മഞ്ഞിൽ ഞാൻ കാൽപ്പാടുകൾ കണ്ടു
അതുകണ്ടപ്പോളിതാദ്യമായി
കൊച്ചുമൃഗങ്ങളും കുഞ്ഞുകിളികളും കാട്ടുജന്തുക്കളും ഭരിക്കുന്ന
ഒരു ലോകത്തിനു ഞാൻ സാക്ഷിയായി
അണ്ണാറക്കണ്ണന്റെ കാര്യമെടുക്കൂ-
അവന്റെ നഖപ്പാടുകൾ
ഒരു കിഴവൻമരമിറങ്ങി
നടപ്പാത മുറിച്ച്
ദേവതാരക്കാവിൽ പോയിമറഞ്ഞു
ഒരു നിമിഷത്തെ സന്ദേഹമോ സ്വസ്ഥതകേടോ
ചോദ്യചിഹ്നങ്ങളോ
ഞാൻ അവയിൽ കണ്ടില്ല
കുറുനരിയുടെ കാര്യം കൂടിയെടുക്കൂ-
ഗ്രാമത്തിന്റെ ഇടത്തരികത്തുള്ള
താഴ്‌വാരത്തെ പാതയിലൂടെ
ഒരു വളവുമില്ലാതെ നീണ്ടുകിടക്കുന്നു അവന്റെ കാൽപ്പാടുകൾ
എനിക്കറിയാവുന്ന വിശപ്പ്
അത്രയും ഋജുവായ ഒരു വര വരയ്ക്കില്ല
ആ കാൽപ്പാടുകളുടെ നിപുണവും അന്ധവും ഉറച്ചതുമായ താളം
എന്റെ മനസ്സിന് ഒരു കാലത്തുമുണ്ടായിട്ടില്ല
ഒരൊറ്റക്കിളിയുടെ കാര്യമെടുക്കുക-
അവളുടെ സ്വരത്തേക്കാൾ തെളിഞ്ഞതാണ്
അവളുടെ കാൽപ്പാടുകൾ
അവളുടെ ജീവിതത്തെക്കാൾ കൃത്യമാണ്
അവളുടെ നഖപ്പാടുകൾ
മഞ്ഞു വീണ മലഞ്ചരിവിൽ കൊത്തിവച്ചപോലെയാണ്
അവളുടെ ചിറകുകൾ
എനിക്കറിയാവുന്ന ഭയം
ഒരുകാലത്തും അത്ര ലളിതമായ ഒരു രൂപത്തിൽ വെളിപ്പെടില്ല
ആ ചിറകുകളുടെ
ഐന്ദ്രിയവും പാഷണ്ഡവും തറഞ്ഞതുമായ താളത്തിൽ
ഒരു കാലത്തും എന്റെ മനസ്സ് ചലിച്ചിട്ടില്ല
പൊടുന്നനെയതാ, ഭീമമായ ഒരസ്തമയം
അസമാമല കേറുന്നു
ഏതോ സാന്നിദ്ധ്യം
കാടിനു രൂപം കൊടുക്കുന്നു
താഴ്‌വാരത്തിന്റെ വായ തള്ളിത്തുറക്കുന്നു
തണുത്ത വായു വലിച്ചുകീറുന്നു
ഞാൻ ഒരു കുടിലിലേക്കു മടങ്ങുന്നു
അടുപ്പിൽ തീ പൂട്ടുന്നു
ഞാൻ
ഒരദൃശ്യവൃക്ഷമാണ്
ഒരദൃശ്യപക്ഷിയാണ്
ഒരദൃശ്യമൃഗമാണ്
അദൃശ്യതാളങ്ങളേ എന്റെ മനസ്സിലുള്ളു
*
Thursday, October 29, 2009
റിയുച്ചി തമുരാ(1923-1998)-അദൃശ്യവൃക്ഷം
Labels:
കവിത,
ജപ്പാന്,
ജാപ്പനീസ്,
വിവര്‍ത്തനം,
റിയുച്ചിതമുരാ
Subscribe to:
Post Comments (Atom)
No comments:
Post a Comment