നീ തൊട്ടിലിൽ ഉറങ്ങിക്കിടക്കെ ചാപല്യം ഉടൽ പൂണ്ട ചന്ദ്രൻ ജനാലയിലൂടെ ഉള്ളിലേക്കു നോക്കി അകമേ ഇങ്ങനെ പറഞ്ഞു:"ഇവളിൽ ഞാൻ പ്രീതയായിരിക്കുന്നു."
എന്നിട്ടവൾ ഒരു തൂവൽ പോലെ മേഘപ്പടവുകളിറങ്ങിവന്ന് ജനാലച്ചില്ലിലൂടെ നിശ്ശബ്ദം മുറിക്കുള്ളിലേക്കുകയറി. ഒരമ്മയുടെ വാത്സല്യത്തോടെ അവൾ നിന്നെപ്പൊതിഞ്ഞു; നിന്റെ മുഖത്ത് അവളുടെ നിറം പുരണ്ടു. അങ്ങനെയാണ് നിന്റെ കണ്ണുകൾക്കീ പച്ചയായത്; കവിളുകൾ ഈവിധം വിവർണ്ണമായത്; ആരിവളെന്നത്ഭുതപ്പെട്ടുനോക്കിയതിനാൽ നിന്റെ കൃഷ്ണമണികൾ ഇത്ര വിടർന്നു; അവൾ നിന്റെ കണ്ഠത്തിൽ മൃദുവായി തഴുകിയതിനാലത്രെ തേങ്ങൽ നിന്നെ വിട്ടൊഴിയാതെയുമായി.
ചന്ദ്രന്റെ പ്രഹർഷം ഒരു ശീതവെളിച്ചം പോലെ, മിനുങ്ങുന്ന വിഷം പോലെ മുറിക്കുള്ളിൽ വ്യാപിച്ചു. ജീവനുള്ള ആ പ്രകാശം വിചാരിച്ചതിങ്ങനെ,പറഞ്ഞതിങ്ങനെ:"ഇനിയെന്നും നീ എന്റെ ചുംബനത്തിന്നടിമ. നിന്റെ സൗന്ദര്യം എന്റെ സൗന്ദര്യം തന്നെയായിരിക്കും. ഞാൻ സ്നേഹിക്കുന്നതൊക്കെ,എന്നെ സ്നേഹിക്കുന്നതൊക്കെ നിന്റെ സ്നേഹത്തിനും പാത്രമാകും:ജലവും മേഘങ്ങളും,രാത്രിയും നിശ്ശബ്ദതയും;ആഴം നഷ്ടമാകുന്ന പച്ചക്കടൽ; അരൂപിയും ബഹുരൂപിയുമായ ജലം; നീയില്ലാത്തിടം;നീയറിയാത്ത നിന്റെ കാമുകൻ;ഈ പ്രകൃതിയുടേതല്ലാത്ത വിലക്ഷണപുഷ്പങ്ങൾ; മനുഷ്യരെ മദിപ്പിക്കുന്ന ഗന്ധങ്ങൾ; പിയാനോകൾക്കു മേൽ മൂർച്ഛിച്ചുവീണ്,അടഞ്ഞ മധുരശബ്ദത്തിൽ തേങ്ങുന്ന പൂച്ചകൾ!
"എന്റെ കാമുകർ നിന്നെയും പ്രേമിക്കും; എന്നോടു പ്രേമാഭ്യർത്ഥന നടത്തുന്നവർ നിന്റെ സ്നേഹത്തിനും കൊതിക്കും; രാത്രിയിൽ എന്റെയാശ്ലേഷത്തിൽ കണ്ഠം ഞെരിഞ്ഞവർ,പച്ചക്കണ്ണുകളുള്ള പുരുഷന്മാർ; കടലിനെ,പച്ചനിറമായ,ആഴമറിയാത്ത,കോളുകൊണ്ട കടലിനെ പ്രണയിക്കുന്നവർ; അരൂപിയും ബഹുരൂപിയുമായ ജലത്തെ,തങ്ങൾ പോകാത്ത ദേശങ്ങളെ,തങ്ങൾക്കറിയാത്ത സ്ത്രീകളെ സ്നേഹിക്കുന്നവർ; ഏതോ അജ്ഞാതമായ അനുഷ്ഠാനത്തിന്റെ ധൂപപാത്രങ്ങൾ കണക്കെയുള്ള ഭീഷണപുഷ്പങ്ങളെ,മനഃസ്ഥൈര്യം കെടുത്തുന്ന ഗന്ധങ്ങളെ,സ്വന്തം ഉന്മാദത്തിന്റെ മുദ്രകളായ മദാലസവും കിരാതവുമായ ജന്തുക്കളെ പ്രണയിക്കുന്നവർ അവർക്കു നീ റാണിയാകും."
അങ്ങനെയാണെന്റെ പ്രിയപ്പെട്ട,ശപ്തയായ കുഞ്ഞേ, ഞാൻ നിന്റെ കാലടികളിൽ വീണുകിടക്കാനിടയായത്; ഘോരയായ ആ ദേവിയുടെ,അലംഘ്യയായ ദേവാംബയുടെ വിഗ്രഹത്തെ നിന്നിൽ തേടുകയാണു ഞാൻ:ലോകത്തിലെ ഉന്മാദികൾക്കെല്ലാമായി വിഷം പുരട്ടിയ മുല ചുരത്തുന്ന ആ പൂതനയെ.
No comments:
Post a Comment