Wednesday, October 14, 2009

ബോദ്‌ലെയെർ-ഉദാരമതിയായ ചൂതാട്ടക്കാരൻ

Martin,_John_-_Satan_presiding_at_the_Infernal_Council_-_1824

ഇന്നലെ തെരുവിലെ തിരക്കിലൂടെ നടക്കുമ്പോൾ ഒരു നിഗൂഢസത്വം എന്നെ തൊട്ടുരുമ്മിക്കടന്നുപോയി; ഞാനേറെക്കാലമായി പരിചയപ്പെടണമെന്നു വിചാരിച്ചിരുന്ന ഒരു വ്യക്തി; മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിൽക്കൂടി കണ്ടയുടനെ എനിക്കയാളെ ഓർമ്മവരികയും ചെയ്തു. എന്നെ പരിചയപ്പെടണമെന്ന് അയാൾക്കും ആഗ്രഹമുണ്ടായിരുന്നിരിക്കണം; കാരണം, എന്നെ കടന്നുപോകുമ്പോൾ അയാൾ എന്നെ നോക്കി അർത്ഥഗർഭമായി ഒന്നു കണ്ണിറുക്കിക്കാണിച്ചിരുന്നു; അയാളുടെ ഇംഗിതം മനസ്സിലാക്കിയ ഞാൻ പിന്നാലെ ചെന്നു. ഞങ്ങൾ ഇറങ്ങിച്ചെന്നത്‌ ഉജ്ജ്വലമായ ഒരു പാതാളവസതിയിലാണ്‌; പാരീസിലെ ഒരു പ്രഭുഗൃഹത്തിനും സ്വപ്നം കാണാനാവാത്ത ആഡംബരത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണത്‌. ഇത്ര വിശിഷ്ടമായ ഒരു മന്ദിരത്തിനു മുന്നിലൂടെ പലതവണ കടന്നുപോയിട്ടും അതിന്റെ കവാടം ഇതേവരെ എന്റെ കണ്ണിൽപ്പെടാതിരുന്നത്‌ വിചിത്രമാണല്ലോ എന്നു ഞാൻ മനസ്സിൽ പറയുകയും ചെയ്തു. അതിവിശിഷ്ടവും ഒപ്പം തലയ്ക്കു പിടിക്കുന്നതുമായ ആ അന്തരീക്ഷത്തിൽ കാലു കുത്തേണ്ട താമസം, ഈ മുഷിപ്പൻ ജീവിതത്തിലെ സകല ആകുലതകളും നിങ്ങളുടെ വിസ്മൃതിയിൽ പെട്ടുകഴിഞ്ഞു.ഇരുണ്ടൊരു പരമാനന്ദം നിങ്ങൾക്കനുഭൂതമാകുന്നു; അതിനു തുല്യമായ ഒന്നാവണം പണ്ട്‌ അന്തിവെളിച്ചം കെടാത്ത മായാദ്വീപിൽ ചെന്നിറങ്ങിയ ആ താമരതീനികളും *അനുഭവിച്ചത്‌; ജലപാതങ്ങളുടെ സുഖരാഗങ്ങൾക്കൊപ്പം അവരുടെ ഹൃദയങ്ങളിൽ വളർന്നത്‌ ഇനിയൊരിക്കലും സ്വന്തം നാടുകളിലേക്കു തിരിച്ചുപോകാതിരിക്കാനുള്ള അഭിലാഷമായിരുന്നല്ലോ; തങ്ങൾക്കിനി സ്വന്തം കുടുംബദേവതകൾ വേണ്ട, ഭാര്യമാർ വേണ്ട, കുഞ്ഞുങ്ങളും വേണ്ട; ഇനി ആഴിയുടെ കൊടുംതിരകൾക്കു മേൽ കയറാനും തങ്ങളില്ല.

