Thursday, December 30, 2010

കാഫ്ക - എഴുത്തും ജീവിതവും



...എന്റെ എഴുത്തിനോടുള്ള എന്റെ മനോഭാവത്തിനും ആളുകളോടുള്ള എന്റെ മനോഭാവത്തിനും മാറ്റം വരാൻ പോകുന്നില്ല; താല്കാലികമായ ഏതെങ്കിലും സാഹചര്യത്തിന്റെ സൃഷ്ടിയല്ല, എന്റെ പ്രകൃതത്തിന്റെ ഭാഗം തന്നെയാണത്. എന്റെ എഴുത്തു നടക്കണമെങ്കിൽ എനിക്കു വേണ്ടത് ഏകാന്തതയാണ്‌; അതു പക്ഷേ, താപസന്റേതല്ല, എനിക്കത്രയും പോരാ; മരിച്ചവരുടെ ഏകാന്തത തന്നെ വേണമെനിക്ക്. എഴുത്ത്, ആ അർത്ഥത്തിൽ മരണത്തെക്കാൾ ഗാഢമായ ഒരു നിദ്രയുമാണ്‌; മരിച്ചവരെ ശവമാടങ്ങളിൽ നിന്നു പറിച്ചെടുക്കാൻ പാടില്ല, അതിനാർക്കും കഴിയുകയുമില്ല എന്നപോലെതന്നെ എന്നെയും രാത്രിയിൽ എന്റെ എഴുത്തുമേശയ്ക്കു പിന്നിൽ നിന്നു പറിച്ചെടുക്കാൻ പാടില്ല, അതിനു കഴിയുകയുമില്ല. ആളുകളുമായുള്ള എന്റെ ബന്ധത്തെ ഇതേതെങ്കിലും തരത്തിൽ ബാധിക്കുന്നുവെന്നല്ല; നിയതവും നിരന്തരവും കർക്കശവുമായ ഈയൊരു രീതിയിലേ എന്റെ എഴുത്തു നടക്കൂ എന്നേ ഇതിനർത്ഥമുള്ളു; ഈ വഴിയേ തന്നെയായിരിക്കും എന്റെ ജീവിതമെന്നും. പക്ഷേ നീ പറയുന്നതുപോലെ നിനക്കു ‘കുറച്ചു വിഷമ’മായിരിക്കും അത്. എനിക്കേതുകാലത്തും ആളുകളെ പ്രതി ഇങ്ങനെയൊരു ഭയമായിരുന്നു; ശരിക്കു പറഞ്ഞാൽ ആളുകളെയല്ല, എന്റെ ക്ഷീണപ്രകൃതിയുടെ മേൽ അവരുടെ കടന്നുകയറ്റത്തെയാണു ഞാൻ പേടിക്കുന്നത്...

ജോലിയോ? എന്നെങ്കിലുമൊരു ദിവസം ജോലി ഉപേക്ഷിക്കാവുന്ന ഒരവസ്ഥയിലേക്കു ഞാനെത്തുമെന്ന വിചാരമേ അസ്ഥാനത്താണ്‌; അതേ സമയം, മുന്നോട്ടു പോകാനുള്ള കഴിവിന്റെ അഭാവത്താൽ ജോലി ഉപേക്ഷിക്കാൻ ഒരു ദിവസം ഞാൻ നിർബന്ധിതനായിത്തീരും എന്ന വിചാരം ഒട്ടും അസ്ഥാനത്തല്ല താനും. ഇക്കാര്യത്തിൽ എനിക്കുള്ള അരക്ഷിതബോധവും ഉത്കണ്ഠയും ഭീകരമാണ്‌; ഇവിടെയും എന്റെ എഴുത്തു തന്നെ പ്രഥമവും പ്രധാനവുമായ കാരണവും. നിന്നെയും എന്നെയും കുറിച്ചുള്ള എന്റെ ആധികൾ ജീവിതത്തിന്റെ ആധികളാണ്‌, ജീവിതത്തിന്റെ ഘടനയുടെ ഭാഗമാണവ; അക്കാരണത്താൽ എന്റെ ഓഫീസുജോലിയുമായി പൊരുത്തപ്പെട്ടുപോവുകയും ചെയ്യുമവ.  പക്ഷേ എഴുത്തും ജോലിയും തമ്മിൽ രജ്ഞിപ്പുണ്ടാവലെന്നതില്ല; കാരണം എഴുത്തിന്റെ ഗുരുത്വകേന്ദ്രം ആഴത്തിലാണ്‌, ജോലിയുടേത് പ്രതലത്തിലും. താഴേക്കു പോവുക, മുകളിലേക്കുയരുക- ഈ പ്രക്രിയയ്ക്കിടയിൽ കീറിപ്പറിഞ്ഞുപോകും ഒരാൾ എന്നതു നിശ്ചയം....

 


(1923 ജൂൺ 26നു കാഫ്ക ഫെലിസിനെഴുതിയ കത്തിൽ നിന്ന്)


No comments: