Sunday, December 19, 2010

കാഫ്ക-ഫെലിസിന്


1913 ഏപ്രിൽ 1

എനിക്കൊരിക്കലും നിന്നെ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ്‌ എന്റെ ഭയം ( അതിനെക്കാൾ മോശപ്പെട്ടതൊന്ന് പറയാനും കേൾക്കാനുമുണ്ടാവില്ലെന്നതു തീർച്ച). കൂടിപ്പോയാൽ  ആലോചനയില്ലാതെ കൂറു കാണിക്കുന്ന ഒരു നായയെപ്പോലെ നീ അശ്രദ്ധമായി നീട്ടിക്കാണിക്കുന്ന കൈയിൽ മുഖമുരുമ്മാൻ എനിക്കായെന്നു വരാം; അതു പക്ഷേ പ്രേമത്തിന്റെയല്ല, നിശബ്ദതയ്ക്കും നിത്യവിരഹത്തിനും വിധിക്കപ്പെട്ട ഒരു ജന്തുവിന്റെ നൈരാശ്യത്തിന്റെ ലക്ഷണമേയാകുന്നുള്ളു. നിന്റെ അരികിലിരുന്ന് നിന്റെ ദേഹത്തിന്റെ നിശ്വാസവും ജീവനും അനുഭവിക്കുമ്പോൾത്തന്നെ യഥാർത്ഥത്തിൽ ഈ മുറിയിലിരിക്കുമ്പോഴത്തേതിനെക്കാൾ അകലെയായിരിക്കും നിന്നിൽ നിന്നും ഞാൻ . എനിക്കൊരിക്കലും നിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ല; നീ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോഴോ, തലയ്ക്കു കൈ കൊടുത്തിരിക്കുമ്പോഴോ നിന്റെ ശ്രദ്ധയിലേക്കു വരാൻ പോകുന്നില്ല ഞാൻ. കൈ കോർത്തുപിടിച്ച് ഈ ലോകം മുഴുവൻ നാം കടന്നുപോകും; അത്ര യോജിപ്പാണു നമുക്കെന്നു തോന്നിയാലും സത്യത്തിൽ നിന്നേറെയകലെയായിരിക്കുമത്. ചുരുക്കത്തിൽ നിനക്കപായം പറ്റാവുന്നത്ര നീ എന്നിലേക്കു ചാഞ്ഞാൽക്കൂടി നിന്നിൽ നിന്ന് എന്നെന്നേക്കുമായി ബഹിഷ്കൃതനായിരിക്കും ഞാൻ.

ഇതു സത്യമാണെങ്കിൽ ഫെലിസ്- അങ്ങനെയല്ലെന്ന് എനിക്കു തോന്നലുമില്ല- ആറു മാസം മുമ്പേ നിന്നിൽ നിന്നു പിരിയുന്നതിനു മതിയായ കാരണങ്ങൾ എനിക്കുണ്ടായിരുന്നു; അത്രയും തന്നെ കാരണങ്ങളുണ്ടായിരുന്നു, നീയുമായി  ഒരു മാമൂൽബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിനും; എന്തെന്നാൽ ഇന്ന് ഈ ലോകത്ത് എന്നെ - ഈ ലോകത്തിനു ചേരാത്ത എന്നെ - താങ്ങിനിർത്തുന്ന ദുർബലശക്തികളിൽ നിന്നുള്ള വിച്ഛേദമായിരിക്കും അങ്ങനെയൊരു ബന്ധത്തിന്റെ പരിണതഫലം.

ഞാൻ നിർത്തുകയാണു ഫെലിസ്. ഇന്നത്തേക്കുള്ളതു ഞാൻ എഴുതിക്കഴിഞ്ഞു.

ഫ്രാൻസ്


No comments: