Tuesday, June 30, 2009

ഇന്നത്തെ ഈസോപ്പ്


5. സിംഹവും കുറുക്കനും



കുറുക്കൻ സിംഹത്തിന്റെ സേവകനായിരിക്കാൻ സമ്മതിച്ചു; അവനവന്റെ പ്രകൃതിക്കും കഴിവിനുമനുസരിച്ച്‌ ഇരുവരും തങ്ങളുടെ ജോലി ചെയ്തുപോന്നു. കുറുക്കൻ ഇരയെ കാട്ടിക്കൊടുക്കും, സിംഹം അതിനെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു. പക്ഷേ നായാടി ക്കിട്ടുന്നതിന്റെ മുന്തിയപങ്കും സിംഹം കൊണ്ടുപോകുന്നതിന്റെ പേരിൽ കുറുക്കൻ്‌ സിംഹ ത്തിനോട്‌ അസൂയ തോന്നിത്തുടങ്ങാൻ അധികനാൾ വേണ്ടിവന്നില്ല. തന്റെ യജമാനന്റെ കഴിവുകൾ തനിക്കുമുണ്ടെന്ന വിചാരത്തോടെ അവൻ ഒരു നാൾ പ്രഖ്യാപിച്ചു, താൻ ഇനി മേലിൽ ഇരയെ കണ്ടുപിടിക്കുക മാത്രമല്ല, താൻ തന്നെ അതിനെ വേട്ടയാടുമെന്നും. അടു ത്ത ദിവസം അവൻ ആട്ടിൻപറ്റത്തിനിടയിൽ നിന്ന്‌ ഒരു കുഞ്ഞാടിനെ തട്ടിയെടുക്കാൻ നോക്കുമ്പോൾ വേട്ടക്കാരനും നായ്ക്കളും പ്രത്യക്ഷപ്പെട്ട്‌ അവന്റെ കഥ കഴിച്ചു.

ജീവിതത്തിൽ നിങ്ങൾക്കു പറഞ്ഞിട്ടുള്ള സ്ഥാനം കാക്കുക; അതു നിങ്ങളെയും കാക്കും.


6. പാമ്പിന്റെ പക

ഒരു കൃഷിക്കാരന്റെ മകൻ അറിയാതെ പാമ്പിനെ ചവിട്ടി; പാമ്പു തിരിഞ്ഞുകൊത്തി കുട്ടി മരിച്ചുപോവുകയും ചെയ്തു. ആ ദേഷ്യത്തിൻ്‌ കൃഷിക്കാരൻ മഴുവുമെടുത്ത്‌ പാമ്പിനെ വെട്ടിക്കൊല്ലാൻ ചെന്നു; വാലു പോയെങ്കിലും പാമ്പു രക്ഷപെട്ടു. പക്ഷെ പക ഉള്ളിൽ സൂക്ഷിച്ച പാമ്പ്‌ കൃഷിക്കാരന്റെ കാലികളെ കൊത്തിക്കൊല്ലാൻ തുടങ്ങി. ഇങ്ങനെ പോയാൽ ശരിയാവില്ലല്ലോ എന്നാലോചിച്ച കൃഷിക്കാരൻ ഒടുവിൽ പാമ്പുമായി രാജിയാ വുകതന്നെ എന്നുവച്ചു. അയാൾ കുറേ മുട്ടയും തേനുമൊക്കെയായി പാമ്പിന്റെ മാളത്തിനു മുന്നിൽ ചെന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: 'കഴിഞ്ഞതൊക്കെ കഴിഞ്ഞു. എന്റെ മകനെ കടിച്ചത്‌ നിന്റെ കണ്ണിൽ ശരിയായിരിക്കാം; പക്ഷേ അവനു വേണ്ടി പ്രതികാരം ചെയ്യാൻ ശ്രമിച്ചതിൻ്‌ എന്നെ കുറ്റം പറയാനും പറ്റില്ല. എന്തായാലും രണ്ടു പേരും കണക്കു തീർത്ത്‌ സ്ഥിതിക്ക്‌ നമുക്കു വീണ്ടും ചങ്ങാതിമാരായിക്കൂടേ?' 'വേണ്ട, വേണ്ട,' പാമ്പ്‌ മാളത്തിനുള്ളി ലിരുന്നുകൊണ്ട്‌ വിളിച്ചുപറഞ്ഞു; 'കൊണ്ടുവന്നതൊക്കെ അങ്ങനെതന്നെ കൊണ്ടുപോയാട്ടെ. നിങ്ങളുടെ മകൻ പോയത്‌ നിങ്ങൾ ഒരുകാലത്തും മറക്കാൻ പോകുന്നില്ല. അതുപോലെ എന്റെ വാലു പോയത്‌ ഞാനും മറക്കില്ല.'

മുറിവുകൾ മാപ്പാക്കാം, മറക്കാനാവില്ല.

Monday, June 29, 2009

എറ്റ്‌സുജിൻ (1656-1739)



1

വിഷുനാൾ മേഘങ്ങൾ
ഗിരിവിഹാരത്തിൻ പടിയ്ക്കൽ
ചുറ്റിപ്പറ്റിനിൽക്കുന്നു.

2

ആണ്ടൊന്നു കടന്നുപോകുമ്പോൾ
അച്ഛനമ്മമാരിൽ നിന്നും
ഞാനെന്റെ നരയൊളിപ്പിക്കുന്നു.

3

പൂക്കളാലാകെ മൂടി
നമ്മുടെയിക്കിനാവിൽ
ഇക്ഷണം മരിക്കട്ടെ ഞാൻ.

4

ശരൽക്കാലസന്ധ്യയ്ക്ക്‌
അവൾ വന്നു ചോദിക്കുന്നു-
വിളക്കു ഞാൻ കൊളുത്തട്ടെ?

ഇന്നത്തെ ഈസോപ്പ്


2. അറബിയും ഒട്ടകവും



ഒട്ടകത്തിനു മേൽ ചുമടൊക്കെ കയറ്റിക്കഴിഞ്ഞ്‌ അറബി അതിനോടു ചോദിച്ചു, കുന്നു കയ റിപോകണോ അതോ കുന്നിറങ്ങിപ്പോകണോയെന്ന്‌. 'അല്ലാ, യജമാനനേ,' ഒട്ടകം ചോദിച്ചു, 'അടിവാരത്തിലൂടുള്ള വഴി ആരെങ്കിലും മുടക്കിയോ?'




3. യാത്രക്കാരും മഴുവും


രണ്ടു പേർ കൂട്ടുകൂടി യാത്ര പോകുമ്പോൾ ഒരാൾക്ക്‌ വഴിയിൽക്കിടന്ന്‌ ഒരു മഴു കിട്ടി; അയാൾ വിളിച്ചുപറഞ്ഞു, 'എനിക്കെന്താ കിട്ടിയതെന്നു കണ്ടോ?' 'എനിക്കെന്നു പറയരുത്‌,' മറ്റേയാൾ തിരുത്തി. 'നമുക്കെന്തു കിട്ടിയെന്നു പറയൂ.' അവരങ്ങനെ കുറേദൂരം ചെന്നപ്പോൾ മഴുവിന്റെ ഉടമസ്ഥൻ എതിരേ വരുന്നു. മഴു കട്ടതാണെന്നും പറഞ്ഞ്‌ അയാൾ ബഹളമായി. 'നമ്മുടെ കാര്യം പോക്കായി,' മഴു കിട്ടിയ ആൾ കൂട്ടുകാരനോടു പറഞ്ഞു. 'നമ്മുടെ എന്നു പറയാതെ,' കൂട്ടുകാരൻ വീണ്ടും തിരുത്തി. 'എന്റെ കാര്യം പോക്കായി എന്നു വേണം ഇനി പറയാൻ. തനിക്കു കിട്ടിയ ഭാഗ്യം മറ്റൊരാളുമായി പങ്കു വയ്ക്കാൻ മടിക്കുന്നൊരാൾക്കു ഭാഗ്യക്കേടു വന്നാൽ അതു പങ്കുവയ്ക്കാനും ആരുമുണ്ടാവില്ല.'






4. വൈദ്യനും രോഗിയും



ഏറെക്കാലം ഒരു വൈദ്യരുടെ ചികിത്സയിലായിരുന്ന ഒരു രോഗി മരിച്ചുപോയി. പരേതന്റെ സംസ്കാരവേളയിൽ വന്നവരോടും ബന്ധുക്കളോടൂമായി വൈദ്യര്‍ പറഞ്ഞുനടക്കുകയാണ് 'ആ പാവം കള്ളുകുടിക്കാതെ ദേഹം നോക്കിനടന്നിരുന്നെങ്കിൽ ഈ ഗതി വരു മായിരുന്നോ.' 'എന്റെ വൈദ്യരേ,' മരിച്ചയാളിന്റെ ഒരു ബന്ധു പറഞ്ഞു, 'ഇനി അതൊക്കെ പറഞ്ഞിട്ടെന്താ ഫലം? ഈ കുറിപ്പടിയൊക്കെ രോഗി ജീവിച്ചിരുന്നപ്പോൾ വേണ്ടതായിരുന്നു.'


Sunday, June 28, 2009

ഓഷിമ റിയോട്ട (1718-1787)



1

ആരുമൊന്നും മിണ്ടിയില്ല-
വീട്ടുകാരനും വിരുന്നുകാരനും
വെള്ളക്രിസാന്തമപ്പൂവും.

2

മഞ്ഞുപെയ്യുന്ന രാത്രിയിൽ
വിളക്കിൻനാളം നോക്കിയിരിക്കെ
അതിൽ കാറ്റിൻ പെരുമാറ്റം.

3

പിന്നാലെ ചെന്നപ്പോൾ
ചന്ദ്രനിൽപ്പോയൊളിക്കുന്നു
മിന്നാമിനുങ്ങ്‌.

4

തെളിഞ്ഞ ചന്ദ്രനു മുന്നിൽ
കുന്നിൻമുകളിലൊരു പൈൻമരം-
അതാണെന്റെ വരുംജന്മം.

ഇന്നത്തെ ഇസോപ്പ്‌ - 1




1. കുറുക്കനും മുന്തിരിയും



കുറുക്കൻ വിശന്നുവലഞ്ഞ്‌ ഒരു മുന്തിരിത്തോപ്പിൽ ചെന്നുകയറി; ഉയരത്തിലുള്ള വള്ളി പ്പന്തലിൽവിളഞ്ഞുതുടുത്ത മുന്തിരിപ്പഴങ്ങൾ കുലകുത്തിക്കിടക്കുന്നത്‌ കണ്ടപ്പോൾ കിട്ടിപ്പോയീമുന്തിരിച്ചാറെന്നോർത്ത്‌ കുറുക്കൻ ഒറ്റച്ചാട്ടം; പക്ഷേ. എത്രയൊക്കെ ചാടിയിട്ടും അവന്റെകൈയെത്താത്ത ദൂരത്ത്‌ തൂങ്ങിക്കിടന്നതേയുള്ളു മുന്തിരിക്കുലകൾ. ഒടുവിൽ നാണം കെട്ടുതോറ്റുമടങ്ങുമ്പോൾ അവൻ ആരോടെന്നില്ലാതെ പിറുപിറുത്തൂ, ', അല്ലെങ്കിൽ ഇതൊക്കെആർക്കുവേണം? മുന്തിരിങ്ങ പുളിക്കും!'

തനിക്കു കിട്ടാത്തതിനെ തള്ളിപ്പറയാൻ വളരെ എളുപ്പമാണ്‌.



Saturday, June 27, 2009

ഉയേഷിമാ ഒനിത്‌സുറാ (1660-1738)


ഇടാമിപട്ടണത്തിലെ ഒരു മദ്യവ്യാപാരിയുടെ മൂന്നാമത്തെ മകനായി ജനിച്ചു. എട്ടാമത്തെ വയസ്സിലേ ഹൈകു എഴുതി പേരെടുത്തു.എഴുപത്തിമൂന്നാമത്തെ വയസ്സിൽ സംന്യാസം സ്വീകരിച്ചു.

1

പൊന്തിച്ചാടിയ കണ്ണൻമീൻ
തനിക്കു താഴെക്കണ്ടല്ലോ
ഒഴുകുന്നു ചില മേഘങ്ങൾ!

2

ചെറിപ്പൂക്കൾ കാണാനിറങ്ങിയവർ
പട്ടുടുത്ത അസ്ഥികൂടങ്ങൾ.

3

മനുഷ്യരെക്കണ്ടൊളിച്ചും
മനുഷ്യരെക്കണ്ടടുത്തുചെന്നും
ലോകം പരിചയിക്കുന്നു
കുരുവിക്കുഞ്ഞുങ്ങൾ.

4

ഉൾക്കാതു വഴങ്ങുമ്പോൾ
കേൾക്കൂ,
പൂവിൻ മൂകഭാഷണം.

5

പാട്ടു നിർത്തിയ വാനമ്പാടി
നിറംകെട്ട
വെറുംകിളി.

6

ചെറിമരങ്ങൾ പൂക്കുമ്പോൾ
കിളികൾക്കു രണ്ടുകാലുകൾ
കുതിരകൾക്കു നാലും.

7

പൂക്കാത്ത മരത്തെ നോക്കുന്നൊരാൾ-
സാമാന്യക്കാരനല്ലയാൾ!

(തന്നെ ഹൈകു പഠിപ്പിക്കണമെന്ന് ഒരാൾ കവിയോടപേക്ഷിച്ചപ്പോൾ)

8

കിനാവുകളലയുന്ന
കരിഞ്ഞ പാടത്ത്‌
കാറ്റിന്റെ മന്ത്രണം.


(ബഷോയുടെ പന്ത്രണ്ടാം ചരമവാർഷികത്തിലെഴുതിയത്‌)

9

ഈ ശരൽക്കാലരാത്രിയിൽ
ചന്ദ്രനെക്കാണാനിരിക്കുമ്പോൾ
എന്റെ മടിയിൽ കുഞ്ഞില്ല.

(ആറുവയസ്സായ മകൻ മരിച്ചപ്പോൾ)

10

കുളിർകാറ്റു വീശുമ്പോൾ
പൈൻമരത്തിൻ മന്ത്രങ്ങൾ
മാനമാകെ.

11

കുളിത്തൊട്ടിയിലെ വെള്ളം
എവിടൊഴിക്കും?-
ചീവീടു പാടുന്നെങ്ങും.

12

അരുവിയൊഴുമ്പോൾ
ചെറിമരങ്ങൾക്കു ചോടെ
കല്ലുകൾ പാടുന്നു.

13

പുർണ്ണചന്ദ്രനെക്കാൺകെ
ഓർത്തുപോകുന്നു ഞാൻ-
പേനയെടുക്കാത്തൊരാൾ
ഈ രാത്രിയിലാരു കാണും?

16

എനിക്കെന്റെ സ്വപ്നം മതി-
നീ വിളിച്ചുകാണിച്ച ചന്ദ്രനതാ
മഞ്ഞുമൂടി മറഞ്ഞു കാക്കേ.


(മരണത്തിനു മുമ്പെഴുതിയത്‌)

Friday, June 26, 2009

നൊസാവാ ബോഞ്ചോ (1640-1714)



കനാസാവായിൽ ജനിച്ചു. വൈദ്യരായി ക്യോട്ടോവിൽ ജീവിതം. ബഷോയുടെ ശിഷ്യനായിരുന്നു.

1

എരിക്കാനുള്ള
ചുള്ളിക്കെട്ടിലതാ,
മുളപൊട്ടുന്നു.

2

ഊർക്കുരികിൽ കരയുമ്പോൾ
പൈൻമരക്കാവിനുള്ളിൽ
വെളിച്ചമരിച്ചിറങ്ങുന്നു.

3

മുകളിൽ മേഘങ്ങൾ
താഴെ മേഘങ്ങൾ-
ശരൽക്കാലവാനം.

4

മഞ്ഞു വീണ തുറസ്സിൽ
പുഴയൊരൊറ്റവര.

5

കാറ്റിനും മേഘങ്ങൾക്കും
രാത്രിയിൽ കൂട്ടൊരാൾ-
ചന്ദ്രനൊരാൾ.

6

പ്രണയം-
അതിനെത്ര വഴികൾ.

7

ഒളിഞ്ഞുനോക്കുന്ന
പണിക്കാരികൾ
മറ തട്ടിയിടുന്നു.

8

കാറ്റനക്കമില്ലാത്ത
നേരത്തു നോക്കൂ,
ഇലകൾ താനേ വീഴുന്നു!

9

ഇളവെയിൽ കൊള്ളുമ്പോൾ
കൊയ്ത്തുകറ്റ മണക്കുന്നു-
എന്തു കുളിരാണതിന്‌!

10

പരുന്തിൻകൂട്ടിൽ
കർപ്പൂരത്തിൻ ചുള്ളികളിൽ
സൂര്യനസ്തമിക്കുന്നു.

11

എന്തോ വീണ പോലെ-
തന്നത്താൻ വീണതാണു
നോക്കുകുത്തി

Thursday, June 25, 2009

കികാകു (1661-1707)


1

അവിടെയുമിവിടെയും
തവളകൾ കരയുന്നു
നക്ഷത്രങ്ങൾ തിളങ്ങുന്നു.

2

വേനൽമഴ ചാറുമ്പോൾ
ഒറ്റയ്ക്കൊരു സ്ത്രീ-
പുറത്തേക്കു നോക്കി.

3

അന്തിവെളിച്ചത്തിൽ
പട്ടണത്തെരുവിലൂടെ
ഒരു പൂമ്പാറ്റയലയുന്നു.

4

പണക്കാരനാണു താനെന്നോ?
എങ്കിൽ
ശരൽക്കാലത്തെ മറന്നേക്കൂ!

5

പടക്കുതിര പായുമ്പോൾ
ഇരുപതിനായിരം കവിതകൾ
കാറ്റിൽപ്പറന്ന ഈച്ചകൾ പോലെ.

6

കടലിനു മേലൊരു മഴവില്ല്
അതിനെ മായ്ക്കുന്നു
മീവൽക്കൂട്ടം.

7

അന്തഃപുരത്തിൽ
കൊതുകു കരിഞ്ഞ മണം
രതിയുടെ മന്ത്രണം.

8

ഒരു ചേമ്പിലയിൽ
ഒരു വെള്ളത്തുള്ളിയുടെ
ആകെജന്മം.

9

ഒരു ഭിക്ഷക്കാരനതാ-
അയാൾക്കുടുക്കാൻ
ആകാശവും ഭൂമിയും.

10

അല്ലേ ബുദ്ധാ,
ഈ മഞ്ഞുപൂക്കളെക്കൊണ്ട്‌
നിന്റെ മടിത്തട്ടു നിറയുന്നുവോ?

11

കൊതുകുകളാണു തൂണുകൾ
അതിനു മേൽ
കിനാവുകളുടെ തൂക്കുപാലം.

Wednesday, June 24, 2009

ഷികി(1867-1902)


ആധുനികകാലത്ത്‌ ഹൈകുവിനെ പുനർനിർവ്വചിച്ച കവിയാണ്‌ മത്‌സുവോകാ ഷികി. രോഗപീഡിതമായ തന്റെ ഹ്രസ്വജീവിതത്തിനിടയിൽ നിരന്തരമായ വിമർശനങ്ങലൂടെയും ഹൈക്കുരചനയിലൂടെയും ഹൈക്കുവിനെ അതിന്റെ സാങ്കേതികകാർശ്യത്തിൽ നിന്നു മോചിപ്പിക്കാനും ആധുനികജീവിതത്തിന്റെ സങ്ക്‌Iർണ്ണതകളെ ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു മാധ്യമമാക്കി മാറ്റാനുംഅദ്ദേഹത്തിനു കഴിഞ്ഞു.

1867 സെപ്തംബർ 17 ന്‌ മത്‌സുമായിൽ ജനിച്ചു. സമുരായിയായിരുന്ന അച്ഛൻ ഹയാതാ ഷികിക്ക്‌ അഞ്ചുവയസ്സുള്ളപ്പോൾ മരിച്ചു. അമ്മ യേ അധ്യാപികയായിരുന്നു. സ്കൂളിൽ വച്ചേ ഷികി എഴുത്തു തുടങ്ങിയിരിക്കുന്നു. 1883 ൽ മത്‌സുമായിൽ നിന്ന് ടോക്യോവിലേക്ക്‌ താമസം മാറ്റുകയും ഇമ്പീരിയൽ യൂണിവേഴ്സിറ്റിയിൽ ക്ലാസിക്‌ ജാപ്പനീസ്‌ സാഹിത്യം പഠിക്കാൻ തുടങ്ങുകയും ചെയ്തു. 1892 ൽഅനാരോഗ്യം കാരണം പഠനം മുടങ്ങി. 1894-95 ൽ ചൈനീസ്‌-ജാപ്പനീസ്‌ യുദ്ധം റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ ക്ഷയരോഗബാധിതനായതിനെത്തുടർന്ന് പിന്നീടുള്ള കാലം തന്റെകവിതാപരീക്ഷണങ്ങളുമായി വീട്ടിൽത്തന്നെകഴിഞ്ഞു. അവസാനകാലം ത്‌Iർത്തും ശയ്യാവലംബിയായെങ്കിലും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോടും ശിഷ്യന്മാരോടുമൊപ്പം ഹൈക്കുവിനെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു അദ്ദേഹത്തിനുത്സാഹം. 1902 സെപ്തംബർ 9 ന്‌  മുപ്പത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.


1

അന്ധനൊരാൾ
ബധിരനൊരാൾ
മൂകനൊരാൾ-
ശരൽക്കാലസന്ധ്യയും.

2

തന്നെപ്പണിഞ്ഞവന്റെ
മുതുകിലേറി
പാലം കടക്കുന്നു
നോക്കുകുത്തി.

3

ബധിരനാണയാൾ
മൂകനാണയാൾ
അമ്പലമണി നോക്കി
നിൽക്കയാണയാൾ.

4

ക്രിസാന്തമങ്ങൾക്കൊരു നൂറുനിറം
വാടിവീഴും വേളയി-
ലൊരേനിറം.

5

അമ്പലമണിയിൽ
പറ്റിയിരുന്നു
തിളങ്ങുകയാണൊരു
മിന്നാമിന്നി.

6

ഇലയുടെ സൂചിമുനത്തുമ്പിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

7

മുളംകാടിനപ്പുറം
മഴ പൊഴിയും വേളയിൽ
പാറിനടക്കുന്നു
മിന്നാമിനുങ്ങുകൾ.

8

ബുദ്ധപ്രതിമയുടെ കൃഷ്ണമണി
അതിൽ തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

9

തരിശ്ശുപാടത്തൂടെ
നെട്ടനെയൊരു ഭിക്ഷു-
അയാൾക്കു പിന്നിൽ
സൂര്യാസ്തമയം.

10

അന്തിവെയിലിൽ
നെൽപ്പാടത്തിനു മേൽ
താഴ്‌ന്നുപറക്കുന്നു
വെട്ടുക്കിളികൾ.

11

മേഘങ്ങളില്ലാത്ത
ത്‌സുക്കൂബാമാനത്ത്‌
ചുവന്ന തുമ്പികൾ.

12

പച്ചപ്പുല്ലിൽ
നഗ്നപാദനായി
ഒരു ശിശു.

13

തെളിഞ്ഞ പുഴവെള്ളത്തിൽ
വെള്ളാരംകല്ലുക-
ളിളകുന്നു.

14

മഞ്ഞുകാലത്തു തർക്കാരിപ്പാടത്ത്‌
നഗരത്തിന്നകലവെളിച്ചങ്ങളുടെ
വിസർജ്ജനം.

15

മരം മുറിച്ചുപോയപ്പോൾ
എന്റെ ജനാലയ്ക്കൽ
നേരത്തേയൊരു സൂര്യോദയം.

16

പൂർണ്ണചന്ദ്രനുദിച്ചുവരുമ്പോൾ
ഈറക്കാടു വിറകൊള്ളുന്നു.

17

ചെറിപ്പൂക്കൾ കൊഴിയുന്നു
അതിനിടെ
കിളിച്ചിറകുകൾ.

18

ബുദ്ധനു പുറംതിരിഞ്ഞ്‌
കുളിരുന്ന ചന്ദ്രനെ
നോക്കിയിരിക്കുന്നു ഞാൻ.

19

കൊയ്ത്തുനാൾ-
പുകയുന്നില്ല
ചുടുകാടിന്ന്.

20

കിടക്കയിൽ കിടക്കുമ്പോൾ
ഒരു മഞ്ഞുതുള്ളി
എന്നെ തൊട്ടപോലെ.

21

കാറ്റൂതുന്ന രാത്രിയിൽ
കത്തു വായിച്ചുനിൽക്കവെ
മനസ്സിനൊരു ചാഞ്ചല്യം.

22

ശരൽക്കാലം കനക്കുമ്പോൾ
ദൈവങ്ങളില്ലെനിക്ക്‌
ബുദ്ധന്മാരില്ലെനിക്ക്‌.

23

ഞാൻ പോകുന്നു
നിങ്ങൾ ശേഷിക്കുന്നു-
രണ്ടുതരം ശരൽക്കാലങ്ങൾ
നമ്മുടേത്‌.

24

ശരൽക്കാലത്തിന്റെ
നിറപ്പകർച്ചകൾക്കിടയിൽ
അകലവെളിച്ചങ്ങൾ.

25

പാടലപ്പൂക്കൾക്കിടയിൽ
ഒരു വെള്ളപ്പൂമ്പാറ്റ-
ആരുടെയാത്മാവാണത്‌?

26

കടന്നുപോയോനെ
തിരിഞ്ഞുനോക്കി ഞാൻ-
മൂടൽമഞ്ഞിൽ
മറഞ്ഞുപോയയാൾ.

27

ഒരു ശവമാടം
പൈൻമരമരികിൽ
കൂടെ കുയിലും.

28

മഴത്തുള്ളികളും മഞ്ഞുതുള്ളികളും
ഉരുണ്ടിറങ്ങിക്കണ്ടുമുട്ടി
താമരപ്പൂവിനുള്ളിൽ.

29

എങ്ങനെയുറങ്ങും തുമ്പി?
കണ്ണുകളത്രയേറെ!

30

അതിരുകളില്ലാത്ത മാനത്ത്‌
ഒരു കുയിൽ.

31

വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
ചാഞ്ഞുനിൽക്കുന്നു നോക്കുകുത്തി.

32

മലകേറിപ്പോകുന്നു
ചൂട്ടുവെട്ടം
മേപ്പിളിലകൾക്കിടയിലൂടെ.

*

Monday, June 22, 2009

യോസാ ബൂസാൺ(1716-1783)



ബഷോയ്ക്കു ശേഷം വന്ന പ്രമുഖനായ ഹൈകുകവിയാണ്‌ യോസാ ബൂസാൺ. അദ്ദേഹം കവി മാത്രമല്ല, പേരെടുത്ത ചിത്രകാരൻ കൂടിയായിരുന്നു 1716-ൽ സെത്‌സുപ്രവിശ്യയിലെ കെമാഗ്രാമത്തിലാണ്‌ ജനനം.ബൂസോണിന്ന്‌ എട്ടുവയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വേർപിരിഞ്ഞു. ഇരുപതാമത്തെ വയസ്സിൽ കവിതയും ചിത്രകലയും പഠിക്കാനായി ഇഡോവിലെത്തി. ചൈനീസ്‌ ക്ലാസ്സിക്കുകളും കലയും പഠനവിഷയമാക്കുന്നതും ഇക്കാലത്തു തന്നെ. ഇരുപത്താറാമത്തെ വയസ്സിൽ ബൂസോൺ തന്റെ നാടു കാണാനിറങ്ങി. മുൻഗാമിയായ ബഷോയുടെ വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ എന്ന കൃതിയിലെ അതേ സഞ്ചാരപഥത്തിലൂടെ തല മുണ്ഡനം ചെയ്ത്‌ ഒരു ഭിക്ഷുവിനെപ്പോലെയായിരുന്നു ആ യാത്ര. ഭിക്ഷുവെങ്കിലും സാകിയും ഗൈഷയും അദ്ദേഹത്തിന്റെ ദൗർബല്യങ്ങളായിരുന്നു. മുപ്പത്താറാമത്തെ വയസ്സിൽ ബൂസോൺ ക്യോട്ടോവിൽ സ്ഥിരതാമസമാക്കി. ചിത്രകാരനെന്ന നിലയിൽ അദ്ദേഹം പേരുനേടുന്നത്‌ ഇക്കാലത്താണ്‌.
വിവാഹം കഴിക്കുന്നത്‌ നാൽപ്പത്തേഴാമത്തെ വയസ്സിലാണ്‌. അതിനു ശേഷവും പക്ഷേ, സാകി,ഗൈഷ അഭിനിവേശം വിട്ടുപോയില്ല. അദ്ദേഹത്തിന്റെ ഹൈകുകാലമെന്നു പറയാവുന്നത്‌ അമ്പത്തഞ്ചു വയസ്സു മുതലാണ്‌. 1783-ൽ അറുപത്തേഴാമത്തെ വയസ്സിൽ ഒരു നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു. മരണസമയത്തെഴുതിയ ഹൈകുവാണിത്‌:

