Monday, December 13, 2010

കാഫ്ക - ഫെലിസിനെഴുതിയത്



1913 ആഗസ്റ്റ് 12

എനിക്കു ഭീതി തോന്നുന്നു ഫെലിസ്, സ്വസ്ഥമായൊരു രാത്രിയ്ക്കു ശേഷം സുന്ദരമായൊരു പ്രഭാതത്തിൽ പ്രസന്നമായ ഒരു പകലിന്റെ പ്രതീക്ഷയും വച്ചുകൊണ്ടിരിക്കുന്ന നിന്റ കൈകളിലേക്ക് പാതാളത്തിൽ നിന്നുള്ള സന്ദേശങ്ങൾ പോലെ നാരകീയമായ എന്റെ കത്തുകൾ വന്നുചേരുന്നതു മനസ്സിൽ കാണുമ്പോൾ. പക്ഷേ ഞാനെന്തു ചെയ്യാൻ, ഫെലിസ്? നീ ഒടുവിലയച്ച കത്തുകളിലും പോസ്റ്റുകാർഡുകളിലും നിനക്കെന്നോടുള്ള സാമീപ്യം, നിന്റെ സഹായം, നിന്റെ ദൃഢനിശ്ചയം ഇതൊന്നും ഞാൻ കാണുന്നില്ലല്ലോ; അതിനെക്കുറിച്ചൊരു തീർച്ചയില്ലാതെ എനിക്കു നിന്റെ അച്ഛനമ്മമാരുമായി ബന്ധപ്പെടാനും കഴിയില്ല; കാരണം എനിക്കു ജനങ്ങളുമായി യഥാർത്ഥത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കണമെങ്കിൽ അതു നീയൊരാൾ വഴി തന്നെ വേണം; ഭാവിയിലും നീ തന്നെയായിരിക്കും ആ ബന്ധം സ്ഥാപിച്ചെടുക്കേണ്ടയാൾ. അതിനാൽ ഇന്നലത്തെ കത്തിന്‌ നിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണു ഞാൻ. നിനക്കെന്റെ അവസ്ഥ മനസ്സിലാകുന്നില്ലേ, ഫെലിസ്? ഞാനേല്പിക്കുന്ന യാതനയെക്കാൾ എത്രയോ വലുതാണ്‌ ഞാൻ സ്വയമനുഭവിക്കുന്ന യാതന- അതുകൊണ്ടു പക്ഷേ, അതത്ര വലിയ കാര്യമാണെങ്കിൽത്തന്നെ, ഞാനൊരുതരത്തിലും കുറ്റവിമുക്തനാവാനും പോകുന്നില്ല.

1913 ആഗസ്റ്റ് 20

നോക്കൂ ഫെലിസ്, നിനക്കെന്നെക്കുറിച്ചു വേണ്ടത്ര ആലോചനയില്ലെന്നു പറഞ്ഞു ഞാൻ നീരസപ്പെട്ടത് എത്ര ശരിയായി. അതോ അപായത്തിലേക്കിറങ്ങിപ്പോകുന്ന നേരത്ത് നിന്റെ മനസ്സിൽ ഞാനായിരുന്നുവോ? അല്ല, നിന്റെ മനസ്സിൽ ഞാൻ വരാൻ ഒരു വഴിയുമില്ല. നിനക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ? ഇപ്പോഴും നിന്റെ ചങ്കിടിപ്പു മാറിയിട്ടില്ലെന്നോ! വേണ്ട ഫെലിസ്, ഇക്കാര്യത്തിൽ നീ എന്നെപ്പോലെയാകുന്നത് എനിക്കിഷ്ടമല്ല. എന്റെ തളർന്ന ഞരമ്പുകൾക്കാവതുള്ള വഴിയിലൂടെ എന്റെ ഹൃദയം യാത്ര പോകട്ടെ; പക്ഷേ നിന്റെ ഹൃദയം അതിന്റെ സ്വാഭാവികവും പ്രശാന്തവുമായ മാർഗ്ഗത്തിലൂടെതന്നെ മുന്നോട്ടു പോകണം. ഒരു മാനസികാഘാതം കാരണമായി തൊണ്ടവേദന വരുമോ? ആ ഭാഗം എനിക്കു വ്യക്തമായില്ല. നീ ഡോക്ടറെ കണ്ടുവോ? പറയൂ ഫെലിസ്, എന്നെ കണ്ടുമുട്ടുന്നതിനു മുമ്പ് ഇതിലധികം പ്രതിരോധശേഷി നിനക്കുണ്ടായിരുന്നതല്ലേ? ആ തിരകളെക്കാളൊക്കെ അപരാധിയായതു ഞാൻ തന്നെയല്ലേ? കഴിഞ്ഞ അരക്കൊല്ലത്തിനിടെ ഞാൻ സ്വയമേല്പിച്ച പീഡനത്തിന്റെ പകുതിയേ ഞാൻ നിനക്കേല്പിച്ചിട്ടുള്ളുവെങ്കിൽക്കൂടി- അതിന്റെ ഫലമായിട്ടെന്താ, ഭാവിയിൽ എന്നെക്കാളേറെ നിന്നെ ഭീതിപ്പെടുത്താനായി എന്റെ മുടി നാൾക്കുനാൾ നരച്ചുവെളുക്കുകയാണ്‌. ഒരിക്കൽ നീയെഴുതിയിരുന്നല്ലോ, കഷണ്ടിക്കാരനായ ഒരാൾ കല്യാണമാലോചിക്കാൻ വരുന്നതു നിനക്കു പേടിയാണെന്ന്; ഇന്നിതാ, മിക്കവാറും നരച്ച ഒരുത്തൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്നു.
ഇന്നത്തെ കത്ത് ഒരു കാര്യം എന്നെ ഓർമ്മിപ്പിക്കുന്നു, ഒരു സംഗതിയിലെങ്കിലും വിരുദ്ധധ്രുവങ്ങളിലാണു നാമെന്ന്. സംഭാഷണം നിനക്കു രസിക്കും, നിനക്കതു വളരെ ആവശ്യവുമാണ്‌; നിനക്കു ചേർന്നതു മനുഷ്യരുമായി നേരിട്ടുള്ള ഇടപഴകലാണ്‌; എഴുത്ത് നിന്നെ കുഴക്കുന്നു; വികലമായ ഒരു പകരം വയ്ക്കൽ മാത്രമാണു നിനക്കത്, പലപ്പോഴും അതുപോലുമല്ല; നീ മറുപടി അയക്കാത്ത എത്രയോ കത്തുകളുണ്ടായിരുന്നു; നിന്റെ കാരുണ്യവും സന്മനസ്സും ഓർക്കുമ്പോൾ ഒരു കാരണമേ അതിനുള്ളു- നിന്റെ പ്രകൃതത്തിനു ചേരാത്തതാണ്‌ എഴുതുക എന്നത്; അതേ സമയം ഏതിനെക്കുറിച്ചും സ്വന്തം അഭിപ്രായം പറഞ്ഞു വ്യക്തമാക്കാനാണെങ്കിൽ നിനക്കതു സമ്മതവുമായിരിക്കും.
എന്റെ കാര്യത്തിൽ നേരേ മറിച്ചാണത്. സംസാരം എന്റെ പ്രകൃതത്തിനു തീരെ ചേർന്നതല്ല. ഞാൻ എന്തു പറഞ്ഞാലും തെറ്റിപ്പോകുന്നു, എന്റെ നോട്ടത്തിൽ. പറയുമ്പോൾ പറയുന്നതിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെട്ടുപോവുകയാണ്‌ എന്റെ കാര്യത്തിൽ. അതങ്ങനെയാവാതെ വഴിയില്ല എന്നാണ്‌ എന്റെ തോന്നലും; കാരണം, ഒരായിരം ബാഹ്യഘടകങ്ങൾക്കും ബാഹ്യമായ നിയന്ത്രണങ്ങൾക്കും നിരന്തരം വിധേയമാകേണ്ടതാണ്‌ വാക്ക്. അങ്ങനെ ഞാൻ നിശ്ശബ്ദനാകുന്നു, അതങ്ങനെയായേ പറ്റൂ എന്നതിനാൽ മാത്രമല്ല, ആ ബോധ്യം എനിക്കുള്ളതിനാലും. ആത്മപ്രകാശത്തിന്‌ എനിക്കു പറഞ്ഞിട്ടുള്ള ഉപാധി എഴുത്തൊന്നു മാത്രമാണ്‌; നമ്മളൊരുമിച്ചുള്ള കാലത്തായാൽപ്പോലും അതങ്ങനെ തുടരുകയും ചെയ്യും. പ്രകൃതം കൊണ്ടുതന്നെ പറയാനും കേൾക്കാനും വിധേയയായ നിന്നെപ്പോലൊരാൾക്ക് ഞാനെഴുതുന്നത്- അതിലെനിക്കാവുന്നത് എത്രയെങ്കിലുമാവട്ടെ- എന്റെ മുഖ്യമായ, ആകെയുള്ള സംഭാഷണരൂപമായാൽ നിനക്കതു പര്യാപ്തമാവുമോ (അതു സംബോധന ചെയ്യുന്നത് മറ്റാരെയുമല്ല, നിന്നെയാണെന്നു വന്നാൽക്കൂടി)?
ഫ്രാൻസ്