Sunday, December 26, 2010

റൂമി - സ്വർഗ്ഗമോഹിപ്പക്ഷികൾ

File:Faience Plate Melograno.jpg


സത്യകാമന്മാരേ, പറന്നുപൊങ്ങുക!
സ്വർഗ്ഗത്തേക്കു പോവുക നാം.
ഈ ലോകം വേണ്ടത്ര കണ്ടുകഴിഞ്ഞു നാം,
ഇനി നമുക്കു മറ്റൊന്നു കാണുക.

വേണ്ട വേണ്ട, ഇവിടെയും തങ്ങരുതു നാം.
തോട്ടങ്ങളിൽ സൗന്ദര്യമൊഴുകട്ടെ,
നമുക്കു പോയി തോട്ടക്കാരനെ കാണുക.

വരൂ വരൂ,
രുഷ്ടപ്രവാഹം പോലെ കടലിനെ വണങ്ങി
നമുക്കു പോകാം.

വരൂ വരൂ,
നുരയുന്ന തിരകൾക്കു മേൽ
നമുക്കു പ്രയാണം പോകാം.

വിശപ്പിന്റെയും കണ്ണീരിന്റെയും മരുനിലം വിട്ടു
കല്യാണവിരുന്നിനു പോവുക നാം.
നമ്മുടെ ഹൃദയങ്ങള്‍ പിടയ്ക്കുന്നു,
ഞെട്ടിറുന്ന പഴുക്കിലകൾ പോലെ
വിറകൊള്ളുന്നു നാം.
അനക്കം കൊള്ളാത്ത മലകളാവുക നാം.

ഭ്രഷ്ടനു യാതനയിൽ നിന്നു മോചനമെവിടെ?
പൊടിക്കുണ്ടിൽ കഴിയുന്നവനു
പൊടിയിൽ നിന്നു മോചനമെവിടെ?
തേൻ കുടിച്ചു പറക്കുന്ന
നാകമോഹന്മാരാവുക നാം.

അരൂപിയൊരുത്തന്റെ രൂപങ്ങളാണു
നമുക്കു ചുറ്റും.
രൂപങ്ങളെക്കൊണ്ടു മതിയായി നമുക്ക്!
രൂപങ്ങളില്ലാത്തവനിലേക്കു പോവുക നാം.

യാതനകളുടെ ഈ വഴിയിൽ
പ്രണയമാകട്ടെ നമുക്കു വഴികാട്ടി.
ചോരുന്ന കൂരയിൽ വീഴുന്ന മഴയാണു നാം.
ഓട്ടകൾ വിട്ടോവിലൂടൊഴുകുക നാം.

തലയിൽ നിന്നു കാൽവിരലിലേക്കു ഞാണു മുറുക്കിയ
വളഞ്ഞ വില്ലുകളാണു നാം.
ഞാൺ വിട്ടു പായുന്ന കണ പോലെ
നേരെയാവട്ടെ നാം.

പൂച്ചയെക്കണ്ടു വിരണ്ട എലികളാണു നാം;
എന്നാൽ നമുക്കുള്ളിലുണ്ട്
സിംഹത്തിന്റെ ഗർജ്ജനവും.
ആ സിംഹമാവുക നാം.

നമ്മുടെ നാഥന്റെ സ്നേഹം തിളക്കട്ടെ
നമ്മുടെ ഹൃദയദർപ്പണങ്ങളെ.
കൈനിറയെ കാഴ്ചകളുമായി
അവനു മുന്നിലേക്കു പോവുക നാം.

ഇനി നാവടക്കുക നാം,
ഇനി സംസാരിക്കട്ടെ നാവുകൾ തന്നവൻ.
ഇനി നിശ്ശബ്ദരാവുക നാം,
രാത്രിയിൽ രഹസ്യത്തിൽ
അവൻ വിളിക്കുന്നതു കേൾക്കട്ടെ നാം.


1 comment:

http://13buterflys.blogspot.com said...

“യാതനകളുടെ ഈ വഴിയിൽ
പ്രണയമാകട്ടെ നമുക്കു വഴികാട്ടി“.
ഈ സമൂഹത്തിലെ വെളിച്ചമാണു ഈ വാക്ക്