Sunday, December 5, 2010

ബോര്‍ഹസ്–പറുദീസാ XXXI, 108

File:Turiner Grabtuch Gesicht negativ klein.jpg


കൊത്തിനുറുക്കി ഭൂമിയിലെമ്പാടും വിതറിയിട്ടിരിക്കുന്ന ഒരു ദൈവത്തിന്‍റെ കഥ ദിയോദോറാസ്‌ പറയുന്നുണ്ട്. സന്ധ്യവെളിച്ചത്തില്‍ നടക്കുമ്പോഴോ, നമ്മുടെതന്നെ ഭൂതകാലത്തില്‍ നിന്നൊരു ദിവസം ഓര്‍മ്മിച്ചെടുക്കുംപോഴോ അനന്തമായതെന്തോ നമുക്കു നഷ്ടപ്പെട്ടുപോയതായ തോന്നലുണ്ടാകാത്തതായി നമ്മില്‍ ആരു കാണും?

മനുഷ്യരാശിക്ക് ഒരു മുഖം നഷ്ടമായിരിക്കുന്നു, വീണ്ടെടുക്കാനാവാത്തൊരു മുഖം; എല്ലാ മനുഷ്യര്‍ക്കുമാഗ്രഹമുണ്ട്, റോമിലേക്കു യാത്ര പോയി വിശുദ്ധവെറോണിക്കയുടെ മൂടുപടം ദര്‍ശിക്കുകയും ‘എന്റെ കര്‍ത്താവായ ക്രിസ്തുയേശുവേ, സത്യമായ ദൈവമേ, ഈ വരഞ്ഞിട്ടിരിക്കുന്നത് തന്നെയോ നിന്റെ പ്രതിരൂപം?‘ എന്നു വിശ്വാസപൂര്‍വം മന്ത്രിക്കുകയും ചെയ്യുന്ന ആ തീര്‍ഥാടകനാവാന്‍.

ഒരു പാതയരികില്‍ കല്ലില്‍ കൊത്തിയൊരു മുഖം കാണാം; ഇങ്ങനെയൊരു ലിഖിതവും : ഹൈനിലെ ക്രിസ്തുവിന്റെ തിരുമുഖം . ആ മുഖം ഏതുവിധമിരുന്നു എന്നത് യഥാര്‍ത്ഥമായി നമുക്കറിയാനായാല്‍ സദൃശവാക്യങ്ങളുടെ പൊരുള്‍ നമുക്കു തെളിഞ്ഞുകിട്ടും; തച്ചന്റെ മകന്‍ തന്നെയോ ദൈവത്തിന്‍റെ മകനായതെന്നു നാമറിയുകയും ചെയ്യും.

പൌലോസ് ആ മുഖം കണ്ടത്‌ തന്നെ നിലത്തേക്കു ചുഴറ്റിയെറിഞ്ഞ മിന്നല്‍പ്പിണറായിട്ടായിരുന്നു; യോഹന്നാനാവട്ടെ, പ്രതാപിയായെരിയുന്ന സൂര്യനായും. സ്വച്ഛപ്രകാശത്തില്‍ കുളിച്ച ആ മുഖം തെരേസാപുണ്യവതി എത്രതവണ ദര്‍ശിച്ചിരിക്കുന്നു, അതിന്റെ കണ്ണുകളുടെ നിറമെന്തായിരുന്നുവെന്ന്‍ തീര്‍ച്ചവന്നിട്ടില്ലെങ്കിലും .

ആ മുഖലക്ഷണങ്ങള്‍ നമുക്കു നഷ്ടമായിപ്പോയി, സാമ്പ്രദായികമായ അക്കങ്ങള്‍ കൊണ്ടു സൃഷ്ടിച്ച ഒരു മാന്ത്രികസംഖ്യ നഷ്ടപ്പെട്ടുപോകുന്നതുപോലെ, കാലിഡോസ്കൊപ്പിലെ ഒരു ചിത്രരൂപം കൈവിട്ടുപോകുന്നപോലെ.  കണ്ണിലേക്കെത്തുന്നുവെങ്കിലും ഗ്രഹിക്കാനാവുന്നില്ല നമുക്കവ. തെരുവില്‍ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകള്‍ പണ്ടൊരു നാള്‍ ഭടന്മാര്‍ കുരിശിനോടു ചേര്‍ത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.

ഓരോ കണ്ണാടിയിലും തങ്ങിനില്‍ക്കുന്നുണ്ടാവും ക്രൂശിതമുഖത്തിന്റെ ഏതോ ലക്ഷണങ്ങള്‍; ആ മുഖം മരിച്ചതും മാഞ്ഞുപോയതും എല്ലാ മുഖങ്ങളും ദൈവത്തിന്‍റെതാവട്ടെ എന്നുള്ളതിനാലുമാവണം.

ഇന്നു രാത്രിയില്‍ നമ്മുടെ സ്വപ്നത്തിന്റെ വിഷമദുര്‍ഗ്ഗങ്ങളില്‍ നാമതിനെ കാണുകയില്ലെന്നാരു കണ്ടു, നാമതിനെ കണ്ടുവെന്ന് നാളെ നമുക്കറിവുണ്ടാവില്ലെന്നും?



No comments: