Sunday, January 31, 2010

നെരൂദ- ലജ്ജ

File:Neruda Argentina.jpg

ഞാനെന്നൊരാളുണ്ടെന്ന്
ഞാനായിട്ടറിയുമായിരുന്നില്ലെനിക്ക്‌;
ജീവിക്കാൻ, ജീവിച്ചുപോകാൻ
ഉറപ്പില്ലാതെ ജീവിച്ചു ഞാൻ.
എന്നെക്കാണരുതാരും,
ഞാനുണ്ടെന്നറിയരുതാരും.
വിളറി ഞാൻ, മെലിഞ്ഞു ഞാൻ,
ശ്രദ്ധ നിൽക്കാതെയായി ഞാൻ.
എന്നൊച്ച കേട്ടാരുമറിയരുതെന്നെ,
മിണ്ടാനേ പോയില്ല ഞാനതിനാൽ;
എന്നെക്കണ്ടാരെന്നറിയരുതാരും,
കൺവെട്ടത്തു പോയില്ല ഞാനതിനാൽ.
ഒരു നിഴൽ പമ്മിപ്പോകുമ്പോലെ
ചുമരോരം പറ്റി നടന്നു ഞാൻ.

ചെമ്പിച്ച മേച്ചിലോടിൽ,പുകയിൽ
മറഞ്ഞുനിൽക്കാൻ മോഹിച്ചു ഞാൻ:
എനിക്കവിടെ നിൽക്കണം,
എന്നാലാരും കാണാതെ,
എങ്ങും പോയിക്കൂടണം,
എന്നാലകലം വയ്ക്കണം.
വസന്തത്തിന്റെ താളത്തിൽ
ഇന്നതല്ലാത്ത ഞാനിനെ
തൊടുത്തുവയ്ക്കാൻ കൊതിച്ചു ഞാൻ.

ഒരു പെൺകുട്ടിയുടെ മുഖം,
ഒരോറഞ്ചിന്നർദ്ധഗോളങ്ങൾ പോലെ
പകലിനെ നെടുകേ പകുക്കുന്ന
ഒരു ചിരിയുടെ ശുദ്ധവിസ്മയം-
കാതരനായി, നിർവ്വീര്യനായി
തെരുവു മാറിപ്പോയി ഞാൻ.
ജലത്തിനത്രയരികത്തായി,
എന്നാലതിന്‍ കുളിരു നുകരാതെ,
തീയിനത്രയ്ക്കരികത്തായി
എന്നാലതിൻ നാളത്തെ മുകരാതെ
അഭിമാനത്തിന്റെ മുഖംമൂടിയിൽ
എന്നെപ്പൊതിഞ്ഞുവച്ചു ഞാൻ.
കുന്തം പോലെ മെലിഞ്ഞവൻ,
അതുപോലെ ധാർഷ്ട്യമുറ്റവൻ,
അന്യന്റെ വാക്കു കേട്ടില്ല
എന്റെ വാക്കു കേൾപ്പിച്ചുമില്ല
(അതിനുള്ളതു ഞാൻ ചെയ്തു).

പൊട്ടക്കിണറ്റിൽ വീണ നായയുടെ
ആഴം മൂടിയ മോങ്ങലായിരുന്നു
എന്റെ വിലാപം.

Saturday, January 30, 2010

നെരൂദ- മതം കിഴക്ക്‌

File:Pablo Neruda.jpg
സാധുമനുഷ്യന്റെ ശത്രുക്കളാണ്‌
ദൈവത്തെപ്പോലെ ദൈവങ്ങളുമെന്നു
ഞാനറിഞ്ഞതു റംഗൂണിൽ വച്ച് .
വെള്ളത്തിമിംഗലങ്ങളെപ്പോലെ
പതിഞ്ഞുകിടക്കുന്ന
വെൺകല്ലിൽപ്പടുത്ത ദൈവങ്ങൾ,
ഗോതമ്പു പോലെ
പൊന്നു പൂശിയ ദൈവങ്ങൾ,
ജന്മപാപങ്ങൾക്കു മേൽ
ചുരുട്ടയിട്ട സർപ്പദൈവങ്ങൾ,
കൊടുംകുരിശ്ശിലെ ക്രിസ്തുവിനെപ്പോലെ
പൊള്ളയായ നിത്യതയുടെ
മദിരോത്സവങ്ങൾ നോക്കി മന്ദഹസിക്കുന്ന
നഗ്നരും സുഭഗരുമായ ബുദ്ധന്മാർ,
ഒരുമ്പെട്ടു നിൽക്കയാണെല്ലാവരും-
തോക്കും ദണ്ഡനവും കൊണ്ട്‌
അവരുടെ സ്വർഗ്ഗം
നമുക്കു മേൽ ചുമത്താൻ,
നമ്മുടെ ഭക്തി വാങ്ങാൻ,
നമ്മുടെ ചോര പൊരിക്കാൻ,
സ്വന്തം ഭീരുത്വം മൂടിവയ്ക്കാൻ
മനുഷ്യൻ സൃഷ്ടിച്ച ഘോരദൈവങ്ങൾ.
അവിടെയെല്ലാം അങ്ങനെയായിരുന്നു,
സ്വർഗ്ഗം നാറുന്ന ലോകം,
ചന്ത പോലെ നാറുന്ന സ്വർഗ്ഗലോകം.
Neruda.svg

Wednesday, January 27, 2010

റുബേൻ ദാരിയോ – മൂന്നു കവിതകള്‍

സാന്നിധ്യം

ദൈവം കടന്നുപോകുമ്പോൾ
വെളിപാടു കൊണ്ടൊരാൾ വിറകൊള്ളുന്നു;
വെളിച്ചത്തിൻ കതിരു പോലെ
ഒരുവരി കവിത വിരിയുന്നു.
തലച്ചോറിൻ മടക്കുകൾക്കടിയിൽ
ബാക്കി കിടക്കുന്നതിത്രയും:
ഓർമ്മ വന്ന സ്ത്രീമുഖം,
സ്വപ്നം കണ്ട നീലിമ!

* * *

അമ്മയായി നിന്നെക്കാണാൻ
ഇഷ്ടമില്ല കറുമ്പിപ്പെണ്ണേ.
നിന്റെ വീടിന്നരികത്തായി
തോടൊന്നുണ്ടെന്നു കേൾക്കുന്നു;
നീന്താൻ പഠിച്ചിട്ടല്ല മനുഷ്യൻ
പിറക്കുന്നതെന്നും പറയുന്നു!

തത്വശാസ്ത്രം

സൂര്യനു കുശലം പറയുക ചിലന്തീ!
മുഷിഞ്ഞിരിക്കുന്നതെന്തിന്‌?
നന്ദി ചൊല്ലുക തവളേ നീ
ജീവൻ തന്ന ദൈവത്തിന്‌.
ഞണ്ടിന്റെ തോടിലാകെ
റോജാച്ചെടി പോലെ മുള്ളുകൾ-
ഭാര്യമാരും കക്കാജാതിയും
ഒരുമിക്കുന്നതങ്ങനെ!

രൂപമെടുത്ത സമസ്യകളേ,
നിങ്ങളായതു നിങ്ങളാവുക;
പ്രകൃതിയ്ക്കു വിടുക പിന്നെയൊക്കെ;
അവൾക്കു കൈമാറാൻ ദൈവമുണ്ട്‌.
(നിലാവിനെ കീർത്തിക്ക,ചീവീടേ!
കരടീ,മതിപോലെ നൃത്തം വയ്ക്കൂ!)

Tuesday, January 26, 2010

സൂഫി പറഞ്ഞ കഥകൾ

നിഷാപ്പൂരിലെ അത്തർ
*
യേശുവിന്റെ മറുപടി

തങ്ങളുടെ തെരുവിലൂടെ കടന്നുപോയ യേശുവിനെ ചില യഹൂദന്മാർ കളിയാക്കി. അദ്ദേഹം പക്ഷേ തിരിച്ചൊന്നും പറയാതെ തന്റെ പ്രാർത്ഥനയിൽ അവരെക്കൂടി ഉൾപ്പെടുത്തുകയേ ചെയ്തുള്ളു.
ആരോ അദ്ദേഹത്തോടു ചോദിച്ചു:
'അവർക്കു വേണ്ടി പ്രാർത്ഥിക്കുകയാണല്ലോ അവിടന്നു ചെയ്തത്‌. അങ്ങയ്ക്കവരോടു വിദ്വേഷം തോന്നിയില്ലേ?'
യേശു പറഞ്ഞു:
'എന്റെ മടിശ്ശീലയിലുള്ളതല്ലേ എനിക്കു ചിലവാക്കാനാവൂ.'
*
ചന്ദ്രൻ

ചന്ദ്രനോടാരോ ചോദിച്ചു:
'എന്താ തന്റെ ഏറ്റവും വലിയ ആഗ്രഹം?'
അതു പറഞ്ഞു:
'സൂര്യൻ മറഞ്ഞുപോകണം; മേഘങ്ങളതിനെ എക്കാലവും മറയ്ക്കണം.'
*

Monday, January 25, 2010

റുബേൻ ദാരിയോ-ഹേമന്തഗീതം

File:James Abbot McNeill Whistler 009.jpg

മഴ പെയ്യുന്നു-കരിമേഘങ്ങൾ മറയ്ക്കുന്നു സൂര്യനെ; ശരീരങ്ങളിൽ ചൂടും വെട്ടവും വിതറി, ആത്മാക്കൾക്കു ചൂടും വെട്ടവും നൽകുന്ന ആ വെളിച്ചത്തെ.

തണുപ്പാണ്‌; പകൽ ഇരുണ്ടതാണ്‌. ഹൃദത്തിനുള്ളിലും തണുപ്പാണ്‌, ആത്മാവിൽ മഞ്ഞു വീഴുകയുമാണ്‌.

ഹിമപാതം കൊണ്ട്‌, ആഞ്ഞടിക്കുന്ന വടക്കൻകാറ്റു കൊണ്ട്‌ പൂക്കൾ തല്ലിക്കൊഴിക്കുന്നു പരുഷഹേമന്തം.

ഹേമന്തത്തിൽ പകലുകൾ രാവുകൾ പോലെ ഇരുണ്ടിട്ടാണ്‌.

ശവമാടത്തിൽ നിത്യരാത്രിയാണ്‌.

വേദന മധുരിക്കുമ്പോൾ നാം നിദ്രയിലാഴുന്നു; നിദ്രയിൽ നാം കിനാവുകൾ കാണുന്നു; കിനാവുകൾക്ക്‌ തുടുത്ത നിറവുമാണ്‌.

ഇനി നാമുറങ്ങേണ്ട ശവമാടത്തിൽ ദൈവമേ, സ്വപ്നങ്ങളേതു വിധം?

ഉറങ്ങിയുണരുമ്പോൾ കിനാവിലറിഞ്ഞ ആനന്ദങ്ങളെയോർത്ത്‌ നാം മന്ദഹാസം തൂകുന്നു. പിന്നെ നമ്മുടെ നെറ്റി ചുളിയുന്നു, കണ്ണുകൾ ഇരുളുന്നു, മുന്നിൽ വന്നുനിൽക്കുന്നു യാഥാർത്ഥ്യം-സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമായിരുന്നു.

ശവമാടത്തിനുള്ളിലും ഉറക്കമുണരില്ലേ നാം? കെട്ടിപ്പൊക്കിയ മായകൾക്കു പിന്നാലെ മുറിപ്പെടുത്തുന്ന യാഥാർ ത്ഥ്യങ്ങൾ വന്നെത്തുകില്ലേ? ആത്മാവിലുണ്ടാവുമോ പുഷ്പഗന്ധം,നക്ഷത്രവെളിച്ചം,പുലരിവെട്ടം,മുഗ്ധഹാസം,സ്വർഗ്ഗീയോഷ്മളത? ഹേയ്‌, ആത്മാവുകൾക്കില്ല ഹിമപാതങ്ങൾ,കൊഴിഞ്ഞ പൂക്കൾ, നക്ഷത്രങ്ങളെ മറയ്ക്കുന്ന മേഘങ്ങൾ, കുഞ്ഞുതോണികൾ തകർക്കുന്ന മൂടൽമഞ്ഞുകൾ,ഹൃദയങ്ങൾക്കു കരുതിയ റോജാപ്പൂക്കളും മുള്ളുകളും, പാവം മാടപ്രാവുകളുടെ ചിറകുകൾ പറി യ്ക്കുന്ന മുൾക്കാടുകൾ.

ഈ ലോകത്ത്‌, പകലുനേരത്തെ വെയിൽച്ചൂടിനും നിലാവിന്റെ വെള്ളിവെട്ടത്തിനും ശേഷം,നക്ഷത്രദീപ്തികൾക്കു ശേഷം, വസന്തരാത്രികളിലെ, ഗ്രീഷ്മരാത്രികളിലെ മധുരമന്ത്രണങ്ങൾക്കു ശേഷം ഹേമന്തം വരികയായി-തണുപ്പും കൊണ്ടെത്തുന്ന ഹേമന്തം; പൂക്കളെയും വ്യ്യാമോഹങ്ങളെയും ഒപ്പം ജീവിതത്തെയും വീഴ്ത്തുന്ന ഹേമന്തം!

ദുഃഖഭരിതമാണു ഹേമന്തം; ദേഹത്തിനു സാന്ത്വനമണയ്ക്കാൻ ഊഷ്മളതകളൊന്നുമില്ലാത്ത, ആത്മാവിനു ജീവ നേകാൻ മധുരവ്യാമോഹങ്ങളൊന്നുമില്ലാത്ത ജീവികൾക്ക്‌ മനസ്സിടിയ്ക്കുന്നതാണു ഹേമന്തം.

എന്നാലും ധന്യ നീ പ്രാക്തനഹേമന്തമേ; അലസം പൊഴിയുന്ന മഴയ്ക്കു കാതോർക്കവെ,കനത്ത മൂടൽമഞ്ഞു ഞങ്ങളെ വന്നു പൊതിയവെ,ഞങ്ങൾക്കു മേലിഴഞ്ഞുകേറുന്ന മധുരനൊമ്പരവുമായി തണുപ്പു വന്നെത്തവെ, പതുപതുത്ത രോമക്കുപ്പായങ്ങളിൽ മൂടിപ്പുതച്ചിരുന്നു ഞങ്ങളറിയുന്നുണ്ടല്ലോ ആത്മാവിൽ പ്രകൃതിയ്ക്കന്യമായൊരു വെളിച്ചം; ഹൃദയത്തിൽ അത്രയകലെയായൊരു വസന്തവും.

ഞങ്ങൾ കേൾക്കുന്നുണ്ട്‌ കിളികൾ പാടുന്നതും തേനീച്ചകൾ മുരളുന്നതും;ഞങ്ങൾ കാണുന്നുണ്ട്‌ കൊലുമ്പൻ ഞെട്ടു കളിൽ ലില്ലിപ്പൂക്കൾ നിന്നു പതറുന്നത്‌; ഞങ്ങളിലേക്കെത്തുന്നുണ്ട്‌ സൂര്യകാന്തികളുടെയും മുല്ലപ്പൂക്കളുടെയും സൗഗന്ധം; കേൾക്കുന്നുണ്ട്‌ ദീർഘവൃക്ഷങ്ങളിൽ തെന്നലിന്റെ മർമ്മരം; കാണുന്നുണ്ട്‌ പച്ചപ്പുല്ലു നനയ്ക്കുന്ന മഞ്ഞിന്റെ മുത്തുമണികളും. ഒക്കെയും ഞങ്ങളുടെ ഹൃദയങ്ങൾക്കുള്ളിൽ.

മഞ്ഞു പെയ്യുന്നുവോ?

സ്വാഗതം! എന്തു വെളുപ്പാണാ ഹംസതൂലികാവർഷത്തിന്‌!

തണുപ്പുണ്ടെന്നോ?

അതറിയുന്നുമില്ല ഞങ്ങൾ. ഞങ്ങളുടെ ഹൃദയത്തിൽ ഒരു തീയെരിയുന്നുണ്ട്‌; അതു ഞങ്ങൾക്കു നൽകുന്നു ചൂടും വെളിച്ചവും ജീവനും.

ഈറനായി പൂപ്പൽ പിടിച്ചുവോ സർവ്വതും? റോജാപ്പൂക്കൾ ഉണങ്ങിക്കൊഴിഞ്ഞുവെന്നോ? നഗ്നമാണു മരങ്ങളെന്നോ?
അതു കേട്ടു മന്ദഹാസം തൂവുകയാണാത്മാവ്‌. ആത്മാവിലുണ്ട്‌ മദഗന്ധമാർന്ന പൂക്കൾ; ആത്മാവിലൂണ്ട്‌ മുളയെ ടുത്തുവളരുന്ന ദിവ്യവൃക്ഷങ്ങൾ, സുന്ദരവുമായവ; ആത്മാവിലുണ്ട്‌ സംഗീതം,ലയം,ഉയിരു നൽകുന്ന കവിതകളും; അതും കേട്ട്‌ കണ്ണുകൾ പാതിയടച്ച്‌ ഞങ്ങൾ സ്വപ്നങ്ങളിലാഴുന്നു; അപ്പോൾ ഞങ്ങൾക്കു കാണാറാകുന്നു ആകാ ശത്തിന്റെ നരച്ച ആവരണത്തിനുമപ്പുറം പുലരിയുടെ ചുവപ്പും നീലിമയും,സന്ധ്യയുടെ മൃദുഹാസം.

തണുപ്പാണ്‌,മഞ്ഞു പൊഴിയുകയാണ്‌,മഴ പെയ്യുകയാണ്‌. ആയിരം ദീപങ്ങളെരിയുന്ന നാടകശാലയിലേക്ക്‌, നൃത്തശാലയിലേക്കു പോവുക നാം! സ്റ്റൗവിൽ തീയാളിക്കത്തുന്നുണ്ട്‌; സംഗീതത്തിന്റെ ജയഘോഷം മുഴങ്ങുന്നു; കളിചിരികൾക്കിടയിൽ വട്ടം ചുറ്റി നൃത്തം വയ്ക്കുകയാണിണകൾ; തുമ്പു കെട്ട പൂമ്പാറ്റകളെപ്പോലെ ചുഴലം പറക്കുന്നു സ്വപ്നങ്ങളും. കണ്ണുകൾ ഒളി പായിക്കുന്നു-ചിലത്‌ കറുത്തതും ആഴമുള്ളതും, ചിലത്‌ നീലിച്ചതും ആർദ്രവും. ചുവന്ന ചുണ്ടുകൾ കഥയില്ലായ്മകൾ മൊഴിയുന്നു. മഴ പൊഴിയുന്നതു നാം കാതോർക്കുന്നു; ഒരു വെള്ളിവിരിപ്പു പോലെ മഞ്ഞു വന്നു വീഴുന്നത്‌ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ നാം കാണുന്നു; നാം നമ്മോടു തന്നെ പറയുകയാണ്‌:'എത്ര മനോഹരം! എത്ര മനോഹരമാണീ ഹേമന്തം!'

എത്ര ഭീതിദമാണതു പക്ഷേ, ഉള്ളു കൊണ്ടതിനെ നാമറിയുമ്പോൾ. നമ്മുടെ ആത്മാവിനുള്ളിൽ അതിന്റെ രാജ്യഭാരമാണ്‌; അതിനൊപ്പമുണ്ട്‌ മരണവുമായെത്തുന്ന തണുപ്പും.

എന്നാലും നമ്മുടെ സ്വപ്നോദ്യാനത്തിൽ റോജാപ്പൂക്കൾ കൊഴിയാതെ നിൽക്കുമ്പോൾ, പൂമ്പാറ്റകൾ പാറിനട ക്കുമ്പോൾ എന്തു രസം, കൂരകൾ വെളുക്കുന്നതും മരങ്ങൾ ഇല പൊഴിക്കുന്നതും ആകാശം കനക്കുന്നതും നോക്കിയിരിക്കാൻ.

ധന്യ നീ, പ്രാക്തനഹേമന്തമേ!

 

 

Painting-Nocturne by J M Whistler –1876

പ്രിന്റെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, January 24, 2010

റുബേൻ ദാരിയോ-ശകുനങ്ങൾ

Ruben Dario
എന്റെ തലയ്ക്കു മുകളിലൂടെ
ഒരു ഗരുഡൻ പറന്നുപോകുന്നു;
അവന്റെ ചിറകിലുണ്ടൊരു ചണ്ഡവാതം,
നഖങ്ങളിലുണ്ട്‌ പാളുന്ന കൊടുംമിന്നൽ.
ഹേ, ഗരുഡാ!
മണ്ണായിരിക്കെ പറന്നുപൊങ്ങാൻ
കരുത്തു നൽകുകുക നീയെനിക്ക്‌.
ശീലം കെട്ട കാറ്റുകളെ,
കോപിച്ച കടലിനെ,
മുകളിൽ നിന്നുള്ള കോപത്തെ,
താഴെ കരളുന്ന ദുരിതങ്ങളെ
ചെറുക്കാൻ ശക്തി തരിക നീ.

എന്റെ നെറ്റിയ്ക്കു മുകളിലൂടെ
ഒരു കൂമൻ പറന്നു പോകുന്നു.
ദേവിയായ മിനർവ്വയും
നിശ്ശബ്ദരാത്രിയും
ഓർമ്മയിൽ വന്നുപോകുന്നു.
ഹേ, കൂമാ!
എനിക്കു നൽകുക നീ നിന്റെ
ചഞ്ചലിക്കാത്ത മൂകത,
രാവിന്നാഴം കാണുന്ന കണ്ണുകൾ,
മരണത്തിൻ മുന്നിലെ ശാന്തത.
എനിക്കു നൽകുക നീ നിന്റെ
രാത്രിയുടെ സാമ്രാജ്യം,
സ്വർഗ്ഗത്തിന്റെ വിവേകം.
കിഴക്കും പടിഞ്ഞാറും ഒരേപോലെ കാണുന്ന
നിന്റെ ജാനസ്‌മുഖം.

ഒരു മാടപ്രാവു പറന്നുപോകുന്നു,
അതിന്റെ ചിറകുകൾ
എന്റെ ചുണ്ടിലുരുമ്മുന്നു.
ഹേ, മാടപ്രാവേ!
എനിക്കു നൽകുക പാട്ടിന്റെ
നോവു മാറ്റുന്ന സാന്ത്വനം,
തിളങ്ങുന്ന പാടത്ത്‌
നിന്റെയൊരാസക്തി,
ആ ദിവ്യകർമ്മത്തിൽ
നിന്റെയപൂർവ്വസിദ്ധികൾ.
(എനിക്കു നൽകുക പ്രകൃതിയിലെ നീതി:
ഇക്കാര്യത്തിൽ നീയൊരു ഭ്രാന്തൻ
മുട്ടനാടു ബ്രഹ്മചാരിയും.)

ഒരു പ്രാപ്പിടിയൻ പറന്നുപോകുന്നു.
ഹേ, പ്രാപ്പിടിയാ!
എനിക്കു നൽകുക
നീൾനഖങ്ങൾ,
കാറ്റു കീറിപ്പായുന്ന ചിറകുകൾ,
ഇരകളിലാഴുന്ന നഖരങ്ങൾ.
എന്റെ പ്രാപ്പിടിയൻ നീയെങ്കിൽ
വിചിത്രമായൊരു വേട്ടയ്ക്ക്‌
പുറപ്പെട്ടുപോകും നാം,
നീയെനിക്കു കൊണ്ടുവരും
പേരുകേട്ട തുണ്ടങ്ങൾ
കിട്ടാത്ത തുണ്ടങ്ങൾ,
ചങ്കു തുടിയ്ക്കുന്ന ആശയങ്ങൾ,
ചോരയിറ്റുന്ന ആത്മാക്കൾ.

ഒരു രാപ്പാടി പറന്നുപോകുന്നു.
ദിവ്യനായ ഭിഷക്കേ!
എനിക്കു നൽകേണ്ട നീയൊന്നും.
എന്റെ കൈയിലുണ്ട്‌ നിന്റെ വിഷം,
നിന്റെ സൂര്യാസ്തമയം,
നിലാവുള്ള രാത്രികൾ
ലില്ലിപ്പൂക്കൾ
കവിതയിറ്റുന്ന പ്രണയവും.
(എന്നാലും നീയെനിക്കു ഗൂഢമിത്രം,
ഒരിക്കലല്ല നീ പകർന്നു
എന്റെ ദുഃഖത്തിൻ ചഷകത്തിൽ
നിലാവിന്നമൃതം,
ദൈവത്തിന്റെ തേൻതുള്ളികൾ...)

ഒരു വവ്വാൽ കടന്നുപോകുന്നു.
പിന്നെയൊരീച്ച. ഒരു കടന്നൽ.
സന്ധ്യയ്ക്കൊരു തേനീച്ച.
പിന്നെ ഒന്നുമില്ല.
മരണം വന്നു.

Saturday, January 23, 2010

കാൾ ക്രാസ്‌-തുറന്നെഴുത്തുകൾ-IV

*
പത്രക്കാരൻ തന്റെ വക സത്യങ്ങൾ കൊണ്ട്‌ നമ്മുടെ ഭാവനാശേഷിയെ കൊന്നുവെങ്കിൽ തന്റെ വക നുണകൾ കൊണ്ട്‌ നമ്മുടെ ജീവിതത്തെയും ഭീഷണിപ്പെടുത്തുകയുമാണ്‌.
*
പത്രക്കാരൻ: മനസ്സിനുള്ളിൽ ഒന്നുമില്ലെങ്കിലും അതിനെ ആവിഷ്കരിക്കാൻ കഴിവുള്ള ഒരാൾ; സമയച്ചുരുക്കം കൊണ്ട്‌ മികയ്ക്കുന്ന ഒരെഴുത്തുകാരൻ; എഴുതാൻ സമയം കിട്ടുംതോറും അയാളുടെ എഴുത്തും മോശമാകുന്നു.
*
ആളുകൾ കുതിരവണ്ടികളിൽ യാത്ര ചെയ്തിരുന്ന കാലത്ത്‌ കച്ചവടക്കാർ ആകാശത്തു പറക്കുന്ന ഈ കാലത്തെക്കാൾ ഭംഗിയായി ലോകം മുന്നോട്ടു പോയിരുന്നു; പോകുന്ന വഴിയ്ക്ക്‌ തലച്ചോറൂർന്നുപോകാനാണെങ്കിൽപ്പിന്നെ വേഗത കൊണ്ടെന്തു ഗുണം? അതിസങ്കീർണ്ണമായ യന്ത്രങ്ങളെ പ്രവർത്തിപ്പിക്കാനാവശ്യമായ അടിസ്ഥാനചലനങ്ങളെക്കുറിച്ച്‌ ഈ കാലത്തെ പ്‌ഉതിയ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ ആരുണ്ട്‌? പ്രകൃതിക്ക്‌ പുരോഗതിയെ വിശ്വസിക്കാം; തന്നോടു കാണിച്ച അതിക്രമത്തിന്‌ അതു പകരം വീട്ടിക്കോളും.
*
പുരോഗതിയുടെ കാലടിക്കീഴിൽക്കിടന്ന് പുല്ലുകൾ കരയുകയും കാടുകൾ കടലാസ്സുകളാവുകയും അവയിൽ നിന്നു പത്രക്കമ്പനികൾ വളരുകയും ചെയ്യുന്നു. പുരോഗതി ജീവിതത്തിന്റെ ലക്ഷ്യത്തെ ജീവിതോപായങ്ങൾക്കടിപ്പെടുത്തിയിരിക്കുന്നു; നമ്മുടെ തൊഴിലുപകരണങ്ങളുടെ നട്ടും ബോൾട്ടുമായി നമ്മളെ മാറ്റിയിരിക്കുന്നു.
*
തന്റെ കാലം കഴിയാറായെന്ന് ഒരു സംസ്ക്കാരത്തിനു തോന്നലുണ്ടാവുമ്പോൾ അതു പുരോഹിതന്‌ ആളയയ്ക്കുന്നു.
*
അപവാദങ്ങൾ ഉണ്ടാകുന്നത്‌ പോലീസ്‌ അതവസാനിപ്പിക്കുമ്പോഴാണ്‌.
*
എന്നും കണ്ണാടിയിൽ നോക്കാൻ തുടങ്ങിയതിൽപ്പിന്നെ ലോകത്തിനു വൈരൂപ്യമേറിയിരിക്കുന്നു; അതിനാൽ നമുക്കിനി പ്രതിബിംബം മതിയെന്നു വയ്ക്കുക, അതിനപ്പുറമുള്ളതിനെ നാമിനി ചികഞ്ഞുനോക്കരുത്‌.
*
സ്വയംഭോഗത്തിനു പകരം ഒരു പെണ്ണിന്റെ കൂടെ കിടന്നാലും മതി; ഭാവനാശേഷിയുടെ കാര്യമായ പ്രയോഗം വേണ്ടിവരുന്നുണ്ടല്ലോ രണ്ടിടത്തും.
*
വേണ്ട രീതിയിൽ അടക്കിവയ്ക്കാത്ത കാമവികാരം ചില കുടുംബങ്ങളുടെ അടിസ്ഥാനമിളക്കുന്നു; ഭംഗിയായി അടക്കിവച്ച കാമവികാരമോ, ലോകത്തിന്റെതന്നെ അടിസ്ഥാനമിളക്കുകയും ചെയ്യുന്നു.
*
ദിവസത്തിൽപ്പാതി ഉറങ്ങുന്നവൻ ജീവിതത്തിൽപ്പാതി നേടിക്കഴിഞ്ഞു.
*
ബുദ്ധിശൂന്യതയ്ക്ക്‌ നേരത്തെ എഴുന്നേൽക്കുന്ന സ്വഭാവമുണ്ട്‌, അതുകൊണ്ടാണ്‌ സംഭവങ്ങൾ പൊതുവേ കാലത്തു നടക്കുന്നത്‌.
*
കലാസ്വാദകനു സൗന്ദര്യവുമായുള്ള ബന്ധം അശ്ലീലസാഹിത്യകാരനു പ്രണയത്തോടും രാഷ്ട്രീയക്കാരനു ജീവിതത്തോടുമുള്ള ബന്ധത്തിനു തുല്യം തന്നെ.
*
ലുബ്ധൻ പൂഴ്ത്തിവയ്ക്കുന്ന സമ്പാദ്യങ്ങളാണ്‌ അനുഭവങ്ങൾ. വിവേകം എത്ര ധൂർത്തടിച്ചാലും തീരാത്ത പിതൃസ്വത്തും.
*
ഒരു കുട്ടി തന്റെ ആദർശങ്ങളെ ഉപേക്ഷിക്കാൻ പഠിക്കുന്നു; മുതിർന്നവരാകട്ടെ, തങ്ങളുടെ വള്ളിനിക്കറുകൾ ഒരുകാലത്തും ഉപേക്ഷിക്കുക എന്നതില്ല.
*
മനുഷ്യപ്രകൃതിയെ നീതിന്യായവ്യവസ്ഥയുടെ ഇടുക്കുതൊഴുത്തിലേക്കു കടത്തിവിടുക, ഇറങ്ങിവരുന്നത്‌ കുറ്റവാളിയായിരിക്കും.
*
സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെപോകരുത്‌.
*
നമ്മുടെ കണ്ണുകൾ കഴുകുക എന്നതാണ്‌ കലയുടെ ദൗത്യം.
*
പുതിയൊരാശയത്തിനു രൂപം കൊടുക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ കോപ്പിയടിക്കുകയാണെന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാകുന്നെങ്കിൽ ആ ആശയത്തിന്റെ പിതൃത്വം നിങ്ങൾക്കു തന്നെയെന്നുറപ്പിക്കാം.
*
ഇതിഹാസത്തിനു മുന്നിൽ മുക്തകം പോലെയാണ്‌ സ്ത്രീയുടെ വികാരത്തിനു മുന്നിൽ പുരുഷന്റെ വികാരം.
*
ഞാനും ജീവിതവും തമ്മിലുള്ള വൈരം രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒത്തുതീർപ്പിലെത്താതെ എതിരാളികൾ പിരിഞ്ഞു.
*
താൻ ഉദ്ദേശിക്കുന്നതിനെ വ്യക്തമാക്കാതിരിക്കുകയാണ്‌ താൻ ഉദ്ദേശിക്കാത്തതിനെ വ്യക്തമാക്കുന്നതിലും ഭേദം.
*
പഴയതൊന്നു നഷ്ടപ്പെട്ടതിന്റെ ഖേദം തീർക്കാൻ പുതിയതൊന്നിനെ വാപൊളിച്ചു നോക്കിനിൽക്കുകയെന്നതാണ്‌ ആദർശവാദത്തിന്റെ ഒരു ശൈലി.
*
ഷെല്ലുകൾ തൊടുത്തുവിടുന്നതല്ല ജർമ്മൻകാരുടെ കുഴപ്പം, അതിലവർ കാന്റിന്റെ സൂക്തങ്ങൾ എഴുതിവയ്ക്കുന്നതാണ്‌.
*
തങ്ങളൊന്നും കൊടുക്കാത്തതിന്റെ പേരിൽ ഭിക്ഷക്കാരനു മാപ്പു കൊടുക്കാത്ത ചിലരുണ്ട്‌.
*
സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം ദൈവശാസ്ത്രത്തിൽ പാപമാണ്‌, നീതിന്യായത്തിൽ വിലക്കപ്പെട്ട ബന്ധമാണ്‌, വൈദ്യശാസ്ത്രത്തിൽ യാന്ത്രികമായ കടന്നുകയറ്റമാണ്‌, തത്വശാസ്ത്രത്തിന്‌ താൽപര്യമില്ലാത്ത വിഷയവുമാണ്‌.
*
എന്തു പീഡനമാണീ സമൂഹത്തിലെ ജീവിതം! ഒരുത്തൻ തീ തരാമെന്നു പറയുമ്പോൾ ഞാൻ ബീഡിയെടുക്കാതിരിക്കുന്നതെങ്ങനെ!
*
നിങ്ങൾക്കുതന്നെ നന്നായിട്ടറിയാവുന്ന കാര്യങ്ങളെക്കുറിച്ചേ അയൽക്കാരനോട്‌ ഉപദേശം തേടാവൂ. അങ്ങനെയെങ്കിൽ അയാളുടെ ഉപദേശം കൊണ്ട്‌ ഗുണമുണ്ടായെന്നു വരാം.
*
മേശക്കരികിൽ ഒറ്റയ്ക്കിരുന്നതു കൊണ്ട്‌ നിങ്ങളുടെ ഏകാന്തത പൂർണ്ണമാകുന്നില്ല. ചുറ്റിനും ഒഴിഞ്ഞ കസേരകൾ കൂടി വേണം.
*
വാർത്തകൾ മനുഷ്യരായി എഴുന്നേറ്റു നിൽക്കുമ്പോൾ മനുഷ്യർ പത്രാധിപക്കുറിപ്പുകളായി വാടികീഴുകയാണ്‌. തേഞ്ഞ ശൈലികൾ രണ്ടുകാലിൽ ചുറ്റിനടക്കുമ്പോൾ മനുഷ്യരുടെ കാലുകളാവട്ടെ, വെടിയേറ്റു വീഴുകയുമാണ്‌.
*
വ്യാളികളെക്കുറിച്ചു പറയുന്ന അച്ഛന്മാരുടെ മുഖത്തു നോക്കി ചിരിക്കുകയാണ്‌ കുട്ടികൾ. ഭയം ഒരു നിർബന്ധിതപഠനവിഷയമാക്കേണ്ടതാണ്‌; ഇല്ലെങ്കിൽ കുട്ടികൾ അതു പഠിക്കില്ല.
*
തങ്ങൾക്കും ബുദ്ധിയുണ്ടെന്ന് ബുദ്ധിയുള്ളവരെ കാണിക്കാൻ ബുദ്ധിശൂന്യർ എടുത്തുപയോഗിക്കുന്ന ഒരായുധമാണ്‌ വിദ്യാഭ്യാസം.
*
സമഗ്രവിദ്യാഭ്യാസം എല്ലാം തികഞ്ഞൊരു മരുന്നുകട തന്നെ. പക്ഷേ തലവേദനയ്ക്കെടുത്തു തരുന്നത്‌ പൊട്ടാസ്യം സയനൈഡല്ലെന്നതിന്‌ ഉറപ്പൊന്നുമില്ല.
*
പത്രത്തിൽ വിവരിച്ചിരിക്കുന്നത്‌ഉ പോലെ കാണപ്പെടുന്ന ഒരു യാഥാർത്ഥ്യത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത്‌ ഒരുതരം ആത്മീയോന്നമനം തന്നെ.
*
കലാപകാരി വാക്കിനെ എടുത്തുപയോഗിക്കുന്നു. കലാകാരൻ വാക്കിന്റെ പിടിയിൽപ്പെട്ടുപോകുന്നു.
*
ഒരാളെന്നെ അഹംഭാവിയെന്നും അൽപ്പനെന്നും വിളിച്ചാൽ അയാൾ എന്നെ വിശ്വാസത്തിലെടുക്കുകയാണെന്നും അയാൾക്കെന്തോ ഏറ്റുപറയാനുണ്ടെന്നുമാണ്‌ ഞാൻ അർത്ഥമാക്കുക.
*
കിട്ടിയ ഉപകാരത്തിനു തുല്യമായ അളവിലാവില്ല, കാണിക്കുന്ന നന്ദികേടു പലപ്പോഴും.
*
ആത്മാവിൽ ഒരടയാളവും ഉണ്ടാകാൻ പോകുന്നില്ല. വെടിയുണ്ട മനുഷ്യരാശിയുടെ ഒരു കാതിലൂടെ കയറി മറുകാതിലൂടെ പുറത്തേക്കു പൊയ്ക്കൊള്ളും.
*
വികാരങ്ങളെ അടക്കിനിർത്തുക, യുക്തിയെ അഴിച്ചുവിടുകയുമരുത്‌.
*
പുരുഷന്റെ അസൂയ ഒരു സാമൂഹ്യസ്ഥാപനമാണ്‌, സ്ത്രീയുടെ വ്യഭിചാരം സഹജവാസനയും.
*
താൻ വനമാക്കുന്ന ഒരു മരത്തിന്റെ തണലിലിരുന്നുല്ലസ്സിക്കാൻ ഭാവനയ്ക്കവകാശമുണ്ട്‌.
*
വിശ്വസ്തയായ ഭാര്യയെ എങ്ങനെ വിശ്വസിക്കാൻ! ഇന്നവൾ നിങ്ങളോടാണു വിശ്വസ്തയെങ്കിൽ നാളെ മറ്റൊരാളോടാണു വിശ്വസ്ത.
*
എന്തു നീതികേടാണു നിങ്ങളീ കാണിക്കുന്നത്‌? നിങ്ങൾ പറയുന്നതൊക്കെയും അയാൾ അംഗീകരിക്കുന്നുണ്ടല്ലോ. അയാളൊരു കഴുതയാണെന്ന നിങ്ങളുടെ അഭിപ്രായത്തോടു മാത്രമേ അയാൾ യോജിക്കാതുള്ളു!
*
രാഷ്ട്രങ്ങൾ അടിയറവു പറയുന്ന ചതുരംഗംകളിയാണ്‌ നയതന്ത്രം.
*
കാൻസർ പിടിച്ച ഒരു മനുഷ്യന്റെ ആണിക്കാലിനു ചികിത്സിക്കാനുള്ള തത്രപ്പാടാണ്‌ സാമുഹ്യപരിഷ്കാരം.
*
തങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിലേക്കായി അവർ വിധിക്കുന്നു.
*
രണ്ടുപേർ വിവാഹിതരാവുകയല്ല, വിഭാര്യനും വിധവയുമാവുകയാണ്‌.
*
മുടിയ്ക്കു വേണ്ടിയാണു തലയുണ്ടായതെന്നതിനു മതിയായ തെളിവാണ്‌ ബാർബർഷാപ്പിലെ സംസാരം.
*
അധ്യാപകർക്കു ദഹിക്കുന്നതാണ്‌ കുട്ടികൾ കഴിക്കുന്നത്‌.
*
ഇക്കാലത്ത്‌ കള്ളനെയും അവന്റെ ഇരയെയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. രണ്ടു കൂട്ടരുടെ കൈയിലുമില്ല വിലപിടിപ്പുള്ളതൊന്നും.
*

Thursday, January 21, 2010

കാൾ ക്രാസ്‌-തുറന്നെഴുത്തുകൾ-III


*
ഇത്രയധികം പേർ എന്നിൽ കുറ്റം കണ്ടുപിടുക്കുന്നതെന്തു കൊണ്ടാവാം? അവരെന്നെ പ്രശംസിക്കുന്നുവെങ്കിൽക്കൂടി ഞാനവരിൽ കുറ്റം കണ്ടുപിടിക്കുന്നുവെന്നതു തന്നെ.
*
ഒരു ചെയ്തിയെ ചിന്തയാക്കുക എന്നത്‌ എത്ര ദുഷ്കരമാണെന്നോ!
*
എന്റെ ഹാസ്യത്തിലൂടെ ഞാൻ അഗണ്യരായ മനുഷ്യരെ വലിയവരാക്കുന്നു; അങ്ങനെ അവർ എന്റെ ഹാസ്യത്തിനു യോഗ്യരായ ഇരകളുമാകുന്നു. അവർക്കു പിന്നെ എന്നെ കുറ്റം പറയാൻ പറ്റുമോ?
*
എന്നെ മോശക്കാരനാക്കുന്നവൻ എന്നെക്കാൾ ജനപ്രീതി നേടുകയാണ്‌.അത്രയ്ക്കുണ്ട്‌ എന്റെ ജനപ്രീതി.
*
തന്നോടുത്തരവാദിത്വമുള്ളവരാകണമെന്നേ ലോകം നിങ്ങളോടാവശ്യപ്പെടുന്നുള്ളു, അവനവനോടല്ല.
*
മനുഷ്യൻ പറക്കുന്നതല്ല, ഈച്ച പറക്കുന്നതു തന്നെയാണ്‌ എന്റെ കണ്ണിൽ വലിയ അത്ഭുതം.
*
കടമ്പകൾ കടക്കലാണ്‌ കാമവികാരം. ഏറ്റവും പ്രലോഭനീയവും ഏറ്റവും ജനകീയവുമായ കടമ്പയത്രെ, സദാചാരം.
*
കലയും പ്രണയവും ആശ്ലേഷിക്കുന്നത്‌ സുന്ദരമായതിനെയല്ല, ആ ആശ്ലേഷത്താൽ സുന്ദരമാകുന്നതിനെയാണ്‌.
*
കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.
*
നാരങ്ങാവെള്ളം പോലെയാണ്‌ അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.
*
അവൾക്കു പൂർണ്ണത നേടാൻ ഒരു പിശകിന്റെ കുറവേ ഉണ്ടായുള്ളു.
*
കള്ളന്മാരെ വിളിച്ചുവരുത്തുന്ന നായക്കുരയാണ്‌ അസൂയ.
*
മൃഗത്തെപ്പോലെ പെരുമാറിയിട്ട്‌ ഒരുത്തൻ പറയുകയാണ്‌:'മനുഷ്യനാകുമ്പോൾ അങ്ങനെയാണ്‌.'അവനോട്‌ ഒരു മൃഗത്തെപ്പോലെ പെരുമാറിയാൽ അവൻ പറയും:'ഞാനും ഒരു മനുഷ്യനല്ലേ?'
*
തനിക്കു സിഗററ്റു തരാനൊന്നും എന്റെ കൈയിലില്ല, പരോപകാരി പറയുകയാണ്‌. ഇനി തനിക്കു തീ വേണമെന്നാണെങ്കിൽ വന്നോ; എരിയുന്ന ഒരു സിഗററ്റ്‌ എന്റെ ചുണ്ടിൽ ഏതു നേരവും കാണും.
*
എന്റെ നാട്ടിലെ ജളന്മാർ, എന്റെ ധർമ്മബോധത്തെ പരിഹസിക്കുന്നവർ, എന്റെ ഭാഷയെ ദുഷിപ്പിക്കുന്നവർ- ഇവരോട്‌ എന്നെ തളച്ചിടുന്ന സ്നേഹമാണ്‌ ദേശസ്നേഹം.
*
ഒരു തുലഞ്ഞ നിയമം! ഭ്രൂണഹത്യകൾ നടത്താത്തതിന്റെ ദുരന്തഫലങ്ങളാണ്‌ എന്റെ സ്വദേശികൾ മിക്കവരും.
*
മനുഷ്യർ ഇതിലും താഴുമെന്നു കരുതുന്നുണ്ടെങ്കിൽ പിശാചൊരു ശുഭാപ്തിവിശ്വാസക്കാരൻ തന്നെ.
*
വളരെ സാധാരണമായ ഒരു രോഗമാണ്‌ രോഗനിർണ്ണയം.
*
സ്വന്തം അച്ഛന്റെ കുമ്പസാരം കേൾക്കാൻ ദാഹിക്കുന്ന ഒരു വികാരിയച്ചനാണ്‌ സൈക്കോ അനലിസ്റ്റ്‌.
*
ചിന്തയുടെ മാതാവാണു ഭാഷ, അതിന്റെ കൈയാളല്ല.
*
ഉള്ളടക്കം കൊണ്ടു ജീവിക്കുന്നത്‌ ഉള്ളടക്കം കൊണ്ടു തന്നെ മരിക്കുന്നു. ഭാഷയാൽ ജീവിക്കുന്നത്‌ ഭാഷയിൽ ജീവിക്കുകയും ചെയ്യുന്നു.
*
തേവിടിശ്ശിയെ കന്യകയാക്കിയെടുത്തതാണ്‌ എന്റെ ഭാഷ.
*
ചിലർ എഴുന്നതെന്തുകൊണ്ടാണ്‌? എഴുതാതിരിക്കാനുള്ള സ്വഭാവഗുണം അവർക്കില്ലാത്തതു കൊണ്ടുതന്നെ.
*
വാക്കുംഅർത്ഥവും- ആ ബന്ധം ഒന്നു മാത്രമായിരുന്നു എന്റെ ജീവിതാന്വേഷണം.
*
നായ ആദ്യം മണത്തുനോക്കും, പിന്നെ കാലു പൊക്കും; ആ ഔചിത്യമില്ലായ്മയ്ക്ക്‌ നാം വിരോധമൊന്നും പറയുന്നില്ല. പക്ഷേ എഴുത്തുകാരൻ ആദ്യം വായിക്കുകയും പിന്നെ എഴുതുകയും ചെയ്യുന്നത്‌ ദയനീയം തന്നെ.
*
സമയമില്ലാത്തവരെ നമുക്കു പുച്ഛിക്കാം; പണിയില്ലാത്തവരോടു സഹതാപവുമാകാം. പക്ഷേ പണിയെടുക്കാൻ സമയമില്ലാത്തവർ-അവർ നമ്മുടെ അസൂയയ്ക്കു പാത്രമാകേണ്ടവർ തന്നെ!
*
ആ പ്രണയബന്ധം കൊണ്ടു ഫലമൊന്നും ഉണ്ടായില്ലെന്നല്ല. അയാൾ ഒരു കൃതിയെഴുതി ലോകത്തിനു നൽകി.
*
ഇന്നത്തെ സാഹിത്യം രോഗികൾ തന്നെ എഴുതിയ കുറിപ്പടികളാണ്‌.
*
എല്ലാ എഴുത്തുകാരെയും,നല്ലവരെയും മോശക്കാരെയും നിങ്ങൾ രണ്ടുതവണ വായിക്കണം. ആദ്യത്തെ കൂട്ടരെ നിങ്ങൾ തിരിച്ചറിയും, രണ്ടാമത്തവരുടെ മുഖംമൂടികൾ നിങ്ങൾക്കു കണ്ടെടുക്കുകയും ചെയ്യാം.
*
ഇത്രയധികം വായിക്കാതിരിക്കാനുള്ള സമയം എവിടുന്നു കിട്ടി എന്നാണെന്റെ അത്ഭുതം.
*
മരത്തലയൻ ചെളിത്തലയൻ കൂടിയാവുമ്പോൾ ആഴമുണ്ടെന്നു തോന്നാം.
*
ജീവിതത്തെ ചെറുക്കാനാവശ്യമായതിലേറെ പഠിക്കുകയുമരുത്‌.

Wednesday, January 20, 2010

കാൾ ക്രാസ്‌(1874-1936)-തുറന്നെഴുത്തുകൾ-II

*
ക്രിസ്തുവിന്റെ കുരിശാരോഹണം കഴിഞ്ഞു വരികയാണു തങ്ങളെന്ന മട്ടിൽ നടക്കുന്ന മനുഷ്യരെ നമുക്കിടയിൽ കാണാം; അപ്പോളദ്ദേഹം എന്തു പറഞ്ഞു എന്നറിയാൻ നടക്കുന്നവരെയും കാണാം; 'ഗാഗുൽത്തായിൽ നടന്ന സംഭവങ്ങൾ' എന്നപേരിൽ ഇതെല്ലാം എഴുതിവയ്ക്കുന്ന ചിലരുമുണ്ട്‌.
*
പറയാൻ കാര്യമായിട്ടൊന്നുമില്ലാത്തതു കൊണ്ടാണ്‌ പത്രക്കാരൻ എഴുതുന്നത്‌; അതിനാൽ അയാൾക്കു പറയാനെന്തെങ്കിലുമുണ്ടെന്നുമായി.
*
ചരിത്രകാരൻ എല്ലായ്പ്പോഴും പിന്നിലേക്കു നോക്കുന്ന പ്രവാചകനാകണമെന്നില്ല; സകലതും പിന്നീടു മുൻകൂട്ടിക്കാണുന്ന ഒരാളാണു പത്രക്കാരൻ പക്ഷേ എല്ലായ്പ്പോഴും.
*
സ്വന്തം വീട്ടിൽ അഴുക്കു കേറുമ്പോൾ അന്യന്റെ വീടു വൃത്തിയാക്കാൻ പോകുന്നൊരാളാണ്‌ മനഃശാസ്ത്രജ്ഞൻ.
*
ചികിത്സയും അതുതന്നെയായ മനോരോഗമത്രെ മനോവിശ്ലേഷണം.
*
നമ്മുടെ പോക്കറ്റടിക്കുന്ന പോലെയാണ്‌ അവർ നമ്മുടെ സ്വപ്നങ്ങൾ മോഷ്ടിക്കുന്നത്‌.
*
എന്റെ ബോധമനസ്സിന്‌ നിങ്ങളുടെ അബോധമനസ്സിനെക്കൊണ്ട്‌ വലിയ കാര്യമൊന്നുമില്ല; എന്നാൽ എനിക്കെന്റെ അബോധമനസ്സിനെ വലിയ വിശ്വാസമാണ്‌; നിങ്ങളുടെ ബോധമനസ്സിനെ അതു വേണ്ടവിധം കൈകാര്യം ചെയ്തുകൊള്ളും.
*
നിങ്ങളുടെ എന്തെങ്കിലും മോഷണം പോയാൽ പോലീസിനെ കാണാൻ പോകരുത്‌; അവർക്കതിൽ താൽപര്യമൊന്നുമില്ല. മനഃശാസ്ത്രജ്ഞനെയും കാണരുത്‌; മോഷ്ടിച്ചതു നിങ്ങളാണെന്നു വരുത്താനേ അയാൾക്കു താൽപര്യമുള്ളു.
*
പ്രസ്സ്‌ അവരുടേതാണ്‌, സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ അവരുടേതാണ്‌, ഇപ്പോഴിതാ അബോധമനസ്സും അവരുടേതായി.
*
മനുഷ്യാവകാശങ്ങളില്ലായിരുന്ന കാലത്ത്‌ വേറിട്ടുനിൽക്കുന്ന വ്യക്തിക്ക്‌ അതുണ്ടായിരുന്നു; അതു മനുഷ്യത്വരഹിതമായിരുന്നു. പിൽക്കാലത്ത്‌ അയാളിൽ നിന്ന് മനുഷ്യാവകാശങ്ങൾ എടുത്തുമാറ്റുകയും സമത്വം സ്ഥാപിക്കുകയും ചെയ്തു.
*
ജനാധിപത്യമെന്നാൽ ആരുടെയും അടിമയാകാനുള്ള സമ്മതം.
*
പണിയെടുക്കുന്നവരെന്നും മടിയന്മാരെന്നും ജനാധിപത്യം ആളുകളെ വേർതിരിക്കുന്നു; എന്നാൽ പണിയെടുക്കാൻ നേരമില്ലാത്തവരെക്കുറിച്ച്‌ അതു മിണ്ടുന്നേയില്ല.
*
തന്റെ ശ്രോതാക്കളെപ്പോലെ മൂഢബുദ്ധിയാണു താനെന്നു വരുത്തുക, അങ്ങനെ അയാളെപ്പോലെ മിടുക്കരാണു തങ്ങളെന്ന് അവർക്കു തോന്നലുണ്ടാക്കുക: അതാണ്‌ ജനനായകനെന്നു പറയുന്നവരുടെ രഹസ്യം.
*
ടെക്നോളജി എന്ന വേലക്കാരൻ അടുത്ത മുറി വൃത്തിയാക്കുന്നതിന്റെ ഒച്ചപ്പാടു കാരണം വീട്ടുകാരന്‌ തന്റെ പിയാനോവായന നടക്കുന്നില്ല.
*
ഒരു വൈദ്യസർപ്പം ദംശിച്ചാണ്‌ അയാൾ ചത്തത്‌.
*
കുറ്റം ചെയ്യാനുള്ള പ്രവണത പ്രകൃതം കൊണ്ടേയില്ലാത്തവരെ പിന്തിരിപ്പിക്കാനേ ശിക്ഷ കൊണ്ടു കഴിയൂ.
*
മനുഷ്യർക്കു വായ്പ്പൂട്ടും നായ്ക്കൾക്കു നിയമങ്ങളുമാണ്‌ നൽകേണ്ടിയിരുന്നത്‌; മനുഷ്യരെ തുടലിട്ടും നായ്ക്കളെ മതത്തിലിട്ടും നടത്തേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ രാഷ്ട്രീയം കുറയുന്ന അതേ അളവിൽ പേപ്പട്ടിവിഷവും കുറഞ്ഞേനേ.
*
രതിരഹസ്യങ്ങളെക്കുറിച്ച്‌ കുട്ടികൾ തങ്ങളുടെ അച്ഛനമ്മമാരെ ബോധവാന്മാരാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
*
കുട്ടികൾ പട്ടാളം കളിക്കുന്നു; അതിൽ യുക്തികേടൊന്നുമില്ല. എന്നാൽ പട്ടാളം കുട്ടിക്കളിയെടുക്കുന്നതിന്റെ യുക്തിയോ?
*
സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്‌. പുരുഷന്മാർ ഏതൊന്നുകൊണ്ട്‌ സ്വന്തം ശൂന്യത മറയ്ക്കും?
*
സ്വകാര്യജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണ്‌ കുടുംബജീവിതം.
*
അൽപ്പത്തരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ബാന്ധവമാണ്‌ കിടപ്പറയിൽ നടക്കുന്നത്‌.
*
സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്‌. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.
*
ആരെയൊക്കെ ഒഴിവാക്കണമെന്നു തീരുമാനിക്കുന്നതു നമ്മൾ തന്നെയായിരുന്നുവെങ്കിൽ ഏകാന്തത എത്ര കേമമായിരുന്നേനെ.
*
എന്നെ കൊല്ലാൻ നടക്കുന്ന പലരുണ്ട്‌. എന്നോടൊപ്പം ഒരു മണിക്കൂർ വർത്തമാനം പറഞ്ഞിരിക്കാൻ മോഹിക്കുന്നവരുമുണ്ട്‌. നിയമം എന്നെ ആദ്യത്തെക്കൂട്ടരിൽ നിന്നു രക്ഷിക്കുന്നു.
*
ലോകമെന്ന ഈ തടവറയിൽ ഏകാന്തത്തടവു തന്നെ ഭേദം.
*
ആൾക്കൂട്ടത്തിന്റെ പ്രശംസ വേണ്ടെന്നു വയ്ക്കുന്ന ഒരാൾ പക്ഷേ, ആത്മപ്രശംസയ്ക്കുള്ള ഒരവസരവും ഒഴിവാക്കാറില്ല.
*
എന്റെ സ്വകാര്യജീവിതത്തിൽ കൈ കടത്താൻ ഞാൻ ഇഷ്ടപ്പെടാറില്ല.
*
ലോകാവസാനം വരുമ്പോൾ വിശ്രമജീവിതം നയിക്കണമെനിക്ക്‌.
*
നായ കൂറുള്ള ജന്തുവാണെന്നതു ശരിതന്നെ. അതുകൊണ്ടു പക്ഷേ നാം അതിനെ മാതൃകയായിട്ടെടുക്കണമെന്നുണ്ടോ? അവന്റെ കൂറ്‌ മനുഷ്യനോടാണ്‌, മറ്റു നായ്ക്കളോടല്ല.
*
മൂഢത എന്ന പ്രകൃതിശക്തിയോട്‌ ഒരു ഭൂകമ്പവും കിട നിൽക്കില്ല.
*
മിക്കവരും കൈനീട്ടിവാങ്ങുന്നതും പലരും കൈമാറുന്നതും ചിലർ കൈയിൽ വയ്ക്കുന്നതുമായ ഒന്നാണ്‌ വിദ്യാഭാസം.
*

Monday, January 18, 2010

കാൾ ക്രാസ്‌(1874-1936)-തുറന്നെഴുത്തുകൾ-1

*
ഞാനും സമൂഹവും തമ്മിൽ എന്തു മനപ്പൊരുത്തമാണെന്നോ: ഞാൻ പറയുന്നതുന്നല്ല അതു കേൾക്കുന്നത്‌, അതു കേൾക്കാനിഷ്ടപ്പെടുന്നതു ഞാൻ പറയാറുമില്ല.
*
പേന കൈയിലെടുക്കുമ്പോൾ അജയ്യനാണു ഞാൻ; കാലമേ, അതോർക്കുക.
*
ഞാനെഴുതുന്നതൊക്കെ രണ്ടുതവണ വായിച്ചുനോക്കണമെന്നു ഞാനപക്ഷിച്ചത്‌ വലിയ ധാർമ്മികരോഷത്തിനിടയാക്കിയിരിക്കുന്നു. അതിന്റെ ആവശ്യമില്ല. അതൊരു തവണ വായിക്കണമെന്നുമല്ലല്ലോ ഞാൻ പറഞ്ഞത്‌.
*
കലയിൽ പ്രധാനം നിങ്ങളുടെ കൈവശം മുട്ടയും എണ്ണയുമുണ്ടായിരിക്കുക എന്നതല്ല, തീയും തവയും ഉണ്ടായിരിക്കുക എന്നതാണ്‌.
*
എത്ര കേമനായൊരു പിയാനോവായനക്കാരൻ; പക്ഷേ അത്താഴം കഴിഞ്ഞ ഒരു ഭദ്രലോകത്തിന്റെ ഏമ്പക്കംവിടലുകളെക്കാളുമുയരത്തിൽ കേൾക്കണമല്ലോ അയാളുടെ വായന.
*
അനേകം കുതിരക്കച്ചവടക്കാർ ഇപ്പോൾ തങ്ങളുടെ പ്രതീക്ഷയർപ്പിക്കുന്നത്‌ പെഗാസസിലാണ്‌.
*
അൽപ്പനെ വിശ്വസിക്കാൻ പറ്റില്ല; അവൻ പ്രശംസിക്കുന്ന ഒരു കലാസൃഷ്ടി നന്നായെന്നും വരാം.
*
ഒരു പൂരണത്തിൽ നിന്നൊരു സമസ്യ ജനിപ്പിക്കാൻ കഴിയുന്നവനേ കലാകാരനാകുന്നുള്ളു.
*
ആശയം ജാരസന്തതിയാണ്‌; അഭിപ്രായം ബൂർഷ്വാസമൂഹം അംഗീകരിക്കുന്നതും.
*
ഒരു കാതിലൂടെ കേട്ട്‌ മറ്റേ കാതിലൂടെ കളയുക: അപ്പോഴും ഇടത്താവളമായി തല മാറുന്നുണ്ടല്ലോ. എന്റെ കാതിൽപ്പെടുന്നത്‌ അതേ കാതിലൂടെത്തന്നെ പുറത്തുപോകണം.
*
പലരും എന്റെ വീക്ഷണങ്ങൾ പങ്കുവയ്ക്കാറുണ്ട്‌; ഞാനൊരിക്കലും അവരുമായി അവ പങ്കുവയ്ക്കാറില്ല.
+
ഒഴിഞ്ഞ തലയിൽ അറിവിനിടം ഏറെയാണ്‌.
*
മതം,സദാചാരം,ദേശസ്നേഹം-എതിർക്കപ്പെടുമ്പോൾ മാത്രം പ്രത്യക്ഷമാകുന്ന വികാരങ്ങളാണവ.
*
കുട്ടിയെ കുളിപ്പിച്ച വെള്ളത്തോടൊപ്പം കുട്ടിയെക്കൂടി എടുത്തുകളയുന്ന പ്രവണതയ്ക്കാണ്‌ സദാചാരം എന്നു പറയുന്നത്‌.
*
ശൈലീസംബന്ധമായ പല പ്രശ്നങ്ങൾക്കും ഞാൻ പരിഹാരം കണ്ടെത്തിയിട്ടുള്ളത്‌ ആദ്യം തല ഉപയോഗിച്ചും പിന്നെ തലയും വാലും നോക്കിയുമാണ്‌.
*
ഒന്നും മനസ്സിലാകാത്ത വാക്കുകൾ വരുന്നത്‌ തങ്ങളെ മനസ്സിലാക്കിക്കുക എന്നതല്ലാതെ മറ്റൊന്നിനും ഭാഷയെ ഉപയോഗപ്പെടുത്താത്തവരിൽ നിന്നാണ്‌.
*
അന്യരുടെ ഭാഷകൾ വശത്താക്കാനേ ഞാൻ ശ്രമിക്കാറുള്ളു. എന്റെ ഭാഷ എന്നെക്കൊണ്ട്‌ അതിനാവശമുള്ളതു നടത്തുന്നുണ്ട്‌.
*
നിങ്ങൾ ഒരു വാക്കിനെ എത്ര സൂക്ഷ്മമായി നോക്കുന്നു, അത്രയകലെ നിന്നാണ്‌ അതു തിരിഞ്ഞു നോക്കുന്നത്‌.
*
ആ എഴുത്തുകാരൻ അത്ര ആഴമുള്ളയാളായതിനാൽ വായനക്കാരനായ എനിക്ക്‌ അയാളുടെ ഉപരിതലത്തിലെത്താൻ തന്നെ ഏറെക്കാലമെടുത്തു.
*
എനിക്കിന്നും തെളിഞ്ഞുകിട്ടാത്ത ഒരു സംഗതിയുണ്ട്‌: ഒരു പാതിമനുഷ്യന്‌ ഒരു മുഴുവരി എഴുതാൻ കഴിയുമെന്നത്‌. ഒരു കഥാപാത്രത്തിന്റെ പൂഴിമണ്ണിൽ ഒരു കൃതി പടുത്തുയർത്താമെന്നത്‌.
*
എന്റെ ശൈലി എന്റെ കാലത്തിന്റെ എല്ലാ ശബ്ദങ്ങളും പിടിച്ചെടുക്കട്ടെ. എന്റെ സമകാലികർക്ക്‌ അതൊരു മനശ്ശല്യമായെന്നുവരാം. പക്ഷേ വരുംതലമുറ ഒരു കടൽച്ചിപ്പി പോലെ അതിനെ കാതോടു ചേർക്കുമ്പോൾ അവർക്കു കേൾക്കാം ഒരു ചെളിക്കടലിന്റെ സംഗീതം.
*
ഒരു പരിചയക്കാരൻ എന്നോടു പറയുകയുണ്ടായി, എന്റെയൊരു ലേഖനം ഉറക്കെ വായിച്ചതു വഴിയാണ്‌ തനിക്കു തന്റെ ഭാര്യയെ കിട്ടിയതെന്ന്. എന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഞാനിതിനെ കണക്കാക്കുന്നു. അങ്ങനെയൊരു ദുരവസ്ഥയിൽ ഞാൻ എത്ര അനായാസം ചെന്നുപെട്ടേനെ.
*
ഉന്മാദത്തിന്റെ കണ്ണാടിയിൽ സ്വന്തം ആത്മാവിനെ കാണുക എന്നതിനെക്കാൾ ഭീതിദമായി മറ്റൊന്നില്ല. സ്വന്തം ശൈലി അന്യന്റെ കൈകളിൽ കാണുന്നതിനെക്കാൾ അധമമായി മറ്റൊന്നില്ല. എന്നെ അനുകരിക്കുക എന്നാൽ എന്നെ ശിക്ഷിക്കുക എന്നുതന്നെ.
*

wikipedia link to Karl Craus

Sunday, January 17, 2010

റുബേൻ ദാരിയോ-തോൽച്ചുരുണ


File:Fra Angelico 027.jpg

 

നമ്മുടെ നാഥനായ യേശുക്രിസ്തുവിന്റെ പാർശ്വം മുറിപ്പെടുത്തിയതിന്റെ ശേഷം കൈയിൽ കുന്തവുമായി ലോംഗിനസ്‌ പാഞ്ഞുപോയതിൽപ്പിന്നെ കാൽവരിയിൽ വിഷാദത്തിന്റെ മുഹൂർത്തമായി; പാവനമായ വ്യഥയ്ക്കു തുടക്കമായതാ മുഹൂർത്തത്തിൽ.

ഊഷരമായ കുന്നിൻമേൽ മൂന്നു കുരിശുകൾ നിഴൽ വീഴ്ത്തി. ബലിയ്ക്കു സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയ പുരുഷാരം നഗരത്തിലേക്കു മടങ്ങുകയായിരുന്നു. ഉന്നതനായി, ഏകാകിയായി ക്രിസ്തുയേശു,ബലിയായ ദിവ്യപ്രേമത്തിന്റെ ലില്ലിപ്പൂ,ചോര വാർന്ന്, വിളർത്ത്‌ കുരിശിൽ തൂങ്ങിക്കിടന്നു.

അവന്റെ പിണഞ്ഞ ചുവടുകൾക്കരികിൽ മഗ്ദലനമറിയം,പ്രേമവതിയായവൾ,മുടിയഴിഞ്ഞുലഞ്ഞ്‌ കൈത്തലങ്ങളിൽ മുഖമമർത്തുന്നു. മാതൃസ്നേഹത്തോടെ വിലപിക്കുകയായിരുന്നു മേരി.

ശേഷം, ക്ഷണികമായ ഒരു സന്ധ്യ രാത്രിയുടെ ഇരുണ്ട വാഹനത്തിന്റെ വരവറിയിച്ചു. അന്തിത്തെന്നലിൽ ജറുസലെം മിന്നിത്തെളിഞ്ഞു.

ലോംഗിനസിന്റെ ചുവടുകൾ വേഗമേറിയവയായിരുന്നു. അവൻ വലതുകൈയിലേന്തിയിരുന്ന കുന്തത്തിന്റെ മുനയിൽ ഒരു താരത്തിന്റെ തെളിഞ്ഞ രക്തം പോലെന്തോ പ്രകാശിച്ചിരുന്നു.

അന്ധനായ ഒരു മനുഷ്യൻ സൂര്യവെളിച്ചത്തിന്റെ ആഹ്ലാദം വീണ്ടെടുത്തിരിക്കുന്നു.

തിരുമുറിവിലെ പുണ്യതീർത്ഥം വെളിച്ചത്തിന്റെ കോയ്മയെ തടുത്തിട്ട നിഴലുകളെയാകെ അവന്റെയാത്മാവിൽ നിന്നു കഴുകിക്കളഞ്ഞിരിക്കുന്നു.

അവൻ അന്ധനായിക്കിടന്ന വീടിന്റെ വാതിൽക്കൽ ഗംഭീരനായ ഒരു ദേവദൂതൻ ചിറകുകൾ വിടർത്തി, കൈകളുയർത്തി നിൽക്കുന്നു.

ലോംഗിനസ്‌, ലോംഗിനസ്‌! അന്നാൾ മുതൽ നിന്റെ കുന്തമുന മനുഷ്യനു പെരുതായ നന്മയായിരിക്കുന്നുവല്ലോ. അതു മുറിപ്പെടുത്തിയ ആത്മാവിൽ വിശ്വാസത്തിന്റെ സ്വർഗ്ഗീയവ്യാധി പകരുകയും ചെയ്തുവല്ലോ.

അതിനാലല്ലോ ശൗൽ ഇടിനാദം കേൾക്കാനിടവന്നു, പഴ്സീഫൽ നന്മ നിറഞ്ഞവനുമായി.

അക്കൽദാമയിൽ യൂദാ ജീവനെടുത്ത അതേ മുഹൂർത്തത്തിൽ ലോംഗിനസിന്റെ കുന്തത്തിൽ ആദർശത്തിന്റെ പൂ വിടരുകയും ചെയ്തു.

ഈ രണ്ടു രൂപങ്ങൾ മനുഷ്യന്റെ കണ്ണുകളിൽ നിത്യത വരിച്ചിരിക്കുന്നു.

ദൈവവരത്തിന്റെ ആയുധത്തെത്തള്ളി വഞ്ചകന്റെ കുരുക്കിനെ ആരു കൈക്കൊള്ളും?

 

WikiPedia link to St.Longinus

Painting-Fresco by Fra Angelico-1387

Saturday, January 16, 2010

റുബേൻ ദാരിയോ-രൂപകങ്ങളുടെ ദേശത്ത്‌

 

 

File:Beardsley apotheose.jpg

രൂപകങ്ങളുടെ ദേശത്ത്‌
നൃത്തം വയ്ക്കുന്നു ശലോമി,
ഹെറോദിയാസിന്റെ സവിധത്തിൽ
നിത്യം നൃത്തം വയ്ക്കുകയാണവൾ.
സിംഹങ്ങളെ വിറപ്പിച്ചവൻ
സ്നാപകൻ യോഹന്നാൻ
ആഞ്ഞുവെട്ടുന്ന മഴുത്തലയിൽ
ശിരസ്സറ്റു വീഴുന്നവന്‍.
ചോര കുത്തിയൊലിക്കുന്നു.
രതിയുടെ രോജാപ്പൂ വിടരുമ്പോൾ
അതു ചുരത്തുന്ന കാമത്തിൽ
അതിന്നാത്മീയരഹസ്യത്തിൽ
സകലം ചഞ്ചലിക്കുന്നതീവിധം.

(1905)

 

Drawing:Beardsley-Die Apotheose-Illsustration for Salome by Oscar Wilde in the Studio Vol.1 Nr.1 1893

Friday, January 15, 2010

റുബേൻ ദാരിയോ-വിട


വിട,വാസന്തപുഷ്പങ്ങൾക്ക്‌!
വിട,തെളിനീർച്ചോലകൾക്ക്‌!
വിട,കാടിന്നാഴപ്പച്ചയ്ക്ക്‌,
വിടരുന്ന പുതുമണങ്ങൾക്കും.

വിട നിനക്കും,ഒപ്പം നിന്ന ഹൃദയമേ...
അത്ര മനോജ്ഞമായ ഋതുക്കളിൽ
അത്ര നല്ലതൊക്കെ രുചിച്ചു നാം
ഒരുമിച്ചാനന്ദിച്ചതാണല്ലോ.

വിട, ഇരുളുന്ന പാതയിൽ വച്ച്‌
എന്റെ ജീവിതം കൈയ്യേറിയ
പൊറുതികെട്ട കാലത്തിനും.

അറിയാത്തതിൻ മുന്നിൽ
ഞാൻ ഞാനായി നഗ്നനായി
വിറകൊണ്ടുനിൽക്കെ പ്രാർത്ഥിക്കുന്നേൻ:
വിധി കടുപ്പം കാട്ടരുതേ,
ഗ്രഹിച്ചോളാം ഞാൻ മുന്നിൽ കാണ്മതിനെ!

 

(1910)

Thursday, January 14, 2010

റുബേൻ ദാരിയോ-പുനരവതാരങ്ങൾ

ആദിയിൽ ഞാനൊരു പവിഴപ്പുറ്റായിരുന്നു,
പിന്നെയൊരു രത്നമായി,
തണ്ടിൽ പിണയുന്ന മുല്ലവള്ളിയായി ;
ഞാനൊരാപ്പിളായി പിന്നെ,
പാടത്തു പൂത്ത ലില്ലിയായി,
വഴങ്ങുന്ന പെണ്ണിന്നധരങ്ങളായി,
പുലരെ പാടുന്ന വാനമ്പാടിയായി;
ദൈവവെളിച്ചം വീഴുന്ന
പനമരമാണിന്നു ഞാൻ,
ഒരാത്മാവ്‌,
കാറ്റിൽ പറന്ന സങ്കീർത്തനം.

 

WikiPedia Link to Ruben Dario

Wednesday, January 13, 2010

റുബേൻ ദാരിയോ-വിവർണ്ണപുഷ്പങ്ങൾ

 

 

File:Still Life - Japanese Vase with Roses and Anemones .jpg

മോണകളില്ലാത്ത മന്ദഹാസങ്ങളുണ്ട്‌,
കണ്ണുകളില്ലാത്ത തുറിച്ചുനോട്ടമുണ്ട്‌,
തൊലി വിളർത്ത മനോരോഗികളുടെ സ്വപ്നങ്ങളിൽ
കിളർക്കുന്ന വെളിപാടുകളുണ്ട്‌,
മുഖം തരാത്ത ശത്രുക്കൾ,
അടങ്ങാത്ത മരണാനന്തരവിദ്വേഷങ്ങൾ-
ഭ്രാന്താലയത്തിലെ റോജാപ്പടർപ്പിൽ
വിവർണ്ണപുഷ്പങ്ങൾ വിടരുന്നതങ്ങനെ;
മനംമറിഞ്ഞവരുടെ ചോരയിൽ
പൂക്കൾ കുടിച്ചുതെഴുക്കുന്നതുമങ്ങനെ.

 

 

Japanese Vase with Roses and Anemones-Van Gogh

Tuesday, January 12, 2010

ലോർക്ക

Lorca_-_Poeta_NY_5

സമാഗമം

നീയും ഞാനും-
തമ്മിലറിയാൻ കാല-
മായിട്ടില്ല നമുക്ക്‌.
നിനക്ക്‌...
നിനക്കതറിയാം.
അത്രമേൽ സ്നേഹിച്ചിരുന്നു
ഞാനവളെ.
ആണിത്തുളകളാ-
ണെന്റെ കൈയിൽ.
ചോര വാലുന്നതു നീ
കാണുന്നില്ലേ?
തിറിഞ്ഞുനോക്കരു-
തൊരിക്കലും.
പതിയേ നടന്നു പോവുക.
എന്നെപ്പോൽ പ്രാർത്ഥിക്കുക
പുണ്യവാനെ.
തമ്മിലറിയാൻ കാല-
മായിട്ടില്ല നമുക്ക്‌.

Lorca_-_Poeta_NY_3

നിലവിളി

കുന്നിൽ നിന്നു കുന്നിലേക്കൊരു
ചാപം പോലെ
ഒരു നിലവിളി.

ഒലീവുമരങ്ങളിൽ നിന്നൊരു
മഴവിൽ
നീലരാവിനു മേൽ.

ഹാ!

ഒരു വയോളായുടെ കോലു പോൽ
കാറ്റിന്റെ തന്ത്രികളെ
വിറപ്പിച്ചുവല്ലോ നിലവിളി.

ഹാ!

(എണ്ണവിളക്കുകൾ കൊളുത്തുന്നു
ഗുഹാജീവികൾ.)

ഹാ!

 

Sketches by Lorca

Monday, January 11, 2010

റുബേൻ ദാരിയോ-യുദ്ധം

 

File:Saturno devorando a sus hijos.jpg
ആവേശഭരിതരായ യുവാക്കളേ, യുദ്ധം നിങ്ങൾക്കു മനോഹരമാണ്‌! കീർത്തിയെക്കുറിച്ചുള്ള വ്യാമോഹത്താൽ തല തിരിഞ്ഞുപോയ നിങ്ങൾ കരുതുന്നു,ഒരു ഭാഗ്യനക്ഷത്രത്തിൻ കീഴിൽ ജനിച്ചവരാണു തങ്ങളെന്ന്, ഉണങ്ങിയ മരക്കൊമ്പുകളിൽ നിന്ന് പഴങ്ങളിറുന്നു വീഴുന്നപോലെ സ്വന്തം സഖാക്കൾ മരിച്ചുവീഴുമ്പോഴും ശത്രുവിന്റെ വെടിയുണ്ടകൾ തങ്ങളുടെ ജീവിതത്തെ മാനിക്കുമെന്ന്. നിങ്ങൾ പറയുകയാണ്‌:വിജയശ്രീലാളിതരായി ഞങ്ങൾ പുറത്തുവരും; അവരുടെ ജഡങ്ങളുമായി ഞങ്ങൾ മടങ്ങുമ്പോൾ വിജയികളായ അഭിമാനത്തോടെ ഞങ്ങൾ കരയും. ജന്മഭൂമിയുടെ ആദ്യജാതരായി തങ്ങൾ കൊണ്ടാടപ്പെടുമെന്ന് നിങ്ങൾ കരുതുന്നു.

കച്ചവടക്കാരാ, ആവശ്യക്കാരായ ദേശാഭിമാനികളെ കൊള്ളയടിച്ചും രാഷ്ട്രവുമായി വിലപേശൽ നടത്തിയും തന്റെ അടുപ്പിൽ വേവുന്നതിനു താൻ കൊഴുപ്പു കൂട്ടും. തന്റെ കീശയിൽ നാണയങ്ങളും തന്റെ വയറ്റിൽ ഏമ്പക്കവും നിറയ്ക്കുന്ന ആ ഭിന്നതയെ താൻ വാഴ്ത്തും.

വിദേശിയായ ബാങ്കറേ, കഴുത്തറുപ്പൻ പലിശയ്ക്കു താൻ പണം കടം കൊടുക്കും. വെടിമരുന്നും ആളെക്കൊല്ലികളായ ആയുധങ്ങളും നിർമ്മിക്കുന്ന ഹേ ഫാക്റ്ററിക്കാരാ, വിശിഷ്ടമത്സ്യമാണു മരണം തനിക്ക്‌; ആകാശം മുട്ടുന്ന വിലയ്ക്കും ചോരയ്ക്കും പൊന്നിനും പകരമായി താൻ തന്റെ കൊലക്കത്തികൾ വിൽക്കാൻ വരും; അതിനു വില നൽകുക കടലിലേക്കും ശവക്കുഴികളിലേക്കുമെടുത്തെറിയപ്പെടുന്ന പാവങ്ങളാണ്‌.

ഇനി തന്റെ കാര്യമാണു രാഷ്ട്രീയക്കാരാ: ആ നരഹത്യയ്ക്കു ശേഷം ദൗർഭാഗ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട്‌ താൻ തുള്ളിച്ചാടും; അതുമല്ലെങ്കിൽ തന്റെ വാദം ശരിയായതിന്റെ അഹങ്കാരത്തോടെ കുന്തിക്കുന്തി താൻ നടക്കും.എന്നിട്ട്‌ സിരകളിൽ പുതുരക്തവുമായി രാജ്യം അതിന്റെ ശോഷിച്ച ആരോഗ്യം വീണ്ടെടുത്തു വരുമ്പോഴേക്കും താൻ പുതിയൊരു കലഹത്തിനുള്ളതൊക്കെ സ്വരുക്കൂട്ടിയിട്ടുമുണ്ടാവും; എന്നാലല്ലേ സ്വന്തം സഹോദരനോടും സ്വന്തം അയൽക്കാരനോടും വീണ്ടും സംഘർഷത്തിലേർപ്പെടാൻ തനിക്കാകൂ? വെറുപ്പിന്റെയും അസൂയയുടെയും പുതിയ പുതിയ വിക്രമങ്ങൾ തന്റെ പേർക്കു ചാർത്തിക്കിട്ടൂ?

കലാകാരനും ചിന്തകനും: നിങ്ങൾക്കു കീർത്തിക്കാനർഹമായ ഒരു രംഗം നിങ്ങൾക്കു കിട്ടട്ടെ; നിങ്ങളുടെ ഭാവന അവിടെ യഥേഷ്ടം മേഞ്ഞുനടക്കട്ടെ.

അതേസമയം കരയാനല്ലാതെ ഒന്നുമറിയാത്ത ആ വൃദ്ധകളുടെ കാര്യമോ? ചോര വറ്റിയ സ്ത്രീകൾ, അനാഥരായ പാവം കുട്ടികൾ, അവരുടെ കാര്യമോ? നഷ്ടപരിഹാരം കാത്തിരിക്കുന്നവർ,രാത്രി വൈകുവോളം കെടാതെ കത്തുന്ന ഒരു വിളക്ക്‌, വിഷാദം തോന്നുന്ന ആ തയ്യൽ മെഷീനുകൾ- അവയോ? ആ കറുത്ത വസ്ത്രങ്ങളുടെ കാര്യമോ?
File:Rubén Darío.jpg

______________________________________________________________________________________________________________

റുബേൻ ദാരിയോ (1867-1916)ലാറ്റിനമേരിക്കയിലെ മോഡേണിസ്റ്റാപ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായ നിക്കരാഗ്വൻ എഴുത്തുകാരൻ.

Sunday, January 10, 2010

ലോർക്ക-ആറു കമ്പികൾ

picasso
ഗിത്താറു കരയിക്കുന്നു
സ്വപ്നങ്ങളെ.
വർത്തുളവദനത്തിൽ നിന്നു
പുറത്തുചാടുന്നു
നഷ്ടജന്മങ്ങളുടെ
തേങ്ങലുകൾ.
ഇരുണ്ട മരപ്പാനയി-
ലൊഴുകിനടക്കും
തേങ്ങലുകളെപ്പിടിക്കാൻ
വിഷച്ചിലന്തിയെപ്പോൽ
ഗിത്താറു നെയ്യുന്നൊരു
നക്ഷത്രം.

Listen to Andrés Segovia perform Isaac Albéniz’s Leyenda (Asturias) from the Suite Española, op. 47 (1892)—in the Patio de los Arrayanes of the Alhambra Palace.

 

Painting-The Old Guitarist by Picasso(1903)

Saturday, January 9, 2010

മഹ്‌മൂദ്‌ ദർവ്വീശ്‌ - മൂന്നാം സങ്കീർത്തനം

Mahmoud Darwish

എന്റെ വാക്കുകൾ മണ്ണായിരുന്ന നാൾ
ഗോതമ്പുകതിരുകൾക്കു ഞാന്‍
തോഴനുമായിരുന്നു.

എന്റെ വാക്കുകൾ പകയായിരുന്ന നാൾ
ചങ്ങലക്കണ്ണികൾക്കു ഞാൻ
തോഴനുമായിരുന്നു.

എന്റെ വാക്കുകൾ കല്ലുകളായിരുന്ന നാൾ
ഒഴുകുന്ന ചോലകൾക്കു ഞാൻ
തോഴനുമായിരുന്നു.

എന്റെ വാക്കുകൾ കലാപങ്ങളായിരുന്ന നാൾ
ഭൂകമ്പങ്ങൾക്കു ഞാന്‍
തോഴനുമായിരുന്നു.

എന്റെ വാക്കുകൾ കയ്ക്കുമാപ്പിളായിരുന്ന നാൾ
ശുഭാപ്തിവിശ്വാസിക്കു ഞാൻ
തോഴനുമായിരുന്നു.

എന്റെ വാക്കുകൾ തേൻതുള്ളികളായപ്പോൾ പക്ഷേ,
എന്റെ ചുണ്ടുകളിൽ
ഈച്ചകൾ വന്നുപൊതിഞ്ഞു !

Friday, January 8, 2010

ലോർക്ക-ഗിത്താർ



തേങ്ങുന്നു ഗിത്താർ.
പുലരിയുടെ
ചഷകങ്ങളുടയുന്നു.
തേങ്ങുന്നു ഗിത്താർ.
അതടങ്ങലില്ല.
അതിനെയടക്കലില്ല.
ചോല പോലെ
മഞ്ഞുപാടത്തിനു മേൽ
തെന്നൽ പോലെ
ഒരേതാളത്തിലോർത്തോർത്തു
തേങ്ങുന്നു ഗിത്താർ.
അതിനെയടക്കലില്ല.
അകലത്തുള്ളവയെച്ചൊല്ലി
തേങ്ങുന്നു ഗിത്താർ.
കമേലിയാപ്പൂവിനു
ദാഹിക്കുമുഷ്ണഭൂമി പോലെ
തേങ്ങുന്നു ഗിത്താർ.
ഉന്നമില്ലാത്തൊരമ്പിനായി
പുലരിയില്ലാത്ത സന്ധ്യക്കായി
ചില്ലയിലാദ്യം മരിച്ച കിളിക്കായി
തേങ്ങുന്നു ഗിത്താർ.
ഹാ, ഗിത്താർ!
അഞ്ചു കഠാരങ്ങ-
ളാഴ്‌ന്നിറങ്ങിയ
ഹൃദയമേ!


painting by Honore Daumier

Thursday, January 7, 2010

ഇസാക്‌ ബഷേവിച്ച്‌ സിംഗർ-കാഫ്കയുടെ ഒരു സ്നേഹിതൻ

image

ഫ്രാൻസ്‌ കാഫ്കയുടെ ഒരു പുസ്തകമെങ്കിലും വായിക്കുന്നതിനു വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ അദ്ദേഹത്തെക്കുറിച്ച്‌ ജാക്വെസ്‌ കോൺ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ഒരു സ്നേഹിതനും ഒരു കാലത്ത്‌ യിദ്ദിഷ്‌ നാടകങ്ങളിൽ അഭിനയിച്ചിരുന്നയാളുമായിരുന്നു കോൺ. ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം നാടകാഭിനയമൊക്കെ നിർത്തിയിരിക്കുന്നു. 1930-ന്റെ തുടക്കം; യിദ്ദിഷ്‌ നാടകത്തിന്‌ കാഴ്ചക്കാർ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ജാക്വെസ്‌ കോൺ ദരിദ്രനും രോഗിയുമായിക്കഴിഞ്ഞിരുന്നു. പരിഷ്കാരിയുടെ മട്ടിൽ ഉടുത്തൊരുങ്ങുന്ന ശീലം ഉപേക്ഷിച്ചിരുന്നില്ലെങ്കിലും വസ്ത്രങ്ങളൊക്കെ മുഷിഞ്ഞതായിരുന്നു. ഇടതുകണ്ണിൽ ഒരൊറ്റക്കണ്ണട, പഴയമട്ടിലുള്ള പൊങ്ങിയ കോളർ, മേൽത്തരം തുകലു കൊണ്ടുള്ള ഷൂസ്‌, രോമത്തൊപ്പി ഇവയൊക്കെയുണ്ടാവും. ദിവസം ചെല്ലുംതോറും കൂനിക്കൂനിവരികയായിരുന്നെങ്കിലും ചുമലു വിരിച്ചുവയ്ക്കാൻ ആവേശത്തോടെയുള്ള യത്നവും നടന്നിരുന്നു. ഒരുകാലത്ത്‌ സ്വർണ്ണനിറമായിരുന്ന മുടിയിൽ അവശേഷിച്ചത്‌ ശൂന്യമായ തലയോട്ടിയിൽ ഒരു പാലം പോലെ കോതിവച്ചിട്ടുണ്ടാവും. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ സംഭാഷണം പഴയ നാടകക്കാരുടെ മട്ടിൽ ജർമ്മൻ കലർന്ന യിദ്ദിഷിലേക്കു തെന്നിപ്പോകും-വിശേഷിച്ചും തനിക്കു കാഫ്കയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുമ്പോൾ. അടുത്തകാലത്തായി പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി അയയ്ക്കാൻ തുടങ്ങിയിരുന്നെങ്കിലും അവ തിരസ്കരിക്കുന്ന കാര്യത്തിൽ സകല പത്രാധിപന്മാരും ഏകാഭിപ്രായക്കാരായിരുന്നു. ലെസ്നോതെരുവിലെവിടെയോ ഉള്ള ഒരു കെട്ടിടത്തിന്റെ തട്ടുമ്പുറത്തുള്ള ഒരു മുറിയിലാണ്‌ ആളുടെ വാസം.പകലു മുഴുവൻ ഓക്സിജൻ ടെന്റിൽ കിടന്നിട്ട്‌ രാത്രിയിൽ ഡോൺ ജൂവാനായി പുറത്തിറങ്ങുകയായി എന്നൊരു തമാശ അദ്ദേഹത്തെക്കുറിച്ച്‌ ക്ലബ്ബംഗങ്ങൾക്കിടയിൽ പരന്നിരുന്നു.
ഞങ്ങൾ എന്നും വൈകിട്ട്‌ ക്ലബ്ബിൽ ഒത്തുചേരാറുണ്ടായിരുന്നു. ജാക്വെസ്‌ കോണിനു കടന്നുവരാനായി വാതിൽ സാവധാനം തുറക്കപ്പെടും. ജൂതച്ചേരി സന്ദർശിക്കാൻ ദാക്ഷിണ്യം കാട്ടിയ ഏതോ യൂറോപ്യൻമഹാനുഭാവന്റെ ഭാവമായിരിക്കും മുഖത്ത്‌. വരുന്നവഴി ചുറ്റുപാടുമൊന്നു കണ്ണോടിച്ചിട്ട്‌ അദ്ദേഹം മുഖം ചുളിക്കും; ഈ മത്തിയുടെയും വെളുത്തുള്ളിയുടെയും വിലകുറഞ്ഞ പുകയിലയുടെയുമൊക്കെ മണം തന്റെ അഭിരുചിക്കു ചേർന്നതാവുന്നില്ല എന്നാണതിനർത്ഥം. ചുളിഞ്ഞ പത്രക്കടലാസ്സുകളും നിര തെറ്റിയ ചെസ്കരുക്കളും സിഗരറ്റുകുറ്റികൾ കുത്തിനിറച്ച ആഷ്ട്രേകളും കൊണ്ടു നിറഞ്ഞ മേശകൾക്കു ചുറ്റുമായി ക്ലബ്ബംഗങ്ങൾ സാഹിത്യത്തെക്കുറിച്ച്‌ അന്തമറ്റ ചർച്ചയും നടത്തി ഇരുപ്പുണ്ടാവും. അവരെ അവ്ജ്ഞയോടെ ഒന്നു നോക്കിയിട്ട്‌ ഈ വിഡ്ഡികൾ ഗുണം പിടിക്കാൻ പോകുന്നില്ല എന്ന അർത്ഥത്തിൽ അദ്ദേഹം ഒന്നു തോളു വെട്ടിക്കും. അദ്ദേഹം കടന്നുവരുന്നതു കണ്ണിൽപ്പെടുന്ന നിമിഷം ഞാൻ പോക്കറ്റിൽ കൈയിട്ട്‌ ഒരു സ്ലോട്ടിയുടെ നാണയമെടുത്തുവയ്ക്കും; അതദ്ദേഹം മുറതെറ്റാതെ എന്നോടു കടം വാങ്ങാറുള്ളതാണ്‌.

അന്നു വൈകിട്ട്‌ ജാക്വെസ്‌ കോൺ പതിവിലും ഉല്ലാസവാനായിട്ടാണു കാണപ്പെട്ടത്‌. പോഴ്സലൈൻപല്ലുകൾ വെളിയിൽ കാണുമാറു ചിരിച്ചുകൊണ്ട്‌ അരങ്ങിലെന്നപോലെ ആടിയുലഞ്ഞ്‌ അദ്ദേഹം എന്റെയടുത്തേക്കു വന്നു. വിരൽ നീണ്ട, എല്ലിച്ച കൈ നീട്ടിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു:"ഉദിച്ചുയരുന്ന യുവതാരത്തിനു സുഖം തന്നെയോ?"

"തമാശ തുടങ്ങിക്കഴിഞ്ഞോ?"

"തമാശയല്ല, ഞാൻ കാര്യമായിട്ടുതന്നെ പറഞ്ഞതാണ്‌. എനിക്കില്ലാത്തൊരു സാധനമാണെങ്കിലും പ്രതിഭയുള്ളവരെ കണ്ടാൽ എനിക്കുടനെ മനസ്സിലാകും. 1911-ൽ ഞങ്ങൾ പ്രാഗിൽ നാടകം കളിക്കാൻ ചെല്ലുമ്പോൾ അവിടെയാരും കാഫ്കയെക്കുറിച്ചു കേട്ടിട്ടുകൂടിയില്ല. അന്നദ്ദേഹം അണിയറയിലേക്കു വന്നിരുന്നു. അദ്ദേഹത്തെ കണ്ട നിമിഷം ഞാനിതാ ഒരു മഹാപ്രതിഭയ്ക്കു മുന്നിലാണു നിൽക്കുന്നതെന്ന് എനിക്കു മനസ്സിലായി. പൂച്ച എലിയെ മണത്തറിയുന്നപോലെ എനിക്കതറിയാൻ പറ്റും. ഞങ്ങളുടെ ചങ്ങാത്തം തുടങ്ങുന്നതങ്ങനെയാണ്‌."
ഞാൻ ഈ കഥ പല തവണ പല രൂപത്തിൽ കേട്ടുകഴിഞ്ഞിരിക്കുന്നു; എങ്കിലും അതു വീണ്ടും കേൾക്കേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹം എന്റെ മേശയ്ക്കടുത്തു വന്നിരുന്നു. മന്യ,പരിചാരിക,ചായയും ബിസ്കറ്റും കൊണ്ടുവച്ചു. ജാക്വെസ്‌ കോൺ പുരികമുയർത്തി; ആ മഞ്ഞിച്ച കണ്ണുകളുടെ വെള്ളകളിൽ നേർത്ത സിരകളുടെ ചെന്നൂലോടിയിരുന്നു. 'ഇതിനാണോ ഈ പ്രാകൃതന്മാർ ചായ എന്നു പറയുന്നത്‌?' എന്നായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌. ഗ്ലാസ്സിലേക്ക്‌ അഞ്ചു നുള്ളു പഞ്ചാരയിട്ടിട്ട്‌ അദ്ദേഹം ചായ ഇളക്കാൻ തുടങ്ങി. തള്ളവിരലും നഖം നീട്ടിവളർത്തിയ ചൂണ്ടുവിരലും കൊണ്ട്‌ ഒരു കഷണം ബിസ്കറ്റു പൊട്ടിച്ചു വായിലിട്ടുകൊണ്ട്‌ അദ്ദേഹം പറഞ്ഞു:"നു ജാ." എന്നുപറഞ്ഞാൽ പോയകാലത്തിന്റെ ഓർമ്മ കൊണ്ട്‌ വയറു നിറയില്ല എന്നും.

ഇതെല്ലാം പക്ഷേ ഒരഭിനയമായിരുന്നു. അദ്ദേഹം ജനിച്ചത്‌ പോളണ്ടിലെ ഒരു കൊച്ചുപട്ടണത്തിൽ ഹസീദുകളുടെ ഒരു കുടുംബത്തിലാണ്‌. ശരിക്കുള്ള പേർ ജാക്വെസ്‌ എന്നല്ല, ജാൻകെൽ എന്നായിരുന്നു. ഏറെക്കാലം പ്രാഗ്‌, വിയന്ന, ബർലിൻ,പാരീസ്‌ എന്ന്വിടങ്ങളിലായിരുന്നു. യിദ്ദിഷ്‌ നാടകവേദിയിലേക്കു വരുന്നതിനു മുമ്പ്‌ അദ്ദേഹം ഫ്രാൻസിലും ജർമ്മനിയിലുമൊക്കെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളാണ്‌. പേരുകേട്ട പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഷഗാലിന്‌ ബലെവിലിൽ ഒരു സ്റ്റുഡിയോ തേടിപ്പിടിച്ചുകൊടുത്തത്‌ ഇദ്ദേഹമാണ്‌:ഇസ്രായെൽ സാംഗ്‌വില്ലിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. റെയിൻഹാർട്ടിന്റെ ഒരു നാടകത്തിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്‌. കാഫ്കയുടെ മാത്രമല്ല, ജേക്കബ്‌ വാസർമാൻ,സ്റ്റെഫാൻ സ്വെയ്ഗ്‌,റൊമെയ്ൻ റൊളാങ്ങ്‌,ഇലിയാ എഹ്‌റെൻബർഗ്‌,മാർട്ടിൻ ബൂബർ എന്നിവർ തനിക്കയച്ച കത്തുകളും അദ്ദേഹം എനിക്കു കാട്ടിത്തന്നിരുന്നു. അവരൊക്കെ അദ്ദേഹത്തെ സ്നേഹപൂർവ്വം ജാക്വെസ്‌ എന്നാണു വിളിച്ചിരുന്നത്‌. ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തുകഴിഞ്ഞപ്പോൾ താനുമായി ബന്ധം പുലർത്തിയിരുന്ന പ്രശസ്തനടിമാരുടെ ഫോട്ടോകളും കത്തുകളും വരെ അദ്ദേഹം എനിക്കു കാണിച്ചുതന്നിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ജാക്വെസ്‌ കോണിന്‌ ഒരു സ്ലോട്ടി വായ്പ കൊടുക്കുക എന്നതിനർത്ഥം പടിഞ്ഞാറൻ യൂറോപ്പുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. അദ്ദേഹം ആ വെള്ളി കെട്ടിയ ചൂരൽ പിടിക്കുന്ന രീതി പോലും വലിയൊരു പുതുമയായിട്ടാണ്‌ എനിക്കു തോന്നിയത്‌. അദ്ദേഹം സിഗരറ്റു വലിച്ചിരുന്നതും ഞങ്ങൾ വാഴ്സാക്കാർ ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായിട്ടായിരുന്നു. വളരെ ഭവ്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എനിക്കെതിരു പറയേണ്ടിവരുന്ന അപൂർവ്വസന്ദർഭങ്ങളിൽപ്പോലും എനിക്കു വേദന തോന്നാത്തവിധം അദ്ദേഹം അതു സാധിച്ചിരുന്നു. മറ്റെന്തിനെക്കാളുമുപരി എന്നെ ആകർഷിച്ചത്‌ അദ്ദേഹം സ്ത്രീകളോടിടപടുന്ന രീതിയാണ്‌. എനിക്കാണെങ്കിൽ സ്ത്രീകളെ അഭിമുഖീകരിക്കാൻ വളരെ സങ്കോചമായിരുന്നു. അവരുടെ മുന്നിൽ പെട്ടാൽ ലജ്ജ കൊണ്ട്‌ എന്റെ മുഖം ചുവന്നുപോകും; എന്തു ചെയ്യണമെന്ന് ഒരു പിടിയുമുണ്ടാവില്ല. പക്ഷേ അത്തരം സന്ദർഭങ്ങളിലൊക്കെ ജാക്വസ്‌ കോണിന്‌ നല്ല മനസ്സാന്നിദ്ധ്യമായിരുന്നു. എത്ര അവലക്ഷണം പിടിച്ച സ്ത്രീയാകട്ടെ, അവരോട്‌ ഒരു ഭംഗിവാക്കു പറയാനുണ്ടാവും അദ്ദേഹത്തിന്‌. സകലസ്ത്രീകളെയും അദ്ദേഹം മുഖസ്തുതി പറഞ്ഞു വീഴ്ത്തി. അതു പക്ഷേ നിർദ്ദോഷവുമായിരുന്നു. സകലതിന്റെയും രുചിയറിഞ്ഞുകഴിഞ്ഞ ഒരു സുഖാന്വേഷിയുടെ ചെടിച്ച മനോഭാവമായിരുന്നു ഇതിനൊക്കെയടിയിൽ.

എന്നോടു സംസാരിക്കുമ്പോൾ അദ്ദേഹം ഒന്നും ഒളിച്ചിരുന്നില്ല. 'ഞാനിന്ന് ഫലത്തിൽ ഒരു ഷണ്ഡന്റെ അവസ്ഥയിലാണെന്റെ കുട്ടാ. അത്രയ്ക്കുയർന്ന ഒരഭിരുചി ഉണ്ടായിപ്പോയതിന്റെ ഗുണമാണ്‌. വിശന്നിരിക്കുന്നവന്‌ എന്തു കിട്ടിയാലും മതിയല്ലോ. ഒരു സ്ത്രീയും ആകർഷകയായിത്തോന്നാത്ത ഒരവസ്ഥയിൽ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ന്യൂനതയും എന്റെ കണ്ണിൽപ്പെടാതെ പോകില്ല. ഇതിനാണു ഷണ്ഡത്വം എന്നു പറയുന്നത്‌. മേലുടുപ്പും അടിയുടുപ്പുമൊക്കെ എനിക്കു സുതാര്യമാണ്‌. ചായവും ലേപനവും കൊണ്ട്‌ എന്നെ കബളിപ്പിക്കാനാവില്ല. എന്റെ പല്ലു പോയെന്നതു ശരി തന്നെ; പക്ഷേ ഒരുത്തി വായ തുറന്നാൽ അവളുടെ വയ്പ്പുപല്ല് ഞാൻ കാണിച്ചുതരാം. പറയുമ്പോൾ എഴുത്തിന്റെ കാര്യത്തിൽ കാഫ്കയുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. എല്ലാ ന്യൂനതകളും,തന്റേതും മറ്റുള്ളവരുടേതും, അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. സാഹിത്യത്തിൽ ഏറിയ ഭാഗവും സൃഷ്ടിക്കുന്നത്‌ സോളായും ഡി അനൺസിയോവും പോലുള്ള ഇടത്തരക്കാരും അബദ്ധക്കാരുമാണല്ലോ. സാഹിത്യത്തിൽ കാഫ്ക കണ്ട അതേ ന്യൂനതകൾ തന്നെ നാടകവേദിയിൽ ഞാനും കണ്ടു. അങ്ങനെയാണ്‌ ഞങ്ങൾ തമ്മിൽ അടുക്കുന്നത്‌. പക്ഷേ വിചിത്രമെന്നു പറയണം, നാടകവേദിയെ വിലയിരുത്തുന്ന കാര്യത്തിൽ കാഫ്ക്‌ യാതൊരു വിവേചനശക്തിയും കാണിച്ചില്ല. ഞങ്ങളുടെ മോശപ്പെട്ട യിദിഷ്‌ നാടകങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി. അമിതാഭിനയക്കാരി ഒരു നടി, മദാം ഷിസ്സിക്കുമായി അദ്ദേഹം പ്രണയത്തിലുമായി. കാഫ്ക ആ ജന്തുവിനെ സ്നേഹിച്ചുവെന്നും അവളെക്കുറിച്ചു സ്വപ്നം കണ്ടുവെന്നുമൊക്കെ ആലോചിക്കുമ്പോൾ മനുഷ്യനെയും അവന്റെ വ്യാമോഹങ്ങളെയും കുറിച്ചോർത്തു ലജ്ജിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. അതെന്തുമാകട്ടെ, അമരത്വത്തിന്‌ അങ്ങനെ വേർതിരിവൊന്നുമില്ല; ഒരു മഹാനുമായി അടുക്കാനിടയാവുന്നനും അമരത്വത്തിലേക്കു മാർച്ചു ചെയ്യാൻ തരമാകുന്നു, പലപ്പോഴും ഇണങ്ങാത്ത ബൂട്ടുകളിലാണെങ്കിൽപ്പോലും.