വെളുത്ത പൂക്കളിൽ
നാളത്തെ പകലായി

രാവു മാറുന്നു.


ബഷോവിന്റെ ഹൈകുവിൽ നിന്നു വ്യത്യസ്തമായി ബൂസോണിന്റെ കവിതകളിൽ പ്രകടമായ തത്വചിന്തയല്ല കാണുക. ഒരു ചിത്രകാരന്റെ നോട്ടങ്ങളാണതിൽ. ഹൈകുവിന്റെ രഹസ്യമെന്താണെന്ന് ഒരു ശിഷ്യൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിതാണ്‌: സധാരണത്വത്തെ സാധാരണത്വം കൊണ്ട്‌ അതിവർത്തിക്കുക.


1

വാത്തുകളുടെ ചിത്രലേഖ
മാനത്ത്‌-
അതിൽ മുദ്ര വയ്ക്കുന്നു
ചന്ദ്രൻ.

2

മിന്നിമിന്നിക്കത്തുന്ന പകൽ-
ഒരു പേരറിയാപ്രാണിയുടെ
വെള്ളിച്ചിറകുകൾ.

3

ആകാശത്തൊരു പട്ടം പറക്കുന്നു-
ഇന്നലെ പറന്ന
അതേ സ്ഥാനത്ത്‌.

4

അഞ്ചാറുപേർ വട്ടത്തിൽ നൃത്തം വയ്ക്കുന്നു-
അവർക്കുമേലിറുന്നുവീഴാനെന്നപോലെ
ചന്ദ്രൻ.

5

മാനത്തിന്നുന്നതിയിൽ
ചേരി കടന്നുപോകുന്നു
തെളിഞ്ഞ ചന്ദ്രൻ.

6

കടൽക്കരയിൽ ഒരു കുഞ്ഞുചിപ്പി-
അതിനെ നനയ്ക്കാനില്ല
വസന്തത്തിലെ മഴച്ചാറൽ.

7

ഇക്കിഴവന്റെ പ്രണയചാപല്യം-
അതു മറക്കാൻ നോക്കുമ്പോൾ
നശിച്ചൊരു മഴയും!

8

കടുകുപാടം-
കിഴക്കു ചന്ദ്രൻ
എതിരെ സൂര്യൻ.

9

മണി വിട്ടുപോകുന്ന
മണിയൊച്ച-
എന്തു കുളിരാണതിന്‌!

10

മങ്ങിയ നിലാവത്ത്‌
അകലെനിന്നൊരു
പൂവിൻമണം.

11

ക്രിസാന്തമത്തിന്റെ മുന്നിൽ
കത്രികയൊ-
ന്നറച്ചു.

12

ശകടം കടന്നുപോയപ്പോൾ
പൂക്കളൊന്നു
വിറപൂണ്ടു.

13

അന്തിമഴ പൊട്ടിവീണപ്പോൾ
വിറകൊണ്ട പൊന്തയ്ക്കുള്ളിൽ
കുരുവിക്കൂട്ടം കൂനിക്കൂടി.

14

കാട്ടിൻനടുവിൽ കേട്ടത്‌-
മരംവെട്ടി മരം വെട്ടുന്നു
മരംകൊത്തി മരം കൊത്തുന്നു.

15

ചെരുപ്പൂരി കൈയിൽപ്പിടിച്ച്‌
വേനൽപ്പുഴ കടക്കുമ്പോൾ
എന്തു സുഖം!

16

ഒരു മഴത്തുള്ളി തട്ടി
ഒരൊച്ചുരുണ്ടുകൂടി.

17

അതാ ഒരൊച്ച്‌-
ഒരു കൊമ്പു വലുത്‌
ഒരു കൊമ്പു ചെറുത്‌-
എന്താണതിന്റെ മനസ്സിൽ!

18

ഓരോ മുള്ളിൽ
ഓരോ തുള്ളി-
മഞ്ഞുതുള്ളി.

19

വേനൽമഴ പെയ്തപ്പോൾ
നടവഴി
അതിൽ മുങ്ങി.

20

ഈ തെക്കൻനാട്ടുപാതകളിൽ
കോവിലിൽ, കുടിലിൽ
മീവൽപ്പക്ഷികളാണെങ്ങും.

21

ഒരു വഴിയോരക്കോവിലിൽ
ഒരു ശിലാബുദ്ധനു മുന്നിൽ
ഒരു മിന്നാമിനുങ്ങെരിയുന്നു.

22

അമ്പലമണിയിൽ
പറ്റിയിരുന്നു
മയങ്ങുകയാണൊരു
പൂമ്പാറ്റ.

23

ശരൽക്കാലസന്ധ്യയ്‌-
ക്കൊറ്റയ്ക്ക്‌-
അതുമൊരു സുഖം!

