Friday, December 31, 2010

അന്തോണിയോ മച്ചാദോ - സ്വന്തം ചിത്രം


സെവിയേയിലൊരു നടുമുറ്റത്തിന്റെ ഓർമ്മകളാണെന്റെ ബാല്യം,
ഇല പൊഴിയുന്ന നാരകത്തോപ്പിൽ വെയിലത്തു മൂക്കുന്ന പഴങ്ങളും.
കാസ്റ്റീലിയായിലെ മണ്ണിൽ ഇരുപതു കൊല്ലമായിരുന്നെന്റെ യൗവനം,
എന്റെ മുതിർന്ന ജീവിതമോ, ഞാൻ മറക്കാൻ കൊതിയ്ക്കുന്ന ചിലതും.

കാസനോവാ കളിച്ചിട്ടില്ല ഞാൻ, ജൂലിയറ്റിന്റെ കാമുകനുമായിരുന്നില്ല ഞാൻ,
-എന്റെയൊഴുക്കൻ വേഷത്തിൽത്തന്നെ നിങ്ങൾക്കതു കാണാമല്ലോ -
കാമദേവനുന്നം വയ്ക്കുമ്പോൾപ്പക്ഷേ, ഓടിമാറിയിട്ടുമില്ല ഞാൻ,
എനിക്കഭയം തന്ന സ്ത്രീകളെ പ്രണയിക്കയും ചെയ്തു ഞാൻ.

ഇടംതിരിഞ്ഞൊഴുകുന്ന രോഷമാണെന്റെ സിരകളിലെങ്കിലും
എന്റെ കവിതകൾ കിനിഞ്ഞതാഴത്തിൽ, തെളിഞ്ഞൊരുറവയിൽ.
കല്പനകൾ വരച്ച വഴിയേ നടക്കുന്നവൻ നല്ലവനെങ്കിലും
നല്ലവനായിരുന്നു ഞാൻ, ആ  വാക്കിന്റെ നല്ല അർത്ഥത്തിൽ.

ഞാനാരാധിച്ചു സൗന്ദര്യത്തെ. കാലത്തിന്റെ പോക്കിനൊത്തു
റോങ്ങ്സാദിന്റെ തോപ്പിൽ നിന്നു പഴയ പൂക്കളിറുത്തു ഞാൻ.
എനിക്കുള്ളതല്ല പക്ഷേ, പുത്തൻ ലേപനങ്ങളും തൂവലുകളും.
വായാടിക്കിളികൾക്കൊപ്പം പാറിനടക്കാനുമില്ല ഞാൻ.

പ്രണയം, പ്രണയമെന്നു ചിലയ്ക്കുന്ന പൊള്ളപ്പാട്ടുകാരെ വെറുക്കുന്നു ഞാൻ,
നിലാവിനു സ്തുതി പാടുന്ന പച്ചക്കുതിരകളുടെ പറ്റത്തെയും.
മാറ്റൊലികൾക്കിടയിൽ ഞാൻ ശബ്ദങ്ങൾ   തേടി നിന്നു,
ശബ്ദങ്ങൾക്കിടയിൽ ഞാൻ കാതോർത്തതൊന്നിനും.

പൗരാണികനോ, കാല്പനികനോ? ഞാനാരുമാകട്ടെ.
പട വെട്ടിയവൻ വച്ചുപോയ വാളു പോലെ എന്റെ കവിതകൾ വിട്ടുപോകുന്നു ഞാൻ.
വാളു പേരാളുന്നതതു കടന്നെടുത്തു വീശുന്ന പൗരുഷത്തിന്റെ കൈകളാൽ,
അതുലയിൽ കാച്ചിയെടുത്ത കൊല്ലന്റെ കൈത്തഴക്കത്താലല്ലല്ലോ.

അരികിൽ നടക്കുന്നൊരാളോടു മിണ്ടിയും പറഞ്ഞും നടക്കും ഞാൻ;
-ആത്മഭാഷണക്കാരാശിക്കുന്നതൊരുനാൾ ദൈവത്തോടു മിണ്ടാമെന്നും!-
ഇച്ചങ്ങാതിയോടുള്ള ചർച്ചകളാണെന്റെയാത്മഗതങ്ങളോരോന്നും,
മനുഷ്യരെ സ്നേഹിക്കുന്ന വിദ്യ എന്നെപ്പഠിപ്പിച്ചതുമീയാൾ തന്നെ.

ഒടുവിൽ കണക്കു നോക്കുമ്പോൾ നിങ്ങൾക്കു കടക്കാരനല്ല ഞാൻ,
നിങ്ങളെനിക്കു കടമാണു ഞാനെഴുതിയതൊക്കെയും;
വേല ചെയ്തിട്ടാണു ഞാൻ വാങ്ങിയതുടുവസ്ത്രങ്ങൾ , ഒരു മേൽക്കൂര,
എന്റെയുടലിനെയൂട്ടാനപ്പവും വീഞ്ഞും, എനിക്കു കിടക്കാനൊരു കിടക്കയും.

പിന്നെ,യവസാനയാത്രയ്ക്കുള്ള നാളു വന്നുചേരുമ്പോൾ
കടവിലേക്കു മടങ്ങാത്ത നൗക പായ വിടർത്തി നില്ക്കുമ്പോൾ
അതിലെന്നെയും കാണും നിങ്ങൾ, കൈയിലൊന്നുമെടുക്കാതെയും,
മുക്കുവച്ചെക്കന്മാരെപ്പോലെ മിക്കവാറും നഗ്നനായും.


സെവിയേ - കവിയുടെ ജന്മദേശം
കാസ്റ്റീലിയ - ഇവിടെ സോറിയ എന്ന പട്ടണത്തിൽ സ്കൂളദ്ധ്യാപകനായിരുന്നു മച്ചാദോ; ആദ്യഭാര്യ ക്ഷയം പിടിച്ചു മരിക്കുന്നതും ഇവിടെ വച്ച്
കാസനോവാ- വെനീസുദേശക്കാരനായ സഞ്ചാരിയും എഴുത്തുകാരനും; കാമുകനെന്ന നിലയിൽ കൂടുതൽ പ്രശസ്തി
ജൂലിയറ്റിന്റെ കാമുകൻ- റോമിയോ തന്നെ
ഇടം തിരിഞ്ഞൊഴുകുന്ന- വിപ്ളവാഭിമുഖ്യമുള്ളതായിരുന്നു കവിയുടെ മനസ്സ്
റോങ്ങ്സാദ്- ഫ്രഞ്ച് ക്ളാസ്സിക്കൽ കവി


 

നെരൂദ - സാഹിത്യത്തിന്റെ വാളലകുകൾക്കിടയിലൂടെ...


സാഹിത്യത്തിന്റെ ഉരുക്കുവാളുകൾക്കിടയിലൂടെ ഞാൻ കടന്നുപോയി
പരദേശിയായൊരു നാവികനെപ്പോലെ;
ഈ തെരുവുകളയാൾക്കറിയില്ല,
അയാൾ പാടുന്നതോ മറ്റൊന്നുമറിയാത്തതിനാലും.

ദുരിതത്തിന്റെ തുരുത്തിൽ നിന്നു ഞാൻ കൊണ്ടുവന്നിരുന്നു,
കൊടുങ്കാറ്റുകൾ തട്ടിയെറിഞ്ഞ ഹാർമോണിയങ്ങൾ,
പരുക്കൻ മഴയും പ്രകൃതിയുടെ വിളംബതാളവും:
എന്റെ കിരാതഹൃദയത്തെ മെനഞ്ഞെടുത്തവ.

നടന്നു തഴമ്പിച്ച കാൽമടമ്പുകളിൽ
സാഹിത്യത്തിന്റെ തേറ്റകൾ വന്നു കടിക്കുമ്പോൾ
അതറിയാതെ കാറ്റിനൊത്തീണം മൂളി ഞാൻ കടന്നുപോകുന്നു,

എന്റെ യൗവനത്തിലെ മഴ കഴുകിയ പണ്ടകശാലകളിലേക്ക്,
അവർണ്ണനീയമായ തെക്കൻ നാടുകളിലെ തണുത്ത കാടുകളിലേക്ക്;
എന്റെ ജീവിതം നിന്റെ പരിമളം കൊണ്ടു നിറഞ്ഞതുമവിടെ.


Thursday, December 30, 2010

കാഫ്ക - എഴുത്തും ജീവിതവും



...എന്റെ എഴുത്തിനോടുള്ള എന്റെ മനോഭാവത്തിനും ആളുകളോടുള്ള എന്റെ മനോഭാവത്തിനും മാറ്റം വരാൻ പോകുന്നില്ല; താല്കാലികമായ ഏതെങ്കിലും സാഹചര്യത്തിന്റെ സൃഷ്ടിയല്ല, എന്റെ പ്രകൃതത്തിന്റെ ഭാഗം തന്നെയാണത്. എന്റെ എഴുത്തു നടക്കണമെങ്കിൽ എനിക്കു വേണ്ടത് ഏകാന്തതയാണ്‌; അതു പക്ഷേ, താപസന്റേതല്ല, എനിക്കത്രയും പോരാ; മരിച്ചവരുടെ ഏകാന്തത തന്നെ വേണമെനിക്ക്. എഴുത്ത്, ആ അർത്ഥത്തിൽ മരണത്തെക്കാൾ ഗാഢമായ ഒരു നിദ്രയുമാണ്‌; മരിച്ചവരെ ശവമാടങ്ങളിൽ നിന്നു പറിച്ചെടുക്കാൻ പാടില്ല, അതിനാർക്കും കഴിയുകയുമില്ല എന്നപോലെതന്നെ എന്നെയും രാത്രിയിൽ എന്റെ എഴുത്തുമേശയ്ക്കു പിന്നിൽ നിന്നു പറിച്ചെടുക്കാൻ പാടില്ല, അതിനു കഴിയുകയുമില്ല. ആളുകളുമായുള്ള എന്റെ ബന്ധത്തെ ഇതേതെങ്കിലും തരത്തിൽ ബാധിക്കുന്നുവെന്നല്ല; നിയതവും നിരന്തരവും കർക്കശവുമായ ഈയൊരു രീതിയിലേ എന്റെ എഴുത്തു നടക്കൂ എന്നേ ഇതിനർത്ഥമുള്ളു; ഈ വഴിയേ തന്നെയായിരിക്കും എന്റെ ജീവിതമെന്നും. പക്ഷേ നീ പറയുന്നതുപോലെ നിനക്കു ‘കുറച്ചു വിഷമ’മായിരിക്കും അത്. എനിക്കേതുകാലത്തും ആളുകളെ പ്രതി ഇങ്ങനെയൊരു ഭയമായിരുന്നു; ശരിക്കു പറഞ്ഞാൽ ആളുകളെയല്ല, എന്റെ ക്ഷീണപ്രകൃതിയുടെ മേൽ അവരുടെ കടന്നുകയറ്റത്തെയാണു ഞാൻ പേടിക്കുന്നത്...

ജോലിയോ? എന്നെങ്കിലുമൊരു ദിവസം ജോലി ഉപേക്ഷിക്കാവുന്ന ഒരവസ്ഥയിലേക്കു ഞാനെത്തുമെന്ന വിചാരമേ അസ്ഥാനത്താണ്‌; അതേ സമയം, മുന്നോട്ടു പോകാനുള്ള കഴിവിന്റെ അഭാവത്താൽ ജോലി ഉപേക്ഷിക്കാൻ ഒരു ദിവസം ഞാൻ നിർബന്ധിതനായിത്തീരും എന്ന വിചാരം ഒട്ടും അസ്ഥാനത്തല്ല താനും. ഇക്കാര്യത്തിൽ എനിക്കുള്ള അരക്ഷിതബോധവും ഉത്കണ്ഠയും ഭീകരമാണ്‌; ഇവിടെയും എന്റെ എഴുത്തു തന്നെ പ്രഥമവും പ്രധാനവുമായ കാരണവും. നിന്നെയും എന്നെയും കുറിച്ചുള്ള എന്റെ ആധികൾ ജീവിതത്തിന്റെ ആധികളാണ്‌, ജീവിതത്തിന്റെ ഘടനയുടെ ഭാഗമാണവ; അക്കാരണത്താൽ എന്റെ ഓഫീസുജോലിയുമായി പൊരുത്തപ്പെട്ടുപോവുകയും ചെയ്യുമവ.  പക്ഷേ എഴുത്തും ജോലിയും തമ്മിൽ രജ്ഞിപ്പുണ്ടാവലെന്നതില്ല; കാരണം എഴുത്തിന്റെ ഗുരുത്വകേന്ദ്രം ആഴത്തിലാണ്‌, ജോലിയുടേത് പ്രതലത്തിലും. താഴേക്കു പോവുക, മുകളിലേക്കുയരുക- ഈ പ്രക്രിയയ്ക്കിടയിൽ കീറിപ്പറിഞ്ഞുപോകും ഒരാൾ എന്നതു നിശ്ചയം....

 


(1923 ജൂൺ 26നു കാഫ്ക ഫെലിസിനെഴുതിയ കത്തിൽ നിന്ന്)


അന്തോണിയോ മച്ചാദോ - എന്റെയാത്മാവുറക്കമായോ...

 

HenryAugustusSmyth.jpg


എന്റെയാത്മാവുറക്കമായോ?
എന്റെ കിനാക്കളുടെ തേനറകളനക്കമറ്റുവോ?
ചിന്തയുടെ വെള്ളം തേവിയ ചക്രം-
അതും വരണ്ടുവോ?
ഒഴിഞ്ഞ നാഴികൾ കോരുന്നതു നിഴലുകളോ?

ഇല്ല, ഉറക്കമല്ലെന്റെ ഹൃദയം.
കണ്ണു മലർക്കെത്തുറന്നിരിക്കുകയാണത്.
ഉറക്കമല്ലത്, സ്വപ്നവുമല്ലത്,
തെളിഞ്ഞ കണ്ണുകൾ തുറന്നുവച്ച്
മഹാമൗനത്തിന്റെ വിളുമ്പിൽ
വിദൂരസംജ്ഞകൾക്കു കാതോർക്കുകയാണത്.


റൂമി - സ്വന്തം ഹൃദയത്തെ പാടിയുറക്കി ഞാൻ...


ഇന്നലെ ഞാനൊരു സന്ദേശമയച്ചു,
ഒരു നക്ഷത്രം പോലെ ദൃഢവും ദീപ്തവും.
കല്ലിനെ പൊന്നാക്കുന്നവനേ,
എന്നെയുമൊന്നഴിച്ചുപണിയൂ.

എന്റെയാർത്തി നിന്നെ ഞാൻ കാട്ടിയതല്ലേ?
കരയുന്ന കുഞ്ഞിനെപ്പോലെന്റെ ഹൃദയത്തെ
ഞാൻ പാടിയുറക്കുന്നതും നീ കണ്ടതല്ലേ?

നിന്റെ മാറിന്റെ കെട്ടഴിയ്ക്കൂ,
പണ്ടെപ്പോലെന്നെ മാറോടടുക്കൂ.

ഇനിയുമെത്രനാൾ
നിന്നിൽ നിന്നു മാറിയലയണം ഞാൻ?
ഇനി ഞാൻ മിണ്ടാതിരിക്കാം, ക്ഷമിച്ചിരിക്കാം,
നീ തിരിഞ്ഞൊന്നു നോക്കുന്നതും കാത്തിരിക്കാം.


Wednesday, December 29, 2010

കാഫ്ക - ഫെലിസിന്


1912 നവംബർ 1

പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

ഞാൻ ഇങ്ങനെ സംബോധന ചെയ്യുന്നതു കൊണ്ടു വിരോധം തോന്നരുതേ, ഈയൊരു സന്ദർഭത്തിലെങ്കിലും. കാരണം, നിങ്ങൾ പലപ്പോഴും ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ജീവിതത്തെക്കുറിച്ചെഴുതാനാണെങ്കിൽ തികച്ചും വ്യക്തിപരമായ പലതും എനിക്കു പരാമർശിക്കേണ്ടിവരും; അവയൊക്കെ വെറുമൊരു ‘ഫ്രൗളിൻ ബോവറോ’ടു പറയാൻ എനിക്കു പറ്റുകയുമില്ല. മറ്റൊരു കാര്യം, ഈ പുതിയ സംബോധനാരൂപം അത്ര മോശമാണെന്ന് എനിക്കു തോന്നുന്നുമില്ല. അതല്ലെങ്കിൽ ഇത്രയും സംതൃപ്തിയോടെ, നീണ്ടുനില്ക്കുന്ന സംതൃപ്തിയോടെ എനിക്കിത് ആലോചിച്ചെടുക്കാനും കഴിയുമായിരുന്നില്ലല്ലോ.

എന്റെ ജീവിതമെന്നത് അടിസ്ഥാനപരമായി പറഞ്ഞാൽ എഴുതാനുള്ള ശ്രമങ്ങളായിരുന്നു, മിക്കപ്പോഴും പരാജയപ്പെട്ടവയും. പക്ഷേ എഴുതാത്ത സമയത്ത് നിലത്തു ചടഞ്ഞുവീഴുകയാണു ഞാൻ; പിന്നെയെന്നെ കുപ്പത്തൊട്ടിയിലേക്കെടുത്തിടുകയേ വേണ്ടു. എന്റെ കരുത്തുകൾ എന്നും വളരെ തുച്ഛമായിരുന്നു. അന്നതെനിക്കത്ര ബോധ്യമായിരുന്നില്ലെങ്കില്ക്കൂടി, വൈകാതെ എനിക്കു മനസ്സിലായി, എന്റെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നിയതു കൈവരിക്കാൻ മാത്രമുള്ള കരുത്തു ബാക്കിയുണ്ടാവണമെങ്കിൽ എല്ലാ വശത്തും ഞാനല്പാല്പം ലോഭിക്കേണ്ടിവരുമെന്ന്, എല്ലാ വശത്തും ഞാനല്പം ത്യജിക്കേണ്ടിവരുമെന്നും. അങ്ങനെ ചെയ്യാതെ ( എന്റെ ദൈവമേ, ഈയൊരൊഴിവുദിവസം പോലും എനിക്കു സമാധാനം കിട്ടുന്നില്ല; എനിക്കു ഡ്യൂട്ടി ഓഫീസറുടെ ജോലി തന്നിരിക്കുകയാണ്‌; ആളുകളുടെ വരവു തന്നെ, ഒരു കൊച്ചുനരകത്തെ അഴിച്ചുവിട്ടപോലെ.)എന്റെ ശക്തിക്കുമപ്പുറത്തേക്കു പോകാൻ ഞാനൊന്നു ശ്രമിച്ചുപോയാൽ, മുറിപ്പെട്ടവനും, നിന്ദിതനും, ബലഹീനനുമായി പിന്നോട്ടടിക്കുകയാണു ഞാൻ. അതേസമയം, തല്ക്കാലത്തേക്കെന്നെ അസന്തുഷ്ടനാക്കുന്ന അതേ വസ്തുത തന്നെയാണ്‌ കാലാന്തരത്തിൽ എനിക്കാത്മവിശ്വാസം തരുന്നതും; കണ്ടെത്തുക അത്ര ദുഷ്കരമാണെങ്കില്ക്കൂടി എനിക്കായിട്ടെവിടെയോ ഒരു ഭാഗ്യനക്ഷത്രം നില്പ്പുണ്ടെന്നും, അതിന്റെ ദൃഷ്ടിയ്ക്കു കീഴിൽ ജീവിതം നയിക്കുക സാധ്യമാണെന്നുമുള്ള ഒരു ചിന്ത എനിക്കുണ്ടായിവരുന്നു. എഴുത്തിനു വേണ്ടി ഞാൻ ബലി കൊടുത്ത സംഗതികളുടെ വിശദമായ ഒരു പട്ടിക ഒരിക്കൽ ഞാൻ തയാറാക്കുകയുണ്ടായി; എഴുത്തിന്റെ പേരിൽ എനിക്കു വിലക്കപ്പെട്ട പലതിന്റെയും. ഇങ്ങനെയൊരു വിശദീകരണം കൊണ്ട് അവയുടെ നഷ്ടം സഹിച്ചുപോകാൻ എനിക്കു കഴിയുന്നു എന്നു വേണമെങ്കിലും പറയാം.

ഞാൻ മെലിഞ്ഞയാളാണെന്ന പോലെതന്നെ ( എന്നെപ്പോലെ മെലിഞ്ഞൊരാൾ എന്റെ പരിചയത്തിലില്ല, സാനിറ്റോറിയങ്ങൾ എനിക്കപരിചിതവുമല്ല) എഴുത്തിനെ സംബന്ധിച്ചിടത്തോളം ഉപരിപ്ളവമെന്നു പറയാവുന്ന, കവിഞ്ഞൊഴുകുന്ന എന്ന അർത്ഥത്തിൽ, യാതൊന്നും എന്റെ കാര്യത്തിലില്ല. എന്നെ ഉപയോഗപ്പെടുത്താനിച്ഛിക്കുന്ന, അഥവാ ഉപയോഗപ്പെടുത്തുന്ന ഒരതീതശക്തിയുണ്ടെങ്കിൽ അതിന്റെ കാരുണ്യത്തിനു കീഴ്പ്പെട്ടവനാണു ഞാൻ, ഒരുക്കിവച്ച ഒരുപകരണം എന്ന നിലയ്ക്കാണെങ്കിൽ അങ്ങനെയെങ്കിലുമായി. അതുമല്ലെങ്കിൽ യാതൊന്നുമല്ല ഞാൻ; ഭീകരമായ ഒരു ശൂന്യതയിലേക്ക് എടുത്തെറിയപ്പെടുകയാണു ഞാൻ.

ഇപ്പോഴിതാ, നിങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു കൂടി ഇടം കണ്ടെത്താനായി ഞാൻ എന്റെ ജീവിതത്തെ വിപുലപ്പെടുത്തിയിരിക്കുന്നു; ഉണർന്നിരിക്കുന്ന സമയത്തിൽ ഒരു കാൽ മണിക്കൂർ പോലുമില്ല ഞാൻ നിങ്ങളെക്കുറിച്ചോർക്കാത്തതായി; മറ്റൊന്നും തന്നെ ചെയ്യാത്ത കാൽ മണിക്കൂറുകൾ എത്രയോ. അതും പക്ഷേ, എന്റെ എഴുത്തിനോടു ബന്ധപ്പെട്ടാണിരിക്കുന്നത്; എന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതു തന്നെ എന്റെയെഴുത്തിന്റെ കേറ്റിറക്കങ്ങളാണ്‌; ഊഷരമായ ഒരു കാലമാണെങ്കിൽ നിങ്ങളിലേക്കു തിരിയാനുള്ള ധൈര്യം തന്നെ  എനിക്കുണ്ടാവില്ല...

എഴുതാൻ വേണ്ടി മാത്രമായി ഇണക്കിവച്ചിരിക്കുകയാണു ഞാൻ എന്റെ ജീവിതരീതിയെ; അതിൽ ഏതെങ്കിലും ഭേദപ്പെടുത്തലുകൾ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ എന്റെ എഴുത്തിനോടു കൂടുതൽ ഇണങ്ങിച്ചേരാൻ വേണ്ടി മാത്രവുമായിരിക്കും. എത്ര ഹ്രസ്വമാണു കാലം; പരിമിതമാണ്‌ എന്റെ കരുത്തുകൾ; ഓഫീസാകട്ടെ, ഒരു പേടിസ്വപ്നം; താമസിക്കുന്നിടം ഒച്ചയൊഴിയാത്തതൊന്നും; ഒരു നേർജീവിതം സാദ്ധ്യമല്ലെങ്കിൽ ഉപായത്തിൽ ഞെരുങ്ങിക്കടന്നുപോകാനുള്ള വൈദഗ്ദ്ധ്യം തന്നെ കാണിക്കണം.  താൻ പറയാൻ ഉദ്ദേശിക്കുന്നതല്ല, സ്വന്തം ക്ഷീണമാണ്‌ താനെഴുതുന്നതിൽ വ്യക്തമായും ഭംഗിയായും പ്രകടമാവുന്നതെന്ന തിരിച്ചറിവിന്റെ ശാശ്വതദുഃഖത്തിനു മുന്നിൽ സ്വന്തം നേരം വിദഗ്ദ്ധമായി ചിട്ടപ്പെടുത്തുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി ഒന്നുമല്ലാതാവുന്നു...

ഇപ്പോഴും ഞാൻ അധികമൊന്നും പറഞ്ഞിട്ടില്ല, ഒരു ചോദ്യവും ഞാൻ ചോദിച്ചിട്ടില്ല; കത്തവസാനിപ്പിക്കേണ്ടിയുമിരിക്കുന്നു. പക്ഷേ ഒരുത്തരം പോലും, അതിലുമുറപ്പായി ഒരു ചോദ്യം പോലും നഷ്ടപ്പെടാൻ പോകുന്നില്ല. രണ്ടു പേർക്ക് അന്യോന്യം കാണാതെ, അന്യോന്യം സംസാരിക്കാതെ അന്യന്റെ ഭൂതകാലത്തിന്റെ വലിയൊരു ഭാഗം ശരിക്കുമൊരു മിന്നായം പോലെ വെളിപ്പെട്ടുകിട്ടുന്നുവെങ്കിൽ അതൊരുതരം ആഭിചാരം തന്നെ; അതു പക്ഷേ, പുറമേ തോന്നുന്നില്ലെങ്കിൽത്തന്നെ, ഒരു ദുർമന്ത്രവാദപ്രയോഗമാണ്‌; ഫലം സുനിശ്ചിതമെങ്കിൽക്കൂടി അപായഭീതി കൂടാതെ നാമതെടുത്തുപയോഗിക്കുകയുമരുത്. അതിനാൽ ഞാനതു വെളിവാക്കുന്നില്ല; നിങ്ങൾക്കതൂഹിക്കാനാവുമോയെന്നു നോക്കട്ടെ. ഏതു മാന്ത്രികസൂത്രവും പോലെ അത്ര സംക്ഷിപ്തമാണിതും. വിട; നിങ്ങളുടെ കൈത്തലത്തിനു മേൽ തങ്ങിനിന്നുകൊണ്ട് ഈ ആശിസ്സിനെ ഞാനൊന്നുറപ്പിക്കുകയും ചെയ്യട്ടെ.

                                                                                                                                         

                                                                                                                                  സ്വന്തം, ഫ്രാൻസ് . കെ


നെരൂദ - തട്ടിയെറിഞ്ഞ പുതപ്പുകളും തൂവലുകളും പോലെ...

File:Claude Monet, Impression, soleil levant, 1872.jpg


തട്ടിയെറിഞ്ഞ പുതപ്പുകളും തൂവലുകളും പോലെ തകിടം മറിഞ്ഞ നേരുകളുമായി
ദിശയറ്റു പുതിയൊരു ദിവസം പിറക്കുന്ന പുലരിയിൽ
ഒരു കൊതുമ്പുവള്ളം പോലെ വീടൊഴുകിയലയുന്നു
ചിട്ടയുടെയും സ്വപ്നത്തിന്റെയും ചക്രവാളങ്ങൾക്കിടയിലൂടെ.

നടന്ന പാതയിലൂടേന്തിവലിഞ്ഞു നടന്നാൽ മതി സർവ്വതിനും:
അവശിഷ്ടങ്ങൾ, ഊറ്റം ചോർന്ന ശിഷ്യർ, കനലു കെട്ട പൈതൃകങ്ങൾ.
അച്ചുകൾ ചതഞ്ഞതൊളിപ്പിക്കുകയാണു പത്രങ്ങൾ;
ഇന്നലെയുമായിട്ടടിഞ്ഞുകിടന്നാൽ മതിയെന്നാണു വീഞ്ഞിനും.

ചിട്ടകൾക്കുടമസ്ഥയായ നീയോ, തേനീച്ച പോലെ പറപറക്കുന്നു നീ,
ഇരുട്ടു കൈയടക്കിയ ദേശങ്ങൾ കണ്ടെടുക്കുന്നു നീ,
നിന്റെയൂർജ്ജത്തിന്റെ വെണ്മ കൊണ്ടു വെളിച്ചത്തെ ജയിക്കുന്നു നീ.

പുതിയൊരു തെളിമ പടുക്കുന്നു നീ,
ജീവന്റെ കാറ്റിനെയനുസരിക്കുന്നു സകലതും:
ചിട്ട സ്ഥാപിച്ചെടുക്കുന്നു തന്റെയപ്പത്തെ, തന്റെ മാടപ്രാവിനെ.


നൂറു പ്രണയഗീതകങ്ങൾ – 32

ചിത്രം- ക്ലോദ് മോനെ –1872 -വിക്കിമീഡിയ


Tuesday, December 28, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ശ്രീമാൻ കോജിറ്റോവിന്റെ ആത്മാവ്


File:Coat Silhouette.svg

മുമ്പൊക്കെ
ചരിത്രത്തിൽ നിന്നു നാം പഠിച്ച പ്രകാരം
ഹൃദയത്തിനനക്കം നിലയ്ക്കുമ്പോൾ
ഉടലു വിട്ടു പോവുകയാണത്

അന്ത്യശ്വാസമെടുക്കുന്നതോടെ
അതു പതിയെ പിൻവാങ്ങുന്നു
സ്വർഗ്ഗത്തെ പുൽത്തകിടികളിലേക്ക്

ശ്രീമാൻ കോജിറ്റോവിന്റെ ആത്മാവിനു
പെരുമാറ്റം വേറെ

ഒരു യാത്രാമൊഴി പോലും പറയാതെ
ജീവനുള്ള ഉടലും വിട്ടു പോവുകയാണത്

ശ്രീമാൻ കോജിറ്റോവിന്റെ അതിരുകൾ വിട്ടുള്ള ഭൂഖണ്ഡങ്ങളിൽ
നെഗളിച്ചു നടക്കുകയാണത്
മാസങ്ങൾ വർഷങ്ങൾ

അതിന്റെ മേൽവിലാസം കണ്ടെത്തുക വിഷമം
ഒരു കത്തു പോലുമയക്കുന്നില്ലത്

അതെന്നു മടങ്ങുമെന്ന് ആർക്കുമറിയില്ല
അതിനി തിരിയെ വരില്ലെന്നും വരാം

അസൂയ എന്ന ഹീനവിചാരം തനിക്കുണ്ടായത്
ഉച്ചാടനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ശ്രീമാൻ കോജിറ്റോ

തന്റെയാത്മാവിനു നല്ലതു വരട്ടെയെന്നയാൾക്കുണ്ട്
അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സലിയുന്നുണ്ടയാൾക്ക്

അന്യദേഹങ്ങളിലും
അതിനൊരു ജീവിതം വേണമല്ലോ

മനുഷ്യരുള്ളത്ര
ആത്മാക്കളുമില്ലല്ലോ

തന്റെ വിധിയ്ക്കു കീഴടങ്ങുകയാണു ശ്രീമാൻ കോജിറ്റോ
വേറേ ഗതിയില്ലയാൾക്ക്

അയാൾ പറയാനും ശ്രമിക്കുന്നുണ്ട്
-എന്റെ ആത്മാവ് എന്റേതു മാത്രമായ-

മമതയോടെ അയാളോർക്കുന്നു തന്റെയാത്മാവിനെ
അതു മനസ്സിൽ വരുമ്പോൾ കരളലിയുന്നുണ്ടയാൾക്ക്

അതിനാൽ വിചാരിച്ചിരിക്കാതെ
പെട്ടെന്നതു കയറി വരുമ്പോൾ
-നന്നായി നീ വന്നല്ലോ
എന്നയാളതിനെ വരവേൽക്കുന്നില്ല

അതു കണ്ണാടിയ്ക്കു മുന്നിൽ വന്നിരുന്ന്
നരച്ചു പിണഞ്ഞ മുടി കോതുമ്പോൾ
ഇടംകണ്ണിട്ടൊന്നു നോക്കുന്നതേയുള്ളു അയാൾ


റൂമി - ഇതു പോലെ

 

File:Joseph Wright - Lake with Castle on a Hill.jpg


സൗന്ദര്യത്തിന്റെ പൂർണ്ണതയേതുപോലെ
എന്നൊരാൾ ചോദിച്ചാൽ
മുഖം പുറത്തിട്ടുകൊണ്ടു പറയൂ,
ഇതു പോലെ.

രാത്രിയിലാകാശത്തിൽ
ചന്ദ്രന്റെ ചാരുതയേതുപോലെ
എന്നൊരാൾ സംശയിച്ചാൽ
പുരപ്പുറത്തു കയറി വിളിച്ചുകൂവൂ,
ഇതു പോലെ.

മാലാഖയുടെ ചിറകേതുപോലെ
എന്നൊരാളാരാഞ്ഞാൽ
ഒന്നു പുഞ്ചിരിക്കൂ.
ദൈവത്തിനുമുണ്ടോ പരിമളമെന്നയാൾ ചോദിച്ചാൽ
അയാളെ വലിച്ചടുപ്പിയ്ക്കൂ,
മുഖത്തോടു മുഖം ചേർക്കൂ,
ഇതു പോലെ.

യേശുദേവൻ മരിച്ചവരെ ഉയിർപ്പിച്ചതെങ്ങെനെ
എന്നൊരാൾ ചോദിച്ചാൽ
ഒരക്ഷരവും മിണ്ടരുത്-
അയാളുടെ കവിളത്തൊന്നു മൃദുവായി ചുംബിക്കൂ,
ഇതു പോലെ.

പ്രണയത്തിനു ബലിയാവുന്നതിന്റെ രഹസ്യമെന്ത്
എന്നൊരാൾ ചോദിച്ചാൽ
കണ്ണും പൂട്ടി നെഞ്ചു തുറന്നു കാട്ടൂ,
ഇതു പോലെ.

എത്രയ്ക്കുണ്ടെന്റെ കിളരമെന്നൊരാൾ ചോദിച്ചാൽ
നെറ്റിയിലെ ചുളിവുകൾക്കുള്ളകലമളന്നു കാണിക്കൂ,
ഇതു പോലെ.

ആത്മാവൊരുടൽ വിട്ടുപോകും,
മറ്റൊന്നിൽ ചെന്നുകേറും,
അതിൽ തർക്കിക്കാനൊരാൾ നിന്നാൽ
എന്റെ വീട്ടിൽ വന്നു കയറി വാതിലടയ്ക്കൂ,
ഇതു പോലെ.

പ്രണയികൾ വിലപിക്കുമ്പോൾ
അവർ പറയുന്നതു നമ്മുടെ കഥ,
ദൈവമതു കേൾക്കുകയും ചെയ്യുന്നു,
ഇതു പോലെ.

ആനന്ദങ്ങളുടെ കലവറ ഞാൻ,
ആത്മനിരാസത്തിന്റെ വേദന ഞാൻ.
എന്നെക്കാണാൻ മണ്ണിലേക്കു കണ്ണു താഴ്ത്തൂ,
പിന്നെ മാനത്തേക്കു നോക്കൂ,
ഇതു പോലെ.

ഇളംകാറ്റു മാത്രമറിയുന്നു
സംഗമത്തിന്റെ രഹസ്യങ്ങൾ.
ഹൃദയങ്ങളിലതു മന്ത്രിക്കുമ്പോൾ കാതോർക്കൂ,
ഇതു പോലെ.

സേവകൻ യജമാനനാകുന്നതെങ്ങനെ
എന്നൊരാൾ ചോദിച്ചാൽ
കൈയിലൊരു വിളക്കു കൊളുത്തിപ്പിടിയ്ക്കൂ,
ഇതു പോലെ.

ജോസഫിന്റെ പരിമളം
കുരുടനു കാഴ്ച കൊടുത്തതെങ്ങനെയെന്നു ഞാൻ ചോദിക്കുമ്പോൾ
നീ വീശിയ കാറ്റിലെന്റെ കണ്ണിലെ കരടു പോകുന്നു,
ഇതു പോലെ.

നമ്മുടെ ഹൃദയം പ്രണയം കൊണ്ടു നിറയ്ക്കാൻ
സന്മനസ്സു കാട്ടിയെന്നുവരാം ഷംസ്.
ഒരു പുരികമൊന്നുയർത്തി
നമുക്കു നേരെയൊരു കടാക്ഷമെയ്തുവെന്നുവരാമവൻ,
ഇതു പോലെ.


link to image


Monday, December 27, 2010

കാഫ്ക - ഫെലിസിന്


1912 ഡിസംബർ 6-7

കരയൂ, പ്രിയേ, കരയൂ, കരയാനുള്ള കാലം വന്നുവല്ലോ! എന്റെ കഥയിലെ നായകൻ അല്പം മുമ്പു ജീവൻ വെടിഞ്ഞിരിക്കുന്നു. നിനക്കൊരാശ്വാസത്തിനു വേണ്ടിപ്പറയുകയാണ്‌, അയാൾ മരിച്ചത് മനസ്സമാധാനത്തോടെയും തന്റെ വിധിയോടു പൊരുത്തപ്പെട്ടും കൊണ്ടുതന്നെ. കഥ പൂർണ്ണമായെന്നു പറയാനാവില്ല; അതിനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ; ഞാനതു നാളത്തേക്കു മാറ്റിവയ്ക്കുകയാണ്‌. നേരവും വളരെ വൈകിയിരിക്കുന്നു; ഇന്നലത്തെ കലക്കത്തിൽ നിന്നു പുറത്തുവരാൻ ഏറെനേരമെടുത്തു ഞാൻ. കഥയുടെ ചില ഭാഗങ്ങളിൽ എന്റെ ക്ഷീണിതമായ മാനസികാവസ്ഥയും, മറ്റു തടസ്സങ്ങളും, ബാഹ്യമായ വേവലാതികളും മുഴച്ചുനിൽക്കുന്നുവെന്നത് പരിതാപകരം തന്നെ. കുറച്ചുകൂടി വെടിപ്പായി ഇതു ചെയ്തുതീർക്കാമായിരുന്നുവെന്നത് എനിക്കറിയാത്തതല്ല; ആർദ്രമായ ചില ഭാഗങ്ങളിലാണ്‌ അതു പ്രകടമാവുന്നതും. എന്നെ എന്നും കാർന്നുതിന്നുന്ന ഒരു ബോധ്യമാണിത്: അല്പം കൂടി അനുകൂലമായ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ, എനിക്കുള്ളതായി ഞാനറിയുന്ന സർഗ്ഗശേഷി വച്ചുകൊണ്ട്, അതിന്റെ ശക്തിയും ചിരസ്ഥായിത്വവും കണക്കിലെടുക്കാതെ തന്നെ, നിലവിലുള്ളതിനേക്കാൾ വെടിപ്പായ, ഫലപ്രദമായ, സുഘടിതമായ ഒരു കൃതി എനിക്കെഴുതാമായിരുന്നു. ഒരു യുക്തിവാദം കൊണ്ടും തുരത്താനാവാത്തൊരു തോന്നലാണത്; അതേസമയം യഥാർത്ഥത്തിലുള്ളതല്ലാതെ മറ്റൊരു സാഹചര്യവുമില്ലെന്നും, അതല്ലാതെ മറ്റൊന്നിനെയും കണക്കിലെടുക്കാൻ പാടില്ലെന്നു പറയുന്നതിലും യുക്തിയുണ്ട്. അതെന്തുമാകട്ടെ, കഥ നാളെ പൂർത്തിയാക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ; അടുത്ത ദിവസം നോവലിലേക്കു കടക്കാമെന്നും...

( രൂപാന്തരം എന്ന കഥയെക്കുറിച്ചാണ് കാഫ്ക പറയുന്നത് )


സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ലജ്ജ


എനിക്കു രോഗം മൂർച്ഛിച്ചപ്പോൾ ലജ്ജ എന്നെ ഉപേക്ഷിച്ചുപോയി
അന്യരുടെ കൈകൾക്ക് സ്വമനസ്സാലെ ഞാൻ എന്നെ തുറന്നിട്ടുകൊടുത്തു
അന്യരുടെ കണ്ണുകൾക്ക് എന്റെ ദേഹത്തിന്റെ നിസ്സാരമായ നിഗൂഢത ഞാൻ അടിയറ വച്ചു

പിന്നെയുമെന്നെ അവമാനിച്ചുകൊണ്ട് നിർദ്ദയം അവരെന്നെ കൈയേറി

ഫോറെൻസിക് മെഡിസിനിൽ എന്റെ പ്രൊഫസറായിരുന്ന കിഴവൻ മാൻസെവിച്
ആത്മഹത്യ ചെയ്തവന്റെ ബാക്കിയായത് ഫോർമാൽഡിഹൈഡിന്റെ കുളത്തിൽ നിന്നു മുങ്ങിത്തപ്പിയെടുത്തിട്ട്
അവനു മേൽ കുനിഞ്ഞുനിന്നു തന്നോടു പൊറുക്കണമെന്നപേക്ഷിക്കുന്ന പോലെ
പിന്നെ നിപുണമായ ഒരു കൈയനക്കത്തോടെ ഉദ്ധതമായ നെഞ്ചു തുറന്നു
ഒച്ചയടങ്ങിയ ശ്വാസത്തിന്റെ ഭദ്രാസനപ്പള്ളി

മൃദുവായി ആർദ്രവുമായി

മരിച്ചവനോടുള്ള ആത്മാർത്ഥതയോടെ ചിതാഭസ്മത്തിനോടുള്ള ആദരവോടെ
എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്
ആ ഗ്രീക്കുരാജകുമാരിയുടെ പക വഴങ്ങാത്ത പ്രതിരോധം
അവൾ പറഞ്ഞതു ശരിതന്നെ- ഒരു സഹോദരനു കിട്ടണം അന്തസ്സായൊരു ശവസംസ്ക്കാരം

കണ്ണുകൾക്കു മേൽ
ശ്രദ്ധയോടെ വലിച്ചിട്ട മണ്ണിന്റെ ശവക്കോടി


റില്‍ക്കെ - നമ്മുടെ നിയോഗം


നമ്മുടെ നിയോഗമിത്:
നമ്മുടെ കണ്ണീരിനെ തടുക്കാൻ പോരുന്ന,
കടലുകളിൽ പ്രയാണം ചെയ്തുപോയവരുടെ
മനോഹരമായ യാത്രാശിസ്സുകൾ
-വ്യക്തവും ശുദ്ധവും കൃത്യവുമായി-
പുനരാവിഷ്കരിക്കാൻ പോരുന്ന
ഒരെഴുത്തുഭാഷ കണ്ടെത്തുക.


Sunday, December 26, 2010

കാഫ്ക - ഫെലിസിന്


1912 നവംബർ 23

പ്രിയപ്പെട്ടവളേ,  ഞാൻ നിന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ! രാത്രി വളരെ വൈകിയിരിക്കുന്നു; ഞാൻ എന്റെ കൊച്ചുകഥ മാറ്റിവച്ചുകഴിഞ്ഞു; കഴിഞ്ഞ രണ്ടു രാത്രികളിൽ ഞാനതിൽ കാര്യമായി പണിയെടുത്തിട്ടുമില്ല; അതാകട്ടെ വലിയൊരു കഥയായി രൂപം മാറുകയുമാണ്‌. പൂർണ്ണമായാൽത്തന്നെ ഞാനതെങ്ങനെ നിനക്കു വായിക്കാൻ തരും? വായിക്കാവുന്ന രിതിയിലല്ല അതെഴുതിയിരിക്കുന്നത്; ഇനി അതുമൊരു തടസ്സമല്ലെങ്കില്ക്കൂടി - ഭംഗിയുള്ള കൈപ്പടയിലെഴുതുക എന്നൊരൗദാര്യം ഞാനിതേവരെ നിന്നോടു കാണിച്ചിട്ടില്ലല്ലോ - വായിക്കാനായി അയച്ചുതരാൻ എനിക്കത്ര താത്പര്യവുമില്ല; ഞാൻ നിനക്കതു വായിച്ചുകേൾപ്പിക്കാം. അതെ, ആ കഥ നിന്നെ വായിച്ചുകേൾപ്പിക്കുക- അല്പം പേടിപ്പെടുത്തുന്ന ഒന്നായതു കൊണ്ട് എനിക്കു നിന്റെ കൈ എടുത്തുപിടിക്കേണ്ടിയും വരും. രൂപാന്തരം എന്നാണ്‌ ആ കഥയ്ക്കു പേര്‌. നീ ശരിയ്ക്കും ഞെട്ടിപ്പോകും; അതിലൊരു വാക്കു പോലും കേൾക്കണമെന്നുണ്ടാവില്ല നിനക്ക്. കഷ്ടം! ദിനംപ്രതിയുള്ള കത്തുകൾ കൊണ്ടുതന്നെ ഞാൻ നിന്നെ എന്തുമാത്രം ഭയപ്പെടുത്തുന്നു. പ്രിയപ്പെട്ടവളേ, ഭേദപ്പെട്ട ഈ എഴുത്തുകടലാസ്സിൽ പുതിയൊരു ജീവിതത്തിനു നമുക്കു തുടക്കമിടാം. ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ ആകാശത്തേക്കു പോകുന്നതായി ഞാനറിയുന്നു, അവിടെയാണു നീയിരിക്കുന്നതെന്നപോലെ. നീ അവിടെയല്ലാതെ എന്നോടൊപ്പം ഈ പടുകുഴിയിലായിരുന്നെങ്കിൽ. സംശയം വേണ്ടാ, അത്രയും അഗാധമായ ഗർത്തങ്ങളാണവ. ഇനി മുതൽ എത്ര മനസ്സമാധാനത്തോടെ നാം പരസ്പരം കത്തെഴുതുന്നുവോ - അങ്ങനെയൊരനുഗ്രഹമെങ്കിലും ദൈവം നമുക്കു നല്കട്ടെ- അത്ര സ്പഷ്ടമായി നിനക്കതു കണ്ണിൽപ്പെടുകയും ചെയ്യും. അങ്ങനെയാണെങ്കിൽക്കൂടി നീ എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ! അതെ, അശാന്തിയുടെയും ബലഹീനതയുടെയും തുണയ്ക്കു ചെല്ലുകയാവാം സ്വസ്ഥതയുടെയും ശക്തിയുടെയും നിയോഗം.

ആകെ മനസ്സു കെട്ടിരിക്കുകയാണു ഞാനിപ്പോൾ; ഞാൻ എഴുതാൻ തന്നെ പാടില്ലായിരുന്നുവെന്നും തോന്നുന്നു. പക്ഷേ എന്റെ കഥയിലെ നായകനും ദുരിതം പിടിച്ചതായിരുന്നു ഇന്നത്തെ ദിവസം; അയാളുടെ ദൗർഭാഗ്യത്തിന്റെ അവസാനമില്ലാത്ത അന്ത്യഘട്ടം തുടങ്ങുകയാണ്‌. അപ്പോൾ ഞാനെങ്ങനെ ഉന്മേഷവാനാവാൻ! നീ എനിക്കെഴുതുന്ന ഒരു തുണ്ടു കടലാസ്സു പോലും കീറിക്കളയാതിരിക്കാൻ ഈ കത്തു പ്രേരകമാവുമെങ്കിൽ വിലപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു കത്തു തന്നെയിത്. ഞാൻ ഏതുനേരവും വിഷാദിച്ചിരിക്കുകയാണെന്നു കരുതരുതേ. ഞാൻ അങ്ങനെയല്ല. ഒന്നൊഴിച്ചാൽ എനിക്കത്രയധികം പരിതപിക്കാനൊന്നുമില്ല; ആശയ്ക്കു വകയില്ലാത്ത ഈയൊരു കറുത്ത പാടിന്റെ കാര്യമൊഴിച്ചാൽ ബാക്കിയൊക്കെ ശുഭകരമാകാവുന്നതേയുള്ളു; സന്തോഷപ്രദവും, നിന്റെ സഹായത്താൽ വിസ്മയകരവുമാകാവുന്നതേയുള്ളു. ഞായറാഴ്ച, എനിക്കതിനു സമയവും കഴിവുമുണ്ടെങ്കിൽ, എല്ലാം ഞാൻ നിന്നിലേക്കു തുറന്നു വിടാൻ പോവുകയാണ്‌. മടിയിൽ കൈയും വച്ചുകൊണ്ട് ഒരു മഹാപ്രളയത്തിനു നിനക്കു സാക്ഷിയാവാം. ഇനി പ്രിയേ, ഞാൻ കിടക്കാൻ പോവുകയായി. നിനക്കു സന്തുഷ്ടമായ ഒരു ഞായറാഴ്ച ലഭിക്കട്ടെ, എനിക്കു നിന്റെ മനസ്സിലുള്ളതു ചിലതും.

                                                                                                                                                    ഫ്രാൻസ്


റൂമി - സ്വർഗ്ഗമോഹിപ്പക്ഷികൾ

File:Faience Plate Melograno.jpg


സത്യകാമന്മാരേ, പറന്നുപൊങ്ങുക!
സ്വർഗ്ഗത്തേക്കു പോവുക നാം.
ഈ ലോകം വേണ്ടത്ര കണ്ടുകഴിഞ്ഞു നാം,
ഇനി നമുക്കു മറ്റൊന്നു കാണുക.

വേണ്ട വേണ്ട, ഇവിടെയും തങ്ങരുതു നാം.
തോട്ടങ്ങളിൽ സൗന്ദര്യമൊഴുകട്ടെ,
നമുക്കു പോയി തോട്ടക്കാരനെ കാണുക.

വരൂ വരൂ,
രുഷ്ടപ്രവാഹം പോലെ കടലിനെ വണങ്ങി
നമുക്കു പോകാം.

വരൂ വരൂ,
നുരയുന്ന തിരകൾക്കു മേൽ
നമുക്കു പ്രയാണം പോകാം.

വിശപ്പിന്റെയും കണ്ണീരിന്റെയും മരുനിലം വിട്ടു
കല്യാണവിരുന്നിനു പോവുക നാം.
നമ്മുടെ ഹൃദയങ്ങള്‍ പിടയ്ക്കുന്നു,
ഞെട്ടിറുന്ന പഴുക്കിലകൾ പോലെ
വിറകൊള്ളുന്നു നാം.
അനക്കം കൊള്ളാത്ത മലകളാവുക നാം.

ഭ്രഷ്ടനു യാതനയിൽ നിന്നു മോചനമെവിടെ?
പൊടിക്കുണ്ടിൽ കഴിയുന്നവനു
പൊടിയിൽ നിന്നു മോചനമെവിടെ?
തേൻ കുടിച്ചു പറക്കുന്ന
നാകമോഹന്മാരാവുക നാം.

അരൂപിയൊരുത്തന്റെ രൂപങ്ങളാണു
നമുക്കു ചുറ്റും.
രൂപങ്ങളെക്കൊണ്ടു മതിയായി നമുക്ക്!
രൂപങ്ങളില്ലാത്തവനിലേക്കു പോവുക നാം.

യാതനകളുടെ ഈ വഴിയിൽ
പ്രണയമാകട്ടെ നമുക്കു വഴികാട്ടി.
ചോരുന്ന കൂരയിൽ വീഴുന്ന മഴയാണു നാം.
ഓട്ടകൾ വിട്ടോവിലൂടൊഴുകുക നാം.

തലയിൽ നിന്നു കാൽവിരലിലേക്കു ഞാണു മുറുക്കിയ
വളഞ്ഞ വില്ലുകളാണു നാം.
ഞാൺ വിട്ടു പായുന്ന കണ പോലെ
നേരെയാവട്ടെ നാം.

പൂച്ചയെക്കണ്ടു വിരണ്ട എലികളാണു നാം;
എന്നാൽ നമുക്കുള്ളിലുണ്ട്
സിംഹത്തിന്റെ ഗർജ്ജനവും.
ആ സിംഹമാവുക നാം.

നമ്മുടെ നാഥന്റെ സ്നേഹം തിളക്കട്ടെ
നമ്മുടെ ഹൃദയദർപ്പണങ്ങളെ.
കൈനിറയെ കാഴ്ചകളുമായി
അവനു മുന്നിലേക്കു പോവുക നാം.

ഇനി നാവടക്കുക നാം,
ഇനി സംസാരിക്കട്ടെ നാവുകൾ തന്നവൻ.
ഇനി നിശ്ശബ്ദരാവുക നാം,
രാത്രിയിൽ രഹസ്യത്തിൽ
അവൻ വിളിക്കുന്നതു കേൾക്കട്ടെ നാം.


നെരൂദ - ജന്തുജാലം


Bagoly 2 vonallal.png

കിളികളോടു സംസാരിക്കാനെനിക്കായെങ്കിൽ,
നത്തയ്ക്കകളോടും കുഞ്ഞുഗൗളികളോടും
കരിങ്കാട്ടിലെ കുറുനരികളോടും
അനുകരണീയരായ പെൻഗ്വിനുകളോടും
മിണ്ടിപ്പറയാനെനിക്കു കഴിഞ്ഞെങ്കിൽ;
ചെമ്മരിയാടുകളും അലസരായ അരുമനായ്ക്കളും
വണ്ടിക്കുതിരകളും എന്നെ മനസ്സിലാക്കിയിരുന്നുവെങ്കിൽ;
പൂച്ചകളുമായി സംവാദത്തിലേർപ്പെടാനെനിക്കായെങ്കിൽ,
പിടക്കോഴികൾ എനിക്കു കാതു തന്നിരുന്നുവെങ്കിൽ!

തറവാടിമൃഗങ്ങളോടു സംസാരിക്കാൻ
ആഗ്രഹം തോന്നിയിട്ടേയില്ലെനിക്ക്;
കടന്നലുകളുടെയും പന്തയക്കുതിരകളുടെയും
മനസ്സിലിരുപ്പറിയാൻ കൗതുകം തോന്നിയിട്ടുമില്ലെനിക്ക്.
പറന്നു പ്രശ്നങ്ങൾ പരിഹരിക്കട്ടെയവർ,
മത്സരിച്ചോടി പതക്കങ്ങൾ നേടട്ടെയവർ!
എനിക്കിഷ്ടം ഈച്ചകളോടു സംസാരിക്കാൻ,
പെറ്റധികനാളാവാത്ത പെൺപട്ടിയോടു സംസാരിക്കാൻ,
പാമ്പുകളോടു ചർച്ചയ്ക്കു നില്ക്കാൻ.

Page 21b illustration in English Fairy Tales.png

രാത്രിചാരികളായ നായ്ക്കളെ
പിന്തുടർന്നു പോയിട്ടുണ്ടു ഞാൻ,
എവിടെയ്ക്കുമല്ലാതെ,
വല്ലാതെ തിരക്കു പിടിച്ചും, യാതൊന്നും മിണ്ടാതെയും
പാഞ്ഞുപോകുന്ന മുഷിഞ്ഞ സഞ്ചാരികൾ.
മണിക്കൂറുകൾ അവയുടെ പിന്നാലെ പോയിട്ടുണ്ടു ഞാൻ.
അവർക്കെന്നെ വിശ്വാസം വന്നില്ല,
ഹാ, മൂഢബുദ്ധികളായ പാവം നായ്ക്കൾ,
അവർ പാഴാക്കീ
തങ്ങളുടെ ദുഃഖങ്ങൾ പങ്കു വയ്ക്കാൻ,
ശോകവും വാലും വീശി
പ്രേതത്തെരുവുകളിലൂടെ പാഞ്ഞുപോകാനുള്ള ഒരവസരം.

Conejo.JPG

അതികാമികളായ മുയലുകളുടെ കാര്യത്തിൽ
എന്നും തത്പരനായിരുന്നു ഞാൻ.
അവരുടെ കാമക്കാതുകളിൽ പുന്നാരങ്ങളോതി
ഇങ്ങനെയവരെ ഉത്തേജിതരാക്കുന്നതാരോ?
അവസാനമില്ലാത്തതാണവരുടെ സൃഷ്ടികർമ്മം,
അവർക്കു കേൾക്കേണ്ട വിശുദ്ധഫ്രാൻസിസിന്റെ ഉപദേശങ്ങളും,
അസംബന്ധങ്ങൾ കേട്ടുനില്ക്കാൻ നേരവുമില്ലവർക്ക്.
അക്ഷയമായ രതിമൂർച്ചയോടെ
കയറുകയും ഇറങ്ങുകയും ചെയ്യുകയാണവൻ.
മുയലിനോടൊന്നു സംസാരിക്കാൻ എനിക്കിഷ്ടം,
അവന്റെ പലായനശീലവും എനിക്കു ഹിതം.

Amarinus lacustris.png

അരസികന്മാരായ പ്രകൃതിശാസ്ത്രജ്ഞന്മാരുടെ പിടിയില്പ്പെട്ടു
ജന്മം തുലയ്ക്കുകയാണു ചിലന്തികൾ.
ഈച്ചക്കണ്ണുകളും വച്ചു മണ്ടൻപുസ്തകങ്ങളിലെഴുതിവിടുകയാണവർ
അവയെക്കുറിച്ചില്ലാവചനങ്ങൾ:
ആർത്തിക്കാരാണ്‌, കാമാർത്തരാണ്‌,
അവിശ്വസ്ഥരാണ്‌, വിഷയാസക്തരാണവയെന്ന്.
ആരോപിക്കുന്നവർക്കു ചേർന്ന ചിത്രം തന്നേയിതെന്നാ-
ണെന്റെയൊരു തോന്നലും.
ചിലന്തിയൊരു പെരുന്തച്ചൻ,
ദിവ്യനായ ഘടികാരവിദഗ്ധൻ.
പൂച്ചിയെപ്പോലവയെക്കരുതുന്നവർ
വെറും മൂഢബുദ്ധികൾ.
ചിലന്തിയുമായിട്ടൊന്നു സംസാരിക്കണമെന്നുണ്ടെനിക്ക്,
അവളെനിക്കൊരു നക്ഷത്രം നെയ്തുതന്നാൽ നന്നായെന്നുമുണ്ടെനിക്ക്.

CtenecephalusCanis.jpg

ചെള്ളുകളുടെ മേൽ ബഹുകൗതുകമുണ്ടെനിക്ക്,
എത്രനേരവുമവരെന്നെക്കടിച്ചോട്ടെ.
അവർ പരിപൂർണ്ണർ, പുരാതനർ, സംസ്കൃതക്കാർ,
ഒഴികഴിവുകളനുവദിക്കാത്ത യന്ത്രങ്ങൾ.
അവർ കടിക്കുന്നതു തിന്നാനല്ല,
അവർ കടിക്കുന്നതു ചാടാനത്രേ.
ആകാശമണ്ഡലത്തിലെ നർത്തകർ,
സൂക്ഷ്മവും മൃദുലവുമായൊരു സർക്കസ്സിലെ
അതിലോലരായ കസർത്തുകാർ.
എന്റെ തൊലി മേൽ കുതികൊള്ളട്ടെയവർ,
സ്വന്തം വികാരങ്ങൾക്കു വെളിവു നല്കട്ടെയവർ,
എന്റെ ചോര കുടിച്ചു മദിക്കട്ടെയവർ,
എന്നാലുമെനിക്കവരെയൊന്നു പരിചയപ്പെടണം,
എനിക്കവരെയൊന്നടുത്തറിയണം,
ആശ്രയിക്കാവുന്നതെന്തെന്നുമെനിക്കറിയണം.

Donkey (PSF).png

അയവിറക്കുന്ന വർഗ്ഗവുമായിട്ടടുത്തിട്ടില്ല ഞാനിതേവരെ,
ആ സ്വഭാവമെനിക്കുണ്ടെങ്കില്പ്പോലും.
അവർക്കെന്നെ മനസ്സില്ലാവാത്തതെന്തെന്നെനിക്കു മനസ്സിലാവുന്നുമില്ല.
പശുക്കളോടും കാളകളോടും
ഇക്കാര്യമെനിക്കൊന്നു ചർച്ച ചെയ്യണം;
നിഗൂഢവികാരങ്ങൾ പോലെ ഉള്ളിലടങ്ങിയ
ഉദരവിഷയങ്ങൾ എനിക്കറിയണം.

Cochon.svg

സൂര്യോദയത്തെക്കുറിച്ചു
പന്നികളുടെ മനസ്സിലിരുപ്പെന്താവാം?
ഉദയഗീതങ്ങൾ ചൊല്ലുന്നില്ലവർ,
അരുണനിറത്തിൽ കൂറ്റനായ ദേഹങ്ങളിൽ
കനത്ത കൊച്ചുകാലുകളിൽ
താങ്ങിനിർത്തുകയാണവർ ഉദയത്തെ.

ഉദയത്തെ താങ്ങുന്നതു പന്നികൾ.

കിളികൾ രാത്രിയെ തിന്നുതീർക്കുകയും.

പ്രഭാതത്തിൽ ലോകം വിജനമാവുന്നു:
ചിലന്തികളും മനുഷ്യരും നായ്ക്കളും കാറ്റും ഉറങ്ങുമ്പോൾ
പന്നികൾ അമറുന്നു, പ്രഭാതം പൊട്ടിവിടരുന്നു.

എനിക്കു പന്നികളോടു സംസാരിക്കണം.

Bagou.jpg

മധുരഭാഷികളായ, സംഗീതക്കാരായ, തൊണ്ട കാറിയ തവളകൾ!
ഒരുനാളെയ്ക്കെങ്കിലും ഒരു തവളയുടെ ജന്മമെനിക്കു വേണം.
എനിക്കിഷ്ടമാണു ചിറകളെ,
പട്ടു പോലെ മിനുത്ത ഇലകളെ,
തവളകൾ ആകാശത്തിനു നാഥന്മാരാവുന്ന
പച്ചച്ചീരകളുടെ ലോകത്തെ.

തവളകളുടെ പ്രണയഗാനം
എന്റെ സ്വപ്ങ്ങളിൽ കടന്നുവരുന്നു,
പുളയുന്ന വല്ലി പോലെ പടർന്നുകേറുന്നു
എന്റെ ബാല്യത്തിന്റെ വരാന്തകളിൽ,
എന്റെ ബന്ധുക്കാരിയുടെ മാറിൽ,
തെക്കൻനാട്ടിലെ കറുത്ത രാത്രികളിൽ വിടരുന്ന
ആകാശമുല്ലകളിൽ.
തവളകളുടെ കാറിയ ശൈലി
ഇനിയുമെനിക്കു പഠിഞ്ഞിട്ടെല്ലെന്നാണെന്റെ തോന്നൽ.

അങ്ങനെയാണു സംഗതിയെങ്കിൽ
ഞാനെങ്ങനെ പിന്നെ കവിയായി?
എനിക്കറിയുമോ
രാത്രിയുടെ ബഹുലമായ ഭൂമിശാസ്ത്രം?

പാഞ്ഞുപോകുന്ന,
മൗനം പൂണ്ടിരിക്കുന്ന ഈ ലോകത്ത്
എനിക്കു വേണമിനിയും സമ്പർക്കങ്ങൾ,
അന്യഭാഷകൾ, അന്യസംജ്ഞകൾ.
ഈ ലോകത്തെ എനിക്കറിയണം.

കൗശലക്കാരായ കുത്തകക്കാരുടെ,
സിദ്ധാന്തക്കാരായ സ്ത്രീകളുടെ
ദുഷ്ടാഖ്യാനങ്ങൾ മതി സകലർക്കും.
പലതിനോടുമെനിക്കു സംസാരിക്കണം,
തേടിവന്നതറിയാതെ,
ഈ വിഷയം ചുഴിഞ്ഞുനോക്കാതെ
ഈ ഗ്രഹം വിട്ടുപോവുകയുമില്ല ഞാൻ.
മനുഷ്യരെക്കൊണ്ടു തൃപ്തനല്ല ഞാൻ,
അതിനുമപ്പുറമെനിക്കു പോകണം,
അതിനുമുള്ളിലേക്കെനിക്കു പോകണം.

അതിനാൽ മാന്യരേ,
ഞാനൊരു കുതിരയുമായി സംഭാഷണത്തിലേർപ്പെടാൻ പോകുന്നു.
കവയിത്രി എന്നോടു പൊറുക്കട്ടെ,
പണ്ഡിതപ്രമുഖനും ക്ഷമിക്കട്ടെ,
ഒരാഴചയ്ക്കുള്ള വേലയുണ്ടെനിക്ക്,
അത്രയും വർത്തമാനങ്ങളുടെ കലപിലയ്ക്കു
കാതുകൊടുക്കാനുണ്ടെനിക്ക്.

ആ പൂച്ചയുടെ പേരെന്താണെന്നാണു പറഞ്ഞത്?

Gustave Dore le chat botte.jpg


Friday, December 24, 2010

റില്‍ക്കെ- ദൈവമേ…

File:Hands of God and Adam.jpg


നീ വന്നുപോകുന്നു.
വാതിലുകൾ സൗമ്യമായി തുറന്നടയുമ്പോൾ
കിടുങ്ങുന്നുപോലുമില്ലവ.
ഒച്ചയടങ്ങിയ വീട്ടിനുള്ളിൽ
നിന്റെ കാൽപ്പെരുമാറ്റമതിലുമടക്കത്തിൽ.
ഞങ്ങൾക്കു ശീലമാവുന്നു നീ,
വായിക്കുന്ന പുസ്തകത്തിൽ
നിന്റെ നിഴൽ വീണതിനെത്തിളക്കുമ്പോൾ
തലയുയർത്തിനോക്കുന്നുപോലുമില്ല ഞങ്ങൾ.

Thursday, December 23, 2010

കാഫ്ക - ഫെലിസിന്


പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,

ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ്‌ എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂചകമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തിലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാവുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാതാവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതിക്കട്ടെ; ആ വാക്കുകൾ തന്നെയാണ്‌ എനിക്കു വേണ്ടിയിരുന്നത്.

പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന്‌ മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.

വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.

                                                                                                                                              സ്വന്തം ഫ്രാൻസ്.കെ.


റൂമി - മധുരിക്കുന്ന കരിമ്പിൻപാടം

File:Yun Shouping, Peonies.jpg

കരിമ്പിൻമധുരം മധുരിക്കുമോ
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?
ചന്ദ്രന്റെ ഭംഗിയ്ക്കു പിന്നിലൊരു ഭംഗിയുണ്ട്,
ചന്ദ്രനു പിറവി കൊടുത്തവന്റെ ഭംഗി.
കടലിന്റെ അറിവുകൾക്കു പിന്നിലൊരറിവുണ്ട്,
കണ്ണിൽപ്പെടാത്തൊരു ചക്രം പോലെ വെള്ളം തേവി
നമ്മെയൂട്ടുന്നതതു തന്നെ.
എള്ളിൽ നിന്നെണ്ണയെടുക്കുന്നൊരു വിദ്യയുണ്ട്,
നിങ്ങളുടെ കൺകുഴികളിൽ നിന്നു കാഴ്ചയെടുക്കുന്ന സൂത്രവുമുണ്ട്,
അതുമൊന്നോർത്തുനൊക്കൂ.
വിളമ്പിവച്ച വിരുന്നു പോലിതാ പുലരി പിറക്കുന്നു,
വിശന്നും വശം കെട്ടും അതിലേക്കു നാമോടുമ്പോൾ
അത്രയും വച്ചുണ്ടാക്കിയവനെ കാണാതിരിക്കരുതേ.
മൂന്നു കഴുതകളെയും തെളിച്ചു ഞെളിഞ്ഞു നടക്കുമ്പോൾ
പിരിച്ചുവെച്ച മീശയെപ്രതി ഗർവമരുതേ.
രത്നക്കല്ലുകളെയല്ല, രത്നവ്യാപാരിയെ സ്നേഹിക്കൂ.
പറഞ്ഞുപറഞ്ഞുകൂട്ടുകയാണു ഞാൻ.
കേൾവിയെ കാഴ്ചയാക്കുന്ന പ്രേയാൻ തന്നെ
ഇതിനൊരു തീർച്ചയും വരുത്തട്ടെ.


link to image

Wednesday, December 22, 2010

റൂമി - അവനൊളിയ്ക്കുമിടം

File:Purple sun.png


ഞാനൊരുമ്പെട്ടിറങ്ങുമ്പോൾ
അവനാണെന്റെ ലക്ഷ്യം.
ഹൃദയത്തിലേക്കു  നോക്കുമ്പോൾ
അതിൽ മത്തടിക്കുന്നതവൻ തന്നെ.
ഞാൻ നീതി തേടുമ്പോൾ
അവനാണു ന്യായാധിപൻ.
ഞാൻ പടയ്ക്കു പോകുമ്പോൾ
അവനാണെന്റെയുടവാൾ.

ഞാൻ വിരുന്നിനു കൂടുമ്പോൾ
അവനാണപ്പവും വീഞ്ഞും.
ഉദ്യാനത്തിലേക്കു കടക്കുമ്പോൾ
വിരിഞ്ഞ പനിനിർപ്പൂവുമവൻ തന്നെ.

ഞാൻ ഖനി തുരന്നിറങ്ങുമ്പോൾ
അവനാണു മാണിക്യവും മരതകവും.
ഞാൻ കടലിലേക്കൂളിയിടുമ്പോൾ
അവനാണടിയിലെ മുത്തുമണി.

ഞാൻ മരുനിലം താണ്ടുമ്പോൾ
അവനാണു മരുപ്പച്ച.
ഗോളാന്തരത്തിലേക്കുയരുമ്പോൾ
അവനാണു ദീപ്തതാരം.

ഞാനുശിരു കാട്ടുമ്പോൾ
അവനാണെന്റെ പരിച.
ജ്വരമെന്നെയെരിക്കുമ്പോൾ
അവനാണെനിക്കു തുളസിയും കുരുമുളകും.

ഞാൻ പട പൊരുതുമ്പോൾ
അവനാണെന്റെ നായകൻ.
മദിരോത്സവത്തിലവൻ ഗായകൻ,
ചഷകം, ചഷകമേന്തുന്നവനും.

ഞാൻ ചങ്ങാതിമാർക്കെഴുതുമ്പോൾ
അവനാണു താളും തൂലികയും.
ഞാൻ കവിതയെഴുതുമ്പോൾ
അവനാണു താളമിടുന്നതും.

ഞാനുണർന്നെഴുന്നേല്ക്കുമ്പോൾ
അവനാണെന്റെ ശുദ്ധബോധം.
ഞാനുറങ്ങാൻ കിടക്കുമ്പോൾ
കിനാവിൽ വിളയാടുന്നതുമവൻ തന്നെ.

നിങ്ങളേതു ചിത്രമെഴുതിയാലും
നിങ്ങളേതു കവിത ചമച്ചാലും
അവനതിനുമതീതൻ.
നിങ്ങളേതുയരമെത്തിയാലും
അതിലുമുയരത്തിലുള്ളവൻ.

വലിച്ചെറിയൂ നിങ്ങളുടെ ഗ്രന്ഥങ്ങൾ,
പിഴുതെറിയൂ നിങ്ങളുടെ നാവും.
അവനാവട്ടെ നിങ്ങളുടെ ഗ്രന്ഥം.

തബ്രീസിലെ അതിശയവെളിച്ചമേ,
നീയെവിടെപ്പോയൊളിക്കാൻ?
നീ മറഞ്ഞിരിക്കുമിടം വെളിച്ചപ്പെടുത്തുമല്ലോ
നിന്റെ സൂര്യന്റെ ദീപ്തി.


Tuesday, December 21, 2010

റൂമി - ആണായതു കൊണ്ടായില്ല...

 

File:Sufi.png


ആണായതു കൊണ്ടായില്ല...



ആണായതു കൊണ്ടായില്ല ആണത്തമുണ്ടാകാൻ,
കണ്ണീരു തുടച്ചതു കൊണ്ടു ചങ്ങാതിയുമാവില്ല.
മുത്തശ്ശി പറഞ്ഞിട്ടില്ലേ: ‘ഇന്നു നീ വിളറിയിരിക്കുന്നു,
അതിനാലിന്നു പഠിക്കാനും പോകേണ്ട.’
അതു കേട്ടാലോടിക്കോളൂ.
പിതാവിന്റെ ചെകിട്ടത്തടിയത്രേ അതിലും ഭേദം.
നിങ്ങളുടെയുടലിനു തലോടലു പോരും.
കണിശക്കാരനായ പിതാവിനു തെളിഞ്ഞ ബോധവും.
അയാൾ നിങ്ങളെ പ്രഹരിക്കുന്നുവെങ്കിൽ
തുറസ്സിലേക്കു നിങ്ങളെ ഓടിച്ചിറക്കാനത്രേ.
നിങ്ങൾക്കു വേണ്ടതു മയമില്ലാത്തൊരു ഗുരുവിനെ,
നിങ്ങളെ അറിയാൻ, നിങ്ങളെ നടത്താൻ.

എത്ര സഹതാപങ്ങൾ നാം വാരിക്കൂട്ടി?
ഇനി നാം പഠിക്കുക, അതിനെയൊക്കെ സംശയിക്കാൻ.


നിന്നെത്തേടി ഞാൻ മുകളിലും താഴെയും...
File:Sufi.png

നിന്നെത്തേടി ഞാൻ മുകളിലും താഴെയും...
നിന്നെത്തേടി ഞാനടുത്തുമകലെയും...
നിന്നെ നോക്കി ഞാനോരോ കല്ലിനടിയിലും...
ചെന്നുനോക്കി ഞാൻ ഒളിച്ചിരിക്കുമിടങ്ങളെല്ലാം...
മാനത്തു കണ്ണു നട്ടിരുന്നു ഞാൻ...
പ്രകൃതി മുഴുവൻ ഞാൻ തിരഞ്ഞു...
സകലശാസ്ത്രങ്ങളിലും ഞാൻ തിരഞ്ഞു...
എന്നിട്ടും നിന്നെ കണ്ടില്ല ഞാൻ...
“എവിടെ നീ! നീയെന്നിൽ നിന്നൊളിക്കുന്നതെന്ത്!”
ഞാനലറി.
ഞാനൊന്നു ശ്വാസമെടുക്കുന്നതിന്നിടയിൽ
നിന്റെ മറുപടി വന്നു...

“മരത്തിലുണ്ടു ഞാൻ.
നീ നടക്കുന്ന വഴിയിലുണ്ട് ഞാൻ.
ആകാശത്തുണ്ട് ഞാൻ.
അണ്ണാറക്കണ്ണനിലുണ്ട് ഞാൻ.
മേഘത്തിലുണ്ട് ഞാൻ.
സൂര്യനിലുണ്ട് ഞാൻ.
നീയെന്നെക്കാണാതെപോയതെവിടെ?”

ഞാൻ കരഞ്ഞു...File:Sufi.png


Monday, December 20, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ശ്രീമാൻ കോജിറ്റോവിന്‌ നരകത്തെക്കുറിച്ചുള്ള ധാരണയെന്തെന്നാൽ…

 

File:Strasbourg - Cathedrale - Vitrail - Detail 04.jpg


നരകത്തിന്റെ താഴേത്തട്ട്. പൊതുധാരണയ്ക്കു വിപരീതമായി അവിടെ പാർപ്പിച്ചിരിക്കുന്നത് സ്വേച്ഛാധിപതികളെയും മാതൃഘാതികളെയും അന്യരുടെ മാംസത്തിനു പിന്നാലെ ആർത്തി പിടിച്ചു പായുന്നവരെയുമല്ല; കലാകാരന്മാരുടെ സങ്കേതമത്രേയത്; കണ്ണാടികളും ഉപകരണങ്ങളും ചിത്രങ്ങളും കൊണ്ടു നിറഞ്ഞ ഒരിടം. ഒറ്റ നോട്ടത്തിൽ നരകത്തിലെ ഏറ്റവും സുഖമുള്ള വകുപ്പ്; താറും തീയുമില്ലവിടെ, ദേഹപീഡകളുമില്ല.

ആണ്ടു മുഴുവനും മത്സരങ്ങളും മേളകളും കച്ചേരികളും നടക്കുന്നുണ്ട്. ക്ളൈമാക്സ് എന്നൊന്നില്ല; അതു സ്ഥിരവും കേവലവുമാണ്‌. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടായിവരികയാണ്‌; അവാങ്ങ് ഗാർദിന്റെ ജൈത്രയാത്രയെ തടഞ്ഞുനിർത്താൻ യാതൊന്നുമില്ലാത്ത പോലെയുമാണ്‌.

സാത്താൻ കലകളുടെ ആരാധകനത്രെ. തന്റെ ഗായകരും കവികളും ചിത്രകാരന്മാരും സ്വർഗ്ഗത്തുള്ളവരെക്കാൾ എന്തുകൊണ്ടും കേമന്മാരാണെന്നാണ്‌ അയാൾ അവകാശപ്പെടുന്നത്. എവിടത്തെ കല മികച്ചതോ, അവിടത്തെ ഭരണം തന്നെ മികച്ചതും - അതു വ്യക്തം. അധികം വൈകാതെ ഇരുലോകങ്ങളുടെ മേളയിൽ വച്ച് അവർ മാറ്റുരച്ചു നോക്കാൻ പോവുകയാണ്‌. ദാന്തേയും ഫ്രാ ആഞ്ഞെലിക്കോയും ബാക്കുമൊക്കെ ബാക്കിയുണ്ടാവുമോയെന്ന് നമുക്കപ്പോൾ കാണാം.

സാത്താൻ കലകളെ പിന്തുണയ്ക്കുന്നു. തന്റെ കലാകാരന്മാർക്ക് മനസ്സമാധാനവും ആരോഗ്യദായകമായ ഭക്ഷണവും നരകജീവിതത്തിൽ നിന്നു പരിപൂർണ്ണമായ സംരക്ഷണവും അയാൾ ഉറപ്പു വരുത്തുന്നു.


link to image


റൂമി - തത്ത്വമസി

File:Mevlana.jpg


ആത്മാവുകൾക്കാത്മാവ്, ജീവന്റെ ജീവൻ- അതു തന്നെ നീ.
ദൃശ്യവും അദൃശ്യവും, ചരവും അചരവും-അതു തന്നെ നീ.
അന്ത്യമില്ലാത്തതാണു രാജധാനിയിലേക്കുള്ള വഴി;
തലയും കാലുമില്ലാതവിടെയ്ക്കു പൊയ്ക്കോളൂ,
അവിടെയെത്തിക്കഴിഞ്ഞിരിക്കും നീ.
നീ മറ്റെന്താകാൻ?-അതു തന്നെ നീ.


*


ആകാശത്തു കണ്ടു ഞാൻ നിന്റെ കണ്ണുകൾ,
നിന്റെ കണ്ണുകളിൽ ആകാശവും.
എന്തിനു തേടണം ഞാന്‍ മറ്റൊരു സൂര്യനെ,
മറ്റൊരു ചന്ദ്രനെ?-
ഇക്കണ്ടതു മതിയെനിക്കെന്നേക്കുമായി.


*


മൗനത്തിൽ നിന്നു വാക്കുകളുറവയെടുക്കുന്നൊരിടമുണ്ട്,
ഹൃദയത്തിന്റെ മന്ത്രണങ്ങളുയരുന്നൊരിടമുണ്ട്.
വാക്കുകൾ നിന്റെ സൗന്ദര്യം കീർത്തിക്കുന്നൊരിടമുണ്ട്,
ഓരോ നിശ്വാസവുമെന്റെയാത്മാവിൽ
നിന്റെ വിഗ്രഹം കൊത്തുന്നൊരിടമുണ്ട്.


*


പഞ്ചാരച്ചുമടും പേറിപ്പോകുന്ന
ഒട്ടകക്കൂട്ടത്തെക്കണ്ടുവോ?
അവന്റെ കണ്ണുകളിലുണ്ടത്രയും മാധുര്യം.
എന്നാലവന്റെ കണ്ണുകളിലേക്കു നോക്കരുതേ-
സ്വന്തം കണ്ണുകൾ കളയാൻ തയാറല്ല നിങ്ങളെങ്കിൽ.


*


കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?


*


ഈ ലോകവുമായിട്ടൊരു ബന്ധവുമെനിക്കു വേണ്ട,
പരലോകവുമായിട്ടൊരു ബന്ധവുമെനിക്കു വേണ്ട,
എന്നിട്ടും പിന്തിരിയാത്തതെന്താണു ഞാൻ?
അത്ഭുതങ്ങളൊരുകോടിയുള്ളടങ്ങുന്നുണ്ടെന്റെയുള്ളിൽ.
അത്ര കണ്ടിട്ടും മുഴുഭ്രാന്തനാവുന്നില്ല ഞാനെങ്കിൽ
അതിൽ നിന്നെന്നെത്തടുക്കുന്നതേതു ഭ്രാന്ത്?


*


മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.


*


കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,
ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബാ.
ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,
ആറു ദിക്കും നോക്കുന്നതവനെത്തന്നെ.
പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,
ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-
ഒക്കെ വലിച്ചെറിയുക,
അവന്റെ പ്രണയത്തിൽ വലിച്ചെറിയുക
നിങ്ങളെത്തന്നെ.


*


ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.


*


ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.


*


നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,
പാതിവഴിയെത്തിയതും,
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.


*


ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന
കുരുവിയെപ്പോലാകരുതേ;
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.


*


ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.
നിനക്കു പുറത്തൊന്നുമില്ല,
ഉള്ളിലേക്കു നോക്കൂ,
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.



Image from wikimedia


റില്‍ക്കെ - ഏതു പാടം വാസനിയ്ക്കും നിന്റെ കൈകൾ പോലെ...

 

File:Pasternak-rilke.jpeg


ഏതു പാടം വാസനിയ്ക്കും നിന്റെ കൈകൾ പോലെ?
ഏതു ബാഹ്യഗന്ധം ഭേദിക്കും നിന്റെ ദുർഗ്ഗം? 
താരകൾ രൂപങ്ങളായി നിരക്കുന്നു മുകളിൽ.
നിന്റെ ചുണ്ടുകളെ കാർശ്യത്തിൽ നിന്നു മോചിപ്പിക്കട്ടെ ഞാൻ, പ്രിയേ,
ഹാ, നിന്റെ മുടിക്കെട്ടുലർന്നുവീഴുന്നുവല്ലോ.
നിന്നെക്കൊണ്ടു പൊതിയട്ടെ നിന്നെ ഞാൻ,
നിന്റെപുരികങ്ങളുടെ തുമ്പിൽ നിന്നു വടിച്ചെടുക്കട്ടെ ഞാൻ
തളർന്നുവീണ തൃഷ്ണയുടെ ശേഷിച്ച തുള്ളികൾ.
ഉൾക്കണ്ണിമകൾ പോലെന്റെ ലാളനകൾ കൊണ്ടെനിക്കു മൂടണം
കണ്ണുകളായെന്നെ നോക്കുന്ന നിന്റെയുടലിന്റെയിടങ്ങളെല്ലാം.


Sunday, December 19, 2010

കാഫ്ക-ഫെലിസിന്


1913 ഏപ്രിൽ 1

എനിക്കൊരിക്കലും നിന്നെ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ്‌ എന്റെ ഭയം ( അതിനെക്കാൾ മോശപ്പെട്ടതൊന്ന് പറയാനും കേൾക്കാനുമുണ്ടാവില്ലെന്നതു തീർച്ച). കൂടിപ്പോയാൽ  ആലോചനയില്ലാതെ കൂറു കാണിക്കുന്ന ഒരു നായയെപ്പോലെ നീ അശ്രദ്ധമായി നീട്ടിക്കാണിക്കുന്ന കൈയിൽ മുഖമുരുമ്മാൻ എനിക്കായെന്നു വരാം; അതു പക്ഷേ പ്രേമത്തിന്റെയല്ല, നിശബ്ദതയ്ക്കും നിത്യവിരഹത്തിനും വിധിക്കപ്പെട്ട ഒരു ജന്തുവിന്റെ നൈരാശ്യത്തിന്റെ ലക്ഷണമേയാകുന്നുള്ളു. നിന്റെ അരികിലിരുന്ന് നിന്റെ ദേഹത്തിന്റെ നിശ്വാസവും ജീവനും അനുഭവിക്കുമ്പോൾത്തന്നെ യഥാർത്ഥത്തിൽ ഈ മുറിയിലിരിക്കുമ്പോഴത്തേതിനെക്കാൾ അകലെയായിരിക്കും നിന്നിൽ നിന്നും ഞാൻ . എനിക്കൊരിക്കലും നിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ല; നീ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോഴോ, തലയ്ക്കു കൈ കൊടുത്തിരിക്കുമ്പോഴോ നിന്റെ ശ്രദ്ധയിലേക്കു വരാൻ പോകുന്നില്ല ഞാൻ. കൈ കോർത്തുപിടിച്ച് ഈ ലോകം മുഴുവൻ നാം കടന്നുപോകും; അത്ര യോജിപ്പാണു നമുക്കെന്നു തോന്നിയാലും സത്യത്തിൽ നിന്നേറെയകലെയായിരിക്കുമത്. ചുരുക്കത്തിൽ നിനക്കപായം പറ്റാവുന്നത്ര നീ എന്നിലേക്കു ചാഞ്ഞാൽക്കൂടി നിന്നിൽ നിന്ന് എന്നെന്നേക്കുമായി ബഹിഷ്കൃതനായിരിക്കും ഞാൻ.

ഇതു സത്യമാണെങ്കിൽ ഫെലിസ്- അങ്ങനെയല്ലെന്ന് എനിക്കു തോന്നലുമില്ല- ആറു മാസം മുമ്പേ നിന്നിൽ നിന്നു പിരിയുന്നതിനു മതിയായ കാരണങ്ങൾ എനിക്കുണ്ടായിരുന്നു; അത്രയും തന്നെ കാരണങ്ങളുണ്ടായിരുന്നു, നീയുമായി  ഒരു മാമൂൽബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിനും; എന്തെന്നാൽ ഇന്ന് ഈ ലോകത്ത് എന്നെ - ഈ ലോകത്തിനു ചേരാത്ത എന്നെ - താങ്ങിനിർത്തുന്ന ദുർബലശക്തികളിൽ നിന്നുള്ള വിച്ഛേദമായിരിക്കും അങ്ങനെയൊരു ബന്ധത്തിന്റെ പരിണതഫലം.

ഞാൻ നിർത്തുകയാണു ഫെലിസ്. ഇന്നത്തേക്കുള്ളതു ഞാൻ എഴുതിക്കഴിഞ്ഞു.

ഫ്രാൻസ്


സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - സ്പിനോസയുടെ പ്രലോഭനം




ആംസ്റ്റർഡാമിലെ സ്പിനോസയെ
ദൈവത്തിലെത്താനുള്ള ഒരു പ്രലോഭനം പിടിച്ചുലച്ചു
മച്ചുമ്പുറത്തയാൾ കാചങ്ങൾ മിനുക്കിക്കൊണ്ടിരിക്കെ
പെട്ടെന്നൊരു മൂടുപടം വിണ്ടുകീറി
മുഖത്തോടു മുഖം അവർ നിന്നു
അയാൾ ഒരു ദീർഘപ്രഭാഷണം ചെയ്തു
(അപ്പോൾ അയാളുടെ മനസ്സു വിപുലമാവുകയായിരുന്നു
ആത്മാവും)
മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ
അയാൾ മുന്നോട്ടു വച്ചു
-ദൈവം മറ്റെന്തോ ആലോചിച്ചുംകൊണ്ട് താടിയുഴിഞ്ഞു
ആദികാരണത്തെക്കുറിച്ച് അയാൾ അന്വേഷിച്ചു
-ദൈവം അനന്തതയിലേക്കു കണ്ണോടിച്ചു
അന്തിമകാരണത്തെക്കുറിച്ച് അയാൾ ചോദിച്ചു
-ദൈവം ഞൊട്ടയൊടിയ്ക്കുകയും
തൊണ്ട ശരിയാക്കുകയും ചെയ്തു
സ്പിനോസ നിശ്ശബ്ദനായപ്പോൾ
ദൈവം ഇങ്ങനെ പറഞ്ഞു
- നീയൊരു സംഭാഷണചതുരനാണു ബാരുച്
നിന്റെ ലത്തീന്റെ ജ്യാമിതി എനിക്കിഷ്ടപ്പെട്ടു
നിന്റെ പദഘടനയുടെ സ്ഫുടതയും
നിന്റെ വാദമുഖങ്ങളുടെ പൊരുത്തവും
ഇനി നമുക്ക്
സത്യത്തിൽ മഹത്വമുള്ള സംഗതികളെക്കുറിച്ചു
സംസാരിക്കാം
-നിന്റെ കൈകൾ നോക്കൂ
വിരണ്ടു വിറയ്ക്കുകയാണവ
-ഇരുട്ടത്തു തന്നെയിരുന്ന്
കണ്ണു കളയുകയാണു നീ
-നീ വേണ്ട പോലെ ഭക്ഷണം കഴിക്കുന്നില്ല
മാന്യമായി വസ്ത്രം ധരിക്കുന്നില്ല
-പുതിയൊരു വീടു വാങ്ങൂ
വെനീഷ്യൻ കണ്ണാടികൾ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ
അതു മാപ്പാക്കൂ
-തലയിൽ ചൂടിയ പൂക്കളെയും
കുടിയന്മാരുടെ പാട്ടുകളെയും സഹിച്ചുകൊടുക്കൂ
-വരുമാനം വേണ്ടവിധം നോക്കൂ
അതിൽ നിന്റെ സ്നേഹിതൻ ദെക്കാർത്തെയെ
കണ്ടു പഠിക്കൂ
-ഇറാസ്മസിനെപ്പോലെ
സൂത്രശാലിയാവൂ
-ഒരു പ്രബന്ധം
ലൂയി ക്വാട്രോസിനു സമർപ്പിച്ചേക്കൂ
അയാളതു വായിക്കില്ലെങ്കില്പ്പോലും
-യുക്തിയുടെ രോഷമൊന്നടക്കൂ
അതു സിംഹാസനങ്ങൾ തട്ടിയിടും
നക്ഷത്രങ്ങളെ കരി പിടിപ്പിക്കും
-ഒരു സ്ത്രീയെക്കുറിച്ചാലോചിക്കൂ
നിനക്കവൾ ഒരു കുട്ടിയെ നല്കിയെന്നുവരാം
-നോക്കൂ ബാരുച്
മഹത്തായ കാര്യങ്ങളെക്കുറിച്ചാണു
നാം സംസാരിക്കുന്നത്
-പഠിപ്പില്ലാത്തവരുടെയും മെരുക്കമില്ലാത്തവരുടെയും സ്നേഹമാണ്‌
എനിക്കു ഹിതം
യഥാർത്ഥത്തിൽ അവരാണ്‌
എനിക്കു വേണ്ടി ദാഹിക്കുന്നവർ
മൂടുപടം വീഴുന്നു
സ്പിനോസ ഒറ്റയ്ക്കാവുന്നു
അയാളുടെ മുന്നിൽ സുവർണ്ണമേഘങ്ങളില്ല
ഉയരങ്ങളിലെ വെളിച്ചമില്ല
അയാൾ കാണുന്നത് ഇരുട്ടു മാത്രം
കോണിപ്പടി ഞരങ്ങുന്നത് അയാൾ കേൾക്കുന്നു
കാലടികൾ ഇറങ്ങിപ്പോകുന്നതും



ബാരുച് സ്പിനോസ (1632-1677)- യൂക്ളിഡിന്റെ ജ്യാമിതീയരീതിയിൽ സ്വയംസിദ്ധമായ ഒരു പ്രത്യയത്തിൽ നിന്ന് അനുപ്രത്യയങ്ങൾ നിർദ്ധാരണം ചെയ്യുന്ന ദാർശനികരീതി ആവിഷ്കരിച്ച യഹൂദചിന്തകൻ; സാമ്പ്രദായികദൈവസങ്കല്പ്പത്തെ സംശയിച്ചതിനാൽ സമൂഹത്തിൽ നിന്നു ഭ്രഷ്ടനായി; കണ്ണടയ്ക്കുള്ള ലെൻസുകൾ ഉരച്ചുകൊടുത്തു ജീവിച്ചു.

Saturday, December 18, 2010

റൂമി - നിങ്ങളോട്


ഇരുലോകങ്ങളെ കീഴമർത്തിയ
രാജാധിരാജനാണു കാമുകൻ;
കാല്‍ച്ചുവട്ടില്‍ കിടക്കുന്നതിനെ
തൃക്കൺ പാർക്കാറില്ല ചക്രവർത്തിമാർ.


*


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


*


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ നിങ്ങൾ?


*


എത്ര നാളെടുക്കും നിങ്ങൾ,
ഞാനാരെന്നും
എന്റെ സ്ഥിതിയെന്തെന്നുമുള്ള
ചോദ്യങ്ങളിൽ നിന്നു
പുറത്തു കടക്കാൻ?


*


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


*


ജിവിതത്തിന്നിന്ദ്രജാലത്തിലെ
ആനന്ദപ്പറവ നിങ്ങൾ.
കഷ്ടമേ! തുടലിട്ടു പൂട്ടാൻ
കൂട്ടിലിട്ടടയ്ക്കാൻ
നിന്നുകൊടുത്തുവല്ലോ നിങ്ങൾ.


*


മനസ്സുകെട്ടു പോകരുതേ
പ്രണയം കൈവഴുതിപ്പോയാലും;
തേടിത്തേടി നടക്കൂ,
പൊരുതിക്കൈയടക്കൂ.


*


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


*


കടലുരുണ്ടുകൂടുമ്പോൾ
കാതിലതു കേൾക്കട്ടെ ഞാൻ;
എന്നുമല്ലെന്റെ നെഞ്ചിൽ
ആഞ്ഞതലയ്ക്കട്ടെ.


*


നിങ്ങളുടെ തന്നെ
നിത്യസന്ദർശകനാണോ നിങ്ങൾ?
തർക്കിക്കാൻ നില്ക്കേണ്ട,
യുക്തി കൊണ്ടുത്തരവും നല്കേണ്ട.
നാം മരിക്കട്ടെ,
ആ മരണം
നമുക്കൊരുത്തരവുമാകട്ടെ.


*


നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു ശമനൗഷധം.
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.
മറ്റൊരു മുഖമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.


*


ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-
രാത്മാവല്ലേ നിങ്ങൾ?
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-
തെന്തിണാണു നിങ്ങൾ?


Friday, December 17, 2010

റൂമി - രണ്ടു കടകൾക്കുടമ

 


ഒളിയ്ക്കാനൊരു മാളം നോക്കി
ലോകത്തോടി നടക്കേണ്ട.
ഏതു ഗുഹയിലുമുണ്ടൊരു കാട്ടുജന്തു!
എലികളോടൊത്താണു വാസമെങ്കിൽ
പൂച്ചയുടെ നഖങ്ങളവിടെത്തേടിയെത്തും.
ദൈവത്തോടൊത്തേകാന്തത്തിലിരിക്കുമ്പോഴേ
നിങ്ങൾക്കിളവു കിട്ടുന്നുള്ളു.
നിങ്ങൾ പുറപ്പെട്ടുപോന്നൊരിടമില്ലേ,
എവിടെയുമല്ലാത്തൊരിടം?
അവിടെപ്പോയി താമസമാക്കൂ,
ഇവിടത്തെ മേൽവിലാസം വിട്ടേക്കൂ.
നോക്കുമ്പോൾ കാണുന്നതു
രണ്ടാകുന്നതുമതിനാൽ.
ചിലനേരം നിങ്ങളൊരാളെ നോക്കുമ്പോൾ
നിങ്ങൾ കാണുന്നതൊരു വിഷമൂർഖനെ.
വേറൊരാൾ കാണുന്നതുറ്റ ചങ്ങാതിയെ.
രണ്ടാൾക്കും പിശകിയിട്ടുമില്ല!
പാതിയതും പാതി മറ്റേതുമാണാളുകൾ,
പുള്ളി കുത്തിയ കാളയെപ്പോലെ.
ജ്യേഷ്ടന്മാർക്കു വിരൂപനായിരുന്നു ജോസഫ്,
അവന്റെ പിതാവിനോ, അത്ര സുന്ദരനും.
നിങ്ങൾക്കുണ്ടല്ലോ
അതീതത്തിൽ നിന്നു കാണുന്ന കണ്ണുകൾ,
ദൂരമളക്കുന്ന കണ്ണുകൾ,
ആഴവുമുയരവുമറിയുന്ന കണ്ണുകൾ.
നിങ്ങൾ രണ്ടു കടകൾ തുറന്നു വച്ചിരിക്കുന്നു,
അങ്ങോട്ടുമിങ്ങോട്ടുമോട്ടവുമാണു നിങ്ങൾ.
കെണി പോലെ പേടിപ്പിക്കുന്ന കടയടയ്ക്കൂ,
വിൽക്കാൻ ചൂണ്ടയില്ലാത്ത കട തുറന്നു വയ്ക്കൂ.
നീന്തിക്കളിയ്ക്കുന്ന മീനല്ലേ നിങ്ങൾ!


Thursday, December 16, 2010

റൂമി - ബിസ്മി


പതുക്കെ നടക്കുക നിങ്ങൾക്കു ശീലം,
തീരാത്തൊരു വിരോധം
മനസ്സിൽ കൊണ്ടുനടക്കുന്നുമുണ്ട് നിങ്ങൾ.
ഇത്രയും കനപ്പെട്ടൊരാളെങ്ങനെയെളിമപ്പെടാൻ?
ഇത്രയും മാറാപ്പു പേറുന്നൊരാളെവിടെയെത്താൻ?

ഒരു രഹസ്യമറിയാനെങ്കിൽ
വായു പോലെ പരക്കുക.
ഇപ്പോൾ നിങ്ങൾ വെറും ചെളിയും വെള്ളവും,
പാതിയ്ക്കു പാതി.

എബ്രഹാമിനൊരിക്കൽ തിരിഞ്ഞു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
എവിടെപ്പോയസ്തമിക്കുന്നുവെന്ന്;
അതിൽപ്പിന്നെ എബ്രഹാം പറഞ്ഞു,
ദൈവത്തിനു പങ്കാളികളുണ്ടെന്ന്
താൻ വിശ്വസിക്കുന്നില്ലയെന്ന്.

നിങ്ങളാകെ ബലം കെട്ടവൻ.
ദൈവവരത്തിനു കീഴ്പ്പെടെന്നേ.
കരയെത്തും വരെ
ഓരോ തിരയെയും കാക്കുന്നില്ലേ വൻകടൽ?
തനിക്കു വേണമെന്നു നിങ്ങൾ കരുതുന്നതിനെക്കാൾ
തുണ വേണം നിങ്ങൾക്ക്.

ബിസ്മി ചൊല്ലിയിട്ടല്ലേ
ആടിനെയറുക്കുക?
പഴയ നിങ്ങൾക്കൊരു ബിസ്മി ചൊല്ലുക,
നീങ്ങളുടെയസ്സൽപ്പേരു പുറത്തുവരട്ടെ.


Tuesday, December 14, 2010

സ്ബിഗ്നിയെവ് ഹെർബർട്ട്-സ്വപ്നങ്ങളുടെ നിസ്സാരത


എത്ര നിസ്സാരമായിപ്പോയി നമ്മുടെ സ്വപ്നങ്ങൾ പോലും
എവിടെ നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും നിദ്രകളിലെ ഘോഷയാത്രകൾ
പക്ഷികളെപ്പോലെ ഉജ്ജ്വലവർണ്ണങ്ങളണിഞ്ഞും
അവയെപ്പോലെ മദിച്ചും
വെട്ടിത്തിളങ്ങുന്ന തൂക്കുവിളക്കുകൾക്കടിയിലൂടെ
കൊട്ടാരപ്പടവുകൾ കയറിപ്പോയിരുന്നുവല്ലോ അവർ
ഇന്നൊരൂന്നുവടി മാത്രം പരിചയമായ മുത്തശ്ശന്റെ അരയിൽ
ഒരു വെള്ളിവാൾ പറ്റിക്കിടന്നിരുന്നു
സ്നേഹം കിട്ടാത്ത മുത്തശ്ശി
അദ്ദേഹത്തിന്റെ ആദ്യകാമുകിയുടെ ഭാവം മുഖത്തു വരുത്താൻ
ദയവു കാണിക്കുകയും ചെയ്തു

ചുരുട്ടിന്റെ ധൂമപടലം പോലെയുള്ള മേഘങ്ങൾക്കുള്ളിൽ നിന്ന്
ഇശൈയാവ് അവരോടുദ്ഘോഷിച്ചിരുന്നു
തിരുവത്താഴത്തിന്റെ അപ്പം പോലെ വിളർത്ത തെരേസാപുണ്യവതി
വിറകിന്റെ കെട്ടുമായി നില്ക്കുന്നത് യഥാർത്ഥമായും അവർ കണ്ടിരുന്നു

താർത്താറുകളുടെ പറ്റം പോലെ പെരുത്തതായിരുന്നു അവരുടെ ഭീതി
സ്വർണ്ണവർഷം പോലെയായിരുന്നു സ്വപ്നത്തിൽ അവരുടെ ആഹ്ളാദം

എന്റെ സ്വപ്നമോ- വാതില്ക്കൽ മുട്ടു കേൾക്കുന്നു
കുളിമുറിയിൽ മുഖം വടിക്കുകയാണു ഞാൻ
ഞാൻ ചെന്നു വാതിൽ തുറക്കുന്നു
ഗ്യാസിന്റെയും കറണ്ടിന്റെയും ബില്ലുമായി ഒരാൾ
കൈയിൽ കാശില്ല
6350 എന്ന സംഖ്യയും ധ്യാനിച്ചുകൊണ്ട്
ഞാൻ കുളിമുറിയിലേക്കു മടങ്ങുന്നു
കണ്ണുയർത്തിനോക്കുമ്പോൾ കണ്ണാടിയിൽ കണ്ട മുഖം എത്ര യഥാർത്ഥം
ഞാൻ നിലവിളിച്ചുകൊണ്ടു ചാടിയെഴുന്നേല്ക്കുന്നു

ഒരാരാച്ചാരുടെ ചുവന്ന കുപ്പായം
ഒരു മഹാറാണിയുടെ രത്നഹാരം
ഒരിക്കലെങ്കിലും സ്വപ്നം കാണാനെനിക്കായെങ്കിൽ
സ്വപ്നങ്ങളോടെത്ര കടപ്പെട്ടവനായേനെ ഞാൻ


Monday, December 13, 2010

കാഫ്ക - ഫെലിസിനെഴുതിയത്



1913 ആഗസ്റ്റ് 12

എനിക്കു ഭീതി തോന്നുന്നു ഫെലിസ്, സ്വസ്ഥമായൊരു രാത്രിയ്ക്കു ശേഷം സുന്ദരമായൊരു പ്രഭാതത്തിൽ പ്രസന്നമായ ഒരു പകലിന്റെ പ്രതീക്ഷയും വച്ചുകൊണ്ടിരിക്കുന്ന നിന്റ കൈകളിലേക്ക് പാതാളത്തിൽ നിന്നുള്ള സന്ദേശങ്ങൾ പോലെ നാരകീയമായ എന്റെ കത്തുകൾ വന്നുചേരുന്നതു മനസ്സിൽ കാണുമ്പോൾ. പക്ഷേ ഞാനെന്തു ചെയ്യാൻ, ഫെലിസ്? നീ ഒടുവിലയച്ച കത്തുകളിലും പോസ്റ്റുകാർഡുകളിലും നിനക്കെന്നോടുള്ള സാമീപ്യം, നിന്റെ സഹായം, നിന്റെ ദൃഢനിശ്ചയം ഇതൊന്നും ഞാൻ കാണുന്നില്ലല്ലോ; അതിനെക്കുറിച്ചൊരു തീർച്ചയില്ലാതെ എനിക്കു നിന്റെ അച്ഛനമ്മമാരുമായി ബന്ധപ്പെടാനും കഴിയില്ല; കാരണം എനിക്കു ജനങ്ങളുമായി യഥാർത്ഥത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കണമെങ്കിൽ അതു നീയൊരാൾ വഴി തന്നെ വേണം; ഭാവിയിലും നീ തന്നെയായിരിക്കും ആ ബന്ധം സ്ഥാപിച്ചെടുക്കേണ്ടയാൾ. അതിനാൽ ഇന്നലത്തെ കത്തിന്‌ നിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണു ഞാൻ. നിനക്കെന്റെ അവസ്ഥ മനസ്സിലാകുന്നില്ലേ, ഫെലിസ്? ഞാനേല്പിക്കുന്ന യാതനയെക്കാൾ എത്രയോ വലുതാണ്‌ ഞാൻ സ്വയമനുഭവിക്കുന്ന യാതന- അതുകൊണ്ടു പക്ഷേ, അതത്ര വലിയ കാര്യമാണെങ്കിൽത്തന്നെ, ഞാനൊരുതരത്തിലും കുറ്റവിമുക്തനാവാനും പോകുന്നില്ല.

1913 ആഗസ്റ്റ് 20

നോക്കൂ ഫെലിസ്, നിനക്കെന്നെക്കുറിച്ചു വേണ്ടത്ര ആലോചനയില്ലെന്നു പറഞ്ഞു ഞാൻ നീരസപ്പെട്ടത് എത്ര ശരിയായി. അതോ അപായത്തിലേക്കിറങ്ങിപ്പോകുന്ന നേരത്ത് നിന്റെ മനസ്സിൽ ഞാനായിരുന്നുവോ? അല്ല, നിന്റെ മനസ്സിൽ ഞാൻ വരാൻ ഒരു വഴിയുമില്ല. നിനക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ? ഇപ്പോഴും നിന്റെ ചങ്കിടിപ്പു മാറിയിട്ടില്ലെന്നോ! വേണ്ട ഫെലിസ്, ഇക്കാര്യത്തിൽ നീ എന്നെപ്പോലെയാകുന്നത് എനിക്കിഷ്ടമല്ല. എന്റെ തളർന്ന ഞരമ്പുകൾക്കാവതുള്ള വഴിയിലൂടെ എന്റെ ഹൃദയം യാത്ര പോകട്ടെ; പക്ഷേ നിന്റെ ഹൃദയം അതിന്റെ സ്വാഭാവികവും പ്രശാന്തവുമായ മാർഗ്ഗത്തിലൂടെതന്നെ മുന്നോട്ടു പോകണം. ഒരു മാനസികാഘാതം കാരണമായി തൊണ്ടവേദന വരുമോ? ആ ഭാഗം എനിക്കു വ്യക്തമായില്ല. നീ ഡോക്ടറെ കണ്ടുവോ? പറയൂ ഫെലിസ്, എന്നെ കണ്ടുമുട്ടുന്നതിനു മുമ്പ് ഇതിലധികം പ്രതിരോധശേഷി നിനക്കുണ്ടായിരുന്നതല്ലേ? ആ തിരകളെക്കാളൊക്കെ അപരാധിയായതു ഞാൻ തന്നെയല്ലേ? കഴിഞ്ഞ അരക്കൊല്ലത്തിനിടെ ഞാൻ സ്വയമേല്പിച്ച പീഡനത്തിന്റെ പകുതിയേ ഞാൻ നിനക്കേല്പിച്ചിട്ടുള്ളുവെങ്കിൽക്കൂടി- അതിന്റെ ഫലമായിട്ടെന്താ, ഭാവിയിൽ എന്നെക്കാളേറെ നിന്നെ ഭീതിപ്പെടുത്താനായി എന്റെ മുടി നാൾക്കുനാൾ നരച്ചുവെളുക്കുകയാണ്‌. ഒരിക്കൽ നീയെഴുതിയിരുന്നല്ലോ, കഷണ്ടിക്കാരനായ ഒരാൾ കല്യാണമാലോചിക്കാൻ വരുന്നതു നിനക്കു പേടിയാണെന്ന്; ഇന്നിതാ, മിക്കവാറും നരച്ച ഒരുത്തൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്നു.
ഇന്നത്തെ കത്ത് ഒരു കാര്യം എന്നെ ഓർമ്മിപ്പിക്കുന്നു, ഒരു സംഗതിയിലെങ്കിലും വിരുദ്ധധ്രുവങ്ങളിലാണു നാമെന്ന്. സംഭാഷണം നിനക്കു രസിക്കും, നിനക്കതു വളരെ ആവശ്യവുമാണ്‌; നിനക്കു ചേർന്നതു മനുഷ്യരുമായി നേരിട്ടുള്ള ഇടപഴകലാണ്‌; എഴുത്ത് നിന്നെ കുഴക്കുന്നു; വികലമായ ഒരു പകരം വയ്ക്കൽ മാത്രമാണു നിനക്കത്, പലപ്പോഴും അതുപോലുമല്ല; നീ മറുപടി അയക്കാത്ത എത്രയോ കത്തുകളുണ്ടായിരുന്നു; നിന്റെ കാരുണ്യവും സന്മനസ്സും ഓർക്കുമ്പോൾ ഒരു കാരണമേ അതിനുള്ളു- നിന്റെ പ്രകൃതത്തിനു ചേരാത്തതാണ്‌ എഴുതുക എന്നത്; അതേ സമയം ഏതിനെക്കുറിച്ചും സ്വന്തം അഭിപ്രായം പറഞ്ഞു വ്യക്തമാക്കാനാണെങ്കിൽ നിനക്കതു സമ്മതവുമായിരിക്കും.
എന്റെ കാര്യത്തിൽ നേരേ മറിച്ചാണത്. സംസാരം എന്റെ പ്രകൃതത്തിനു തീരെ ചേർന്നതല്ല. ഞാൻ എന്തു പറഞ്ഞാലും തെറ്റിപ്പോകുന്നു, എന്റെ നോട്ടത്തിൽ. പറയുമ്പോൾ പറയുന്നതിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെട്ടുപോവുകയാണ്‌ എന്റെ കാര്യത്തിൽ. അതങ്ങനെയാവാതെ വഴിയില്ല എന്നാണ്‌ എന്റെ തോന്നലും; കാരണം, ഒരായിരം ബാഹ്യഘടകങ്ങൾക്കും ബാഹ്യമായ നിയന്ത്രണങ്ങൾക്കും നിരന്തരം വിധേയമാകേണ്ടതാണ്‌ വാക്ക്. അങ്ങനെ ഞാൻ നിശ്ശബ്ദനാകുന്നു, അതങ്ങനെയായേ പറ്റൂ എന്നതിനാൽ മാത്രമല്ല, ആ ബോധ്യം എനിക്കുള്ളതിനാലും. ആത്മപ്രകാശത്തിന്‌ എനിക്കു പറഞ്ഞിട്ടുള്ള ഉപാധി എഴുത്തൊന്നു മാത്രമാണ്‌; നമ്മളൊരുമിച്ചുള്ള കാലത്തായാൽപ്പോലും അതങ്ങനെ തുടരുകയും ചെയ്യും. പ്രകൃതം കൊണ്ടുതന്നെ പറയാനും കേൾക്കാനും വിധേയയായ നിന്നെപ്പോലൊരാൾക്ക് ഞാനെഴുതുന്നത്- അതിലെനിക്കാവുന്നത് എത്രയെങ്കിലുമാവട്ടെ- എന്റെ മുഖ്യമായ, ആകെയുള്ള സംഭാഷണരൂപമായാൽ നിനക്കതു പര്യാപ്തമാവുമോ (അതു സംബോധന ചെയ്യുന്നത് മറ്റാരെയുമല്ല, നിന്നെയാണെന്നു വന്നാൽക്കൂടി)?
ഫ്രാൻസ്

നെരൂദ - അലസതയ്ക്കൊരു സ്തുതിഗീതം

image




ഇന്നലെയെനിയ്ക്കു തോന്നിപ്പോയി
എന്റെ കവിത മുളയെടുക്കാൻ പോകുന്നില്ലെന്ന്.
ഓരിലയെങ്കിലും
നീട്ടേണ്ടതല്ലേയത്?
ഞാൻ മണ്ണു മാന്തി:
“പുറത്തേയ്ക്കു വന്നാട്ടെ,
കവിതപ്പെങ്ങളേ,”
ഞാൻ പറഞ്ഞു,
“നിന്നെ സൃഷ്ടിച്ചേക്കാമെന്നു ഞാൻ
വാക്കു കൊടുത്തുപോയല്ലോ.
എന്നെ പേടിക്കുകയൊന്നും വേണ്ട നീ,
നിന്റെ നാലിലകളിൽ,
നാലു കാലുകളിൽ
ഞാൻ കയറിച്ചവിട്ടുകയൊന്നുമില്ല.
വാ, നമുക്കൊരുമിച്ചു ചായ കഴിക്കാം,
സൈക്കിളുമെടുത്തു കടപ്പുറത്തു പോകാം.”
പറഞ്ഞതൊക്കെ വെറുതെയായി.

അപ്പോഴല്ലേ,
പൈന്മരങ്ങൾക്കിടയിൽ
സുന്ദരിയായ അലസതയെ
നഗ്നയായി ഞാൻ കാണുന്നു.
കണ്ണു മിഴിച്ചും വാ പൊളിച്ചും നിന്ന എന്നെ
അവൾ കൈ പിടിച്ചു കൊണ്ടുപോയി.
അവളെനിക്കു കാട്ടിത്തന്നു
പൂഴിമണ്ണിൽ ചിതറിയ കടൽപ്പണ്ടങ്ങൾ,
കാണ്ടാമരങ്ങൾ, കടൽപ്പായൽ, കല്ലുകൾ,
കടൽപ്പക്ഷികളുടെ തൂവലുകൾ.
തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ലെനിക്ക്
മഞ്ഞിച്ച വൈഡൂര്യങ്ങൾ.
തിരകളുടെ സ്തംഭങ്ങളിടിച്ചിട്ടും,
എന്റെ പെറ്റനാടിന്റെ തീരങ്ങൾ കവർന്നും,
അപായങ്ങളുടെ നുരയും പതയും
നിരന്തരമയച്ചും
കടലുരുണ്ടുകൂടി.
ഒരേകാന്തപുഷ്പത്തിന്റെ പ്രകാശനാളം
പൂഴിയിൽ.
വെള്ളിൽക്കിളികൾ യാത്ര പോകുന്നതു
ഞാൻ കണ്ടു,
കറുകറുത്ത കുരിശുകൾ പോലെ
പാറയിൽ പറ്റിയിരിക്കുന്ന
നീർക്കാക്കകളെ ഞാൻ കണ്ടു.
ഒരു ചിലന്തിവലയുടെ പ്രാണവേദനയിൽ നിന്ന്
ഒരു തേനീച്ചയെ ഞാൻ മോചിപ്പിച്ചു,
കീശയിൽ ഞാനൊരു
വെള്ളാരങ്കല്ലെടുത്തിട്ടു,
മിനുസമായിരുന്നുവത്,
ഒരു കിളിയുടെ മാർവിടം പോലെ മിനുസം.
തീരത്തീനേരം
സന്ധ്യ മുഴുവൻ തമ്മിൽപ്പോരായിരുന്നു
വെയിലും മൂടൽമഞ്ഞും.
ചിലനേരം മഞ്ഞു തിളങ്ങി
പുഷ്യരാഗത്തിന്റെ ദീപ്തിയിൽ,
ചിലനേരത്തു സൂര്യനയച്ചു
മഞ്ഞപ്പു തുള്ളിയിറ്റുന്ന രശ്മികൾ.

അന്നു രാത്രിയിൽ,
പിടി തരാതെ പോയ കവിതയുടെ കടമയുമോർത്ത്
തീയ്ക്കരികെയിരുന്നു ചെരുപ്പൂരുമ്പോൾ
മണൽത്തരികൾ അതില്‍ നിന്നു ചൊരിഞ്ഞുവീണു,
പിന്നെ വേഗം ഞാനുറക്കവുമായി.

Thursday, December 9, 2010

റൂമി - മുടന്തനാട്


എന്റെ നാവു കൊണ്ടു സംസാരിക്കുന്നതാര്‌?


പകലു മുഴുവൻ ഞാനോർത്തിരിക്കും,
രാത്രിയിലൊക്കെ ഞാൻ വാക്കുകളാക്കും;
എവിടുന്നു വന്നു ഞാൻ?
എനിക്കെന്തു നിയോഗമിവിടെ?
ഒരൂഹവുമില്ലെനിക്ക്.
പരദേശിയാണെന്റെയാത്മാവ്,
അതിൽ സംശയവുമില്ലെനിക്ക്,
മടങ്ങാനുള്ളവനാണവനെന്നു
മനസ്സിൽ കണ്ടിട്ടുമുണ്ടു ഞാൻ.

എനിക്കീ മത്തു പിടിച്ചതു
മറ്റേതോ മദ്യശാലയിൽ വച്ചാവണം;
അവിടെയ്ക്കു മടങ്ങിയാൽ
ഈ കട്ടു വിടുമെന്നതും കട്ടായം.

ഒരു ദേശാടനപ്പക്ഷിയായിരുന്നു ഞാൻ,
ഇന്നീ കൂട്ടിലിരുന്നു വിചാരം കൊള്ളുന്നു ഞാൻ.
എന്റെ കൂടു തുറക്കുന്ന നാൾ
സ്വപ്നം കണ്ടിരിക്കുന്നു ഞാൻ.
എന്റെ കാതിലിരുന്നെന്റെ പാട്ടു കേൾക്കുന്നതാര്‌?
എന്റെ നാവു കൊണ്ടു സംസാരിക്കുന്നതുമാര്‌?

എന്റെ കണ്ണുകൾ കൊണ്ടു പുറത്തേക്കു നോക്കുന്നതാര്‌?
ആത്മാവെന്ന സംഗതിയേതു മാതിരി?
ഇതിനൊരുത്തരമൊരുതുള്ളി രുചിക്കാനായാൽ
ഈ തുറുങ്കു പൊട്ടിച്ചു ഞാനിറങ്ങും.
ഞാനായിട്ടല്ല ഞാനിവിടെയ്ക്കു വന്നത്,
ഞാനായിട്ടു മടങ്ങാനുമാവില്ലെനിക്ക്.
ഇവിടെയെന്നെയെത്തിച്ചവർ തന്നെ
ഇവിടുന്നിറക്കുകയും വേണമെന്നെ.

ഈ കവിതയോ?
എന്റെ ഹിതപ്പടിയല്ലിത്,
എന്റെ കൈയോടിയതില്ലിത്.
ഇതു ചൊല്ലിക്കഴിഞ്ഞാൽപ്പിന്നെ
മനസ്സൊരുവിധം സ്വസ്ഥമാകും,
പിന്നങ്ങനെ വായ തുറക്കാറുമില്ല ഞാൻ.



മുടന്തനാട്

ആട്ടിൻപറ്റത്തെ കണ്ടിട്ടില്ലേ,
വെള്ളം കുടിയ്ക്കാൻ പോകുന്ന പോക്കിൽ?
പിന്നാലെ താങ്ങിത്തുങ്ങി നടക്കുന്നത്
ഒരു മുടന്തനാട്,
സ്വപ്നജീവിയുമാണവൻ.

മറ്റാടുകളുടെ മുഖം നോക്കൂ,
തങ്ങളുടെ സഹജീവിയെച്ചൊല്ലി
വ്യാകുലരാണവർ.

മടക്കത്തിലവരെ കണ്ടിട്ടുണ്ടോ?
ചിരിയും കളിയുമാണവർ.
അവരെ നയിക്കുന്നതു
മുടന്തനാടും.

അറിവിനു വഴികൾ പലതുണ്ട്.
മുടന്തനാടിന്റെ വഴിയെന്നാൽ
സാന്നിദ്ധ്യത്തിന്റെ വേരിലേക്കു കുനിയുന്ന
ചില്ല പോലെ.

മുടന്തനാടിനെക്കണ്ടു പഠിക്കൂ,
ആലയിലേക്കു കൂട്ടത്തെ നയിക്കൂ.


Tuesday, December 7, 2010

വാസ്കോ പോപ്പ - കവിതകള്‍


അഭിമാനിയായ ഒരു പിശക്


ഒരിക്കൽ ഒരിടത്ത് ഒരു പിശകുണ്ടായിരുന്നു
അത്ര നിസ്സാരം അത്ര ചെറുതും
ആരുടെയും ശ്രദ്ധയിൽപ്പെടുക പോലുമില്ലത്

താൻ കാഴ്ചയിൽ വരുന്നതും കാതില്പ്പെടുന്നതും
അതിനു സഹിച്ചില്ല

പലേ ഉപായങ്ങളും അതു കണ്ടുപിടിച്ചു
താനെന്നൊന്നില്ലെന്നു
തെളിയിക്കാൻ മാത്രമായി

അതു സ്ഥലം കണ്ടുപിടിച്ചു
തന്റെ തെളിവുകൾ എടുത്തുവയ്ക്കാനായി
അതു കാലം കണ്ടുപിടിച്ചു
തന്റെ തെളിവുകൾ ഇട്ടുവയ്ക്കാനായി
തന്റെ തെളിവുകൾ കാണാനായി ലോകവും

അതു കണ്ടുപിടിച്ചതൊന്നും
അത്ര നിസ്സാരമായിരുന്നില്ല
ചെറുതുമായിരുന്നില്ല
ഒക്കെപ്പക്ഷേ പിശകുമായിരുന്നു

മറ്റൊരു വിധമായിരുന്നെങ്കിൽ


കളി കഴിഞ്ഞിട്ട്


ഒടുവിൽ കൈകൾ വയറ്റിലള്ളിപ്പിടിയ്ക്കുന്നു
ചിരിച്ചു വശംകെട്ടു വയറു പൊട്ടിപ്പോയാലോ
പക്ഷേ വയറു കാണാനില്ല

ഒരു കൈ എങ്ങനെയോ തനിയേ പൊങ്ങുന്നു
നെറ്റിയിലെ വിയർപ്പു തുടയ്ക്കാനായി
നെറ്റിയും കാണാനില്ല

മറ്റേ കൈ നെഞ്ചത്തടുക്കിപ്പിടിയ്ക്കുന്നു
ഹൃദയം നെഞ്ചിനുള്ളിൽ നിന്നു പുറത്തു ചാടിയാലോ
ഹൃദയവും കാണാനില്ല

രണ്ടു കൈകളും താഴുന്നു
മടിയിലേക്കു കുഴഞ്ഞുവീഴുന്നു
മടിയും കാണാനില്ല

ഒരു കൈയിൽ നിന്നിതാ മഴ പെയ്യുന്നു
മറ്റേതിൽ നിന്നു പുല്ലു പൊടിയ്ക്കുന്നു
ഇതിലധികം ഞാനെന്തു പറയാൻ


Monday, December 6, 2010

ബോര്‍ഹസ് - ഡേലിയ എലിനാ സാൻ മാർക്കോ






പ്ളാസാ ഡെൽ ഓൺസേയിലെ തിരിവുകളിലൊന്നിൽ വച്ച് ഞങ്ങൾ പരസ്പരം വിട പറഞ്ഞു.
തെരുവിന്റെ മറ്റേവശത്തെ നടപ്പാതയിൽ വച്ച് ഞാൻ തിരിഞ്ഞു നോക്കി; നീയും തിരിഞ്ഞുനിന്നിരുന്നു, നീ കൈ വീശി യാത്ര പറയുകയും ചെയ്തു.
വാഹനങ്ങളുടെയും ജനങ്ങളുടെയും ഒരു നദി നമുക്കിടയിലൂടൊഴുകിപ്പോയി; ഇന്നതെന്നില്ലാത്ത ഒരു വൈകുന്നേരം അഞ്ചു മണിയായിരുന്നു സമയം. ആ നദി ദാരുണമായ ആക്കെറോൺ ആയിരുന്നുവെന്നും, ഒരാളും രണ്ടുതവണ കടക്കരുതാത്തതാണതെന്നും ഞാനെങ്ങനെ അറിയാൻ?
പിന്നെ നമ്മൾ പരസ്പരം കാഴ്ചയിൽ നിന്നു മറഞ്ഞു; ഒരു വർഷത്തിനു ശേഷം നീ മരിക്കുകയും ചെയ്തു.
ഇന്ന് ആ ഓർമ്മയെ കണ്ടെടുത്ത് അതിൽ കണ്ണു പായിക്കുമ്പോൾ ഞാൻ ചിന്തിച്ചുപോകുന്നു, അത് അയാഥാർത്ഥമായിരുന്നുവെന്ന്; നിസ്സാരമായ ഒരു വിട പറയലിനടിയിൽ അനന്തമായ ഒരു വേർപെടൽ കിടപ്പുണ്ടായിരുന്നുവെന്ന്.
ഇന്നലെ രാത്രിയിൽ ഞാൻ അത്താഴത്തിനു പുറത്തു പോയില്ല. ഈവക സംഗതികൾ ഒന്നു തെളിഞ്ഞുകിട്ടുന്നതിനായി പ്ളേറ്റോ തന്റെ ഗുരുവിനെക്കൊണ്ടു നല്കിയ ആ അന്ത്യോപദേശം ഞാൻ ഒരാവൃത്തി കൂടി വായിച്ചുനോക്കി. ഉടലു വീഴുമ്പോൾ ആത്മാവു പലായനം ചെയ്യുന്നു എന്നു ഞാൻ കണ്ടു.
ഇന്നെനിക്കു നിശ്ചയമില്ലാതായിരിക്കുന്നു, ഏതാണു സത്യമെന്ന്, ഇപ്പറഞ്ഞ അശുഭവ്യാഖ്യാനമോ അതോ സരളമായ ആ യാത്രപറയലോ?
എന്തെന്നാൽ, ആത്മാവിനു മരണമില്ലെന്നാണെങ്കിൽ യാത്രപറയലുകൾക്കു നാം പ്രാധാന്യം കല്പ്പിക്കാത്തതിൽ ശരികേടൊന്നുമില്ല.
വിട പറയുക എന്നാൽ വേർപാടിനെ നിരാകരിക്കുക എന്നുതന്നെ; സ്വന്തം വഴിക്കു പിരിഞ്ഞുപോകുന്നതായി ഇന്നു നമുക്കൊരു കളി കളിയ്ക്കാം, നാളെ പക്ഷേ നമ്മൾ പരസ്പരം കാണുകയും ചെയ്യും എന്നു പറയുന്നപോലെയേയുള്ളു അത്. മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം.
ഇനിയൊരു ദിവസം അനിശ്ചിത്വം നിറഞ്ഞ ഈ സംഭാഷണം വീണ്ടും നാം തുടരും, ഡേലിയാ - ഏതു നദിക്കരയിൽ വച്ചാണാവോ? - നാം നമ്മോടു തന്നെ ചോദിക്കുകയും ചെയ്യും, സമതലത്തിൽ കാണാതായിപ്പോയ ഒരു നഗരത്തിലുണ്ടായിരുന്ന ബോർഹസും  ഡേലിയായുമാണോ നമ്മളെന്നും.


പ്ളാസാ ഡെൽ ഓൺസേ- ബ്യൂണേഴ്സ് അയഴ്സിലെ ഒരു ചത്വരം
ആക്കെറോൺ-ഗ്രീക്ക് പുരാണപ്രകാരം പാതാളത്തിലൊഴുകുന്ന വേദനയുടെ നദി

link to image

Sunday, December 5, 2010

ബോര്‍ഹസ്–പറുദീസാ XXXI, 108

File:Turiner Grabtuch Gesicht negativ klein.jpg


കൊത്തിനുറുക്കി ഭൂമിയിലെമ്പാടും വിതറിയിട്ടിരിക്കുന്ന ഒരു ദൈവത്തിന്‍റെ കഥ ദിയോദോറാസ്‌ പറയുന്നുണ്ട്. സന്ധ്യവെളിച്ചത്തില്‍ നടക്കുമ്പോഴോ, നമ്മുടെതന്നെ ഭൂതകാലത്തില്‍ നിന്നൊരു ദിവസം ഓര്‍മ്മിച്ചെടുക്കുംപോഴോ അനന്തമായതെന്തോ നമുക്കു നഷ്ടപ്പെട്ടുപോയതായ തോന്നലുണ്ടാകാത്തതായി നമ്മില്‍ ആരു കാണും?

മനുഷ്യരാശിക്ക് ഒരു മുഖം നഷ്ടമായിരിക്കുന്നു, വീണ്ടെടുക്കാനാവാത്തൊരു മുഖം; എല്ലാ മനുഷ്യര്‍ക്കുമാഗ്രഹമുണ്ട്, റോമിലേക്കു യാത്ര പോയി വിശുദ്ധവെറോണിക്കയുടെ മൂടുപടം ദര്‍ശിക്കുകയും ‘എന്റെ കര്‍ത്താവായ ക്രിസ്തുയേശുവേ, സത്യമായ ദൈവമേ, ഈ വരഞ്ഞിട്ടിരിക്കുന്നത് തന്നെയോ നിന്റെ പ്രതിരൂപം?‘ എന്നു വിശ്വാസപൂര്‍വം മന്ത്രിക്കുകയും ചെയ്യുന്ന ആ തീര്‍ഥാടകനാവാന്‍.

ഒരു പാതയരികില്‍ കല്ലില്‍ കൊത്തിയൊരു മുഖം കാണാം; ഇങ്ങനെയൊരു ലിഖിതവും : ഹൈനിലെ ക്രിസ്തുവിന്റെ തിരുമുഖം . ആ മുഖം ഏതുവിധമിരുന്നു എന്നത് യഥാര്‍ത്ഥമായി നമുക്കറിയാനായാല്‍ സദൃശവാക്യങ്ങളുടെ പൊരുള്‍ നമുക്കു തെളിഞ്ഞുകിട്ടും; തച്ചന്റെ മകന്‍ തന്നെയോ ദൈവത്തിന്‍റെ മകനായതെന്നു നാമറിയുകയും ചെയ്യും.

പൌലോസ് ആ മുഖം കണ്ടത്‌ തന്നെ നിലത്തേക്കു ചുഴറ്റിയെറിഞ്ഞ മിന്നല്‍പ്പിണറായിട്ടായിരുന്നു; യോഹന്നാനാവട്ടെ, പ്രതാപിയായെരിയുന്ന സൂര്യനായും. സ്വച്ഛപ്രകാശത്തില്‍ കുളിച്ച ആ മുഖം തെരേസാപുണ്യവതി എത്രതവണ ദര്‍ശിച്ചിരിക്കുന്നു, അതിന്റെ കണ്ണുകളുടെ നിറമെന്തായിരുന്നുവെന്ന്‍ തീര്‍ച്ചവന്നിട്ടില്ലെങ്കിലും .

ആ മുഖലക്ഷണങ്ങള്‍ നമുക്കു നഷ്ടമായിപ്പോയി, സാമ്പ്രദായികമായ അക്കങ്ങള്‍ കൊണ്ടു സൃഷ്ടിച്ച ഒരു മാന്ത്രികസംഖ്യ നഷ്ടപ്പെട്ടുപോകുന്നതുപോലെ, കാലിഡോസ്കൊപ്പിലെ ഒരു ചിത്രരൂപം കൈവിട്ടുപോകുന്നപോലെ.  കണ്ണിലേക്കെത്തുന്നുവെങ്കിലും ഗ്രഹിക്കാനാവുന്നില്ല നമുക്കവ. തെരുവില്‍ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകള്‍ പണ്ടൊരു നാള്‍ ഭടന്മാര്‍ കുരിശിനോടു ചേര്‍ത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.

ഓരോ കണ്ണാടിയിലും തങ്ങിനില്‍ക്കുന്നുണ്ടാവും ക്രൂശിതമുഖത്തിന്റെ ഏതോ ലക്ഷണങ്ങള്‍; ആ മുഖം മരിച്ചതും മാഞ്ഞുപോയതും എല്ലാ മുഖങ്ങളും ദൈവത്തിന്‍റെതാവട്ടെ എന്നുള്ളതിനാലുമാവണം.

ഇന്നു രാത്രിയില്‍ നമ്മുടെ സ്വപ്നത്തിന്റെ വിഷമദുര്‍ഗ്ഗങ്ങളില്‍ നാമതിനെ കാണുകയില്ലെന്നാരു കണ്ടു, നാമതിനെ കണ്ടുവെന്ന് നാളെ നമുക്കറിവുണ്ടാവില്ലെന്നും?



ബോര്‍ഹസ് - ബോർഹസും ഞാനും


ബോർഹസ് എന്ന മറ്റേയാളുടെ പേരിലാണു കാര്യങ്ങൾ നടക്കുന്നത്. ബ്യൂണേഴ്സ് അയേഴ്സിലെ തെരുവുകളിലൂടെ -ശീലം കൊണ്ടാവാം-  പഴയ ചില വളച്ചുവാതിലുകളും അഴിയിട്ട ചില കവാടങ്ങളും സൂക്ഷിച്ചൊന്നു നോക്കാൻ വേണ്ടി ഇടയ്ക്കൊക്കെയൊന്നു നിന്നുകൊണ്ട് നടന്നു പോവുകയാണു ഞാൻ. ബോർഹസിന്റെ വിശേഷങ്ങൾ കത്തുകൾ വഴി ഞാനറിയുന്നുണ്ട്; പ്രൊഫസർമാരുടെ ഏതോ കമ്മിറ്റിയിലോ, ഒരു ജീവചരിത്രനിഘണ്ടുവിലോ അയാളുടെ പേരു പരാമർശിച്ചിരിക്കുന്നതായി കണ്ണിൽപ്പെടുന്നുമുണ്ട്. പഴയമട്ടിലുള്ള നാഴികവട്ടകൾ, ഭൂപടങ്ങൾ, പതിനെട്ടാം നൂറ്റാണ്ടിലെ അച്ചുകൾ, വാക്കുകളുടെ വ്യുത്പത്തി, കാപ്പിയുടെ സുഗന്ധം, സ്റ്റീവൻസന്റെ ഗദ്യരചന ഇതൊക്കെയാണ്‌ എന്റെ താത്പര്യങ്ങൾ. ഇതേ താത്പര്യങ്ങൾ ബോർഹസും പങ്കുവയ്ക്കുന്നുണ്ട്; പക്ഷേ അതിന്റെ പ്രകടനപരത ഒരു നാടകനടന്റെ ചേഷ്ടകളായി അവയെ മാറ്റുന്നുവെന്നേയുള്ളു. ഞങ്ങൾ തമ്മിൽ വിരോധത്തിലാണെന്നു പറഞ്ഞാൽ അതൊരതിശയോക്തിയായിപ്പോവും; ബോർഹസിനു സാഹിത്യമെഴുതിവിടാൻ വേണ്ടി ഞാൻ ജീവിക്കുന്നു, ജീവൻ വെടിയാതെ നില്ക്കുന്നു എന്നു പറയാം; ആ സാഹിത്യം തന്നെയാണ്‌ എനിക്കുള്ള ന്യായീകരണവും. കൊള്ളാവുന്ന ചില താളുകൾ അയാൾ എഴുതിയിട്ടുണ്ടെന്നു സമ്മതിക്കുന്നതിൽ എനിക്കൊരു മടിയുമില്ല; പക്ഷേ ആ താളുകൾ എന്നെ രക്ഷപെടുത്താൻ പോകുന്നില്ല; അതിനു കാരണം നല്ലതൊന്നും ആരുടേതുമല്ലെന്നതാവാം; മറ്റേയാൾക്കു പോലുമല്ല, ഭാഷയ്ക്കോ, പാരമ്പര്യത്തിനോ അവകാശപ്പെട്ടതാണവ. എന്നെന്നേക്കുമായി വിസ്മൃതിയില്പ്പെട്ടുപോകാനാണ്‌ എന്റെ വിധി; എന്റേതായ ഏതോ ചില ക്ഷണികനിമിഷങ്ങൾ മറ്റേയാളിൽ ബാക്കി നിന്നാലായി. പടിപടിയായി ഞാൻ സകലതും അയാൾക്കടിയറ വച്ചു വരികയാണ്‌, സകലതിനെയും വക്രീകരിക്കാനും, പെരുപ്പിച്ചുകാട്ടാനുമുള്ള അയാളുടെ സ്വഭാവവൈകൃതത്തെക്കുറിച്ച് എനിക്കു നന്നായിട്ടറിയാമെങ്കില്ക്കൂടി. സർവതും സ്വപ്രകൃതി സൂക്ഷിക്കുന്നുവെന്നായിരുന്നു സ്പിനോസായുടെ മതം- കല്ലിനെന്നും കല്ലായിട്ടിരുന്നാൽ മതി, വ്യാഘ്രത്തിനു വ്യാഘ്രമായും. ഞാൻ ബോർഹസിൽ ശേഷിക്കും, എന്നിലല്ല ( ഞാനാരെങ്കിലുമാണെന്നുണ്ടെങ്കിൽ); പക്ഷേ ഈയിടെയായി ഞാനെന്നെ കണ്ടെടുക്കുന്നത് അയാളെഴുതിയവയിലല്ല, അന്യരെഴുതിയവയിലാണ്‌, അല്ലെങ്കിൽ വിലക്ഷണമായ ഒരു ഗിത്താർവായനയിലാണ്‌. അയാളുടെ പിടിയിൽ നിന്നു കുതറിമാറാൻ വർഷങ്ങൾക്കു മുമ്പ് ഞാനൊന്നു ശ്രമിച്ചുനോക്കിയിരുന്നു; നഗരപ്രാന്തങ്ങളെയും ചേരികളെയും കുറിച്ചുള്ള പുരാണങ്ങളുപേക്ഷിച്ച് കാലവും അനന്തതയും വച്ചുള്ള ചതുരംഗം കളികളിലേക്കു ഞാൻ നീങ്ങി. ആ കളികളും പക്ഷേ, ബോർഹസിന്റെ കണക്കിലാണിപ്പോൾ; എനിക്കു വേറെന്തെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ എന്റെ ജീവിതം ഒരു പലായനമായിരിക്കുന്നു; എല്ലാം എനിക്കു നഷ്ടപ്പെടുകയാണ്‌; എല്ലാം വിസ്മൃതിയിലേക്കു പോകുന്നു, അല്ലെങ്കിൽ മറ്റേയാൾക്കു പോകുന്നു.

ഞങ്ങളിൽ ആരാണ്‌ ഈയൊരു പുറമെഴുതിയതെന്നതും എനിക്കു നല്ല നിശ്ചയമല്ല.

(1956)


റൂമി-ഭയത്തിന്റെ സാദ്ധ്യതകൾ

 


എള്ളിൽ നിന്നെണ്ണ പോരട്ടേയെന്നു വച്ചിട്ടല്ല
ചക്കാലന്റെ കാള തിരിയുന്നത്;
പുറത്തു വീഴുന്ന ചാട്ടയിൽ നിന്നോടിമാറുകയാണവൻ.

അതേ കാരണം കൊണ്ടുതന്നെ
വണ്ടിക്കാള നിങ്ങളുടെ ചരക്കെടുത്തു
നിങ്ങൾക്കു വേണ്ടിടത്തെത്തിക്കുന്നതും.

കച്ചവടക്കാർ പീടിക തുറന്നുവയ്ക്കുന്നതു
സുമനസ്സുകളുടെ കൊള്ളക്കൊടുക്കയ്ക്കുമല്ല.

നാം നോക്കുന്നതു വേദനയൊന്നു കുറയ്ക്കാൻ,
അങ്ങനെ വേണം ലോകം മുന്നോട്ടു നീങ്ങാൻ.

ദൈവമേർപ്പാടാക്കിയ കങ്കാണിയത്രേ ഭീതി;
അവന്റെ ചാട്ട പേടിച്ചിട്ടത്രേ പെട്ടകം പണിയ്ക്കു നാം കൂടുന്നതും.

ആത്മാവു തകർന്ന പ്രളയങ്ങളെത്ര കടന്നുപോയി,
അത്ര പെട്ടകങ്ങളും അത്ര നോഹമാരും.

തിരയടങ്ങിയ കടവുകളാണു ചില മനുഷ്യജീവികൾ,
അവിടെപ്പോയി നങ്കൂരമിടൂ.

വേറേ ചിലരുമുണ്ട് ചങ്ങാത്തം കാട്ടുന്നവർ,
നിങ്ങളെ നക്കിക്കൊല്ലുന്ന കഴുതകളാണവർ.

ദൂരെ നില്ക്കട്ടെയവർ;
അന്യർക്കോടിക്കയറാനുള്ള വീണമരമാകരുതു നിങ്ങൾ.

ഭീതിയത്രേ ചിലനേരം
നിങ്ങളെ സാന്നിദ്ധ്യത്തിലെത്തിക്കുന്നതും.


image courtesy International Mevlana Foundation


വാസ്കോ പോപ്പാ -കത്തുന്ന കൈകള്‍

 


ഉള്ളിന്റെയുള്ളിൽ


ഇതാ നിന്റെ ചുണ്ടുകൾ
നിന്റെ മുഖത്തു ഞാനതു
തിരിയെ കൊണ്ടുവയ്ക്കുന്നു

ഇതാ എന്റെ നിലാവെളിച്ചം
നിന്റെ ചുമലിൽ നിന്നു
ഞാനതിറക്കിവയ്ക്കുന്നു

നമ്മുടെ സമാഗമത്തിന്റെ
ദുർഗ്ഗമമായ കാട്ടിൽ
നാമന്യോന്യം കാണാതെപോകുന്നു

എന്റെ കൈകളിൽ
നിന്റെ തൊണ്ടമുഴ
ഉദിച്ചസ്തമിക്കുന്നു

നിന്റെ കണ്ഠത്തിൽ
എന്റെ പ്രചണ്ഠനക്ഷത്രങ്ങൾ
ആളിയണയുന്നു

നാമന്യോന്യം കണ്ടെത്തുന്നു
നമ്മൂടെയുള്ളിന്റെയുള്ളിലെ
സുവർണ്ണമായ പീഠഭൂമിയിൽ


റോസാപ്പൂമോഷ്ടാക്കൾ


ഒരാൾ ഒരു റോസാച്ചെടിയാവട്ടെ
ചിലർ കാറ്റിന്റെ പുത്രിമാരാവട്ടെ
ചിലർ റോസാപ്പൂമോഷ്ടാക്കളുമാവട്ടെ

റോസാപ്പൂമോഷ്ടാക്കൾ  പതുങ്ങിയെത്തുന്നു
ഒരാൾ ഒരു റോസാപ്പൂ മോഷ്ടിക്കുന്നു
തന്റെ നെഞ്ചിലതൊളിപ്പിക്കുന്നു

കാറ്റിന്റെ പുത്രിമാർ പ്രവേശിക്കുന്നു
ചെടിയുടെ സൗന്ദര്യം കവർന്നതു കണ്ണിൽപ്പെടുന്നു
റോസാപ്പൂമോഷ്ടാക്കളുടെ പിന്നാലെയോടുന്നു

അവരുടെ നെഞ്ചുകൾ ഒന്നൊന്നായി കീറിനോക്കുന്നു
ചിലതിൽ അവർ ഹൃദയങ്ങൾ കാണുന്നുണ്ട്
ചിലതിൽ, ദൈവമേ, യാതൊന്നുമില്ല

അവർ നെഞ്ചുകൾ തുറന്നുതുറന്നു നോക്കുന്നു
ഒടുവിൽ ഒരു ഹൃദയം തുറന്നുനോക്കുമ്പോൾ
അതിലുണ്ട് മോഷണം പോയ റോസാപ്പൂവും


കത്തുന്ന കൈകൾ


കത്തുന്ന രണ്ടു കൈകൾ
ആകാശത്തിന്റെ കയത്തിൽ മുങ്ങിത്താഴുന്നു

തങ്ങളെ ചുറ്റി കണ്ണു ചിമ്മിയും
കുരിശും വരച്ചുനില്ക്കുന്ന നക്ഷത്രത്തെ
കയറിപ്പിടിക്കുന്നുപോലുമില്ലവ

വിരലുകൾ കൊണ്ടെന്തോ പറയുന്നുണ്ടവ
എരിയുന്ന വിരലുകളുടെ ഭാഷ
ആർക്കറിയാൻ

അവ ഭക്തിയോടെ കൈപ്പടങ്ങൾ തമ്മിൽ ചേർത്തുപിടിയ്ക്കുന്നു
അതു സൂചിപ്പിക്കുന്നതൊരു മേല്ക്കൂരയെ

എരിഞ്ഞുവീണപ്പോൾ തങ്ങളിറങ്ങിപ്പോന്ന
പഴയ വീടിനെക്കുറിച്ചാണോ അവ പറയുന്നത്
ഇനിയഥവാ പണിയാമെന്നാലോചനയിൽ മാത്രമുള്ള
പുതിയ വീടിനെക്കുറിച്ചോ


Saturday, December 4, 2010

റുമി-ഉണ്ടെന്നുമില്ലെന്നുമല്ല

File:Niko Pirosmani. Lion and Sun. Oil on oilcloth. State Art Museum of Georgia, Tbilisi, Georgia.jpg


ഉണ്ടെന്നുമില്ലെന്നുമല്ല


വരാനുള്ളൊരു പ്രളയത്തിൽ
നീന്തിത്തുടിക്കുകയാണു ഞാൻ.

പണിതിട്ടില്ലാത്ത കൽത്തുറുങ്കിൽ
ബന്ധനസ്ഥനാണു ഞാൻ.

ഒരു ഭാവിച്ചതുരംഗത്തിൽ
അടിയറവിന്നേ പറഞ്ഞു ഞാൻ.

ഇനിയും നുകരാത്ത നിന്നെ മോന്തി
തല നീരാതെയായി ഞാൻ.

എന്നോ പട നടന്ന പടനിലത്തിൽ
പണ്ടേ ജീവൻ വെടിഞ്ഞു ഞാൻ.

എനിക്കു പിടിയില്ല ചിന്തയും യാഥാർത്ഥ്യവും,
അവയുടെ വേർതിരിവും.

നിഴൽ പോലെ ഞാനില്ല,
ഇല്ലാതെയുമില്ല.



പൂർണ്ണതയുടെ വറവുചട്ടി

ജീവിതങ്ങളുടെ ദാതാവേ,
യുക്തിയിൽ നിന്നെന്നെ മോചിപ്പിക്കൂ!
ശൂന്യതയിൽ നിന്നു ശൂന്യതയിലേക്കതു
പാറിപ്പാറി നടക്കട്ടെ.
എന്റെ തലയോടുടച്ചെടുക്കൂ,
അതിലുന്മാദത്തിന്റെ മദിര പകരൂ.
നിന്നെപ്പോലുന്മാദിയാവട്ടെ ഞാൻ;
നിന്നാലുന്മത്തൻ, ജീവിതത്താലുന്മത്തൻ.
സ്വസ്ഥബുദ്ധിയുടെ മാമൂലിനും മാന്യതയ്ക്കുമപ്പുറം
അറിവുകളുടെ നടപ്പുദീനത്തിനുമപ്പുറം
ഒരു മണൽനിലമുണ്ടല്ലോ
വെളുവെളെക്കത്തുന്നതായി.
ആ വെളിച്ചത്തിന്റെ കണങ്ങളിൽ പമ്പരം കറങ്ങുന്നുമുണ്ടല്ലോ
നിന്റെയവധൂതസൂര്യൻ.
അവിടെയ്ക്കെന്നെ വലിച്ചെറിയൂ,
പരിപൂർണ്ണതയിൽക്കിടന്നു പൊരിയട്ടെ ഞാൻ!


മാന്യബുദ്ധി, പ്രണയബുദ്ധി


മാന്യന്മാർക്കറിയില്ല
കുടിയന്മാരുടെ ഉള്ളിരിപ്പുകൾ.
അതിനാൽ പ്രണയത്താൽ സ്ഥിരബുദ്ധി പോയവൻ
ഇനിയെന്തു ചെയ്യുമെന്നു ഗണിച്ചെടുക്കാൻ
മിനക്കെടുകയും വേണ്ട നാം.



ഹൃദയത്തിളക്കം

എഴുതിവച്ചതിൽ നിന്നല്ല,
പറഞ്ഞുകേട്ടതിൽ നിന്നല്ല,
ആത്മാവിനാത്മാവിൽ നിന്നത്രേ
പൊരുളുകൾ പകർന്നുകിട്ടുന്നു.
മനസ്സിന്റെ മൗനത്തിൽ നിന്നാ-
ണറിവിന്റെയുറവയൂറുന്നതെങ്കിൽ
അതൊന്നുതന്നെ നെഞ്ചു തിളക്കുന്നതും.


link to image


Friday, December 3, 2010

റൂമി-മഹാരഥം

 

File:Turkey.Konya064.jpg


കരിങ്കല്ലും ചില്ലുപാത്രവും


നീയൊരു കരിങ്കല്ച്ചീള്‌,
ഒഴിഞ്ഞ ചില്ലുപാത്രം ഞാൻ.
നാമടുക്കുമ്പോൾ എന്തുണ്ടാവുമെന്നു നിനക്കറിയാമേ!
ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പൊട്ടിച്ചിരിക്കുന്നു നീ,
താൻ വിഴുങ്ങിയ നക്ഷത്രത്തോടാണു സൂര്യന്റെ ചിരി!

പ്രണയമെന്റെ നെഞ്ചു തുറക്കുമ്പോൾ
ചിന്ത ഏതോ കോണിൽപ്പോയൊളിക്കുന്നു.

ക്ഷമയും യുക്തിയും പടിയിറങ്ങിപ്പോകുന്നു.
പനിച്ചും പുലമ്പിയും വികാരം മാത്രം ശേഷിക്കുന്നു.

ഒഴിച്ചുകളഞ്ഞ കിട്ടം പോലെ
വഴിയിൽ കിടപ്പുണ്ടു ചിലർ.
എന്നിട്ടടുത്ത ദിവസമാകുമ്പോൾ
പുത്തനൂറ്റത്തോടെ അവർ പാഞ്ഞും പോകും.

പ്രണയമെന്നതേ യാഥാർത്ഥ്യം,
കവിതയതിന്റെ പെരുമ്പറയും.
കവിത മുഴങ്ങുമ്പോഴത്രേ
പ്രണയത്തിന്റെ മേളയ്ക്കു നാമൊത്തുചേരുന്നു.

താനൊറ്റയാണെന്ന പരിഭവം വേണ്ട!
പേടിച്ച ഭാഷയും ചീന്തിക്കളയൂ.

മേടയിൽ നിന്നിറങ്ങിവരട്ടെ പുരോഹിതൻ,
പിന്നയാൾ മടങ്ങാതെയും പോകട്ടെ!



മഹാരഥം

നിന്റെ മുഖം ഞാൻ കാണുമ്പോൾ
കല്ലുകൾ പമ്പരം തിരിയുന്നു!
നീ പ്രത്യക്ഷത്തിൽ വരുമ്പോൾ
പഠിപ്പുകളൊക്കെ തെണ്ടിപ്പോകുന്നു.
എനിക്കിരിപ്പിടവും പോകുന്നു.

ചോലയിൽ പളുങ്കുമണികളുരുളുന്നു.
തീനാളങ്ങൾ തവിഞ്ഞുതണുക്കുന്നു.

നിന്റെ സാന്നിദ്ധ്യത്തിലെനിക്കു വേണ്ട
എനിക്കു വേണമെന്നു ഞാൻ കരുതിയതൊന്നും.

സത്യവേദങ്ങൾ നിന്റെ മുഖത്തു
തുരുമ്പെടുത്ത കണ്ണാടികൾ പോലെ.

നീ നിശ്വസിക്കുമ്പോൾ
ഉരുവങ്ങൾ പുതുതുണ്ടാവുന്നു,
വസന്തം പോലെ നിസ്സീമമായൊരു
തൃഷ്ണയുടെ സംഗീതം
ഒരു മഹാരഥം പോലുരുണ്ടുതുടങ്ങുന്നു.

ഒന്നു പതുക്കെപ്പോകൂ.
കൂടെ നടക്കുന്ന ഞങ്ങളിൽച്ചിലർ
മുടന്തന്മാരുമാണേ!


Thursday, December 2, 2010

റൂമി-വിട്ടുപോരുക

റൂമി-വിട്ടുപോരുക


വിട്ടുപോരുക, സാവധാനം-
ഞാൻ പറഞ്ഞതിനൊക്കെ സാരം
ഇത്രമാത്രം.

ചോര കുടിച്ചുവളർന്ന ഭ്രൂണമായിരുന്നു
നിങ്ങളൊരുകാലം;
പിന്നെ നിങ്ങൾ പാലു കുടിയ്ക്കുന്ന ശിശുവായി,
അപ്പം ചവച്ചുതിന്നുന്ന കുട്ടിയായി,
സത്യാന്വേഷകനായി,
അതിലുമദൃശ്യമായ മൃഗങ്ങളെ നായാടാനും പോയി.


ഭ്രൂണത്തോടു സംഭാഷണം ചെയ്യുന്നതൊന്നോർത്തുനോക്കൂ.
നിങ്ങൾ പറയുകയാണ്‌,
‘എത്ര വിപുലമാണ്‌, സങ്കീർണ്ണമാണു പുറത്തെ ലോകം,
ഗോതമ്പുപാടങ്ങളുണ്ടവിടെ,
മലമ്പാതകളുണ്ടവിടെ,
പൂത്ത തോപ്പുകളുണ്ടവിടെ.
രാത്രിയിൽ കോടികളായ താരാപഥങ്ങൾ,
പകൽ കല്യാണവിരുന്നിൽ നൃത്തം ചെയ്യുന്നവരുടെ
മോഹനസൗന്ദര്യവും.’

കണ്ണും പൂട്ടി, ഇരുട്ടത്തടച്ചിരിക്കുന്നതെന്തിനെന്ന്
നിങ്ങൾ ഭ്രൂണത്തോടു ചോദിക്കുന്നു.
അതിന്റെ മറുപടി കേൾക്കു.
മറ്റൊരു ലോകമില്ലെന്നേ.
ഞാനനുഭവിച്ചതേ എനിക്കറിയൂ.
നിങ്ങൾക്കു മതിഭ്രമമാവണം.


റൂമി-സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ…

 

File:Fenix-1.gif


പുലരി പിറക്കുന്ന മുഹൂർത്തമറിയാൻ
നേരത്തേ പിടഞ്ഞെഴുന്നേറ്റ വിദ്വാനാര്‌?
ദാഹിച്ചെത്തിയ ചോലയിൽ
ചന്ദ്രനെ കണ്ടുകിട്ടിയതാർക്ക്?
ശോകവും പ്രായവും കൊണ്ടന്ധനായ യാക്കോബിനെപ്പോലെ
കാണാതപോയ മകന്റെ കുപ്പായം മുത്തി
കാഴ്ച കിട്ടിയ പിതാവുമാര്‌?
കെട്ടിയിറക്കിയ തൊട്ടിയിൽ
ഒഴുകുന്ന പ്രവാചകനെ കോരിയെടുത്തതാര്‌?
മോശയെപ്പോലെ തീ തേടിപ്പോയി
ജ്വലിക്കുന്ന സൂര്യഹൃദയം കണ്ടു മടങ്ങിയതാര്‌?

ശത്രുക്കളെപ്പേടിച്ചൊരു കൂരയിൽ കേറിയൊളിച്ചവൻ യേശു,
അവൻ വാതിൽ തുറന്നതു മറ്റൊരു ലോകത്തേക്കത്രെ.
മീനറുക്കുമ്പോൾ ശലോമോൻ കണ്ടതു
പൊന്നിന്റെ മോതിരമത്രെ.
പ്രവാചകനെ കൊല്ലാൻ കുതിച്ചെത്തിയ ഉമർ
വരങ്ങൾ വാങ്ങി മടങ്ങിയത്രെ.
ഒരു മാനിന്റെ പിന്നാലെ പോകുന്നൊരാൾ
എത്തിപ്പെട്ടതതിരില്ലാത്തൊരിടത്തത്രെ.
ഒരു തുള്ളി വിഴുങ്ങാൻ വായ തുറന്ന ചിപ്പിയിൽ
പിന്നെ വിളഞ്ഞതു മുത്താണത്രെ.
നിലം പൊത്തിയ കോട്ടയ്ക്കുള്ളിലലഞ്ഞുനടന്ന തെണ്ടിയ്ക്ക്
കൈ നിറയെ നിധി കിട്ടിയത്രെ.

കഥകൾ കേട്ടു മയങ്ങേണ്ട,
അന്യർ കാര്യം നടത്തിയ പ്രകാരങ്ങൾ കേട്ടു തൃപ്തനുമാവേണ്ട:
സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ;
വ്യാഖ്യാനങ്ങളുടെ പൊന്തക്കാട്ടിൽ നിന്നു പുറത്തു വരൂ;
നിന്റെ ഹൃദയം ഞാൻ തുറക്കുന്നു-
ആ വചനം പോലെ ലളിതമാവട്ടെ നിന്റെ സത്യം.

എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.