ഞാനിങ്ങനെ പിടിച്ചുനിൽക്കുന്നത്‌ എന്തിന്റെ ബലത്തിലാണെന്ന് നിങ്ങൾ ഒരിക്കൽ ചോദിച്ചില്ലേ? അതോ എനിക്കു തോന്നിയതാണോ? ഈ ദാരിദ്ര്യവും രോഗവുമൊക്കെ ഞാൻ എങ്ങനെ സഹിക്കുന്നുവെന്ന്? അതും ആശ വയ്ക്കൻ ഒന്നുമില്ലാത്ത ഞാൻ! നല്ല ചോദ്യം. പഴയനിയമത്തിലെ ഇയ്യോബിന്റെ കഥ ആദ്യമായി വായിക്കുമ്പോൾ ഞാനും ഇതേ ചോദ്യം സ്വയം ചോദിച്ചിരുന്നു. ഇയ്യോബ്‌ ആ ദുരിതങ്ങളൊക്കെ സഹിച്ചുകൊണ്ട്‌ ജീവിച്ചതെന്തിനുവേണ്ടിയായിരുന്നു? എല്ലാം കഴിയുമ്പോൾ തനിക്ക്‌ അന്നുള്ളതിൽക്കൂടുതൽ പെണ്മക്കളും കഴുതകളും ഒട്ടകങ്ങളും ലഭിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നോ? അല്ല, അത്‌ ആ കളിക്കു വേണ്ടിത്തന്നെയായിരുന്നു. വിധി എന്ന പ്രറ്റ്‌ഹിയോഗിയുമായി ചതുരംഗം കളിക്കുകയാണു നമ്മൾ. അവൻ ഒരു നീക്കം നടത്തുമ്പോൾ നമ്മൾ എതിർനീക്കം നടത്തുന്നു. അവൻ നമ്മളെ മൂന്നു നീക്കങ്ങൾ കൊണ്ട്‌ അടിയറവു പറയിക്കാൻ നോക്കുന്നു; നമ്മൾ അതു ചെറുക്കാനും നോക്കുന്നു. നാം ജയിക്കാൻ പോകുന്നില്ലെന്ന് നമുക്കറിയാം; പക്ഷേ അത്രവേഗം അവനു വഴങ്ങിക്കൊടുക്കാൻ നാം തയ്യാറല്ല. എന്റെ പ്രതിയോഗി ഒരു കടുപ്പക്കാരൻ മാലാഖയാണ്‌. തന്റെ ചെപ്പിലെ സകല വിദ്യകളുമെടുത്ത്‌ അവൻ ജാക്വെസ്‌ കോണിനോടു പൊരുതുകയാണ്‌. ഇതാ മഞ്ഞുകാലമയിരിക്കുന്നു; സ്റ്റൗ കത്തിച്ചാൽപ്പോലും ചൂടു കിട്ടാത്ത സമയം. പക്ഷേ എന്റെ സ്റ്റൗവിൽ തീ കത്തിയിട്ടു മാസങ്ങളായിരിക്കുന്നു. അതൊന്നു നന്നാക്കിത്തരാൻ വീട്ടുടമയ്ക്കു മനസ്സുമില്ല. കൽക്കരി വാങ്ങാൻ എന്റെ കൈയിൽ കാശില്ല. പുറത്തെ അതേ തണുപ്പാണ്‌ എന്റെ മുറിക്കുള്ളിലും. വേനൽക്കു പോലും എന്റെ ജനാലച്ചില്ലുകൾ കിടുകിടുക്കും. ചിലസമയം ഒരു കണ്ടൻപൂച്ച എന്റെ ജനാലയ്ക്കടുത്തുള്ള മേൽക്കൂരയിൽ കയറിനിന്നുകൊണ്ട്‌ പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളെപ്പോലെ മോങ്ങാൻ തുടങ്ങും. പുതച്ചുമൂടിയിട്ടും തണുത്തുമരവിച്ചു കിടക്കുകയായിരിക്കും ഞാൻ. അവൻ മോങ്ങുന്നത്‌ ചക്കിപ്പൂച്ചയ്ക്കു വേണ്ടിയായിരിക്കും; അല്ലെങ്കിൽ വിശന്നിട്ടാവാം. എനിക്കു വേണമെങ്കിൽ ഒരു റൊട്ടിക്കഷണമെടുത്തെറിഞ്ഞുകൊടുത്ത്‌ അവന്റെ വായടയ്ക്കാം; അതുമല്ലെങ്കിൽ അവനെ ആട്ടിയോടിക്കാം. പക്ഷേ ആ ശ്രമത്തിനിടെ ഞാൻ തണുത്തുവിറച്ചു മരിച്ചുപോകും. കയ്യിൽക്കിട്ടാവുന്ന സകല പഴന്തുണിയും, എന്തിന്‌ പഴയ പത്രക്കടലാസ്സു വരെയെടുത്ത്‌ പുതച്ചുമൂടിക്കൊണ്ടാണ്‌ എന്റെ കിടപ്പ്‌-ഒന്നനങ്ങിയാൽ മതി ചെയ്തതൊക്കെ നിഷ്ഫലമാകാൻ.

എന്നാലെന്താ, ചതുരംഗം കളിക്കാനിരിക്കുകയാണെങ്കിൽ അതു കളിക്കാനറിയുന്നവന്റെ കൂടെത്തന്നെ വേണം ചങ്ങാതീ. എനിക്കെന്റെ പ്രതിയോഗിയെ വലിയ ബഹുമാനമാണ്‌. ചിലനേരം ഞാനവന്റെ സാമർത്ഥ്യം കണ്ടു മയങ്ങിപ്പോകാറുണ്ട്‌. അങ്ങു ദൈവരാജ്യത്ത്‌, നമ്മുടെ കൊച്ചുഗ്രഹത്തിന്റെ കാര്യങ്ങൾ നോക്കുന്ന വകുപ്പിൽ, മൂന്നമത്തെയോ ഏഴാമത്തെയോ വകുപ്പിൽ ഇരിക്കുകയാണവൻ. അവനു കൊടുത്തിട്ടുള്ള പണി ഇതാണ്‌- ജാക്വെസ്‌ കോണിനെ കെണിയിൽ വീഴ്ത്തുക. പക്ഷേ അവന്‌ ഒരു നിർദ്ദേശം കൊടുത്തിട്ടുള്ളതിതാണ്‌: ഭരണി തകർക്കുക, പക്ഷേ വീഞ്ഞു മുഴുവൻ ചോർന്നുപോകാതെ നോക്കണം. അതുതന്നെയാണ്‌ അവൻ ചെയ്തുവച്ചിരിക്കുന്നതും. അവൻ എന്റെ ജീവൻ പോകാതെ നിർത്തിയിരിക്കുന്നത്‌ ഏതുവിധമാണെന്നത്‌ വലിയൊരുത്ഭുതം തന്നെയാണ്‌. പറയാൻ സങ്കോചമുണ്ടെങ്കിലും പറയട്ടെ, എന്തുമാത്രം മരുന്നാണു ഞാൻ കഴിക്കുന്നതെന്നോ! ഒരു മരുന്നുകടക്കാരൻ സ്നേഹിതൻ ഉള്ളതുകൊണ്ട്‌ അതൊക്കെയങ്ങു നടന്നുപോകുന്നു. കിടക്കുന്നതിനു മുമ്പ്‌ ഒന്നൊന്നായി ഗുളികകൾ എടുത്തു വിഴുങ്ങും, വെള്ളം കുടിക്കാതെ; വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടിവരുമല്ലോ. എനിക്കു മൂത്രാശയരോഗമുതുകൊണ്ട്‌ രാത്രിയിൽ പലതവണ എഴുന്നേൽക്കണം. ഇരുട്ടത്ത്‌ കാന്റിന്റെ സംവർഗ്ഗങ്ങൾക്കു പ്രസക്തിയില്ല; കാലം കാലമല്ല, സ്ഥലം സ്ഥലവുമല്ല. നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു വസ്തു പൊടുന്നനെ കാണാതാവുന്നു. എന്റെ ഗ്യാസ്‌വിളക്കു കത്തിക്കുക എന്നത്‌ കുറഞ്ഞ പണിയൊന്നുമല്ല. തീപ്പെട്ടികൾ സദാ കാണാതെപോകുന്നു. എന്റെ മച്ചുംപുറം നിറയെ ഭൂതങ്ങളാണ്‌. ഇടയ്ക്കൊക്കെ ഞാൻ അവരിൽ ഒരുത്തനെ വിളിച്ചു പറയാറുണ്ട്‌: എടാ വിനാഗിരീ, വീഞ്ഞിന്റെ മോനേ, നിന്റെയീ വിളയാട്ടമൊക്കെ നിർത്താറായില്ലേ?

കുറച്ചുനാൾ മുമ്പ്‌ പാതിരാത്രിക്ക്‌ ആരോ എന്റെ വാതിലിനു ശക്തിയായി ഇടിക്കുന്നതു കേട്ടു. ഒപ്പം ഒരു പെണ്ണിന്റെ ശബ്ദവും. അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് എനിക്കു മനസ്സിലായില്ല. 'ആരാവുമത്‌?' ഞാൻ സ്വയം ചോദിച്ചു. 'ലിലിത്‌? നമാ? കെറ്റെയ്‌വ്‌ മിശ്‌രിയുടെ മകൾ മൿനാത്‌?' ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു,'മദാം, നിങ്ങൾക്കു വീടു തെറ്റി.' എന്നിട്ടും അവൾ വാതിലിനിടി നിർത്തിയില്ല. പിന്നെ ഒരു ഞരക്കവും ആരോ താഴെ വീഴുന്ന ശബ്ദവും കേട്ടു. വാതിൽ തുറക്കാൻ എനിക്കു ധൈര്യം വന്നില്ല. ഞാൻ തീപ്പെട്ടി പരതാൻ തുടങ്ങി. ഒടുവിൽ നോക്കുമ്പോൾ അതെന്റെ കൈയിൽത്തന്നെയുണ്ടായിരുന്നു. ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ്‌ ഗ്യാസ്‌വിളക്കു കത്തിച്ചു. പിന്നെ മേൽക്കുപ്പായവും ചെറുപ്പുമെടുത്തിട്ടു. കണ്ണാടിയിൽ മുഖം കണ്ടപ്പോൾ ഞാൻ വിരണ്ടുപോയി-രോഗിയെപ്പോലെ വിളറി,താടിയും മീശയും വളർന്ന്... ഏതായാലും ഞാൻ ചെന്നു വാതിൽ തുറന്നു. പുറത്തു നിൽക്കുന്നത്‌ ഒരു ചെറുപ്പക്കാരിയാണ്‌; നൈറ്റ്‌ ഗൗണിനു മീതെ വിലകൂടിയ രോമക്കുപ്പായം ധരിച്ച ഒരുവൾ.കാലിൽ ചെരുപ്പില്ല. പേടിച്ചുവിളറി നിൽക്കുകയാണവൾ. നീണ്ടുചുവന്ന മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. 'മദാം, എന്തു പറ്റി?' ഞാൻ ആരാഞ്ഞു.

"ഒരാൾ എന്നെ കൊല്ലാൻ വന്നു. ദവവു ചെയ്ത്‌ എന്നെയൊന്ന് അകത്തുകയറ്റൂ. പുലർച്ചയ്ക്കുതന്നെ ഞാൻ പൊയ്ക്കോളാം."

കൊല്ലാൻ വന്നതാരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നെവെങ്കിലും അവളുടെ നിൽപ്പു കണ്ടപ്പോൾ വേണ്ടെന്നു വച്ചു. അവൾ കുടിച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളെ മുറിക്കകത്തു കയറ്റി. അവളുടെ കൈയിൽ വജ്രം പതിച്ച ഒരു വള കിടക്കുന്നതു ഞാൻ ശ്രദ്ധിച്ചു. "മുറി ചൂടു പിടിപ്പിച്ചിട്ടില്ല," ഞാൻ പറഞ്ഞു.

"തെരുവിൽ കിടന്നു മരിക്കുന്നതിനെക്കാൾ ഭേദമാണിത്‌."

അങ്ങനെ മുറിയിൽ ഞങ്ങൾ രണ്ടുപേരുണ്ട്‌. എനിക്കാണെങ്കിൽ ഒരു കട്ടിലേയുള്ളു. ഞാൻ കുടിക്കില്ല-എനിക്കതു തൊട്ടുകൂട-എന്നാൽ എന്റെ ഒരു സ്നേഹിതൻ സമ്മാനിച്ച ഒരു കുപ്പി കൊഞ്ഞ്യാക്‌ ഇരുപ്പുണ്ടായിരുന്നു; കുറച്ചു തണുത്ത ബിസ്ക്കറ്റും. ഒരു ഗ്ലാസ്‌ മദ്യം അകത്തു ചെന്നപ്പോൾ അവൾക്ക്‌ ഒന്നു ജീവൻ വച്ചപോലെ തോന്നി. "മദാം, നിങ്ങൾ ഈ കെട്ടിടത്തിൽ തന്നെയാണോ താമസം?" ഞാൻ ചോദിച്ചു.

"അല്ല, എന്റെ വീട്‌ ഉജസ്ദോവ്സ്കി തെരുവിലാണ്‌."

അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണെന്ന് കണ്ടാലറിയാം. സംസാരത്തിനിടെ അവൾ ഒരു പ്രഭുകുമാരിയാണെന്നും വിധവയാണെന്നും ഞാൻ മനസ്സിലാക്കി. ഇതേ കെട്ടിടത്തിൽത്തന്നെയുള്ള ഒരാളുമായി അവൾക്കു വേഴ്ചയുണ്ട്‌-ഒരു സിംഹക്കുട്ടിയെ ഓമനിച്ചുവളർത്തുന്ന മുരടനൊരുത്തൻ. അയാളും പ്രഭുകുടുംബത്തിൽ പെട്ടയാളായിരുന്നുവെങ്കിലും ഇപ്പോൾ ബഹിഷ്കൃതനായി നടക്കുകയാണ്‌. ഏതോ വധശ്രമക്കേസിൽ ഒരു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയിട്ടേയുള്ളു. അവളുടെ താമസം അമ്മായിയമ്മയ്യോടൊപ്പമായതിനാൽ അയാൾക്ക്‌ അങ്ങോട്ടു ചെല്ലാൻ പറ്റില്ല. അതിനാൽ അവൾ ഇങ്ങോട്ടു വന്നു കാണും. അന്നു രാത്രി അവർ തമ്മിൽ വഴക്കായി. അയാൾ അവളെ ഉപദ്രവിക്കുകയും തോക്കെടുത്തു ചൂണ്ടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ അവൾ എങ്ങനെയോ അയാളുടെ മുറിയിൽ നിന്നു രക്ഷപെട്ടോടുകയായിരുന്നു. അടുത്ത മുറികളില്ലുള്ളവരാരും അവൾക്കഭയം കൊടുത്തില്ല. അങ്ങനെയാണ്‌ തട്ടുമ്പുറത്തെ എന്റെയീ മുറിയിൽ അവൾ എത്തിപ്പെട്ടത്‌.

"മദാം,"ഞാൻ പറഞ്ഞു,"അയാൾ നിങ്ങളെ തിരഞ്ഞുനടക്കുന്നുണ്ടാവും. അയാൾ ഇങ്ങോട്ടെങ്ങാനുമെത്തിയാലോ? ഞാൻ പണ്ടത്തെപ്പോലെയൊന്നുമല്ല."

"അതിനയാൾ ധൈര്യപ്പെടില്ല," അവൾ പറഞ്ഞു. "അയാൾ പരോളിലല്ലേ? എനിക്കയാളെ മടുത്തു. ദയവു ചെയ്ത്‌ ഈ ഇരുട്ടത്ത്‌ എന്നെ ഇറക്കിവിടരുതേ."

"നാളെ എങ്ങനെ വീട്ടിലെത്തും?" ഞാൻ ചോദിച്ചു.

"എനിക്കൊരു പിടിയുമില്ല," അവൾ പറഞ്ഞു. "പക്ഷേ എനിക്കയാളുടെ കൈ കൊണ്ട്‌ മരിക്കാൻ വയ്യ."

"എന്തായാലും എനിക്കിനി ഉറക്കം വരില്ല. നിങ്ങൾ എന്റെ കിടക്കയിൽ കിടന്നോളൂ. ഞാൻ ഈ കസേരയിൽ കൂടിക്കോളാം," ഞാൻ പറഞ്ഞു.

"അയ്യോ, അതു വേണ്ട! നിങ്ങൾക്കു ചെറുപ്പമല്ലല്ലോ. നിങ്ങൾക്കു നല്ല സുഖമില്ലെന്നും തോന്നുന്നു. ദയവു ചെയ്ത്‌ അവിടെ കിടന്നാട്ടെ. ഞാൻ ഇവിടെ ഇരുന്നോളാം."

കുറേനേരം ഞങ്ങൾ അങ്ങനെ വാശി പിടിച്ചു. ഒടുവിൽ രണ്ടുപേർക്കും കട്ടിലിൽ കൂടാമെന്ന് ഞങ്ങൾ ഒരു ധാരണയിലെത്തി. "ഞാനൊരു സാധുവാണേ," ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു. "വയസ്സായില്ലേ!"
അവൾക്കത്‌ പൂർണ്ണവിശ്വാസമായെന്നും തോന്നി.

ഞാൻ എന്താണു പറഞ്ഞുകൊണ്ടുവന്നത്‌? അതെ, ഒരു പ്രഭുകുമാരിയുമായി ഒരേ കട്ടിലിൽ കിടക്കുകയാണു ഞാൻ. അവളുടെ കാമുകൻ ഏതു നിമിഷവും വാതിൽ തകർത്തു കയറിവരാം. ഞാൻ രണ്ടു വിരിപ്പുകളെടുത്ത്‌ ഞങ്ങൾക്കു മേലിട്ടു. മനസ്സാകെ കലുഷമായിരുന്നതിനാൽ തണുപ്പിന്റെ കാര്യം തന്നെ എന്റെ മനസ്സിൽ നിന്നു പോയി. അതുമല്ല, ഞാൻ അവളുടെ സാമീപ്യം അറിയുന്നുമുണ്ടായിരുന്നു. അവളുടെ ശരീരത്തിൽ നിന്ന് അസാധാരാണമായ ഒരു ഊഷ്മളത പ്രസരിക്കുന്നു. ഞാൻ അതേവരെ അറിഞ്ഞതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അത്‌. എന്റെ പ്രതിയോഗി സൂത്രത്തിൽ പുതിയൊരു നീക്കം നടത്തുകയാണോ? കഴിഞ്ഞ കുറേ കൊല്ലങ്ങളായി അവൻ എന്നോട്‌ കാര്യമായ കളിക്കൊന്നും വരാതിരിക്കുകയാണ്‌. "നല്ല നീക്കം തന്നെ," ഞാൻ അവനെ അഭിനന്ദിച്ചു."ഒന്നാന്തരം!" അവളുടെ വേഴ്ചക്കാരൻ ആരാണെന്ന് എനിക്കപ്പോൾ മനസ്സിലായി. കോണിയിറങ്ങി പോകുമ്പോൾ ഞാൻ അയാളെ കണ്ടിട്ടുണ്ട്‌-ഒരു കൂറ്റൻ; കൊലപാതകിയുടെ മുഖം. ജാക്വെസ്‌ കോണിനു യോജിച്ച അന്ത്യം തന്നെ-ഒരു പോളിഷ്‌ ഒഥെല്ലോയുടെ കൈ കൊണ്ട്‌ കഥകഴിയുക!

എനിക്കു ചിരി വന്നു. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. ഞാൻ അവളെ അടുക്കിപ്പിടിച്ചപ്പോൾ അവൾ എതിർത്തില്ല. പെട്ടെന്ന് ഒരത്ഭുതം സംഭവിച്ചു. ഞാൻ വീണ്ടുമൊരു പുരുഷനായി! പണ്ടൊരുകാലത്ത്‌, ഒരു വ്യാഴാഴ്ചദിവസം ഒരു കൊച്ചുഗ്രാമത്തിലെ കശാപ്പുകടയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ശാബത്തിന്‌ അറുക്കാൻ നിർത്തിയിരിക്കുന്ന ഒരു കാളയും പശുവും ഇണചേരുന്നതു ഞാൻ കണ്ടു. അവൾ സമ്മതിച്ചതിന്റെ രഹസ്യം എനിക്കിന്നും മനസ്സിലായിട്ടില്ല. അതൊരുപക്ഷേ തന്റെ കാമുകനോടു പകവീട്ടാൻ അവൾ കണ്ട വഴിയാകാം. അവൾ എന്നെ ചുംബിച്ചുകൊണ്ട്‌ കാതിൽ പുന്നാരങ്ങൾ ചൊല്ലി. ആ സമയത്ത്‌ പുറത്ത്‌ കനത്ത കാൽവയ്പ്പുകൾ കേട്ടു. ആരോ വാതിലിൽ മുഷ്ടി ചുരുട്ടിയിടിച്ചു. അവൾ കട്ടിലിൽ നിന്നുരുണ്ടിറങ്ങി തറയിൽ ചെന്നുകിടന്നു. മരിക്കാൻ കിടക്കുന്നവർക്കുള്ള പ്രാർത്ഥന ചൊല്ലാൻ എനിക്കു തോന്നിപ്പോയി എന്നതാണു സത്യം. പക്ഷേ ദൈവത്തിന്റെ മുന്നിൽ ചെല്ലാൻ എനിക്കു ലജ്ജ തോന്നി; അതിലുമുപരി എന്നെ കളിയാക്കി ചിരിക്കുന്ന എന്റെ പ്രതിയോഗിയുടെ മുന്നിൽ നിൽക്കാണാണ്‌ എനിക്കു സങ്കോചം തോന്നിയത്‌. അവനു സന്തോഷിക്കാൻ ഇങ്ങനെയൊരവസരം കൂടി എന്തിനു നൽകണം? മെലോഡ്രാമയ്ക്കു പോൽഉം ഒരതിരൊക്കെയുണ്ട്‌.

വാതിലിനു പിന്നിൽ ആ മൃഗത്തിന്റെ തൊഴി തുടർന്നുകൊണ്ടിരുന്നു. വാതിൽ പൊളിഞ്ഞുവീണില്ല എന്നത്‌ ഒരത്ഭുതമായിത്തന്നെ എനിക്കു തോന്നി. അവൻ അതിന്മേൽ കാലു കൊണ്ടാഞ്ഞിടിച്ചു. കതകു ഞരങ്ങിയെങ്കിലും പിടിച്ചുനിന്നു. പേടിച്ചുവിറയ്ക്കുകയായിരുന്നെങ്കിലും എന്റെയുള്ളിൽ ആരോയിരുന്നു ചിരിച്ചു. അൽപം കഴിഞ്ഞപ്പോൾ ഒച്ചപ്പാടു നിലച്ചു; ഒഥല്ലോ സ്ഥലം വിട്ടിരിക്കുന്നു.

അടുത്തദിവസം രാവിലെ ഞാൻ പ്രഭുകുമാരിയുടെ ഒരു വള കൊണ്ടുപോയി പണയം വച്ച്‌ എന്റെ കഥാനായികയ്ക്ക്‌ ഡ്രസ്സും ഷൂസ്സും വാങ്ങിവന്നു. രണ്ടും പാകമായിരുന്നില്ല; അവൾക്കു പക്ഷേ ഒരു ടാക്സി പിടിക്കാനുള്ള ദൂരമെത്തിയാൽ മതിയായിരുന്നു. ഇടയ്ക്കവളുടെ കാമുകൻ ചാടിവീഴരുതെന്നേയുണ്ടായിരുന്നുള്ളു. എന്തുകാരണത്താലോ അയാൾ അന്നുരാത്രി തന്നെ അപ്രത്യക്ഷനായിരുന്നു. അയാളെ പിന്നെ കണ്ടിട്ടുമില്ല.

പിരിയുന്നതിനു മുമ്പ്‌ അവൾ എന്നെ ഉമ്മവച്ചു; അവളെ ചെന്നുകാണണമെന്ന് നിർബന്ധമായി പറഞ്ഞു. പക്ഷേ ഞാനത്ര വിഡ്ഡിയല്ല; താൽമൂദിൽ പറഞ്ഞിരിക്കുന്നതുപോലെ, അത്ഭുതങ്ങൾ നിത്യസംഭവങ്ങളല്ലല്ലോ.
അറിയാമോ, ഈ വാർദ്ധക്യകാലത്ത്‌ എന്നെ വേട്ടയാടുന്ന അതേ ആശങ്കകൾ തന്നെയാണ്‌ ചെറുപ്പക്കാരനായ കാഫ്കയെ പിന്തുടർന്നിരുന്നതും. താൻ ചെയ്യാനുന്നിയതിലൊക്കെ,രചനയിലാവട്ടെ സ്ത്രീവിഷയത്തിലാവട്ടെ, അവ തടസ്സങ്ങളായി. താൻ തേടിയുഴന്ന പ്രേമം കണ്മുന്നിലെത്തിയപ്പോൾ അദ്ദേഹം അതിനെ വിട്ടു പലായനം ചെയ്തു. ഒരു വരി എഴുതിയെങ്കിൽ അതു വെട്ടിക്കളയുകയും ചെയ്തു. ഓട്ടോ വെയ്നിംഗറും ഇതേ പ്രകൃതക്കാരനായിരുന്നു-ഒരു വിഭ്രാന്തപ്രതിഭ. വിയന്നായിൽ വച്ചാണ്‌ ഞാൻ അദ്ദേഹത്തെ കാണുന്നത്‌. അദ്ദേഹത്തിന്റെ വായിൽ നിന്ന് വിരുദ്ധോക്തികളും ചൊല്ലുകളും ഇങ്ങനെ പ്രവഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു വചനം ഞാനിന്നും മറന്നിട്ടില്ല-'മൂട്ടയെ ദൈവം സൃഷ്ടിച്ചതല്ല!' അതിന്റെ വിവക്ഷ പിടികിട്ടണമെങ്കിൽ നിങ്ങൾ വിയന്നയെ മനസ്സിലാക്കിയിരിക്കണം. എങ്കിൽപ്പിന്നെ മൂട്ടയെ സൃഷ്ടിച്ചതാര്‌?
അല്ലാ, അത്‌ ബാംബർഗല്ലേ! വാത്തിനെപ്പോലെയുള്ള ആ നടപ്പു കണ്ടില്ലേ? കുഴിയിൽ അടങ്ങിക്കിടക്കാത്ത ശവം. ഉറക്കം വരാത്ത ശവങ്ങൽക്കായി ഒരു ക്ലബ്ബു തുറക്കുന്നതിനെക്കുറിച്ച്‌ തന്റെ അഭിപ്രായമെന്താ? ഈയാൾ രാത്രി മൊത്തം എന്തു പരതിനടക്കുകയാണാവോ? കാബറേ കണ്ടിട്ട്‌ ഇയാൾക്കെന്തു വിശേഷം! ഞങ്ങൾ ബർലിനിൽ ആയിരിക്കുമ്പോൾത്തന്നെ ഡോക്ടർമാർ ഇയാളെ കൈയൊഴിഞ്ഞതാണ്‌. എന്നുവച്ച്‌ വേശ്യകളുമായി വെടിപറഞ്ഞുകൊണ്ട്‌ പുലർച്ചെ നാലുമണി വരെ റൊമാണിഷെകഫേയിൽ ഇരിക്കുന്ന പതിവു മുടക്കിയെന്നല്ല. ഒരുദിവസം ഗ്രനാറ്റ്‌ എന്ന നടൻ താനൊരു വിരുന്നു നടത്താൻ പോവുകയാണെന്നു പ്രഖ്യാപിച്ചു: ശരിക്കുമൊരു മദ്യക്കൂത്തു തന്നെ. ബാംബർഗിനും ക്ഷണമുണ്ടായിരുന്നു. വരുന്നവർ ഒരു സ്ത്രീയെയും കൂട്ടണമെന്ന് ഗ്രനാറ്റ്‌ നിഷ്കർഷിച്ചിരുന്നു: ഭാര്യ അല്ലെങ്കിൽ സ്നേഹിത. പക്ഷേ ബാംബർഗിനു രണ്ടുമില്ലായിരുന്നു. അതുകൊണ്ട്‌ അയാൾ എന്തുചെയ്തു? ഒരു വേശ്യയെ വാടകയ്ക്കെടുത്തു. അന്നവിടെ കൂടിയത്‌ എഴുത്തുകാരും പ്രോഫസർമാരും ചിന്തകന്മാരും പിന്നെ പതിവു ബുദ്ധിജീവിസർവ്വാണികളും മാത്രമാണ്‌. എല്ലാവരുടെയും ചിന്ത പോയത്‌ ബാബർഗിന്റെ വഴിക്കുതന്നെ. അവരും വേശ്യകളെ കൂട്ടിയാണു വന്നത്‌. ഞാനും അന്നവിടെ ഉണ്ടായിരുന്നു. എനിക്കു വളരെക്കാലമായി പരിചയമുണ്ടായിരുന്ന പ്രാഗുകാരി ഒരു നടിയോടൊപ്പമാണു ഞാൻ പോയത്‌. നിങ്ങൾക്കു ഗ്രനാറ്റിനെ അറിയാമോ? ഒരു തനി കാടൻ. സോഡാ കുടിക്കുന്നതു പോലെയാണ്‌ അയാൾ കോണ്യാക്‌ കഴിക്കുക. പത്തുമുട്ടയുടെ ഓംലറ്റ്‌ ഒറ്റയിരുപ്പിനു തിന്നും. അതിഥികൾ എല്ലാം എത്തിക്കഴിഞ്ഞപ്പോൾ അയാൾ വസ്ത്രമെല്ലാം ഉരിഞ്ഞുകളഞ്ഞിട്ട്‌ വന്ന വേശ്യകളുമായി കാടന്മാരെപ്പോലെ നൃത്തം വയ്ക്കാൻ തുടങ്ങി. ഇത്‌ തന്റെ സന്ദർശകരെ കാണിക്കാൻ വേണ്ടിമാത്രമായിരുന്നു. ബുദ്ധിജീവികൾ ആദ്യമൊക്കെ കസേരകളിൽ ഉറച്ചിരുന്ന് തുറിച്ചുനോക്കിയതേയുള്ളു. അൽപനേരം കഴിഞ്ഞ്‌ അവർ സെക്സിനെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങി: നീത്ഷെ അതു പറഞ്ഞു,ഷോപ്പൻഹോവർ അതു പറഞ്ഞു. അന്നവിടെ നടന്നതിനൊക്കെ സാക്ഷിയാകാത്ത ഒരാൾക്ക്‌ ഈ ജീനിയസ്സുകൾ ഇത്ര അപഹാസ്യരാകുമോ എന്നു വിശ്വസിക്കാൻ പ്രയാസം തോന്നും. ഇതിനിടയിൽ ബാംബർഗിനു സുഖമില്ലാതായി. ആൾ വിളറിവെളുത്തു; കുടുകുടെ വിയർത്തു. 'ജാക്വെസ്‌,' അയാൾ പറയുകയാണ്‌ 'എന്റെ കാര്യം കഴിഞ്ഞു; ചാകാൻ കണ്ടയിടം!' അയാൾക്കു പിത്താശയത്തിന്റെയും വൃക്കകളുടെയും അസുഖമുണ്ടായിരുന്നു. ഞാൻ അയാളെ താങ്ങിയെടുത്ത്‌ ഒരാശുപത്രിയിലെത്തിച്ചു. അതിരിക്കട്ടെ, ഒരു സ്ലോട്ടി വായ്പ തരാമോ?"

"രണ്ടിരിക്കട്ടെ."

"അല്ല, പോംസ്കിബാങ്കു കവർന്ന മട്ടുണ്ടല്ലോ!"

"ഞാനൊരു കഥ വിറ്റു."

"നല്ല കാര്യം. അത്താഴം നമുക്കൊരുമിച്ചാകാം. ഇന്ന് നിങ്ങൾ എന്റെ അതിഥിയാണ്‌."

2

ഞങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രാംബർഗ്‌ മേശയ്ക്കടുത്തേക്കു വന്നു. കാസരോഗിയെപ്പോലെ ശോഷിച്ച്‌,ആകെ കൂനിക്കൂടിയ ഒരു കൊച്ചു മനുഷ്യൻ. മേത്തരം തുകലു കൊണ്ടുള്ള ഷൂസും മുട്ടോളമെത്തുൻന സ്റ്റോക്കിംഗ്സും ധരിച്ചിട്ടുണ്ട്‌. കൂർത്ത തലയോട്ടിയിൽ നരച്ച മുടിയിഴകൾ ചിലതുണ്ടായിരുന്നു. ഒരു കണ്ണ്‌ മറ്റേതിനെക്കാൾ വലുതായിരുന്നു-ചുവന്നു തുറിച്ച്‌, സ്വന്തം കാഴ്ച കൊണ്ടുതന്നെ വിരണ്ട മട്ടിൽ. എല്ലിച്ച കൈകൾ മേശ മേൽ ഊന്നിനിന്നുകൊണ്ട്‌ കോഴി പനട്ടുന്ന ഒച്ചയിൽ അയാൾ ജാക്വെസിനെ വിളിച്ചു,'ഇന്നലെ ഞാൻ തന്റെ കാഫ്കയുടെ ദുർഗ്ഗം വായിച്ചു; രസമുണ്ട്‌, നല്ല രസമുണ്ട്‌. പക്ഷേ അയാൾ എങ്ങോട്ടാണീ കൊണ്ടുപോകുന്നത്‌? ഇത്ര ദീർഘമായ സ്ഥിതിക്ക്‌ സ്വപ്നമാകാൻ വയ്യ. ദൃഷ്ടാന്തകഥകൾ ഹ്രസ്വമായിരിക്കണം.'

ജാക്വെസ്‌ കോൺ ചവച്ചുകൊണ്ടിരുന്നത്‌ പെട്ടെന്നു വിഴുങ്ങി. 'ഇരിക്ക്‌,' അദ്ദേഹം പറഞ്ഞു.'ഒരു മാസ്റ്റർ നിയമങ്ങളെ അനുസരിക്കണമെന്നില്ല.'

'ഏതു മാസ്റ്ററായാലും അനുസരിക്കേണ്ട ചില നിയമങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ഒരു നോവലും യുദ്ധവും സമാധാനവും കവിഞ്ഞ്‌ ദീർഘമാകാൻ പാടില്ല. അതു തന്നെ ദീർഘമാണ്‌. വേദപുസ്തകത്തിന്‌ പതിനെട്ടു വാല്യങ്ങളുണ്ടായിരുന്നെങ്കിൽ അതെന്നേ മറവിൽപ്പെട്ടു പോയേനേ.'

'താൽമൂദിന്‌ മുപ്പത്താറു വാല്യങ്ങളുണ്ട്‌; എന്നിട്ടും ജൂതന്മാർ അതു മറന്നിട്ടില്ലല്ലോ.'

'ജൂതന്മാർ ഒരുപാട്‌ ഓർമ്മവയ്ക്കുന്നു. അതാണു നമ്മുടെ ഭാഗ്യദോഷം. നമ്മെ ജറുസലേമിൽ നിന്നടിച്ചിറക്കിയിട്ട്‌ രണ്ടായിരം കൊല്ലമായിരിക്കുന്നു. എന്നിട്ട്‌ നാമിപ്പോൾ അവിടെ കയറിക്കൂടാൻ ശ്രമിക്കുകയാണ്‌. ഭ്രാന്തല്ലാതെന്താ? ആ ഭ്രാന്തിനെ ഒന്നു പ്രതിഫലിപ്പിച്ചാൽ മതിയായിരുന്നു നമ്മുടെ സാഹിത്യം മഹത്തരമാകാൻ. പക്ഷേ നമ്മുടെ സാഹിത്യത്തിന്‌ വല്ലാത്ത സമചിത്തതയാണ്‌. പോകട്ടെ, എന്തിനതൊക്കെ പറയണം.'

നിവർന്നു നിൽക്കാനുള്ള ശ്രമത്തിൽ ബ്രാംബർഗിന്റെ പുരികം ചുളിഞ്ഞു. ആ കൊച്ചുകാലുകൾ പെറുക്കിവച്ചുകൊണ്ട്‌ അയാൾ ഞങ്ങളുടെയടുത്തു നിന്നു പോയി. അയാൾ നേരെ ഗ്രാമഫോണിനടുത്തു ചെന്ന് ഡാൻസിന്റെ ഒരു ഡിസ്ക്കെടുത്തിട്ടു. അയാൾ ഒരു വരി എഴുതിയിട്ട്‌ വർഷങ്ങളായിരിക്കുന്നു എന്ന് ക്ലബ്ബിൽ എല്ലാവർക്കും അറിയാമായിരുന്നു.

ഈ വയസ്സുകാലത്ത്‌ അയാൾ ഡാൻസു പഠിക്കുകയാണ്‌. 'യുക്തിയുടെ എൻട്രോപ്പി' എന്ന പുസ്തകമെഴുതിയ ഡോ.മിഷ്കിന്റെ തത്വശാസ്ത്രമാണത്രെ അതിനു പിന്നിൽ. മനുഷ്യബുദ്ധി പാപ്പരായിപ്പോയിരിക്കുന്നുവെന്നും വികാരതീവ്രതയിലൂടെയേ യഥാർത്ഥജ്ഞാനം ആർജ്ജിക്കാനാവൂ എന്നുമാണ്‌ അയാൾ അയാൾ ആ പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌.

ജാക്വെസ്‌ കോൺ തലകുലുക്കി:'ചെറുകിടഹാംലറ്റ്‌. കാഫ്കയ്ക്ക്‌ ഒരു ബ്രാംബർഗാവാൻ ഭയമായിരുന്നു. അതുകൊണ്ടാണദ്ദേഹം സ്വയം നശിപ്പിച്ചതും.'

'ആ പ്രഭുകുമാരി പിന്നെ നിങ്ങളെക്കാണാൻ വന്നിരുന്നോ?' ഞാൻ ചോദിച്ചു.

ജാക്വെസ്‌ പോക്കറ്റിൽ നിന്ന് ഒറ്റക്കണ്ണടയെടുത്തു വച്ചു. 'അവൾ വന്നാൽത്തന്നെ എന്താകാൻ? എന്റെ ജീവിതത്തിൽ സകലതും വാക്കുകളായി മാറുകയാണ്‌: വാചകം, വാചകം തന്നെ. ഡോ.മിഷ്കിന്റെ സിദ്ധാന്തവും യഥാർത്ഥത്തിൽ അതുതന്നെ. മനുഷ്യൻ ഒടുവിൽ ഒരു വാചകയന്ത്രമായി മാറും. അവൻ തിന്നുന്നതു വാക്കുകൾ; കുടിക്കുന്നതു വാക്കുകൾ; വിവാഹം കഴിക്കുന്നതു വാക്കുകളെ; ഒടുവിൽ വാക്കുകൾ തിന്ന് അവൻ ആത്മഹത്യയും ചെയ്യും. ഒന്നാലോചിച്ചുനോക്ക്‌,ഗ്രനാറ്റിന്റെ കുടിപ്പാർട്ടിക്ക്‌ ഈ ഡോ.മിഷ്ക്കിനും എത്തിയിരുന്നു. താൻ പ്രസംഗിച്ചുനടക്കുന്നത്‌ പ്രയോഗിച്ചുകാണിക്കാനാണ്‌ ആൾ വന്നത്‌. പക്ഷേ അയാൾ തന്നെ 'വികാരത്തിന്റെ എൻട്രോപ്പി' എഴുതിയാലും അത്ഭുതപ്പെടാനില്ല. ഉവ്വ്‌, അവൾ ഇടയ്ക്കിടെ എന്നെക്കാണാൻ വരാറുണ്ട്‌. അവളും ബുദ്ധിജീവിയായിരുന്നു,പക്ഷേ ബുദ്ധിയില്ലെന്നേയുള്ളു. വാസ്തവം പറഞ്ഞാൽ സ്ത്രീകൾ തങ്ങളുടെ ശരീരത്തിന്റെ ചാരുതകൾ പ്രദർശിപ്പിക്കാൻ എന്തുമാത്രം നിഷ്കർഷ ചെലുത്തുന്നുവോ, അത്ര കുറച്ചേ അവർക്ക്‌ സെക്സ്‌ എന്നാലെന്തെന്നും അറിയൂ. ബുദ്ധിയുടെ കാര്യത്തിലും അവർ അങ്ങനെതന്നെ.'

'മദാം ഷിസിക്കിന്റെ കാര്യം തന്നെയെടുക്കുക. ഒരു ശരീരമല്ലാതെ മറ്റെന്താണവർക്കുണ്ടായിരുന്നത്‌? ഇനി, ഈ ശരീരമെന്താണെന്ന് അവരോടൊന്നു ചോദിച്ചറിയാമെന്നു വച്ചാലോ! ഇന്നവർ വിരൂപയായിരിക്കുന്നു. പ്രാഗിൽ ഞങ്ങളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്ന കാലത്ത്‌ അവരിൽ പിന്നെയും എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു. ഞാനാണ്‌ അവരോടൊപ്പം പ്രധാനഭാഗം എടുത്തിരുന്നത്‌. ഞങ്ങൾ കുറച്ചു പണമുണ്ടാക്കാൻ വേണ്ടിയാണ്‌ പ്രാഗിലേക്കു ചെന്നത്‌. ഞങ്ങൾ കണ്ടതോ, ഒരു ജീനിയസ്‌ ഞങ്ങളെ കാത്തിരിക്കുന്നതും. ആത്മപീഡനത്തിന്റെ പരകോടിയിലെത്തിയ ഹോമോസാപ്യൻ. കാഫ്ക്ക ജൂതനാകാൻ കൊതിച്ചു; പക്ഷേ അതെങ്ങനെയാണെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.അദ്ദേഹത്തിനു ജീവിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അതും അദ്ദേഹത്തിനറിയില്ലായിരുന്നു. "ഫ്രാൻസ്‌," ഞാൻ ഒരിക്കൽ അദ്ദേഹത്തോടു പറഞ്ഞു,"നിങ്ങൾ ചെറുപ്പമാണല്ലോ, ഞങ്ങളൊക്കെ ചെയ്യുന്നതു കണ്ടുപഠിക്കൂ." പ്രാഗിൽ എനിക്കറിയാവുന്ന ഒരു വേശ്യാലയമുണ്ടായിരുന്നു. എന്റെ കൂടെ അങ്ങോട്ടു പോരാൻ ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം അന്നുവരെ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിയെക്കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. ബൂർഷ്വാചളിക്കുണ്ടിൽ കഴുത്തറ്റം മുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പരിചയസീമയിൽപ്പെട്ട ജൂതന്മാർക്ക്‌ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു:ജന്റൈൽ ആവുക്‌; അതും ചെക്ക്‌ ജന്റൈൽ അല്ല, ജർമ്മൻ ജന്റൈൽ. ചുരുക്കത്തിൽ ഞാൻ പറഞ്ഞുപറഞ്ഞു അദ്ദേഹത്തെ ഇളക്കി. മുമ്പ്‌ ജൂതന്മാർ പാർത്തിരുന്ന ഒരു ചേരിയുടെ ഇരുണ്ട വഴിയിലൂടെ ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി. വേശ്യാലയത്തിന്റെ കുടിലമായ പടവുകൾ കയറി ഞങ്ങൾ മുകളിലെത്തി. ഞാൻ വാതിൽ തുറന്നു. അവിടം ഒരു നാടകരംഗം പോലെയിരുന്നു:വേശ്യകൾ,കൂട്ടിക്കൊടുപ്പുകാർ,കക്ഷികൾ,മദാം. ആ നിമിഷം എന്റെ ഓർമ്മയിൽ നിന്നു മായില്ല. കാഫ്ക്കയ്ക്കു ശരീരം വിറച്ചു. എന്റെ കൈയ്ക്കു പിടിച്ചു വലിച്ചുകൊണ്ട്‌ അദ്ദേഹം പടിയിറങ്ങിയോടി. വീണു കാലൊടിച്ചേക്കുമെന്നു ഞാൻ പേടിച്ചുപോയി. തെരുവിലെത്തിയപ്പോൾ അദ്ദേഹം നിന്നു; എന്നിട്ട്‌ കുട്ടികളെപ്പോലെ ഛർദ്ദിച്ചു. ഞങ്ങൾ മടങ്ങിയത്‌ പഴയൊരു സിനഗോഗിനടുത്തു കൂടിയാണ്‌. അദ്ദേഹം ഗോലേമിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. കാഫ്ക്ക ഗോലേമിന്റെ കഥ വിശ്വസിച്ചിരുന്നു. ഭാവിയിൽ മറ്റൊരു ഗോലേം ഉണ്ടായേക്കാം എന്നുപോലും. ഒരു കളിമൺപിണ്ഡത്തെ ജീവനുള്ള വസ്തുവാക്കി മാറ്റാൻ സമർത്ഥമായ മാന്ത്രികപദങ്ങളുണ്ടായിരിക്കണം. കബാലായിൽ പറയുന്നത്‌ ദൈവം ലോകസൃഷ്ടി നടത്തിയത്‌ പുണ്യപദങ്ങൾ ഉച്ചരിച്ചുകൊണ്ടാണ്‌ എന്നാണല്ലോ. ആദിയിൽ വചനമുണ്ടായിരുന്നു.'

'അതെ, ഇതെല്ലാം വലിയൊരു ചതുരംഗംകളിയാണ്‌. ഇത്രയും കാലം എനിക്കു മരണത്തെ പേടിയായിരുന്നു. ഇന്നിപ്പോൾ കുഴിയുടെ വക്കത്തെത്തിയ സ്ഥിതിയ്ക്ക്‌ എന്റെ പേടിയൊക്കെ മാറിയിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്‌: കളി നീട്ടിക്കൊണ്ടുപോവാനാണ്‌ എന്റെ പ്രതിയോഗി നോക്കുന്നത്‌. അവൻ എന്റെ കരുക്കൾ ഒന്നൊന്നായി അടിച്ചുമാറ്റുകയാണ്‌. ആദ്യം അവൻ എന്നെ നടൻ എന്ന പദവിയിൽ നിന്നു തള്ളിയിട്ടു. പിന്നെ അവൻ എന്നെ പേരിനൊരെഴുത്തുകാരനാക്കി; തൊട്ടുപുറകെ എന്റെ കൈ വഴങ്ങാതെയുമാക്കി. അടുത്ത നീക്കത്തിൽ അവൻ എന്നെ ഷണ്ഡനുമാക്കി. പക്ഷേ എന്നെ അടിയറവു പറയിക്കാൻ ഇനിയും അവനായിട്ടില്ല; അതെനിക്കു നല്ല ബോധ്യമുണ്ട്‌. എനിക്കു ശക്തി പകരുന്നതും ആ വിചാരം തന്നെയാണ്‌. എന്റെ മുറി തണുത്തു കിടക്കുകയാണ്‌-ആയിക്കോട്ടെ; എനിക്കത്താഴമില്ല-അതില്ലെങ്കിൽ ഞാൻ മരിക്കാനൊന്നും പോകുന്നില്ല. അവൻ എന്നെ അട്ടിമറിക്കുമ്പോൾ ഞാൻ അവനെയും അട്ടിമറിക്കുന്നു. കുറച്ചുനാൾ മുമ്പ്‌ ഞാൻ കുറേവൈകി മുറിയിലേക്കു മടങ്ങുകയായിരുന്നു.മഞ്ഞു കനത്തുപെയ്യുന്നു. പെട്ടെന്ന് താക്കോൽ കാണാനില്ലെന്ന് എനിക്കു മനസ്സിലായി. ഞാൻ വീടുനോട്ടക്കാരനെ വിളിച്ചുണർത്തി. അയാളുടെ കൈയിൽ വേറെ താക്കോലുണ്ടായിരുന്നില്ല. അയാളെ വോഡ്ക്ക നാറുന്നുമുണ്ടായിരുന്നു. അയാളുടെ നായ എന്റെ കാലു കടിച്ചുമുറിക്കുകയും ചെയ്തു. മുമ്പൊക്കെയായിരുന്നെങ്കിൽ ഞാൻ മനസ്സുകെട്ടു വീണേനെ. പക്ഷേ ഇത്തവണ ഞാൻ എന്റെ പ്രതിയോഗിയോടു പറഞ്ഞു:'എനിക്കു ന്യൂമോണിയ പിടിക്കണമെന്നാണു തന്റെ ആഗ്രഹമെങ്കിൽ എനിക്കും അതു സമ്മതം തന്നെ.' ഞാൻ ഇറങ്ങിനടന്നു. വിയന്നാസ്റ്റേഷനിൽ ചെന്നിരിക്കാമെന്നാണ്‌ ഞാൻ ആദ്യം കരുതിയത്‌. കാറ്റെന്നെ തൂക്കിയെടുത്തുകൊണ്ടുപോവുക തന്നെയായിരുന്നു. രാത്രിയിൽ ഈ നേരത്തു വണ്ടി കിട്ടാൻ മുക്കാൽ മണിക്കൂറെങ്കിലും ഞാൻ അവിടെ ഇരിക്കേണ്ടിവരും. പോകുന്ന വഴിക്ക്‌ നാടകക്കാരുടെ ക്ലബ്ബിന്റെ ഒരു ജനാലയ്ക്കൽ വെളിച്ചം കണ്ട്‌ ഞാൻ അവിടെച്ചെന്നു കയറിയാലോ എന്നാലോചിച്ചു. അന്നു രാത്രി അവിടെ കഴിക്കാൻ പറ്റിയാലോ? നടക്കല്ലിൽ വച്ച്‌ ചെരുപ്പെന്തിലോ തട്ടി; ഒരു കിലുക്കവും കേട്ടു. ഞാൻ കുനിഞ്ഞ്‌ ഒരു താക്കോൽ പൊക്കിയെടുത്തു; അതെന്റേതായിരുന്നു! ആ കെട്ടിടത്തിന്റെ ഇരുളടഞ്ഞ പടവുകളിൽ നിന്ന് ഒരു താക്കോൽ കണ്ടെടുക്കാനുള്ള സാധ്യത ഒരു കോടിയിൽ ഒന്നുമാത്രമാണ്‌. താൻ തയാറാകുന്നതിനു മുമ്പ്‌ ഞാൻ ജീവൻ വെടിഞ്ഞാലോ എന്ന് എന്റെ പ്രതിയോഗിക്കു ഭയമുള്ളപോലെ തോന്നുന്നു. വിധിവിശ്വാസമെന്നോ? വേണമെങ്കിൽ അങ്ങനെ വിളിച്ചോളൂ.

ഒന്നു ഫോൺ ചെയ്തുവരാമെന്നു പറഞ്ഞുകൊണ്ട്‌ ജാക്വെസ്‌ കോൺ എഴുന്നേറ്റുപോയി. ഞാൻ ബ്രാംബർഗ്‌ നൃത്തം ചെയ്യുന്നതും കണ്ടുകൊണ്ട്‌ അവിടെയിരുന്നു. അയാൾ ഒരു സാഹിത്യക്കാരിസ്ത്രീയുമായി നൃത്തം വയ്ക്കുകയാണ്‌. അയാളുടെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. അവരുടെ മാറു തലയിണയാക്കി തല ചായ്ച്ചു വച്ചിരിക്കുകയുമാണയാൾ. കക്ഷി ഉറക്കവും നൃത്തവും ഒരുമിച്ചു നടത്തുകയാണെന്നു തോന്നിപ്പോയി. ജാക്വെസ്‌ കോൺ വരാൻ കുറേ നേരമെടുത്തു, ഒന്നു ഫോൺ വിളിക്കാൻ വേണ്ടതിലേറെ നേരം. ഒടുവിൽ അദ്ദേഹം വന്നപ്പോൾ മുഖത്തെ ഒറ്റക്കണ്ണട തിളങ്ങുന്നുണ്ടായിരുന്നു.
'

അടുത്ത മുറിയിൽ ഇരിക്കുന്നത്‌ ആരാണെന്നു വല്ല ഊഹവുമുണ്ടോ?' അദ്ദേഹം ചോദിച്ചു. 'മദാം ഷിസിക്ക്‌! കാഫ്ക്കയുടെ പ്രേമഭാജനം!'

'വാസ്തവം?'

'ഞാൻ അവരോട്‌ നിങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. വരൂ, ഞാൻ പരിചയപ്പെടുത്താം.'

'അതു വേണ്ട.'

'അതെന്തേ? കാഫ്ക്ക സ്നേഹിച്ച ഒരു സ്ത്രീ പരിചയപ്പെടാനർഹ തന്നെയാണ്‌.'

‘എനിക്കത്ര താൽപര്യം തോന്നുന്നില്ല.'

‘നിങ്ങൾക്ക്‌ ലജ്ജയാണ്‌; അതാണു വാസ്തവം. കാഫ്ക്കയും ലജ്ജാശീലനായിരുന്നു-ഒരു സ്കൂൾകുട്ടിയെപ്പോലെ നാണക്കാരൻ. എനിക്കിതുവരെ ഒന്നിലും ലജ്ജ തോന്നിയിട്ടില്ല. ഞാൻ എങ്ങുമെത്താതെ പോയറ്റ്‌ഹും അതുകൊണ്ടുതന്നെയാവാം. ഒരിരുപതു ഗ്രോഷൻ കൂടി വേണമല്ലോ ചങ്ങാതീ, വീട്ടുവാടക കൊടുക്കാനാണ്‌. അതില്ലെങ്കിൽ അങ്ങോട്ടു ചെല്ലാൻ പറ്റില്ല.'

ഞാൻ പോക്കറ്റിൽ നിന്നു കുറേ ചില്ലറയെടുത്തു കൊടുത്തു.

‘ഇത്രയധികമോ! നിങ്ങളിന്ന് ഒരു ബാങ്കു കൊള്ളയടിച്ചിട്ടു വന്നിരിക്കുകയാണെന്നു തോന്നുന്നല്ലോ! നാൽപ്പത്താറു ഗ്രോഷൻ! കോളുതന്നെ! അതിരിക്കട്ടെ, ദൈവം എന്നൊരാളുണ്ടെങ്കിൽ നിങ്ങൾക്കുള്ള പ്രതിഫലം അവൻ തന്നുകൊള്ളും. ഇനിയഥവാ അങ്ങനെയൊരാളില്ലെങ്കിൽപ്പിന്നെ, ജാക്വെസ്‌ കോണിനോട്‌ ഈ കളിയൊക്കെ കളിക്കുന്ന കക്ഷി ആരാവാം?'

*

Link to Isaac Bashevic Singer

പ്രിന്റെടുത്തു വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

Wednesday, January 6, 2010

ബോദ്‌ലെയർ-യാത്ര പോകാനൊരു ക്ഷണം

 

Baudelaire
കൊക്കെയ്ൻ (1)എന്നൊരു നാടുണ്ടത്രെ; ഒരാത്മമിത്രവുമൊരുമിച്ച്‌ ആ വിശിഷ്ടദേശം കാണാൻ പോകുന്നതും സ്വപ്നം കണ്ടിരിക്കുകയാണു ഞാൻ. നമുക്കു വടക്കുള്ള മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്‌ അത്ഭുതങ്ങളുടെ ആ നാട്‌; പടിഞ്ഞാറത്തെ കിഴക്കെന്നോ,യൂറോപ്പിലെ ചൈനയെന്നോ അതിനെ വിശേഷിപ്പിക്കാം. അത്രയ്ക്കാണ്‌ ഉഷ്ണിക്കുന്ന ചപലഭാവനയുടെ തഴപ്പവിടെ; അത്ര ക്ഷമയോടെ,അത്ര ദാർഢ്യത്തോടെയാണ്‌ ഭാവന അതിൽ നിഗൂഢവും വിലോലവുമായ സസ്യസമൃദ്ധി ആലേഖനം ചെയ്തിരിക്കുന്നതും.

കൊക്കെയിന്റെ തനിനാട്‌; സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമാണവിടെ സർവ്വതും;ആഡംബരം ചിട്ടയുമായി സന്തുഷ്ടമായ വേഴ്ചയിലാണവിടെ; ജീവിതം സാന്ദ്രവും സുഗന്ധിയുമാണ്‌; ആ നാട്ടിലില്ല അവ്യവസ്ഥ,പ്രക്ഷുബ്ധത,ആകസ്മികതകളും; ആഹ്ലാദമവിടെ നിശ്ശബ്ദതയെ പരിണയിച്ചിരിക്കുന്നു; പാചകം പോലും കവിതാത്മകമാണവിടെ,ഹൃദ്യമെന്നപോൽ സമൃദ്ധവും; എന്തെല്ലാമുണ്ടവിടെ,അതെല്ലാം നിന്നെയോർമ്മിപ്പിക്കുന്നു പ്രിയേ.

കെടുതികളുടെ കൊടുംശൈത്യകാലത്ത്‌ നമ്മെക്കടന്നുപിടിക്കുന്ന ജ്വരബാധയെ നിനക്കറിയുമല്ലോ; അറിയാത്തൊരു ദേശത്തെച്ചൊല്ലിയുള്ള നഷ്ടബോധം,ജിജ്ഞാസയിൽ നിന്നുടലെടുക്കുന്ന ആകാംക്ഷ? നിന്നെയോർമ്മിപ്പിക്കുന്ന ഒരു നാടുണ്ടു പ്രിയേ,സർവ്വതും സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമായ ഒരിടം; ഭാവന താൻതന്നെ പടുക്കുകയും വിതാനിക്കുകയും ചെയ്ത ഒരു പടിഞ്ഞാറൻചീന; ജിവിതം സുഗന്ധിയാണവിടെ,ആഹ്ലാദം നിശബ്ദതയുമായി വേഴ്ചയിലാണവിടെ. നാം പോയി ജീവിക്കേണ്ടതവിടെയത്രെ, നാം പോയി മരിക്കേണ്ടതും അവിടെയാണ്‌!

അതെ,ശ്വസിക്കാൻ,സ്വപ്നം കാണാൻ,അനന്തമായ ഐന്ദ്രികാനുഭൂതികളാൽ നാഴികകളെ ദീർഘിപ്പിക്കാൻ നാം പോകേണ്ടതവിടെയാണ്‌. നൃത്തം ചെയ്യാനൊരു ക്ഷണം (2)രചിക്കാൻ ഒരു സംഗീതജ്ഞനുണ്ടായി; യാത്ര പോകാനൊരു ക്ഷണം രചിക്കാൻ എവിടെ ഒരു സംഗീതജ്ഞൻ? അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എനിക്കതു സമർപ്പിക്കാമായിരുന്നു എന്റെ പ്രിയപ്പെട്ടവൾക്ക്‌,എന്റെ ഇഷ്ടസോദരിക്ക്‌.

അതെ, ആ അന്തരീക്ഷത്തിലാണു ജീവിതം ഹിതകരമാവുക-അവിടെ മന്ദഗാമികളായ മണിക്കൂറുകൾ അധികം ചിന്തകൾ വഹിക്കുന്നവയാണ്‌, അവിടെ ഘടികാരങ്ങൾ യാമങ്ങൾ ഘോഷിക്കുന്നത്‌ ഘനഗംഭീരമായ മണിനാദത്തോടെയാണ്‌.

തിളങ്ങുന്ന ഫലകങ്ങളിൽ,പൊന്നുപൂശിയതും ഇരുണ്ടുമിനുങ്ങുന്നതുമായ തുകൽപ്പായകളിൽ ഗഹനവും പ്രശാന്തവും ധന്യവുമായ ചിത്രങ്ങൾ അവയ്ക്കു ജീവൻ കൊടുത്ത കലാകാരന്മാരുടെ ആത്മാക്കൾ പോലെ രഹസ്യജീവിതം നയിക്കുന്നു. തീൻമുറികളുടെയും ഇരുപ്പുമുറികളുടെയും ചുമരുകൾക്ക്‌ അത്രമേൽ നിറക്കൊഴുപ്പേകുന്ന സൂര്യാസ്തമയങ്ങൾ മനോജ്ഞമായ യവനികകളിലൂടെ,കളം തിരിച്ച ജനാലച്ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു. അകസാമാനങ്ങൾ ബൃഹത്തും അപൂർവ്വവും വിചിത്രവും സംസ്കൃതചിത്തരെപ്പോലെ താഴുകളും രഹസ്യങ്ങളും കൊണ്ടു സജ്ജവുമാണ്‌. ദർപ്പണങ്ങൾ,ലോഹവാർപ്പുകൾ,വെള്ളിയുരുപ്പടികൾ,കവിടിപ്പാത്രങ്ങൾ കണ്ണുകൾക്കു മുന്നിൽ മൂകവും നിഗൂഢവുമായ ഒരു സിംഫണി വായിക്കുന്നു. സർവ്വതിലും നിന്ന്,കോണുകളിൽ നിന്ന്,വലിപ്പുകളുടെ വിടവുകളിൽ നിന്ന്,വിരിപ്പുകളുടെ,തിരശ്ശീലകളുടെ മടക്കുകളിൽ നിന്ന് അനുപമമായ ഒരു പരിമളം പുറത്തേക്കൊഴുകുന്നു; സുമാത്രായുടെ ഒരോർമ്മ, ആ വസതിയുടെ ആത്മാവു പോലെ ഒരു പരിമളം.

കൊക്കെയിന്റെ തനിനാട്‌,എന്നെ വിശ്വസിക്കൂ,സകലതും സമൃദ്ധവും സ്വച്ഛവും ദീപ്തവുമാണവിടെ,കറയറ്റ മനഃസാക്ഷി പോലെ,പ്രൗഢിയുറ്റ പാത്രങ്ങൾ പോലെ,ഉജ്ജ്വലമായ സ്വർണ്ണവേല പോലെ,പലനിറങ്ങളുള്ള ആഭരണങ്ങൾ പോലെ! ലോകത്തെ നിധികളെല്ലാം അവിടെയ്ക്കൊഴുകുകയാണ്‌, സർവ്വലോകത്തിന്റെയും പ്രീതി സമ്പാദിച്ച ഒരധ്വാനിയുടെ ഭവനത്തിലേക്കെന്നപോലെ. താരതമ്യങ്ങളില്ലാത്ത ദേശം; പ്രകൃതിയെ കല എന്നതുപോലെ സകലതിനെയും അതിശയിക്കുന്നു അത്‌; അവിടെ സ്വപ്നങ്ങൾ പ്രകൃതിയെ ഉടച്ചുവാർക്കുന്നു,അതിനെ മെച്ചപ്പെടുത്തുന്നു,മിനുക്കുന്നു,പുനർനിർമ്മിക്കുകയും ചെയ്യുന്നു.

ഉദ്യാനകലയിലെ ആ രാസവിദ്യക്കാർ അന്വേഷിച്ചു നടക്കട്ടെ,നിരന്തരമായ അന്വേഷണത്തിൽ മുഴുകട്ടെ,തങ്ങളുടെ സംതൃപ്തിയുടെ ചക്രവാളം അധികമധികം വിപുലമാക്കിക്കോട്ടെ! ആകാശം മുട്ടുന്ന തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നവർക്ക്‌ അറുപതോ നൂറോ ആയിരം ഫ്ലോറിനുകൾ വാഗ്ദാനം ചെയ്തോട്ടെ! ഞാനെന്റെ കറുത്ത ട്യൂലിപ്പും നീലഡാലിയായും (3)കണ്ടെത്തിക്കഴിഞ്ഞു!

തുല്യതയില്ലാത്ത പുഷ്പം,മറയത്തു നിന്നു കണ്ടെടുത്ത ട്യൂലിപ്പ്‌,രൂപകമായ ഡാലിയ അതവിടെയുണ്ട്‌; അവിടെ,അത്രമേൽ പ്രശാന്തവും സ്വപ്നാത്മകവുമായ ആ മനോജ്ഞദേശത്ത്‌; നാം പോയി ജീവിക്കേണ്ടതും പുഷ്പിക്കേണ്ടതുമായ ആ ദേശത്ത്‌-അങ്ങനെയല്ലേ? അവിടെ നിന്റെതന്നെ സാദൃശ്യത്തിൽ നീ നിബന്ധിക്കപ്പെടില്ലേ?മിസ്റ്റിക്കുകളുടെ ഭാഷയിൽ നിന്റെതന്നെ പാരസ്പര്യത്തിൽ (4)അവിടെ പ്രതിഫലിപ്പിക്കപ്പെടില്ലേ നീ?

സ്വപ്നങ്ങൾ, അവധിയില്ലാത്ത സ്വപ്നങ്ങൾ! ആത്മാവെത്രയ്ക്കു പേലവവും ഉത്കർഷേച്ഛുവുമാകുന്നു,അത്രയ്ക്കു സ്വപ്നങ്ങൾ സാധ്യതയിൽ നിന്നകലുകയും ചെയ്യുന്നു. ഓരോ മനുഷ്യനും ജന്മം കൊണ്ടു തനിക്കു കിട്ടിയ ഒരു മാത്ര കറുപ്പ്‌ തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്‌; ഓരോ നിമിഷവും നാമതിനെ ഒളിപ്പിച്ചുവയ്ക്കുന്നു,ഓരോ നിമിഷവും അതു പുറത്തേക്കു വരികയും ചെയ്യുന്നു; ജനനത്തിനും മരണത്തിനുമിടയിൽ യഥാർത്ഥസന്തോഷം നിറഞ്ഞ,മനസ്സിരുത്തിച്ചെയ്തു സഫലമാക്കിയ പ്രവൃത്തികൾ നിറഞ്ഞ മണിക്കൂറുകൾ എത്രയുണ്ടെന്നു കണക്കെടുത്താൽ എത്ര വരുമത്‌? എന്റെ ആത്മാവ്‌ ആലേഖനം ചെയ്ത ഈ ചിത്രത്തിൽ, നിന്നെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രത്തിൽ എന്നെങ്കിലും ജീവിതം കഴിക്കുമോ നാം,എന്നെങ്കിലും അതിലേക്കു പ്രയാണം ചെയ്യുമോ നാം?

ഈ നിധികൾ,ഈ അകസ്സാമാനങ്ങൾ,ഈ ആഡംബരം,ഈ ക്രമം,ഈ പരിമളങ്ങൾ,ഈ ദിവ്യപുഷ്പങ്ങൾ ഒക്കെയും നീ തന്നെ. മഹാനദികൾ,തെളിഞ്ഞ ചാലുകൾ അവയും നീ തന്നെ. അവയിൽ ഒഴുകിനടക്കുന്നു നിധികൾ പേറുന്ന, നാവികരുടെ ഗാനങ്ങളുയരുന്ന വിപുലനൗകകൾ: നിന്റെ മാറിൽക്കിടന്നു മയങ്ങുകയോ ഉരുണ്ടുമറിയുകയോ ചെയ്യുന്ന എന്റെ ചിന്തകളാണവ. നിന്റെ മനോജ്ഞമായ ആത്മാവിന്റെ സ്വച്ഛതയിൽ ആകാശഗർഭങ്ങളെ പ്രതിഫലിപ്പിക്കെത്തന്നെ നീ എന്റെ ചിന്തകളെ അനന്തത എന്നു പേരുള്ള ആ മഹാസമുദ്രത്തിലേക്ക്‌ സാവധാനം നയിക്കുന്നു-പിന്നെ,കടൽപ്പെരുക്കത്തിൽ ക്ഷീണിച്ച്‌,കിഴക്കിന്റെ നിധികളാൽ പള്ള വീർത്ത്‌ അവ മടങ്ങുമ്പോൾ അപ്പോഴും അവ എന്റെ ചിന്തകൾ തന്നെ: അനന്തതയിൽ നിന്നു നിന്നിലേക്കു മടങ്ങുന്ന സമ്പന്നമായ ചിന്തകൾ.

 

 

Baudelaire_signatur

 

 

 

________________________________________________________________________________________________________________________

1. കൊക്കൈൻ ഒരു സാങ്കൽപ്പികസ്വർഗ്ഗം
2. കാൾ മരിയ വൊൺ വെബർ Invitation to th waltz എന്ന പേരിൽ 1819-ൽ ഒരു സംഗീതരചന നടത്തിയിരുന്നു.
3. ദൂമായുടെ നോവൽ Black Tulip 1850ലും ദൂപോണ്ടിന്റെ Blue Dahlia എന്ന ഗാനം 1851ലും പുറത്തുവന്നു.
4. മാന്ത്രികമായ പാരസ്പര്യങ്ങൾ നെയ്തെടുത്തതാണു പ്രപഞ്ചം എന്ന സങ്കൽപ്പം സ്വീഡൻബർഗി(1688-1772)ന്റേതാണ്‌; അതിന്റെ ഏറ്റവും ആധുനികവും മനോഹരവുമായ കാവ്യാവിഷ്കരണമാണ്‌  ബോദ്‌ലെയറുടെ പാപത്തിന്റെ പൂക്കൾ എന്ന സമാഹാരത്തിലെ Correspondences എന്ന കവിത.

Tuesday, January 5, 2010

മിഗ്വെൽ ഹെർണാണ്ടെഥ് - നിന്റെ ജാലകം കടക്കുമ്പോൾ

miguel_hernandez
നിന്റെ ജാലകം കടക്കുമ്പോൾ
നിന്റെ ജാലകം കടന്നുപോകുമ്പോൾ
ഉള്ളിൽത്തങ്ങിയ പരിമളം
എന്നിൽ വന്നു പതിക്കുന്നു.
ശ്മശാനം കടന്നുപോകുമ്പോൾ
നിന്റെയെല്ലുകളിലെ ശ്വാസവേഗം
എന്നെപ്പിടിച്ചുനിർത്തുന്നു.

സിമിത്തേരിയരികെത്തന്നെ
നീയും ഞാനും ശയിക്കുമിടത്തി-
ന്നരികെത്തന്നെ സിമിത്തേരി.
ഇടയിലുണ്ടു നീലപ്പേരകൾ,
നീലിച്ച കൈതകൾ
മരിച്ചവർ വഴിയിൽ നിഴൽ വീഴ്ത്തുമ്പോൾ
ആർത്തുവിളിക്കുന്ന കുട്ടികൾ.
സിമിത്തേരിയിലേക്കുള്ള പാതയിൽ
സുവർണ്ണമാണു സർവ്വതും
പ്രസന്നവും ശ്യാമവുമാണു സകലതും.
നാലുചുവടിനപ്പുറം,മരിച്ചവർ
നാലുചുവടിനിപ്പുറം,ജീവനുള്ളവർ.
പ്രസന്നം ശ്യാമം സുവർണ്ണം
എന്മകനകന്നുപോകുന്നവിടെ.
Miguel_Hernandez_firma.svg

Monday, January 4, 2010

ആർതർ റിംബോ- പ്രഭാതം



ഒരിക്കലെനിക്കുണ്ടായിരുന്നില്ലേ, പ്രസന്നമായൊരു യൗവനം? വീരോചിതം,ഐതിഹാസികം,തങ്കത്താളിലെഴുതേണ്ടതും?-ആ ഭാഗ്യമെനിക്കുണ്ടായില്ല. എന്റെ ഇന്നത്തെ ഈ പാരവശ്യത്തിനു ഞാനര്‍ഹനായതേതു പിഴയാല്‍, എതപരാധത്താല്‍? മൃഗങ്ങൾ ദുഃഖിച്ചു കേഴുന്നുവെന്നു വാദിക്കുന്നവരേ, രോഗാർത്തർ കൊടുംനൈരാശ്യത്തിലാഴുന്നുവെന്നു വാദിക്കുന്നവരേ, മരണപ്പെട്ടവർ പേക്കിനാവുകൾ കാണുന്നുവെന്നു വാദിക്കുന്നവരേ-എന്റെ പതനത്തിന്റെയും  എന്റെ നിദ്രയുടെയും  കഥ  ഒന്നു പറയാൻ നോക്കൂ .സ്വർഗ്ഗസ്ഥനായ പിതാവും കന്യാമറിയമേ സ്വസ്തിയും മാത്രം നാവിൽ വരുന്നൊരു യാചകന്റെ പാടവമേ എനിക്കുള്ളു. വാക്കുകളുടെ വിദ്യ മറവിയിൽപ്പെട്ടുപോയെനിക്ക്‌! 

എന്നിരുന്നാലും ഇന്നെനിക്കു തോന്നുന്നു എന്റെ നരകജീവിതത്തിനൊരവസാനമായിരിക്കുന്നുവെന്ന്. നരകം തന്നെയായിരുന്നു അത്‌; മനുഷ്യപുത്രൻ ചെന്നുതുറന്ന ആ പ്രാചീനനരകം. 

അതേ ഉഷ്ണഭൂമിയിൽ നിന്ന്, അതേ ഇരുണ്ട മാനത്തു നിന്ന് ആ വെള്ളിനക്ഷത്രം ഇന്നുമെന്റെ കഴച്ച കണ്ണുകൾക്കുയിരു നൽകുന്നു - ജീവിതത്തിന്റെ ആ മൂന്നു രാജാക്കന്മാർ പക്ഷേ, എവിടെ? ആ മൂന്നു വിദ്വാന്മാർ- ഹൃദയം, ആത്മാവ്‌, മനസ്സ്‌? മലയും തീരവും താണ്ടി എന്നു നാം പോകും പുതിയൊരു സൃഷ്ടിയുടെ ,പുതിയൊരറിവിന്റെ പിറവിയെ എതിരേൽക്കാൻ? ഉഗ്രശാസകരുടെ നിർമ്മൂലനാശത്തിനും അന്ധവിശ്വാസത്തിന്നന്ത്യത്തിനും എന്നു നാം സാക്ഷികളാവും? ഭൂമിയിൽ ദൈവപുത്രന്റെ വരവാഘോഷിക്കുന്ന ആദ്യത്തെ ആരാധകർ നാമാവുന്നതെന്നാകും?
മാലാഖമാരുടെ ഗാനങ്ങൾ, രാഷ്ട്രങ്ങളുടെ രണഭേരികൾ! ഇന്നും നാം അടിമകള്‍ തന്നെ,  പക്ഷേ ഈ ജീവിതത്തെ നാം പഴിക്കാതിരിക്കുക.

image
(1873)

Sunday, January 3, 2010

ബോദ്‌ലെയർ-കാമുകിമാരുടെ ചിത്രങ്ങൾ

Baudelaire-Gustave_Courbet_033

ആണുങ്ങൾക്കുള്ള ഒരു ബൂദ്വാറിൽ-എന്നു പറഞ്ഞാൽ ഒരു ചൂതാട്ടക്ലബ്ബിനോടു ചേർന്ന് പുകവലിക്കാർക്കായി മാറ്റി വച്ച മുറിയിൽ- വർത്തമാനവും പുകവലിയുമായി സമയം കഴിക്കുകയാണ്‌ നാലു പേർ. കൃത്യമായി ചെറുപ്പക്കാ രെന്നോ വൃദ്ധന്മാരെന്നോ, സുന്ദരന്മാരെന്നോ വിരൂപന്മാരെന്നോ പറയാനാവാത്തവർ. പക്ഷേ പ്രായമേതുമാകട്ടെ, സുഖങ്ങൾ പയറ്റിത്തെളിഞ്ഞവരുടെ ആ മുദ്ര അവരിൽ വീണുകിടപ്പുണ്ടായിരുന്നു; ഇന്നതെന്നു പറയാനാവാത്ത എന്തോ ഒന്ന്, വിരക്തിയും പുച്ഛവും കലർന്ന ആ വിഷാദഭാവം തുറന്നുപ്രഖ്യാപിക്കുകയാണ്‌:'ഞങ്ങൾ ജീവിതം ജീവിച്ചുകഴിഞ്ഞു; ഞങ്ങൾക്കിനി വേണ്ടത്‌ സ്നേഹിക്കാനും ആരാധിക്കാനും പറ്റിയതെന്തെങ്കിലുമാണ്‌.'

