എന്റെ നാവു കൊണ്ടു സംസാരിക്കുന്നതാര്?
പകലു മുഴുവൻ ഞാനോർത്തിരിക്കും,
രാത്രിയിലൊക്കെ ഞാൻ വാക്കുകളാക്കും;
എവിടുന്നു വന്നു ഞാൻ?
എനിക്കെന്തു നിയോഗമിവിടെ?
ഒരൂഹവുമില്ലെനിക്ക്.
പരദേശിയാണെന്റെയാത്മാവ്,
അതിൽ സംശയവുമില്ലെനിക്ക്,
മടങ്ങാനുള്ളവനാണവനെന്നു
മനസ്സിൽ കണ്ടിട്ടുമുണ്ടു ഞാൻ.
എനിക്കീ മത്തു പിടിച്ചതു
മറ്റേതോ മദ്യശാലയിൽ വച്ചാവണം;
അവിടെയ്ക്കു മടങ്ങിയാൽ
ഈ കട്ടു വിടുമെന്നതും കട്ടായം.
ഒരു ദേശാടനപ്പക്ഷിയായിരുന്നു ഞാൻ,
ഇന്നീ കൂട്ടിലിരുന്നു വിചാരം കൊള്ളുന്നു ഞാൻ.
എന്റെ കൂടു തുറക്കുന്ന നാൾ
സ്വപ്നം കണ്ടിരിക്കുന്നു ഞാൻ.
എന്റെ കാതിലിരുന്നെന്റെ പാട്ടു കേൾക്കുന്നതാര്?
എന്റെ നാവു കൊണ്ടു സംസാരിക്കുന്നതുമാര്?
എന്റെ കണ്ണുകൾ കൊണ്ടു പുറത്തേക്കു നോക്കുന്നതാര്?
ആത്മാവെന്ന സംഗതിയേതു മാതിരി?
ഇതിനൊരുത്തരമൊരുതുള്ളി രുചിക്കാനായാൽ
ഈ തുറുങ്കു പൊട്ടിച്ചു ഞാനിറങ്ങും.
ഞാനായിട്ടല്ല ഞാനിവിടെയ്ക്കു വന്നത്,
ഞാനായിട്ടു മടങ്ങാനുമാവില്ലെനിക്ക്.
ഇവിടെയെന്നെയെത്തിച്ചവർ തന്നെ
ഇവിടുന്നിറക്കുകയും വേണമെന്നെ.
ഈ കവിതയോ?
എന്റെ ഹിതപ്പടിയല്ലിത്,
എന്റെ കൈയോടിയതില്ലിത്.
ഇതു ചൊല്ലിക്കഴിഞ്ഞാൽപ്പിന്നെ
മനസ്സൊരുവിധം സ്വസ്ഥമാകും,
പിന്നങ്ങനെ വായ തുറക്കാറുമില്ല ഞാൻ.
മുടന്തനാട്
ആട്ടിൻപറ്റത്തെ കണ്ടിട്ടില്ലേ,
വെള്ളം കുടിയ്ക്കാൻ പോകുന്ന പോക്കിൽ?
പിന്നാലെ താങ്ങിത്തുങ്ങി നടക്കുന്നത്
ഒരു മുടന്തനാട്,
സ്വപ്നജീവിയുമാണവൻ.
മറ്റാടുകളുടെ മുഖം നോക്കൂ,
തങ്ങളുടെ സഹജീവിയെച്ചൊല്ലി
വ്യാകുലരാണവർ.
മടക്കത്തിലവരെ കണ്ടിട്ടുണ്ടോ?
ചിരിയും കളിയുമാണവർ.
അവരെ നയിക്കുന്നതു
മുടന്തനാടും.
അറിവിനു വഴികൾ പലതുണ്ട്.
മുടന്തനാടിന്റെ വഴിയെന്നാൽ
സാന്നിദ്ധ്യത്തിന്റെ വേരിലേക്കു കുനിയുന്ന
ചില്ല പോലെ.
മുടന്തനാടിനെക്കണ്ടു പഠിക്കൂ,
ആലയിലേക്കു കൂട്ടത്തെ നയിക്കൂ.
No comments:
Post a Comment