Saturday, December 18, 2010

റൂമി - നിങ്ങളോട്


ഇരുലോകങ്ങളെ കീഴമർത്തിയ
രാജാധിരാജനാണു കാമുകൻ;
കാല്‍ച്ചുവട്ടില്‍ കിടക്കുന്നതിനെ
തൃക്കൺ പാർക്കാറില്ല ചക്രവർത്തിമാർ.


*


നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.


*


ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ നിങ്ങൾ?


*


എത്ര നാളെടുക്കും നിങ്ങൾ,
ഞാനാരെന്നും
എന്റെ സ്ഥിതിയെന്തെന്നുമുള്ള
ചോദ്യങ്ങളിൽ നിന്നു
പുറത്തു കടക്കാൻ?


*


പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.


*


ജിവിതത്തിന്നിന്ദ്രജാലത്തിലെ
ആനന്ദപ്പറവ നിങ്ങൾ.
കഷ്ടമേ! തുടലിട്ടു പൂട്ടാൻ
കൂട്ടിലിട്ടടയ്ക്കാൻ
നിന്നുകൊടുത്തുവല്ലോ നിങ്ങൾ.


*


മനസ്സുകെട്ടു പോകരുതേ
പ്രണയം കൈവഴുതിപ്പോയാലും;
തേടിത്തേടി നടക്കൂ,
പൊരുതിക്കൈയടക്കൂ.


*


തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?


*


കടലുരുണ്ടുകൂടുമ്പോൾ
കാതിലതു കേൾക്കട്ടെ ഞാൻ;
എന്നുമല്ലെന്റെ നെഞ്ചിൽ
ആഞ്ഞതലയ്ക്കട്ടെ.


*


നിങ്ങളുടെ തന്നെ
നിത്യസന്ദർശകനാണോ നിങ്ങൾ?
തർക്കിക്കാൻ നില്ക്കേണ്ട,
യുക്തി കൊണ്ടുത്തരവും നല്കേണ്ട.
നാം മരിക്കട്ടെ,
ആ മരണം
നമുക്കൊരുത്തരവുമാകട്ടെ.


*


നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു ശമനൗഷധം.
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.
മറ്റൊരു മുഖമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.


*


ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-
രാത്മാവല്ലേ നിങ്ങൾ?
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-
തെന്തിണാണു നിങ്ങൾ?


1 comment:

രമേശ്‌അരൂര്‍ said...

വീണ്ടും അനശ്വരനായി റൂണി ...അവിടെ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുകള്‍
ഉറങ്ങാതിരിക്കുന്നു ...