Friday, December 17, 2010

റൂമി - രണ്ടു കടകൾക്കുടമ

 


ഒളിയ്ക്കാനൊരു മാളം നോക്കി
ലോകത്തോടി നടക്കേണ്ട.
ഏതു ഗുഹയിലുമുണ്ടൊരു കാട്ടുജന്തു!
എലികളോടൊത്താണു വാസമെങ്കിൽ
പൂച്ചയുടെ നഖങ്ങളവിടെത്തേടിയെത്തും.
ദൈവത്തോടൊത്തേകാന്തത്തിലിരിക്കുമ്പോഴേ
നിങ്ങൾക്കിളവു കിട്ടുന്നുള്ളു.
നിങ്ങൾ പുറപ്പെട്ടുപോന്നൊരിടമില്ലേ,
എവിടെയുമല്ലാത്തൊരിടം?
അവിടെപ്പോയി താമസമാക്കൂ,
ഇവിടത്തെ മേൽവിലാസം വിട്ടേക്കൂ.
നോക്കുമ്പോൾ കാണുന്നതു
രണ്ടാകുന്നതുമതിനാൽ.
ചിലനേരം നിങ്ങളൊരാളെ നോക്കുമ്പോൾ
നിങ്ങൾ കാണുന്നതൊരു വിഷമൂർഖനെ.
വേറൊരാൾ കാണുന്നതുറ്റ ചങ്ങാതിയെ.
രണ്ടാൾക്കും പിശകിയിട്ടുമില്ല!
പാതിയതും പാതി മറ്റേതുമാണാളുകൾ,
പുള്ളി കുത്തിയ കാളയെപ്പോലെ.
ജ്യേഷ്ടന്മാർക്കു വിരൂപനായിരുന്നു ജോസഫ്,
അവന്റെ പിതാവിനോ, അത്ര സുന്ദരനും.
നിങ്ങൾക്കുണ്ടല്ലോ
അതീതത്തിൽ നിന്നു കാണുന്ന കണ്ണുകൾ,
ദൂരമളക്കുന്ന കണ്ണുകൾ,
ആഴവുമുയരവുമറിയുന്ന കണ്ണുകൾ.
നിങ്ങൾ രണ്ടു കടകൾ തുറന്നു വച്ചിരിക്കുന്നു,
അങ്ങോട്ടുമിങ്ങോട്ടുമോട്ടവുമാണു നിങ്ങൾ.
കെണി പോലെ പേടിപ്പിക്കുന്ന കടയടയ്ക്കൂ,
വിൽക്കാൻ ചൂണ്ടയില്ലാത്ത കട തുറന്നു വയ്ക്കൂ.
നീന്തിക്കളിയ്ക്കുന്ന മീനല്ലേ നിങ്ങൾ!


2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എലികളോടോത്താണ് വാസമെങ്കില്‍ പൂച്ചയുടെ നഖങ്ങളവിടെത്തേടിയെത്തും..ദൈവത്തോടൊത്തേകാന്തത്തിലിരിക്കുമ്പോഴേ നിങ്ങള്‍ക്കിളവു കിട്ടുന്നുള്ളൂ..റൂമിയുടെ അര്‍ത്ഥവത്തായ വരികള്‍..പരിഭാഷകന് അഭിനന്ദനങ്ങള്‍.

രമേശ്‌അരൂര്‍ said...

പരിഭാഷ കൊള്ളാം :)