Saturday, October 17, 2009

ബോദ്‌ലെയെർ-വൃദ്ധനായ കോമാളി

Hogarth's_Southwark_Fair

ഒരൊഴിവുദിവസം വീണുകിട്ടിയ ജനം എങ്ങും നിറഞ്ഞുപരന്നൊഴുകി വിനോദിക്കുകയാണ്‌. കോമാളികളും കൺകെട്ടുവിദ്യക്കാരും മൃഗശിക്ഷകരും നടന്നുവിൽപ്പനക്കാരുമൊക്കെ ഒരാണ്ടത്തെ കോട്ടം തീർക്കുന്നത്‌ ഇങ്ങനെയുള്ള അവസരങ്ങളിലാണ്‌.

ഈ ദിവസങ്ങളിൽ ജനം തങ്ങളുടെ ജോലിപ്പാടുകളും ജീവിതദുരിതങ്ങളുമൊക്കെ മറവിയിൽത്തള്ളുന്നതായിട്ടാണ്‌ ഞാൻ കണ്ടിരിക്കുന്നത്‌; ഒരു ദിവസത്തേക്ക്‌ അവർ കുട്ടികളുടെ മട്ടെടുക്കുകയാണ്‌. കുട്ടികൾക്കാകട്ടെ, ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക്‌ പള്ളിക്കൂടഭീകരതയിൽ നിന്നൊരു വിടുതലും കിട്ടുന്നു. മുതിർന്നവരോ, ജീവിതത്തിലെ ദുഷ്ടശക്തികളുമായി ഒരു താൽക്കാലികവെടിനിർത്തൽ ഒപ്പുവയ്ക്കുകയാണ്‌; അവസാനമില്ലാത്ത തർക്കങ്ങളിലും സംഘർഷങ്ങളിലും നിന്ന് ഒരു സാവകാശം.

വരേണ്യരും ബുദ്ധിജീവികളും വരെ ഈ പൊതുതമാശയുടെ പിടിയിൽ പെട്ടുപോകുന്നു. ആ ഉത്സവാന്തരീക്ഷത്തിന്റെ ഒരംശം തങ്ങളറിയാതെതന്നെ അവരുടെയുള്ളിലേക്കും കടക്കുന്നുണ്ട്‌. എന്റെ കാര്യം പറയാനാണെങ്കിൽ ഇത്തരം ഭവ്യസന്ദർഭങ്ങളിൽ തെരുവിനിരുവശവും നിരക്കുന്ന എണ്ണമറ്റ സ്റ്റാളുകൾ ഒന്നുപോലും വിടാതെ ഞാൻ ചെന്നു നിരങ്ങാറുണ്ട്‌.

അവരുടെ ആ തമ്മിൽപ്പോരിന്റെ ഊറ്റം കാണേണ്ടതുതന്നെ! കുരയ്ക്കുകയും അമറുകയും ഓരിയിടുകയും ചെയ്യുകയാണവർ. ആക്ക്രോശങ്ങളും പ്രചണ്ഡമായ മേളങ്ങളും മാനത്തേക്കുയരുന്ന വാണങ്ങളും ചേർന്നൊരു കലമ്പൽ. കസർത്തുകാരും കോമാളികളും വെയിലും കാറ്റും മഴയും കൊണ്ടു കരുവാളിച്ച മുഖങ്ങൾ കൊണ്ട്‌ ഗോഷ്ടികൾ കാണിക്കുന്നുണ്ട്‌. കാണികൾക്കു മേൽ തങ്ങൾ എന്തു പ്രഭാവമാണു സൃഷ്ടിക്കാൻ പോകുന്നതെന്ന് അത്ര ഉറപ്പുള്ള നടന്മാരെപ്പോലെ ലോകോക്തികളും തമാശകളും തട്ടിവിടുകയാണവർ. ഒരു മോളിയേകോമഡി പോലെ പരന്നുറച്ച ഒരു നാടകം. വരുന്നവർക്കു മുന്നിൽ തങ്ങളുടെ കൂറ്റൻ കൈകാലുകൾ പ്രദർശിപ്പിച്ചുകൊണ്ട്‌ ആടിയാടി നടക്കുകയാണ്‌ ഒറാങ്ങ്‌ ഉട്ടാങ്ങിനെപ്പോലെ ഇടുങ്ങിയ നെറ്റിയും തലയോട്ടിയുമുള്ള ഗുസ്തിക്കാർ; ഇന്നൊരു ദിവസത്തിനു വേണ്ടി തലേദിവസം പ്രത്യേകമായി അലക്കിവെളുപ്പിച്ച ലങ്കോട്ടിയാണ്‌ അവരുടെ വേഷം. യക്ഷികളെയും രാജകുമാരിമാരെയും പോലെ സുന്ദരികളായ നർത്തകിമാർ എരിപന്തങ്ങളുടെ തീപ്പൊരികൾ തട്ടിത്തിളങ്ങുന്ന പാവാടകളുമായി വായുവിലേക്കു കുതിക്കുകയും പെരുവിരലൂന്നിനിന്നു കറങ്ങുകയും ചെയ്യുന്നു.

വെളിച്ചവും പൊടിയും ഒച്ചയും ആഹ്ലാദവും കലപിലയുമാണെങ്ങും. ചിലർ ചിലവാക്കുന്നു, ചിലർ നേടുന്നു; രണ്ടുകൂട്ടർക്കും സന്തോഷവുമാണ്‌. ചില കുട്ടികൾ കരിമ്പിൻതുണ്ടത്തിനു വേണ്ടി അമ്മമാരുടെ പാവാടത്തുമ്പിൽ തൂങ്ങി ചിണുങ്ങുന്നു; മറ്റു ചില കുട്ടികൾ ഏതോ ദേവനെപ്പോലെ കണ്ണഞ്ചിക്കുന്ന ഒരു മാന്ത്രികനെ ശരിക്കൊന്നു കാണാൻ വേണ്ടി അച്ഛന്മരുടെ തോളിൽ കയറിപ്പറ്റിയിരിക്കുന്നു. പിന്നെ, സകലഗന്ധങ്ങൾക്കും മേലെ പരന്നൊഴുകുകയാണ്‌ ആ മേളയുടെ ഔദ്യോഗികപരിമളം പോലെ വറുക്കുകയും പൊരിക്കുകയും ചെയ്യുന്ന മണം.

സ്റ്റാളുകളുടെ നിരയുടെ ഏറ്റവും ഒടുവിലായി, ആ പകിട്ടുകളുടെ മുന്നിലേക്കു വരാൻ നാണിച്ചിട്ടെന്നപോലെ സ്വയം ഭ്രഷ്ടനായ വൃദ്ധനായ ഒരു കോമാളി എന്റെ കണ്ണിൽപ്പെട്ടു. തന്റെ ചായ്പ്പിന്റെ ഒരു തൂണിൽ ചാരിനിൽക്കുകയാണ്‌ മുതുകൂന്നി, ഒടിഞ്ഞുവീഴാറായ ആ മനുഷ്യാവശിഷ്ടം. ഏറ്റവും പ്രാകൃതനായ ഒരു കാട്ടുജാതിക്കാരന്റെ കുടിലിനെക്കാളും നികൃഷ്ടമാണാ കൂര. പൊട്ടിയും പുകഞ്ഞും കത്തുന്ന രണ്ടു മെഴുകുതിരിക്കഷണങ്ങളാവട്ടെ, ആ ദാരിദ്ര്യത്തെ ശരിക്കും വെളിച്ചത്താക്കുകയുമായിരുന്നു. എവിടെയും ആഹ്ലാദവും നേട്ടവും തിമിർക്കലും; എവിടെയും നാളത്തെ അപ്പം ഉറപ്പായതിന്റെ ആശ്വാസം; എവിടെയും ജീവന്റെ പുളപ്പുകൾ. ഇവിടെയോ പരമദാരിദ്ര്യം; അതിന്റെ ഭീകരതയെ എടുത്തുകാണിക്കുന്ന കോമാളിവേഷവുമണിഞ്ഞു നിൽക്കുകയാണത്‌; ആ വൈരുദ്ധ്യം കൊണ്ടുവരുന്നതു കലയല്ല, ആവശ്യകതയാണു പക്ഷേ. ആ പാവം ചിരിക്കുകയല്ല! കരയുകയല്ല, നൃത്തം വയ്ക്കുകയല്ല; ഗോഷ്ടി കാണിക്കുകയല്ല; ഒച്ച വയ്ക്കുകയല്ല; സന്തോഷമോ ദുഃഖമോ പ്രകടിപ്പിക്കുന്ന പാട്ടുകളൊന്നും പാടുകയുമല്ല. അയാൾ ആർക്കും നേരെ കൈ നീട്ടുന്നുമില്ല. നിശ്ശബ്ദനും നിശ്ചലനുമാണയാൾ. അയാൾ സർവ്വതും ത്യജിച്ചുകഴിഞ്ഞു; തന്റെ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു; അയാളുടെ ഭാഗധേയം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു.

