നരകത്തിന്റെ താഴേത്തട്ട്. പൊതുധാരണയ്ക്കു വിപരീതമായി അവിടെ പാർപ്പിച്ചിരിക്കുന്നത് സ്വേച്ഛാധിപതികളെയും മാതൃഘാതികളെയും അന്യരുടെ മാംസത്തിനു പിന്നാലെ ആർത്തി പിടിച്ചു പായുന്നവരെയുമല്ല; കലാകാരന്മാരുടെ സങ്കേതമത്രേയത്; കണ്ണാടികളും ഉപകരണങ്ങളും ചിത്രങ്ങളും കൊണ്ടു നിറഞ്ഞ ഒരിടം. ഒറ്റ നോട്ടത്തിൽ നരകത്തിലെ ഏറ്റവും സുഖമുള്ള വകുപ്പ്; താറും തീയുമില്ലവിടെ, ദേഹപീഡകളുമില്ല.
ആണ്ടു മുഴുവനും മത്സരങ്ങളും മേളകളും കച്ചേരികളും നടക്കുന്നുണ്ട്. ക്ളൈമാക്സ് എന്നൊന്നില്ല; അതു സ്ഥിരവും കേവലവുമാണ്. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടായിവരികയാണ്; അവാങ്ങ് ഗാർദിന്റെ ജൈത്രയാത്രയെ തടഞ്ഞുനിർത്താൻ യാതൊന്നുമില്ലാത്ത പോലെയുമാണ്.
സാത്താൻ കലകളുടെ ആരാധകനത്രെ. തന്റെ ഗായകരും കവികളും ചിത്രകാരന്മാരും സ്വർഗ്ഗത്തുള്ളവരെക്കാൾ എന്തുകൊണ്ടും കേമന്മാരാണെന്നാണ് അയാൾ അവകാശപ്പെടുന്നത്. എവിടത്തെ കല മികച്ചതോ, അവിടത്തെ ഭരണം തന്നെ മികച്ചതും - അതു വ്യക്തം. അധികം വൈകാതെ ഇരുലോകങ്ങളുടെ മേളയിൽ വച്ച് അവർ മാറ്റുരച്ചു നോക്കാൻ പോവുകയാണ്. ദാന്തേയും ഫ്രാ ആഞ്ഞെലിക്കോയും ബാക്കുമൊക്കെ ബാക്കിയുണ്ടാവുമോയെന്ന് നമുക്കപ്പോൾ കാണാം.
സാത്താൻ കലകളെ പിന്തുണയ്ക്കുന്നു. തന്റെ കലാകാരന്മാർക്ക് മനസ്സമാധാനവും ആരോഗ്യദായകമായ ഭക്ഷണവും നരകജീവിതത്തിൽ നിന്നു പരിപൂർണ്ണമായ സംരക്ഷണവും അയാൾ ഉറപ്പു വരുത്തുന്നു.
No comments:
Post a Comment