അവിടെ ഞാൻ അസാധാരണരായ മനുഷ്യരെ കണ്ടു; ആ മുഖങ്ങളിൽ ഒരു മാരകസൌന്ദര്യം മുദ്ര ചാർത്തിയിരിക്കുന്നു; മുമ്പെന്നോ ഏതൊക്കെയോ ദേശങ്ങളിൽ വച്ച്‌ ഇവരെ കണ്ടിട്ടുള്ളതാണല്ലോ എന്നൊരു തോന്നൽ എനിക്കുണ്ടായെങ്കിലും അതു കൃത്യമായി ഓർമ്മിച്ചെടുക്കാൻ എനിക്കായില്ല. അതേസമയം അറിയാത്തതിനെ കണ്മുന്നിൽ കാണുമ്പോൾ സാധാരണയുണ്ടാകുന്ന ഭീതിയല്ല, മറിച്ച്‌ സ്വസഹോദരങ്ങളോടു തോന്നുന്ന സഹാനുഭൂതിയാണ്‌ എനിക്കവരെ കണ്ടപ്പോൾ തോന്നിയത്‌. ആ നോട്ടങ്ങളിലെ സവിശേഷമായ ഭാവത്തെ ഏതെങ്കിലും രീതിയിൽ വാക്കുകളിൽ പകർത്താൻ എനിക്കു കഴിഞ്ഞാൽ അതിങ്ങനെയായിരിക്കും: മടുപ്പിനെക്കുറിച്ചുള്ള ഭീതിയും നിത്യജീവിതത്തിനായുള്ള ആസക്തിയും കൊണ്ട്‌ ഈവിധമെരിയുന്ന കണ്ണുകൾ ഞാനിതിനു മുമ്പു കണ്ടിട്ടില്ല.

കസേരകൾ വലിച്ചിട്ടിരുന്നപ്പോഴേക്കും ഞാനും എന്റെ ആതിഥേയനും ചിരകാലസുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ പലതും കഴിച്ചു; അപൂർവ്വമായ പലതരം മദ്യങ്ങൾ അളവില്ല്ലാതെ അകത്താക്കി; അതിലും അപൂർവ്വമായി എനിക്കു തോന്നിയത്‌ മണിക്കൂറുകൾ അത്ര കഴിഞ്ഞിട്ടും എന്റെ വെളിവു കെട്ടിരുന്നില്ല എന്നതായിരുന്നു. ഇതിനിടയിൽ പലപ്പോഴായി ചൂതുകളി, ആ അമാനുഷികസുഖം, ഞങ്ങളുടെ മധുപാനത്തെ തടസ്സപ്പെടുത്തിയിരുന്നു; വീരോചിതമായ ഒരു കൂസലില്ലായ്മയോടെയും മനോലാഘവത്തോടെയും ഞാനെന്റെ ആത്മാവിനെ പണയപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും പറഞ്ഞുകൊള്ളട്ടെ. തൊട്ടറിയാനില്ലാത്ത ഒരു സാധനമാണ്‌ ഈ ആത്മാവെന്നു പറയുന്നത്‌; മിക്കപ്പോഴും ഒരുപയോഗമില്ലാത്തതും പലപ്പോഴും ഒരു ശല്യവുമാണത്‌. നടക്കാനിറങ്ങിയ വഴി വിസിറ്റിംഗ്‌ കാർഡ്‌ നഷ്ടപ്പെട്ടാലുണ്ടാകാവുന്ന നഷ്ടബോധമേ എനിക്കപ്പോഴുണ്ടായുള്ളു.

കുറേയേറെ നേരത്തേക്ക്‌ ഞങ്ങൾ ചുരുട്ടും പുകച്ചിരുന്നു; അതിന്റെ അനുപമമായ സ്വാദും മണവും അറിയാത്ത ദേശങ്ങളെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചുമുള്ള ഗൃഹാതുരത്വം എന്റെ ആത്മാവിനുള്ളിൽ നിറച്ചു; ഈ സന്തോഷങ്ങളൊക്കെക്കൊണ്ടു മതികെട്ട ഞാനാകട്ടെ, ഒരതിപരിചയത്തിന്റെ തള്ളലിൽ,അതിൽ അദ്ദേഹത്തിനും അപ്രിയമുള്ളതായി കണ്ടില്ല, നിറഞ്ഞുതുളുമ്പിയ ഒരു ഗ്ലാസ്സ്‌ പൊക്കിപ്പിടിച്ച്‌ ഇങ്ങനെ ഉറക്കെപ്പറഞ്ഞു:"താങ്കളുടെ അനശ്വരമായ ആരോഗ്യത്തിന്‌,ചങ്ങാതീ!"

പിന്നെ ഞങ്ങളുടെ സംസാരം പ്രപഞ്ചത്തിലേക്കു തിരിഞ്ഞു; അതിന്റെ സൃഷ്ടി, ഭാവിയിലെ നാശം; പിന്നെ ഈ നൂറ്റാണ്ടിനു പ്രിയങ്കരമായ ഒരാശയമുണ്ടല്ലോ, പുരോഗതിയും പൂർണ്ണതയും-മൊത്തത്തിൽപ്പറഞ്ഞാൽ മനുഷ്യന്റെ അതിമോഹങ്ങളുടെ വിവിധരൂപങ്ങൾ ഞങ്ങളുടെ സംഭാഷണത്തിനു വിഷയമായി. അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തമാശ കലർന്ന തർക്കവാദങ്ങൾ ഉറവ വറ്റാത്തതായിരുന്നു; സൗമ്യമായ ആ വചോവിന്യാസവും നേർത്ത നർമ്മവുമാകട്ടെ, മനുഷ്യരാശി കണ്ട ഏറ്റവും പുകൾ പെറ്റ സംഭാഷണവിദഗ്ധരിൽ ഞാനിതേവരെ ദർശിച്ചിട്ടില്ലാത്തതുമായിരുന്നു. ഇക്കാലം വരെ മനുഷ്യമനസ്സിനെ കൈയേറിയ പലതരം തത്വശാസ്ത്രങ്ങളുടെ അയുക്തികതയെക്കുറിച്ച്‌ അദ്ദേഹം എന്നോടു വിവരിച്ചു; പല അടിസ്ഥാനതത്വങ്ങളെക്കുറിച്ചും എന്നോടു രഹസ്യമായി പറയാനുള്ള ദാക്ഷിണ്യവും അദ്ദേഹം കാണിച്ചു; അവയുടെ ഉടമസ്ഥതയും പ്രയോജനങ്ങളും എല്ലാവരുമായി പങ്കുവയ്ക്കുന്നത്‌ ഉചിതമായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ലോകമെമ്പാടും തന്റെ പേരിലുള്ള കുപ്രസിദ്ധിയിൽ അദ്ദേഹത്തിനു പരാതിയൊന്നും കണ്ടില്ല; അന്ധവിശ്വാസങ്ങൾ നശിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി താനായിരിക്കുമെന്ന് അദ്ദേഹം എനിക്കുറപ്പു നൽകി; സ്വന്തം ശക്തിയെക്കുറിച്ച്‌ ഒരിക്കലേ തനിക്കു സംശയമുണ്ടായിട്ടുള്ളു എന്നും അദ്ദേഹം ഏറ്റുപറഞ്ഞു; തന്റെ സഹപ്രവർത്തകരെക്കാൾ സൂക്ഷ്മവേദിയായ ഒരുപദേശി പ്രസംഗപീഠത്തിൽ നിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞപ്പോഴാണത്‌:

"എന്റെ പ്രിയസഹോദരങ്ങളെ, പ്രബുദ്ധതയുടെ പുരോഗതിയെക്കുറിച്ചഭിമാനം കൊള്ളുമ്പോൾ ഇതു മറക്കരുതേ- പിശാചില്ലെന്നു വിശ്വസിക്കാൻ നിങ്ങൾക്കു തോന്നിയാൽ അതാണവന്റെ ഏറ്റവും വിദഗ്ദ്ധമായ കൗശലം!"

പുകൾപെറ്റ ആ പ്രഭാഷകനെക്കുറിച്ചുള്ള ഓർമ്മ സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു തിരിച്ചുവിട്ടു; തൂലികയെയോ,വാക്കിനെയോ,വിദ്യാവിചക്ഷണരുടെ മനഃസാക്ഷിയെയോ പ്രചോദിപ്പിക്കുന്നതിൽ തനിക്ക്‌ വെറുപ്പൊന്നുമില്ലെന്നും എല്ലാ അക്കാദമിക്‌ വൃന്ദങ്ങളിലും താൻ,അദൃശ്യനായിട്ടാണെങ്കിലും, പങ്കെടുക്കാറുണ്ടെന്നും എന്റെ അസാധാരണനായ ആ കൂട്ടാളി പ്രസ്താവിച്ചു.

ഇത്രയും ദാക്ഷിണ്യങ്ങളായപ്പോൾ ഞാൻ പിന്നെ ദൈവത്തിന്റെ വിശേഷങ്ങൾ ആരായാനുള്ള ധൈര്യം കൂടി കാണിച്ചു; അടുത്തെങ്ങാനും ആളെ കണ്ടോയെന്നു ഞാൻ ചോദിച്ചു. ഒരുതരം വിഷാദം കലർന്ന അശ്രദ്ധയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി:"തമ്മിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യാറുണ്ട്‌; പക്ഷേ,സഹജമായ മര്യാദയുള്ളവരാണെങ്കിൽക്കൂടി പഴയ കുടിപ്പക പൂർണ്ണമായി മറയ്ക്കാൻ പറ്റാത്ത രണ്ടു വൃദ്ധന്മാരെപ്പോലെയാണെന്നേയുള്ളു."

മറ്റേതെങ്കിലുമൊരു മനുഷ്യജീവിക്ക്‌ അദ്ദേഹം ഇത്രയും നീണ്ടൊരു കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ടോയെന്നു സംശയമാണ്‌; ഞാനതിനെ ദുരുപയോഗം ചെയ്യുകയാണോയെന്ന് എനിക്കു സംശയമായി. ഒടുവിൽ വിറയ്ക്കുന്ന പ്രഭാതം ജനലച്ചില്ലുകളെ വെളുപ്പിക്കാൻ തുടങ്ങിയപ്പോൾ എത്രയോ കവികൾ പാടിപ്പുകഴ്ത്തുകയും എത്രയോ തത്വചിന്തകർ തങ്ങളറിയാതെ മഹത്വപ്പെടുത്തുകയും ചെയ്ത വിശ്രുതനായ ഈ കഥാപാത്രം എന്നോട്‌ ഇങ്ങനെ പറഞ്ഞു:"നിങ്ങൾ പോകുന്നത്‌ എന്നെക്കുറിച്ച്‌ ഔദാര്യപൂർണ്ണമായ ഓർമ്മയുമായിട്ടുവേണം എന്നാണെന്റെ ആഗ്രഹം; ഇത്രയും അപവാദപ്രചരണത്തിനിരയായ ഞാൻ ചിലപ്പോഴൊക്കെ, നിങ്ങളുടെയൊരു ഭാഷാശൈലി കടമെടുത്തു പറഞ്ഞാൽ, നല്ലൊരു പിശാചാണെന്നു നിങ്ങളെ മനസ്സിലാക്കിക്കണമെന്നും എനിക്കുണ്ട്‌. ആത്മാവിന്റെ കാര്യത്തിൽ നിങ്ങൾക്കു പറ്റിയ അപരിഹാര്യമായ നഷ്ടം നികത്തുന്നതിലേക്കായി ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരുന്നുവെങ്കിൽ പന്തയത്തിൽ നിങ്ങൾക്കു കിട്ടുമായിരുന്ന സകലതും ഞാൻ നിങ്ങൾക്കു തരുന്നു; എന്നു പറഞ്ഞാൽ നിങ്ങളുടെ സകല ദുരിതങ്ങൾക്കും നികൃഷ്ടമായ സകല പുരോഗതിയ്ക്കും സ്രോതസ്സായ മടുപ്പ്‌ എന്ന വിചിത്രരോഗത്തെ ഒരായുഷ്കാലം ശമിപ്പിക്കാനും നിവാരണം ചെയ്യാനുമുള്ള സാധ്യത. നിങ്ങളുടെ മനസ്സിൽ ഒരാഗ്രഹമുണ്ടായെങ്കിൽ എന്റെ സഹായം കൊണ്ട്‌ അതു നടന്നിരിക്കും; മ്ലേച്ഛരായ സഹജീവികൾക്കു മേൽ നിങ്ങൾ കോയ്മ നേടും; നിങ്ങൾക്കു മേൽ സ്തുതികളും ആരാധനകളും വന്നുമൂടും; നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു യത്നവും കൂടാതെ തന്നെ സ്വർണ്ണവും വെള്ളിയും വജ്രവും യക്ഷിക്കഥകളിലെ കൊട്ടാരങ്ങളും നിങ്ങളെ തേടിവരികയും തങ്ങളെ കൈക്കൊള്ളാൻ നിങ്ങളോടപേക്ഷിക്കുകയും ചെയ്യും; സ്വന്തം ഇഷ്ടം പോലെ നിങ്ങൾക്കു രാജ്യങ്ങൾ മാറിമാറിയെടുക്കാം; എന്നും ഉഷ്ണം പുലരുന്ന, സ്ത്രീകൾ പൂക്കളെപ്പോലെ മണക്കുന്ന സുന്ദരദേശങ്ങളിൽ ഒരുനാളും ക്ഷീണമറിയാതെ നിങ്ങൾക്ക്‌ വിഷയസുഖങ്ങളിൽ രമിക്കാം..." എഴുന്നേറ്റുകൊണ്ട്‌ സൗഹാർദ്ദപൂർണ്ണമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

അത്രയും വിശിഷ്ടമായ ഒരു സദസ്സിനു മുന്നിൽ സ്വയം നാണം കെടുമെന്നു പേടിച്ചിട്ടാണ്‌, അല്ലെങ്കിൽ കേട്ടുകേൾവിയില്ലാത്ത ആ മഹാമനസ്കതയ്ക്കു നന്ദി പറയാനായി ഞാനാ ഉദാരമതിയായ ചൂതാട്ടക്കാരനു മുന്നിൽ ദണ്ഡനമസ്കാരം ചെയ്തേനെ. പക്ഷേ അദ്ദേഹത്തെ വിട്ടുപിരിഞ്ഞതിൽപ്പിന്നെ അവിശ്വാസമെന്ന മാറാവ്യാധി അൽപാൽപമായി എന്റെ മനസ്സിലേക്കു തിരിച്ചുവന്നു. ഭാഗ്യത്തിന്റെ കാര്യത്തിൽ അത്രയുമൊരു ധാരാളിത്തമുണ്ടാകുമെന്നു വിശ്വസിക്കാനുള്ള സാഹസം ഞാൻ പിന്നെ കാണിച്ചില്ല; അന്നു രാത്രിയിൽ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട്‌(ബുദ്ധിശൂന്യമായ ഒരു ശീലം)ഉറങ്ങാൻ കിടക്കുമ്പോൾ പാതിമയക്കത്തിൽ ഞാൻ ഇങ്ങനെ പിറുപിറുത്തു:"കർത്താവായ ദൈവമേ!സാത്താൻ വാക്കു മാറാതെ നോക്കേണമേ!"

 

*lotus-eaters ഒഡീസ്സിയിലെ പരാമർശം