പക്ഷേ തന്റെയാ അറയ്ക്കുന്ന ദാരിദ്ര്യത്തിനു ചുവടുകൾക്കകലെ വന്നൊഴുക്കുനിലയ്ക്കുന്ന ആളിനും വെളിച്ചത്തിനും മേൽ അയാൾ പായിച്ച ആ നോട്ടത്തിന്റെ ആഴത്തെ ഞാനെങ്ങനെ മറക്കാൻ! വികാരക്ഷോഭത്തിന്റെ ഭീകരഹസ്തം തൊണ്ടയ്ക്കു പിടിച്ചമർത്തുന്ന പോലെ എനിക്കു തോന്നി. വീഴാൻ കൂട്ടാക്കാത്ത കണ്ണീർത്തുള്ളികൾ കൊണ്ട്‌ കാഴ്ച മങ്ങുന്ന പോലെ.

എന്തു ചെയ്യണം? പിഞ്ഞിക്കീറിയ ആ തുണിക്കു പിന്നിലെ കരിനിഴലുകൾക്കുള്ളിൽ എന്തൊക്കെ കൗതുകങ്ങളും അതിശയങ്ങളുമാണ്‌ എന്നെ കാണിക്കാൻ വേണ്ടി അയാൾ കരുതിവച്ചിരിക്കുന്നതെന്നു ചോദിച്ചിട്ടെന്തു ഗുണം? ചോദിക്കാൻ എനിക്കു ധൈര്യമുണ്ടായില്ല എന്നതാണു വാസ്തവം; ആ ധൈര്യക്കുറവിനു കാരണം കേട്ടാൽ നിങ്ങൾ ചിരിക്കുംഎങ്കിൽക്കൂടി ഞാൻ പറയട്ടെ, എന്റെ ചോദ്യം അയാൾക്കപമാനമായിത്തോന്നുമോ എന്നായിരുന്നു എന്റെ ശങ്ക. ഒടുവിൽ ഞാൻ നിശ്ചയിച്ചു, കടന്നുപോകുമ്പോൾ ആ പലകയുടെ മുകളിൽ കുറച്ചു പണം വച്ചിട്ടുപോകാമെന്ന്; എന്റെ ഉദ്ദേശ്യം അയാൾക്കു മനസ്സിലാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ അപ്പോഴേക്കും എന്തു കാരണം കൊണ്ടോ ഇരമ്പിക്കയറിവന്ന ജനക്കൂട്ടം എന്നെ തള്ളിമാറ്റി അയാളിൽ നിന്ന് വളരെ അകലെ കൊണ്ടുപോയി.

ആ കാഴ്ച മനസ്സിൽ നിന്നൊഴിവാക്കാനാവാതെ വീട്ടിലേക്കു മടങ്ങുമ്പോൾ എന്നെ പെട്ടെന്നു ബാധിച്ച വിഷാദത്തെ വിശകലം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ: താൻ രസിപ്പിച്ച ഒരു തലമുറയെ അതിജീവിച്ച വൃദ്ധനായ എഴുത്തുകാരനെയാണ്‌ ഞാനിപ്പോൾ ദർശിച്ചത്‌. സുഹൃത്തുക്കളില്ലാത്ത, കുടുംബമില്ലാത്ത, കുട്ടികളില്ലാത്ത , സ്വന്തം ദാരിദ്ര്യവും സമൂഹത്തിന്റെ നന്ദികേടും കൊണ്ടധിക്ഷിപ്തനായ ഒരു വൃദ്ധകവി തന്റെ കുടിലിനുള്ളിൽ നിൽക്കുകയാണ്‌; മറവി ബാധിച്ച ലോകത്തിന്‌ അങ്ങോട്ടു കടക്കാൻ മനസ്സുമില്ല.

1 comment:

kavyam said...

ithaanu vaangmaya chithram.