Sunday, January 24, 2010

റുബേൻ ദാരിയോ-ശകുനങ്ങൾ

Ruben Dario
എന്റെ തലയ്ക്കു മുകളിലൂടെ
ഒരു ഗരുഡൻ പറന്നുപോകുന്നു;
അവന്റെ ചിറകിലുണ്ടൊരു ചണ്ഡവാതം,
നഖങ്ങളിലുണ്ട്‌ പാളുന്ന കൊടുംമിന്നൽ.
ഹേ, ഗരുഡാ!
മണ്ണായിരിക്കെ പറന്നുപൊങ്ങാൻ
കരുത്തു നൽകുകുക നീയെനിക്ക്‌.
ശീലം കെട്ട കാറ്റുകളെ,
കോപിച്ച കടലിനെ,
മുകളിൽ നിന്നുള്ള കോപത്തെ,
താഴെ കരളുന്ന ദുരിതങ്ങളെ
ചെറുക്കാൻ ശക്തി തരിക നീ.

എന്റെ നെറ്റിയ്ക്കു മുകളിലൂടെ
ഒരു കൂമൻ പറന്നു പോകുന്നു.
ദേവിയായ മിനർവ്വയും
നിശ്ശബ്ദരാത്രിയും
ഓർമ്മയിൽ വന്നുപോകുന്നു.
ഹേ, കൂമാ!
എനിക്കു നൽകുക നീ നിന്റെ
ചഞ്ചലിക്കാത്ത മൂകത,
രാവിന്നാഴം കാണുന്ന കണ്ണുകൾ,
മരണത്തിൻ മുന്നിലെ ശാന്തത.
എനിക്കു നൽകുക നീ നിന്റെ
രാത്രിയുടെ സാമ്രാജ്യം,
സ്വർഗ്ഗത്തിന്റെ വിവേകം.
കിഴക്കും പടിഞ്ഞാറും ഒരേപോലെ കാണുന്ന
നിന്റെ ജാനസ്‌മുഖം.

ഒരു മാടപ്രാവു പറന്നുപോകുന്നു,
അതിന്റെ ചിറകുകൾ
എന്റെ ചുണ്ടിലുരുമ്മുന്നു.
ഹേ, മാടപ്രാവേ!
എനിക്കു നൽകുക പാട്ടിന്റെ
നോവു മാറ്റുന്ന സാന്ത്വനം,
തിളങ്ങുന്ന പാടത്ത്‌
നിന്റെയൊരാസക്തി,
ആ ദിവ്യകർമ്മത്തിൽ
നിന്റെയപൂർവ്വസിദ്ധികൾ.
(എനിക്കു നൽകുക പ്രകൃതിയിലെ നീതി:
ഇക്കാര്യത്തിൽ നീയൊരു ഭ്രാന്തൻ
മുട്ടനാടു ബ്രഹ്മചാരിയും.)

ഒരു പ്രാപ്പിടിയൻ പറന്നുപോകുന്നു.
ഹേ, പ്രാപ്പിടിയാ!
എനിക്കു നൽകുക
നീൾനഖങ്ങൾ,
കാറ്റു കീറിപ്പായുന്ന ചിറകുകൾ,
ഇരകളിലാഴുന്ന നഖരങ്ങൾ.
എന്റെ പ്രാപ്പിടിയൻ നീയെങ്കിൽ
വിചിത്രമായൊരു വേട്ടയ്ക്ക്‌
പുറപ്പെട്ടുപോകും നാം,
നീയെനിക്കു കൊണ്ടുവരും
പേരുകേട്ട തുണ്ടങ്ങൾ
കിട്ടാത്ത തുണ്ടങ്ങൾ,
ചങ്കു തുടിയ്ക്കുന്ന ആശയങ്ങൾ,
ചോരയിറ്റുന്ന ആത്മാക്കൾ.

ഒരു രാപ്പാടി പറന്നുപോകുന്നു.
ദിവ്യനായ ഭിഷക്കേ!
എനിക്കു നൽകേണ്ട നീയൊന്നും.
എന്റെ കൈയിലുണ്ട്‌ നിന്റെ വിഷം,
നിന്റെ സൂര്യാസ്തമയം,
നിലാവുള്ള രാത്രികൾ
ലില്ലിപ്പൂക്കൾ
കവിതയിറ്റുന്ന പ്രണയവും.
(എന്നാലും നീയെനിക്കു ഗൂഢമിത്രം,
ഒരിക്കലല്ല നീ പകർന്നു
എന്റെ ദുഃഖത്തിൻ ചഷകത്തിൽ
നിലാവിന്നമൃതം,
ദൈവത്തിന്റെ തേൻതുള്ളികൾ...)

ഒരു വവ്വാൽ കടന്നുപോകുന്നു.
പിന്നെയൊരീച്ച. ഒരു കടന്നൽ.
സന്ധ്യയ്ക്കൊരു തേനീച്ച.
പിന്നെ ഒന്നുമില്ല.
മരണം വന്നു.

No comments: