Monday, December 13, 2010

നെരൂദ - അലസതയ്ക്കൊരു സ്തുതിഗീതം

image




ഇന്നലെയെനിയ്ക്കു തോന്നിപ്പോയി
എന്റെ കവിത മുളയെടുക്കാൻ പോകുന്നില്ലെന്ന്.
ഓരിലയെങ്കിലും
നീട്ടേണ്ടതല്ലേയത്?
ഞാൻ മണ്ണു മാന്തി:
“പുറത്തേയ്ക്കു വന്നാട്ടെ,
കവിതപ്പെങ്ങളേ,”
ഞാൻ പറഞ്ഞു,
“നിന്നെ സൃഷ്ടിച്ചേക്കാമെന്നു ഞാൻ
വാക്കു കൊടുത്തുപോയല്ലോ.
എന്നെ പേടിക്കുകയൊന്നും വേണ്ട നീ,
നിന്റെ നാലിലകളിൽ,
നാലു കാലുകളിൽ
ഞാൻ കയറിച്ചവിട്ടുകയൊന്നുമില്ല.
വാ, നമുക്കൊരുമിച്ചു ചായ കഴിക്കാം,
സൈക്കിളുമെടുത്തു കടപ്പുറത്തു പോകാം.”
പറഞ്ഞതൊക്കെ വെറുതെയായി.

അപ്പോഴല്ലേ,
പൈന്മരങ്ങൾക്കിടയിൽ
സുന്ദരിയായ അലസതയെ
നഗ്നയായി ഞാൻ കാണുന്നു.
കണ്ണു മിഴിച്ചും വാ പൊളിച്ചും നിന്ന എന്നെ
അവൾ കൈ പിടിച്ചു കൊണ്ടുപോയി.
അവളെനിക്കു കാട്ടിത്തന്നു
പൂഴിമണ്ണിൽ ചിതറിയ കടൽപ്പണ്ടങ്ങൾ,
കാണ്ടാമരങ്ങൾ, കടൽപ്പായൽ, കല്ലുകൾ,
കടൽപ്പക്ഷികളുടെ തൂവലുകൾ.
തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ലെനിക്ക്
മഞ്ഞിച്ച വൈഡൂര്യങ്ങൾ.
തിരകളുടെ സ്തംഭങ്ങളിടിച്ചിട്ടും,
എന്റെ പെറ്റനാടിന്റെ തീരങ്ങൾ കവർന്നും,
അപായങ്ങളുടെ നുരയും പതയും
നിരന്തരമയച്ചും
കടലുരുണ്ടുകൂടി.
ഒരേകാന്തപുഷ്പത്തിന്റെ പ്രകാശനാളം
പൂഴിയിൽ.
വെള്ളിൽക്കിളികൾ യാത്ര പോകുന്നതു
ഞാൻ കണ്ടു,
കറുകറുത്ത കുരിശുകൾ പോലെ
പാറയിൽ പറ്റിയിരിക്കുന്ന
നീർക്കാക്കകളെ ഞാൻ കണ്ടു.
ഒരു ചിലന്തിവലയുടെ പ്രാണവേദനയിൽ നിന്ന്
ഒരു തേനീച്ചയെ ഞാൻ മോചിപ്പിച്ചു,
കീശയിൽ ഞാനൊരു
വെള്ളാരങ്കല്ലെടുത്തിട്ടു,
മിനുസമായിരുന്നുവത്,
ഒരു കിളിയുടെ മാർവിടം പോലെ മിനുസം.
തീരത്തീനേരം
സന്ധ്യ മുഴുവൻ തമ്മിൽപ്പോരായിരുന്നു
വെയിലും മൂടൽമഞ്ഞും.
ചിലനേരം മഞ്ഞു തിളങ്ങി
പുഷ്യരാഗത്തിന്റെ ദീപ്തിയിൽ,
ചിലനേരത്തു സൂര്യനയച്ചു
മഞ്ഞപ്പു തുള്ളിയിറ്റുന്ന രശ്മികൾ.

അന്നു രാത്രിയിൽ,
പിടി തരാതെ പോയ കവിതയുടെ കടമയുമോർത്ത്
തീയ്ക്കരികെയിരുന്നു ചെരുപ്പൂരുമ്പോൾ
മണൽത്തരികൾ അതില്‍ നിന്നു ചൊരിഞ്ഞുവീണു,
പിന്നെ വേഗം ഞാനുറക്കവുമായി.

1 comment:

രാമൊഴി said...

അവളെനിക്കു കാട്ടിത്തന്നു
പൂഴിമണ്ണിൽ ചിതറിയ കടൽപ്പണ്ടങ്ങൾ,
കാണ്ടാമരങ്ങൾ, കടൽപ്പായൽ, കല്ലുകൾ,
കടൽപ്പക്ഷികളുടെ തൂവലുകൾ.
തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ലെനിക്ക്
മഞ്ഞിച്ച വൈഡൂര്യങ്ങൾ.

liked it..