Monday, January 4, 2010

ആർതർ റിംബോ- പ്രഭാതം



ഒരിക്കലെനിക്കുണ്ടായിരുന്നില്ലേ, പ്രസന്നമായൊരു യൗവനം? വീരോചിതം,ഐതിഹാസികം,തങ്കത്താളിലെഴുതേണ്ടതും?-ആ ഭാഗ്യമെനിക്കുണ്ടായില്ല. എന്റെ ഇന്നത്തെ ഈ പാരവശ്യത്തിനു ഞാനര്‍ഹനായതേതു പിഴയാല്‍, എതപരാധത്താല്‍? മൃഗങ്ങൾ ദുഃഖിച്ചു കേഴുന്നുവെന്നു വാദിക്കുന്നവരേ, രോഗാർത്തർ കൊടുംനൈരാശ്യത്തിലാഴുന്നുവെന്നു വാദിക്കുന്നവരേ, മരണപ്പെട്ടവർ പേക്കിനാവുകൾ കാണുന്നുവെന്നു വാദിക്കുന്നവരേ-എന്റെ പതനത്തിന്റെയും  എന്റെ നിദ്രയുടെയും  കഥ  ഒന്നു പറയാൻ നോക്കൂ .സ്വർഗ്ഗസ്ഥനായ പിതാവും കന്യാമറിയമേ സ്വസ്തിയും മാത്രം നാവിൽ വരുന്നൊരു യാചകന്റെ പാടവമേ എനിക്കുള്ളു. വാക്കുകളുടെ വിദ്യ മറവിയിൽപ്പെട്ടുപോയെനിക്ക്‌! 

എന്നിരുന്നാലും ഇന്നെനിക്കു തോന്നുന്നു എന്റെ നരകജീവിതത്തിനൊരവസാനമായിരിക്കുന്നുവെന്ന്. നരകം തന്നെയായിരുന്നു അത്‌; മനുഷ്യപുത്രൻ ചെന്നുതുറന്ന ആ പ്രാചീനനരകം. 

അതേ ഉഷ്ണഭൂമിയിൽ നിന്ന്, അതേ ഇരുണ്ട മാനത്തു നിന്ന് ആ വെള്ളിനക്ഷത്രം ഇന്നുമെന്റെ കഴച്ച കണ്ണുകൾക്കുയിരു നൽകുന്നു - ജീവിതത്തിന്റെ ആ മൂന്നു രാജാക്കന്മാർ പക്ഷേ, എവിടെ? ആ മൂന്നു വിദ്വാന്മാർ- ഹൃദയം, ആത്മാവ്‌, മനസ്സ്‌? മലയും തീരവും താണ്ടി എന്നു നാം പോകും പുതിയൊരു സൃഷ്ടിയുടെ ,പുതിയൊരറിവിന്റെ പിറവിയെ എതിരേൽക്കാൻ? ഉഗ്രശാസകരുടെ നിർമ്മൂലനാശത്തിനും അന്ധവിശ്വാസത്തിന്നന്ത്യത്തിനും എന്നു നാം സാക്ഷികളാവും? ഭൂമിയിൽ ദൈവപുത്രന്റെ വരവാഘോഷിക്കുന്ന ആദ്യത്തെ ആരാധകർ നാമാവുന്നതെന്നാകും?
മാലാഖമാരുടെ ഗാനങ്ങൾ, രാഷ്ട്രങ്ങളുടെ രണഭേരികൾ! ഇന്നും നാം അടിമകള്‍ തന്നെ,  പക്ഷേ ഈ ജീവിതത്തെ നാം പഴിക്കാതിരിക്കുക.

image
(1873)

2 comments:

ഭൂമിപുത്രി said...

ഈയിടെയാൺ ഈ ബ്ലോഗ് കണ്ണിൽ‌പ്പെട്ടത്.
ബ്ലോഗ് വായനയ്ക്ക് ചിലവഴിയ്ക്കുന്ന സമയം വ്യർത്ഥമായില്ല എന്നൊരു സംതൃപ്തി വല്ലപ്പോഴുമേ കിട്ടാറുള്ളു.
ഒരുപാട് നന്ദി.
സാവകാശം ഓരോന്നായി വായിച്ചോളാം.
കൂട്ടത്തിലൊരു സജഷൻ-അതാത് എഴുത്തുകാരെ ചെറുതായൊന്ന് പരിചയപ്പെടുത്തുന്ന ഒരു ചെറുകുറിപ്പോ,ലിങ്കോ ചേർത്തുകൂടെ?

വി.രവികുമാർ said...

വായനയ്ക്കു സമയം കണ്ടെത്തിയതിനു നന്ദി. മിക്ക എഴുത്തുകാരും വായനക്കാർക്കു പരിചിതരായതിനാൽ അതിൽക്കവിഞ്ഞൊരു പരിചയപ്പെടുത്തലിനു ശ്രമിക്കാത്തതാണ്‌. ലിങ്കുകൾ നൽകുന്നുണ്ട്‌.