കൂട്ടത്തിലൊരാൾ സംഭാഷണത്തിന്റെ ഗതി സ്ത്രീവിഷയത്തിലേക്കു തിരിച്ചുവിട്ടു. അവരെക്കുറിച്ച്‌ ഒന്നും മിണ്ടാതിരി ക്കുകയാവും ചിന്തിക്കുന്നവർ ചെയ്യുക; എന്നാൽ ഒന്നുരണ്ടു ഗ്ലാസ്സ്‌ അകത്തുചെന്നുകഴിഞ്ഞാൽപ്പിന്നെ കൊച്ചുവർത്ത മാനത്തിലേർപ്പെടാൻ വിരോധമില്ലാത്ത ചില മിടുക്കന്മാരുണ്ടല്ലോ. അങ്ങനെയുള്ള അവസരങ്ങളിൽ നൃത്തസംഗീ തത്തിനു കാതുകൊടുക്കുമ്പോലെയാണു നാം അതു കേട്ടിരിക്കുക.

'ഓരോ മനുഷ്യനും,' ഒരാൾ പറയുകയായിരുന്നു,'ഒരു മാലാഖക്കാലമുണ്ട്‌; ഒരു വനദേവതയെ കിട്ടിയില്ലെങ്കിൽ ഒരോക്കുമരത്തെച്ചെന്നു പുണരുന്ന കാലമാണത്‌. പ്രണയത്തിന്റെ ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തിൽ നമ്മൾ തെരഞ്ഞെടുപ്പു തുടങ്ങുന്നു. ആലോചിച്ചു തീരുമാനിക്കാൻ കഴിയുക എന്നാൽത്തന്നെ തളർച്ചയുടെ ഒരു ലക്ഷണ മാണ്‌. സൗന്ദര്യത്തെത്തേടി മിനക്കെട്ടിറങ്ങുകയാണു നാം. എന്റെ കാര്യത്തിലാകട്ടെ, ചങ്ങാതിമാരെ, നിർണ്ണായ കമായ മൂന്നാം ഘട്ടത്തിലെത്തിനിൽക്കുകയാണു ഞാനെന്ന് അഭിമാനത്തോടെ പറയട്ടെ; ഇനിയെന്നെ തൃപ്തനാ ക്കാൻ പട്ടും പരിമളവും മറ്റും സ്വാദിഷ്ടമാക്കാത്ത വെറും സൗന്ദര്യം പോരാ. അജ്ഞാതമായ ഒരാനന്ദത്തിനു വേണ്ടി ചിലനേരം ഞാൻ കൊതിച്ചുപോകാറുണ്ടെന്നും ഞാൻ സമ്മതിക്കട്ടെ: പരമശാന്തിയുടേതായ നാലാമതൊരു ഘട്ടം. പക്ഷേ ആ മാലാഖക്കാലമൊഴിവാക്കിയാൽ എന്റെ ജീവിതകാലം മൊത്തം നമ്മെ ദേഷ്യം പിടിപ്പിക്കുന്ന ആ മൂഢത, സ്ത്രീകൾക്കു പൊതുവായിട്ടുള്ള ആ ശരാശരിമട്ടിനെക്കുറിച്ച്‌ മറ്റാരെക്കാളും ബോധവാനായിരുന്നു ഞാൻ. അവയുടെ ആർജ്ജവം ഒന്നുകൊണ്ടുമാത്രം മൃഗങ്ങളെ എനിക്കിഷ്ടമാണ്‌. എന്റെ ഒടുവിലത്തെ സംബന്ധക്കാരി എന്നെ എന്തൊക്കെ അനുഭവിപ്പിച്ചുവെന്ന് ഒന്നു കേട്ടുനോക്കൂ.

'ഒരു രാജകുടുംബാംഗത്തിന്റെ ജാരസന്തതിയായിരുന്നു അവൾ. സുന്ദരിയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ: അല്ലെങ്കിൽപ്പിന്നെ ഞാൻ അവളുടെ പിന്നാലെ പോകുമോ? പക്ഷേ മര്യാദയില്ലാത്തതും ലക്ഷണം കെട്ടതുമായ ഒരാഗ്രഹം കൊണ്ട്‌ അവൾ ആ മഹത്തായ ഗുണത്തെ കെടുത്തിക്കളഞ്ഞു. എപ്പോഴും പുരുഷന്റെ ഭാഗം താനെടു ക്കുമെന്നു വാശി പിടിക്കുന്ന ഒരു പെണ്ണായിരുന്നു അവൾ. 'നിങ്ങളൊരാണാണോ! ഹാ, ഞാനൊരാണായിരുന്നെ ങ്കിൽ! നമ്മളിൽ ആണെന്നു പറയേണ്ടതെന്നെയാണ്‌!' ഗാനങ്ങൾ മാത്രം ചിറകു മുളച്ചുയരണമെന്നു ഞാനാശിച്ച ആ വായിൽ നിന്നുയർന്നത്‌ അസഹ്യമായ ഈ പല്ലവികളായിരുന്നു. ഞാനിഷ്ടപ്പെടുന്ന ഒരു പുസ്തകത്തെയോ കവിത യെയോ ഒപ്പേറയോ കുറിച്ച്‌ എന്തെങ്കിലുമൊന്ന് എന്റെ വായിൽ നിന്നു പുറത്തു ചാടിയാലാകട്ടെ, എടുത്തടിച്ച പോലെ വരും ഉടനേ അവളുടെ മറുപടി:'അതത്രയ്ക്കങ്ങു കേമമാണോ? അല്ലെങ്കിലും നല്ലതു കണ്ടാൽ നിങ്ങൾ ക്കുണ്ടോ മനസ്സിലാകുന്നു!' എന്നിട്ടവൾ അതിൽപ്പിടിച്ചു തർക്കിക്കാൻ തുടങ്ങും.

‘പിന്നീട്‌ പെട്ടെന്നൊരു ദിവസം അവൾ രസതന്ത്രം പഠിക്കാൻ തീരുമാനിച്ചു; അതോടെ എന്റെയും അവളുടെയും ചുണ്ടുകൾക്കിടയിൽ ചില്ലു കൊണ്ടൊരു മുഖാവരണം വന്നുവീണു. ഒപ്പം പെട്ടെന്നു മുഷിയുന്ന ഒരു പ്രകൃതവും. വല്ല പ്പോഴും ഞാൻ അവളെയൊന്നു പ്രേമപൂർവ്വം അമർത്തിത്തൊട്ടാൽ ഉടനേയവൾ ചീറിപ്പുളയും, അനാഘ്രാതപുഷ്പ മായ തന്നെ ആരോ കശക്കിയെറിയാൻ ചെല്ലുന്നപോലെ...'

'സംഗതി എങ്ങനെ അവസാനിച്ചു?' കേട്ടിരുന്നവരിൽ ഒരാൾ ചോദിച്ചു.'തനിക്കിത്ര ക്ഷമയുണ്ടെന്ന് എനിക്കറിയില്ലാ യിരുന്നു.'

'രോഗത്തോടൊപ്പം അതിനുള്ള മരുന്നും ദൈവം കൊടുത്തയക്കുമല്ലോ,' അയാൾ പറഞ്ഞു.' ഒരു ദിവസം ഞാൻ കാണുമ്പോൾ നമ്മുടെ ആ മിനർവ്വ, ആദർശബലത്തിനു ദാഹിക്കുന്നവൾ, എന്റെ വേലക്കാരനുമായി അത്ര പന്തി യല്ലാത്തൊരു കിടപ്പിലാണ്‌. രണ്ട്പേരെയും മോശക്കാരാക്കേണ്ടെന്നു കരുതി ഞാൻ മാറിപ്പോയി. അന്നു വൈകു ന്നേരം ശമ്പളബാക്കിയും കൊടുത്ത്‌ രണ്ടിനെയും ഞാൻ പറഞ്ഞയക്കുകയും ചെയ്തു.'

'എന്റെ കാര്യം പറയാനാണെങ്കിൽ' നേരത്തെ ചോദിച്ചയാൾ പറഞ്ഞു,'എനിക്കെന്നെത്തന്നെയേ പഴിക്കാനുള്ളു. ആനന്ദം എന്നോടൊപ്പം പാർക്കാൻ വന്നു, പക്ഷേ ഞാനതു കാണാതെപോയി. വളരെക്കാലം മുമ്പല്ല, വിധി എന്റെ പേർക്കൊരു സ്ത്രീയെ അയച്ചുതന്നു; അത്രയ്ക്കോമനയായ, വിധേയയായ, സമർപ്പിതയായ ഒരു ജീവി; അമിതോ ത്സാഹം കാട്ടാതെതന്നെ സദാ സന്നദ്ധയായവൾ. 'നിങ്ങൾക്കിഷ്ടമല്ലേ, എനിക്കും സമ്മതമാണ്‌' അതായിരുന്നു അവളുടെ സ്ഥിരം പല്ലവ്‌ഇ. ആ മതിലിലോ ഈ സോഫയിലോ ഒന്നിടിച്ചുനോക്കൂ, ഏറ്റവും തീവ്രമായ സന്ദർഭ ത്തിലും അവളുടെ ചുണ്ടിൽ നിന്നുയർന്നതിനേക്കാൾ നിശ്വാസങ്ങൾ അവയിൽ നിന്നു പുറത്തുവരും. ഒരുകൊല്ലത്തെ ഒരുമിച്ചുതാമസത്തിനു ശേഷം അവൾ കുമ്പസാരിച്ചു താനിതേവരെ സുഖമറിഞ്ഞിട്ടില്ലെന്ന്. ഒരാൾ മാത്രം പോരാ ടുന്ന ആ ദ്വന്ദ്വയുദ്ധത്തിൽ എനിക്കു മടുപ്പായി; അവൾ ആരെയോ വിവാഹം കഴിക്കുകയും ചെയ്തു. പിന്നൊരിക്കൽ അവളെയൊന്നു കാണാൻ തോന്നി ഞാൻ ചെല്ലുമ്പോൾ ഭംഗിയുള്ള ആറു മക്കളെ കാട്ടി അവൾ പറയുകയാണ്‌:'എ ന്താ സുഹൃത്തേ, നിങ്ങളുടെ കാമുകിയെപ്പോലെ കന്യകയാണ്‌ ഈ ഭാര്യയും!' അവൾക്കൊരു മാറ്റവും വന്നിട്ടില്ല. ചിലപ്പോൾ എനിക്കൊരു നഷടബോധം തോന്നാറുണ്ട്‌; ഞാനവളെ വിവാഹം കഴിക്കേണ്ടതായിരുന്നു.'

മറ്റുള്ളവർ ചിരിച്ചു; മൂന്നാമത്തെയാളുടെ ഊഴമായി:

'സുഹൃത്തുക്കളേ, നിങ്ങൾ ഒരുപക്ഷേ അവഗണിച്ചിരിക്കാവുന്ന ചില സന്തോഷങ്ങൾ ഞാനറിഞ്ഞിട്ടുണ്ട്‌. പ്രണയ ത്തിലെ ഹാസ്യഭാവത്തെക്കുറിച്ചാണു ഞാൻ പറയുന്നത്‌; ആദരവു പിടിച്ചുപറ്റുന്നതുമാണത്‌. നിങ്ങളിരുവരും നിങ്ങ ളുടെ കാമുകിമാരെ എന്തുമാത്രം വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്തുവോ, അതിലുമെത്രയോ അധികമായി രുന്നു എനിക്ക്‌ എന്റെ ഒടുവിലത്തെ കാമുകിയോടുള്ള ആരാധന എന്നാണെന്റെ വിശ്വാസം. ആ കണക്കിനായിരുന്നു മറ്റുള്ളവർക്കും അവളോടുള്ള ആരാധന. ഞങ്ങൾ ഒരു ഹോട്ടലിൽ ചെന്നുകയറിയാൽ ആളുകൾ തീറ്റ നിർത്തി അവ ളെയും തുറിച്ചുനോക്കി ഇരുപ്പാകും. വെയിറ്റർമാരും കൗണ്ടറിലെ സ്ത്രീകളും വരെ തങ്ങളുടെ ജോലി മറന്നിട്ട്‌ ആ പകരുന്ന നിർവൃതിക്കടിമകളാകും. എന്തിനു പറയുന്നു, ഒരു ജീവൽപ്രതിഭാസവുമായി അടുത്ത ബന്ധത്തിലായിരുന്നു കുറേക്കാലത്തേക്ക്‌ എന്റെ ജീവിതം. അവൾ തിന്നുകയും ചവയ്ക്കുകയും കടിക്കുകയും വിഴുങ്ങുകയും ഇറക്കുകയും ചെയ്യുന്നത്‌ ലോകത്തൊരിക്കലും കാണാത്ത മാതിരി അത്ര ലാഘവത്തോടെയും അലക്ഷ്യമായിട്ടുമായിരുന്നു. ഏറെ ക്കാലം അവളെന്നെ ഒരു ഹർഷമൂർച്ചയിൽ തളച്ചിട്ടു. 'എനിക്കു വിശക്കുന്നു!' എന്നു പറയാൻ മാധുര്യമൂറുന്നതും സ്വപ്ന ത്തിലെന്നപോലെയും ഇംഗ്ലീഷുമട്ടിലുള്ളതും കാൽപനികവുമായ ഒരു രീതി അവൾക്കുണ്ടായിരുന്നു. ഈ ലോകത്തെ ഏറ്റവും മനോഹരമായ പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട്‌ രാത്രിയും പകലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും അവൾ. ഒരേസമയം നിങ്ങളുടെ മനസ്സിളക്കുന്നതും നിങ്ങളെ ആഹ്ലാദിപ്പിക്കുന്നതുമായിരുന്നു അത്‌. എനിക്കു വേണ മെങ്കിൽ വിശപ്പടങ്ങാത്ത സത്വം എന്ന പേരുമിട്ട്‌ ഉത്സവപ്പറമ്പുകളിൽ അവളെക്കൊണ്ടുപോയി പ്രദർശിപ്പിച്ച്‌ പണം വാരാമായിരുന്നു. ഞാനവൾക്ക്‌ വേണ്ടതെല്ലാം കൊടുത്തുപോന്നു; എന്നിട്ടും അവൾ എന്നെ വിട്ടുപോയി...'

'വല്ല പലചരക്കുകാരന്റെയും കൂടെ പോയിക്കാണും, അങ്ങനെയല്ലേ?'

'എന്നുവേണമെങ്കിൽ പറയാം,മിലിട്ടറിയിലെ ഒരു ഡിപ്പോക്ലർക്ക്‌ തനിക്കു മാത്രമറിയാവുന്ന ഏതോ മന്ത്രവിദ്യയുടെ സഹായത്താൽ കുറേ പട്ടാളക്കാരുടെ റേഷൻ കൊണ്ട്‌ ആ പാവം പെണ്ണിന്റെ വിശപ്പടക്കിക്കാണണം. എന്നാ ണെന്റെ തോന്നൽ.'

'എന്റെ കാര്യം പറയാനാണെങ്കിൽ,'നാലാമത്തെയാൾ പറഞ്ഞു,'സ്ത്രീകളുടെ താൻപ്രമാണിത്തം എന്നു പൊതുവേ പറയാറുള്ളതിനു വിരുദ്ധമായ തരത്തിൽപ്പെട്ട കൊടിയ ദുരിതങ്ങളാണ്‌ എനിക്കനുഭവിക്കേണ്ടിവന്നത്‌. സുഖങ്ങൾ ഏറെയനുഭവിച്ച പുരുഷന്മാരേ, സ്വന്തം പെണ്ണുങ്ങളുടെ ദൗർബല്യങ്ങളെക്കുറിച്ചു പരാതിപ്പെടുന്നത്‌ നീതിയല്ലെന്നേ ഞാൻ പറയൂ!'

പ്രസന്നവും അക്ഷോഭ്യവുമായ മുഖഭാവമുള്ള ഒരാളാണ്‌ ഗൗരവം മുറ്റിയ സ്വരത്തിൽ ഇങ്ങനെ പറഞ്ഞത്‌. ഒരു വികാരിയച്ചന്റേതെന്നു പറയാവുന്ന ആ മുഖത്തെ തെളിഞ്ഞ രണ്ടു നരയൻകണ്ണുകൾ നിരുന്മേഷമായി തിളക്കു ന്നുണ്ട്‌; ആ കണ്ണുകളുടെ നോട്ടങ്ങൾ പറയുകയാണ്‌:'അതു നടക്കട്ടെ!' അല്ലെങ്കിൽ 'നിങ്ങളതു ചെയ്യണം!' അതുമ ല്ലെങ്കിൽ 'ഞാൻ മാപ്പു കൊടുക്കില്ല!' എന്നുവരെ.

'മനസ്സടക്കമില്ലാത്ത ജീ, ചങ്കുറപ്പില്ലാത്തവരായ നിങ്ങൾ രണ്ടുപേർ കേ,ജേ- എനിക്കറിയാവുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ നിങ്ങൾക്കിടവന്നിരുന്നെങ്കിൽ നിങ്ങൾ ഒന്നുകിൽ ഇതിനകം ഒളിച്ചോടിയിരിക്കും അല്ലെങ്കിൽ ജീവൻ വെടിഞ്ഞിരിക്കും. ഞാൻ പക്ഷേ അതിജീവിച്ചു, അതല്ലേ ഞാനിപ്പോൾ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്‌. അറി ഞ്ഞോ അറിയാതെയോ ഒരു തെറ്റും വരുത്താത്ത ഒരു സ്ത്രീയെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ; നിങ്ങളുടെ മനസ്സിടി ക്കുന്ന ഒരു സ്വഭാവനൈർമ്മല്യം, പകിട്ടും നാടകവുമൊന്നുമില്ലാത്ത ഒരു വിധേയത്വം, ദുർബലമല്ലാത്ത ഒരു സൗമ്യത, ഹിംസാത്മകമല്ലാത്ത ഒരൂർജ്ജം ഇതൊക്കെയുള്ള ഒരു സ്ത്രീയെ ഒന്നു മനസ്സിൽ കണ്ടുനോക്കൂ. എന്റെ പ്രണയത്തിന്റെ കഥ നിർമ്മലവും തേച്ചുവിളക്കിയതുമായ ഒരു കണ്ണാടിയുടെ പ്രതലത്തിലൂടെയുള്ള അന്തമറ്റ യാത്ര യായിരുന്നു; തലതിരിക്കുന്ന രീതിയിൽ ഏകതാനമായിരുന്നു അത്‌. സ്വന്തം മനഃസാക്ഷിയുടെ കൃത്യതയോടെ എന്റെ വികാരങ്ങളും ചേഷ്ടകളും അതിൽ പ്രതിഫലിച്ചു; അതുകൊണ്ടെന്താ, എന്നെ വിട്ടുപിരിയാത്ത ആ ബാധയുടെ സത്വരശകാരത്തിനു കാരണമാകുമെന്നു പേടിച്ച്‌ യുക്തിക്കു നിരക്കാത്ത ഒരു ചിന്തയിലോ ചെയ്തിയിലോ മുഴുകാനും എനിക്കു സാധ്യമായിരുന്നില്ല. പ്രേമം എനിക്കൊരു ശിക്ഷണമായിത്തോന്നി. എന്തൊക്കെ അസംബന്ധങ്ങൾ ചെയ്യുന്നതിൽ നിന്ന് അവളെന്നെ തടഞ്ഞിരിക്കുന്നു-ചെയ്യേണ്ടതായിരുന്നുവെന്ന് ഞാനിപ്പോൾ ഖേദിക്കുന്നവ! എന്റെ ഹിതത്തിനെതിരായി എത്രയോ കടങ്ങൾ അവൾ എന്നെക്കൊണ്ടു വീട്ടിച്ചിരിക്കുന്നു! സ്വന്തം മണ്ടത്തരം കാരണം എനിക്കു ലഭിച്ചേക്കുമായിരുന്ന സകല പ്രയോജനങ്ങളും അവളെനിക്കു നിഷേധിച്ചുകളഞ്ഞു. വികാര ശൂന്യവും അലംഘ്യവുമായ നിയമങ്ങൾ കൊണ്ട്‌ അവളെന്റെ ചാപല്യങ്ങൾക്കു തടയിട്ടു. അതുമല്ല ഭീകരം, അപകടം തരണം ചെയ്തുകഴിഞ്ഞാൽ ഒരു നന്ദിവാക്കു പോലും അവൾ എന്നിൽ നിന്നു പ്രതീക്ഷിക്കുകയുമില്ല! അവളുടെ തൊണ്ടയ്ക്കു കയറിപ്പിടിച്ചിട്ട്‌ അലറാൻ എത്രതവണ ഓങ്ങിയിട്ടുള്ളതാണെന്നോ ഞാൻ:' അൽപമൊന്നപൂർണ്ണ യാകെടീ,നികൃഷ്ടേ! മനസ്വാസ്ഥ്യത്തോടെ, ദേഷ്യം പിടിക്കാതെ ഞാൻ നിന്നെയൊന്നു പ്രേമിച്ചോട്ടെ!'ഏറെ വർഷങ്ങൾ ഹൃദയം നിറയെ വെറുപ്പുമായി ഞാനവളെ ആരാധനയോടെ കൊണ്ടുനടന്നു. പക്ഷെ ഒടുവിൽ മരിച്ചതു ഞാനല്ല!'

'ഹൊ,' മറ്റുള്ളവർ ചോദിച്ചു,'അപ്പോൾ അവൾ മരിച്ചോ?'

'ഉവ്വ്‌! അതങ്ങനെ അധികകാലം മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. പ്രണയം എന്നെ സംബന്ധിച്ചിട ത്തോളം ഞെരിക്കുന്നൊരു പേക്കിനാവായി മാറിയിരുന്നു. രാഷ്ട്രീയക്കാർ പറയാറുള്ളപോലെ വിജയം അല്ലെങ്കിൽ മരണം,അതായിരുന്നു തെരഞ്ഞെടുക്കാനായി വിധി എനിക്കു വച്ചുനീട്ടിയത്‌. ഒരുദിവസം രാത്രിയിൽ കാട്ടിലൂടെ നട ക്കുമ്പോൾ,,,കുളത്തിനരികിൽ വച്ച്‌...ആകാശത്തിന്റെ സൗമ്യതയെ കണ്ണുകളിലാവാഹിച്ച്‌ അവൾ,നരകം തിള യ്ക്കുന്ന നെഞ്ചുമായി ഞാൻ...വിഷാദം നിറഞ്ഞ ഒരു നടത്തയും കഴിഞ്ഞ്‌ ഞങ്ങൾ മടങ്ങുമ്പോൾ...'

'എന്ത്‌!'

'അതെന്താ!'

'താനെന്താ പറയുന്നത്‌!'

'അതൊഴിവാക്കാൻ പറ്റില്ലായിരുന്നു. പിഴ വരുത്താത്ത ഒരു വേലക്കാരിയെ തല്ലാനോ,അധിക്ഷേപിക്കാനോ, പിരി ച്ചുവിടാനോ എന്റെ നീതിബോധം അനുവദിക്കില്ല. അതേസമയം ആ നീതിബോധവും ഈ ജീവി എന്നിലുളവാക്കിയ ഉൾക്കിടിലവും തമ്മിൽ പൊരുത്തപ്പെടുത്തേണ്ടതായുമിരുന്നു. അവളോട്‌ ഒരപമര്യാദയും കാണിക്കാതെ ആ സത്വ ത്തിന്റെ ശല്യം തീർക്കുക. അത്രയ്ക്കു പരിപൂർണ്ണയായ സ്ഥിതിയ്ക്ക്‌ ഞാനവളെ പിന്നെന്തു ചെയ്യണം?'

മറ്റു മൂന്നുപേരും നിശ്ചയം പോരാത്തതും അൽപം മന്ദിച്ചതുമായ ഒരു ഭാവത്തോടെ അയാളെ നോക്കി; തങ്ങൾക്കതു ശരിക്കു മനസ്സിലായില്ലെന്ന പോലെ; എത്ര ബോധ്യം വരുന്ന രിതിയിലാണു സംഗതി വിശദീകരിച്ചതെങ്കിൽക്കൂടി അത്രയും പരുഷമായ ഒരു ചെയ്തിക്കു ത്രാണിയുള്ളവരാണു തങ്ങളെന്ന് തങ്ങൾ സ്വയം കരുതുന്നില്ലെന്നു പര സ്പരം ഉള്ളിൽ ഏറ്റുപറയുന്നപോലെ.

പിന്നെയവർ വീണ്ടും കുപ്പികൾ വരുത്തി-ജീവിതത്തെ നിർദ്ദയം വരിഞ്ഞുമുറുക്കുന്ന കാലത്തെ കൊല്ലാൻ,അത്രമേൽ മന്ദഗതിയായ ജീവിതത്തെ വേഗപ്പെടുത്താൻ.