ഞാനൊരുമ്പെട്ടിറങ്ങുമ്പോൾ
അവനാണെന്റെ ലക്ഷ്യം.
ഹൃദയത്തിലേക്കു നോക്കുമ്പോൾ
അതിൽ മത്തടിക്കുന്നതവൻ തന്നെ.
ഞാൻ നീതി തേടുമ്പോൾ
അവനാണു ന്യായാധിപൻ.
ഞാൻ പടയ്ക്കു പോകുമ്പോൾ
അവനാണെന്റെയുടവാൾ.
ഞാൻ വിരുന്നിനു കൂടുമ്പോൾ
അവനാണപ്പവും വീഞ്ഞും.
ഉദ്യാനത്തിലേക്കു കടക്കുമ്പോൾ
വിരിഞ്ഞ പനിനിർപ്പൂവുമവൻ തന്നെ.
ഞാൻ ഖനി തുരന്നിറങ്ങുമ്പോൾ
അവനാണു മാണിക്യവും മരതകവും.
ഞാൻ കടലിലേക്കൂളിയിടുമ്പോൾ
അവനാണടിയിലെ മുത്തുമണി.
ഞാൻ മരുനിലം താണ്ടുമ്പോൾ
അവനാണു മരുപ്പച്ച.
ഗോളാന്തരത്തിലേക്കുയരുമ്പോൾ
അവനാണു ദീപ്തതാരം.
ഞാനുശിരു കാട്ടുമ്പോൾ
അവനാണെന്റെ പരിച.
ജ്വരമെന്നെയെരിക്കുമ്പോൾ
അവനാണെനിക്കു തുളസിയും കുരുമുളകും.
ഞാൻ പട പൊരുതുമ്പോൾ
അവനാണെന്റെ നായകൻ.
മദിരോത്സവത്തിലവൻ ഗായകൻ,
ചഷകം, ചഷകമേന്തുന്നവനും.
ഞാൻ ചങ്ങാതിമാർക്കെഴുതുമ്പോൾ
അവനാണു താളും തൂലികയും.
ഞാൻ കവിതയെഴുതുമ്പോൾ
അവനാണു താളമിടുന്നതും.
ഞാനുണർന്നെഴുന്നേല്ക്കുമ്പോൾ
അവനാണെന്റെ ശുദ്ധബോധം.
ഞാനുറങ്ങാൻ കിടക്കുമ്പോൾ
കിനാവിൽ വിളയാടുന്നതുമവൻ തന്നെ.
നിങ്ങളേതു ചിത്രമെഴുതിയാലും
നിങ്ങളേതു കവിത ചമച്ചാലും
അവനതിനുമതീതൻ.
നിങ്ങളേതുയരമെത്തിയാലും
അതിലുമുയരത്തിലുള്ളവൻ.
വലിച്ചെറിയൂ നിങ്ങളുടെ ഗ്രന്ഥങ്ങൾ,
പിഴുതെറിയൂ നിങ്ങളുടെ നാവും.
അവനാവട്ടെ നിങ്ങളുടെ ഗ്രന്ഥം.
തബ്രീസിലെ അതിശയവെളിച്ചമേ,
നീയെവിടെപ്പോയൊളിക്കാൻ?
നീ മറഞ്ഞിരിക്കുമിടം വെളിച്ചപ്പെടുത്തുമല്ലോ
നിന്റെ സൂര്യന്റെ ദീപ്തി.
No comments:
Post a Comment