വണ്ടിപ്പേട്ടയിൽക്കിടന്നു സ്വപ്നം കാണുകയായിരുന്നു   
തീവണ്ടികൾ,    
അവയ്ക്കെഞ്ചിനുകളില്ലായിരുന്നു,    
അവ നിരാലംബരായിരുന്നു.
പുലർച്ചെ കള്ളനെപ്പോലെ ഞാൻ ചെന്നുകേറി;   
ഞാൻ തിരഞ്ഞതു രഹസ്യങ്ങളെ,    
യാത്രയുടെ അവശിഷ്ടഗന്ധത്തിനിടയിൽ    
വിട്ടുപോയ സംഗതികളെ.    
ആളുകളിറങ്ങിപ്പോയ, നിറുത്തിയിട്ട തീവണ്ടിയിൽ    
ഒറ്റയ്ക്കായിരുന്നു ഞാൻ.
കനത്ത വായുവിൽ തിങ്ങിനിന്നിരുന്നു   
ഹതാശമായ സംഭാഷണങ്ങൾ,    
വിട്ടുപോയ വിഷാദങ്ങൾ-    
സീറ്റിനടിയിൽ വീണുപോയ    
താഴില്ലാത്ത ചാവികൾ പോലെ    
നഷ്ടജന്മങ്ങൾ.
പൂച്ചെണ്ടുകളും കോഴികളും നിറച്ച കൂടകളുമായി   
വണ്ടി കേറിയ തെക്കത്തിപ്പെണ്ണുങ്ങൾ-    
അവരെ കൊന്നുവെന്നാകാം;    
അവർ മടങ്ങിവന്നു വിതുമ്മിയെന്നാവാം;    
ലവംഗപുഷ്പങ്ങളുടെ ജ്വാലയിൽ    
അവർ ഈ തീവണ്ടിമുറികൾ ദഹിപ്പിച്ചുവെന്നാകാം;    
അവരോടൊപ്പം യാത്ര ചെയ്യുകയാണു ഞാനെന്നുമാവാം;    
യാത്രയുടെ നീരാവി,    
നനഞ്ഞ പാളങ്ങൾ-    
നിശ്ചലമായ ഈ തീവണ്ടിയിൽ    
സകലതിനും ജീവൻ വയ്ക്കുന്നുവെന്നാകാം;    
ഞനോ, നിർഭാഗ്യങ്ങൾ കാണാൻ ഞെട്ടിയുണരുന്ന    
യാത്രക്കാരനുമാവാം.
ഞാനിരിക്കുമ്പോൾ   
എന്റെയുടലിലൂടിരച്ചുപായുകയാണു വണ്ടി;    
എന്റെയുള്ളിലെ അതിരുകൾ    
അതിടിച്ചിടുന്നു;    
എന്റെ ബാല്യത്തിൽ ഞാനറിഞ്ഞ തീവണ്ടിയല്ലേയിത്?    
പുകഞ്ഞു പിറക്കുന്ന പുലരി,    
വേനലിന്റെ കയ്പ്പും മധുരവും.
വേറെയുമുണ്ടായിരുന്നു പാഞ്ഞുപോയ തീവണ്ടികൾ,   
അവയിൽ കുത്തിനിറച്ചിരുന്നു    
കീലുപോലെ ശോകങ്ങൾ;    
എന്റെയെല്ലുകളെ കനപ്പിച്ചൊരു പുലർച്ചെ    
അനക്കമറ്റൊരു തീവണ്ടി    
പാഞ്ഞുപോയതീവിധം.
ഏകാന്തമായ തീവണ്ടിയിൽ   
ഒറ്റയായിരുന്നു ഞാൻ;    
പിന്നെയുമെത്രയോ ഏകാന്തതകൾ തടിച്ചുകൂടിയിരുന്നു    
യാത്രയുടെ പ്രത്യാശയോടെ     
പ്ളാറ്റ്ഫോമിൽ കാത്തിരിക്കുന്ന ഗ്രാമീണരെപ്പോലെ.    
കാറ്റു പോയ പുക പോലെ    
വണ്ടിക്കുള്ളിൽ ഞാനിരുന്നു;    
എനിക്കു ചുറ്റും തിക്കിത്തിരക്കിയിരുന്നു    
അത്രയധികം ആത്മാക്കൾ,    
എന്റെ നെഞ്ചിൽ കനം തൂങ്ങിയിരുന്നു    
അത്രയധികം മരണങ്ങൾ;    
എനിക്കു ജന്മം നഷ്ടമായ ഈ യാത്രയിൽ    
യാതൊന്നുമിളകിയില്ല,    
എന്റെ തളർന്ന ഹൃദയമൊഴികെ    
ഒന്നും.    

2 comments:
I'm Explaining a Few Things എന്ന കവിത പരിഭാഷപ്പെടുത്തുമോ ??
അതിവിടെയുണ്ട് :
http://paribhaasha.blogspot.com/2010/07/blog-post_02.html
Post a Comment