Tuesday, December 14, 2010

സ്ബിഗ്നിയെവ് ഹെർബർട്ട്-സ്വപ്നങ്ങളുടെ നിസ്സാരത


എത്ര നിസ്സാരമായിപ്പോയി നമ്മുടെ സ്വപ്നങ്ങൾ പോലും
എവിടെ നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും നിദ്രകളിലെ ഘോഷയാത്രകൾ
പക്ഷികളെപ്പോലെ ഉജ്ജ്വലവർണ്ണങ്ങളണിഞ്ഞും
അവയെപ്പോലെ മദിച്ചും
വെട്ടിത്തിളങ്ങുന്ന തൂക്കുവിളക്കുകൾക്കടിയിലൂടെ
കൊട്ടാരപ്പടവുകൾ കയറിപ്പോയിരുന്നുവല്ലോ അവർ
ഇന്നൊരൂന്നുവടി മാത്രം പരിചയമായ മുത്തശ്ശന്റെ അരയിൽ
ഒരു വെള്ളിവാൾ പറ്റിക്കിടന്നിരുന്നു
സ്നേഹം കിട്ടാത്ത മുത്തശ്ശി
അദ്ദേഹത്തിന്റെ ആദ്യകാമുകിയുടെ ഭാവം മുഖത്തു വരുത്താൻ
ദയവു കാണിക്കുകയും ചെയ്തു

ചുരുട്ടിന്റെ ധൂമപടലം പോലെയുള്ള മേഘങ്ങൾക്കുള്ളിൽ നിന്ന്
ഇശൈയാവ് അവരോടുദ്ഘോഷിച്ചിരുന്നു
തിരുവത്താഴത്തിന്റെ അപ്പം പോലെ വിളർത്ത തെരേസാപുണ്യവതി
വിറകിന്റെ കെട്ടുമായി നില്ക്കുന്നത് യഥാർത്ഥമായും അവർ കണ്ടിരുന്നു

താർത്താറുകളുടെ പറ്റം പോലെ പെരുത്തതായിരുന്നു അവരുടെ ഭീതി
സ്വർണ്ണവർഷം പോലെയായിരുന്നു സ്വപ്നത്തിൽ അവരുടെ ആഹ്ളാദം

എന്റെ സ്വപ്നമോ- വാതില്ക്കൽ മുട്ടു കേൾക്കുന്നു
കുളിമുറിയിൽ മുഖം വടിക്കുകയാണു ഞാൻ
ഞാൻ ചെന്നു വാതിൽ തുറക്കുന്നു
ഗ്യാസിന്റെയും കറണ്ടിന്റെയും ബില്ലുമായി ഒരാൾ
കൈയിൽ കാശില്ല
6350 എന്ന സംഖ്യയും ധ്യാനിച്ചുകൊണ്ട്
ഞാൻ കുളിമുറിയിലേക്കു മടങ്ങുന്നു
കണ്ണുയർത്തിനോക്കുമ്പോൾ കണ്ണാടിയിൽ കണ്ട മുഖം എത്ര യഥാർത്ഥം
ഞാൻ നിലവിളിച്ചുകൊണ്ടു ചാടിയെഴുന്നേല്ക്കുന്നു

ഒരാരാച്ചാരുടെ ചുവന്ന കുപ്പായം
ഒരു മഹാറാണിയുടെ രത്നഹാരം
ഒരിക്കലെങ്കിലും സ്വപ്നം കാണാനെനിക്കായെങ്കിൽ
സ്വപ്നങ്ങളോടെത്ര കടപ്പെട്ടവനായേനെ ഞാൻ