*
പത്രക്കാരൻ തന്റെ വക സത്യങ്ങൾ കൊണ്ട് നമ്മുടെ ഭാവനാശേഷിയെ കൊന്നുവെങ്കിൽ തന്റെ വക നുണകൾ കൊണ്ട് നമ്മുടെ ജീവിതത്തെയും ഭീഷണിപ്പെടുത്തുകയുമാണ്.
*
പത്രക്കാരൻ: മനസ്സിനുള്ളിൽ ഒന്നുമില്ലെങ്കിലും അതിനെ ആവിഷ്കരിക്കാൻ കഴിവുള്ള ഒരാൾ; സമയച്ചുരുക്കം കൊണ്ട് മികയ്ക്കുന്ന ഒരെഴുത്തുകാരൻ; എഴുതാൻ സമയം കിട്ടുംതോറും അയാളുടെ എഴുത്തും മോശമാകുന്നു.
*
ആളുകൾ കുതിരവണ്ടികളിൽ യാത്ര ചെയ്തിരുന്ന കാലത്ത് കച്ചവടക്കാർ ആകാശത്തു പറക്കുന്ന ഈ കാലത്തെക്കാൾ ഭംഗിയായി ലോകം മുന്നോട്ടു പോയിരുന്നു; പോകുന്ന വഴിയ്ക്ക് തലച്ചോറൂർന്നുപോകാനാണെങ്കിൽപ്പിന്നെ വേഗത കൊണ്ടെന്തു ഗുണം? അതിസങ്കീർണ്ണമായ യന്ത്രങ്ങളെ പ്രവർത്തിപ്പിക്കാനാവശ്യമായ അടിസ്ഥാനചലനങ്ങളെക്കുറിച്ച് ഈ കാലത്തെ പ്‌ഉതിയ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ ആരുണ്ട്? പ്രകൃതിക്ക് പുരോഗതിയെ വിശ്വസിക്കാം; തന്നോടു കാണിച്ച അതിക്രമത്തിന് അതു പകരം വീട്ടിക്കോളും.
*
പുരോഗതിയുടെ കാലടിക്കീഴിൽക്കിടന്ന് പുല്ലുകൾ കരയുകയും കാടുകൾ കടലാസ്സുകളാവുകയും അവയിൽ നിന്നു പത്രക്കമ്പനികൾ വളരുകയും ചെയ്യുന്നു. പുരോഗതി ജീവിതത്തിന്റെ ലക്ഷ്യത്തെ ജീവിതോപായങ്ങൾക്കടിപ്പെടുത്തിയിരിക്കുന്നു; നമ്മുടെ തൊഴിലുപകരണങ്ങളുടെ നട്ടും ബോൾട്ടുമായി നമ്മളെ മാറ്റിയിരിക്കുന്നു.
*
തന്റെ കാലം കഴിയാറായെന്ന് ഒരു സംസ്ക്കാരത്തിനു തോന്നലുണ്ടാവുമ്പോൾ അതു പുരോഹിതന് ആളയയ്ക്കുന്നു.
*
അപവാദങ്ങൾ ഉണ്ടാകുന്നത് പോലീസ് അതവസാനിപ്പിക്കുമ്പോഴാണ്.
*
എന്നും കണ്ണാടിയിൽ നോക്കാൻ തുടങ്ങിയതിൽപ്പിന്നെ ലോകത്തിനു വൈരൂപ്യമേറിയിരിക്കുന്നു; അതിനാൽ നമുക്കിനി പ്രതിബിംബം മതിയെന്നു വയ്ക്കുക, അതിനപ്പുറമുള്ളതിനെ നാമിനി ചികഞ്ഞുനോക്കരുത്.
*
സ്വയംഭോഗത്തിനു പകരം ഒരു പെണ്ണിന്റെ കൂടെ കിടന്നാലും മതി; ഭാവനാശേഷിയുടെ കാര്യമായ പ്രയോഗം വേണ്ടിവരുന്നുണ്ടല്ലോ രണ്ടിടത്തും.
*
വേണ്ട രീതിയിൽ അടക്കിവയ്ക്കാത്ത കാമവികാരം ചില കുടുംബങ്ങളുടെ അടിസ്ഥാനമിളക്കുന്നു; ഭംഗിയായി അടക്കിവച്ച കാമവികാരമോ, ലോകത്തിന്റെതന്നെ അടിസ്ഥാനമിളക്കുകയും ചെയ്യുന്നു.
*
ദിവസത്തിൽപ്പാതി ഉറങ്ങുന്നവൻ ജീവിതത്തിൽപ്പാതി നേടിക്കഴിഞ്ഞു.
*
ബുദ്ധിശൂന്യതയ്ക്ക് നേരത്തെ എഴുന്നേൽക്കുന്ന സ്വഭാവമുണ്ട്, അതുകൊണ്ടാണ് സംഭവങ്ങൾ പൊതുവേ കാലത്തു നടക്കുന്നത്.
*
കലാസ്വാദകനു സൗന്ദര്യവുമായുള്ള ബന്ധം അശ്ലീലസാഹിത്യകാരനു പ്രണയത്തോടും രാഷ്ട്രീയക്കാരനു ജീവിതത്തോടുമുള്ള ബന്ധത്തിനു തുല്യം തന്നെ.
*
ലുബ്ധൻ പൂഴ്ത്തിവയ്ക്കുന്ന സമ്പാദ്യങ്ങളാണ് അനുഭവങ്ങൾ. വിവേകം എത്ര ധൂർത്തടിച്ചാലും തീരാത്ത പിതൃസ്വത്തും.
*
ഒരു കുട്ടി തന്റെ ആദർശങ്ങളെ ഉപേക്ഷിക്കാൻ പഠിക്കുന്നു; മുതിർന്നവരാകട്ടെ, തങ്ങളുടെ വള്ളിനിക്കറുകൾ ഒരുകാലത്തും ഉപേക്ഷിക്കുക എന്നതില്ല.
*
മനുഷ്യപ്രകൃതിയെ നീതിന്യായവ്യവസ്ഥയുടെ ഇടുക്കുതൊഴുത്തിലേക്കു കടത്തിവിടുക, ഇറങ്ങിവരുന്നത് കുറ്റവാളിയായിരിക്കും.
*
സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെപോകരുത്.
*
നമ്മുടെ കണ്ണുകൾ കഴുകുക എന്നതാണ് കലയുടെ ദൗത്യം.
*
പുതിയൊരാശയത്തിനു രൂപം കൊടുക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ കോപ്പിയടിക്കുകയാണെന്ന ഒരു തോന്നൽ നിങ്ങൾക്കുണ്ടാകുന്നെങ്കിൽ ആ ആശയത്തിന്റെ പിതൃത്വം നിങ്ങൾക്കു തന്നെയെന്നുറപ്പിക്കാം.
*
ഇതിഹാസത്തിനു മുന്നിൽ മുക്തകം പോലെയാണ് സ്ത്രീയുടെ വികാരത്തിനു മുന്നിൽ പുരുഷന്റെ വികാരം.
*
ഞാനും ജീവിതവും തമ്മിലുള്ള വൈരം രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒത്തുതീർപ്പിലെത്താതെ എതിരാളികൾ പിരിഞ്ഞു.
*
താൻ ഉദ്ദേശിക്കുന്നതിനെ വ്യക്തമാക്കാതിരിക്കുകയാണ് താൻ ഉദ്ദേശിക്കാത്തതിനെ വ്യക്തമാക്കുന്നതിലും ഭേദം.
*
പഴയതൊന്നു നഷ്ടപ്പെട്ടതിന്റെ ഖേദം തീർക്കാൻ പുതിയതൊന്നിനെ വാപൊളിച്ചു നോക്കിനിൽക്കുകയെന്നതാണ് ആദർശവാദത്തിന്റെ ഒരു ശൈലി.
*
ഷെല്ലുകൾ തൊടുത്തുവിടുന്നതല്ല ജർമ്മൻകാരുടെ കുഴപ്പം, അതിലവർ കാന്റിന്റെ സൂക്തങ്ങൾ എഴുതിവയ്ക്കുന്നതാണ്.
*
തങ്ങളൊന്നും കൊടുക്കാത്തതിന്റെ പേരിൽ ഭിക്ഷക്കാരനു മാപ്പു കൊടുക്കാത്ത ചിലരുണ്ട്.
*
സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം ദൈവശാസ്ത്രത്തിൽ പാപമാണ്, നീതിന്യായത്തിൽ വിലക്കപ്പെട്ട ബന്ധമാണ്, വൈദ്യശാസ്ത്രത്തിൽ യാന്ത്രികമായ കടന്നുകയറ്റമാണ്, തത്വശാസ്ത്രത്തിന് താൽപര്യമില്ലാത്ത വിഷയവുമാണ്.
*
എന്തു പീഡനമാണീ സമൂഹത്തിലെ ജീവിതം! ഒരുത്തൻ തീ തരാമെന്നു പറയുമ്പോൾ ഞാൻ ബീഡിയെടുക്കാതിരിക്കുന്നതെങ്ങനെ!
*
നിങ്ങൾക്കുതന്നെ നന്നായിട്ടറിയാവുന്ന കാര്യങ്ങളെക്കുറിച്ചേ അയൽക്കാരനോട് ഉപദേശം തേടാവൂ. അങ്ങനെയെങ്കിൽ അയാളുടെ ഉപദേശം കൊണ്ട് ഗുണമുണ്ടായെന്നു വരാം.
*
മേശക്കരികിൽ ഒറ്റയ്ക്കിരുന്നതു കൊണ്ട് നിങ്ങളുടെ ഏകാന്തത പൂർണ്ണമാകുന്നില്ല. ചുറ്റിനും ഒഴിഞ്ഞ കസേരകൾ കൂടി വേണം.
*
വാർത്തകൾ മനുഷ്യരായി എഴുന്നേറ്റു നിൽക്കുമ്പോൾ മനുഷ്യർ പത്രാധിപക്കുറിപ്പുകളായി വാടികീഴുകയാണ്. തേഞ്ഞ ശൈലികൾ രണ്ടുകാലിൽ ചുറ്റിനടക്കുമ്പോൾ മനുഷ്യരുടെ കാലുകളാവട്ടെ, വെടിയേറ്റു വീഴുകയുമാണ്.
*
വ്യാളികളെക്കുറിച്ചു പറയുന്ന അച്ഛന്മാരുടെ മുഖത്തു നോക്കി ചിരിക്കുകയാണ് കുട്ടികൾ. ഭയം ഒരു നിർബന്ധിതപഠനവിഷയമാക്കേണ്ടതാണ്; ഇല്ലെങ്കിൽ കുട്ടികൾ അതു പഠിക്കില്ല.
*
തങ്ങൾക്കും ബുദ്ധിയുണ്ടെന്ന് ബുദ്ധിയുള്ളവരെ കാണിക്കാൻ ബുദ്ധിശൂന്യർ എടുത്തുപയോഗിക്കുന്ന ഒരായുധമാണ് വിദ്യാഭ്യാസം.
*
സമഗ്രവിദ്യാഭ്യാസം എല്ലാം തികഞ്ഞൊരു മരുന്നുകട തന്നെ. പക്ഷേ തലവേദനയ്ക്കെടുത്തു തരുന്നത് പൊട്ടാസ്യം സയനൈഡല്ലെന്നതിന് ഉറപ്പൊന്നുമില്ല.
*
പത്രത്തിൽ വിവരിച്ചിരിക്കുന്നത്‌ഉ പോലെ കാണപ്പെടുന്ന ഒരു യാഥാർത്ഥ്യത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത് ഒരുതരം ആത്മീയോന്നമനം തന്നെ.
*
കലാപകാരി വാക്കിനെ എടുത്തുപയോഗിക്കുന്നു. കലാകാരൻ വാക്കിന്റെ പിടിയിൽപ്പെട്ടുപോകുന്നു.
*
ഒരാളെന്നെ അഹംഭാവിയെന്നും അൽപ്പനെന്നും വിളിച്ചാൽ അയാൾ എന്നെ വിശ്വാസത്തിലെടുക്കുകയാണെന്നും അയാൾക്കെന്തോ ഏറ്റുപറയാനുണ്ടെന്നുമാണ് ഞാൻ അർത്ഥമാക്കുക.
*
കിട്ടിയ ഉപകാരത്തിനു തുല്യമായ അളവിലാവില്ല, കാണിക്കുന്ന നന്ദികേടു പലപ്പോഴും.
*
ആത്മാവിൽ ഒരടയാളവും ഉണ്ടാകാൻ പോകുന്നില്ല. വെടിയുണ്ട മനുഷ്യരാശിയുടെ ഒരു കാതിലൂടെ കയറി മറുകാതിലൂടെ പുറത്തേക്കു പൊയ്ക്കൊള്ളും.
*
വികാരങ്ങളെ അടക്കിനിർത്തുക, യുക്തിയെ അഴിച്ചുവിടുകയുമരുത്.
*
പുരുഷന്റെ അസൂയ ഒരു സാമൂഹ്യസ്ഥാപനമാണ്, സ്ത്രീയുടെ വ്യഭിചാരം സഹജവാസനയും.
*
താൻ വനമാക്കുന്ന ഒരു മരത്തിന്റെ തണലിലിരുന്നുല്ലസ്സിക്കാൻ ഭാവനയ്ക്കവകാശമുണ്ട്.
*
വിശ്വസ്തയായ ഭാര്യയെ എങ്ങനെ വിശ്വസിക്കാൻ! ഇന്നവൾ നിങ്ങളോടാണു വിശ്വസ്തയെങ്കിൽ നാളെ മറ്റൊരാളോടാണു വിശ്വസ്ത.
*
എന്തു നീതികേടാണു നിങ്ങളീ കാണിക്കുന്നത്? നിങ്ങൾ പറയുന്നതൊക്കെയും അയാൾ അംഗീകരിക്കുന്നുണ്ടല്ലോ. അയാളൊരു കഴുതയാണെന്ന നിങ്ങളുടെ അഭിപ്രായത്തോടു മാത്രമേ അയാൾ യോജിക്കാതുള്ളു!
*
രാഷ്ട്രങ്ങൾ അടിയറവു പറയുന്ന ചതുരംഗംകളിയാണ് നയതന്ത്രം.
*
കാൻസർ പിടിച്ച ഒരു മനുഷ്യന്റെ ആണിക്കാലിനു ചികിത്സിക്കാനുള്ള തത്രപ്പാടാണ് സാമുഹ്യപരിഷ്കാരം.
*
തങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിലേക്കായി അവർ വിധിക്കുന്നു.
*
രണ്ടുപേർ വിവാഹിതരാവുകയല്ല, വിഭാര്യനും വിധവയുമാവുകയാണ്.
*
മുടിയ്ക്കു വേണ്ടിയാണു തലയുണ്ടായതെന്നതിനു മതിയായ തെളിവാണ് ബാർബർഷാപ്പിലെ സംസാരം.
*
അധ്യാപകർക്കു ദഹിക്കുന്നതാണ് കുട്ടികൾ കഴിക്കുന്നത്.
*
ഇക്കാലത്ത് കള്ളനെയും അവന്റെ ഇരയെയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. രണ്ടു കൂട്ടരുടെ കൈയിലുമില്ല വിലപിടിപ്പുള്ളതൊന്നും.
*
Saturday, January 23, 2010
കാൾ ക്രാസ്-തുറന്നെഴുത്തുകൾ-IV
Subscribe to:
Post Comments (Atom)
1 comment:
ഞാൻ സ്ഥിരം വായിക്കാറുണ്ട് പരിഭാഷ.
പലപ്പോഴും കമന്റിടാറില്ല്ല.
നല്ലതുകണ്ടാലും മലയാളിയൊന്നും മിണ്ടാറില്ലാല്ലോ.
Post a Comment