും ഷൂട്ടിംഗ്‌ റേഞ്ചും



"സിമിത്തേരിവിലാസം മദ്യശാല! വിചിത്രമായ പേരു തന്നെ!" നമ്മുടെ സഞ്ചാരി സ്വയം പറഞ്ഞു."എന്നാലെന്താ, ദാഹം തോന്നാൻ അതു ധാരാളം! ഹൊറേസിന്റെയും എപ്പിക്യൂറസിന്റെ കവിശിഷ്യന്മാരുടെയും ആരാധകനാണ്‌ ഉടമസ്ഥനെന്നതിൽ സംശയിക്കാനില്ല. എന്നല്ല, പുരാതന ഈജിപ്ഷ്യന്മാരുടെ ദാർശനികബുദ്ധി പരിചയമായ ആളായിരുന്നു ചങ്ങാതി എന്നും വരാം; ഒരസ്ഥികൂടമോ, മനുഷ്യായുസ്സിന്റെ ഹ്രസ്വത സൂചിപ്പിക്കുന്ന ഏതെങ്കിലുമൊരു പ്രതീകമോ കാണുമല്ലോ അവരുടെ ഏതുത്സവത്തിനും പൂർണ്ണത നൽകാൻ!"

അയാൾ കയറിച്ചെന്ന് ഒരു ഗ്ലാസ്‌ ബിയർ വാങ്ങി ശവകുടീരങ്ങളെ നോക്കിയിരുന്ന് അതു മൊത്തിക്കുടിച്ചു; എന്നിട്ട്‌ ഒരു ചുരുട്ടെടുത്തു പുകച്ചു. പിന്നെ പെട്ടെന്നൊരു കൗതുകത്തിന്റെ പുറത്ത്‌ അയാൾ സിമിത്തേരിക്കുള്ളിലേക്കു കയ്യറിച്ചെന്നു; തഴച്ചുവളർന്ന പുല്ലുകൾക്കു മേൽ സൂര്യന്റെ രാജ്യഭാരമാണവിടെ.

ആ തിമിർത്ത വെയിലും ചൂടും കണ്ടാൽ മണ്ണിനടിയിലെ ജീർണ്ണത കുടിച്ചുതെഴുത്ത പൂക്കളുടെ മനോഹരമായ പരവതാനിക്കു മേൽ കുടിച്ചുമത്തനായ സൂര്യൻ കിടന്നുരുളുകയാണെന്നു പറയാൻ നിങ്ങൾക്കു തോന്നിപ്പോവും. ജീവന്റെ സ്ഫുടമർമ്മരം അവിടെയെങ്ങും നിറഞ്ഞുനിന്നിരുന്നു; അടുത്തുള്ള ഷൂട്ടിംഗ്‌ റേഞ്ചിൽ നിന്ന് വെടിപൊട്ടുന്ന ശബ്ദങ്ങൾ സ്വരം താഴ്ത്തിയ ഒരു സിംഫണിക്കിടയിൽ ഷാമ്പൈൻ കുപ്പികളുടെ കോർക്കുകൾ തെറിക്കുന്നതുപോലെ ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു.


ആ സമയത്ത്‌, തന്റെ തല ചൂടുപിടിപ്പിക്കുന്ന സൂര്യന്റെ ചോടെ, മരണത്തിന്റെ തീവ്രഗന്ധം കുമിയുന്ന ആ അന്തരീക്ഷത്തിൽ, താനിരുന്ന ശവകുടീരത്തിനടിയിൽ നിന്ന് ഒരു ശബ്ദം മന്ത്രിക്കുന്നത്‌ അയാൾ കേട്ടു. ആ ശബ്ദം പറഞ്ഞതിതാണ്‌:"ശപ്തം, നിങ്ങളുടെയീ തോക്കുകളും ലക്ഷ്യങ്ങളും; ജീവനോടിരിക്കുന്നവരേ, മനസ്സമാധാനം കെട്ട നിങ്ങൾക്ക്‌ മരണപ്പെട്ടവരുടെ പാവനവിശ്രാന്തി തകർക്കുന്നതിൽ യാതൊരു ചഞ്ചലിപ്പുമുണ്ടായില്ലല്ലോ! ശപ്തം, നിങ്ങളുടെ വാഞ്ഛകളും കണക്കുകൂട്ടലുകളും! പൊറുതികെട്ട മർത്ത്യരേ, മൃതിയുടെ ശ്രീകോവിലിനരികിൽത്തന്നെ വേണ്ടിയിരുന്നല്ലോ നിങ്ങൾക്കു കൊല ചെയ്തു പഠിക്കാൻ! ഈ സമ്മാനം നേടാൻ എത്രയെളുപ്പമാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, ഈ ലക്ഷ്യത്തിൽ കൊള്ളിക്കാൻ എത്രയെളുപ്പമാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, മരണമൊഴികെ മറ്റെന്തും ശൂന്യതയാണെന്നു നിങ്ങളറിഞ്ഞിരുന്നെങ്കിൽ, ക്ലേശിക്കുന്ന ജീവികളേ, നിങ്ങളിങ്ങനെ സ്വയം ക്ഷയിപ്പിക്കുമായിരുന്നില്ല; വളരെപ്പണ്ടേ ലക്ഷ്യത്തിൽ കൊള്ളിച്ചവർ, ഈ ജുഗുപ്‌സാവഹമായ ജീവിതത്തിൽ ആകെയുള്ള ഒരൊറ്റ യഥാർത്ഥലക്ഷ്യത്തിൽ കൊള്ളിച്ചവർ,അവരുടെ നിദ്രയെ നിങ്ങളിത്രതന്നെ ശല്യപ്പെടുത്തുമായിരുന്നില്ല!"

Sunday, October 11, 2009

ബോദ്‌ലെയെർ-ഏതു യഥാർത്ഥം?



ഭൂമിയിലും ആകാശത്തും പൂർണ്ണത പ്രസരിപ്പിച്ചിരുന്ന ഒരു ബനഡിക്റ്റയെ എനിക്കറിയാമായിരുന്നു; മഹത്വം,സൗന്ദര്യം,പ്രശസ്തി-അമരത്വത്തിൽ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സർവ്വതിന്റെയും ബീജങ്ങൾ അവളുടെ ആ കണ്ണുകളിലുണ്ടായിരുന്നു.

പക്ഷേ ആ അത്ഭുതബാലികയുടെ സൗന്ദര്യത്തിനു കിടനിൽക്കുന്നതായില്ല അവളുടെ ആയുസ്സ്‌; ഞാൻ അവളെ കണ്ടുമുട്ടി അൽപനാൾ കഴിഞ്ഞപ്പോൾ അവൾ മരണപ്പെട്ടു.ശവപ്പറമ്പുകളിൽപ്പോലും വസന്തം തന്റെ ധൂപപാത്രവുമായി എത്തുന്ന ഒരു നാളിൽ ഞാൻ എന്റെയീ കൈകൾ കൊണ്ട്‌ അവളെ മറവു ചെയ്തു; ഇന്ത്യൻ പെട്ടകങ്ങൾ പോലെ പരിമളമുള്ളതും ജീർണ്ണത തീണ്ടാത്തതുമായ ഒരു പെട്ടിയിലടക്കി ഞാനാണവളെ മറവു ചെയ്തത്‌.

എന്നിട്ടു ഞാൻ എന്റെ നിധിയെ മറവു ചെയ്ത ആ സ്ഥാനത്തേക്കു കണ്ണു നട്ടുനിൽക്കുമ്പോൾ മരിച്ചവളുമായി അത്ഭുതകരമായ സാദൃശ്യം വഹിക്കുന്ന ഒരു കൊച്ചുപെണ്ണ്‌ പെട്ടെന്നെന്റെ ദൃഷ്ടിയിൽപ്പെട്ടു; ആ പുതുമണ്ണു ചവിട്ടിക്കുഴച്ചുകൊണ്ട്‌ ഉന്മാദം പിടിച്ചവളെപ്പോലെ അലറിച്ചിരിക്കുകയാണവൾ:"എന്നെ നോക്കാൻ! ഞാനാണു യഥാർത്ഥബനഡിക്റ്റ! പേരുകേട്ടൊരു തേവിടിശ്ശി! സ്വന്തം വിഢ്ഢിത്തത്തിനും അന്ധതയ്ക്കുമുള്ള ശിക്ഷയായി നിങ്ങൾ ഇനി എന്നെ പ്രേമിക്കും!"

ഞാൻ കോപിഷ്ടനായി ഇങ്ങനെ പറഞ്ഞു:"ഇല്ല!ഇല്ല!ഇല്ല!" എന്നിട്ട്‌ ആ തിരസ്കാരത്തിനു കൂടുതൽ ശക്തി പകരാനായി ഞാൻ നിലത്ത്‌ ആഞ്ഞുചവിട്ടിയതും ശവക്കുഴിയിലെ ഇളകിയ മണ്ണിൽ എന്റെ കാൽ മുട്ടോളം ആണ്ടിറങ്ങി. ഇന്നിതാ, കെണിയിൽപ്പെട്ടൊരു ചെന്നായയെപ്പോലെ പൂർണ്ണതയുടെ ശവക്കുഴിയിൽ ബന്ധിതനായിക്കിടക്കുകയാണു ഞാൻ; അതിൽ നിന്നെനിക്കിനി മോചനമുണ്ടാകണമെന്നുമില്ല.

Sunday, October 4, 2009

ബോദ്‌ലെയെർ-കേക്ക്‌

ഞാൻ യാത്രയിലായിരുന്നു. ഞാനെത്തിപ്പെട്ട സ്ഥലമാകട്ടെ, അതിന്റെ ഗാംഭീര്യവും ഉദാത്തതയും കൊണ്ട്‌ നിങ്ങളെ കീഴമർത്തുന്നതും. അതിൽ നിന്നെന്തോ ചിലത്‌ എന്റെ ആത്മാവിലേക്കും കടന്നിട്ടുണ്ടാവണം: ആ അന്തരീക്ഷത്തിന്റെ ലാഘവം പകർന്ന എന്റെ മനസ്സ്‌ ചിറകടിച്ചുയർന്നു. വിദ്വേഷം,താഴ്‌ന്നതരം മമതകൾ എന്നിങ്ങനെയുള്ള അധമവികാരങ്ങളൊക്കെ എന്റെ കാൽച്ചുവട്ടിലെ അഗാധഗർത്തങ്ങളിൽ ഒഴുകിനീങ്ങുന്ന ആ മേഘങ്ങളെപ്പോലെ അത്ര അകലെയായിരിക്കുന്നു. എന്നെച്ചൂഴ്‌ന്നുനിൽക്കുന്ന ആകാശത്തിന്റെ കുംഭഗോപുരം പോലെതന്നെ വിശാലവും നിർമ്മലവുമാണ്‌ എന്റെ ആത്മാവെന്നും എനിക്കു തോന്നി; അകലെ, മറ്റേതോ മലഞ്ചരിവിൽ എന്റെ കണ്ണിൽപ്പെടാതെ മേഞ്ഞുനടക്കുന്ന കാലിപ്പറ്റത്തിന്റെ കുടമണികൾ പോലെ അത്ര നേർത്തൊരു ധ്വനി മാത്രമായിരിക്കുന്നു എന്റെയോർമ്മയിൽ ഈ ലോകം. ആഴക്കയങ്ങളാലിരുണ്ടതും അനക്കമറ്റതുമായ തടാകത്തിനു മുകളിൽക്കൂടി ഇടയ്ക്കിടെ ഓരോ മേഘങ്ങൾ കടന്നുപോയി- ആകാശത്തുകൂടി പറന്നുപോകുന്ന ഒരു ഭൂതത്തിന്റെ മേലങ്കിയുടെ നിഴൽ പോലെ. ഏതോ ദിവ്യമുഹൂർത്തം നിശബ്ദമായി രൂപപ്പെടുന്നതിനു ദൃൿസാക്ഷിയാകുന്ന ഒരാൾക്കുണ്ടാകുന്ന അനർഘവും ഭവ്യവുമായ ഒരു വികാരമാണ്‌ എനിക്കനുഭൂതമായതെന്നും ഞാനോർക്കുന്നു. ഞാൻ അധികം വിസ്തരിക്കുന്നില്ല-എന്നെ വലയം ചെയ്തുനിൽക്കുന്ന ആ സൗന്ദര്യപ്രകർഷമൊന്നു കാരണം എന്നോടും പ്രപഞ്ചത്തോടുമുള്ള എന്റെ എല്ലാ കലഹങ്ങൾക്കും ശമനമാവുകയും ചെയ്തു. ഈ ലോകത്തിലെ സകലമാനതിന്മകളും വിസ്മൃതിയിൽപ്പെട്ട ഞാൻ മനുഷ്യൻ ജന്മനാ നല്ലവനാണെന്നു നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പത്രങ്ങളോടുള്ള അവജ്ഞ ഉപേക്ഷിക്കാൻ തയാറാവുമെന്നുള്ള ഘട്ടം വരെയെത്തി. ഈ സമയത്താണ്‌ ശരീരം അതിന്റെ അടിയന്തിരങ്ങൾ ഉണർത്തിക്കുന്നത്‌; അത്രനേരത്തെ കയറ്റം കൊണ്ടു വന്ന വിശപ്പും ക്ഷീണവും ശമിപ്പിക്കേണ്ടതാണല്ലോയെന്നും എനിക്കു ചിന്തയുണ്ടായി. ഞാൻ പോക്കറ്റിൽ നിന്ന് വലിയൊരു കഷണം റൊട്ടിയും ഒരു കപ്പും ഒരു കുപ്പിയും പുറത്തെടുത്തു; അക്കാലത്തു മരുന്നുകടക്കാർ സഞ്ചാരികൾക്കു വിറ്റിരുന്ന ആവശ്യം വന്നാൽ മഞ്ഞുവെള്ളവുമായി കലർത്തി കഴിക്കാവുന്ന ഒരാസവമായിരുന്നു കുപ്പിയിൽ.

റൊട്ടി മുറിച്ചുകൊണ്ടിരുന്നപ്പോൾ ചെറിയൊരനക്കം കേട്ട്‌ ഞാൻ തല പൊക്കിനോക്കി. കീറത്തുണി ചുറ്റിയ, മുടി കാടുകേറിയ,അഴുക്കു പുരണ്ട ഒരു പയ്യനാണു മുന്നിൽ നിൽക്കുന്നത്‌; അവന്റെയാ കേണപേക്ഷിക്കുന്ന കുഴിഞ്ഞ കണ്ണുകൾ എന്റെ റൊട്ടി ആർത്തിയോടെ വെട്ടിവിഴുങ്ങുകയാണ്‌. പതിഞ്ഞമർന്ന ശബ്ദത്തിൽ ഒരു നിശ്വാസം പോലെ ഇങ്ങനെയൊരു വാക്കും ഞാൻ കേട്ടു: കേക്ക്‌! തവിടു കളഞ്ഞ ആ റൊട്ടിയെ അവൻ അങ്ങനെയൊരു പേരു കൊടുത്തു ബഹുമാനിച്ചതു കേട്ടപ്പോൾ എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. ഞാൻ വലിയൊരു കഷണം മുറിച്ചെടുത്ത്‌ അവനു നേരെ നീട്ടി.തന്നെ കൊതിപ്പിക്കുന്ന ആ വസ്തുവിൽ നിന്നു കണ്ണു പറിക്കാതെ അവൻ അടുത്തുവന്നു; എന്നിട്ട്‌ എന്റെ കൈയിൽ നിന്ന് അതും തട്ടിപ്പറിച്ചെടുത്ത്‌ അവൻ ദൂരെപ്പോയി. എന്റെ ആ സമ്മാനം പൂർണ്ണമനസ്സോടെയല്ലെന്നോ, അതു വേണ്ടിയിരുന്നില്ലെന്ന് എനിക്കിതിനകം തോന്നിക്കാണുമെന്നോ അവൻ പേടിച്ചുകാണണം.

ഈ സമയത്ത്‌,അവൻ എവിടെനിന്നു പൊട്ടിവീണുവെന്നെനിക്കറിയില്ല,അതേപോലെ കാട്ടുപ്രകൃതിയായ മറ്റൊരു പയ്യൻ(അവർ സഹോദരങ്ങളാണെന്നും വരാം) അവനെ തട്ടിത്താഴെയിട്ടു. രണ്ടുപേരും താഴെ വീണുരുണ്ടു; പകുതി മറ്റേയാൾക്കു കൊടുക്കാനുള്ള ത്യാഗമനഃസ്ഥിതി രണ്ടുപേർക്കുമുണ്ടായില്ല. ആദ്യത്തെയാൾ രണ്ടാമനെ കോപത്തോടെ മുടിക്കു കയറിപ്പിടിച്ചു; അവനാകട്ടെ മറ്റെയാളുടെ ചെവി കടിച്ചുപറിച്ചു; അവൻ കടിച്ചുതുപ്പിയതിൽ ചോരയോടൊപ്പം ആ നാട്ടിലെ ഏതോ തെറിയും കലർന്നിരുന്നു. റൊട്ടിയുടെ യഥാർത്ഥ അവകാശി തന്റെ കൊച്ചുനഖങ്ങൾ കൊണ്ട്‌ അതിക്രമിയുടെ കണ്ണു പറിക്കാൻ നോക്കിയപ്പോൾ മറ്റവൻ ഒരു കൈ വച്ച്‌ പ്രതിയോഗിയുടെ കഴുത്തു ഞെരിക്കാൻ ശ്രമിക്കുകയും മറ്റേ കൈ കൊണ്ട്‌ അമൂല്യമായ ആ കവർച്ചമുതൽ പോക്കറ്റിലാക്കാൻ നോക്കുകയുമായിരുന്നു. അപ്പോഴേക്കും നൈരാശ്യം എരികേറ്റിയ തോറ്റ കുട്ടി ചാടിയെഴുനേറ്റ്‌ തന്റെ തല കൊണ്ട്‌ വിജയിയുടെ വയറ്റിനൊന്നു കൊടുത്ത്‌ അവനെ താഴെ വീഴ്ത്തി. ആ കുട്ടികളുടെ ബലത്തിന്റെ പരിധിക്കുമപ്പുറം നീണ്ടുപോയ ഒരു ദാരുണയുദ്ധത്തെ അധികം വർണ്ണിച്ചിട്ടെന്തു കിട്ടാൻ? കേക്ക്‌ കൈയിൽ നിന്നു കൈയിലേക്കും പോക്കറ്റിൽ നിന്നു പോക്കറ്റിലേക്കും നിമിഷംപ്രതി സ്ഥാനം മാറി; അതുമല്ല കഷ്ടം, അതിന്റെ വലിപ്പവും മാറുകയായിരുന്നു. ഒടുവിൽ ക്ഷീണിച്ചുകിതച്ച്‌, ദേഹമാകെ ചോരയും പുരണ്ട്‌, ഇനി വയ്യ എന്നായതുകൊണ്ടുമാത്രം അവർ യുദ്ധം നിർത്തിയപ്പോൾ അതിനു കാരണമായ വസ്തു, സത്യം പറഞ്ഞാൽ കാണാനുണ്ടായിരുന്നില്ല. അതിന്റെ പൊട്ടും പൊടിയും മണ്ണുമായി കൂടിക്കുഴഞ്ഞുകിടന്നു.

ആ കാഴ്ച്ചയോടെ എന്റെ ചുറ്റുമുള്ള പ്രകൃതി ഇരുട്ടടച്ചു; ഈ കൊച്ചുമനുഷ്യരെ കാണുന്നതിനു മുമ്പ്‌ എന്റെ ആത്മാവു വിഹരിച്ച ആ സ്വച്ഛമായ ആനന്ദം എങ്ങോ പോയി മറഞ്ഞു. വിഷാദത്തിലാണ്ട ഞാൻ പിന്നെയും പിന്നെയും ഇതുതന്നെ പറഞ്ഞുകൊണ്ടീരിക്കുകയായിരുന്നു:"എന്തു കേമത്തം പിടിച്‌ച നാട്‌! റൊട്ടി കേക്കാവുകയും ഭ്രാതൃഹത്യയ്ക്കു തന്നെ കാരണമാകുന്ന രീതിയിൽ അത്ര അപൂർവ്വമായ വസ്തുവാകുകയും ചെയ്യുന്ന നാട്‌!"

Saturday, October 3, 2009

ബോദ്‌ലെയെർ-ചന്ദ്രൻ പ്രസാദിച്ചവൾ

നീ തൊട്ടിലിൽ ഉറങ്ങിക്കിടക്കെ ചാപല്യം ഉടൽ പൂണ്ട ചന്ദ്രൻ ജനാലയിലൂടെ ഉള്ളിലേക്കു നോക്കി അകമേ ഇങ്ങനെ പറഞ്ഞു:"ഇവളിൽ ഞാൻ പ്രീതയായിരിക്കുന്നു."

എന്നിട്ടവൾ ഒരു തൂവൽ പോലെ മേഘപ്പടവുകളിറങ്ങിവന്ന് ജനാലച്ചില്ലിലൂടെ നിശ്ശബ്ദം മുറിക്കുള്ളിലേക്കുകയറി. ഒരമ്മയുടെ വാത്സല്യത്തോടെ അവൾ നിന്നെപ്പൊതിഞ്ഞു; നിന്റെ മുഖത്ത്‌ അവളുടെ നിറം പുരണ്ടു. അങ്ങനെയാണ്‌ നിന്റെ കണ്ണുകൾക്കീ പച്ചയായത്‌; കവിളുകൾ ഈവിധം വിവർണ്ണമായത്‌; ആരിവളെന്നത്ഭുതപ്പെട്ടുനോക്കിയതിനാൽ നിന്റെ കൃഷ്ണമണികൾ ഇത്ര വിടർന്നു; അവൾ നിന്റെ കണ്ഠത്തിൽ മൃദുവായി തഴുകിയതിനാലത്രെ തേങ്ങൽ നിന്നെ വിട്ടൊഴിയാതെയുമായി.

ചന്ദ്രന്റെ പ്രഹർഷം ഒരു ശീതവെളിച്ചം പോലെ, മിനുങ്ങുന്ന വിഷം പോലെ മുറിക്കുള്ളിൽ വ്യാപിച്ചു. ജീവനുള്ള ആ പ്രകാശം വിചാരിച്ചതിങ്ങനെ,പറഞ്ഞതിങ്ങനെ:"ഇനിയെന്നും നീ എന്റെ ചുംബനത്തിന്നടിമ. നിന്റെ സൗന്ദര്യം എന്റെ സൗന്ദര്യം തന്നെയായിരിക്കും. ഞാൻ സ്നേഹിക്കുന്നതൊക്കെ,എന്നെ സ്നേഹിക്കുന്നതൊക്കെ നിന്റെ സ്നേഹത്തിനും പാത്രമാകും:ജലവും മേഘങ്ങളും,രാത്രിയും നിശ്ശബ്ദതയും;ആഴം നഷ്ടമാകുന്ന പച്ചക്കടൽ; അരൂപിയും ബഹുരൂപിയുമായ ജലം; നീയില്ലാത്തിടം;നീയറിയാത്ത നിന്റെ കാമുകൻ;ഈ പ്രകൃതിയുടേതല്ലാത്ത വിലക്ഷണപുഷ്പങ്ങൾ; മനുഷ്യരെ മദിപ്പിക്കുന്ന ഗന്ധങ്ങൾ; പിയാനോകൾക്കു മേൽ മൂർച്ഛിച്ചുവീണ്‌,അടഞ്ഞ മധുരശബ്ദത്തിൽ തേങ്ങുന്ന പൂച്ചകൾ!

"എന്റെ കാമുകർ നിന്നെയും പ്രേമിക്കും; എന്നോടു പ്രേമാഭ്യർത്ഥന നടത്തുന്നവർ നിന്റെ സ്നേഹത്തിനും കൊതിക്കും; രാത്രിയിൽ എന്റെയാശ്ലേഷത്തിൽ കണ്ഠം ഞെരിഞ്ഞവർ,പച്ചക്കണ്ണുകളുള്ള പുരുഷന്മാർ; കടലിനെ,പച്ചനിറമായ,ആഴമറിയാത്ത,കോളുകൊണ്ട കടലിനെ പ്രണയിക്കുന്നവർ; അരൂപിയും ബഹുരൂപിയുമായ ജലത്തെ,തങ്ങൾ പോകാത്ത ദേശങ്ങളെ,തങ്ങൾക്കറിയാത്ത സ്ത്രീകളെ സ്നേഹിക്കുന്നവർ; ഏതോ അജ്ഞാതമായ അനുഷ്ഠാനത്തിന്റെ ധൂപപാത്രങ്ങൾ കണക്കെയുള്ള ഭീഷണപുഷ്പങ്ങളെ,മനഃസ്ഥൈര്യം കെടുത്തുന്ന ഗന്ധങ്ങളെ,സ്വന്തം ഉന്മാദത്തിന്റെ മുദ്രകളായ മദാലസവും കിരാതവുമായ ജന്തുക്കളെ പ്രണയിക്കുന്നവർ അവർക്കു നീ റാണിയാകും."

അങ്ങനെയാണെന്റെ പ്രിയപ്പെട്ട,ശപ്തയായ കുഞ്ഞേ, ഞാൻ നിന്റെ കാലടികളിൽ വീണുകിടക്കാനിടയായത്‌; ഘോരയായ ആ ദേവിയുടെ,അലംഘ്യയായ ദേവാംബയുടെ വിഗ്രഹത്തെ നിന്നിൽ തേടുകയാണു ഞാൻ:ലോകത്തിലെ ഉന്മാദികൾക്കെല്ലാമായി വിഷം പുരട്ടിയ മുല ചുരത്തുന്ന ആ പൂതനയെ.

Thursday, October 1, 2009

ബോദ്‌ലെയെർ-കള്ളനാണയം

baud

പുകയില വാങ്ങി മടങ്ങുന്ന വഴി എന്റെ ചങ്ങാതി ബാക്കി കിട്ടിയ ചില്ലറ ശ്രദ്ധയോടെ ഭാഗം വച്ചു:സ്വർണ്ണനാണയങ്ങൾ ഷർട്ടിന്റെ ഇടതുപോക്കറ്റിലേക്കിട്ടു; വലതുപോക്കറ്റിൽ വെള്ളിനാണയങ്ങൾ;ഒരുപിടി ചെമ്പുതുട്ടുകൾ ഉണ്ടായിരുന്നത്‌ ട്രൗസറിന്റെ ഇടതുപോക്കറ്റിലേക്കു പോയി; അവസാനം ബാക്കിയായ രണ്ടു ഫ്രാങ്കിന്റെ ഒരു വെള്ളിത്തുട്ട്‌ വലതുപോക്കറ്റിലുമിട്ടു; പോക്കറ്റിലിടുന്നതിനു മുമ്പ്‌ അയാൾ ആ നാണയം കാര്യമായിട്ടൊന്നു പരിശോധിക്കുകയും ചെയ്തിരുന്നു.

"കൃത്യവും സൂക്ഷ്മവുമായ വിഭജനം!" ഞാൻ മനസ്സിൽ പറഞ്ഞു.

എതിരെ വന്ന ഒരു ഭിക്ഷക്കാരൻ വിറച്ചുകൊണ്ട്‌ ഞങ്ങൾക്കു നേരെ കൈ നീട്ടി.-വിധേയത്വം കാട്ടുന്ന ആ കണ്ണുകളിലെ മൂകഭാഷയെക്കാൾ മനസ്സിന്റെ സ്വസ്ഥത കെടുത്തുന്ന മറ്റൊന്ന് എന്റെ അറിവിലില്ല; അത്രയും എളിമയും അതേയളവിൽത്തന്നെ നീരസവും ആ നോട്ടത്തിൽ വായിച്ചെടുക്കാം,ഹൃദയം മുരടിച്ച ഒരാളല്ല നിങ്ങളെങ്കിൽ. നായ്ക്കളെ തല്ലുമ്പോൾ അവയുടെ നിറഞ്ഞ കണ്ണുകളിൽ തെളിയുന്ന വികാരങ്ങളുടെ ആഴങ്ങളെ ഓർമ്മിപ്പിക്കുമത്‌.

എന്റെ ചങ്ങാതിയുടെ വഴിപാട്‌ എന്റേതിനെക്കാൾ പതിന്മടങ്ങായിരുന്നു; ഞാൻ അയാളോടു പറഞ്ഞു:" താൻ കാണിച്ചതു ശരി തന്നെയാണ്‌. അത്ഭുതപ്പെട്ടുപോകുന്നത്‌ ഒരു സുഖമാണെങ്കിൽ അത്ഭുതപ്പെടുത്തുന്നത്‌ അതിനു കിടനിൽക്കുകയും ചെയ്യും." "അതാ കള്ളനാണയമായിരുന്നു," തന്റെ ധൂർത്തിനെ ന്യായീകരിക്കാനെന്നപോലെ അയാൾ അലക്ഷ്യമായി പറഞ്ഞു.

പക്ഷേ കാണുന്നതിനെ കാണുന്നതിനപ്പുറം പോയിക്കാണാൻ ഉത്സുകമായ എന്റെ നശിച്ച മനസ്സ്‌(പ്രകൃതി എനിക്കു കനിഞ്ഞു നൽകിയ അനുഗ്രഹമാണത്‌!)ഉടനേ ഉണർന്നെഴുന്നേൽക്കുകയായി: എന്റെ ചങ്ങാതിയുടെ ആ പ്രവൃത്തിയെ ന്യായീകരിക്കാൻ പറ്റുമോ? അല്ലെങ്കിൽപ്പിന്നെ ആ പാവത്താന്റെ ജീവിതത്തിൽ ഒരു സംഭവം സൃഷ്ടിക്കാനുള്ള ആഗ്രഹം കൊണ്ടാണതെന്നു പറയേണ്ടിവരും; അതുമല്ലെങ്കിൽ ഒരു ഭിക്ഷക്കാരന്റെ കൈകളിലെത്തുന്ന ഒരു കള്ളനാണയം എന്തൊക്കെ അനർത്ഥങ്ങളോ ഭാഗ്യങ്ങളോ ആണ്‌ വരുത്താൻ പോകുന്നത്‌ എന്നറിയാനുള്ള കൗതുകം കൊണ്ടാവണം. അയാൾ അതു കൊണ്ടുപോയി മാറില്ലേ? ഒരുപക്ഷേ അയാൾ ജയിലിലാവാനും പോരേ? കള്ളനോട്ടു കൈവശം വച്ചുവെന്നോ കൈമാറ്റം ചെയ്യാൻ നോക്കിയെന്നോ പറഞ്ഞ്‌ ഏതെങ്കിലും ബേക്കറിക്കാരനോ മദ്യശാലക്കാരനോ പൊലീസിൽ പരാതി കൊടുത്ത്‌ അയാളെ അറസ്റ്റു ചെയ്യിച്ചേക്കാം. അതേസമയം പാപ്പരായ ഒരു ചെറുകിടചൂതാട്ടക്കാരന്റെ കൈകളിൽ കുറേ ദിവസത്തെ സമൃദ്ധിക്കുള്ള വിത്തായി അതു മാറാനും മതി. അങ്ങനെ സ്വന്തമായി വെട്ടിയ വഴികളിലൂടെ എന്റെ ചിന്തകൾ അലഞ്ഞുനടന്നു; എന്റെ ചങ്ങാതിയുടെ മനസ്സിലിരുപ്പെന്തായിരുന്നോ അതിനു ചിറകുകൾ നൽകുകയായിരുന്നു ഞാൻ; പക്ഷങ്ങളും മറുപക്ഷങ്ങളും നിരത്തി സാധ്യമായ സകലനിഗമനങ്ങളിലേക്കും ഞാനെത്തിച്ചേർന്നു.

അടുത്തനിമിഷം പക്ഷേ, എന്റെ ദിവാസ്വപ്നത്തെ തകർത്തുകൊണ്ട്‌ അയാൾ ഇങ്ങനെ പറഞ്ഞു:"അതെ, താൻ പറഞ്ഞതു ശരി തന്നെയാണ്‌:പ്രതീക്ഷിച്ചതിലുമധികം കൊടുത്ത്‌ ഒരാളെ അത്ഭുതപ്പെടുത്തുന്നതിന്റെ സുഖം മറ്റൊന്നിനുമില്ല."

ഞാൻ അയാളുടെ കണ്ണുകളുടെ വെള്ളയിലേക്കു സൂക്ഷിച്ചുനോക്കി; തടുക്കാനാവാത്തൊരാർജ്ജവം കൊണ്ട്‌ അവ വെട്ടിത്തിളങ്ങുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി. ഒരേസമയം ഒരു ധർമ്മിഷ്ഠന്റെയും സമർത്ഥനായ ഒരു ബിസിനസ്സുകാരന്റെയും ഭാഗങ്ങൾ അഭിനയിക്കുകയായിരുന്നു അയാളെന്ന് ആ നിമിഷമാണ്‌ എനിക്കു ബോധ്യമായത്‌-നാൽപ്പതു സൗ ലാഭിക്കുക,ഒപ്പം ദൈവത്തിന്റെ ഹൃദയത്തിൽ ഒരിടം നേടുകയും ചെയ്യുക; വലിയ മുതൽമുടക്കില്ലാതെ സ്വർഗ്ഗത്തിലേക്കു പ്രവേശനം തരപ്പെടുത്തുക; ഒരു ദാനശീലനെന്ന പതക്കം സൗജന്യമായി നേടുകയും ചെയ്യുക. നേരത്തെ എനിക്കു തോന്നിയതുപോലെ തെറ്റുചെയ്തു സുഖം കണ്ടെത്താനായിരുന്നു അയാളുടെ ശ്രമമെങ്കിൽ അതു മാപ്പാക്കാൻ എനിക്കു വലിയ വിസമ്മതമുണ്ടാകുമായിരുന്നില്ല. പാവങ്ങളെ അപായപ്പെടുത്തി ആനന്ദിക്കുന്നത്‌ വിചിത്രവും വിലക്ഷണവുമായ ഒരു സ്വഭാവവിശേഷമാണെന്നു പറഞ്ഞ്‌ ഞാൻ സമാധാനിക്കുകയും ചെയ്തേനെ. പക്ഷേ അയാളുടെ കണക്കുകൂട്ടലിലെ ആ ചാതുര്യമില്ലായ്മയെ എനിക്കൊരിക്കലും പൊറുപ്പിക്കാനാവില്ല. ദുഷ്ടത മാപ്പർഹിക്കാത്ത കുറ്റം തന്നെ; അതേസമയം താനൊരു ദുഷ്ടനാണെന്ന് ഒരാൾക്കു ബോധമുണ്ടെങ്കിൽ അതിനു ചില മെച്ചങ്ങളുമുണ്ട്‌-സകലപാപങ്ങളിലും വച്ചു പരിഹാരമില്ലാത്തതാണ്‌ മൂഢത കാരണം ദുഷ്ടത കാണിക്കുകയെന്നത്‌.