24

പൂത്ത മരത്തിൻ ചോട്ടിൽ
ചന്ദ്രന്റെ വെളിച്ചത്തിൽ
ഒരുവൾ കത്തു വായിക്കുന്നു.

25

മലയിൽ വഴികാട്ടാൻ വന്നവൻ
ചെറിപ്പൂക്കളെ കാണുന്നതേയില്ല.

26

മേഘങ്ങൾ കുടിച്ചിറക്കി
ചെറിപ്പൂക്കൾ തുപ്പുന്നു
യോഷിനോമല.

27

ചെറിപ്പൂക്കൾ കൊഴിഞ്ഞപ്പോൾ
ചില്ലകൾക്കും ചുള്ളികൾക്കുമിടയിൽ
അതാ, ഒരമ്പലം.

28

ശരൽക്കാലസന്ധ്യയ്ക്ക്‌
ഒറ്റയ്ക്കിറങ്ങിപ്പോകുന്നു ഞാൻ
ഒറ്റയാനൊരാളെക്കാണാൻ.

29

പുഴക്കരെ ഒരു പൂമരം-
പുഴയിൽ വീണ നിഴൽപ്പൂവുകൾ
ഒഴുക്കിൽപ്പെട്ടുപോകുമോ?

30

വലയിൽ കുരുങ്ങാതെ
വലയിൽ പെടാതെ-
പുഴയിൽ വീണ ചന്ദ്രൻ.

31

പുകഞ്ഞ ചന്ദ്രന്റെ ചോടെ
കൈ തലയിണയാക്കിക്കിടക്കുമ്പോൾ
എന്നെയെനിക്കെന്തിഷ്ടം!

32

കടത്തുവള്ളം യാത്രയായി-
അമാന്തക്കാരനൊരാൾ
മഴയും നനഞ്ഞിക്കരെ.

33

വസന്തനാളുകലസം നീങ്ങവെ
എത്രയകലെയാക്കാലം-
പണ്ടുപണ്ടെന്ന കാലം.

34

ഈ തണുത്ത രാത്രിയിൽ
തീകായാൻ കേമം
ബുദ്ധന്റെയാ മരത്തല.

35

ഉച്ചമണി മുട്ടുമ്പോൾ
ഞാറ്റുപാട്ടു
നിലയ്ക്കുന്നു.

36

കൊയ്ത്തുപാടത്തൊരു കിഴവൻ-
അരിവാൾ പോലെ
വളഞ്ഞിട്ട്‌.

37

വസന്തകാലമഴയത്ത്‌
വിശേഷങ്ങൾ പറഞ്ഞു പോകുന്നു-
ഒരു ശീലക്കുടയും ഒരു തൊപ്പിക്കുടയും.

38

തന്നാണ്ടത്തെ ആദ്യത്തെ കവിതയുമെഴുതി
തൃപ്തമായ മുഖത്തോടെ
ഒരു ഹൈകുകവി.

39

പുകഞ്ഞ നിലാവത്ത്‌
ആരിത്‌
പേരമരങ്ങൾക്കടിയിൽ?

40

ഒന്നു മയങ്ങിയുണർന്നപ്പോൾ
കഴിഞ്ഞൂ വസന്തത്തിന്റെ
മറ്റൊരു നാൾ.

41

വസന്തത്തിലെ മഴച്ചാറലിൽ
പുരപ്പുറത്തൊരു
കുഞ്ഞുപാവ നനയുന്നു.

42

വിരുന്നുകാരൊ-
ന്നൊഴിയുമ്പോൾ
അരിപ്പൂവതാ,
തല നീട്ടുന്നു.

43

എന്റെയോലക്കുടിലിൽ
ബുദ്ധന്റെ മൂർത്തിക്കു മുന്നിൽ
ഒരു തിരി കത്തിക്കാതെ
ഒരു പൂവുമർപ്പിക്കാതെ
ഒറ്റയ്ക്കിരിക്കുന്നു ഞാൻ-
എത്രയനർഘമീ സന്ധ്യ!

44

പടിഞ്ഞാറു നിന്നു
പാറിവീണ കരിയിലകൾ
കിഴക്കു തൂന്നുകൂടുന്നു.

45

കാട്ടുപനിനീർപ്പൂക്കൾ-
എന്റെ നാട്ടിലേക്കുള്ള വഴി പോലെ
അതോ എന്റെ നാട്ടിലെ വഴി പോലെയോ?

46

വേനൽരാവൊടുങ്ങുമ്പോൾ
ചന്ദ്രക്കലയുടെ ചില്ലുകൾ
പുഴവെള്ളത്തിൽ.

47

പേരില്ലാത്ത പുഴയിലൂടെ
മഴയത്തെ യാത്ര-
പേരില്ല ഭയത്തിനും.

48

ഒരു മിന്നൽ പാളി!
മുളംകാവിനുള്ളിൽ
മഴത്തുള്ളിയിറ്റുന്നു.

49

കവിടിപ്പിഞ്ഞാണത്തിൽ
എലിയുടെ കാൽപ്പെരുമാറ്റം-
മഞ്ഞുകാലച്ചാറൽ പോലെ.

50

കമേലിയ ചാഞ്ഞപ്പോൾ
ഇന്നലെപ്പെയ്ത
മഴ വീഴുന്നു.

51

അന്തിമഴയത്തൊരു
ചൂണ്ടക്കാരൻ-
പേടിച്ചുപോകുന്ന
ജാഗ്രത.

52

പുഴവെള്ളത്തിലൊഴുകിവരുന്നു
ബുദ്ധനു നേദിച്ച
പൂവുകൾ.

53

തൊപ്പി പോയ
നോക്കുകുത്തിക്ക്‌
മുഖവും പോയി.

54

സന്ധ്യനേരത്ത്‌
രണ്ടമ്പലമണികൾ-
കുളിരുന്ന സംവാദം.

55

പുണ്യം നിറഞ്ഞ സന്ധ്യയ്ക്ക്‌
നാമം ചൊല്ലുന്നു കുരുവികൾ-
ആഹാ,
അത്താഴത്തിനു മണിയും മുട്ടി!

56

മഴയത്തു
പുഴയും പൂഴിയും-
വരകളില്ലാത്ത ചിത്രം.


57

തണുത്ത രാത്രിയിൽ
ഒരറുക്കവാൾ കരയുന്നു
ഇല്ലായ്മയുടെ താളത്തിൽ.

*

Sunday, June 21, 2009

നിക്കോളായ്‌ സബൊലൊട്സ്കി(1903-1958)


കുതിരയുടെ മുഖം

മൃഗങ്ങൾ ഉറങ്ങാറില്ല.
രാത്രിയാവുമ്പോൾ
അവ ഭൂമിക്കുമേൽ
ഒരു കന്മതിൽ പോലെ നിൽക്കുന്നു.

പശുവിന്റെ ചായുന്ന മുഖം
മിനുസ്സമായ കൊമ്പുകൾ കൊണ്ട്‌
വൈക്കോലിളക്കുന്നു;
പ്രാചീനമായ കവിളെല്ലുകൾക്കിടയിൽ
കല്ലുപോലത്തെ നെറ്റി
ഒരു പൂളു പോലെ.

അതിനെക്കാൾ അറിവും അഴകുമുണ്ട്‌
കുതിരയുടെ മുഖത്ത്‌.
അവൻ ഇലയുടെയും കല്ലിന്റെയും
സംസാരം കേൾക്കുന്നു
മൃഗങ്ങളുടെ ഗർജ്ജനം കേൾക്കുന്നു
പൊന്തയിൽ കുയിലിന്റെ പാട്ടു കേൾക്കുന്നു.

എല്ലാമറിഞ്ഞിട്ടു പക്ഷേ,
ആരോടാണവൻ തന്റെ
അതിശയദർശ്ശനങ്ങളെക്കുറിച്ചൊന്നു പറയുക?
രാത്രി വ്‌Iർപ്പടക്കിനിൽക്കുന്നു
ഇരുണ്ട മാനത്ത്‌ നക്ഷത്രരാശികൾ ഉയർന്നുവരുന്നു.
കാവൽ നിൽക്കുന്ന ഭടനെപ്പോലെ
കുതിര നിൽക്കുന്നു
കാറ്റവന്റെ മുടിയിഴകൾ കോതുന്നു
രണ്ടു ഭീമലോകങ്ങളെപ്പോലെ
അവന്റെ കണ്ണുകളെരിയുന്നു
രാജകീയാംഗവസ്ത്രം പോലെ
അവന്റെ കുഞ്ചിരോമമെഴുന്നുവരുന്നു.

ഒരു മനുഷ്യൻ
ഈ കുതിരയുടെ മാന്ത്രികമുഖം കാണാനിടയായെങ്കിൽ?
എങ്കിൽ അയാൾ തന്റെ വന്ധ്യമായ നാവു പിഴുതെടുത്ത്‌
ഈ കുതിരയ്ക്കു നൽകിയേനെ.
ഈ മാന്ത്രികമൃഗം അതർഹിക്കുന്നുവല്ലോ.

അപ്പോൾ നമുക്കു വാക്കുകൾ കേൾക്കാറാകും
ആപ്പിളു പോലെ മുഴുത്ത വാക്കുകൾ
വെണ്ണ പോലെ, തേൻ പോലെ
കൊഴുത്ത വാക്കുകൾ
കുടിലിനുള്ളിൽ കത്തിപ്പടരുന്ന അഗ്നി പോലെ
ആത്മാവിനെ അതിന്റെ ദരിദ്രവേഷത്തിൽ
വെളിച്ചപ്പെടുത്തുന്ന വാക്കുകൾ.
മരണമില്ലാത്ത വാക്കുകൾ
പാട്ടുകളിൽ നാം കൊണ്ടാടുന്ന വാക്കുകൾ.

പക്ഷേ ഇപ്പോൾ തൊഴുത്തു ശൂന്യമാണ്‌;
മരങ്ങൾ പിരിഞ്ഞുകഴിഞ്ഞു,
ഒരു പിശുക്കൻപ്രഭാതം കുന്നുകളെ പൊതിയുന്നു,
വയലുകളെ വേലയ്ക്കായി തുറക്കുന്നു.
കുതിരയോ, നുകത്തിനടിയിൽ
കെട്ടിയടച്ച വണ്ടിയും വലിച്ചുപോകവെ
പൊരുളുതിരിയാത്തതും
അനക്കമറ്റതുമായ ഈ ലോകത്തെ
നിർമ്മമമായ കണ്ണുകൾ കൊണ്ട്‌ നോക്കുന്നു.

(1926)

Wednesday, June 3, 2009

ഹൈകു

ഒടിഞ്ഞുവീണ പേക്കോലം
അതിനുമേൽ
ആകാശം.

(സാൻകി സൈതോ)


പട്ടത്തിൻ ചരടു
കാണാനില്ല മാനത്ത്‌,
കാണാമെന്നാൽ
വിരലിൻ തുമ്പിൽ.

(സെയ്ഷി യമാഗുച്ചി)



മഞ്ഞിറ്റുന്ന മരച്ചുള്ളിയിൽ
ഒച്ചയനക്കമില്ലാതൊരു വെട്ടുക്കിളി
അരിച്ചുനീങ്ങുന്നു.

(ക്യോഷി തകാഹാമ)


ക്രിസാന്തമത്തിൻ
മുന്നിൽ നിൽക്കേ
എന്നാത്മാവിനു മൗനം.

(മിസുഹര)